Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഹൊഗനക്കല്‍, നമ്മുടെ...

ഹൊഗനക്കല്‍, നമ്മുടെ നയാഗ്ര !

text_fields
bookmark_border
ഹൊഗനക്കല്‍, നമ്മുടെ നയാഗ്ര !
cancel

ഓരോ ജലപാതത്തിലും ഗോപ്യമായൊരു സന്ദേശമുണ്ട്, മെയ് വഴക്കം ഉണ്ടെങ്കില്‍ പതനം നിങ്ങളെ പരിക്കേല്‍പ്പിക്കില്ല -മുഹമ്മദ് മുര്‍റത് ഇല്‍ദാന്‍ (തുര്‍ക്കി ചിന്തകന്‍)

കേട്ടറിഞ്ഞ വെള്ളച്ചാട്ടത്തിന്റെ ചിത്രം മനസിലിട്ടായിരുന്നു ഹൊഗനക്കലിലേക്കുള്ള യാത്ര. ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന ഈ ദൃശ്യവിസ്മയം തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമമാണിത്. ദലിത് വിഭാഗങ്ങള്‍ പാര്‍ക്കുന്ന പരമ്പരാഗത ഗ്രാമങ്ങളാണ് ധര്‍മപുരിയിലെ പ്രധാന പാതയില്‍ നിന്ന് മാറി സഞ്ചരിച്ചാല്‍ കാണാനാവുക. മണ്‍പാതകളോട് ചേര്‍ന്ന കുഞ്ഞു കുടിലുകള്‍. കുടിവെള്ള കുഴലിന് ചുറ്റും വിവിധ വര്‍ണങ്ങളിലുള്ള പ്ലാസ്റ്റിക് കുടങ്ങള്‍ നിരനിരയായി നിര്‍ത്തിയിരിക്കുന്നു. കുന്തിച്ചിരുന്ന് സൊറ പറയുന്ന വൃദ്ധ ജനങ്ങള്‍. നോക്കെത്താ ദൂരത്തോളം പരുത്തിയും മള്‍ബെറിയും വിളയുന്ന പാടങ്ങള്‍.
തളിപ്പറമ്പില്‍ നിന്ന് യാത്ര തുടങ്ങിയിട്ട് എട്ടു മണിക്കൂര്‍ പിന്നിട്ടു. ഉദ്ദേശം 375 കിലോമീറ്റര്‍. പിന്നീടുള്ള പാത വളരെ ദുര്‍ഘടമാണ്. വരണ്ട കാലാവസ്ഥയും കുന്നുകളും അല്ലാതെ വെള്ളത്തിന്റെ ഇരമ്പം പോലും കേള്‍ക്കാനില്ല. ഗോണികൊപ്പല്‍ സംസ്ഥാന പാത 91 ലൂടെയായിരുന്നു അതുവരെയുള്ള സഞ്ചാരം.

ഗൂഗിള്‍ മാപ്പില്‍ നോക്കിയുള്ള പരിചയം അല്ലാതെ ഞങ്ങളില്‍ ആരും റൂട്ടില്‍ മുന്‍പരിചയം ഉള്ളവരല്ല. മണ്‍പാത ഞങ്ങളെ എത്തിച്ചത് മറ്റൊരു കുന്നിന്‍ മുകളിലാണ്. അപ്പോഴേക്കും ആറുമണിയായി. വഴിചോദിക്കാന്‍ ഒരൊറ്റ മനുഷ്യ ജീവിയില്ല, നാവിഗേറ്ററില്‍ വിശ്വാസമര്‍പ്പിക്കുക എന്നത് മാത്രമായിരുന്നു പിന്നീടുള്ള പോംവഴി.

കുന്ന് ഇറങ്ങിച്ചെല്ലും തോറും റോഡ് മെച്ചപ്പെട്ടു വന്നു. ഏഴുമണിയോടെ ഞങ്ങള്‍ ഹൊഗനക്കലില്‍ എത്തിച്ചേര്‍ന്നു. ഇഷ്ടം പോലെ ലോഡ്ജുകള്‍. മൂന്നിടത്ത് കയറിയിറങ്ങി. ആദ്യം പറഞ്ഞ നിരക്കിന്റെ പകുതിക്ക് നല്ല മുറി കിട്ടി. ആഹാരത്തിന് നല്ലത് തട്ടുകടകളാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.

പുകയുന്ന പാറകള്‍ അഥവാ ഹൊഗനക്കല്‍

ഹൊഗനക്കല്‍ കന്നഡ ഭാഷയില്‍ പുകയുന്ന പാറകളാണ്. പ്രവേശ ടിക്കറ്റ് എടുത്ത് അകത്ത് കയറിയാല്‍ അനേകം നടപ്പാതകള്‍ ഒരുക്കിയിരിക്കുന്നു. വെള്ളച്ചാട്ടം നന്നായി കാണാനായി പാറക്കൂട്ടങ്ങളെ ബന്ധിപ്പിച്ച് തൂക്കുപാലം. പിന്നീടൊരു വ്യത്യസ്ത ലോകമാണ്, കുന്നിന്റെ ഉച്ചിയില്‍ പൂഴിമണല്‍. അങ്ങിങ്ങായി തലയുയര്‍ത്തി നോക്കുന്ന പാറക്കല്ലുകള്‍.
ഏതാണ്ട് 'വി' ആകൃതിയില്‍ അനേകം കിലോമീറ്റര്‍ നീളുന്ന കുന്നിന്റെ പിളര്‍പ്പ്. പശ്ചിമ ഘട്ടത്തില്‍ ബ്രഹ്മഗിരി മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന കാവേരി നദിയാണ് ഹൊഗനക്കലില്‍ പതിക്കുന്നത്. എണ്ണി നോക്കിയപ്പോള്‍ ഏതാണ്ട് മുപ്പത് കൈവഴികളായാണ് കാവേരി താഴേക്ക് പതിക്കുന്നത്. 70 അടിയോളം ഉയരത്തില്‍ നിന്നാണ് കാവേരി എടുത്തുചാടുന്നത്.

പാറക്കൂട്ടങ്ങളില്‍ പതിക്കുന്ന കാവേരി കൂട്ടുകാരിയുമൊത്ത് പൊട്ടിച്ചിരിക്കുന്ന പ്രതീതി. ചിന്നിച്ചിതറുന്ന വെള്ളം നീരാവി പോലെ മുകളിലേക്ക് ഉയരുന്നു. എങ്ങോട്ട് നോക്കിയാലും മഴവില്ലിന്റെ സാന്നിധ്യം അനുഭവപ്പെടുന്ന അപൂര്‍വ ദൃശ്യചാരുത.
വട്ടത്തോണി സഞ്ചാരം തന്നെയാണ് ഹൊഗനക്കല്‍ തൊട്ടറിയാനുള്ള വഴി.
സീസണ്‍ അനുസരിച്ച് മണിക്കൂറിന് 800 രൂപവരെയാണ് നിരക്ക്. പലപ്പോഴും വട്ടത്തോണി മറിഞ്ഞ് ജീവഹാനി ഉണ്ടായിട്ടും സുരക്ഷാ സംവിധാനങ്ങളുടെ അഭാവം പ്രകടമാണ്. എട്ടുപേരെ വരെ കയറ്റിയ തോണികള്‍ കാണാനിടയായി. ഒത്തിരിദൂരം പിന്നിട്ടപ്പോള്‍ തോണിക്കാരന്‍ വട്ടത്തോണി അതിശക്തമായി കറക്കി. 360 ഡിഗ്രി കോണില്‍, ഒരു മീനിന്റെ കണ്ണിലൂടെ എന്നപോലെ വെള്ളച്ചാട്ടത്തിന്റെ ഭംഗി ഇങ്ങനെ ആസ്വദിക്കാം.

വെള്ളം പതിക്കുന്നതിന് തൊട്ടു താഴെ വരെ തോണിയില്‍ പോകാം. വേണമെങ്കില്‍ വെള്ളച്ചാട്ടത്തിന്റെ മഴയില്‍ നനയാം. വെള്ളത്തില്‍ ഇറങ്ങാതെ ഇങ്ങനെയൊരു കാഴ്ച പ്രദാനം ചെയ്യുന്ന മറ്റൊരു ഇടമില്ലെന്ന് തോന്നുന്നു. വലിയ മരങ്ങള്‍ക്കിടയിലൂടെ കാവേരി ഒഴുകിപ്പരക്കുന്നത് കാല്പനികമായ ഭാവുകത്വമായി വായിച്ചെടുക്കാം. മരങ്ങള്‍ പൊഴിക്കുന്ന ഇലകള്‍ അലസമായി ഒഴുകിച്ചെന്ന് കാവേരിയോടൊപ്പം നദിയിലേക്ക് പതിക്കുന്നു.

നദിയില്‍ നിന്നും പിടിച്ച മത്സ്യം ചൂടാറാതെ ആസ്വദിക്കാന്‍ തീരത്ത് ഒട്ടേറെ താല്‍ക്കാലിക സൗകര്യങ്ങള്‍. അവയുടെ ലാളിത്യവും പരിസര മലിനീകരണം കുറയാന്‍ കാരണമായിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ എമ്പാടും കാണാം.

more about 'Niagara of india'
സത്യമംഗലം കാടുകള്‍ക്കിടയിലാണിത്.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യം.
മണ്‍സൂണിനു ശേഷം ആഗസ്റ്റ് മുതല്‍ മെയ് വരെയും തെരഞ്ഞെടുക്കാം.
മഴക്കാലത്ത് വട്ടത്തോണിയില്‍ കയറാനാവില്ല.
ധര്‍മപുരി ടൗണില്‍ നിന്ന് 45 കി.മീ.
ബംഗളൂരിവില്‍ നിന്ന് 180 കി.മീ.
ധര്‍മപുരിയില്‍ നിന്നും 16 കി.മീ. അകലെയുള്ള തീര്‍ഥമലൈ പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story