Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകേരളത്തിലെ ഏറ്റവും...

കേരളത്തിലെ ഏറ്റവും സുന്ദരമായ 10 ബീച്ചുകള്‍

text_fields
bookmark_border
കേരളത്തിലെ ഏറ്റവും സുന്ദരമായ 10 ബീച്ചുകള്‍
cancel

കേരളത്തിലെ ബീച്ചുകള്‍ ഇന്ത്യയിലെ മികച്ച ബീച്ചുകളില്‍പെടുന്നവയാണ്. വിനോദത്തിനും വിശ്രമത്തിനുമായി ബീച്ചില്‍ പോകുന്നവരാണ് എല്ലാവരും. സ്വന്തം നാട്ടില്‍ നമ്മള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 കടല്‍തീരങ്ങള്‍ പട്ടികപ്പെടുത്തുന്നു.

1. കോവളം ബീച്ച്
കേരളത്തിന്‍െറ അന്താരാഷ്ട്ര ബീച്ചാണ് കോവളം. ഗോവക്ക് എന്താണോ ബാഗ ബീച്ച്, അതാണ് വിനോദസഞ്ചാരികള്‍ക്ക് കോവളം. പാറക്കെട്ടുകളാല്‍ വേര്‍തിരിക്കപ്പെട്ട മൂന്ന് ബീച്ചുകളാണിവിടെ. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, സമുദ്ര ബീച്ച് എന്നിവ ഓരോന്നും വ്യത്യസ്തമാണ്. സണ്‍ബാത്തിനും നീന്തലിനും മറ്റു വിനോദങ്ങള്‍ക്കും ഇത്ര അനുയോജ്യമായി ബീച്ച് കേരളത്തിലില്ല. റിസോര്‍ട്ടുകളും കോട്ടേജുകളും ഷോപ്പിങ് കേന്ദ്രങ്ങളും ധാരാളമുണ്ട്. ബഹളങ്ങളും ജനത്തിരക്കും ആഗ്രഹിക്കുന്നില്ളെങ്കില്‍ സമുദ്ര ബീച്ചിലേക്ക് പോകാം. മറ്റു രണ്ടിടങ്ങളിലും രാത്രി വൈകുവോളം കടല്‍തീരങ്ങള്‍ സജീവമാണ്. തിരുവനന്തപുരത്തുനിന്നും 16. കി.മീ. ആണ് ദൂരം.
കോവളം ബീച്ചിനു സമീപത്താണ് പൂവാര്‍ ബീച്ച്. ഇവിടെ തിരക്ക് കുറവാണ്. വിഴിഞ്ഞത്തു നിന്നും പൂവാറിലേക്ക് ബോട്ട് സൗകര്യമുണ്ട്. ഇവിടുത്തെ കടലില്‍ നീന്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

2. വര്‍ക്കല

തീരുവനന്തപുരത്തെ മനോഹരമായ മറ്റൊരു കടല്‍തീരമാണ് വര്‍ക്കലയിലേത്. നീന്തലിനും മറ്റു വിനോദങ്ങള്‍ക്കും അനുയോജ്യമാണ്. തീരത്തെ കുന്നിന്‍ചെരുവില്‍ ഇരുന്ന് വൈകുന്നേരം ചെലവഴിക്കുന്നത് അവിസ്മരണീയമായിരിക്കും. പാപനാശം ബീച്ചെന്നും അറിയപ്പെടുന്ന ഇവിടെ 2000 വര്‍ഷം പഴക്കമുള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നു. തിരുവനന്തപുരത്തുനിന്നും 48 കി.മീ. ദൂരം.
തിരുവനന്തപുരം വിമാനത്താവളത്തിന്‍െറ സമീപത്തുള്ള പ്രശസ്തമായ മറ്റൊരു ബീച്ചാണ് ശംഖുമുഖം. കാനായി കുഞ്ഞിരാമന്‍െറ പ്രശസ്തമായ ജലകന്യക ശില്‍പവും, കുട്ടികളുടെ പാര്‍ക്കും ഇവിടെയുണ്ട്.

3. ആലപ്പുഴ ബീച്ച്

നൂറ്റാണ്ട് പഴക്കമുള്ള കടല്‍പാലവും ലൈറ്റ് ഹൗസും പ്രധാന ആകര്‍ഷണം. നിരവധി സിനിമകള്‍ ഈ ബീച്ചില്‍ ചിത്രീകരിച്ചിട്ടുണ്ട്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കി.മീ., കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്നും 5 കി.മീ.

4. മാരാരിക്കുളം ബീച്ച്
ആലപ്പുഴ ജില്ലയിലെ മറ്റൊരു പ്രശസ്ത ബീച്ചാണ് മാരാരി. തെങ്ങുകള്‍ നിറഞ്ഞ വെള്ള മണല്‍ തീരത്ത് പൊതുവെ ബഹളം കുറവാണ്. തനത് ഗ്രാമീണ ജീവിതം ഈ തീരങ്ങളില്‍ കാണാനാകും.

5. ഫോര്‍ട്ട്കൊച്ചി ബീച്ച്

കോവളം പോലെ ഫോര്‍ട്ട് കൊച്ചിയുടെ തീരങ്ങളുടെ വിശേഷങ്ങള്‍ മലയാളിക്ക് പരിചയമാണ്. കേരളത്തിന്‍െറ ആദ്യ യൂറോപ്യന്‍ ടൗണ്‍ഷിപ്പായിരുന്ന ഫോര്‍ട്ട് കൊച്ചി ഇന്ന് പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ഫോര്‍ട്ട് കൊച്ചി ബീച്ചിലേക്ക് ആഭ്യന്തര സഞ്ചാരികളും വിദേശികളും ധാരാളമായി എത്തുന്നു. നഗരം വീര്‍പ്പുമുട്ടിക്കുമ്പോള്‍ ചരിത്രസ്മാരകങ്ങള്‍ നിറഞ്ഞ ഇവിടേക്ക് വരാം. നഗരത്തില്‍ നിന്നും റോഡ് മാര്‍ഗവും ബോട്ടിലും ഫോര്‍ട്ട് കൊച്ചിയിലത്തൊം. തീരങ്ങളിലൂടെ ചുറ്റിയടിക്കാന്‍ ജെട്ടിയില്‍ നിന്നും ബോട്ടുകള്‍ വാടകക്കെടുക്കാന്‍ സൗകര്യമുണ്ട്.

6. ചെറായി

ആഴം കുറഞ്ഞ വൃത്തിയുള്ള കടല്‍ തീരമാണിത്. എറണാകുളം ജില്ലയിലെ വൈപ്പിനില്‍ സ്ഥിതി ചെയ്യുന്നു. 10 കി.മീ. ദൂരമുള്ള ഈ തീരം നീന്തലിന് അനുയോജ്യമാണ്. തീരങ്ങളിലെ റെസ്റ്റോറന്‍റുകളില്‍ രുചികരമായ കടല്‍ വിഭവങ്ങള്‍ ലഭിക്കും. കൊച്ചിയില്‍ നിന്നും 25 കി.മീ.

7. കാപ്പാട്

കേരളത്തിലെ ഏറെ ചരിത്ര പ്രാധാന്യമുള്ള കടല്‍തീരങ്ങളിലൊന്നാണ് കാപ്പാട്. കടലിലേക്കിറങ്ങി നില്‍ക്കുന്ന പാറക്കൂട്ടങ്ങളാണ് ഇവിടെ. സമീപം ചെറിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 1498ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്കോഡ ഗാമ ഇവിടെ കപ്പലിറങ്ങിയതിന്‍െറ സ്മാരകം തീരത്തുണ്ട്. അടുത്തിടെ നടത്തിയ സൗന്ദര്യവല്‍ക്കരണം ഈ തീരത്തെ കൂടുതല്‍ സുന്ദരമാക്കി. കോഴിക്കോട് ടൗണ്‍ ബീച്ചിലെ തിരക്ക് ഇഷ്ടപ്പെടാത്തവര്‍ക്ക് നഗരത്തില്‍ നിന്നും 18 കി.മീ. അകലെയുള്ള കാപ്പാട്ടേക്ക് പോകാം.

8. മുഴപ്പിലങ്ങാട്

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചാണ്. 5 കി.മീ. നീളത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചിലൂടെയുള്ള സഞ്ചാരം മറക്കാനാവാത്ത അനുഭവമായിരിക്കും. ചെറിയ ആഴമില്ലാത്ത തിരകളാണിവിടെ. കടപ്പുറത്തുനിന്നും 200 മീറ്റര്‍ അകലെ ധര്‍മ്മടം തുരുത്ത് കാണാം. സുന്ദരമായ ഈ ബീച്ചിലെ സായാഹ്നങ്ങള്‍ ജനത്തിരക്കേറിയതാണ്. തലശ്ശേരിയില്‍ നിന്നും 7 കി.മീ.

9. പയ്യാമ്പലം ബീച്ച്

കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ കടല്‍ തീരമാണ് പയ്യാമ്പലത്തേത്. സാഹസിക വിനോദങ്ങള്‍ ഒരുക്കിയിരിക്കുന്ന ബീച്ചില്‍, പാര്‍ക്കും പൂന്തോട്ടവുമെല്ലാം മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടുന്നു. ഈ കടല്‍ തീരത്തിനു സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി, കെ.ജി. മാരാര്‍, ഇ.കെ. നായനാര്‍, അഴീക്കോടന്‍ രാഘവന്‍ തുടങ്ങിയവരുടെ ശവകുടീരങ്ങള്‍. ഒരു സായാഹ്നത്തില്‍ കൂടുതല്‍ ആസ്വദിക്കാനുള്ള കാര്യങ്ങള്‍ പയ്യാമ്പലം ബീച്ചിലുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് കി.മീ. അകലെ.

10. ബേക്കല്‍ ബീച്ച്

ബേക്കല്‍ കോട്ടയുടെ മടിത്തട്ടിലെ ശാന്തമായ കടല്‍ തീരമാണിത്. തീരത്ത് നിറയം പാറക്കൂട്ടങ്ങളാണ്. നിരവധി സിനിമകളിലും ആല്‍ബങ്ങളിലും പരസ്യങ്ങളിലും സുന്ദരമായ ബേക്കല്‍ കോട്ടയും കടലും പശ്ചാത്തലമായിട്ടുണ്ട്. കാസര്‍കോട് നഗരത്തില്‍ നിന്നും 13 കി.മീ. മംഗലാപുരം വിമാനത്താവളം 53 കി.മീ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story