മേഘങ്ങളെ പ്രണയിക്കുന്ന മേഘമലയിലേക്ക്...
text_fieldsകണ്ടുതീര്‍ക്കാന്‍ കഴിയാത്ത ഒരു സ്വപ്നം പോലെയായിരുന്നു മേഘമല. മുമ്പ് ഒരു തവണ പോയിട്ടുണ്ടെങ്കിലും യാത്ര പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് നിനച്ചിരിക്കാതെ തിരുവനന്തപുരത്തുനിന്ന് ഒരു ഫോണ്‍കോള്‍. അവിടെയുള്ള ചില സുഹൃത്തുക്കള്‍ക്ക് മേഘമലയിലേക്ക് പോകണം. അവര്‍ സഹായത്തിനായി വിളിച്ചപ്പോള്‍തന്നെ ഓകെ പറഞ്ഞു. ഉടന്‍ തൃശൂര്‍ കെ.എസ്.ആര്‍.ടി.സിയില്‍ വിളിച്ച് കുമളിയിലേക്ക് ബസ് സമയം അന്വേഷിച്ചു. ഞാന്‍ തൃശൂരില്‍നിന്നും അവര്‍ തിരുവനന്തപുരത്തുനിന്നും കുമളിയില്‍ ഒരുമിച്ച് അവിടെനിന്ന് ജീപ്പ് വാടകക്കെടുത്ത് പോകാന്‍ പദ്ധതിയിട്ടു.
രാത്രി ഒരു മണിക്കായിരുന്നു കുമളി ബസ്. ബാഗും കാമറയും പാക്ക്ചെയ്ത് 12.30ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിലത്തെി. പല ബസുകള്‍വന്നുപോയി, 1.30 ആയിട്ടും കുമളി ബസ് മാത്രം വന്നില്ല. ശാന്തനായി നിന്നു, ധൃതിപ്പെട്ടിട്ട് കാര്യമില്ല. കാരണം ബസ് വന്നാല്‍ മാത്രമേ മുന്നോട്ടുള്ള യാത്ര ഉള്ളൂ. ഒടുവില്‍ രണ്ടുമണിയോടെ കുണുങ്ങി കുണുങ്ങി ആശാന്‍ സ്റ്റാന്‍ഡിലേക്ക് കയറിവന്നു. അധികം തിരക്കില്ല. ഡ്രൈവറുടെ പിന്നിലായി ഇരുപ്പുറപ്പിച്ച് വളരെ കാലമായി മനസില്‍ കൊണ്ടുനടക്കുന്ന ആ പാതി സ്വപ്നം സഫലീകരിക്കാന്‍ പോകുന്ന സന്തോഷത്തില്‍ ഒന്നു മയങ്ങി.
കണ്ണുതുറന്നത് കുമളിയിലെ കോടമഞ്ഞ് നിറഞ്ഞ പ്രഭാതത്തിലേക്കായിരുന്നു. സമയം 7.30 ആയപ്പോഴേക്കും സഫാരിക്കായി ജീപ്പുകള്‍ സ്റ്റാന്‍റില്‍ നിരന്നിരുന്നു.

ഒരു ജീപ്പ് ഡ്രൈവറെ സമീപിച്ച് പോകേണ്ട സ്ഥലവും വാടകയുമൊക്കെ പറഞ്ഞുറപ്പിച്ച് തൊട്ടടുത്തുള്ള ലോഡ്ജില്‍തന്നെ ഫ്രഷ് ആകാന്‍ റൂം എടുത്തു. ഭക്ഷണം കഴിച്ച് കുമളി ഒന്നു ചുറ്റിക്കറങ്ങി. ഉച്ചയായപ്പോള്‍ തിരുവനന്തപുരത്തുനിന്ന് സുഹൃത്തുക്കളത്തെി. ഒരു മണിയോടെ ഞങ്ങള്‍ മേഘമലയിലേക്കുള്ള യാത്ര ആരംഭിച്ചു.
വയനാട് ചുരത്തെ അനുസ്മരിപ്പിക്കുന്നവിധം കൊടും വളവുകളും കുത്തനെയുള്ള ഇറക്കവുമായിരുന്നു. ഇടക്കിടെ മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന കൂറ്റന്‍ പെന്‍സ്റ്റോക് പൈപ്പുകള്‍ കണാം. 1886 ഒക്ടോബര്‍ 19ന് തിരുവിതാംകൂര്‍ രാജകുടുംബം ബ്രിട്ടീഷ് ഗവണ്‍മെന്‍റുമായി ഒപ്പുവെച്ച ഉടമ്പടി പ്രകാരം 999 വര്‍ഷം മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കുന്നതിനുള്ള അവകാശം തമിഴ്നാടിന് ലഭ്യമായി. അന്യസംസ്ഥാനത്തിന്‍െറ ജലം ഉപയോഗിച്ച് വരണ്ടുണങ്ങിയ ഭൂമിയില്‍ തമിഴ് കര്‍ഷകര്‍ ഇന്ന് പൊന്നുവിളയിച്ചിരിക്കുന്നു.
ചുരമിറങ്ങിച്ചെല്ലുന്നത് തേനി ജില്ലയിലെ കാര്‍ഷിക സമൃദ്ധിയിലേക്കാണ്.

റോഡിനിരുവശവും കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന നെല്‍പാടങ്ങള്‍, ചോളം, കനകാംബരം, സൂര്യകാന്തി, വാഴത്തോപ്പുകള്‍, തെങ്ങിന്‍തോപ്പുകള്‍ അങ്ങനെ കാഴ്ചകള്‍ മാറിമാറി വന്നുകൊണ്ടേയിരുന്നു. ഒടുവില്‍ മുന്തിരിത്തോട്ടങ്ങള്‍ കടന്നുവന്നു, യാത്രികര്‍ വണ്ടി ഒതുക്കി മുന്തിരിത്തോട്ടങ്ങളില്‍ കയറി ചിത്രങ്ങളെടുക്കുന്നു.
ഒരു തോട്ടത്തില്‍ മുന്തിരിക്കുലകള്‍ പറിച്ചെടുത്ത് പാക് ചെയ്യുന്നതിന്‍െറ തിരക്കിലാണ് തൊഴലാളികള്‍. അവിടെ വണ്ടി നിര്‍ത്തി. വില്‍പനയും നടത്തുന്നുണ്ട്.
.jpg)
മുന്തിരിക്കുലകള്‍ നമുക്കും പറിച്ച് രുചിച്ചുനോക്കാം. പക്ഷേ, കീടനാശിനി പ്രയോഗം ഓര്‍ത്ത് മുന്തിരിത്തോട്ടങ്ങളുടെ ഭംഗി കാമറയിയില്‍ പകര്‍ത്തി ഞങ്ങള്‍ യാത്ര തുടര്‍ന്നു. കുമളിയില്‍നിന്ന് ഒരു മണിക്കൂര്‍ നീണ്ട ഡ്രൈവിങ്ങിനുശേഷം ചിന്നമണ്ണൂരായി. ഇവിടെനിന്ന് ചെറിയ റോഡാണ് മേഘമലയിലേക്ക്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഫോറസ്റ്റ് ചെക്പോസ്റ്റിലത്തെി. ഇനി അങ്ങോട്ട് വനമാണ്. കര്‍ശന പരിശോധനക്കുശേഷം മാത്രമേ കടത്തിവിടുന്നുള്ളൂ. വൈകുന്നേരം അഞ്ചു മുതല്‍ രാവിലെ ആറുവരെ ഇതുവഴി പ്രവേശനവുമില്ല. ഇനി കാട്ടിലൂടെ ചുരം കയറി ഹെയര്‍പിന്‍ വളവുകള്‍ താണ്ടിവേണം മേഘമലയില്‍ എത്താന്‍.
മേഘമലയില്‍ എത്താന്‍ ഏകദേശം ഇനിയും രണ്ടു മണിക്കൂര്‍ യാത്രയുണ്ട്. 18 ഹെയര്‍പിന്‍ വളവുകളുണ്ട് മേഘമലയിലേക്ക്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകത ഈ ഹെയര്‍പിന്‍ വളവുകളില്‍ ഞാന്‍ ശ്രദ്ധിച്ചു. ഓരോ ഹെയര്‍പിന്‍ വളവിനും ഓരോ പേരുണ്ട്. കുറുഞ്ഞി, മുല്ല, മരുത, വെഞ്ചി, വഞ്ചി, തുമ്പ, വാക, കാന്തമകാഴം, താഴംപൂ, പിച്ചി, കൂവളം, അണിച്ചം, ഇരുവച്ചി, കേണ്‍റൈ, വേകൈ, മല്ലിക എന്നിങ്ങനെ....
ആദ്യത്തെ രണ്ട് വളവുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ റോഡില്‍ ആവിപറക്കുന്ന ആനപ്പിണ്ഡങ്ങള്‍ കണ്ടുതുടങ്ങി. ഏതാനും നിമിഷങ്ങള്‍ക്കുമുന്നെ ആയിരുന്നെങ്കില്‍ ആനയുടെ മുമ്പില്‍ അകപെട്ടേനെ.
ഒരു ബസിനു മാത്രം പോകാന്‍ പറ്റുന്ന മലമ്പാതയാണ്. എതിരെ ഒരു ബസോ ലോറിയോ വരരുതെയെന്ന് എല്ലാവരും പ്രാര്‍ഥിച്ചു. വന്നാല്‍ ചിലപ്പോള്‍ ഒരുപാട് റിവേര്‍സ് എടുത്തുവേണം അതിനെ കടത്തിവിടാന്‍. പല സ്ഥലങ്ങളിലും റോഡിന്‍െറ വശങ്ങള്‍ ഇടിഞ്ഞു താഴേക്ക് പോയിരിക്കുന്നു. 16ാമത്തെ വളവില്‍ ഒരു വ്യൂ പോയന്‍റാണ്.

ഹരിതാഭമായ പച്ചക്കുന്നുകളും നീലനിറത്തില്‍ പരന്നുകിടക്കുന്ന താഴ്വാരങ്ങളും ഒപ്പം ശക്തമായി വീശുന്ന തണുത്ത കാറ്റും. ആ കാഴ്ച ആസ്വദിച്ചിനില്‍ക്കുമ്പോഴതാ മുകളില്‍നിന്ന് ഒരു ബസ് ഇറങ്ങിവന്നു വ്യൂ പോയന്‍റില്‍ നിര്‍ത്തി. ഉടന്‍ സ്ത്രീകളെല്ലാം ബസില്‍നിന്ന് ഇറങ്ങി പിറകോട്ടും പുരുഷന്മാരെല്ലാം മുമ്പോട്ടും നടന്നുമറഞ്ഞു. ഞങ്ങളെല്ലാം അമ്പരന്നു. ഈ കാട്ടില്‍ ഇവരെങ്ങോട്ടാ പോയതെന്ന് അറിയാന്‍ വയ്യാതെ ബസിലെ ഡ്രൈവറോട് തന്നെ ചോദിച്ചു. ‘അയ്യോ സര്‍ ഇങ്കെയൊന്നും ബാത്ത്റും കിടയാത്. അതിനാലെ യൂറിന്‍ പാസ് പണ്ണിതിക്ക് രണ്ട് സൈഡിലേക്ക് പോയിടിച്ച്.

സമയം ആറു മണിയാകുന്നു. ഇരുട്ട് പരുന്നുതുടങ്ങി. ചെറിയ ചാറ്റല്‍ മഴയും കോടമഞ്ഞും കൂട്ടായി എത്തിയതോടെ മുന്നോട്ടുള്ള യാത്രയിലെ കാഴ്ചകളൊക്കെ പൂര്‍ണ ഇരുട്ടിലായി. എട്ടു മണിയോടെ താമസത്തിന് ബുക്ക് ചെയ്തിരുന്ന മേഘമലയിലെ ഹൈവേവിസ് പഞ്ചായത്ത് ഗെസ്റ്റ്ഹൗസില്‍ എത്തി.
കൊടും തണുപ്പും ശക്തമായ കാറ്റുംകൊണ്ട് ഞങ്ങളാകെ മരവിച്ചിരുന്നു. തീ ഉണ്ടാക്കി കുറച്ചുനേരം പുറത്തിരുന്നെങ്കിലും തണുപ്പിന്‍െറ കാഠിന്യം സഹിക്കാനാകാതെ ഞങ്ങള്‍ മുറിയില്‍ കയറി ഉറങ്ങാന്‍ തീരുമാനിച്ചു.
തണുപ്പിന്‍െറ കാഠിന്യത്താല്‍ പ്രഭാതത്തിലെപ്പോഴോ കണ്ണുതുറക്കുമ്പോള്‍ ഞാന്‍ ജ്വരം ബാധിച്ചവനെപ്പോലെ വിറക്കുകയായിരുന്നു. മേഘമല ഉണരുംമുന്നെ കാമറയും എടുത്ത് ഗെസ്റ്റ്ഹൗസിനു പുറത്തിറങ്ങി. പിന്നെയെല്ലാം ഒരു സ്വപ്നംപോലെയയിരുന്നു. അത്രമേല്‍ മനോഹരമാണ് ഗെസ്റ്റ് ഹൗസിനു പുറത്തുള്ള കാഴ്ചകള്‍.

സ്വര്‍ഗത്തിന്‍െറ നടുവിലാണ് രാത്രി ഞങ്ങള്‍ ഉറങ്ങിയതെന്ന് തോന്നിപ്പോയി. ചുറ്റും കണ്ണെത്താദൂരത്തോളം തേയിലക്കുന്നുകള്‍. മധ്യത്തില്‍ അതിവിശാലമായ നീല ജലായശയം. അതിന്‍െറ തീരത്തായിരുന്നു പഞ്ചായത്ത് ഗെസ്റ്റ്ഹൗസ്. ജലാശയത്തില്‍നിന്ന് മഞ്ഞലകള്‍ പുകയായി പൊങ്ങുന്നു. പുല്‍ത്തകിടിയിലൂടെ ജലായത്തിന് അരികിലേക്ക് നടന്നു. പതുക്കെ കാല്‍ നനച്ചയുടന്‍ തണുത്തുമുറിഞ്ഞുപോകുന്നതുപോലെ തോന്നി. കാലില്‍നിന്നുള്ള മരവിപ്പ് ശരീരമാസകലം പടര്‍ന്നു.

പുലര്‍കാല കാഴ്ചകളെല്ലാം കാമറയിലാക്കി ഒരു ചൂടുചായ കുടിക്കാനായി ഗെസ്റ്റ്ഹൗസിനടുത്തുള്ള മുരുകന്‍െറ ടീഷോപ്പിലേക്ക് നടന്നു.
മേഘമലക്കാരുടെ ഒരു ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ ചായക്കടയിലാണ്. പുലര്‍ച്ചെ ചിന്നമാതുരില്‍നിന്ന് പുറപ്പെട്ട് ഇവിടെ എത്തുന്ന ബസില്‍നിന്ന് ഒരു ലോഡ് സാധനങ്ങളാണ് ഈ കടയിലേക്ക് എത്തുന്നത്. പത്രം, പാല്‍, വീട്ടുസാധനങ്ങള്‍, പച്ചക്കറികള്‍ എല്ലാം മുരുകന്‍െറ കടയില്‍ കിട്ടും. തമിഴര്‍ക്ക് മുരുകന്‍ ദൈവം എന്നതുപോലെയാണ് മേഘമലക്കാര്‍ക്ക് ഈ മുരുകന്‍. രാവിലെ കട തുറക്കുന്നതും കാത്ത് ഒരു വലിയ കൂട്ടം തന്നെയുണ്ട്. തണുപ്പകറ്റാന്‍ ഒരു ചൂടുചായക്കായി, പത്രം വാങ്ങാന്‍, പ്രഭാതഭക്ഷണം കഴിക്കാന്‍... കൂട്ടത്തില്‍ കുറച്ച് പശുക്കളും വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ട്. അപ്പോഴാണ് അതില്‍ ഒരാള്‍ വിളിച്ചുപറഞ്ഞത്, പേടിക്കണ്ട സാര്‍ പശുക്കളും മുരുകനെ കാത്തുനില്‍ക്കുവാ, കുറച്ച് ചൂടുവെള്ളം കുടിക്കാന്‍. അതിശയിച്ചുപോയി. വിശേഷം തീര്‍ന്നിട്ടില്ല, മലയാളത്തിലെയും തമിഴിലെയും പ്രമുഖ ചാനലുകള്‍പോലും ഈ ടീഷോപ്പിലെ രുചി അറിയാന്‍ എത്തിയിട്ടുണ്ടുപോലും. ഞങ്ങള്‍ക്കും ആ രുചി അറിയാന്‍ പറ്റി. നാവില്‍ കിട്ടിയ ഒരു പുതുരുചിയുമായി അവിടെനിന്ന് തൂവാനം ഡാമിലേക്ക് നടന്നു.
ഗെസ്റ്റ്ഹൗസിനു പിറകിലുള്ള മലകയറി ഇറങ്ങിയാല്‍ തൂവാനം ഡാമായി. തേയില തോട്ടങ്ങള്‍ക്ക് അതിര്‍ത്തി തീര്‍ത്തുകൊണ്ട് ആ വലിയ ജലാശയത്തെ താങ്ങിനിറത്തുന്നു എന്ന ഒരു ചെറിയ അഹങ്കാരത്തോടുകൂടിയാണ് ഡാമിന്‍െറ നില്‍പ്. ചുറ്റിലും ആകാശം മുട്ടിനില്‍ക്കുന്ന തേയില മലനിരകളെല്ലാം ഡാമിന്‍െറ തിരത്തേക്ക് ചാഞ്ഞിറങ്ങിക്കിടക്കുന്നു. അക്കരെനിന്നും ഈ ഡാം നീന്തിക്കടന്ന് ആനകള്‍ പലപ്പോഴും മുരുന്‍െറ കടയുടെ പരിസരത്ത് വരാറുണ്ടുപോലും.

ഞങ്ങള്‍ അതുവരെ അനുഭവിച്ച പ്രകൃതിയല്ല മലക്കിപ്പുറം. അത്യാവശ്യം വെയിലുണ്ട്. എങ്കിലും തണുപ്പിന് ഒരു കുറവുമില്ല. നട്ടുച്ചക്കുപോലും ശക്തിതായി വീശുന്ന തണുത്ത കാറ്റ്. ഉരുളന്‍ കല്ലുകളുള്ള മലഞ്ചെരിവുകളിലൂടെ മഞ്ഞുവീണ് തനഞ്ഞ നടവഴിയിലൂടെ താഴെ ഡാമിന്‍െറ തീരത്തിനടുത്തത്തെി. സൂര്യന്‍െറ കിരണങ്ങള്‍ പതിഞ്ഞതുകൊണ്ടാവാം ഇവിടത്തെ ജലാശലത്തിന് അല്‍പം തണുപ്പ് കുറവുണ്ട്. അതുകൊണ്ടുതന്നെ മേഘമല എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ആ തണുത്ത ജലാശലയത്തില്‍ ഒരു കുളിയും പാസാക്കി, മേഘമല മുരുകനെ വണങ്ങി ഞങ്ങള്‍ ആ സ്വപ്നയാത്രയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങി.

മേഘമലയിലെ പ്രധാന കേന്ദ്രങ്ങള്‍
ഹൈവേ ലേക്ക്, മണലാര്‍ ഡാം, തൂവാനം ഡാം, ഇരവങ്ങളാര്‍ ഡാം, അപ്പര്‍ മണലാര്‍ എസ്റ്റേറ്റ്, വെണ്ണിയാര്‍ ടീ എസ്റ്റേറ്റ്, വട്ടപ്പാറൈ, മഹാരാജമേട്ട്
എത്തിച്ചേരാന്‍ (ബസ് സമയം)
ചിന്നമണ്ണൂരില്‍ നിന്ന്: 4 am, 5 am, 9.30 am, 1 pm
മേഘമലയില്‍ നിന്നും ചിന്നമണ്ണൂരിലേക്ക്: 3 am, 8 am, 9 am, 3 pm, 5 pm
താമസത്തിന്
പഞ്ചായത്ത് ഗസ്റ്റ് ഹൗസ്: 09442 781 748
കോട്ടേജ്: 09894 055 554
ദൂരം
കുമിളിയില്‍ നിന്നും 75 കി.മീ.
കുട്ടിക്കാനം 122 കി.മീ
മൂന്നാര്‍ 120 കി.മീ
കോട്ടയം 184
എറണാകുളം 207
sabarivak@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
