Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകോട്ടകളുടെ...

കോട്ടകളുടെ നാട്ടിലേക്ക്....

text_fields
bookmark_border
കോട്ടകളുടെ നാട്ടിലേക്ക്....
cancel

കാസര്‍കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച്

കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ ജില്ലയാണ് കാസര്‍കോട്. വലുതും ചെറുതുമായി നിരവധി കോട്ടകളുള്ള കാസര്‍കോട് കോട്ടകളുടെ നാട് എന്നും അറിയപ്പെടുന്നു. പന്ത്രണ്ട് നദികളുള്ള ജില്ലക്ക് 293 കി.മീ. കടല്‍തീരമുണ്ട്. ഹോസ്ദുര്‍ഗ്, കാസര്‍കോട് താലൂക്കുകള്‍ അടങ്ങിയ ജില്ലയിലൂടെ ദേശീയപാത 17 കടന്ന് പോകുന്നു. കാസര്‍കോട്ടെ മിക്ക സ്ഥലങ്ങളും സഞ്ചാരികള്‍ കേട്ടറിഞ്ഞ് ഇവിടെയെത്തി പരിചതിമാകാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്. കോട്ടകളുടെ കോട്ടയായ ബേക്കല്‍ കോട്ടയും, കായലിന്റെ സൗന്ദര്യം നുകരാനും ഹൗസ്ബോട്ടുകളില്‍ തങ്ങാനും വലിയപറമ്പ് കായലും പ്രകൃതിയെ അറിയാനും ട്രെക്കിങിനും റാണിപുരം-കോട്ടഞ്ചേരി ഹില്‍സ്റ്റേഷനുകളും ആത്മീയ യാത്രകള്‍ക്കായി ബേള പള്ളി-അനന്തപുരം ക്ഷേത്രം-മാലിക്ദിനാര്‍ പള്ളിയും സഞ്ചാരികളെ വിളിക്കുകയാണ്. സപ്തഭാഷാ സംഗമ ഭൂമിയിലെത്തുന്ന സഞ്ചാരിയുടെ ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചുള്ള ചെറുവിവരണം വായിക്കാം.

ബേക്കല്‍ കോട്ട
കാസര്‍കോട്ടെത്തുന്ന ഏതൊരു സഞ്ചാരിക്കും ബേക്കല്‍ കോട്ട സന്ദര്‍ശിക്കാതെ മടങ്ങാനാവില്ല. 35 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന കോട്ടയും തൊട്ടുമുന്നിലെ അറബിക്കടലും ഇവിടെയെത്തുന്നവരുടെ മനം കവരുന്നു. 1645നും 1660നും ഇടയില്‍ ശിവപ്പ നായ്ക്ക് നിര്‍മിച്ചതാണ് ബേക്കല്‍ കോട്ട എന്ന് കരുതപ്പെടുന്നു. 1763ല്‍ ഹൈദരാലി കോട്ട കീഴടക്കി. ഹൈദരാലിക്കു ശേഷം ടിപ്പു സുല്‍ത്താന്‍ ബേക്കല്‍ കോട്ടയെ പ്രധാന സൈനിക·താവളമാക്കി. 1792ല്‍ കോട്ടയും സമീപപ്രദേശങ്ങളും ബ്രിട്ടീഷുകാര്‍ കൈയ്യടക്കി.
കോട്ടയുടെ സമീപം ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച മുസ്ലിം പള്ളിയും പ്രവേശ കവാടത്തില്‍ തന്നെ ഒരു ആഞ്ജനേയ ക്ഷേത്രവുമുണ്ട്. നിരീക്ഷണ ഗോപുരവും ആയുധപ്പുരയും ഒട്ടേറെ തുരങ്കങ്ങളും കോട്ടക്കകത്തുണ്ട്. കേന്ദ്ര ആര്‍ക്കിയോളജി ഡിപാര്‍ട്മെന്‍റാണ് ബേക്കല്‍ കോട്ട സംരക്ഷിക്കുന്നത്. കോട്ടയില്‍ നിന്നും നേരെ അറബിക്കടലിലേക്കിറങ്ങിച്ചെല്ലാം. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് സന്ദര്‍ശന സമയം.

ബേക്കല്‍ കോട്ടയുടെ തെക്ക് വശത്താണ് ആകര്‍ഷകമായി ഒരുക്കിയിരിക്കുന്ന ബേക്കല്‍ ബീച്ച് പാര്‍ക്ക്. 10 ഏക്കര്‍ പ്രദേശത്ത് പരന്നുകിടക്കുന്ന പാര്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപേലെ ആസ്വദിക്കാനും വിശ്രമിക്കാനും ദിവസം മുഴുവന്‍ ചെലവിടാനും പര്യാപ്തമാണ്. പാര്‍ക്കില്‍ കുതിര സവാരിക്കുള്ള സൗകര്യമുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് പ്രവേശം അനുവദിച്ചിരിക്കുന്നത്.

കാഞ്ഞങ്ങാട്ടു നിന്നും 12 കിലോമീറ്ററും കാസര്‍കോട്ടു നിന്നും 16 കിലോമീറ്ററുമാണ് ബേക്കല്‍ കോട്ടയിലേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരം വിമാനത്താവളമാണ് (50 കി.മീ).

ചന്ദ്രഗിരിക്കോട്ട
ബേക്കല്‍ കോട്ടയില്‍ നിന്നും 10 കി.മീ. അകലെയാണ് ചന്ദ്രഗിരിക്കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചന്ദ്രഗിരിക്കോട്ടക്ക് ഏഴ് ഏക്കറോളം വിസ്തൃതിയുണ്ട്. കോട്ടയുടെ പലഭാഗങ്ങളും ഇപ്പോള്‍ തകര്‍ന്നിട്ടുണ്ട്. കോട്ടയുടെ മുകളില്‍ നിന്നുള്ള ചന്ദ്രഗിരിപ്പുഴയുടെയും അറബിക്കടലിന്റെയും കാഴ്ച മനോഹരമാണ്. ജില്ലയിലെ ഏറ്റവും നീളമുള്ള നദിയാണ് ചന്ദ്രഗിരിപ്പുഴ. പുഴയില്‍ ബോട്ടിങിന് സൗകര്യമുണ്ട്. കാസര്‍കോട് ടൗണില്‍ നിന്നും മൂന്നു കി.മീ. മാത്രമേയുള്ളൂ ചന്ദ്രഗിരിക്കോട്ടയിലേക്ക്.

വലിയപറമ്പ് കായല്‍

കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായലാണിത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മുതല്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരം വരെ ഈ കായല്‍ വ്യാപിച്ചു കിടക്കുന്നു. ഉത്തരകേരളത്തിലെ വേമ്പനാട് എന്നും അറിയപ്പെടുന്ന വിലയപറമ്പ് കായല്‍ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളു. ചെറിയ ദ്വീപ് സമൂഹങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ്. ദ്വീപുകളില്‍ ഏറ്റവും വലുതാണ് വലിയപറമ്പ്. നാലു നദികളാണ് വലിയപറമ്പ് കായലില്‍ ചേരുന്നത്. കവ്വായിക്കായലിലെത്തിയാല്‍ ദൂരെ നാവിക ഏഴിമല അക്കാദമി കാണാം. കായലിലെ സവാരിക്കായി ഹൗസ് ബോട്ടുകളും ചെറിയ ബോട്ടുകളും തോണികളും ലഭ്യമാണ്. ദിവസം മുഴുവനും തങ്ങാവുന്ന വിവിധ പാക്കേജുകള്‍ ഹൗസ്ബോട്ടുകള്‍ നല്‍കുന്നുണ്ട്. കായലിലെ സായാഹ്ന യാത്ര മറക്കാനാവാത്ത അനുഭവമാണ്.

കാസര്‍കോട് ഭാഗത്തു നിന്നും വരുന്നവര്‍ കാളിക്കടവില്‍ ഇറങ്ങി ആയിട്ടി ബോട്ട് ജെട്ടിയിലെത്തിയാല്‍ വലിയപറമ്പിലേക്കുള്ള ബോട്ട് കിട്ടും. കണ്ണൂര്‍ ഭാഗത്തു നിന്നും വരുന്നവര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത കൊറ്റി ബോട്ട് ജെട്ടിയിലെത്തിയാല്‍ വലിയപറമ്പിലേക്ക് ബോട്ട് കിട്ടും.

റാണിപുരം ഹില്‍ സ്റ്റേഷന്‍
കാസര്‍കോട്ടെ ഊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് റാണിപുരം. മാടത്തുമല എന്നാണ് പഴയ പേര്. മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളും നിറഞ്ഞ മലമ്പ്രദേശമായ റാണിപുരം സമുദ്രനിരപ്പില്‍നിന്നും 750 മീറ്റര്‍ (2,460 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. റാണിപുരത്തെ മാനിമല കാസര്‍കോട്ടെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ്. ട്രെക്കിങിന് മാനിമലയേക്കാള്‍ മികച്ച സ്ഥലം ജില്ലയില്‍ ഇല്ല. ട്രെക്കിങിന് പ്രധാനമായും രണ്ട് പാതകള്‍ വനത്തിലൂടെയുണ്ട്, മിക്കപ്പോഴും ആനയിറങ്ങുന്ന പാതകളാണിത്. റാണിപുരത്തു നിന്നും മാനിമലയിലേക്കുള്ള ട്രെക്കിങ് ഏകദേശം ഒന്നര മണിക്കൂര്‍ നീളും. ഈ പാതകളിലെ പ്രകൃതി സൗന്ദര്യം അനുഭവിച്ചറിയേണ്ടതാണ്.

പക്ഷിനിരീക്ഷകര്‍ ധാരാളമായി റാണിപുരത്ത് എത്താറുണ്ട്. 200ല്‍ അധികം ഗണത്തില്‍പെട്ട പക്ഷികള്‍ റാണിപുരം മലകളിലുണ്ട്. രാജവെമ്പാല, മൂര്‍ഖന്‍, അണലി തുടങ്ങിയ ഉരഗങ്ങളും ഇവിടെയുണ്ട്. താഴ്വരകളുടെയും പുല്‍മേടുകളുടെയും മലമുകളില്‍ നിന്നുള്ള കാഴ്ച സുന്ദരമാണ്. റാണിപുരത്ത് ട്രെക്കിങിന് ആഗ്രഹിക്കുന്നുവെങ്കില്‍ ഒക്ടോബര്‍-മാര്‍ച്ച് മാസമാണ് ഏറ്റവും അനുയോജ്യം. പശ്ചിമഘട്ട മലനിരകളിലൊന്നായ റാണിപുരം ഹില്‍സ് പനത്തടി റിസര്‍വ് ഫോറസ്റ്റിന്‍െറ ഭാഗമാണ്. കര്‍ണാടകത്തിലെ തലക്കാവേരി വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന റാണിപുരം മലയില്‍ നിന്നുള്ള കുടക് മലകളുടെ കാഴ്ച മനോഹരമാണ്.
ഹോസ്ദുര്‍ഗ് താലൂക്കിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം. കാഞ്ഞങ്ങാട്-പാണത്തൂര്‍ റോഡില്‍ പനത്തടിയില്‍ നിന്നും 10 കി.മീ ആണ് റാണിപുരത്തേക്ക് ദൂരം. കാഞ്ഞങ്ങാട് ടൗണില്‍ നിന്നും പനത്തടിയില്‍ നിന്നും റാണിപുരത്തേക്ക് ബസ്, ജീപ്പ് സര്‍വീസുകള്‍ ലഭ്യമാണ്. കാസര്‍കോട് നഗരത്തില്‍ നിന്നും 50 കി.മീ ആണ് ദൂരം. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ കാഞ്ഞങ്ങാട് (45 കി.മീ.). കാസര്‍കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ടൂറിസ്റ്റ് കോട്ടേജുകളില്‍ താമസ സൗകര്യമുണ്ട് (ഫോണ്‍: +91 4994 256450).

കോട്ടഞ്ചേരി ഹില്‍സ്
കാസര്‍കോട് ജില്ലയിലെ കൊന്നക്കാടിനു സമീപമുള്ള പശ്ചിമഘട്ട മലനിരകളാണ് കോട്ടഞ്ചേരി ഹില്‍സ് എന്നറിയപ്പെടുന്നത്. കാഞ്ഞങ്ങാടു നിന്നും 30 കി.മീ വടക്കു കിഴക്കുള്ള മലയോര പട്ടണമാണ് കൊന്നക്കാട്. കോട്ടഞ്ചേരി മല, കൂമ്പന്‍ മല, പന്ന്യാര്‍ മല, കാന്തന്‍ പാറ തുടങ്ങിയവയാണ് കോട്ടഞ്ചേരിയിലെ ആകര്‍ഷണങ്ങള്‍. സാഹസിക ട്രെക്കിങിന് ജില്ലയിലെ അനുയോജ്യമായ സ്ഥലമാണിവ. കൂമ്പന്‍ മലയില്‍ നിന്നും കുടക് മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാം. മരങ്ങള്‍ തീരെ കുറഞ്ഞ പുല്ലുകള്‍ നിറഞ്ഞ പ്രദേശമാണ് പന്ന്യാര്‍ മല. കൊന്നാക്കാട്ടു നിന്നും എട്ടു കി.മീ ദൂരം മല കയറേണ്ടതുണ്ട്. ട്രെക്കിങിന് ഗാര്‍ഡ് കൂടെയില്ലെങ്കില്‍ യാത്ര ദുഷ്കരമാകും. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മാലോം പട്ടണത്തില്‍ നിന്നും കൊന്നക്കാട്ടേക്ക് മൂന്ന് കി.മീ. ദൂരമേയുള്ളൂ. കോട്ടഞ്ചേരി കാട്ടിലൂടെ 15 കി.മീ. സാഹസികമായി സഞ്ചരിച്ചാല്‍ കര്‍ണാടകയിലെ തലക്കാവേരിയിലെത്താം.

പൊസഡിഗുംപെ
മനോഹരമായ കുന്നിന്‍പുറമാണ് പൊസഡിഗുംപെ. സമുദ്രനിരപ്പില്‍ നിന്നും 488 മീറ്ററോളം (1600 അടി) ഉയരത്തിലാണ് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ കുന്നിന്‍പുറം. ഇവിടെനിന്നും നോക്കിയാല്‍ കര്‍ണാടകത്തിലെ പ്രശസ്ത ഹില്‍സ്റ്റേഷനായ കുദ്രെമുഖും മംഗലാപുരത്തിനടുത്ത് അറബിക്കടലും കാണാം. കര്‍ണാടകയോട് അടുത്തുകിടക്കുന്ന ഈ കുന്നിന്‍പുറം പൈവളിഗെ പഞ്ചായത്തിലെ ധര്‍മ്മത്തട്കയിലാണ്. കാസര്‍കോട് നിന്നും സീതാംഗോളി-പുത്തിഗെ റൂട്ടിലൂടെ 34 കി.മീ. ആണ് പൊസഡിഗുംപെയിലേക്കുള്ള ദൂരം.

മാലിക് ദീനാര്‍ പള്ളി
ഇസ്ലാമിന്റെ സന്ദേശവുമായി കേരളത്തിലെത്തിയ മാലിക് ദീനാറും 22 അനുയായികളും ആദ്യമായി നിര്‍മ്മിച്ച പള്ളികളിലൊന്നാണിത്. മാലിക് ദീനാര്‍ പള്ളി എന്നറിയപ്പെടുന്ന തളങ്കര മാലിക് ദിനാര്‍ വലിയ ജുമാഅത്ത് പള്ളി സ്ഥാപിതമായിട്ട് 1412 വര്‍ഷം കഴിഞ്ഞു.

ചരിത്രപ്രാധാന്യമുള്ള മസ്ജിദ് സന്ദര്‍ശിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരാണ് എത്തുന്നത്. കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് മസ്ജിദ്.

അനന്തപുരം തടാക ക്ഷേത്രം
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം ക്ഷേത്രം. ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രവും തടാകവും രണ്ടര ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം സംരക്ഷിക്കുന്നതിനായി തടാകത്തില്‍ ഒരു മുതലയുണ്ടെന്നാണ് വിശ്വാസം. മുതലക്ക് എല്ലാ ദിവസവും നിവേദ്യ ഊട്ടുണ്ട്.

ജാതിഭേദമില്ലാതെ നിരവധി സഞ്ചാരികള്‍ അനന്തപുരം ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നു. കാസര്‍കോട് നിന്നും ഉളിയത്തടുക്ക വഴി 10 കി.മീ. ആണ് അനന്തപുരം ക്ഷേത്രത്തിലേക്കുള്ള ദൂരം. കുംബ്ള ടൗണില്‍ നിന്നും നാലു കി.മീ. ദൂരം.

ബേള പള്ളി
കാസര്‍കോട് ജില്ലയിലെ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയമാണ് ബേള പള്ളി. 200 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ദേവാലയം പണിതിരിക്കുന്നത് ഗോഥിക് ശൈലിയിലാണ്. പള്ളിയിലെ ഭൂമിക്കടിയില്‍ ചതുരാകൃതിയിലുള്ള തുരങ്കം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കുമ്പള-ബദിയടുക്ക റോഡില്‍ സീതാംഗളിയിലാണ് ബേള പള്ളി. കാസര്‍കോട് നിന്നും 17 കി.മീ.

നിത്യാനന്ദാശ്രമം
നിത്യാനന്ദ സ്വാമി സ്ഥാപിച്ച നിത്യാനന്ദാശ്രമം കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും പടിഞ്ഞാറ് ഒരു കി.മീ മാത്രം അകലെയാണ്. ഒരു പാറ തുരന്നുണ്ടാക്കിയ 43 ഗുഹകളാണ് പ്രശസ്ത ധ്യാനകേന്ദ്രം കൂടിയായ ഈ ആശ്രമത്തിന്റെ പ്രത്യേകത. നേരത്തെ വനപ്രദേശമായിരുന്ന ഇവിടെ 1923-1927 വര്‍ഷങ്ങളിലാണ് നിത്യാനന്ദ സ്വാമിയും ശിഷ്യരും 43 ഗുഹകള്‍ നിര്‍മ്മിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം പാറയുടെ മുകളില്‍ ആശ്രമം നിര്‍മ്മിച്ചു. പാറക്കുള്ളിലെ 43 ഗുഹകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. തണുപ്പ് കാലത്ത് ഗുഹകള്‍ക്കുള്ളില്‍ ഇളം ചൂടും, ചൂടു കാലത്ത് ഗുഹകളില്‍ തണുപ്പും അനുഭവപ്പെടുന്നു. ഗുഹകളില്‍ ഇരുന്ന് ഭക്തര്‍ക്ക് ധ്യാനിക്കാം. മിക്ക ഗുഹകളിലും കനത്ത ഇരുട്ടാണ്. 2006ല്‍ ഗുഹകള്‍ അറ്റകുറ്റപ്പണി നടത്തുകയുണ്ടായി.
ആശ്രമം സന്ദര്‍ശിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ ദിവസവും അന്നദാനമുണ്ട്. നിത്യാനന്ദ സ്വമികളുടെ പഞ്ചലോഹത്തില്‍ തീര്‍ത്ത പ്രതിമ ഇവിടെയുണ്ട്. വര്‍ഷംതോറും നടത്തുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് എത്താറ്. കാസര്‍കോട് നഗരത്തില്‍ നിന്നും 27 കി.മീ. ആണ് കാഞ്ഞങ്ങാട്ടേക്കുള്ള ദൂരം.

ജൈനക്ഷേത്രം
12ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന ജൈനക്ഷേത്രം മഞ്ചേശ്വരം ടൗണില്‍ നിന്നും രണ്ടു കി.മീ. അകലെയുള്ള ഹൊസങ്കടിയിലാണ്. വലിയ മതിലിനകത്തെ ക്ഷേത്രത്തിന് നാലു വശത്തും പ്രവേശ കവാടമുണ്ട്. ഏതാനും ജൈനമതസ്ഥര്‍ ഈ പ്രദേശത്ത് താമസിക്കുന്നു. കാസര്‍കോട് ടൗണില്‍ നിന്നും 30 കി.മീ. അകലെയാണ് മഞ്ചേശ്വരം. ഹൊസങ്കടിയില്‍ നിന്നും മൂന്ന് കി.മീ. ആണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

കാപ്പില്‍ ബീച്ച്

ബേക്കല്‍ കോട്ടയില്‍ നിന്നും കേവലം ഏഴ് കി.മീ മാത്രം അകലെയാണ് കാപ്പില്‍ ബീച്ച്. ബേക്കല്‍ കോട്ട സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ക്ക് കാപ്പില്‍ ബീച്ചിലേക്ക് വരാം. അധികം ജനത്തിരക്കില്ലാതെ കാണപ്പെടുന്ന ശാന്ത സുന്ദരമായ ബീച്ചില്‍ ആഴം കുറഞ്ഞ കടലാണ്. ബീച്ചിന്റെും അറബിക്കടലിന്റെും പനോരമ വ്യൂ കിട്ടാന്‍ സമീപമുള്ള കോടിക്കുന്ന് കയറുക. കോടിക്കുന്നില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്.

വീരമലക്കുന്ന്
കാസര്‍കോട് നഗരത്തില്‍ നിന്നും 58 കി.മീ. അകലെയുള്ള ചെറുവത്തൂരിലാണ് വീരമല. വിശാലമായി കുന്നില്‍ ഒരു സായാഹ്നം ചെലവിടുന്നത് ആനന്ദകരമായിരിക്കും. വീരമല കയറിയാല്‍ കരിയങ്ങോട് പുഴ കാണാം. 18ാം നൂറ്റാണ്ടില്‍ പണിത ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങള്‍ കുന്നിലുണ്ട്. ദേശീയപാത 17ലെ ചെറുവത്തൂരിലേക്ക് നീലേശ്വരത്തു നിന്നും 12 കി.മീ. ആണ് ദൂരം. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വീരമലക്കുന്നിലേക്ക് രണ്ട് കി.മീ. മാത്രം.

കാഞ്ഞങ്ങാട് കോട്ട എന്നും അറിയപ്പെടുന്ന ഹോസ്ദുര്‍ഗ് കോട്ട, പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള നീലേശ്വരം കൊട്ടാരം, കുംബള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന മായിപ്പാടി കൊട്ടാരം, ചെമ്പ് പാളികളുടെ മേല്‍ക്കൂരയും കൊത്തളങ്ങളും ഉള്‍പ്പെട്ട മികച്ച വാസ്തുവിദ്യയുമായി സ്ഥിതിചെയ്യുന്ന മധുവാഹിനിപ്പുഴയുടെ തീരത്തെ മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം, ചുവര്‍ചിത്രങ്ങളും തടിയില്‍ തീര്‍ത്ത ശില്‍പങ്ങളും നിറഞ്ഞ പ്രാചീനമായ മഡിയന്‍ കുലോം ക്ഷേത്രം, കരയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ കടല്‍പ്പരപ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാണ്ഡ്യന്‍ കല്ല്.... വിനോദസഞ്ചാര രംഗത്ത് കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കാസര്‍കോട് ജില്ലയിലെ കാഴ്ചകള്‍ അനവധിയാണ്.

Contact
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍
ഫോണ്‍: +91 4994 256450
ഇ-മെയില്‍: info@dtpckasaragod.com
വെബ്സൈറ്റ്: www.dtpckasaragod.com

ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍
ഫോണ്‍: ++91 4672272007
ബേക്കല്‍ തണല്‍ വിശ്രമ കേന്ദ്രം
ഫോണ്‍: ++91 4672272900,
ഇ-മെയില്‍: brdc@sancharnet.in
വെബ്സൈറ്റ്: www.bekal.org

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story