Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightസിംഹവാലനെയും...

സിംഹവാലനെയും മലമുഴക്കിയെയും തേടി പാടഗിരിയിലേക്ക്

text_fields
bookmark_border
സിംഹവാലനെയും മലമുഴക്കിയെയും തേടി പാടഗിരിയിലേക്ക്
cancel

ഒരു ശനിയാഴ്ച രാവിലെ നൗഷാദ് സാറിന്‍െറ ഫോണ്‍കാള്‍, ഉച്ചക്കുശേഷം നെല്ലിയാമ്പതിയിലെ പാടഗിരിക്ക് വിട്ടാലൊയെന്ന്. മഴ കാത്തുനില്‍ക്കുന്ന വേഴാമ്പലിനെപ്പോലെ ആയിരുന്നു ആ വിളി. വിളിക്കുന്നത് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ അബ്ദുല്‍ നൗഷാദ്. എന്‍.എ. നസീറിന്‍െറ സന്തതസഹചാരി. കേരളാ ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്‍റിനുവേണ്ടി തയാറാക്കുന്ന ഒരു ഡോക്യുമെന്‍ററിയുടെ ഭാഗമായാണ് യാത്ര. ലക്ഷ്യം സിംഹവാലനും മലമുഴക്കി വേഴാമ്പലുമാണ്. കൂട്ടിനായി സാറിന്‍െറ രണ്ട് സ്റ്റുഡന്‍റ്സും. ഉച്ചതിരിഞ്ഞ് തൃശൂരില്‍ നിന്ന് പുറപ്പെട്ട യാത്ര പാലക്കാട് റൂട്ടില്‍ വടക്കുംചേരിയില്‍നിന്നും വലത്തേക്ക് തിരിഞ്ഞ് നെന്മാറയിലത്തെുമ്പോള്‍ മാത്രമാണ് കണ്ണിന് കുളിര്‍മയുള്ള കാഴ്ചകള്‍ കണ്ടുതുടങ്ങുന്നത്. സമൃദ്ധമായി നെല്ല് വിളയുന്ന വിശാലമായ വയല്‍പ്പരപ്പുകള്‍കൊണ്ട് അനുഗ്രഹീതമാണ് പാലക്കാട് ജില്ലയിലെ നെന്മാറയെന്ന കൊച്ചു പട്ടണം. തമിഴില്‍ ‘വരണ്ട പ്രദേശം’ എന്നര്‍ഥമുള്ള പാലൈ നിലം എന്നായിരുന്നു പാലക്കാടിന്‍െറ ആദ്യകാലഘട്ടത്തിലെ നാമധേയം. അങ്ങനെയുള്ള ഈ വരണ്ടപ്രദേശത്തെ കേരളത്തിന്‍െറ നെല്ലറയാക്കി മാറ്റിയ കര്‍ഷകരുടെ കഠിനാധ്വാനവും പരിശ്രമവും എടുത്തുപറയേണ്ട ഒരുകാര്യം തന്നെയാണ്. ആ പച്ചപ്പ് പാകിയ പാടങ്ങളിലൂടെ നേരെ യത്തെുക പോത്തുണ്ടി ഡാമിലേക്കാണ്.
ഇന്ത്യയിലെതന്നെ ഏറ്റവുംവലിയ മണ്ണ് ഡാമുകളിലൊന്നാണിത്. ടിക്കറ്റെടുത്ത് ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണാന്‍ കഴിയുക ഭൂമിയില്‍നിന്നും ആകാശത്തേക്കുള്ള ചവിട്ടുപടികളാണ്. ഒരുനിമിഷം അതിലൂടെ ആകാശത്തത്തൊമെന്ന് അറിയാതെ മോഹിച്ചുപോയി. എന്നാല്‍, പടികള്‍ കയറി മുകളിലത്തെുമ്പോള്‍ കാണാന്‍ കഴിയുന്നത് മലനിരകളാല്‍ ചുറ്റപ്പെട്ട അതി വിശിഷ്ടമായ ജലാശയത്തെയാണ്. തുലാവര്‍ഷം മലനിരകളില്‍ തകര്‍ത്തു പെയ്തതിനാലാവാം സംഭരണി ചെറിയനടുക്കം ഉണ്ടാക്കുംവിധം നിറഞ്ഞ് നില്‍ക്കുന്നു. വരാനിരിക്കുന്ന രാത്രിയും ഇരുണ്ടുതുടങ്ങുന്ന ജലത്തിന്‍െറ അപാരസാന്നിധ്യവും ആഴമറ്റ വനത്തിന്‍െറയും പര്‍വതനിരകളുടെയും ദൂരക്കാഴ്ചയും ഉണര്‍ത്തുന്ന നിഗൂഢമായ പരിഭ്രമത്തെ ഗ്രസിച്ചുകൊണ്ട് ഞങ്ങള്‍ വീണ്ടും മലകയറാന്‍ തുടങ്ങി.
ഉയരങ്ങളിലേക്ക് എത്തുന്നതോടെ സസ്യപ്രകൃതി സാവധാനം മാറുന്നു. വെള്ള കൊറ്റികള്‍ പാറുന്ന മനോഹരമായ നെല്‍പാടങ്ങള്‍ കടന്നുള്ള യാത്ര ഇപ്പോള്‍ ഗാഢമായ വനപ്രകൃതിയെ കടന്നുപോകുന്നു, ഒപ്പം കൂട്ടിനായി ഇളം കുളിരുള്ള തണുത്ത കാറ്റും. മഴക്കാലമാകുന്നതോടെ നെല്ലിയാമ്പതിയിലേക്കുള്ള പാത തികച്ചും വെള്ളച്ചാട്ടങ്ങള്‍കൊണ്ട് നിറയുന്നു. കാലവര്‍ഷം തീരുന്നതോടെ അവശേഷിച്ച് ഇല്ലാതാവുകയും ചെയ്യുന്നു. ആദ്യംകണ്ട രണ്ടു വെള്ളച്ചാട്ടങ്ങളില്‍ ഇറങ്ങാതെ പിടിച്ചിരുന്നെങ്കിലും മൂന്നാമത്തേതില്‍ ആ സഹനശക്തി കൈവിട്ട് വണ്ടിനിര്‍ത്തി എല്ലാവരും ഇറങ്ങി. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ തട്ടി കൊഞ്ചിക്കുഴഞ്ഞ് കാടിന്‍െറ തണുപ്പിനുള്ളിലൂടെ തട്ടുകളായി ഒഴുകിയത്തെുന്ന ആ വെള്ളച്ചാട്ടത്തിന്‍െറ സൗന്ദര്യം ആരെയും അതിലേക്കിറങ്ങാന്‍ മോഹിപ്പിക്കുമെന്നതില്‍ സംശയമില്ല.
അവിടെ കുറച്ചുനേരം ചിലവിട്ടതിനുശേഷം വീണ്ടും മലകയറാന്‍ ആരംഭിച്ചു. പോകുന്ന വഴിയില്‍ രണ്ട് വ്യൂപോയന്‍റുകളുണ്ട്. അതില്‍ ഒന്നില്‍നിന്നുള്ള കാഴ്ച ശരിക്കും മനോഹരമാണ്. മഴമേഘങ്ങള്‍ക്കിടയിലൂടെ സൂര്യന്‍െറ വെള്ളിവെളിച്ചം മലഞ്ചെരിവുകളിലെ വൃക്ഷതലപ്പുകളില്‍ പറ്റിയിരിക്കുന്ന മഴതുള്ളികളില്‍തട്ടി ചിതറിപ്പായുന്നു. ആ നയനമനോഹരമായ കാഴ്ചകളെ മനസ്സില്‍ ആവാഹിച്ചെടുത്തുകൊണ്ട് ചുരംകയറി കെകാട്ടിയെന്ന കൊച്ചു കവലയിലത്തെി. ഇവിടെനിന്ന് റോഡ് രണ്ടായി പിരിയുന്നു. ഒന്ന് നെല്ലിയാമ്പതി സീതാര്‍കുണ്ടിലേക്കും മറ്റൊന്ന് ഞങ്ങള്‍ക്ക് പോകേണ്ട പാടഗിരിയിലേക്കും. വലത്തേക്ക് തിരിഞ്ഞുയാത്ര തുടര്‍ന്നതും റോഡിന്‍െറ വീതി നന്നെ കുറഞ്ഞിരിക്കുന്നു. ഒടുവില്‍ ഇരുള്‍ വന്നു മൂടിയതോടെ ഞങ്ങളുടെ പാടഗിരിയത്തെി. ഒരു പൊലീസ് സ്റ്റേഷനും രണ്ടുകടകളും മാത്രമാണ് അവിടെയുള്ളത്. അതില്‍ ഒരു പച്ച സോപ്പുപെട്ടിപോലുള്ള കടയില്‍നിന്നും ആവിപറക്കുന്നു. അതായിരുന്നു രാമചന്ദ്രന്‍ ചേട്ടന്‍െറ ചായക്കട. മിക്കവാറും ഇങ്ങനെയുള്ള ഒരു കൊച്ചുകവലയുടെ നെടുംതൂണായിരിക്കും ഇങ്ങനെയുള്ള ചായക്കടകള്‍ അതുകൊണ്ടുതന്നെ താമസസൗകര്യം എവിടെയെങ്കിലും കിട്ടുമോയെന്ന് അവിടെ അന്വേഷിച്ചു. അതിന് മറുപടിയായി മുന്‍വശത്തെ കെട്ടിടം ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു അതെന്‍െറ ഹോംസ്റ്റേയാണ്. സൗകര്യങ്ങള്‍ വളരെ കുറവാണ്. വിരോധമില്ലങ്കില്‍ അവിടെ താമസിക്കാം. തകര്‍ത്തു പെയ്തുതുടങ്ങിയ മഴയുടെയും തണുപ്പിന്‍െറയും കാഠിന്യത്തില്‍ വേറെയൊന്നും ചിന്തിക്കാന്‍ അവസരം കൊടുക്കാതെ ഞങ്ങള്‍ ആ കൊച്ചുകൂടാരത്തില്‍ അന്തിയുറങ്ങി.
പിറ്റേന്ന് പുലര്‍ച്ചെ പാടഗിരി ഉണരും മുമ്പുതന്നെ ഞാനും നൗഷാദ് സാറും കാമറയുമായി പുറത്തിറങ്ങിയപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ക്ക് സ്വാഗതമരുളി ഫ്രെയിം നിറയെ പച്ചപ്പുനിറയുന്ന കാഴ്ചകളായിരുന്നു.
ഒരുവശം ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന ഭീകരമായ മലനിരകളില്‍ മഞ്ഞു മേഘങ്ങള്‍ മുത്തമിട്ടുനില്‍ക്കുന്ന കാഴ്ച വന്യവും വശ്യവുമാക്കുന്ന അനുഭവം. മറുവശം ചാഞ്ഞും ചെരിഞ്ഞും മലര്‍ന്നും കിടക്കുന്ന മലനിരകളില്‍ കോതി ഒതുക്കിവെച്ചിരിക്കുന്നതുപോലെയുള്ള തേയിലത്തോട്ടങ്ങള്‍. നെല്ലിക്കോട്ട എന്നറിയപ്പെടുന്ന പാടഗിരിയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി. ഘോരവനാന്തരങ്ങളായിരുന്ന ഈ ഗിരിനിരകള്‍ വെള്ളക്കാരുടെ പര്‍വതാരോഹണത്തോടെയാണ് ഇന്ന് നാം കാണുന്ന കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളുമായി മാറിയത്. എന്തായാലും പുലര്‍ക്കാല കാഴ്ചകളൊക്കെ കണ്ട് തിരിച്ചത്തെിയപ്പോഴേക്കും പാടഗിരിക്കാരുടെ തണുപ്പകറ്റാനായി രാമചന്ദ്രന്‍ ചേട്ടന്‍െറ ചായക്കടയും തുറന്നിരുന്നു. കഴിച്ചുമടുത്ത ഫാസ്റ്റ്ഫുഡില്‍നിന്നും വല്ലപ്പോഴുമുള്ള ഒരു മോചനം ഇതുപോലുള്ള തട്ടുകടകളിലെ നാടന്‍ ഭക്ഷണമാണ്. അവിടെനിന്ന്  പ്രഭാതഭക്ഷണവും കഴിച്ച് പിന്നെ പോയത് തൊട്ടടുത്തുള്ള ഒരു പുഴയുടെ അരികിലേക്കാണ്. അവിടെയാണത്രെ സിംഹവാലന്മാരുടെ താവളം. പുഴയരികില്‍ നില്‍ക്കുന്ന ഒരു പ്ളാവില്‍ നിറയെ സാദാ കുരങ്ങന്മാര്‍ ചക്ക അടര്‍ത്തിക്കഴിക്കുന്ന മനോഹരകാഴ്ചയാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. അല്‍പസമയത്തിനകം വില്ലന്മാരെപ്പോലെ ഒരു പേടിപ്പിക്കുന്ന ശബ്ദമുണ്ടാക്കിയാണ് സിംഹവാലന്മാരുടെ കടന്നുവരവ്. ഏകദേശം 15 ഓളം പേരുണ്ട് ആ കൂട്ടത്തില്‍. വന്നയുടന്‍തന്നെ സാദാ കുരങ്ങന്മാരെയെല്ലാം അടിച്ചോടിച്ച് ആ പ്ളാവിന്‍െറ ആധിപത്യം അവര്‍ പിടിച്ചെടുത്തു. അന്ന് വൈകീട്ടുവരെ ഞങ്ങളെല്ലാം ആ സിംഹവാലന്മാരുടെ പിറകെയായിരുന്നു. എപ്പോഴോ മലമുഴക്കിയുടെ കാര്യം നൗഷാദ് സര്‍ ഓര്‍മിപ്പിച്ചപ്പോഴാണ് എല്ലാവരും തിരിച്ചുകയറിയത്. പാടഗിരിയോട് യാത്രപറഞ്ഞ് നേരെപോയത് കേശവന്‍ പാറയിലേക്കായിരുന്നു. റോഡില്‍നിന്ന് കാട്ടിനുള്ളിലൂടെ 15 മിനിറ്റ് നടന്നുവേണം കേശവന്‍പാറയിലത്തൊന്‍. കൂര്‍ത്തകല്ലുകള്‍ നിറഞ്ഞ ആ പാതക്ക് ഇരുവശവുമുള്ള കാട് ആകാശം കാണിക്കാതെ അതിനെ മറച്ചുപിടിച്ചിരിക്കുന്നു. ഒപ്പം ചീവീടുകളുടെ ശബ്ദം ആ കാടാകെ മുഴങ്ങിക്കേള്‍ക്കുന്നു. ആ ഇരുണ്ടവഴിയുടെ വാതില്‍തുറന്ന് മനോഹരമായ നിലാവ് വന്നുമൂടിയ പാറയുടെ മുകളിലെ കാഴ്ചകളിലേക്കായിരുന്നു. അതാണ് കേശവന്‍പാറ.
പണ്ടുകാലത്ത് കേശവന്‍ എന്നുപേരുള്ള ഒരു മനുഷ്യന്‍ ഇവിടെനിന്ന് താഴേക്ക് വീണുമരിച്ചിട്ടുണ്ടത്രെ. അതിനുശേഷമാണ് കേശവന്‍പാറ എന്ന പേരുവന്നതെന്ന് പറയപ്പെടുന്നു. നിലാവില്‍ അലസമായൊഴുകുന്ന മേഘദളംപോലെ ഞാന്‍ ചന്ദ്രകിരണങ്ങളാല്‍ തീര്‍ത്ത രഥത്തിലേറി പാറിനടക്കാന്‍ കൊതിച്ചു. അത്രക്ക് സുന്ദരമായിരുന്നു. നിലാവെളിച്ചത്തില്‍ കേശവന്‍പാറയിലെ കാഴ്ചകള്‍.
ആ സൗന്ദര്യ ലഹരിയില്‍നിന്ന് ഞാനുണര്‍ന്നപ്പോള്‍ കാടിന്‍െറ ശബ്ദവീചികള്‍ക്ക് ചെവികൊടുത്തുകൊണ്ട് നൗഷാദ് സര്‍ ആ കാടിനകത്തേക്ക് ഉള്‍വലിഞ്ഞിരുന്നു. അല്‍പസമയത്തിനകം ഞങ്ങള്‍ക്ക് മുന്നിലൂടെ ഒരു മിന്നല്‍പോലെ ദര്‍ശനം നല്‍കി മലമുഴക്കി വേഴാമ്പല്‍ പറന്നകന്നു. ഒപ്പം നൗഷാദ് സര്‍ അതിന്‍െറ ചിത്രവുമായി എത്തിയിരുന്നു. എന്തായാലും വന്നകാര്യങ്ങള്‍ സാധിച്ചതിന്‍െറ സന്തോഷത്തില്‍ കേശവന്‍പാറയോട് വിടപറഞ്ഞു. മടക്കയാത്രക്കൊരുങ്ങുമ്പോള്‍ മനസ്സിലേക്ക് കടന്നുവന്നത് സാറില്‍നിന്ന് കിട്ടിയ ഒരുപിടി ഗുണപാഠങ്ങളായിരുന്നു. കാട്ടില്‍പോയി ഒരാനയുടെയോ പുലിയുടെയോ പടമെടുത്തതുകൊണ്ട് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആകില്ല. കാട് എന്താണെന്നറിയണം. കാടിന്‍െറ ശബ്ദവിന്യാസങ്ങളെയും ഗന്ധത്തെയുമൊക്കെ തിരിച്ചറിയാനുള്ള കഴിവാണ് ആദ്യം വേണ്ടത്. അതു കഴിഞ്ഞിട്ടുവേണം കാമറയുമെടുത്ത് കാട്ടില്‍ കയറാന്‍...
 

Show Full Article
TAGS:
Next Story