Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightThese are a few of my...

These are a few of my favorite things...

text_fields
bookmark_border
These are a few of my favorite things...
cancel

‘സൗണ്ട് ഓഫ് മ്യൂസികി’ല്‍ മരിയ നടന്നു പാടിയ വഴിയിലൂടെ പ്രിയ സംവിധായകന്‍ കമലിന്റെ സ്വപ്നസഞ്ചാരം

ജീവിതത്തിലെ രണ്ട് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ‘സ്വപ്നക്കൂട്’ എന്ന സിനിമയുടെ ചിത്രീകരണം എന്നെ സഹായിച്ചു. പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മീരാജാസ്മിന്‍, ഭാവന എന്നിവര്‍ പ്രധാന വേഷമണിഞ്ഞ ചിത്രത്തിന്റെ ഷൂട്ടിംഗ് പോണ്ടിച്ചേരിയിലും ഓസ്ട്രിയയിലെ വിയന്ന, സാല്‍സ്ബര്‍ഗ് എന്നിവിടങ്ങളിലായിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നിന്റെ ലൊക്കേഷനിലേക്കും ഏറ്റവും ഇഷ്ടപ്പെടുന്ന സംഗീതജ്ഞന്റെ ജന്‍മനഗരത്തിലേക്കുമുള്ള യാത്രക്ക് സഹായകമായത് ‘സ്വപ്നക്കൂടാ’ണ്. ലോകം ആദരിക്കുന്ന മൊസാര്‍ട്ട് ജനിച്ച സാല്‍സ്ബര്‍ഗിലും ജീവിച്ചുമരിച്ച വിയന്നയുടെ തെരുവിലേക്കും എന്നെ എത്തിച്ചത് ഈ സിനിമയാണ്. പ്രിയസിനിമയായ ‘സൗണ്ട് ഓഫ് മ്യൂസിക്’ ചിത്രീകരിച്ച സാല്‍സ്ബെര്‍ഗ് സ്വപ്നക്കൂടിന്റെയും ലൊക്കേഷനായി.

ചിത്രത്തിന്‍െറ കഥക്ക് അനുസരിച്ചാണ് പോണ്ടിച്ചേരി ലൊക്കേഷനായി തെരഞ്ഞെടുത്തത്. അവിടത്തെ മനോഹര തെരുവുകള്‍ കഥക്ക് ഏറ്റവും അനുയോജ്യമായിരുന്നു. പാട്ടുകള്‍ ചിത്രീകരിക്കുന്നതിനാണ് ആസ്ട്രിയയിലത്തെിയത്. വിയന്നയിലും സാല്‍സ്ബര്‍ഗിലും എന്നെ കാത്ത് കുറേ അദ്ഭുതങ്ങള്‍ നില്‍പുണ്ടായിരുന്നു.
സൗണ്ട് ഓഫ് മ്യൂസികിന്റെ നഗരത്തില്‍
ഓസ്ട്രിയയിലെ നാലാമത്തെ വലിയ നഗരവും സാല്‍സ്ബര്‍ഗ് സംസ്ഥാനത്തിന്റെ ആസ്ഥാനവുമാണ് സാല്‍സ്ബര്‍ഗ്. 16ാം നൂറ്റാണ്ടില്‍ ബാരോക് യുഗത്തിന്റെ ഭാഗമായി ഇറ്റലിയില്‍ ആവിര്‍ഭവിച്ച വാസ്തുവിദ്യശൈലിയായ ബാരോക് ആര്‍കിടെക്ചറിന്റെ ഏറ്റവും മനോഹര ദൃശ്യങ്ങള്‍ ഇവിടത്തെ ഓള്‍ഡ് ടൗണില്‍ കാണാം. ആല്‍പ്സിന്‍െറ വടക്ക് ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന നഗരം കൂടിയാണിത്. ഇതിലെല്ലാമുപരി, വിഖ്യാതനായ ഒരു പുത്രന്റെ പേരില്‍കൂടി ഈ നാട് അറിയപ്പെടുന്നു. Wolfgang Amadeus Mozart എന്ന മൊസാര്‍ട്ടിന്റെ ജന്മനാട്. ക്ളാസിക്കല്‍ കാലഘട്ടത്തിലെ ഈ മഹാ കമ്പോസറുടെ ജന്മഗൃഹമടക്കം ഇന്ന് ജനത്തിരക്കേറിയ ടൂറിസ്റ്റ് ഡസ്റ്റിനേഷനാണ്. പിന്നെയുള്ളതാണ് ഒരു സിനിമാക്കാരനെന്ന നിലയില്‍ എന്റെ ഹൃദയം കവര്‍ന്ന സാല്‍സ്ബര്‍ഗിന്‍െറ ചരിത്രം. കന്യാസ്ത്രീമഠത്തില്‍നിന്ന് ജീവിതത്തിന്റെ സംഗീതം തേടി മരിയ ഓടിനടന്ന കുന്നിന്‍ ചെരിവുകളും ബംഗ്ളാവിന്‍ മുറ്റവുമെല്ലാം ഞാന്‍ കണ്ടു.

സാല്‍സ്ബര്‍ഗില്‍തന്നെ സംഭവിച്ച ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി 1965ല്‍ പുറത്തിറങ്ങിയ, സൗണ്ട് ഓഫ് മ്യൂസിക്കെന്ന ക്ളാസിക്കിന്റെ ലൊക്കേഷനാണ് ഈ നഗരം. ഈ ലൊക്കേഷനുകളിലേക്ക് പ്രത്യേക ടൂര്‍ പാക്കേജ് തന്നെ ഇവിടെയുണ്ട്. ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് സൗണ്ട് ഓഫ് മ്യൂസിക്. അഞ്ച് ഓസ്കാര്‍ നേടിയ ചിത്രം നമുക്കെല്ലാം നല്‍കുന്ന അവാച്യമായ ഒരു അനുഭൂതിയില്ളേ?. മരിയ നടന്ന മഠത്തിലും തെരുവിലുമെല്ലാം അലയുമ്പോള്‍ ആ അനുഭൂതിയില്‍ ഞാന്‍ പാടി, മരിയയെപോലെ...
‘Raindrops on roses and whiskers on kittens
Bright copper kettles and warm woolen mittens
Brown paper packages tied up with strings
These are a few of my favorite things...’
ഒരത്ഭുതം
ഏറ്റവും വലിയ അത്ഭുതം വിയന്നയില്‍ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ഇവിടെ ഒരു തെരുവില്‍ രാവിലെ തന്നെ ഞങ്ങളത്തെി. ‘കറുപ്പിനഴക്, വെളുപ്പിനഴക് ’ എന്ന പാട്ടിന്‍െറ ചിത്രീകരണമായിരുന്നു ലക്ഷ്യം. താരങ്ങളെല്ലാം തയാറായി. കാമറ പൊസിഷന്‍ ക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒരാള്‍ അവിടത്തെ വീടിന് മുന്നിലിരുന്ന് പാടുന്നുണ്ട്. തെരുവിലൂടെ പോകുന്നയാളുകളെല്ലാം അയാള്‍ക്ക് പണം ഇട്ടുനല്‍കുന്നുണ്ട്. ഏതോ തെരുവു ഗായകനാണെന്നായിരുന്നു ഞങ്ങളുടെ വിചാരം. ഷോട്ടിന്‍െറ പരിധിയിലായിരുന്നു അയാള്‍. ‘കറുപ്പിനഴക്, വെളുപ്പിനഴക്’ എന്ന പാട്ടും കാതടിപ്പിക്കുന്ന സംഗീതവും ഉയര്‍ന്നു തുടങ്ങി. പെട്ടെന്നാണ് വൃദ്ധനായ ഒരു സായിപ്പ് എന്നെ സമീപിക്കുന്നത്. നിങ്ങള്‍ ഇവിടെ എന്തുചെയ്യുകയാണെന്നായിരുന്നു ചോദ്യം. സിനിമ ഷൂട്ട് ചെയ്യുകയാണെന്ന് മറുപടി പറഞ്ഞതോടെ അയാള്‍ ആ തെരുവ് ഗായകന് നേരെ വിരല്‍ചൂണ്ടി. അങ്ങോട്ട് നോക്കാനും ആ സംഗീതം ശ്രദ്ധിക്കാനും പറഞ്ഞു. നോക്കുമ്പോള്‍ ആ ഗായകന്‍ ഒരു സിംഫണി വായിക്കുകയാണ്.

ലോലതന്ത്രികളില്‍ ചാറ്റല്‍ മഴ പോലെ വീഴുന്ന ആ ശുദ്ധ സംഗീതത്തിനു മുകളിലാണ് ഞങ്ങള്‍ ‘കറുപ്പിനഴക് വെളുപ്പിനഴക്’ ചിത്രീകരിക്കുന്നത്. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് മൊസാര്‍ട്ട് താമസിച്ചിരുന്ന വീടാണ് അതെന്ന്. സാല്‍സബര്‍ഗില്‍നിന്ന് താമസംമാറ്റി വിയന്നയിലത്തെി ശിഷ്ടകാലം അദ്ദേഹം ജീവിച്ചത് ഈ തെരുവിലെ വീട്ടിലാണ്. ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള സംഗീതജ്ഞര്‍ ഒരു ഭിക്ഷ പോലെ, മൊസാര്‍ട്ട് തന്റെ സംഗീത ജീവിതം ചെലവിട്ട ആ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ തങ്ങളുടെ സംഗീതോപകരണങ്ങളില്‍ നിന്ന് മൊസാര്‍ട്ടിന്റെ സംഗീതം ഉയര്‍ത്തിക്കൊണ്ടിരിക്കും. അവരുടെ ജീവിത ഭിക്ഷക്കിടയിലാണ് ഞങ്ങള്‍ തട്ടുപൊളിപ്പന്‍ പാട്ടുമായി ആ തെരുവില്‍ നിന്നത്. തുടര്‍ന്ന് ഞങ്ങളെല്ലാവരും ആ സംഗീതം ശ്രവിച്ചു. മൊസാര്‍ട്ടിന്റെ മനോഹരമായ സിംഫണിയാണ് ആ സംഗീതകാരന്‍ വായിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ സംഗീതത്തെ ഷൂട്ടിംഗ് കൊണ്ട് ശല്യം ചെയ്യാന്‍ തോന്നിയില്ല. സംഗീതം തുടരുന്നതിനിടെ ഞങ്ങള്‍ പയ്യെ അവിടം വിട്ടു. ആ തെരുവിന്റെ തന്നേ മറ്റേ അറ്റത്തേക്ക് മാറിയാണ് ഷൂട്ടിംഗ് പര്‍ത്തിയാക്കിയത്.
സ്വപ്നക്കൂടിന്റെ ചിത്രീകരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സൗണ്ട് ഓഫ് മ്യൂസികിലൂടെ വിശ്രുതമായ സാല്‍സ്ബെര്‍ഗിലെ തെരുവുകളും പള്ളിയും മൊസാര്‍ട്ടിന്റെ കാലടികള്‍ പതിഞ്ഞ തെരുവുമെല്ലാം ഇന്നും മനസ്സില്‍ നിറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story