Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഇലയൂര്‍ന്നു വീണ

ഇലയൂര്‍ന്നു വീണ വഴിനീളെ

text_fields
bookmark_border
ഇലയൂര്‍ന്നു വീണ വഴിനീളെ
cancel

മലനിരകള്‍ക്ക് നടുവില്‍ തലഉയര്‍ത്തിനില്‍ക്കുന്ന പര്‍വ്ശിഖരം അവിടെയാണ് ഇലവീഴാപൂഞ്ചിറ, അവിടേക്ക് ഒരു സ്വപ്നയാത്ര.

നിനച്ചിരിക്കാത്ത യാത്രകള്‍ക്കാണ് എപ്പോഴും ത്രില്ലുണ്ടാവുക. കാരണം, അതിനെപ്പോഴും ഇരട്ടിമധുരമായിരിക്കും. അങ്ങനെയൊരു യാത്രയായിരുന്നു ഇലവീഴാ പൂഞ്ചിറയി േലക്കും. ഒരു ശനിയാഴ്ച വൈകുന്നേരം ആലുവയിലുള്ള സുഹൃത്തുക്കളുടെ ഫോണ്‍ നാളെ പുലര്‍ച്ചെ എങ്ങോട്ടെങ്കിലും പോയാലോ? വിളിക്കൂ. അപ്പോള്‍തന്നെ മറുപടി കൊടുത്തു. അതായിരുന്നു ഇലവിഴാ പുഞ്ചിറ. അവിടേക്കുതന്നെയാകാം നാളത്തെ യാത്ര. അടുത്ത ദിവസം രാവിലെ ആറു മണിക്കുതന്നെ കാറും എടുത്ത് ആലുവക്ക് പുറപ്പെട്ടു. ഞായറാഴ്ച ആയതിനാലാവണം റോഡില്‍ വലിയ തിരക്കില്ല. ആ യാത്രയില്‍ കണ്ട സൂര്യോദയം ആയിരുന്നു ആദ്യം കാമറയില്‍ പകര്‍ത്തിയത്. അത്ര മനോഹരമായിരുന്നു ആ സമയത്തെ സൂര്യന്‍െറ തേജസ്.

എട്ടു മണിയോടു കൂടി ആലുവ യിലത്തെി. കൂട്ടുകാരെ കൂട്ടി മൂവാറ്റുപുഴ തൊടുപുഴ വഴി വേണം പോകാന്‍. തൊടുപുഴയിലെ ഭക്ഷണം പണ്ടുമുതലേ ഒരു വീക്നസ് ആയതിനാലാവണം വിശന്നു തുടങ്ങിയെങ്കിലും അവിടംവരെ പിടിച്ചിരിക്കാന്‍ തീരുമാനിച്ചത്. ശരിക്കും കൊടുക്കുന്ന കാശിന് മുതലാകുന്ന ഭക്ഷണം അതാണ് തൊടുപുഴയുടെ പ്രത്യേകത. അതും കൂടുതലും നാടന്‍ ഭക്ഷണം. അതുകൊണ്ടുതന്നെ എത്ര കഴിച്ചാലും കഴിക്കുന്ന ഭക്ഷണം ഒരു ഭാരം ആയി തോന്നാറില്ല. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ഭക്ഷണം കഴിക്കുന്തിനിടയില്‍ ഹോട്ടല്‍ ജീവനക്കാരനോട് വെറുതെ ഒന്നു ചോദിച്ചുനോക്കി ഇവിടെ അടുത്തു കാണാന്‍ പറ്റിയ സ്ഥലങ്ങള്‍ വല്ലതും ഉണ്ടോ എന്ന്. അതിന് മറുപടിയും അപ്പോള്‍തന്നെ വന്നു. ഇവിടെ അടുത്ത് മുട്ടത്തല്ളെ മലങ്കര ഡാമും റീസര്‍വോയറും നല്ല സ്ഥലമാണ് ഒരുപാട് സിനിമകള്‍ അവിടെ ഫൂട്ട് ചെയ്തിട്ടുണ്ട്. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ഭക്ഷണം കഴിച്ചിട്ട് വണ്ടി നേരെ അങ്ങോട്ടുതന്നെ വിട്ടു.
മുട്ടം ജങ്ഷന്‍ കഴിഞ്ഞ കുറച്ച് മുന്നോട്ടുപോയപ്പോള്‍ മലങ്കര ഡാമിന്‍െറ ബോര്‍ഡ് കണ്ടു. ആ വഴിയിലൂടെ അകത്തേക്ക് കയറിച്ചെന്നപ്പോള്‍ ഞങ്ങളെ കാത്തിരുന്നത് അതി വിശാലമായ കാഴ്ചകളായിരുന്നു. മൂന്നു വശവും മേഘങ്ങള്‍ മേഞ്ഞുനടക്കുന്ന നാടുകാണി മലിനിരകള്‍ നടുക്ക് അണകെട്ടി നിര്‍ത്തിയ ജലാശയം അതിനരികെയായി നനവു പടര്‍ന്നു കിടക്കുന്ന മൈതാനങ്ങള്‍, അവിടെ വെയില്‍കായുന്ന കന്നുകാലികളുടെയും മീന്‍പിടിക്കാനിറങ്ങുന്ന സമീപവാസികളുടെയും തലക്കു മുകളിലേക്ക് നാടുകാണി . നാടുകാണി മലനിരകളിലിടയിലൂടെ മഴമേഘങ്ങള്‍ സ്ഥിരം വിരുന്നുവരാറുണ്ട്. കാലമേതുമാകട്ടെ, മലങ്കര സുന്ദരിയാണ്. ആ സുന്ദരമായ കാഴ്ചകളൊക്കെ കാമറയില്‍ പകര്‍ത്തി വെയില്‍ ഉറക്കുംമുമ്പുതന്നെ യാത്ര തുടര്‍ന്നു. പ്രധാന റോഡിലൂടെ കുറച്ചുദൂരം പിന്നിട്ടപ്പോള്‍ റോഡ് രണ്ടായി പിരിയുന്നു. മൂലമറ്റത്തേക്കും വാഗമണ്ണിലേക്കും അവിടെനിന്നും വാഗമണ്‍ പാതയിലൂടെ വേണം ഇലവീഴാ പുഞ്ചിറയിലേക്ക് പോകാന്‍. അതുവരെ ഉണ്ടായിരുന്ന റോഡിന്‍െറ ഗതിയല്ല ഇനി മുന്നോട്ട് . നന്നെ വീതി കുറഞ്ഞ മലമ്പാത. കുത്തനെയുള്ള കയറ്റങ്ങള്‍. കൊടും വളവുകള്‍. യാത്ര കൂവപ്പള്ളി എന്ന ചെറുകവയിലത്തെി.

ഇവിടെനിന്നുവേണം ഇലവിഴാ പുഞ്ചിറയിലേക്ക് പോകാന്‍. അവിടെയുള്ള ഒരു കടയില്‍ കയറി ഇലവിഴാ പുഞ്ചിറക്കു പോകാനാണെന്ന് പറഞ്ഞതും അപ്പോള്‍തന്നെ കടക്കാരന്‍ മൊബൈലില്‍ ആരെയോ വിളിച്ച് ഞങ്ങള്‍ക്ക് പോകാനായ് ഒരു ജീപ്പ് റെഡി ആക്കി. ഇലവീഴാ പുഞ്ചിറയിലേക്കുള്ള പത്ത് കിലോമീറ്റര്‍ ജീപ്പ് റോഡാണ്. അല്‍പസമയത്തിനകം ഒരു ജീപ്പത്തെി. പിന്നെ ഞങ്ങള്‍ പരിചയപ്പെടേണ്ട ആള്‍ പാപ്പന്‍ ചേട്ടന്‍ ആയിരുന്നു. ഇനി മുന്നോട്ടുള്ള യാത്രയില്‍ ഞങ്ങളെ നയിക്കുന്നതും പാപ്പന്‍ ചേട്ടന്‍ തന്നെ. വയസ്സ് 60 കഴിഞ്ഞ് മക്കളും പേരക്കുട്ടികളുമൊക്കെ ആയെങ്കിലും ഇലവീഴാ പുഞ്ചിറയിലേക്ക് ജീപ്പൊടിക്കാന്‍ പുള്ളിക്കാരന് ഇപ്പോഴും ഹരമാണ്. അത് വെറും സന്തോഷത്തിനുവേണ്ടി മാത്രമല്ല കേട്ടൊ, മലമുകളില്‍ താമസിക്കുന്ന 200ഓളം കുടുംബങ്ങള്‍ക്ക് സഞ്ചാര ആശ്രയവും ഇലവീഴാ പൂഞ്ചിറയെ സ്നേഹിക്കുന്നവര്‍ക്ക് വഴികാട്ടിയുമാണ് പാപ്പന്‍.
വളഞ്ഞും പുളഞ്ഞും പോകുന്ന കുഞ്ഞു റോഡിലൂടെ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ കണ്ടത് റോഡിന്‍െറ വീതി കൂട്ടാന്‍ വേണ്ടി മലകള്‍ ഇടിച്ചിട്ടിരിക്കുന്ന ദയനീയ കാഴ്ചകളായി രുന്നു. ടൂറിസം സാധ്യതകള്‍ മനസ്സിലാക്കി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടിയായിരിക്കും റോഡിന്‍െറ വീതികൂട്ടല്‍. എന്തായാലും ജീപ്പ് കിതച്ച് കിതച്ച് കുറച്ചു ദൂരംകൂടി മുകളിലേക്ക് കയറി. പോകുംതോറും ടാര്‍ റോഡ് ഇല്ലാതായി. പകരം കൂര്‍മ്പിച്ച പാറക്കല്ലുകള്‍. അതിലൂടെ വിറച്ചു വിറച്ച് ജീപ്പ്, മുന്നോട്ട് നീങ്ങുന്നു.ശരീരത്തിന്‍െറ നട്ടും ബോള്‍ട്ടും ഇളകാതിരിക്കാന്‍ ജീപ്പിന്‍െറ കമ്പികളില്‍ മുറുകെ പിടിച്ച് ഞങ്ങളും.
ഏകദേശം അര മണിക്കൂറിനു ശേഷം ഒരു മലയുടെ മുകളിലത്തെി. അവിടെനിന്ന് നോക്കിയാല്‍ ദൂരെ ഇടതുവെശത്തായി കൂടാരം പോലൊരു കെട്ടിടം. സര്‍ക്കാറിന്‍െറ കീഴിലുള്ള റിസോര്‍ട്ടാണത്രെ. പാപ്പന്‍ ചേട്ടന്‍ ആ കുഞ്ഞുവഴിയിലൂടെ ഞങ്ങളെ അതിനടുത്തേക്ക് കൊണ്ടുപോയി. സ്വര്‍ഗത്തിലേക്കുള്ള പാതകള്‍ ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതാണെന്ന് ആ വഴികള്‍ കണ്ടപ്പോള്‍ അറിയാതെ മനസ്സിലോര്‍ത്തു. കണ്ടത്തൊ ദൂരത്തോളം കിടക്കുന്ന മലനിരകള്‍ അതിനു നടുവില്‍ ഒരു കൊച്ചുകൂടാരം.
ഒരു യാത്രയില്‍ നാം തേടുന്നത് എന്താണ്? എനിക്കു തോന്നുന്നു, പ്രകൃതിയുടെ ശാന്തതയാണെന്ന്. ജീവിതത്തിന്‍െറ എല്ലാ നെട്ടോട്ടങ്ങള്‍ക്കും അവധി കൊടുത്തു. മൊബൈല്‍ ഫോണിന്‍െറ കമ്പനം പോലും ഒഴുവാക്കി. പെട്ടെന്ന് ആ സ്വര്‍ഗത്തിന്‍െറ വാതില്‍ തുറന്ന് ഒരാള്‍ ഇറങ്ങിവന്നു. അതാണ്, ശശിയേട്ടന്‍. ആ റിസോര്‍ട്ടിന്‍െറ മാനേജര്‍. ഞങ്ങളുടെ ആഗമന ഉദ്ദേശം അദ്ദേഹം മനസ്സിലാക്കി പിന്നെ ഞങ്ങളോട് വാചാലനായി. നീലാകാശം പച്ചക്കടല്‍ എന്ന സിനിമയുടെ കുറേ ഭാഗങ്ങള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിന്‍െറ കൈ്ളമാക്സ് സീനില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായികയെ തേടി നായികയുടെ വീട്ടില്‍ വരുന്ന ഒരു സീന്‍. അത് ആ സിനിമ കണ്ട ആര്‍ക്കും മറക്കാന്‍ പറ്റില്ല. അത് ചിത്രീകരിച്ചത് ഈ വീട്ടിലാണ്.  അങ്ങനെ കാര്യങ്ങള്‍ സംസാരിച്ചിരിക്കെ, ശശിയേട്ടനെ അന്വേഷിച്ച് ഒരാള്‍ കൂടി ആ കെട്ടിടത്തിനകത്തുനിന്ന് ഇറങ്ങിവന്നു. ജാക്കിയെന്ന വളര്‍ത്തുനായ്.  ഇവിടെ താമസിക്കുന്നവരെ സ്ഥലങ്ങള്‍ ചുറ്റിക്കാണിക്കാന്‍ കൊണ്ടുപോകുന്നതും അവരുടെ സെക്യൂരിറ്റി ഗാര്‍ഡുമാണ് ജാക്കി. ശശിയേട്ടന്‍ ജാക്കിയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയതും അത് ഞങ്ങളെ വണങ്ങി ഷെയ്ക്ഹാന്‍റും തന്നു. അധികം താമസിയാതെ ശശിയേട്ടനോടും ജാക്കിയോടും ബൈ പറഞ്ഞു.

ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. സുഗന്ധതൈലം ഊറ്റാന്‍ ഉപയോഗിക്കുന്ന തെരുവ പുല്ലിനിടയിലുള്ള കല്ലുകള്‍ നിറഞ്ഞ മണ്‍പാതയിലൂടെ മലമുകളിലേക്ക് . ഏറ്റവും ഉയരം കൂടിയ മലയുടെ നെറുകയിലത്തെി. അതാണ് ഇലവീഴാ പുഞ്ചിറ. ചുറ്റും കാണുന്ന മലനിരകളേക്കാള്‍ കേമന്‍. നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ ഇവിടെനിന്ന് നോക്കിയാല്‍ എട്ട് ജില്ലകള്‍ കാണാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. അങ്ങുതാഴെ ഒരു പുകമറപോലെ മലങ്കര ജലാശയം. അതിന്‍െറ ഭംഗി ആസ്വദിച്ചുനിന്ന എന്നെ തലോടി ഒരു തണുത്ത കാറ്റ് കടന്നുപോയി. ആ സമയം വേദിയില്‍ കര്‍ട്ടനുയരുന്നപോലെ സാവധാനം മൂടല്‍മഞ്ഞ് മുകളിലോട്ട് ഉയര്‍ന്നു. താഴ്വാരങ്ങളില്‍ സ്വപ്നംപോലെ ഒരു പുതിയ ലോകം കാണായി.  ചുറ്റും താഴ്വര പ്രകാശവര്‍ണങ്ങളില്‍ പ്രകാശിച്ചു. സൂര്യന്‍െറ കിരണങ്ങളേറ്റ് ജലാശയം വര്‍ണവിളക്കുക്കുകള്‍പോലെ  പ്രകാശിച്ചു. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശംപോലെ താഴ്വര തെളിഞ്ഞു. ഒന്നിലും ദൃഷ്ടി ഉറപ്പിക്കാനാകാതെ എന്‍െറ കണ്ണുകള്‍ ഓടിനടന്നു. ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ മനസ്സുപോലെ ഞാന്‍ അവിടം മുഴുവന്‍ ഓടിനടന്നു. കാഴ്ചളെത്ര ആസ്വദിച്ചിട്ടും കാമറയില്‍ എത്ര സ്നാപ്പുകള്‍ എടുത്തിട്ടും മതിയായില്ല. എന്‍െറ ആവേശം കണ്ട പാപ്പന്‍ചേട്ടന്‍ പറഞ്ഞു: ‘ഈ സ്ഥലത്തിന്‍െറ പിന്നിലും ഒരു രഹസ്യമുണ്ട്. ഈ കുന്നിന്‍മുകളില്‍ ഒരു കുളമുണ്ടായിരുന്നു. ആ കുളത്തില്‍ ഒരു ഇലപോലും വീഴില്ലായിരുന്നുവത്രെ. അങ്ങനെയാ ഈ സ്ഥലത്തിന് ഇലവീഴാ പുഞ്ചിറ എന്ന പേരുണ്ടായത്’. കാഴ്ചകളും കഥകളും ആസ്വദിച്ച് സമയം പോയതറിഞ്ഞില്ല. ഇരുളു വീഴുന്നതിനുമുമ്പെ  ഞങ്ങള്‍ മലയിറങ്ങി.  പാപ്പന്‍ ചേട്ടനെയും ഇലവിഴാ പുഞ്ചിറയെയും വീണ്ടും കാണാമെന്ന മോഹത്തോടെ മടങ്ങി.

ഇലവീഴാ പൂഞ്ചിറ കാഴ്ചകള്‍

ഫോട്ടോ: എസ്. ശബരീനാഥ്യാത്ര: വാഗമണ്ണില്‍ നിന്ന് 28 കി.മി
കൊച്ചിയില്‍ നിന്ന് 84 കി.മി
തൊടുപുഴയില്‍ നിന്ന് 24 കി.മി
കോട്ടയത്ത് നിന്ന് 58കി.മി
താമസത്തിന്: പൂഞ്ചിറ റിസോര്‍ട്ട്, വെട്ടം റിസോര്‍ട്ട്
കൂടുതല്‍ വിവരങ്ങള്‍ക്ക് : sabarivak@gmail.come

Show Full Article
TAGS:
Next Story