ആ മഹാബലിപുര ശിൽപങ്ങളിൽ...

  • ഇന്ത്യ - ചൈന ഉച്ചകോടി നടന്ന തമിഴ്​നാട്ടിലെ മഹാബലിപുരത്ത്​ നിന്നൊരു യാത്രാവിവരണം

മഹാബലിപുരത്തെ വിശ്വപ്രസിദ്ധമായ ഷോർടെമ്പിൾ
ചെന്നൈ നഗരത്തിൽ നിന്നും 56 കി. മീറ്റർ തെക്ക്... ഈസ്റ്റ് കോസ്റ്റ് ഹൈവെയിലൂടെ മഹാബലിപുരത്തേക്ക് സഞ്ചരിച്ചത് അക്ഷരാർത്ഥത്തിൽ ബംഗാൾ സമുദ്രത്തിനൊപ്പമായിരുന്നു...  

കടൽമഞ്ഞ് പലപ്പോഴും ഹൈവേയിൽ തളം കെട്ടിനിന്നിരുന്നു...
കുറെ ദൂരം കഴിഞ്ഞപ്പോഴേക്കും വലതു ഭാഗം കായലും ഞങ്ങളോട് ചേർന്ന്​ ചിരിച്ചു കൊണ്ട്​ ഒപ്പം കൂടി... ചെന്നൈ നഗരത്തിൽ കാലുകുത്തിപ്പോഴേക്കും ഞങ്ങളുടെ ജീവിതത്തിലെ ഒരു സന്തതസഹചാരിയായ മഴയും കുട നിവർത്തി എത്തിയത് ആഹ്ലാദം തന്നെയായിരുന്നു...
മഴ ഞങ്ങളുടെ വിവാഹ ദിവസം കൂടെ കൂടിയതാണ്...
ഏതൊരു വിശേഷകാര്യത്തിന് പോയാലും മഴ ഞങ്ങൾക്കൊപ്പമുണ്ടായിരിക്കും...
ഇപ്പോൾ ആ മഴ നന്നേ കുറഞ്ഞെങ്കിലും അത് ഞങ്ങളുടെ കൂടെതന്നെയുണ്ട്...  
ചെന്നൈ എന്നു കേൾക്കുമ്പോഴെ ആദ്യം മനസ്സിലേക്ക് വരുന്നത് അവിടുത്തെ ചൂടൻ ദിനരാത്രങ്ങളാണ്​.

മഹാബലിപുരത്തെ ഷോർടെമ്പിൾ - ചിത്രം: കെ.എ. സൈഫുദ്ദീൻ
 

ചെന്നൈയിൽ നിന്നും ഒന്നര മണിക്കൂർ സഞ്ചരിച്ചു കാണണം... നൂറ്റാണ്ടുകളായി സമുദ്ര യാത്രികർക്ക് മാമല്ലപുരത്തിന്റ്റെ വെളിച്ചം കാട്ടി ദിശ പറഞ്ഞു കൊടുത്ത, കരിമ്പാറയ്ക്ക് മീതെ എഴുന്നു നില്ക്കുന്ന, മാമല്ലപുരത്തെ ആ പൗരാണിക ലൈറ്റ്ഹൗസ് ദൃശ്യമായി തുടങ്ങിയിരിക്കുന്നു...
ഇതാ... ഞങ്ങൾ മഹാബലിപുരത്ത് എത്തിയതിന്റ്റെ സൂചനകളായി പാതയോരങ്ങളിൽ ശിലയിൽ കൊത്തിയെടുത്ത വലുതും ചെറുതുമായ ശിൽപങ്ങൾ നിറഞ്ഞ കച്ചവടകേന്ദ്രങ്ങളും കണ്ടുതുടങ്ങി...
ഞാൻ കാർ നിർത്തി പുറത്തിറങ്ങി. കൗതുകത്തിനായി ഞങ്ങൾ ആ കേന്ദ്രങ്ങളിൽ കയറിയിങ്ങി. നല്ല പൂർണതയുളള ശിൽപങ്ങൾ...
ദക്ഷിണേന്ത്യയിൽ, ഭംഗിയുളള ശിൽപങ്ങൾ ഇത്ര വ്യാപകമായി കൊത്തിയെടുത്ത് ചൂടപ്പം പോലെ വിറ്റഴിക്കുന്ന കേന്ദ്രം മഹാബലിപുരമല്ലാതെ മറ്റെവിടെയുമില്ല. ചെറുതെങ്കിലും നല്ല പൂർണതയുള്ള ശിൽപങ്ങൾ...

മഹാബലിപുരത്തെ തെരുവോരത്ത്​ കരിങ്കല്ലിൽ നിന്ന്​ ശിൽപം കൊത്തിയെടുക്കുന്ന ശിൽപി - ചിത്രം: കെ.എ. സൈഫുദ്ദീൻ
 

ക്രിസ്​തു വർഷം ഒന്ന് - രണ്ട് നൂറ്റാണ്ടുകളിൽ ബംഗാൾ സമുദ്രത്തിലെ ഏറ്റവും പ്രശസ്തമായിരുന്ന തുറമുഖ നഗരമാണിത്. ആറ് - ഏഴ് നൂറ്റാണ്ടുകളിൽ കാഞ്ചീപുരം തലസ്ഥാനമാക്കിയ പല്ലവ വംശം ബംഗാൾ സാഗര തീരത്ത് 12 മീറ്റർ വരെ ഉയരമുളള ഭീമൻ ഒറ്റക്കല്ലുകളിൽ കൊത്തിയെടുത്ത ക്ഷേത്രങ്ങളും ശിൽപസമുച്ചയങ്ങളും നിറഞ്ഞ മഹാബലിപുരം അഥവാ മാമല്ലപുരം...

മഹാബലിപുരത്തെ പഞ്ചരഥങ്ങൾ - ചിത്രം: ദയാൽ കരുണാകരൻ
 

പഞ്ചരഥങ്ങളെന്ന് പുകൾപെറ്റ, യുധിഷ്ഠിര, ഭീമാർജുന, നകുല സഹദേവന്മാരുടെയും ദ്രൗപതിയുടെയും ഏക ശിലയിൽ തീർത്ത രഥങ്ങൾ...
പിന്നെയോ...? ഭഗീരഥൻ സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഒഴുക്കി കൊണ്ടു വന്ന ഗംഗയുടെ ശിൽപാവിഷ്​കാരം.
തിരുക്കടൽ മലൈ വൈഷ്ണവ ക്ഷേത്രം... വരാഹ ഗുഹാക്ഷേത്രം... സമുദ്രത്തിലേക്ക് ഇറങ്ങി നില്ക്കുന്ന ഷോർ ടെമ്പിൾ...
പിന്നെ പ്രകൃതി സ്വയം ഒരുങ്ങി നിൽക്കുന്ന കൃഷ്ണാ ബട്ടർബോൾ...
പല്ലവ സംസ്കാരം ലോകത്തിന് കാഴ്ചവച്ച ആദി ദ്രാവിഡ വാസ്തുശൈലിയുടെ മകുടോദാഹരണങ്ങളാണ് മഹാബലിപുരത്തെ പ്രധാന കാഴ്ചകൾ...

ചിത്രം : ദയാൽ കരുണാകരൻ
 

പല്ലവർക്ക് ശേഷം  ചോളന്മാർ ഈ അതിശയ നിർമിതികളെ കാത്തു സൂക്ഷിച്ചു. ഇന്ത്യയിൽനിന്ന്​ ​ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച 16 ഓളം അതിശയങ്ങളിൽ ഒന്നാണ് മഹാബലിപുരം. ഇവിടുത്തെ മുപ്പത്തിരണ്ടോളം വരുന്ന ക്ഷേത്രനിർമിതികളെ യുനെസ്കൊ ഒറ്റ ഗ്രൂപ്പായി പരിഗണിച്ച് 1984 ൽ ലോക പൈതൃക പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം തന്നെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിപാലനത്തിലും മേൽനോട്ടത്തിലുമാണ് നടന്നുപോകുന്നത്.

ഗജ പ്രതിമ - ചിത്രം: ദയാൽ കരുണാകരൻ
 

ഞങ്ങൾ ആദ്യം പഞ്ചരഥങ്ങൾ കാണുവാനാണ് പോയത്. പഞ്ച പാണ്ഡവരുടെ രഥങ്ങൾ ഒപ്പം ദ്രൗപതിയുടെ ക്ഷേത്രവും. എല്ലാം രഥങ്ങളുടെ ആകൃതിയിലാണോ എന്നു ചോദിച്ചാൽ അല്ല. എല്ലാം വ്യത്യസ്​ത ശിൽപികളുടെ തികച്ചും വ്യത്യസ്​തമായ നിർമിതികൾ. ഇവയ്ക്ക് മഹാഭാരത കഥയുമായി എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് ചോദിച്ചാൽ അതും ഇല്ല. ഈ ശിൽപങ്ങളെ മൊത്തത്തിൽ വീക്ഷിച്ചാൽ നമുക്ക് തോന്നുന്നത്, പൗരാണികമായി  നടന്നുപോന്നിരുന്ന ഒരു ശിൽപവിദ്യാലയത്തിൻെറ പരീക്ഷണ ലാബായാണ്​. നമ്മുടെ കൊച്ചിൻ മുസീരിസ് ബിനാലെ പോലെ അല്ലേ എന്ന്​..
ഇവയിൽ മിക്കതും അപൂർണ നിർമിതികളാണ്...
എന്തായാലും ഇവ നമുക്ക് തരുന്നത് കാലാതിവർത്തമായ അദളഭുതങ്ങളാണ്. ഞങ്ങളുടെ കുട്ടികൾ പാറകളിൽ പിടിച്ച് രഥങ്ങളിൽ കയറി ആഹ്ലാദിച്ചു. ഞങ്ങൾ ഏറെനേരം അവയെ ചുറ്റിക്കറങ്ങി നിന്നു. വിട്ടു പോരാൻ മനസ്സു തോന്നുന്നില്ല.

മഹാബലിപുരത്തെ കുന്നിൻ മുകളിൽ സ്​ഥിതി ചെയ്യുന്ന ലൈറ്റ്​ ഹൗസ്​- ചിത്രം: ദയാൽ കരുണാകരൻ
 

അടുത്തതായി പോയത് ലൈറ്റ്ഹൗസ് നിൽക്കുന്ന ഇടങ്ങളിലേക്കാണ്... ഒരു കരിമ്പാറയുടെ മുകളിൽ. അവിടെ നിന്നാൽ അകലത്തായുളള സമുദ്രഭാഗങ്ങൾ ദൃശ്യമാകും. ഒരു നൂറ്റാണ്ടിലേറെ കാലമായി ബംഗാൾ സമുദ്രത്തിലൂടെ കടന്നു പോയ യാനങ്ങൾക്ക് വെളിച്ചം കാണിച്ചു ദിശ തിരിച്ചു കൊടുത്ത വിളക്കു ഗോപുരം... തൊട്ടടുത്തായി മഹിഷാസുര മർദ്ദിനി ഗുഹയുമുണ്ട്.

മഹിഷാസുര മർദിനി ഗുഹയിലേക്കുള്ള പാത - ചിത്രം: കെ.എ. സൈഫുദ്ദീൻ
 

പിന്നീട് പോയത് discent of ganges ലേക്കാണ്. അടുത്തടുത്തുളള രണ്ടു കൂറ്റൻ പാറകൾ ക്യാൻവാസാക്കി കൊത്തി വച്ചിരിക്കുന്ന ചുവർശിൽപങ്ങളിൽ വിരചിതമായിരിക്കുന്നത് നമ്മൾ ഇതിഹാസങ്ങളിൽ കേട്ടതിൻെറ ദൃശ്യാവിഷ്ക്കാരങ്ങളാണ്.
സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഭഗീരഥൻ പ്രയത്നം ചെയ്തു ഗംഗാനദിയെ തെളിച്ചുകൊണ്ടു വന്നത് ശിലയിൽ കൊത്തി വച്ചിരിക്കുന്നു.
വാക്കുകൾക്ക് അതീതമാണ് ഈ സമ്മോഹന ശിൽപങ്ങൾ...

കാഴ്ചകൾ കണ്ടു കണ്ടു ഞങ്ങൾ ഒടുവിലെത്തിയത് ‘ഷോർ ടെമ്പിളി’ലാണ്...
പതിമൂന്ന് നൂറ്റാണ്ടായി സമുദ്രം വിളിച്ചിട്ടും പോവാതെ കരയെ മോഹിച്ചു നില്ക്കുന്ന ‘ഷോർ ടെമ്പിൾ...!’ സമുദ്രത്തിൻെറ കലിയും ഉപ്പുകാറ്റിൻെറ തീക്ഷ്​ണതയും ഏറ്റു പ്രാക്തനമായിപ്പോയ ക്ഷേത്രം മഹാബലിപുരത്തെ മറ്റൊരു മഹാവിസ്മയമാണ്...

ലൈറ്റ്​ ഹൗസിനു മുകളിൽനിന്നുള്ള ഷോർ ടെമ്പിളിൻെറ കാഴ്​ച
 

ബംഗാൾ സമുദ്രതീരം വഴി കടന്നുപോയ ആദിമ യൂറോപ്യൻ നാവികർ ഏഴു പഗോഡകളുടെ ദേശമായിട്ട് മഹബലിപുരത്തെ  അടയാളപ്പെടുത്തിയത് ഈ ക്ഷേത്രസമുച്ചയത്തെ കണ്ടിട്ടാണെന്ന് കരുതപ്പെടുന്നു.
ഈ ക്ഷേത്ര ദൃശ്യത്തിലെ ഏഴ് പഗോഡകളിൽ ആറെണ്ണവും കടൽ വിഴുങ്ങിയതായി പറയപ്പെടുന്നു. ഈ അഭിപ്രായം  2004 ഡിസംബർ 26 ലെ സുനാമി വരെ ഒരു മിത്തായി അവശേഷിക്കുകയായിരുന്നു. എന്നാൽ ആ സുനാമിയോടെ ഷോർ ടെമ്പിളിന് സമീപത്തുളള കടലിൽ മുങ്ങിപ്പോയ ക്ഷേത്ര ഭാഗങ്ങൾ ദൃശ്യമായത് 11 നൂറ്റാണ്ടകളായി നിലനിന്നിരുന്ന മിത്തിനെ യാഥാർത്ഥ്യമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു.
തുടർന്ന് ഇന്ത്യയുടെയും ബ്രിട്ടൻെറയും സമുദ്രഗവേഷണ സ്ഥാപനങ്ങൾ നടത്തിയ പര്യവേക്ഷണത്തിൽ സമീപ കടലിൽ ആണ്ട് കിടക്കുന്ന ക്ഷേത്രാവിശിഷ്ടങ്ങൾ കണ്ടെത്തിയത്​, ആദിമ നാവികർ വിശേഷിപ്പിച്ച ഏഴ് പഗോഡകളുടെ നഗരം മഹാബലിപുരം തന്നെയെന്ന് ബലപ്പെടുത്തുന്ന സംഭവമാണ്.

മഹാബലിപുരത്തെ മിക്ക ക്ഷേത്രങ്ങളും ശിൽപങ്ങളും ഏഴാം നൂറ്റാണ്ടിലെ പല്ലവ വംശ രാജാവ് മാമല്ലൻ അഥവാ നരസിംഹ വർമൻ 1(എ.ഡി 630-668) ൻെറയും  ശേഷം പുത്രൻ രാജസിംഹൻെറയും കാലത്ത് കൊത്തിയെടുത്തിട്ടുളളതാണ്. എന്നാൽ 100 അടി നീളത്തിൽ 45 അടി ഉയരമുളള ശിലയിൽ ഷോർ ടെമ്പിൾ നിർമിച്ചത് അരനൂറ്റാണ്ടിന് ശേഷം എ.ഡി 700-728 കാലയളവിലാണെന്ന് പറയപ്പെടുന്നു.  

എല്ലാ വർഷവും ഡിസംബർ- ജനുവരി മാസങ്ങളിൽ ഈ ലോക പൈതൃക ശിൽപ സമുച്ചയ വേദിയിൽ കലയുടെയും നൃത്തത്തിൻെറയും നൂപുര ധ്വനികളുയരുന്നുണ്ട്... മഹാബലിപുരം ഫെസ്റ്റിവൽ.

മൂടിനിന്ന മഴമേഘങ്ങളും ഇരുളും വീണ കോറമാൻഡൽ തീരത്തുകൂടി മഹാബലിപുരത്തു നിന്നും ചെന്നൈയിലേക്കുളള മടക്ക യാത്രയിൽ മനസ്സ് നിറയെ പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് പല്ലവ രാജാക്കന്മാരുടെ കൽപനകൾ ശിരസ്സാവഹിച്ച അജ്​ഞാത ശിൽപികളായിരുന്നു. അവർ കല്ലിൽ വീഴ്ത്തിയ കൊത്തുളികളുടെ താളമേളങ്ങളായിരുന്നു...
ഒരുപിടി അന്നത്തിന് വേണ്ടിയോ, അസ്വാസ്ഥ്യങ്ങളില്ലാത്ത ജീവിതം മോഹിച്ചോ, അതോ, കലയോടുള്ളു ഒടുങ്ങാത്ത ആസക്​തികൊണ്ടോ...?
ആ മഹാ ശിൽപികൾ ആയുസ്സ് ഹോമിച്ചു പടുത്തുയർത്തിയ മഹാബലിപുരം, ഇന്ന് പല്ലവ വംശത്തിൻെറ പേരിലാണല്ലോ അടയാളപ്പെടുത്തുന്നത്...

മഹാബലിപുരത്തെ തെരുവോര ശിൽപ കച്ചവടശാല- ചിത്രം: കെ.എ. സൈഫുദ്ദീൻ
 

ചരിത്രം എന്നും വാഴുന്നോരുടെ വീരസ്യമായിട്ടാണല്ലോ രേഖപ്പെടുത്തുന്നത്​. ‘പുതിയ മഹാബലിപുര’ങ്ങളും പുതിയ കാലത്തെ അതിശയ നിർമിതികളും പുത്തൻ കൊട്ടാര ചരിത്രജീവികൾ പുതിയ കാലത്തെ രാജന്മാരുടെ പേരിലാണല്ലോ തെര്യപ്പെടുത്തികൊണ്ടിരിക്കുന്നത്...
എവിടെയും യഥാർത്ഥ ശിൽപികളും പണിയാളരും തമസ്ക്കരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. അത്... അന്നും ഇന്നും അങ്ങനെ തന്നെ...
കൊത്തുളി വീഴ്ത്തിയ ശിൽപികളും, കൊത്തളങ്ങൾ കാത്ത കൊട്ടാര ഭടന്മാരും, കൊത്തിവെക്കപ്പെട്ട ചരിത്രങ്ങളിലൊന്നുമില്ല...
പക്ഷേ, അവർ തീർത്ത വിസ്​മയങ്ങൾ കാണുമ്പോൾ അജ്​ഞാതമായ അവരുടെ ഓർമകൾ കാഴ്​ചക്കാരനുണ്ടാവണം...


 

ഷോർ ടെമ്പിളിന്റ്റെ മഴയിൽ കുതിർന്ന സായാഹ്ന ദൃശ്യം - ചിത്രം: ദയാൽ കരുണാകരൻ
 

മഹാബലിപുരത്തേക്ക്​
ചെന്നൈയിൽ നിന്ന്​ 57 കി.മീ
കാഞ്ചീപുരത്തു നിന്ന്​ 69 കി.മീ
പോണ്ടിച്ചേരിയിൽ നിന്ന്​ 95 കി.മീ

ഏറ്റവും അടുത്ത വിമാനത്താവളം: ചെന്നൈ
അടുത്ത റെയിൽവേ സ്​റ്റേഷൻ: ചെങ്കൽപേട്ട്​
സന്ദർശിക്കാൻ പറ്റിയ സമയം: നവംബർ - ഫെബ്രുവരി മാസങ്ങൾ
സന്ദർശന സമയം: രാവിലെ ആറ്​ മുതൽ വൈകിട്ട്​ ആറ്​ വരെ
അഞ്ചര വരെ ടിക്കറ്റ്​ ലഭിക്കും

Loading...
COMMENTS