Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightകോന്നിയില്‍ നിന്ന്...

കോന്നിയില്‍ നിന്ന് അല്പം ആനക്കാര്യം

text_fields
bookmark_border
കോന്നിയില്‍ നിന്ന് അല്പം ആനക്കാര്യം
cancel

ഒരു ആനയുടെ തുമ്പിയില്‍ എത്ര ലിറ്റര്‍ വെള്ളം കൊള്ളും? ഏതാണ്ട് ആറ് ലിറ്റര്‍. എത്ര ആഹാരം കഴിച്ചാല്‍ അവയുടെ വയര്‍ നിറയും? ഇവയെ തീറ്റിപ്പോറ്റുക അത്ര നിസാരമല്ല; ദിവസം 16 മണിക്കൂറും ഇവക്ക് തിന്നണം. ഏതാണ്ട് 240 കിലോ ഭക്ഷണവും 250 ലിറ്റര്‍ വെള്ളവും വേണം ഇവയുടെ പള്ള നിറയാന്‍. ഒരു ലക്ഷണമൊത്ത കൊമ്പന് എന്തൊക്കെ ഗുണഗണങ്ങള്‍ വേണം? വേണ്ടത്; കരിവീട്ടിയുടെ നിറം, തുമ്പിക്കൈ നിലത്തിഴയണം, ഉയര്‍ന്ന തലക്കുന്നി, തള്ളിയ മസ്തകം, വിസ്താരമേറിയ ചെവികള്‍, കുറിയ കഴുത്ത്, വെണ്‍മയാര്‍ന്ന നീണ്ട കൊമ്പ് അങ്ങനെ പലതുണ്ട്. ഒന്നേകല്‍ മുതല്‍ ഒന്നര മീറ്റര്‍വരെയാണ് ആനയുടെ കൊമ്പ് വളരുക. മറ്റൊരു ശാസ്ത്ര കൗതുകം; ഒരു എലിയുടെ ഹൃദയം മിനിട്ടില്‍ 500 തവണ മിടിക്കും. നമ്മുടേത് 72 തവണ. എന്നാല്‍ വലിയ ഹൃദയമുള്ള ആനയുടേതോ? വെറും 28 തവണ.
വലിയ ആനക്കാര്യമല്ല; എന്നാല്‍ ആനയെപ്പറ്റി നമുക്കെന്തൊക്കെയറിയാം. മലയാളികളില്‍ ബഹുഭൂരിപക്ഷവും ആനപ്രിയരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എത്ര കണ്ടാലും മതിവരാത്ത കൗതുകമാണല്ളൊ ആനകള്‍.എന്നാല്‍ നമ്മുടെ ആന വിജ്ഞാനം വളരെ പരിമിതമാണ്. ആനയെ അടുത്തറിയാന്‍ നമുക്കൊരു സ്ഥലമുണ്ട്; കോന്നി ആനക്കൂടും ആന മ്യൂസിയവും. 1942ല്‍ തുടങ്ങിയ ആന പരിശീലനകേന്ദ്രം ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ്.
പണ്ട് കൊടും വനമായിരുന്ന ഇവിടെ ആനപിടിത്തത്തിനും അവയെ പരിശീലിപ്പിച്ച് നാട്ടാനകളാക്കി മാറ്റി നേട്ടമുണ്ടാക്കാനും ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ചതാണ് സ്ഥാപനം. നമ്മുടെ വനവും വനവിഭവങ്ങളും വനജീവികളും നമുക്ക് ലാഭമുണ്ടാക്കാനുള്ളതാണെന്ന് ആദ്യം നമ്മെ പഠിപ്പിച്ചത് അവരാണല്ലോ അക്കാലത്ത് കാട്ടില്‍ വലിയ കുഴികളുണ്ടാക്കിയാണ് ആനകളെ പിടിക്കുക. വാരിക്കുഴിയെന്നറിയപ്പെടുന്ന ഇത്തരം കുഴികളുണ്ടാക്കി അതിന് മുകളില്‍ പൊതവെക്കും. നാട്ടുഭാഷയില്‍ പൊതവെക്കുക എന്നാല്‍ കുഴി അറിയാതിരിക്കനായി കുഴിയുടെ മുകളില്‍ കമ്പുകള്‍കൊണ്ട് മൂടിയശേഷം അതിന് മുകളില്‍ പുല്ലും കരിയിലകളും കൊണ്ടിടുക. ആനകള്‍ സ്ഥിരമായി നടക്കറുള ആനത്താരികളിലാണ് വാരിക്കുഴികളെടുക്കുക. കൊപ്രം, മണ്ണാറപ്പാറ, തൊറ, കളിപ്പാന്‍ തോട് തുടങ്ങിയ ഉള്‍വനങ്ങളിലാണ് ആന  പിടിക്കാന്‍ പോയിരുന്നതെന്ന് പത്താം വയസ്സു മുതല്‍ ആനക്കൂടിന്‍െറ ഭാഗമായ ഗോപാലന്‍ പറയുന്നു.
12 അടി താഴ്ചയും 12 അടി വിസ്തീര്‍ണവുമുള്ള കുഴികളില്‍ ആനകള്‍ വീണുപോകും. ഒരു കുഴിയില്‍ ചിലപ്പോര്‍ മൂന്ന് ആനകള്‍ വരെ വീഴാറുണ്ട്. ആന വീണിട്ടുണ്ടെന്നറിഞ്ഞാല്‍ പിന്നെ ഇവിടെ ആഘോഷമാണ്. ആഘോഷമായിട്ടാണ് ആന പിടിസംഘം പുറപ്പെടുക. പരിശീലനം കിട്ടിയ താപ്പാനയാണ് ഇവയെ പിടിക്കാന്‍ പോവുക. ഏത് കൊലകൊമ്പനെയും നിലക്ക് നിര്‍ത്താന്‍ കഴിവുളളവരാണ് താപ്പാനകള്‍. കരയില്‍ നിന്ന് ആനയുടെ കഴുത്തില്‍ വലിയ വടം കൊണ്ട് കുരുക്കിട്ട് കെട്ടും. എന്നിട്ട് താപ്പാന തന്നെ പിടിച്ച് കരക്ക് കയറ്റും. കാട്ടാനയായതിനാല്‍ നല്ല ശ്രദ്ധവേണം. ഏതാക്രമണവും നേരിടാന്‍ തയ്യാറായി അത്രയും ശ്രദ്ധേയോടെയാണ് അടുത്ത് ആന പിടിത്തക്കാര്‍ നില്‍ക്കുന്നത്. എന്നാല്‍ പരിശീലനം കിട്ടിയ താപ്പാനകളുണ്ടെങ്കില്‍ ഒന്നും പേടിക്കാനില്ളെന്ന് ഗോപാലന്‍ പറയുന്നു. അദ്ദേഹത്തിന്‍െറ ജീവിതത്തില്‍ ഇതുവരെ അങ്ങനെയൊരപകടം ഉണ്ടായിട്ടില്ല.
അന്നത്തെക്കാലത്ത് നിര്‍മിച്ച വലിയ ആനക്കൂട്ടിലേക്കാണ് ആനകളെ കയറ്റുക. താപ്പാനതന്നെ അത് ചെയ്തോളും. വലിയ തടികൊണ്ട് നിര്‍മിച്ചതാണ് ആനക്കൂട്. അഞ്ചും ആറും ആനകള്‍ക്ക് ഒരുമിച്ച് അതില്‍ നില്‍ക്കാം. എല്ലാവര്‍ക്കും കാബിന്‍ പോലെ തിരിച്ചിട്ടുണ്ട്. എന്നാല്‍ തടികൊണ്ടുള്ള കൂട് ആന നിസ്സാരമായി പൊളിക്കില്ളേ എന്ന് നാം സംശയിച്ചേക്കാം. എന്നാല്‍ കൂട് നിര്‍മിച്ചിരിക്കുന്നത് കമ്പകം എന്ന മരത്തിന്‍െറ തടികൊണ്ടാണ്. കാട്ടിലുള്ള ഈ തടിക്ക് ഏത് ബലവും തടയാനുള്ള ശക്തിയുണ്ട്. എത്ര ഇടിച്ചാലും കമ്പകം ഒടിയില്ല.
നാട്ടാനയെക്കൊണ്ടാണ് ഇവരെ മുന്നു മാസംവരെ പരിശീലിപ്പിക്കുക. മൂന്ന് മൂന്നര മാസംകൊണ്ട് ഇവന്‍ മെരുങ്ങി നമ്മുടെ വരിതിയില്‍ വരും. 1977ല്‍ ആനപിടിത്തം സര്‍ക്കാര്‍ നിരോധിക്കും വരെ ഇതായിരുന്നു ഇവിടെ നടന്നിരുന്നത്. പിടികൂടുന്ന ആനകളെ ലേലം ചെയ്യുകയായിരുന്നു രീതി.
എന്നാല്‍ ആന പിടിത്തം നിലച്ചതോടെ ആനക്കൂടിന്‍െറ പ്രാധാന്യം കുറഞ്ഞു. എന്നാല്‍ കാട്ടില്‍ ഒറ്റപ്പെട്ട് കാണപ്പെടുന്നതോ അപകടത്തില്‍പെടുന്നതോ ആയ ആനകളെ കണ്ടത്തെിയാല്‍ അവയെ ഇവിടെ കൊണ്ടുവന്ന് ചികില്‍സ നല്‍കുക, അവയെ തീറ്റിപ്പോറ്റി സംരക്ഷിക്കുക എന്നതായി പിന്നീടുള്ള രീതി.
എന്നാല്‍ ആനക്കൂടിന് വീണ്ടും പ്രസക്തി വന്നത് 2006 കാലത്ത് സംസ്ഥാനത്ത് ഇക്കോ ടൂറിസം സജീവമായതോടെയാണ്. ആനക്കൂടിനെ വെറും ആനക്കൂട് എന്നതില്‍ നിന്ന് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില്‍ വനംവകുപ്പും ടൂറിസം വകുപ്പും വിജയിച്ചു. ഇന്ന് ധാരാളം യാത്രികര്‍ വന്നുപോകുന്ന ഇടമായി ഇത്. ആന സവാരിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഒപ്പം ആനകര്‍ക്ക് പരിശീലനം കൊടുക്കുന്നതും അവ ഒരുമിച്ച് ആറ്റില്‍ കുളിക്കുന്നതും അവക്ക് തീറ്റകൊടുക്കുന്നതും ചികില്‍സിക്കുന്നതും കാണാം. കൂടാതെ ആന മ്യൂസിയവുമുണ്ട്. അവിടെ നിന്ന് ആന വിജ്ഞാനം നേടാം. കാടിനെ അടുത്തറിയാം. വനവിഭവങ്ങള്‍ വാങ്ങാം. ആനപ്പുറത്തേറി ചുറ്റിക്കറങ്ങാം. കൂടാതെ കുട്ടവഞ്ചിയില്‍ കയറി ഉല്ലാസ യാത്രയും ചെയ്യാം.
ഇപ്പോള്‍ ഇവിടെ എട്ട് ആനകളുണ്ട്. ഇതില്‍ പണ്ട് കുഴിയില്‍ വീഴ്ത്തിപ്പിടിച്ച രണ്ടെണ്ണം അവശേഷിക്കുന്നു. ബാക്കിയുള്ളവ കാട്ടില്‍ നിന്ന് വീണുകിട്ടിയവയാണ്. സുരേന്ദ്രന്‍ എന്ന ആനയെക്കുറിച്ചുള്ള വിവരണം ഇങ്ങനെ; വയസ്സ് 17, അമ്മ മരിച്ച് അനാഥനായ ഇതിനെ 1999ല്‍ റാന്നിയിലെ രാജാന്‍ പാറയില്‍ നിന്ന് ലഭിച്ചു. ഇത്തരത്തില്‍ ഓരോ ആനയെക്കും ജീവചരിത്രമുണ്ട്. എല്ലാവര്‍ക്കും പേരുമുണ്ട്. കേരളത്തിലെ ലക്ഷണമൊത്ത ആനയായി സുരേന്ദ്രന്‍ വളരുമെന്നാണ് പ്രതീക്ഷ. ലക്ഷ്മി എന്ന ആന അല്‍പം വിക്രിയ കാട്ടുന്നവളാണ്. മഞ്ഞ നിറം അവള്‍ക്കിഷടമല്ല. മഞ്ഞ നിറമടിച്ച ഓട്ടോറിക്ഷ രണ്ടു തവണ എടുത്ത് മറിച്ചിട്ടുണ്ട്. ചില പാപ്പാന്‍മാരെ ഇഷ്ടമല്ല. അടുത്ത് വന്നാല്‍ ഓടിക്കും. എന്നാല്‍ മറ്റുള്ളവരോട് കുഴപ്പമില്ല. പുറത്ത് കയറുന്ന യാത്രികരോട് ഈ വിവേചനമില്ല. ആരു കയറിയാലും അവള്‍ പതിയെയേ നടക്കൂ, നമ്മള്‍ സാഹിത്യത്തില്‍ പറയുന്ന ഗജമന്ദഗാമിനി.
കാട്ടില്‍ ഒറ്റപ്പെട്ട് അമ്മയെ കാണാതെ കഷ്ടപ്പെടുന്ന കുട്ടികള്‍, അപകടത്തില്‍പ്പെടുന്നവ അങ്ങനെ കിട്ടിയവരെ ഇവിടെ ആഹാരം നല്‍കി പോറ്റുന്നു. അവക്ക് യഥാസമയം തീറ്റ നല്‍കാനും ചികില്‍സിക്കാനും പരിപാലിക്കാനും ഇവിടെ ജീവനക്കാരുമുണ്ട്. വനം വകുപ്പ് കാട്ടില്‍ വളര്‍ത്തുന്ന പുല്ലാണ് ഇവക്ക് സാധാരണ നല്‍കുക. കൂടാതെ പനംപട്ടയും തെങ്ങോലയും പുറത്ത് നിന്ന് വാങ്ങുന്നു. എന്നും ആറ്റില്‍ കൊണ്ടുപോയി കുളിപ്പിക്കും. അല്ലാതെ കുളിപ്പിക്കാന്‍ വലിയ ഷവറും ഉണ്ട്. ആഴ്ചയിലൊരിക്കല്‍ കാട്ടില്‍ പോയി വിഹരിക്കാം. ഇവിടെയടുത്ത് കുമ്മണ്ണൂര്‍ വനത്തിലാണ് കൊണ്ടുപോകുന്നത്. അവിടെ മേഞ്ഞ ശേഷം തിരികെ കൊണ്ടുപോരും. ദിവസവും ഓലയോ പനംപട്ടയോ കുടാതെ റാഗിയും ഗോതമ്പും വേവിച്ച് ശര്‍ക്കരയും ചേര്‍ത്ത് നല്‍കും.
ആനക്കൂടിനോടനുബന്ധിച്ച് ഇപ്പോള്‍ നിരവധി വിനോദസഞ്ചാരോപാധികളുണ്ട്. അതില്‍ പ്രധാനം ആനസവാരിയാണ്. ഇടക്ക് ഗവണ്‍മെന്‍റ് നിരോധത്തിന്‍െറ നിര്‍ത്തിവെച്ചിരുന്ന ആനസവാരി പുനരാരാംഭിച്ചു. ചെറിയ വനപ്രദേശം ആനപ്പുറത്തിരുന്നുതന്നെ ചുറ്റിക്കാണാമെന്നതാണ് പ്രത്യേകത. 300 രൂപയാണ് ഒരാള്‍ക്ക് ആനസവാരിക്ക് ഈടാക്കുന്നത്.
ഇവിടെ പൂന്തോട്ടവുമൊരുങ്ങുന്നു. കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കിനോടനുബന്ധിച്ച് ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്ന പുക്കളുള്ള ചെടികള്‍ വെച്ചുപിടിപ്പിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരാകര്‍ഷണമാണ് നക്ഷത്രവനം. ജന്മനക്ഷത്രമനുസരിച്ചുള്ള വൃക്ഷങ്ങളുടെയും ചെടികളുടെയും തോട്ടമാണ് നക്ഷത്രവനം. ഗവി വനത്തില്‍ മാത്രം കാണുന്ന എപ്പോഴും പൂക്കളുള്ള ‘തുമ്പര്‍ഗിയ’ എന്ന ചെടി ഇവിടെ പൂപ്പന്തലൊരുക്കാനായി വെച്ചുപിടിപ്പിച്ചിരിക്കുന്നു.
ആന മ്യൂസിയമാണ് ശാസ്ത്ര കൗതുകമുണര്‍ത്തുന്ന കാര്യം. വലിയ ആനയുടെ അസ്ഥികൂടം അതേപടി കാണാനുള്ള അവസരം ഇവിടെയുണ്ട്. കൂടാതെ ആനയെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവും നാട്ടറിവും പകരും. വനം വകുപ്പിന്‍െറ കേന്ദ്രങ്ങളില്‍ അപൂര്‍വമായി കാണുന്ന നിശാചരരായ കാട്ടുജീവികളുടെ ശബ്ദം അതേ തനിമയോടെ ഇവിടത്തെ ഓഡിയോ വിഷ്വല്‍ മുറിയില്‍ നിന്ന് നേരിട്ടറിയാം. പക്ഷികളും മൃഗങ്ങളും ചെറു ജീവികളുമായി 22 ഇനം ജീവികള്‍ രാത്രിയില്‍ പുറപ്പെടുവിക്കുന്ന ശബ്ദം റെക്കോഡ് ചെയ്തത് അവയുടെ ചിത്രത്തോടൊപ്പം കേള്‍ക്കുമ്പോള്‍ നാം ഏതോ കൊടും കാട്ടിലകപ്പെട്ട പ്രതീതിയാണ്. കടുവ, ആന, മ്ളാവ്, ചെമ്പന്‍ നത്ത്, മാക്കാച്ചിക്കാട, പളുക, പളുങ്ങി, മലയണ്ണാന്‍, വവ്വാല്‍, കരിങ്കുരങ്ങ്, ചെറുതേന്‍ കിളി, കാട്ടുഞാലി, മീനിപക്ഷി, ചൂളക്കാക്ക, ഷിക്രാകുയില്‍, കാട്മുഴക്കി, ശരപക്ഷി, മലമുഴക്കി വേഴാമ്പല്‍, ചീവീട്, ഉണക്കത്തുള്ളന്‍, മരച്ചിലപ്പന്‍, മയില്‍, കാട്ടുകോഴി, കാട്ടുമൈന, തവകളള്‍ തുടങ്ങിയ ജീവികളുടെ ശബ്ദം.
കൂടാതെ വനശ്രീ കൗണ്ടറില്‍ നിന്ന് കലര്‍പ്പില്ലാത്ത ചന്ദനതൈലം ഉള്‍പ്പെടെയുള്ള വനവിഭവങ്ങള്‍ വാങ്ങുകയും ചെയ്യാം. ഒരു കാടുമുഴുവന്‍ കണ്ട് അനുഭവിച്ച് മടങ്ങുന്നതിന്‍െറ അനുഭവം.

Show Full Article
TAGS:
Next Story