Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഇടുക്കി, മലനിരകളുടെ...

ഇടുക്കി, മലനിരകളുടെ റാണി

text_fields
bookmark_border
ഇടുക്കി, മലനിരകളുടെ റാണി
cancel

കേരളത്തില്‍ സഞ്ചാരികളുടെ പറുദീസ ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, അത് മലനിരകളുടെ റാണിയായ ഇടുക്കി തന്നെ. പ്രകൃതി രമണീയതയുടെ ഈറ്റില്ലമായ ഇടുക്കിയില്‍ ഒരിക്കലെത്തുന്ന വിനോദസഞ്ചാരി ലോകത്തിന്റെ ഏതുകോണില്‍ പോയാലും ഈ വന സൗന്ദര്യത്തെ ആസ്വദിക്കാന്‍ വീണ്ടും മടങ്ങിവരും. അത്ര മനോഹരമാണ് ഇടുക്കിയുടെ വശ്യത. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, അണക്കെട്ടുകള്‍, ട്രെക്കിങ്, വെള്ളച്ചാട്ടങ്ങള്‍, ആനസവാരി തുടങ്ങി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതെല്ലാം ഇടുക്കിയിലുണ്ട്.

വടക്ക് തൃശൂര്‍ ജില്ല, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ല, കിഴക്ക് തമിഴ്നാട്ടിലെ മധുര ജില്ല, പടിഞ്ഞാറ് എറണാകുളം, കോട്ടയം, തെക്ക് പത്തനംതിട്ട ഇവയാണ് ജില്ലയുടെ അതിര്‍ത്തികള്‍. കുറവന്‍, കുറത്തി എന്നീ മലകള്‍ക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്.

കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഇവിടെ. 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങള്‍ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികള്‍ ഇവിടെയുണ്ട്. അവയില്‍ ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി അടിമാലിക്കടുത്തുള്ള കുട്ടമ്പുഴ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യന്നത്.

മൂന്നാര്‍ ഹില്‍ സ്റ്റേഷന്‍, ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗ സംരക്ഷണ കേന്ദ്രം, പീരുമേട്, വാഗമണ്‍ എന്നിവയാണ് ഇടുക്കി എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുക. രാമക്കല്‍മേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കല്‍, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം, തൊമ്മന്‍ കുത്ത്, നാടുകാണി വ്യൂ പോയിന്റ്‌, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്‌, ടോപ് സ്റ്റേഷന്‍, ചിന്നാറ് വന്യമൃഗസങ്കതേം, രാജമല, എന്നിങ്ങനെ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ധാരാളം സ്ഥലങ്ങള്‍ വേറെയുമുണ്ട് ജില്ലയില്‍.

മൂന്നാര്‍
സഞ്ചാരികളുടെ സ്വപ്ന ഭൂമിയെന്നാണ് മൂന്നാര്‍ അറിയപ്പെടുന്നത്. നട്ടുച്ചക്ക് പോലും കോടമഞ്ഞില്‍ കുളിച്ചാണ് മൂന്നാറിന്റെ നില്‍പ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയിലച്ചെടികള്‍, അതിനിടയിലൂടെ ഒഴുകുന്ന കൊച്ചു നീര്‍ച്ചാലുകള്‍... എത്ര വര്‍ണിച്ചാലും തീരില്ല മൂന്നാറിനെക്കുറിച്ച്. അതുകൊണ്ടായിരിക്കണം മൂന്നാറിന്റെ കുളിരുതേടി എത്തുന്നവരുടെ എണ്ണം ഓരോ ദിവസവും ഇരട്ടിയാകുന്നത്.

മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമ സ്ഥലമാണ് മൂന്നാര്‍. ഈ മൂന്നു നദികളുടെ സംഗമവേദി ആയതു കൊണ്ടാണ് മുന്നാര്‍ എന്ന പേരു വന്നത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം1600-1800 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍ സ്ഥിതിചെയ്യന്നത്. ആഗസ്റ്റ് തൊട്ട് മാര്‍ച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികള്‍ കൂടുതലെത്തുന്നത്. ഇരവികുളം നാഷനല്‍ പാര്‍ക്ക് മൂന്നാറിനടുത്താണ്.

മൂന്നാറിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍: മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്‌, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷന്‍, ആനയിറങ്ങല്‍ ഡാം.

അഞ്ചുരുളി

ഇടുക്കി ഡാമിന്റെ ആരംഭം ഇവിടെ നിന്നാണ്. ഇരട്ടയാര്‍ ഡാമില്‍ നിന്നും വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു. അഞ്ചുരുളി ഫെസ്റ്റ്‌ പ്രദേശത്തെ അറിയപ്പെടുന്ന ഒരു ആഘോഷമാണ്.

കട്ടപ്പനയില്‍ നിന്നും ഏലപ്പാറ വഴി 9 കി.മി. ദൂരം.

ആനമുടി
കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി ഇടുക്കി ജില്ലയിലാണ്. പശ്ചിമഘട്ടത്തിലെ ഏലമലകളിലാണിത്. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കായിട്ടാണ് സ്ഥാനം. 2,695 മീറ്റര്‍ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. മൂന്നാര്‍ പഞ്ചായത്തിന്റെ ഭാഗമാണിത്.

വംശനാശത്തിന്റെ വക്കിലെത്തിയ വരയാടുകള്‍ മേയുന്ന ഇരവികുളം ദേശീയോദ്യാനം ഉള്‍പ്പെടുന്ന പ്രദേശം കൂടിയാണ് ആനമുടി. സാഹസിക മലകയറ്റക്കാര്‍ക്ക് പ്രിയങ്കരമാണ് ഇവിടം. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കേരളത്തില്‍ ഇവിടെ മാത്രമുള്ള കാഴ്ചയാണ്.

തേക്കടി

തേക്കടിയില്‍ നിലവില്‍ കാണുന്ന തടാകം മുല്ലപ്പെരിയാര്‍ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. തടാകത്തിലെ ബോട്ടിങ്ങ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കാടിനുള്ളില്‍ നീലത്തടാകം, തടാകമധ്യേ ടൂറിസ്റ്റുകളുമായി ഉല്ലാസ ബോട്ടുകള്‍, ഇടക്കിടക്ക് വെള്ളം തേടിയിറങ്ങുന്ന കാട്ടുപോത്തുകളുടെ നീണ്ട നിര, ആനക്കൂട്ടങ്ങള്‍... കേള്‍ക്കാന്‍ തന്നെ ബഹുരസം അല്ലേ? എങ്കില്‍ നേരെ തേക്കടിയിലേക്ക് വരൂ.

ലോകമെങ്ങുമുള്ള ടൂറിസ്റ്റുകളുടെ പറുദീസയും വന യാത്ര കൊതിക്കുന്ന സഞ്ചാരികളുടെ ഇഷ്ട സങ്കേതവുമാണവിടം. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രമായ പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്താണ് തേക്കടി തടാകം. ഈ വന്യജീവി സംരക്ഷണകേന്ദ്രവും പെരിയാര്‍ തടാകവും തമിഴ്നാട് അതിര്‍ത്തിയിലാണ്. പെരിയാര്‍ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്ണം 777 ചതുരശ്ര കി.മീ. ആണ്. ഇതില്‍ 360 ചതുരശ്ര കി.മീ. നിത്യ ഹരിത വനമേഖലയാണ്.

ഏറ്റവും അടുത്തുള്ള പട്ടണം: കുമളി. 3 കി.മീ. അകലെ
റെയില്‍വേ സ്റ്റേഷന്‍: കോട്ടയം. ഏകദേശം 114 കി.മീ. അകലെ.


ഇലവീഴാപൂഞ്ചിറ
ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലാണ് ഇലവീഴാപൂഞ്ചിറ. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം. നാല് മലകളുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യന്ന ഇവിടെ മരങ്ങളൊന്നുമില്ലാത്തതിനാലാണ് ഈ പേര് വന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്നും മൂലമറ്റം ഭാഗത്തേക്ക് സഞ്ചരിച്ച് കൂടയത്തൂര്‍ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇലവീഴാപൂഞ്ചിറയിലെത്താം.

രാമക്കല്‍മേട്
നിശബ്ദതയെ കീറിമുറിച്ച് ഹൂങ്കാരത്തോടെ ചീറി വരുന്ന കാറ്റ് മാത്രം. തമിഴ്നാട് അതിര്‍ത്തിയിലാണ് ഐതീഹ്യമുറങ്ങുന്ന ഈ വിനോദസഞ്ചാര കേന്ദ്രം. രാമപാദ സ്പര്‍ശമേറ്റ ഭൂമിയാണിവിടം എന്നാണ് ഐതിഹ്യം.

Photo: Thulasi Kakkat

സമുദ്രനിരപ്പില്‍ നിന്നും 3630 അടി ഉയരത്തിലാണ് രാമക്കല്‍മേട്‌. അല്‍പം ത്യാഗം സഹിച്ച് മുകളിത്തെിയാല്‍ നാം അദ്ഭുതസ്തബ്ധരാകും. വരദാനമായ ഈ മലമടക്കുകളുടെ മാസ്മര ഭംഗി വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത വിധം മനോഹരമാണ്. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തികള്‍ വേര്‍തിരിച്ച് നീണ്ടുനിവര്‍ന്ന് കിടക്കുന്ന സഹ്യ പര്‍വത നിരകളിലെ ഭേദപ്പെട്ട രണ്ട് സാനുക്കളാണ് ഉയര്‍ന്ന പാറക്കൂട്ടം സ്ഥിതിചെയ്യുന്ന മേടും കുറവന്‍-കുറത്തി മലയും.

ആഞ്ഞ് വീശുന്ന കാറ്റ് നല്‍കുന്ന കുളിര്‍മ സഞ്ചാരികളുടെ മനസില്‍ എന്നും തങ്ങി നില്‍ക്കും. ഇവിടെ കാറ്റിന് മണിക്കൂറില്‍ 35 കിലോമീറ്ററാണ് വേഗം. പലപ്പോഴും ഇത് 70 കിലോമീറ്ററില്‍ അധികമാകാറുണ്ട്. പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളും പിന്നിട്ട് രാമക്കല്‍മേടിന്റെ സൗന്ദര്യം നുകരാന്‍ എത്തുന്ന സഞ്ചാരികളുശട എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.

മൂന്നാര്‍-തേക്കടി റൂട്ടില്‍ നെടുങ്കണ്ട്‌ നിന്നും 16 കിലോമീറ്റര്‍

ഉപ്പുകുന്ന് മലനിരകള്‍
മനംകുളിര്‍പ്പിക്കുന്ന കാഴ്ചകളും നോക്കത്തൊദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളും പുല്‍മേടുകളും കാനനഭംഗിയും ഉപ്പുകുന്നിനെ മനോഹരമാക്കുന്നു. തൊടുപുഴയില്‍നിന്നും 30 കിലോമീറ്റര്‍ അകലെ ഉടുമ്പന്നൂര്‍ പഞ്ചായത്തിലാണ് ഉപ്പുകുന്ന് പ്രദേശം. നിര്‍ദിഷ്ട മൂവാറ്റുപുഴ - തേനി സംസ്ഥാന ഹൈവേ ഇതിലൂടെയാണ് കടന്നുപോകുന്നത്. സമുദ്രനിരപ്പില്‍നിന്നും 3200 അടിയോളം ഉയര്‍ന്നുനില്‍ക്കുന്ന ഉപ്പുകുന്ന് കേരളത്തിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്ന് അറിയപ്പെടുന്നു.

നിരവധി ടൂറിസ്റ്റുകള്‍ ഇവിടെയെത്തി വിദൂരകാഴ്ചകള്‍ ആസ്വദിച്ച് മടങ്ങുന്നു. മൊട്ടക്കുന്നുകളും പുല്‍മേടുകളും നിറഞ്ഞ ഇടുക്കി വനാന്തരങ്ങളില്‍ കാട്ടുമൃഗങ്ങള്‍ മേയുന്നതും ഇവിടെനിന്നാല്‍ കാണാനാകും. കൂടാതെ മലങ്കരഡാം, തൊടുപുഴയാര്‍, തുമ്പിച്ചി കാല്‍വരി സമുച്ചയം തുടങ്ങി അമ്പലമുകള്‍ വരെയുള്ള ഭാഗങ്ങളും കാണാം.

ചേലകാട്, അരുവിപ്പാറ, തീരവക്കുന്ന്‌ ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഉപ്പുകുന്നില്‍നിന്നും എട്ടുകിലോമീറ്ററോളം യാത്രചെയ്താല്‍ കുളമാവ് ഡാമിലെത്താം. അരുവിപ്പാറ ആത്മഹത്യാമുനമ്പില്‍ സദാസമയവും കുളിര്‍മയേകുന്ന ഇളം തെന്നലാണ്.

തൊമ്മന്‍കുത്ത്

മഞ്ഞണിഞ്ഞ മലനിര, മനോഹരമായ പാറക്കൂട്ടം അതിനിടയിലൂടെ ഒരു സ്വപ്നം പോലെ ഒഴുകിയിറങ്ങുന്ന ഏഴുനിലകളുള്ള ഒരു വെള്ളച്ചാട്ടം... ഇതാണ് സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനായ തൊമ്മന്‍കുത്ത്. ഏഴുനില കുത്ത്, കൂവലമലക്കുത്ത്, തെക്കന്‍തോണിക്കുത്ത്, കടച്ചിയാര്‍ക്കുത്ത്, പളുങ്കന്‍കുത്ത്, തൊമ്മന്‍കുത്ത് എന്നിവയാണ് ഇതിലെ പ്രധാന കുത്തുകള്‍. കുത്തുകള്‍ എന്നാല്‍ വെള്ളച്ചാട്ടം എന്ന് എന്നാണ് അര്‍ത്ഥം.

തൊമ്മന്‍കുത്തില്‍ നിന്ന് വനത്തിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏഴുനില കുത്തിലെത്താം. പല തട്ടുകളിലായി വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ച ഏറെ ആസാദ്യകരമാണ്. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സീസണ്‍.

തൊടുപുഴ-കരിമണ്ണൂര്‍ വഴി 18 കി.മീ.
മൂവാറ്റുപുഴയില്‍ നിന്ന് പോത്താനിക്കാട്, വണ്ണപ്പുറം വഴി 35 കി.മീ.

പാഞ്ചാലിമേട്
കുട്ടിക്കാനത്തിന്റെ മനോഹാരിതയും കോടമഞ്ഞിന്റെ തണുപ്പും അഗാധമായ കൊക്കകളും നിഗൂഢതയും അനുഭവിച്ച് ചുരമിറങ്ങുന്ന സഞ്ചാരി ആദ്യമെത്തുന്നത് പാഞ്ചാലിമേട്ടിലാണ്. കുളിര്‍മഞ്ഞിന്റെ തലോടല്‍ വിരുന്നൊരുക്കുന്ന ഇടം. സമുദ്ര നിരപ്പില്‍ നിന്ന് മൂവായിരത്തി അഞ്ഞൂറ് അടിയാണ് ഉയരം.

വാഗമണ്‍

മലപ്രദേശമാണ് വാഗമണ്‍. മൊട്ടക്കുന്നുകളുടെ നാട് എന്നും അറിയപ്പെടുന്നു. ഇടുക്കി-കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ ഈരാറ്റുപേട്ടയില്‍ നിന്നും 28 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോക സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ഉള്‍പ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.

തൊടുപുഴയില്‍ നിന്നും 39 കി.മീ., പാലയില്‍ നിന്നും 33 കി.മീ., കുമിളിയില്‍ നിന്ന് 45 കി.മീ., കോട്ടയത്തു നിന്നും 65 കി.മീ.
ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി (കൊച്ചി)
റെയില്‍വേ സ്റ്റേഷന്‍: കോട്ടയം


കാല്‍വരിമൗണ്ട്
സുഖകരമായ തണുത്ത കാറ്റ് വീശുന്ന പുല്‍മേടുകള്‍. ദൂരെ ഇടുക്കി ജലാശയത്തിന്റെ മനോഹര ദൃശ്യം. ഇടുക്കിയില്‍ നിന്ന് 10 കിലോമീറ്റര്‍.

നാടുകാണി
കുളമാവ് അണക്കെട്ട്, വനഭൂമിയും കഴിഞ്ഞ സഹ്യന്റെ അടിവാരത്തേക്കുള്ള ഇറക്കം തുടങ്ങുന്നതിന്റെ തൊട്ടുമുമ്പ് നാടുകാണി. ഇവിടെ നിര്‍മിച്ചിരിക്കുന്ന പവലിയന് മുകളില്‍ കയറിയാല്‍ താഴെ വിശാലമായ ഹരിത ഭൂമിയും അതിനതിരിട്ട് കുടയത്തൂര്‍ വിന്ധ്യനും മലങ്കര ജലാശയവും കാണാം.

where to stay
തേക്കടി
പെരിയാര്‍ ഹൗസ് (K.T.D.C)- 04869 222026
ആരണ്യ നിവാസ് (K.T.D.C) - 04869 222023, 321930
ലേക്ക് പാലസ് (K.T.D.C) - 04869 223888, 223888
സ്പൈസ് വില്ലാസ് റിസോര്‍ട്ട് - 04869 222314
കാര്‍ഡമം കൗണ്ടി - 04869222806

മൂന്നാര്‍
ഗവ.ഗസ്റ്റ് ഹൗസ് മൂന്നാര്‍ - 04865 230385
ദേവികുളം ഗസ്റ്റ് ഹൗസ് - 04865 264223
ടീ കൗണ്ടി (K.T.D.C) - 04865-230460
മഹീന്ദ്ര റിസോര്‍ട്ട് ചിന്നക്കനാല്‍ - 04868 249226

പീരുമേട്
ഗവ.ഗസ്റ്റ് ഹൗസ് - 04869 232071
യാത്രി നിവാസ് - 04869 233250

കുട്ടിക്കാനം
ത്രിശങ്കു ഹെവന്‍ റിസോര്‍ട്ട് - 04869 23269394
ആഷ്ലി ബംഗ്ളാവ് - 04869 232082

വാഗമണ്‍
സമ്മര്‍ സാന്‍ഡ് റിസോര്‍ട് - 04869 248373
വാഗമണ്‍ ഹൈഡ് ഒൗട്ട് - 04869 248540

കട്ടപ്പന
ഇടുക്കി ഗവ.ഗസ്റ്റ് ഹൗസ് - 04862 233086
ഇടശേരി റിസോര്‍ട്ട് - 04868 272001
മലേരിയ റസിഡന്‍സി - 04868 273888

കുളമാവ്
ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ട് - 04862 25995484

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story