മണിരത്നം സംവിധാനം ചെയ്ത ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന സിനിമ കണ്ടത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അതിലെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന രംഗം അമുദ എന്ന കുട്ടി തന്റെ അമ്മയെത്തേടി രാമേശ്വരത്തെ മണ്ഡപം അഭയാര്‍ഥി ക്യാമ്പിലേക്ക് പോകുന്നതാണ്. സന്ധ്യയുടെ ഇളം ചുവപ്പുവെളിച്ചത്തില്‍ പാമ്പന്‍ പാലത്തിലൂടെ പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്ന ബസ്. ആ ഷോട്ട് കഴിഞ്ഞാലുടന്‍ മണ്ഡപത്തേക്ക് കാമറ ചലിക്കുമെന്ന് ഞാന്‍ മോഹിച്ചു. വെറുതെ. കാമറയുടെ കണ്ണുകള്‍ പ്രധാനകഥാതന്തുവിലേക്ക് തിരിഞ്ഞെങ്കിലും എന്റെ മനസ് മണ്ഡപത്തുനിന്നും പോരാന്‍ കൂട്ടാക്കിയില്ല. അതായിരുന്നു രാമേശ്വരത്തെ മണ്ഡപം എന്ന സ്ഥലത്തേക്ക് പോകാനുള്ള എന്റെ ആഗ്രഹത്തിന് തുടക്കമിട്ടത്. ഇപ്പോഴും ശ്രീലങ്കയില്‍ നിന്നുമുള്ള തമിഴ് അഭയാര്‍ഥികള്‍ എത്തിച്ചേരുന്ന പ്രധാന അഭയാര്‍ഥി ക്യാമ്പാണ് മണ്ഡപത്തിലേത്. മണ്ഡപത്തു നിന്നും ആരംഭിക്കുന്ന കടലിനുമുകളിലൂടെയുള്ള പാമ്പന്‍പാലം രാമേശ്വരം എന്ന ദ്വീപിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യയിലെ ചതുര്‍ധാമങ്ങളിലൊന്നായ രാമേശ്വരമെന്ന ടെമ്പിള്‍ ടൗണ്‍, ധനുഷ്ക്കോടി എന്ന പ്രേതനഗരം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രത്യേകതകളൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത അഭയാര്‍ഥികളുടെ കേന്ദ്രം മാത്രമാണ് മണ്ഡപം. എന്നിട്ടും ഞാനതിന്‍െറ അനാഥത്വത്തില്‍ ആകൃഷ്ടയായി.
യാത്രകള്‍ ആകസ്മികതകളുടെ ഒരു ഭണ്ഡാരമാണ്. മുന്‍കൂട്ടി തയ്യാറാക്കിവച്ച അനുഭവങ്ങള്‍ക്കപ്പുറത്ത് നമ്മെ രസിപ്പിക്കുക ഓരോ യാത്രയും കാത്തുവക്കുന്ന യാദൃശ്ചികതകളായിരിക്കും. ഒരേ സ്ഥലത്തേക്കു തന്നെയുള്ള യാത്രകള്‍ ഓരോ പ്രാവശ്യവും വ്യത്യസ്ത അനുഭൂതികളായിരിക്കും പകര്‍ന്നു തരിക. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെയാണ് ഒരു ദിവസം ഞാനും വിധു വിന്‍സന്‍റും കൂടി രാമേശ്വരത്തേക്ക് യാത്ര പുറപ്പെട്ടത്. ഗുരുവായൂര്‍ എക്സ്പ്രസില്‍ കയറി മധുരൈയില്‍ ഇറങ്ങി രാമേശ്വരത്തേക്ക് പോകാനാണ് ടിക്കറ്റെടുത്തതെങ്കിലും തിരുനെല്‍വേലിയത്തെിയപ്പോള്‍ മനസ്സു പറഞ്ഞു അവിടെയിറങ്ങാന്‍. തൂത്തുക്കുടി, രാമനാഥപുരം വഴി ബസിലായി പിന്നീടുള്ള യാത്ര. തമിഴ്നാടിന്റെ ഉള്‍നാടുകളിലൂടെയുള്ള കുലുങ്ങികുലുങ്ങിയുള്ള ബസ്യാത്ര ശരിക്കും ഒരു ശിക്ഷ തന്നെയായിരുന്നു. വൈകീട്ട് ഏകദേശം നാലുമണിയായപ്പോഴാണ് രാമേശ്വരത്തത്തെിയത്. താമസിക്കേണ്ടതെവിടെയെന്ന് വലിയ നിശ്ചയമില്ലാതിരുന്നതുകൊണ്ട് കടലിനോട് ചേര്‍ന്ന് അമ്പലത്തിനോട് അഭിമുഖമായി നില്‍ക്കുന്ന ഡിടിഡിസിയിലത്തെി. സിംഗിള്‍ റൂമിന് ഒരു ദിവസത്തെ വാടക ആയിരത്തിഅഞ്ഞൂറുരൂപ. മാത്രമല്ല, രാവിലെ എട്ടുമണിക്ക് മുറി ഒഴിഞ്ഞുകൊടുക്കുകയും വേണം. അന്നത്തെ സാമ്പത്തികസ്ഥിതിയില്‍കൊണ്ട് അത്രയും പൈസ താങ്ങാന്‍ ആവുമായിരുന്നില്ല. മുഷിഞ്ഞു തളര്‍ന്ന വേഷവും കനമുള്ള ബാഗുമായി ഞങ്ങള്‍ തെരുവിലേക്കിറങ്ങി, ചെലവുകുറഞ്ഞ ഹോട്ടലന്വേഷിച്ചുകൊണ്ട്. അവസാനം 450 രൂപ ദിവസവാടകയുള്ള കടലിന്റെ വാടയുള്ള ഒരു കുടുസുമുറിയില്‍ അഭയം തേടി.

രാമേശ്വരത്തെ മീന്‍പിടിത്തക്കാര്‍ കടലില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു സ്റ്റോറി മനസ്സിലുണ്ടായിരുന്നതുകൊണ്ട് മുക്കുവരുടെ സംഘടനയുടെ സെക്രട്ടറിയായ അരുളിനെയാണ് ആദ്യം കാണാന്‍ ശ്രമിച്ചത്. കുറേക്കഴിഞ്ഞ് അമ്പലത്തിലേക്കു തിരിച്ചപ്പോഴേക്കും രാത്രിയായിരുന്നു. ശാന്തമായിരുന്നു അമ്പലം.പിതൃക്കള്‍ക്ക് രാമേശ്വരത്തുവച്ച് ശ്രാദ്ധമൂട്ടാന്‍ കഴിയുന്നത് വലിയ പുണ്യമായാണ് ഹിന്ദുക്കള്‍ കരുതിപ്പോരുന്നത്. ശ്രീരാമന്‍ ദശരഥന് ഇവിടെവച്ച് ശ്രാദ്ധമൂട്ടിയുണ്ടെന്ന് കരുതപ്പെടുന്നു. വലിയ ഗോപുരവും 1000 തൂണുകളുള്ള പ്രശസ്തമായ ഇടനാഴിയും കടന്ന് കടല്‍തീരത്തേക്കു നടന്നു. കോവിലിന്റെ പടിഞ്ഞാറേഗോപുരത്തിനടുുള്ള കടലിലേക്ക് ഇറങ്ങാന്‍ കെട്ടിയിട്ട കല്‍പ്പടവുകളെ ഓളങ്ങളെപോലെ തഴുകുന്ന തിരമാലകള്‍. സാക്ഷാല്‍ ശ്രീരാമന് ലങ്കയിലേക്ക് വഴിയൊരുക്കാന്‍വേണ്ടി സ്വയം മെരുങ്ങിയൊതുങ്ങിയ കടല്‍. പുറമേക്ക് ഒരു കായല്‍പോലെ കിടക്കുന്ന കടലിനെ പെണ്‍കടലെന്നാണ് ഇവിടത്തുകാര്‍ വിളിക്കുന്നത്. കടലിലേക്ക് ഇറങ്ങാനായി കെട്ടിയിട്ട കല്‍പ്പടവുകള്‍. ആദ്യമായാണ് കല്‍പ്പടവുകളിറങ്ങി ചെല്ലാന്‍ കഴിയുന്ന ശാന്തമായ കടല്‍ കാണുന്നത്. കുറേനേരം കല്‍പ്പടവുകളിലിരുന്നു. ചുറ്റും ആരുമില്ല. പതുക്കെ ആ പടവുകളില്‍ കിടന്നുകൊണ്ട് ആകാശത്തേക്ക് നോക്കി. ചന്ദ്രന്‍ കടലില്‍ നിന്നും ആകാശത്തേക്കു ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കടലില്‍ നിന്നും വരുന്ന കാറ്റ്. എവിടെനിന്നോ കേള്‍ക്കുന്ന സംഗീതം.അവിടെനിന്നും എഴുന്നേറ്റുപോകാന്‍ മനസ്സ് സമ്മതിച്ചില്ല. ഇരുട്ടിനു കട്ടി കൂടികൂടി വരികയാണ്. കുറേക്കഴിഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു റൂമിലേക്കു തിരിച്ചു.

ആറരക്ക് ധനുഷ്ക്കോടിയിലേക്ക് യാത്ര തിരിക്കേണ്ടതുകൊണ്ട് പിറ്റേന്ന് രാവിലെ അഞ്ചുമണിക്കുതന്നെ ഞാന്‍ രാമേശ്വരം അമ്പലത്തിലേക്ക് പുറപ്പെട്ടു. തലേന്നത്തെ മനോഹരമായിരുന്ന കടല്‍ത്തീരമായിരുന്നു സുഖകരമായ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി സ്വപ്നാടനത്തിലെന്നപോലെ എന്നെ അങ്ങോട്ടത്തെിച്ചത്. കടല്‍ത്തീരത്ത് പുണ്യതീര്‍ഥത്തില്‍ മുങ്ങുന്നതിന്‍െറയും ശ്രാദ്ധമൂട്ടുന്നതിന്റെയും തിരക്കുകള്‍. മന്ത്രജപങ്ങളുടെ ആരവം.ബഹളമുണ്ടാക്കുന്ന വലിയ ഒരാള്‍ക്കൂട്ടം. തലേന്നു കണ്ട ശാന്തസുന്ദരമായ അതേ സ്ഥലം തന്നെയാണോ ഇതെന്ന് ഞാന്‍ അതിശയിച്ചു. അധികസമയം അവിടെ കഴിച്ചുകൂട്ടാന്‍ തോന്നിയില്ല. പെട്ടെന്നുതന്നെ ഹോട്ടലിലേക്ക് ചെന്ന് വിധുവിനേയും കൂട്ടി ധനുഷ്ക്കോടിയിലേക്ക് തിരിച്ചു.
രാമേശ്വരം എന്ന ദ്വീപിന്റെ കിഴക്കേയറ്റത്താണ് ധനുഷ്ക്കോടി എന്ന മുനമ്പ്. രാമേശ്വരത്തു നിന്നും ഏകദേശം 8 കലോമീറ്റര്‍ ദൂരം റോഡിലൂടെ ബസില്‍ സഞ്ചരിക്കാം. പിന്നീട് മണലിലൂടെയാണ് യാത്ര. അതിനു പറ്റുന്ന ട്രക്കില്‍ മാത്രമേ അങ്ങോട്ടു യാത്ര ചെയ്യാനാവൂ. ചക്രങ്ങള്‍ പതിഞ്ഞ് പതിഞ്ഞ് ചാലുകള്‍ ആയിത്തീര്‍ന്ന വഴിയിലൂടെ ഞങ്ങള്‍ രണ്ടുപേരും മറ്റു 12 യാത്രക്കാരുമായി ട്രക്ക് കുലുങ്ങികുലുങ്ങി നീങ്ങി. രണ്ടു കടലുകള്‍ക്കു നടുവില്‍ ചുട്ടുപഴുത്തു കിടക്കുന്ന മണല്‍ക്കാട്. വടക്കുഭാഗത്ത് ശാന്തയായ ബംഗാള്‍ ഉള്‍ക്കടലും, തെക്കുഭാഗത്ത് ഇന്ത്യന്‍ മഹാസമുദ്രവും. മുനമ്പിലേക്കുള്ള യാത്രയില്‍ തമിഴ്നാട്ടില്‍ സുലഭമായി കണ്ടുവരുന്ന മുള്‍ച്ചെടികളുടെ പച്ചപ്പു പോലുമില്ല. ആകെ ഒരു നരച്ച നിറം. ഫോട്ടോകളിലും ചില സിനിമാഗാനരംഗങ്ങളിലും പ്രത്യക്ഷപ്പെട്ട ധനുഷ്ക്കോടിയുടെ ദൃശ്യഭംഗി എന്നെ ഒട്ടും മോഹിപ്പിച്ചില്ല. ഇവിടെ നിന്നും ഏകദേശം പതിനെട്ട് കിലോമീറ്റര്‍ മാത്രമാണ് ശ്രീലങ്കയിലേക്കുള്ള ദൂരം. സേതുബന്ധനത്തിനായി രാമന്‍ തന്റെ വില്ലിന്റെ മുനകൊണ്ട് അടയാളപ്പെടുത്തിയ ഭൂവിഭാഗമായതുകൊണ്ടാണ് ഈ സ്ഥലത്തിന് ധനുഷ്ക്കോടി എന്ന പേരുണ്ടായത്. ഐതിഹ്യവും ചരിത്രവും എന്തുതന്നെയായാലും ഇന്ന് ഇതൊരു പാഴ്മരുപ്രദേശമാണ്. വോട്ടുബാങ്കില്ലാത്തതിനാല്‍ രാഷ്ട്രീയക്കാരാല്‍ പോലും ഉപേക്ഷിക്കപ്പെട്ട മണലാരണ്യം.

1964വരെ ധനുഷ്ക്കോടി ദക്ഷിണേന്ത്യയിലെ പ്രൗഢഗംഭീരമായ ഒരു പട്ടണമായിരുന്നു. രാമേശ്വരമെന്ന തീര്‍ഥാടനനഗരത്തേക്കാള്‍ പ്രാധാന്യമുള്ളത്. ബ്രിട്ടീഷുകാരുടെ കോളനിയായ ശ്രീലങ്കയിലെ ചായത്തോട്ടങ്ങളിലേക്കാവശ്യമുള്ള തൊഴിലാളികളെ കപ്പലില്‍ കയറ്റിയയച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. തുറമുഖം, റെയില്‍വേസ്റ്റേഷന്‍, ആശുപത്രി, സ്കൂള്‍ എല്ലാമുള്ള തിരക്കേറിയ പട്ടണം. 1964 ജനുവരി 26ന് രാത്രി എട്ടരയുടെ പാമ്പന്‍-ധനുഷ്ക്കോടി പാസഞ്ചര്‍ ട്രെയിന്‍ ധനുഷ്ക്കോടിയില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് വീശിയടിച്ച കൊടുങ്കാറ്റില്‍ ആ തീവണ്ടിയോടൊപ്പം ഒരു നഗരം മുഴുവന്‍ നാമാവശേഷമായി. 110 യാത്രക്കാരും 5 ജീവനക്കാരുമായി സഞ്ചരിച്ച ആ തീവണ്ടി അപ്രത്യക്ഷമായി. പള്ളി, ആശുപത്രി, പോസ്റ്റോഫീസ്, റെയില്‍വെ സ്റ്റേഷന്‍, തുറമുഖം, കപ്പലുകള്‍, വീടുകള്‍ മറ്റു കെട്ടിടങ്ങള്‍ ഒന്നിനേയും ദുരന്തം ബാക്കിവച്ചില്ല. ആയിരത്തിലധികം മനുഷ്യര്‍ മരിച്ചു എന്നാണ് ഔദ്യോഗികണക്ക്. ശ്രീലങ്കയില്‍ നിന്നും നിത്യേന ആള്‍ക്കാര്‍ വന്നുപോകുന്ന ഇടമായതിനാല്‍ യഥാര്‍ഥത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെത്രയെന്ന് കണക്കാക്കാനായില്ല. ആ ദുരന്തത്തിനുശേഷം ആ നഗരം ഒരിക്കലും പൂര്‍വരൂപം പ്രാപിച്ചില്ല
1964ല്‍ ധനുഷ്ക്കോടിയില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തായിരുന്നു എന്നു പറയാന്‍ ആരും അവശേഷിച്ചില്ല. സുനാമിയുടേതിന് സമാനമായ ദുരന്തമായിരിക്കാമെന്ന് ചിലര്‍ അനുമാനിക്കുന്നുണ്ടെങ്കിലും മേല്‍ക്കൂരയില്ലാത്ത, ജനലുകളും വാതിലുകളുമില്ലാത്ത കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങള്‍ ചൂണ്ടിക്കാട്ടി അതൊരു കൊടുങ്കാറ്റായിരുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. തകര്‍ന്ന പള്ളിയുടെയും വീടുകളുടെയും അസ്ഥികൂടത്തിനരികെ ചിപ്പികളും മുത്തുകളും കൊണ്ടുതീര്‍ത്ത കരകൗശലവസ്തുക്കളുമായി ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന കുറച്ചു കൂരകളും അതിലെ വിരലിലെണ്ണാവുന്ന മനുഷ്യരും മാത്രമുണ്ട് ഇപ്പോള്‍ ധനുഷ്ക്കോടിയില്‍ മനുഷ്യരായി. മണലില്‍ പുതഞ്ഞുപോയ റെയില്‍വെ ട്രാക്ക്, റെയില്‍വെ സ്റ്റേഷന്റെ അവശിഷ്ടങ്ങള്‍, എന്നിവയോടൊപ്പം നഷ്ടപ്രതാപത്തിന്റെ കഥ പറയാനെന്ന പോലെ കരിങ്കല്ലുകൊണ്ടു തീര്‍ത്ത ഒരു ജലസംഭരണിയും തലയുയര്‍ത്തിനില്‍ക്കുന്നു. ഉച്ചവെയിലില്‍ കത്തിനിന്ന ആരപതനഗരത്തില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതിയെന്നായി എനിക്ക്.
ഹോട്ടലിലെ താമസം ദുഷ്ക്കരമായിരുന്നു. അതു മനസ്സിലാക്കിയിട്ടാവണം അരുള്‍ അയാളുടെ വീട്ടിലേക്ക് ഞങ്ങളെ ക്ഷണിച്ചു. ഭാര്യയും നാലു മക്കളും അമ്മയുമുള്ള കൊച്ചുകൂരയിലേക്ക് ഞങ്ങളെക്കൂടി വിളിച്ച അദ്ദേഹത്തിന്റെ ഉദാരതയെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല. രാമേശ്വരത്തുനിന്നും പോകുന്നതുവരെ അരുള്‍ ഞങ്ങള്‍ക്കുവേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊണ്ടിരുന്നു.
ന്യൂസ്സ്റ്റോറിക്കുവേണ്ടി അലയുന്നതിനിടക്ക് കണ്ടുമുട്ടിയ പ്രമുഖരോടെല്ലാം മണ്ഡപം അഭയാര്‍ഥിക്യാമ്പിനകത്തേക്ക് പോകുന്നതിന് സഹായിക്കാന്‍ കഴിയുമോ എന്നന്വേഷിച്ചു. ഒന്നും ഫലം കണ്ടില്ല. ക്യാമ്പില്‍ നിന്നോ ക്യാമ്പിലേക്കോ ഉള്ള അന്യരുടെ പ്രവേശം കര്‍ശനമായും തടയപ്പെട്ടിരുന്നു. എല്‍.ടി.ടി.ഇ എന്ന പ്രസ്ഥാനത്തെ നശിപ്പിച്ചതിനു ശേഷവും സ്വന്തം നാടുപോലുമില്ലാത്ത ഈ അഭയാര്‍ഥികളെ അധികൃതര്‍ ഭയക്കുന്നതെന്തിന്? എല്‍.ടി.ടി.ഇ എന്ന പ്രസ്ഥാനത്തെ വേരോടെ പിഴുതു എന്ന അവകാശവാദങ്ങള്‍ക്കിടെ ഇന്നും രാമേശ്വരത്തുനിന്നും കടലില്‍ പോകുന്ന മുക്കുവര്‍ എല്‍.ടി.ടി.ഇയുടെ പേരില്‍ ശ്രീലങ്കന്‍ നേവിയില്‍ നിന്നും പീഡനം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണെന്നവര്‍ പറയുന്നു.
അവസാനം യാത്ര തിരിക്കേണ്ട ദിവസമത്തെി. എനിക്ക് ആവുമായിരുന്നില്ല മണ്ഡപം ക്യാമ്പില്‍ പോകാതെ മടങ്ങാന്‍. അവസാനദിവസം ഞങ്ങള്‍ രണ്ടും കല്‍പിച്ച് മണ്ഡപത്ത് ബസ്സിറങ്ങി. ബസ്റ്റോപില്‍ നിന്നും അമ്പതുമീറ്റര്‍ കാണും ക്യാമ്പിലേക്കുള്ള ദൂരം. ആ റോഡാണ് മണ്ഡപം മാര്‍ക്കറ്റ് എന്നറിയപ്പെടുന്നത്. തിരക്കുള്ള തെരുവാണത്. ഉണക്കമീനും തേങ്ങയും പച്ചക്കറിയും നിലത്തിരുന്നു വില്‍ക്കുന്ന സ്ത്രീകളും പുരുഷന്‍മാരും. ഒന്നു രണ്ടു പച്ചക്കറിക്കടകള്‍, ടെലിഫോണ്‍ ബൂത്തുകള്‍, സി.ഡി ഷോപ്പുകള്‍ തീര്‍ന്നു മാര്‍ക്കറ്റിന്റെ പ്രൗഢി. അഭയാര്‍ഥിസ്ത്രീകളേയും നാട്ടുകാരേയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ എളുപ്പമാണ്. മാക്സി പോലെ ഒരു വേഷമാണ് ശ്രീലങ്കക്കാര്‍ ധരിക്കുന്നത്. കുറേ ശ്രീലങ്കന്‍ യുവാക്കളോട് സംസാരിച്ചു. നഷ്ടമായ സ്വന്തം ദേശത്തെക്കുറിച്ചും അവിടത്തെ യുദ്ധത്തെക്കുറിച്ചും അനാഥരാകുകയും ദുരന്തങ്ങള്‍ അനുഭവിക്കുന്ന തമിഴരെക്കുറിച്ചും വേവലാതി പൂണ്ടവര്‍. സ്വന്തം മണ്ണ് , അവിടത്തെ വീട് എന്നിവയെല്ലാം ഗൃഹാതുരതയോടെ തിരിച്ചുവിളിക്കുമ്പോഴും കണ്ണിലെ ഭീതി ഒളിപ്പിച്ചുവക്കാന്‍ അവര്‍ക്കാവുന്നില്ല. ആശങ്കകളല്ലാതെ മറ്റൊന്നും സ്വന്തമായി ഇല്ലാത്തവര്‍. 70 വയസ്സായ സെല്‍വം വര്‍ഷങ്ങളായി ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും കെട്ടുമരത്തില്‍ സ്ഥിരമായി യാത്ര ചെയ്യുന്നു. പാസ്പോര്‍ട്ടും വിസയുമൊന്നുമില്ലാതെ. ഇപ്പോള്‍ അധികൃതരുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തിനുവേണ്ടിയാണെന്നുപോലും അയാള്‍ക്ക് മനസ്സിലാകുന്നില്ല. ഒൗദ്യേഗിക രേഖകളില്ലാതെ യാത്ര ചെയ്യാനാവാത്തതിനാല്‍ ശ്രീലങ്കയിലുള്ള ഭാര്യയേയും മക്കളേയും കാണാന്‍ കഴിയാതെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുകയാണ് ഇയാള്‍ ഇപ്പോള്‍. പ്രായപൂര്‍ത്തിയത്തെുന്നതിനുമുന്‍പ് ആണ്‍മക്കളെ സൈന്യവും എല്‍ടിടിയും കവര്‍ന്നെടുക്കാതിരിക്കാന്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് പറഞ്ഞയക്കുന്ന ശ്രീലങ്കയിലെ അച്ഛനമ്മമാര്‍. കാണാന്‍ കഴിഞ്ഞില്ളെങ്കിലും എവിടെയെങ്കിലും മക്കള്‍ ജീവിച്ചിരിക്കുമല്ളെ്ളാ എന്ന് ആശ്വസിക്കുന്നവരുടെ കഥകള്‍. നാടും വീടും ബന്ധുക്കളുമായി സുരക്ഷിതജീവിതം നയിക്കുന്നവര്‍ക്ക് ഒരിക്കലും മനസ്സിലാകില്ല അഭയാര്‍ഥികള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ അനാഥരുടെ പൊള്ളുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍.

പത്രപ്രവര്‍ത്തകരുടെ ജാഡയുപേക്ഷിച്ച് ഞങ്ങള്‍ രണ്ടുപേരും അഭയാര്‍ഥിക്യാമ്പിന്റെ ചെക്ക്പോസ്റ്റിലത്തെി. ചോദ്യഭാവവുമായി സമീപിച്ച കാവല്‍പുരയിലെ ഉദ്യേഗസ്ഥനോട് പറഞ്ഞു. "ഞങ്ങള്‍ രാമേശ്വരത്തു തൊഴാന്‍ വന്ന ഭക്തരാണ്.കൂട്ടത്തില്‍ ക്യമ്പിനകത്തുള്ള മാതാവിന്‍െറ പള്ളിയില്‍ പ്രാര്‍ഥിക്കണമെന്ന് ആഗ്രഹിച്ചുപോയി. അകത്തേക്ക് കടത്തിവിടാമോ?" കഴിയില്ളെന്നു പറഞ്ഞെങ്കിലും തമിഴും മലയാളവും കലര്‍ത്തിയുള്ള ഞങ്ങളുടെ അപേക്ഷകള്‍ അയാളുടെ മനസ് അലിയിയിച്ചിരിക്കണം. "ഞാന്‍ സമ്മതിക്കാം, അവിടെയുള്ള പൊലിസുകാര്‍ കൂടി അനുവദിക്കുകയാണെങ്കില്‍ അകത്തേക്ക് പൊയ്ക്കൊള്ളൂ." തിരിഞ്ഞുനടക്കുമ്പോള്‍ വീണ്ടും ചോദ്യം.
"കാമറയുണ്ടോ കയ്യില്‍?" "ഉണ്ട്." ഞാന്‍ സത്യം പറഞ്ഞു. അയാളൊന്നും മിണ്ടിയില്ല. വീണ്ടും അയ്യോ പാവമെന്ന മുഖംമൂടിയണിഞ്ഞ് ഞങ്ങള്‍ പോലിസുകാര്‍ക്കരികിലത്തെി. നുണകള്‍ അതേപടി ആവര്‍ത്തിക്കപ്പെട്ടു. അരമണിക്കൂറിനകം പ്രാര്‍ഥിച്ച് തിരിച്ചുവരണമെന്ന ഉറപ്പില്‍ അനുവാദം നല്‍കപ്പെട്ടു.
ചെക്പോസ്റ്റിനു ശേഷം സ്കൂളും പോസ്റ്റ് ഓഫിസും കടന്ന് ഞങ്ങള്‍ നടന്നുതുടങ്ങി. പൊലിസിന്‍െറ മുന്‍പില്‍ നിന്നും മാറിയതും ബാഗില്‍ നിന്നും കാമറയെടുത്ത് ജീന്‍സിന്റെ പോക്കറ്റിലൊളിപ്പിച്ചു. ടാറിട്ട പ്രധാനറോഡില്‍ നിന്നും നിരനിരയായി പോകുന്ന ചെറിയ റോഡുകള്‍. അതിനിരുവശവും സ്കൂളിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ നീളത്തില്‍ കെട്ടിയിട്ട കെട്ടിടങ്ങള്‍. അതാണ് അഭയാര്‍ഥികളുടെ ക്വാര്‍ട്ടേഴ്സ്. പുറത്ത് കളിക്കുന്ന കുട്ടികള്‍. വെറുതെ സംസാരിച്ചിരിക്കുന്ന ചെറുപ്പക്കാര്‍. പലയിടത്തും പനമ്പട്ടയുടെ തണ്ട് ഉണക്കാനിട്ടിരിക്കുന്നു. വിറകിനായിരിക്കണം. വേലികളും പനമ്പട്ടത്തണ്ട് കൊണ്ടുള്ളതാണ്. ദ്വീപില്‍ ധാരാളമായി കണ്ടുവരുന്ന വൃക്ഷമാണ് പന. നേരെ പോകുന്ന റോഡിലൂടെ നടന്നാല്‍ കടല്‍ക്കരയിലത്തൊം. അങ്ങോട്ടു നടന്നുതുടങ്ങിയപ്പോള്‍ പോലിസ് മുന്നില്‍. "പള്ളിയിലേക്ക് പോകേണ്ടവഴി ഇതല്ല" വഴികാണിച്ചുതന്നതിന് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങള്‍ തിരിഞ്ഞുനടന്നു. ചെറിയ ഡിജിറ്റല്‍ കാമറയില്‍ പൊലിസുകാര്‍ കാണാതെ ദൃശ്യങ്ങള്‍ പകര്‍ത്തി. മണ്ഡപം മാര്‍ക്കറ്റില്‍ നിന്ന് പരിചയപ്പെട്ട മതിവദനന്‍ എന്ന ചെറുപ്പക്കാരനെ കണ്ടതോടെ അയാളുടെ വീട്ടിലേക്ക് കയറി. അയാളുടെ ഭാര്യ കവിതയും മകളുമുണ്ടായിരുന്നു അവിടെ. കവിതക്ക് സ്വന്തം നാടായ ശ്രീലങ്കയെക്കുറിച്ച് ഓര്‍മയില്ല. കവിതയുടെ അഭയാര്‍ഥികളായ അച്ഛനുമമ്മയും മകളെ മറ്റൊരു അഭയാര്‍ഥിക്ക് വിവാഹം ചെയ്തുകൊടുത്തിരിക്കുന്നു. ഉമ്മറവും ഒറ്റ മുറിയും അടുപ്പു കത്തിക്കുന്ന ചെറിയ അടുക്കളയും അടങ്ങുന്നതാണ് ഓരോ ക്വാര്‍ട്ടേഴ്സും. അംഗങ്ങളുടെ എണ്ണമനുസരിച്ച് ഓരോ വീടിനും സര്‍ക്കാര്‍ തീരുമാനിക്കുന്ന തുച്ഛമായ ഒരു തുകയും റേഷനും ലഭിക്കും. അതുകൊണ്ട് ജീവിക്കാന്‍ കഴിയില്ല. പുറത്തു ജോലിക്ക് പോകാന്‍ പാടില്ളെങ്കിലും അനധികൃതമായി മരപ്പണിക്കോ കൂലിപ്പണിക്കോ പോകുന്നവരാണ് ചെറുപ്പക്കാരെല്ലാം. പട്ടിണികിടക്കാതെ ജീവിക്കുക എന്നത് എല്ലാവരുടേയും അവകാശമാണല്ളോ. കവിത തന്ന തണുത്ത വെള്ളവും കുടിച്ച് ഞങ്ങള്‍ കുറച്ച് വേഗത്തില്‍ തിരിച്ചുനടന്നു. അര മണിക്കൂറിനകം പ്രാര്‍ഥിച്ചു തിരിച്ചത്തെിയ ഞങ്ങളെ കണ്ട പൊലിസുകാര്‍ക്കും സമാധാനമായി.

ഒരു കിലോമീറ്റര്‍ അകലെയുള്ള രാമേശ്വരത്തെ പവിഴപ്പുറ്റുകള്‍ കാണുകയായിരുന്നു അടുത്ത ലക്ഷ്യം. അടിവശം ഗ്ളാസ് പതിപ്പിച്ച ബോട്ടില്‍ കടലിലൂടെ കുറച്ചുദൂരം സഞ്ചരിച്ച് പവിഴപ്പുറ്റുകള്‍ കണ്ടു തിരിച്ചപ്പോഴേക്കും വൈകിയിരുന്നു. ട്രെയിനിന് സമയമാകുന്നു.
പ്രധാന സ്റ്റോപ്പല്ലാത്തതിനാല്‍ ബസുകളൊന്നും നിര്‍ത്തുന്നില്ല. ഞങ്ങളുടെ വെപ്രാളം കണ്ടിട്ടാകണം, വിറകു കയറ്റിപോകുന്ന ടെംബോ ഡ്രൈവര്‍ ഞങ്ങള്‍ക്കരികില്‍ വണ്ടി നിര്‍ത്തി. രണ്ടാമതൊന്നാലോചിക്കാന്‍ ഞങ്ങള്‍ക്കും സമയമില്ലായിരുന്നു. റെയില്‍വെസ്റ്റേഷനിലത്തെുക എന്നതാണ് പ്രധാനമെന്നതുകൊണ്ട് ടെംബോയില്‍ ഞങ്ങള്‍ കയറി. കിളി ഡ്രൈവര്‍ക്കരികിലെ സീറ്റ് ഞങ്ങള്‍ക്കൊഴിഞ്ഞുതന്ന് പുറകില്‍ കൂട്ടിയിട്ട വിറകില്‍ കയറിയിരുന്നു. ഞാനും വിധുവും ഡ്രൈവര്‍ക്കരികിലുള്ള സീറ്റില്‍ തിക്കിതിരക്കിയിരുന്നു.
കടലിനു മുകളിലുള്ള പാമ്പന്‍ പാലത്തിലൂടെ ടെംബോ പതുക്കെ നീങ്ങി. കടലിലേക്ക് സൂര്യന്‍ താഴ്ന്നുകൊണ്ടിരുന്നു. അന്ന് സിനിമയില്‍ കണ്ട അതേ ദൃശ്യം യഥാര്‍ഥജീവിതത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. വൈകുന്നേരത്തെ ഇളംചുവപ്പുനിറമുള്ള പ്രകാശത്തില്‍ എന്റെ കണ്ണുകള്‍ ഉടക്കിയപ്പോള്‍ ഞാനോര്‍ത്തത് യാദൃശ്ചിതകളെക്കുറിച്ചു മാത്രമായിരുന്നു. ജീവിതം നമുക്കുവേണ്ടി കാത്തുവക്കുന്ന മനോഹരമായ ആകസ്മികതകളെക്കുറിച്ച്...