Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightകരിയാട് മലമുകളിലേക്ക്...

കരിയാട് മലമുകളിലേക്ക് ജലപാതകളിലൂടെ

text_fields
bookmark_border
കരിയാട് മലമുകളിലേക്ക് ജലപാതകളിലൂടെ
cancel

കൊച്ചി പഴയ കൊച്ചി അല്ല എന്ന സിനിമാ ഡയലോഗ് പോലെയാണ് ഇപ്പോ വാഗമണ്‍. പണ്ട് മൊട്ടക്കുന്നുകളും പൈന്‍ മരക്കാടുകളും മാത്രമായിരുന്നു വാഗമണ്ണിന്‍െറ ആകര്‍ഷണം. എന്നാല്‍ ഇന്ന് കഥമാറി, ഒരുപാട് പുതിയ ടൂറിസ്റ്റ് സ്പ്പോട്ടുകള്‍, നിരവധി ഓഫ് റോഡ് ജീപ്പ് സഫാരികള്‍, വെള്ളച്ചാട്ടങ്ങള്‍... ഈ അടുത്തകാലത്താണ് വാഗമണ്ണിനടുത്തുള്ള കരിയാട് ടോപ്പില്‍ ആരംഭിച്ച ഓഫ് റോഡ് ജീപ്പ് സഫാരിയെക്കുറിച്ച് അറിയാന്‍ ഇടയായത്. ഒരു പാലാക്കാരന്‍ സിബിച്ചായനാണ് അതിന്‍െറ  കോ- ഓര്‍ഡിനേറ്റര്‍. അദ്ദേഹത്തെ വിളിച്ചു ആ വരുന്ന ഞായറാഴ്ചത്തേക്കു ബുക്ക് ചെയ്തു. അവിടെ താമസിക്കാന്‍ ഒരു ഫാംഹൗസുമുണ്ട്. ഞങ്ങള്‍ ശനിയാഴ്ച ഉച്ചക്ക് തൃശൂരില്‍ നിന്നു പുറപ്പെട്ടു. രാത്രി എട്ടുമണിയോടെ അവിടെ എത്തി. പതിവിലേറെ കനമുള്ള രാത്രി. ഏതോ ജീവിതം ശബ്ദമാത്രം മലമുകളിലെ പാറകളില്‍ തട്ടി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. സൂര്യാസ്തമയം കാണാന്‍ മലമുകളിലേക്ക്പോയ ഒരു സംഘം ഇറങ്ങി വരുന്നതിന്‍െറ കലമ്പല്‍.  കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചെറു തണുപ്പാണ് വാഗമണ്ണിന്‍െറ പ്രത്യേകത. യാത്രാക്ഷീണം കാരണം അധികം താമസിയാതെ ആ ഇളം തണുപ്പില്‍ ഞങ്ങള്‍ ഉറങ്ങിപ്പോയി.
പിറ്റേന്ന് പുലര്‍ച്ചെ എഴുന്നേറ്റ് മുറിയുടെ ജനാലകള്‍ തുറന്നതും സൂര്യന്‍െറ അരണ്ട പ്രകാശം. മഞ്ഞിന്‍െറ നേര്‍ത്ത പുതപ്പ്. പുറം കാഴ്ചകള്‍ എല്ലാം അവ്യക്തമായിരുന്നു. പ്രകൃതി അപ്പോഴും നിദ്രയിലാണ്. ആ പുതപ്പിനുള്ളില്‍ എന്താണ് ഒളിപ്പിച്ചുവെച്ചിരിക്കുക?
നോക്കിനില്‍ക്കെ വെയിലിന്‍ കരങ്ങള്‍ മഞ്ഞാട വലിച്ചുകൊണ്ട് പോകുന്നതായി തോന്നി. ‘ നിങ്ങളുടെ ഉള്ളില്‍ ശക്തമായ മോഹവും അചഞ്ചലമായ ദാഹവുമുണ്ടെങ്കില്‍ എന്താണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് അതിനെക്കാള്‍ പലമടങ്ങ് ശക്തിയില്‍ പ്രപഞ്ചം അത് നിങ്ങള്‍ക്ക് കാണിച്ചുതരും.’ അത്ര സുന്ദര ഫ്രെയിമുകളായിരുന്നു പ്രകൃതി എനിക്കായി വെച്ചു നീട്ടിയത്. ഞങ്ങള്‍ താമസിക്കുന്നതിന് എതിര്‍വശത്തായി മഞ്ഞുമേഘങ്ങള്‍ മുത്തമിട്ടുനില്‍ക്കുന്ന ഒരു വലിയ മല ആകാശത്തിലേക്ക് ലയിച്ചു ചേര്‍ന്നിരിക്കുന്നു. മലമുറിച്ച് ഉണ്ടാക്കിയിരിക്കുന്ന റോഡിലൂടെ അട്ട ഇഴഞ്ഞുനീങ്ങുന്നതുപോലെ ഒരു ബസ് കയറി പോകുന്നു. ഈ മലയില്‍ നിന്നും ആ മലയിലേക്ക് ഒരു പാലമുണ്ടായിരുന്നെങ്കില്‍ ചിലപ്പോ ലോകാത്ഭുതങ്ങളില്‍ ഒന്നായി മാറിയേനെ. 
അധികം വൈകാതെ എല്ലാവരും തയ്യാറായി. പ്രഭാത ഭക്ഷണത്തിന് മുമ്പ് മലമുകളിലേക്ക് ഒരു ചെറു യാത്ര. അതായിരുന്നു കാരിയാട് വ്യൂ പോയിന്‍റിലേക്ക്. അവിടെ നിന്നുമുള്ള കാഴ്ചകള്‍ അതിലും മനോഹരമായിരുന്നു.
പച്ചപ്പായല്‍ പുതച്ച വന്‍മലകള്‍ എണ്ണഛായ ചിത്രം പോലെ ഒരു വശത്ത്. മറുവശത്തെ താഴ്വരയില്‍ മഞ്ഞിന്‍കൂട്ടങ്ങള്‍ നീന്തി നടക്കുന്നു. അതിനുമപ്പുറത്തെ വലിയ മലയില്‍ ഞങ്ങള്‍ താമസിച്ച സ്ഥലം മഞ്ഞില്‍ പുതച്ചു നില്‍ക്കുന്നു. ശരിക്കും ഇന്നലെ അന്തിയുറങ്ങിയത് ദേവലോകത്താണെന്ന് തോന്നിപ്പോയി. കണ്ണുണ്ടായാല്‍ പോര കാണണം എന്ന് പണ്ടാരോ പറഞ്ഞത് ഒടുവില്‍ നമ്മള്‍ മനസ്സിലാക്കിയത് റെയ്മണ്ട് ദെപര്‍ദോവിന്‍േറയും (Reymond depardon) രഘുറായിയുടെയും അവരെപ്പോലുള്ള മറ്റുള്ളവരുടെയും ചിത്രങ്ങള്‍ കണ്ടപ്പോഴാണ്. അതുകൊണ്ട് തന്നെ പ്രകൃതികാണിച്ചു തന്ന ആ മനോഹര ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി. അനുഭവത്തിന്‍റെ ഒറ്റയൊറ്റ നിമിഷങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍. ഓര്‍മകളിലേക്കുള്ള സമ്പാദ്യം.
പ്രഭാത ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയതും ഓഫ് റോഡ് യാത്രക്ക് സിബിച്ചായന്‍ വില്ലിസുമായി തയാറെടുത്തു കഴിഞ്ഞിരുന്നു. നമ്മുടെ ഒക്കെ വീടിലെ മുത്തച്ഛന്‍മാരെപ്പറ്റി പറയുന്നതുപോലെ പഴയ മോഡലാ ആളു സ്ട്രോങ്ങാട്ടോ എന്നതുംപോലെ ആയിരുന്നു വില്ലീസും. 50 കളിലെ മോഡലായിരുന്നു അവന്‍. ആദ്യം പോയത് കരിയാട് ടോപ്പിലേക്ക്. പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെ ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ കുത്തനെയുള്ള കയറ്റങ്ങള്‍  ആമുത്തച്ഛന്‍ ഞങ്ങളെയും ചുമന്ന് ഒരു കൂസലും ക്ഷീണവും കൂടാതെ ഓടികയറി.ശരിക്കും ആകാശത്തെ തൊട്ട നിമിഷം. കാരണം അവിടന്ന് നോക്കുമ്പോള്‍ കുറെ ഭാഗത്തേക്ക് മുന്നില്‍ ഭൂമി ഇല്ല. ആകാശമാണ് കൂടുതല്‍ അടുത്ത്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകള്‍ ഇവിടെ നിന്നാല്‍ കാണാം.
ഇനി ഇറക്കമാണ്. മലയുടെ നെറുകയില്‍ നിന്നും 1000 അടിയോളം താഴ്ചയിലേക്ക് കുത്തനെയുള്ള ഇറക്കം. ശരിക്കുംപേടിതോന്നുന്ന സാഹസികയാത്ര. വെള്ളമൊലിച്ചിറങ്ങി മണ്ണ് നഷ്ടപ്പെട്ട വഴിയില്‍ കൂര്‍ത്ത പാറക്കല്ലുകള്‍ തെളിഞ്ഞുകിടക്കുന്നു. കഷ്ടിച്ച് ഒരു ജീപ്പിനുമാത്രം പോകാന്‍കഴിയുന്ന പാത. പല വളവുകളും രണ്ടും മൂന്നും റിവേഴ്സ് എടുത്താലെ തിരിഞ്ഞു കിട്ടൂ. ഇടഞ്ഞ കൊമ്പനെ പോലെ വില്ലീസ്. ആ കൊമ്പനെ മെരുക്കുന്ന പാപ്പാനെപോലെ സിബിച്ചായന്‍. ഹരംപിടിപ്പിക്കുന്ന യാത്ര.  ജെ.സി.ബിയും ടിപ്പറും കൈയില്‍ ഇട്ട് അമ്മാനമാടുന്ന സിബിച്ചായന് ഇതൊക്കെ എന്ത് എന്ന മനോഭാവമായിരുന്നു. കൂറേ ദൂരം താഴേക്ക് ഇറങ്ങിയപ്പോള്‍ ചെറിയ കല്ലുകള്‍ക്ക് പകരം വലിയ ഉരുളന്‍ പാറക്കല്ലുകള്‍. അതോടെ ഒരു കല്ലില്‍ നിന്നും മറ്റു കല്ലുകളിലേക്ക് ചാടി ചാടിയായി യാത്ര. ശ്വാസം കൈയ്യില്‍പിടിച്ചുവേണം ഇരിക്കാന്‍. ആകാക്ഷയുടെ മുള്‍മുന എന്നൊക്കെ പറയുന്നത് അനുഭവിച്ചറിഞ്ഞ നിമിഷം. ഏകദേശം ഇരുപത് മിനിട്ട് നീണ്ട സാഹസിക യാത്ര. രണ്ട് മണിക്കൂറിന്‍െറ ദൈര്‍ഘ്യം തോന്നി. അപ്പോള്‍ ഞങ്ങള്‍ മലയുടെ ഏറ്റവും താഴെയുള്ള ആശ്രമച്ചാല്‍ വെള്ളച്ചാട്ടത്തതിന് അരികിലത്തെിയിരുന്നു.  
പ്രകൃതിയുടെ മനോഹാരിത മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന പ്രണയഭരിതമായ  ഇടം. സംഘം സംഘങ്ങളായി കുളിക്കാനിറങ്ങആം. താഴെ താഴെയായി ഓരോ വെള്ളച്ചാട്ടങ്ങള്‍. ഫാമിലിക്കും ബാച്ചിലേഴ്സിനും ഒരുപോലെ ആസ്വദിക്കാം.
‘ജലപാതം പുതച്ചൊന്നുറങ്ങാം..’ എന്ന പാട്ടുപോലെ  ജലസ്നാനം. കാട്ടിലൂടെ ഒഴുകിയത്തെുന്ന വിശുദ്ധ ജലം. വെള്ളച്ചാട്ടത്തിലെ കുളി മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്‍മേഷം നല്‍കി. അതുവരെ കൊണ്ടു നടന്ന എന്തോ ഒരു ഭാരം ഇറക്കിവെച്ച മട്ടില്‍ ആയിരുന്നു. ഏതായാലും ഇത്രയും സുന്ദരമായ ഒരു ദിനം ഒരുക്കിത്തന്നതിനു സിബിച്ചായനോട് നന്ദിപറഞ്ഞു. വീണ്ടു കാണാം എന്ന ശുഭപ്രതീക്ഷയില്‍ മടങ്ങി.

 condact no:
 9447026181(siby)

യാത്രാ അനുഭവവും ചിത്രങ്ങളും അയക്കുക
travelmadhyamam@gmail.com - See more at: http://www.madhyamam.com/travel/node/381#sthash.dd6GlQl2.dpuf

 

യാത്രാ അനുഭവവും ചിത്രങ്ങളും അയക്കുക
travelmadhyamam@gmail.com

യാത്രാ അനുഭവവും ചിത്രങ്ങളും അയക്കുക
travelmadhyamam@gmail.com - See more at: http://www.madhyamam.com/travel/node/381#sthash.dd6GlQl2.dpuf
യാത്രാ അനുഭവവും ചിത്രങ്ങളും അയക്കുക
travelmadhyamam@gmail.com - See more at: http://www.madhyamam.com/travel/node/381#sthash.dd6GlQl2.dpuf

 

Show Full Article
TAGS:
Next Story