കാർഗിലിലെ ആളില്ലാ ഗ്രാമങ്ങൾ

  • കാർഗിൽ യുദ്ധത്തിൻെറ 20ാം വാർഷികത്തിൽ ഒരു കാർഗിൽ യാത്രാനുഭവം

സുനിൽകുമാർ
16:41 PM
25/07/2019
കാർഗിലിൽ കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ പതിച്ച സ്​മാരകം

കേരളത്തിൽനിന്ന്​ കശ്മീരിലേക്കുള്ള ബൈക്ക് യാത്രയിലാണ് കാർഗിൽ സന്ദർശിക്കാൻ അവസരം ലഭിച്ചത്. ലേയിൽനിന്നായിരുന്നു കാർഗിലേക്ക് യാത്ര തിരിച്ചത്‌. ലേ- ശ്രീനഗർ ദേശീയപാതയിലാണ് കാർഗിൽ. അവിടേക്ക് പോകണം എന്ന് സുഹൃത്തുക്കളോട് നിർബന്ധം പിടിക്കാൻ ഒരു കാരണംകൂടി ഉണ്ട്​.  ആ യുദ്ധത്തിനിടയിലാണ് സുഹൃത്ത് സുബേദാർ നളിനാക്ഷൻ നായർ മരണപ്പെട്ടത്.

ഇരുട്ടുന്നതിനു മുമ്പ് കാർഗിൽ സിറ്റിയിൽ എത്തണമെന്ന ലക്ഷ്യത്തോടെ, ദേശീയപാതയിലൂടെ സാമാന്യം വേഗത്തിലാണ് ബൈക്കോടിച്ചത്. രാത്രിയാത്ര അനുവദനീയമല്ല എന്ന് പട്ടാള അധികൃതർ നേരത്തേ അറിയിച്ചിരുന്നു. എന്നിട്ടും രാത്രി പത്തുമണിയായി കാർഗിലിലെത്താൻ. വിജനമായ റോഡ്, അങ്ങ് താഴെ കാർഗിൽ സിറ്റി വൈദ്യുതി വിളക്കുകളുടെ വെളിച്ചത്തിൽ കാണാം. ഹൈവേയിൽനിന്ന്​ നഗരത്തിലേക്ക്​ റോഡ് രണ്ടായി തിരിയുന്നുണ്ട്. ഞങ്ങളുടെ മുമ്പേ പോയ സഹയാത്രികരെ കാണുന്നില്ല, അവർ ഏതു വഴിക്കാണ് തിരിഞ്ഞതെന്നറിയില്ല. നേരത്തേ ബുക്ക് ചെയ്ത ദസപ്പ ​ഗസ്​റ്റ്​ഹൗസിലാണ് രാത്രി ഞങ്ങൾക്ക് തങ്ങേണ്ടത്. അവരേയും ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല. പാത പിരിയുന്നിടത്തുനിന്ന് ഒരു റോഡിലൂടെ മുന്നോട്ടു പോയി. സഹയാത്രികരെ ഫോണിൽ ബന്ധപ്പെടാനും കഴിയുന്നില്ല. കുറച്ചുദൂരം പിന്നിട്ടപ്പോൾ ബൈക്ക് നിർത്തി. ആ ഇരുട്ടിലേക്ക് അൽപസമയം കഴിഞ്ഞപ്പോൾ ഒരു വാഹനത്തി​​​െൻറ വെളിച്ചം തുളച്ചുകയറാൻ തുടങ്ങി. അടുത്തെത്തിയപ്പോൾ അതൊരു കാറാണെന്ന് മനസ്സിലായി. കൈ കാണിച്ചപ്പോൾ കാർ നിർത്തി. ഞങ്ങൾ കേരളത്തിൽ നിന്നുള്ള യാത്രക്കാരാണെന്നും ഞങ്ങൾക്ക് പോകേണ്ടതായ ​ഗസ്​റ്റ്​ ഹൗസിലേക്കുള്ള വഴി പറഞ്ഞു തരണമെന്നും പറഞ്ഞു. മുൻ സീറ്റിൽ ഡ്രൈവറെ കൂടാതെയിരിക്കുന്ന ആൾ, ഞങ്ങൾ പോകേണ്ടിയിരുന്നത് മറ്റൊരു വഴിക്കാണെന്നും ഇനി ഈ വഴിക്കു തന്നെ അവരെ പിന്തുടരാനും പറഞ്ഞു. ആ സമയത്ത് അവിടെ എത്തപ്പെട്ട ഞങ്ങൾക്ക് രണ്ടു പേർക്കും ഭയമോ ആശങ്കയോ തോന്നിയില്ല. ഒന്നുരണ്ടു കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ കാർ ഒരു വീടിനു മുന്നിൽ നിർത്തി. കാറിലുള്ളവർ പുറത്തിറങ്ങി. അപ്പോഴാണ്‌ അവരെ ഞങ്ങൾ ശരിക്കും കാണുന്നത്. രണ്ടു​ സ്ത്രീകളടക്കമുള്ള ഒരു കശ്മീരി ഫാമിലി. അവർ ഞങ്ങളെ ഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിച്ചു. സ്നേഹപൂർവം ഞങ്ങൾ ക്ഷണം നിരസിച്ചു. ഞങ്ങളുടെ സഹയാത്രികരായ സുഹൃത്തുക്കൾ ഞങ്ങളെ കാണാതെ വിഷമിക്കുന്നുണ്ടാകുമെന്നും പെട്ടെന്നുതന്നെ അവരുടെ അടുത്തെത്തണമെന്നും പറഞ്ഞ് ഞങ്ങൾ പോകാൻ തിടുക്കം കൂട്ടി. മുതിർന്ന ആൾ ഞങ്ങളെ പരിചയപ്പെട്ടതിൽ ദൈവത്തോട് നന്ദി പറഞ്ഞ് അവരുടെ കാർ ഡ്രൈവറെ കാറുമായി ഞങ്ങൾക്ക് വഴി കാണിക്കാൻ വിട്ടു. കശ്മീർ ജനതയുടെ സ്നേഹവായ്പ് പിന്നീട് യാത്രയിൽ പലയിടത്തും അനുഭവിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി.

കാർഗിലിലെ ഇന്ത്യൻ പോസ്​റ്റ്​
 

കാർ ഡ്രൈവർ എത്തിച്ച സ്ഥലത്ത് ഞങ്ങളെ കാത്ത് സഹയാത്രികരും ദസപ്പ ​െഗസ്​റ്റ്​ ഹൗസി​​​െൻറ ഉടമ അഷൻ അലിയും നിൽപുണ്ടായിരുന്നു. വാഹനങ്ങൾ താഴെ പാർക്ക് ചെയ്ത് ഒരു ബിൽഡിങ്ങി​​​െൻറ പിന്നിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ മുകളിലേക്ക് കയറിയാലാണ് ദസപ്പ ​െഗസ്​റ്റ്​ ഹൗസിലെത്തുക. ഞങ്ങളുടെ ഭാരം കൂടിയ ബാഗുകളും മറ്റും റൂമിലെത്തിക്കാൻ ഇഹ്സാൻ എന്ന പയ്യനും സഹായിച്ചു. രാത്രിയായതുകൊണ്ട് പുറംകാഴ്ചകളൊന്നും കാണാൻ പറ്റിയില്ല. എങ്ങും നിയോൺ ബൾബി​​​െൻറ മഞ്ഞ വെളിച്ചം മാത്രം.

കാർഗിലിലെ മനോജ്​ പാണ്ഡേ മ്യുസിയം
 

രണ്ടു നിലകളുള്ള ഒരു വീടാണ് ദസപ്പ ​െഗസ്​റ്റ്​ ഹൗസ്. താഴെയുള്ള വിസിറ്റിങ്​ റൂം കഴിഞ്ഞാൽ വിശാലമായ രണ്ടു മുറികൾ ഞങ്ങൾക്കായി ഒരുക്കിയിട്ടിട്ടുണ്ടായിരുന്നു. മുകളത്തെ നിലയിൽ ഉടമയും കുടുംബവും താമസിക്കുന്നുണ്ടെന്ന്‌ മനസ്സിലായി. റൂം വാടക ഒരാൾക്ക് 200 രൂപയാണ് അവർ ഈടാക്കുന്നത്. മരംകൊണ്ട് ചുമരും മച്ചുമെല്ലാം സീലിങ്​ ചെയ്ത് നിലത്ത് വർണമ​േനാഹരമായ കശ്മീരി പരവതാനി വിരിച്ച മുറികൾ. ഫർണിച്ചറുകൾ ഇല്ലെന്നുതന്നെ പറയാം. നിലത്തോട് ചേർന്ന കട്ടിലിലാണ് കിടക്കകൾ വിരിച്ചിരിക്കുന്നത്. ഒരു മണിക്കൂറിനകം തന്നെ ഞങ്ങൾ ഓർഡർ ചെയ്ത ഭക്ഷണം അവർ തയാറാക്കി തന്നു.
​ഗസ്​റ്റ്​ ഹൗസ് ഉടമ അഷാൻ അലിയും സഹായിയായ പയ്യൻ ഇഹ്സാനും കേരളത്തിലെ വിശേഷങ്ങൾ അന്വേഷിച്ചറിഞ്ഞു. കേരളത്തിലെ മതസൗഹാർദത്തെ കുറിച്ച് സുഹൃത്ത് കുറച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് വിവരിക്കുന്നുണ്ടായിരുന്നു. അതൊക്കെ ശരിയാണോ എന്ന് ഇഹ്‌സാന് സംശയം.

കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പിടിച്ചെടുത്ത പാകിസ്​ഥാൻെറ പീരങ്കി
 

പിറ്റേ ദിവസം രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ​ഗസ്​റ്റ്​ ഹൗസി​​​െൻറ ചുറ്റുപാടുമുള്ള കാഴ്ചകൾ കാണുന്നത്. കുറച്ചു ആപ്പിൾ മരങ്ങൾ അവിടേയും കാണുന്നുണ്ടായിരുന്നു. ഇടതൂർന്നു കിടക്കുന്ന മരങ്ങൾ. അപ്പുറത്ത് മഞ്ഞുരുകിയൊലിച്ചുണങ്ങിയ ഒരു മല. പ്രഭാതഭക്ഷണം കഴിച്ച് ഞങ്ങൾ ദസപ്പ ​െഗസ്​റ്റ്​ ഹൗസിൽനിന്ന്​ യാത്ര പറഞ്ഞിറങ്ങി. ബാഗുകൾ ബൈക്കിൽ കെട്ടിവെക്കാൻ ഇഹ്സാനും സഹായിച്ചു. റോഡിൽ ഞങ്ങളെത്തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ഒരു കശ്മീർ പൊലീസുകാരനെ കണ്ടു. അദ്ദേഹത്തെ പരിചയപ്പെട്ടു. കൂടെനിന്ന് ഫോട്ടോയെടുത്തു. ഗുലാം റസൂൽ എന്നായിരുന്നു അദ്ദേഹത്തി​​​െൻറ പേര്. യാത്രപറഞ്ഞ് ബൈക്കിൽ കയറാനൊരുങ്ങുമ്പോഴാണ് ഇഹ്​സാൻ അൽപം ദൂരെയുള്ള നിയന്ത്രണരേഖയെപ്പറ്റി പറഞ്ഞത്.

യുദ്ധത്തിൽ തകർന്ന കാർഗിലിലെ ഗ്രാമം
 

നിയന്ത്രണരേഖക്കപ്പുറം പാക് അധിനിവേശ കശ്മീരാണ്. നിയന്ത്രണരേഖക്കടുത്തേക്ക് പോകാൻ ഞങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഇഹ്സാൻ കൂടെ വരാമെന്നേറ്റു. ഞങ്ങൾ അഞ്ചു പേർ നിയന്ത്രണരേഖക്കടുത്തേക്ക് യാത്ര തുടർന്നു. 14 കിലോമീറ്ററോളം കുത്തനെയുള്ള കയറ്റമാണ്. ഇടുങ്ങിയ റോഡ്‌. താഴെ സുറു എന്ന നദി ഇന്ത്യയിൽ നിന്നും പാക് അധിനിവേശ കശ്മീരിലേക്ക് ഒഴുകുന്നു. കുറച്ചു കയറിക്കഴിഞ്ഞപ്പോൾ താഴെ ഇന്ത്യൻ സേനയുടെ ഹെലിപ്പാഡ് കണ്ടു. ചുറ്റും ഉയർന്നുനിൽക്കുന്ന മലനിരകൾ. അവയിലൊക്കെയും മിലിറ്ററി പോസ്​റ്റുകൾ കാണാം. കുറച്ചു ദൂരെയായി വീടുകളും പള്ളിയും. അത് പാക്​അധീന കശ്മീരാണെന്ന് ഇഹ്സാൻ പറഞ്ഞു. വളരെ സാഹസപ്പെട്ട് റോഡ് അവസാനിക്കുന്നിടത്ത് ഞങ്ങൾ എത്തി. അവിടെ ഒരു ഇന്ത്യൻ പോസ്​റ്റ്​ ഉണ്ടായിരുന്നു. വർഷത്തിൽ ഒമ്പത്​ മാസവും ഐസ് മൂടിക്കിടക്കുന്ന പർവതങ്ങളാണിവ എന്ന് ഇഹ്‌സാൻ പറഞ്ഞപ്പോൾ അവിടെ കഴിയുന്ന ജവാന്മാരെ ഓർത്തുപോയി. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ തകർന്നടിഞ്ഞ ഒരു ഗ്രാമത്തി​​​െൻറ ശേഷിപ്പുകൾ കണ്ടു. കാർഗിൽ യുദ്ധകാലത്ത് ഭീകരർ ഒളിച്ചിരുന്ന വീടുകളായിരുന്നു അവ. വെടിവെപ്പിൽ ആ വീടുകളെല്ലാം തകർന്നിരുന്നു. ആ ഗ്രാമത്തിലുള്ളവരെല്ലാം യുദ്ധകാലത്ത് എല്ലാം ഉപേക്ഷിച്ച​ു പോയവരാണ്. ഞങ്ങൾ കണ്ട ഇന്ത്യൻ പോസ്​റ്റിനു മുകളിൽ ഇനിയും പോസ്​റ്റുകൾ ഉണ്ടെന്ന് ഇഹ്സാൻ പറഞ്ഞു. അൽപസമയം അവിടെ ​ചെലവഴിച്ച ശേഷം ഞങ്ങൾ മടങ്ങി.

കാർഗിൽ സ്​മാരകത്തിൻെറ പ്രവേശന കവാടം
 

വീണ്ടും ദേശീയപാതയിലൂടെ യാത്ര. അടുത്ത ലക്ഷ്യം കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കുക എന്നതായിരുന്നു. പോകുന്ന വഴിക്കൊക്കെ ഇന്ത്യൻ സേനയുടെ പീരങ്കികൾ കാണാം. കാർഗിലിൽനിന്ന്​ ഏകദേശം 50 കി.മീ ദൂരെ ദ്രാസിലാണ് കാർഗിൽ യുദ്ധസ്മാരകം. കാർഗിൽ പോരാട്ടങ്ങൾ നടന്ന ടൈഗർഹിൽ ഈ ഭാഗത്താണ്. 1999 മേയ് മാസത്തിലാണ് ഇന്ത്യയും പാകിസ്​താനും കാർഗിൽ യുദ്ധം തുടങ്ങുന്നത്. ആട്ടിടയന്മാരായ ഗ്രാമവാസികളാണ് ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറിയ പാക് പട്ടാളക്കാരെപ്പറ്റിയുള്ള വിവരം ആദ്യം കൊടുക്കുന്നത്. ഇന്ത്യൻ സൈന്യം ആ ഭാഗത്ത് തിരച്ചിൽ നടത്തുന്നതിനിടെ അഞ്ചു സൈനികരെ പാക് പട്ടാളം വധിച്ചു. തുടർന്ന് ഇന്ത്യൻ ഭാഗത്തേക്ക് തുടർച്ചയായി ഷെല്ലിങ്​ നടത്തുകയും ഒട്ടേറെ പോസ്​റ്റുകൾ തകർക്കപ്പെടുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ സേന ശക്തമായ പ്രത്യാക്രമണം തുടങ്ങി.1999 മേയ് മൂന്നിന്​ തുടങ്ങിയ യുദ്ധം ജൂലൈ 26ന്​ അവസാനിച്ചു. ഔദ്യോഗിക കണക്കു പ്രകാരം 527 ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിക്കുകയും 1363 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ജൂലൈ 14ന് പ്രധാനമന്ത്രി ‘ഓപറേഷൻ വിജയ്’ ഇന്ത്യയുടെ വിജയമായി പ്രഖ്യാപിച്ചു. 1999 ജൂലൈ 26 കാർഗിൽ വിജയദിവസമായി അറിയപ്പെടുന്നു. 2019 ജൂലൈയിൽ കാർഗിൽ യുദ്ധം നടന്നിട്ട് 20 വർഷമാകുന്നു.

കാർഗിൽ വിജയം സൂചിപ്പിക്കുന്ന സ്​മാരകം
 

കാർഗിൽ യുദ്ധ സ്മാരകത്തിലേക്കുള്ള പ്രധാന കവാടം കടന്ന് ഉള്ളിലേക്ക് എത്തു​േമ്പാൾ മുന്നിൽ വിശാലമായ ഒരു ഉദ്യാനമാണ് ശ്രദ്ധയിൽപ്പെടുന്നത്. മധ്യത്തിലുള്ള നടപ്പാതയിലൂടെ അൽപം മുന്നോട്ടു നടക്കുമ്പോൾ ഇടതുഭാഗത്ത് ഒരു മിഗ് വിമാനവും രണ്ടു വശത്തുമായി പാക് പട്ടാളക്കാരിൽനിന്ന്​ പിടിച്ചെടുത്ത യന്ത്രത്തോക്കുകളും പ്രദർശിപ്പിച്ചിരിക്കുന്നു. കുറച്ചുകൂടി ചെന്നാൽ കെടാവിളക്ക്​ കാണാം. അതിനു പിന്നിലായി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ പേരുകൾ കൊത്തി​െവച്ച സ്മാരകശിലകൾ അർധവൃത്താകൃതിയിൽ വിന്യസിച്ചിരിക്കുന്നു. നടപ്പാത അവസാനിക്കുന്നിടത്ത് യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകൾ കൊത്തി​െവച്ച മെമോറിയൽ വാൾ. യുദ്ധത്തി​​​െൻറ 13ാം വർഷത്തിൽ സ്ഥാപിച്ച 15 കിലോയോളം ഭാരം വരുന്ന ഇന്ത്യൻ പതാക പാറുന്നത് അത്ഭുതത്തോടെ സന്ദർശകർ നോക്കിനിൽക്കുന്നത് കണ്ടു. വലതു വശത്തായി ക്യാപ്​റ്റൻ വിക്രം പാണ്ഡെയുടെ പേരിലുള്ള മ്യൂസിയം. അവിടെ യുദ്ധസമയത്ത് പത്രങ്ങളിൽ വന്ന വാർത്തകളും ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.

കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ നളിനാക്ഷൻ നായർ
 

യുദ്ധത്തിൽ ഉപയോഗിച്ച ആയുധങ്ങളുടെ മിനിയേച്ചർ രൂപങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. എല്ലാ വിവരങ്ങളും പറഞ്ഞു തരാൻ ഏതാനും സൈനിക ഉദ്യോഗസ്ഥരും അവിടെ തയാറായി നിൽപുണ്ട് . ഉദ്യാനത്തി​​​െൻറ ഏതാണ്ട് മധ്യഭാഗത്തായി ഒരു സ്​റ്റേജ് കാണാം. അവിടെ ഓരോ മണിക്കൂർ ഇടവിട്ട് സന്ദർശകർക്ക് യുദ്ധചരിത്രം വിവരിച്ചുതരാൻ ഒരു സൈനിക ഉദ്യോഗസ്ഥൻ വരും. സന്ദർശകർക്ക് രോമാഞ്ചം ഉളവാക്കുന്ന വിധത്തിലാണ് അദ്ദേഹത്തി​​​െൻറ അവതരണം. അവിടെയൊക്കെ ഞാൻ എ​​​െൻറ പ്രിയ സുഹൃത്തി​​​െൻറ ഓർമശേഷിപ്പുകൾ തിരഞ്ഞു. എന്നാൽ, അദ്ദേഹത്തി​​​െൻറ പേരോ ചിത്രമോ കണ്ടില്ല. കാർഗിൽ യുദ്ധസ്മാരകത്തിൽനിന്ന്​ ഞങ്ങൾ മടങ്ങുമ്പോൾ ഉച്ചയായിട്ടുണ്ടായിരുന്നു. വെയിലിന് നല്ല ചൂട് അനുഭവപ്പെട്ടു. വീണ്ടും ദേശീയപാതയിലൂടെ യാത്ര. അടുത്ത ലക്ഷ്യം ശ്രീനഗറാണ്. വിജനമായ റോഡിലൂടെ ഞങ്ങളുടെ ബൈക്കുകൾ സാമാന്യം വേഗത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ രണ്ടു വശത്തുമുള്ള മലനിരകളിൽനിന്നും നളിനാക്ഷൻ നായരുടെ ശബ്​ദം മുഴങ്ങുന്നതുപോലെ എനിക്കു തോന്നി.

 

Loading...
COMMENTS