മൂന്നാറില്‍ ഒരു ദിനം
text_fieldsകേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനായ മൂന്നാറിനെക്കുറിച്ച് മലയാളിക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കേരളത്തില്‍ ‘സഞ്ചാരികളുടെ സ്വപ്നഭൂമി’ എന്ന വിശേഷണം ഇടുക്കി ജില്ലയിലെ മൂന്നാറിനാണ്. ഇന്ത്യന്‍ വിനോദ സഞ്ചാര ഭൂപടത്തില്‍ നിര്‍ണായക സ്ഥാനം മൂന്നാറിനുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മൂന്ന് ആറുകളുടെ സാന്നിധ്യത്തില്‍ ദേശനാമം മുന്നാര്‍ ആയി. കണ്ണിമലയാര്‍, നല്ലതണ്ണി, കുണ്ടല എന്നീ മൂന്നു പര്‍വത പ്രവാഹങ്ങളുടെ സംഗമസ്ഥലം. സമുദ്ര നിരപ്പില്‍നിന്ന് 4900 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ പ്രമുഖ സുഖവാസ കേന്ദ്രങ്ങളില്‍ ഒന്നാണ്. കണ്ണെത്തും ദൂരത്ത് തണുത്ത് വിറച്ചുനില്‍ക്കുന്ന ഓറഞ്ചും ആപ്പിളും സ്ട്രാബറിയും കൈയത്തെി പറിക്കാന്‍ മൂന്നാറിലേക്ക് ഒരു യാത്രയാണിത്.
കണ്ണന്‍ ദേവന്‍ മലനിരകള്‍ എന്നായിരുന്നു ഈ ഗിരിനിരകളുടെ പഴയ പേര്. ആദ്യകാല യൂറോപ്യന്‍ സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാന്‍ അഞ്ചനാട് എന്ന തമിഴ് താഴ്വരയിലെ ഭൂപ്രഭുവായ കണ്ണന്‍ തേവരുടെ സഹായം തേടിയിരുന്നു. അവര്‍ ഈ മലനിരകളെ കണ്ണന്‍ തേവര്‍ മലനിരകള്‍ എന്നുവിളിച്ചുപോന്നു. 1964ല്‍ ടാറ്റാ ഫിന്‍ല എന്ന കമ്പനിയുമായി ചേര്‍ന്ന് തേയില ഉല്‍പാദനത്തിലും വിപണനത്തിലേക്കും പ്രവേശിച്ചു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ തേയില വ്യവസായ സംരംഭങ്ങളിലൊന്നാണ് TATA TEA LIMITED. തേയില തോട്ടങ്ങളുടെ ഭംഗി തന്നെയാണ് മൂന്നാറിനെ മൂന്നാറാക്കി മാറ്റിയത്. പട്ടണത്തിന്‍െറ കേന്ദ്രഭാഗത്ത് കാണുന്ന TATA കമ്പനിയുടെ പ്രാദേശിക കാര്യാലയത്തില്‍ 1924 വരെ റെയില്‍വേയുടെ ടെര്‍മിനല്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് പറയുന്നത് ശരിക്കും മറ്റൊരു അത്ഭുതംതന്നെ. അക്കാലത്ത് ഉണ്ടായ ഒരു വലിയ ജലക്ഷോഭത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനും പാളങ്ങളും ഉപയോഗശൂന്യമായി.
ഉച്ചതിരിഞ്ഞ് എറണാകുളത്തുനിന്നായിരുന്നു യാത്ര തിരിച്ചത്. നഗരത്തിന്‍െറ തിരക്കുകളില്‍നിന്നൊഴിഞ്ഞ് പ്രകൃതിസൗന്ദര്യത്തിന്‍െറ മടിത്തട്ടിലെവിടെയെങ്കിലും ഒളിച്ചുകഴിയാന്‍ ആഗ്രഹിച്ചിരുന്നതുകൊണ്ടുതന്നെ മൂന്നാറില്‍നിന്നും 30 കി.മീ മാറി ടോപ് സ്റ്റേഷനില്‍ ആയിരുന്നു രാത്രിയിലെ താമസം ബുക് ചെയ്തിരുന്നത്. പൂര്‍ണ മാലിന്യ മുക്ത മേഖലയാണിവിടം. പച്ചവിരിപ്പണിഞ്ഞ തേയിലത്തോട്ടങ്ങളും മലനിരകള്‍ക്കുചുറ്റും പുകമറപോലെ വ്യാപിച്ചുകിടക്കുന്ന മഞ്ഞിന്‍െറ കുളിരും മലയിടുക്കുകളിലൂടെ വെള്ളിയരഞ്ഞാണംപോലെ ഒഴുകിയത്തെുന്ന ചെറു കാട്ടരുവികളും ഹൈറേഞ്ചിന്‍െറ കുളിര്‍മമുഴുവന്‍ ആവാഹിച്ചത്തെുന്ന തണുത്ത കാറ്റുമൊക്കെയാണെന്നെ ഹില്‍ സ്റ്റേഷന്‍െറ ആരാധകനാക്കി മാറ്റിയത്. നീണ്ട കാത്തിരിപ്പിനുശേഷമുണ്ടായ വേനല്‍മഴ യാത്രയില്‍ ഞങ്ങള്‍ക്ക് കൂട്ടുണ്ടായിരുന്നു. ആറുമണിക്ക് അടിമാലി പിന്നിടുമ്പോള്‍ സൂര്യന്‍ മലമടക്കുകളിലേക്ക് മറഞ്ഞിരുന്നു. യാത്രയുടെ മുന്നോട്ടുള്ള വഴികളില്‍ മഞ്ഞിന്‍െറ പുകമറ വ്യാപിച്ചിരുന്നു. ചുറ്റും ഇരുള്‍വന്ന് മൂടുവാന്‍ തുടങ്ങി. ഇരുട്ടിന്‍െറ മറവില്‍ മഞ്ഞ് വന്നുനിറയുന്നു.
അഗാധമായ കൊക്കകളും കുത്തനെയുള്ള മലകളും ഇരുവശങ്ങളിലുമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. താഴ്വാരങ്ങളെ മൂടുവാനുള്ള മഞ്ഞുപാളികള്‍ വഴിയോരങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നു. മഴ കൂടെ ഉള്ളതിനാല്‍ റോഡിനുകുറുകെ പലയിടങ്ങളിലും ചെറിയ നീര്‍ച്ചാലുകള്‍ പൊട്ടിമുളച്ചിരിക്കുന്നു. വെള്ളമൊലിച്ചിറങ്ങി മണ്ണ് നഷ്ടപ്പെട്ട വഴിയില്‍ ഉരുളന്‍ കല്ലുകള്‍ തെളിഞ്ഞുനില്‍ക്കുന്നു. മൂന്നാറിനോട് അടുക്കാറായപ്പോഴേക്കും മഴക്കാടുകള്‍ മാറി തേയിലത്തോട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആ രാത്രിയിലും തണുത്തതേയില നാമ്പുകളുടെ കാറ്റ് ഞങ്ങളെ വട്ടംചുറ്റിക്കൊണ്ടിരുന്നു. രാത്രി എട്ടുമണിയോടടുത്തപ്പോള്‍ മൂന്നാര്‍ ടൗണില്‍ ഭക്ഷണത്തിനായി വണ്ടിനിര്‍ത്തി. വലിയ റെസ്റ്റാറന്‍റുകളിലും ചെറിയ തട്ടുകടകളിലും ഭക്ഷണത്തിനായി വന്‍തിരക്കാണ്. ഒരു തട്ടുകടയില്‍നിന്നുള്ള ചൂടുള്ളമണം അങ്ങോട്ടേക്ക് മാടിവിളിച്ചു. കൊടുംതണുപ്പില്‍ ചൂടുള്ള ഭക്ഷണം എല്ലാവരും ആര്‍ത്തിപൂണ്ട് പതിവിലുമധികം കഴിച്ചു. യാത്രതുടര്‍ന്നു. പിന്നെ നല്ല ഡ്രൈവായിരുന്നു. തേയിലത്തോട്ടങ്ങള്‍ മാത്രമായി മുന്നോട്ടുള്ള കാഴ്ചകള്‍. രാത്രിയുടെ ഇരുട്ടിനൊപ്പം തണുപ്പും കനത്തുതുടങ്ങിയിരുന്നു. റോഡില്‍ വാഹനങ്ങള്‍ നന്നേ കുറവായിരുന്നു. ഒരുമണിക്കൂര്‍കൊണ്ട് ടോപ് സ്റ്റേഷന്‍ എത്തി. അവിടെ ഞങ്ങള്‍ക്കുള്ള താമസസൗകര്യം റെഡിയായിരുന്നു. വണ്ടിയില്‍നിന്നിറങ്ങി പരസ്പരം ആരും ഒന്നുമുരിയാടാതെ റൂമിനുള്ളിലേക്കോടി സ്വെറിനകത്തേക്ക് ചുരുണ്ടുകൂടി നിദ്രയിലേക്കാഴ്ന്നു.
രാവിലെ പരിസരം ഉണരും മുമ്പുതന്നെ കാമറയെടുത്ത് പുറത്തിറങ്ങിയിരുന്നു. മനസ്സിന് ആനന്ദം പകരുന്ന കാഴ്ചകളായിരുന്നുചുറ്റും. സൂര്യന്‍ ആകാശച്ചെരുവില്‍നിന്നും മലകയറി മുകളിലത്തെിയിട്ടില്ല. ഇലകളില്‍നിന്നിറ്റുവീഴുന്ന മഞ്ഞുതുള്ളികളെ തട്ടിത്തെറിപ്പിച്ച് ടോപ്പ് സ്റ്റേഷനിലെ വ്യൂ പോയിന്‍റിലേക്ക് മെല്ളെനടന്നു. ഒരുപാട്തവണ ഈവഴികളിലൂടെ നടന്നിട്ടുണ്ടെങ്കിലും അന്നൊന്നുമറിഞ്ഞിരുന്നില്ല ഈവഴിത്താര ഇത്രയും മനോഹരിയാണെന്ന്. കാരണം, രാവിലെ എട്ടുമണികഴിഞ്ഞാല്‍ ഇവിടെ വന്‍തിരക്കാണ്. മിക്കപ്പോഴും അതുകഴിഞ്ഞാണ് എത്താറുള്ളത്. നടക്കുന്ന വഴികളില്‍ മുഴുവന്‍ വിവിധയിനം കിളികളുടെ വ്യത്യസ്ത ആലാപന സ്ഥായികള്‍. വഴിക്കിരുവശവും തണുത്തുവിറച്ചുനില്‍ക്കുന്ന കുഞ്ഞു കടകള്‍. പാതയോരങ്ങളില്‍ കാറ്റാടി കഴകള്‍കൊണ്ട് തീര്‍ത്ത ഇരിപ്പിടങ്ങള്‍. കുറച്ച് ദൂരംകൂടി മുന്നോട്ടു നടന്നപ്പോള്‍ top station and sky tund മലക്കുള്ള ടിക്കറ്റ് കൗണ്ടറായി. പച്ചപ്പുല്ലുകള്‍ ചാഞ്ഞുകിടക്കുന്ന മലയുടെ നിറവയറിനു മുകളിലൂടെ താഴേക്കിറങ്ങി ചെല്ലണം. അവിടെയാണ് വ്യൂ പോയിന്‍റ്. പതുക്കെ കുന്നുകളോ രോന്നായി താഴേക്കിറങ്ങി. വഴിക്കിരുവശവും പച്ചപ്പട്ട് പുതപ്പിച്ച കുന്നുകളും താഴ്വരകളും മലമടക്കുകളുമാണ്. ശ്വാസത്തിലൂടെ അകത്തേക്കുകയറുന്ന നേരിയ തണുപ്പ് നടത്തത്തിനുന്മേഷം പകര്‍ന്നുകൊണ്ടിരുന്നു. കുറച്ചുദൂരംകൂടി താഴേക്കിറങ്ങി ചെന്നപ്പോള്‍ വഴി തീര്‍ന്നു. കമ്പുകള്‍കൊണ്ട് വേലി തീര്‍ത്തിരിക്കുന്നു. ഇനിയങ്ങോട്ട് ഭൂമിയില്ല. ആകാശവും മേഘങ്ങളും മാത്രം. ഇതാണ് ടോപ് സ്റ്റേഷന്‍ വ്യൂ പോയന്‍റ്.
ഞങ്ങളവിടെ എത്തിയപ്പോഴേക്കും മഞ്ഞിന്‍തോട് പൊളിച്ച് സൂര്യനും എത്തി. പ്രകാശംപരത്തി ഭൂമിയെ പുളകിതയാക്കുന്ന ഈവേളയിലെ പ്രഭാതത്തിന് പ്രത്യേക സൗന്ദര്യഭാവമാണ്. പച്ചവിരിച്ച പുല്‍മേടുകള്‍, കണ്ണെത്താ ദൂരത്തോളം ചുറ്റും കരിനില മലകള്‍. മലകളില്‍നിന്നു മലകളിലേക്ക് മേഘങ്ങള്‍ പാലം തീര്‍ക്കുന്നു. ആയിരം കണ്ണുകളുണ്ടായാലും കണ്ട് കൊതിതീരാത്ത കാഴ്ചകള്‍. മൂന്നുവശവും അഗാധമായ ഗര്‍ത്തങ്ങള്‍. കാല്‍വഴുതിയാല്‍ അങ്ങുതാഴെ പാതാളത്തിലേക്കു ചെല്ലാം. നയനമനോഹര കാഴ്ചകളൊക്കെ മനസ്സില്‍ ആവാഹിച്ചെടുത്തു കുന്നുകള്‍ തിരിച്ചുകയറി. അടഞ്ഞുകിടന്ന ചെറിയ കടകളെല്ലാം തുറന്നിരുന്നു. വഴിയില്‍ പലയിടത്തും സവാരിക്കായി കുതിരകളുമത്തെിക്കഴിഞ്ഞിരുന്നു. ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണമാണ് കുതിരസവാരി.
ഇനി യാത്ര കേരളത്തിന്‍െറ വെജിറ്റബ്ള്‍ വില്ളേജായ വട്ടവടയിലേക്കാണ്. ഇവിടെനിന്നും എട്ട് കി.മീ ആണ് വട്ടവടക്ക്. മൂന്നാറില്‍ വരുന്ന സഞ്ചാരികള്‍ മിക്കവാറും ടോപ്പ് സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചു മടങ്ങാറാണ് പതിവ്. റോഡിനിരുവശവും കാടാണ്. ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍, നല്ല അടുക്കും ചിട്ടയോടുമാണ് നില്‍പ്.
റോഡിന്‍െറ വശങ്ങളില്‍ പൊഴിഞ്ഞ ഇലകള്‍ പൂക്കളം തീര്‍ത്തിരിക്കുന്ന വര്‍ണശഭളമായ കാഴ്ച. ദൈവത്തിന്‍െറ സ്വന്തംനാട്. ശരിയാണ്. ഇത്രയും പ്രകൃതിസൗന്ദര്യം ദൈവം അറിഞ്ഞുതന്നെയാണ് തന്നിരിക്കുന്നത്. കാഴ്ചകളൊക്കെ കാമറയില്‍ പകര്‍ത്തി, വട്ടവട എത്തി. ചുറ്റും മലനിരകള്‍, അതില്‍ തട്ടുതട്ടായി പലതരം കൃഷികള്‍. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, സ്ട്രോബെറി, സബര്‍ജീല്‍, മരത്തക്കാളി തുടങ്ങിയ ഒട്ടനവധി കൃഷിയിടങ്ങള്‍ കണ്ണെത്താദൂരം തട്ടുതട്ടായി കിടക്കുന്നു. ചില മലനിരകള്‍ കൃഷിക്കു തയാറെടുക്കുന്നതെയുള്ളൂ. ഇവിടെനിന്നും ഫ്രെഷ് വെളിറ്റബ്ള്‍സ്, വൈന്‍, ജാം എന്നിവ വിലകുറച്ചു വാങ്ങാം.
ഇനി കോട്ടകമ്പൂരിമലക്കാണ് പോകേണ്ടത്. ഇത്രയുംനേരം തേയിലത്തോട്ടങ്ങളും കാടുമൊക്കെ ആയിരുന്നു കൂട്ടെങ്കില്‍ ഇനിയങ്ങോട്ടതില്ല. കാരണം, ഇവിടംമുതല്‍ ചെറിയ ഗ്രാമമാണ്. റോഡിനിരുവശവും കുഞ്ഞു വീടുകള്‍. അത്യാവശ്യത്തിന് തിരക്കുണ്ട്. റോഡ് നന്നെ ചെറുതായിരിക്കുന്നു. ഒരു വണ്ടിക്കുമാത്രം പോകാവുന്ന വീതി. ഇറക്കങ്ങളും കയറ്റങ്ങളും. കിതച്ചു കിതച്ച് ഞങ്ങളുടെ വണ്ടിയും കുത്തനെയുള്ള കുന്നുകള്‍ കയറി കോട്ടകമ്പൂരില്‍ എത്തിയിരിക്കുന്നു.
മൂന്നാറില്‍നിന്നും തുടങ്ങിയ റോഡ് ഇവിടെ അവസാനിക്കുന്നു. കേരളത്തിന്‍െറ അതിര്‍ത്തിയാണ് ഇവിടം. ഇവിടെനിന്നും കൊടൈക്കനാലിലേക്ക് ട്രക്കിങ് പാതയുണ്ട്. വണ്ടിയില്‍നിന്നു പുറത്തിറങ്ങി ആവഴിയെ പതുക്കെ നടന്നുതുടങ്ങി. ചുറ്റും മലനിരകള്‍, പച്ചവിരിച്ചുതാഴ്വാരങ്ങള്‍, പുല്‍പ്രദേശങ്ങള്‍. ജീപ്പ് വരുന്ന വഴി തെളിഞ്ഞുകണ്ടു, നടപ്പാതയിലൂടെ മുന്നോട്ടുനടന്നു.
വഴിയില്‍ പലയിടങ്ങളിലും യൂക്കാലി, ഗ്രാന്‍ഡിസ് മരങ്ങള്‍ മുറിച്ചടുക്കിവെച്ചിരിക്കുന്നു. ഒരുവശം മലനിരകളും മറുവശം താഴ്വരകളുമാണ്. അങ്ങകലെ കൊടൈക്കനാല്‍ മലനിരകള്‍ കാണാം. പെട്ടെന്നാണ് ആകാഴ്ച ഞങ്ങളുടെ കണ്ണുകളിലേക്കോടിയത്തെിയത്. കോടമഞ്ഞ് പുതച്ചുനില്‍ക്കുന്ന നിരവധി ഓറഞ്ചുമരങ്ങള്‍. അതില്‍ തണുത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന ഓറഞ്ചുകളില്‍നിന്നും മഞ്ഞുതുള്ളികള്‍ ഇറ്റിറ്റ് താഴേക്കുവീഴുന്നു. ചെറിയകുട്ടികളെപ്പോലെ ഞങ്ങള്‍ ഓറഞ്ച് മരങ്ങള്‍ക്കടുത്തേക്ക് ഓടിയടുത്തു. കൈ എത്തുന്ന ശിഖരങ്ങളില്‍നിന്നെല്ലാം ഓറഞ്ചുകള്‍ പറിച്ചു.
തണുത്ത തൊലികള്‍ പൊളിച്ച് ഓരോ അല്ലിയായി രുചിച്ചു. ഓറഞ്ചിന്‍െറ നീര് ശരീരത്തിലെ ഓരോ ഞരമ്പുകള്‍വഴിയും ഓടിയിറങ്ങി മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ തണുപ്പിച്ചു. നഗരങ്ങളിലെ കടകളില്‍നിന്ന് ആയിരം ഓറഞ്ചുകള്‍ രുചിച്ചാലും ഇതിനടുത്തത്തെില്ല. ഈ യാത്രപോലും ഓറഞ്ചിന്‍െറ തേനൂറുന്നരുചി നുകരാനായിരുന്നോയെന്ന് ചിന്തിച്ചുപോയി. ആ രുചിയില്‍ മതിമറന്നുനിന്ന ഞങ്ങളെ തലേന്ന് പെയ്ത മഴയുടെ ബാക്കിപത്രമെന്നപോലെ കാര്‍മേഘങ്ങള്‍ മൂടി. ഒരു വലിയ മഴക്കുള്ള സാധ്യത. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്രയുംനല്ല ഓറഞ്ചിന്‍െറ രുചി അനുഭവിച്ചറിഞ്ഞ സന്തോഷത്തോടെ ആവലിയ മഴക്കുമുന്നെ ഞങ്ങള്‍ മടങ്ങി.
ദൂരം- മൂന്നാറില്‍ നിന്ന്
ടോപ് സ്റ്റേഷന്‍ 35കി.മീ.
വട്ടവട 42 കി.മീ.
കൊട്ടകമ്പൂര്‍ 47 കി.മീ.
താമസം
ടോപ് സ്റ്റേഷന്‍: പെരിയാര്‍ റെസിഡന്‍സി - 0486 5214195
പഴത്തോട്ടം: ക്യാമ്പ് നോഡ് റിസോര്‍ട്ട് - 0486 5214435
കുണ്ടള: നൂര്‍ ഗിരി ഫാം ഹൗസ് - 0486 5214099
ഗൈഡ്സ്
മനോഹരന്‍: 09442 783853
പ്രഭു: 09655 639582
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.