Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
അതിർത്തിയിലെ മനുഷ്യർ...
cancel

ഇന്ത്യക്കും പാക്കിസ്​ഥാനുമിടയിലെ ഉണങ്ങാത്ത മുറിവിൽ എന്നും വൈകിട്ട് പൊട്ടിയൊലിക്കുന്ന കുരുവാണ് വാഗ. മൗര്യരാജാക്കൻമാരുടെ കാലത്ത്, ബംഗ്ലാദേശിൽ നിന്ന് ഉത്തരേന്ത്യക്ക് നെടുകെ പെഷവാർ വഴി കാമ്പൂളിലേക്ക് കച്ചവടത്തിനായി രൂപംകൊണ്ട ഗ്രാൻറ് ട്രങ്ക് റോഡിനെ ഇന്ത്യയും പാകിസ്​ഥാനും വീതം വെച്ചെടുത്തിരിക്കുന്നയിടം. അമൃത്സറിൽ കണ്ണെത്താദൂരം നേർരേഖയിൽ നീളുന്ന വഴിയിലൂടെ മുക്കാൽ മണിക്കൂറോളം സഞ്ചരിക്കുമ്പോൾ റോഡരികിൽ ഒരു പച്ച ബോർഡ് കാണാം–ലാഹോർ 24 കിലോമീറ്റർ. തൊട്ടപ്പുറത്ത് അഠാരി അതിർത്തിയിൽ ഇന്ത്യ തീരും. 

പിന്നെ കുഞ്ഞുന്നാൾ മുതൽ മനസിൽ പതിഞ്ഞുപോയ ദേശീയ ശത്രുക്കളുടെ നാടാണ് – പാകിസ്​ഥാൻ. കടിച്ചുകീറാൻ ഒരുങ്ങി നിൽക്കുന്ന രണ്ട് സയാമീസ്​ പൂച്ചകളുടെ ചേലുണ്ട് അഠാരി അതിർത്തിക്ക്. ഒരു ഭാഗത്ത് പാക്കിസ്​ഥാൻ റേഞ്ചേഴ്സും മറുവശത്ത് ഇന്ത്യയുടെ ബി.എസ്​.എഫും പല്ലിറുമി നിൽക്കുന്നു. എങ്കിലും പലതവണ യുദ്ധം ചെയ്ത പരമ്പരാഗത ശത്രുക്കൾ മുഖാമുഖം നിൽക്കുന്നതി​​​െൻറ ലക്ഷണമൊന്നും ഇവിടെയില്ല. പകരം പാട്ട്, ഡാൻസ്​, ചൂട് ബർഗർ, പഴക്കച്ചവടക്കാർ, സഞ്ചാരികൾ...  ആകെ ബഹളം. മൊത്തത്തിൽ ഒരു കാർണിവൽ മൂഡ്. എല്ലാ ദിവസവും വൈകിട്ട് അതിർത്തിയിലെ കൊടിമരത്തിൽ നിന്ന് ഇരുരാജ്യങ്ങളുടെയും പതാകകൾ വാശിക്ക് താഴ്ത്തും. ഇത് കാണാൻ ആയിരക്കണക്കിന് സഞ്ചാരികൾ ഇരുവശത്തും തടിച്ചു കൂടും. ഗ്രാൻറ് ട്രങ്ക് റോഡിൽ സ്​ഥാപിച്ച വലിയ രണ്ട് ഗേറ്റുകളാണ് രണ്ട് രാജ്യവും വേർതിരിക്കുന്നത്. തൃശൂരും തിരുവല്ലയിലെയും ചില വലിയ വീടുകളിൽ കാണുന്നത്ര മുഴുപ്പൊന്നും ഈ ഗേറ്റുകൾക്കില്ല. പക്ഷേ  വീട്ടുപേർ എഴുതുന്നതിലും വലിപ്പത്തിൽ ഇന്ത്യയെന്നും പാകിസ്​ഥാനെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.  ഈ ഗേറ്റുകളോട് ചേർന്നുള്ള കൊടിമരങ്ങളിലാണ് പതാകകൾ ഉയർത്തിയിരിക്കുന്നത്. ഗോതമ്പ് വയലുകൾ നിറഞ്ഞ ഒരു ഗ്രാമം കൂടിയാണ് വാഗ. അതിലൂടെയാണ് വിവാദ റാഡ്ക്ലിഫ് രേഖ കടന്ന് പോകുന്നത്. 1947 ൽ സ്വതന്ത്ര സമയത്ത് വാഗ വിഭജിച്ചു.  കിഴക്കൻ വാഗ ഇന്ത്യയുടെയും പടിഞ്ഞാറൻ വാഗ പാകിസ്​താ​​​െൻറയും കൈയ്യിലായി. 

അഠാരിയിലെ അതിർത്തിക്കല്ലിനോട് ചേർന്ന് വയലുകൾക്ക് നടുവിലൂടെ നെടുനീളൻ മുള്ളുവേലികൾ കെട്ടി ഇന്ത്യ ഇന്ത്യയെയും പാകിസ്​ഥാൻ പാകിസ്​ഥാനെയും സൂക്ഷിക്കുന്നു. ഈ വേർതിരിവ് മനുഷ്യർക്കെയുള്ളൂ. പാകിസ്​ഥാൻ വയലിൽ നിന്ന് ഇന്ത്യൻ വയലിലേക്ക് ഇപ്പോഴും തവളകൾ ചാടുന്നുണ്ട്. വെള്ളമൊഴുകുന്നുണ്ട്. വയലുകളിലെ ഗോതമ്പ് ഒരേ വലിപ്പത്തിൽ വളർന്ന് കുലയ്ക്കുന്നുണ്ട്. അതിർത്തികടക്കാൻ അനുവാദമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി നിൽക്കുന്ന മനുഷ്യരെ കളിയാക്കാനായിരിക്കും ഒരു തെരുവ്നായ കൂളായി വേലിക്കപ്പുറവും ഇപ്പുറവും ചാടിക്കളിച്ചുകൊണ്ടിരുന്നു. വിഭജനത്തിന് മുമ്പ് വാഗയിലെ കുട്ടികളും ഇങ്ങനെ ഓടിനടന്നിട്ടുണ്ടാവും. ഇടക്കിടെയുണ്ടാകുന്ന യുദ്ധവും സമാധാനവുമൊന്നും ഗ്രാൻറ് ട്രങ്ക് റോഡി​​​െൻറ കച്ചവട പ്രാധാന്യം കുറച്ചിട്ടില്ല.  ഇന്ത്യൻ അതിർത്തിയിൽ മൂന്ന് കിലോമീറ്ററിലേറെ നീളത്തിൽ എപ്പോഴും ചരക്കുലോറികൾ നിർത്തിയിട്ടിട്ടുണ്ടാവും. മുഴുവൻ പാകിസ്​ഥാനിലേക്കുള്ള സാധനങ്ങൾ. കൂടുതലും സവാളയും മറ്റുമാണ്. സീസണനുസരിച്ച് ചരക്കും മാറും. അതിർത്തിക്കപ്പുറം പാകിസ്​ഥാനിലും സ്​ഥിതി ഇതുതന്നെ. അവിടെനിന്നും കിസ്​മിസും മറ്റുമാണ് ഇവിടേക്ക് വരുന്നതേത്ര. ഓരോ ലോറിയിലെയും സാധനങ്ങൾ കസ്​റ്റംസ്​ അതിർത്തിയിലിറക്കി അരിച്ചപെറുക്കി പരിശോധിക്കും. ആയുധമല്ല ആധാരം കടത്തിയാലും പിടിക്കുകയും ചെയ്യും. ഇതൊക്കെ നടക്കുന്നതിനിടയിലൂടെയാണ് കൊടിറക്കം കാണാൻ ജനം ഇടിച്ചുകയറുന്നത്.  

 

ഡിഫൻസ്​ ഡ്രാമ
ഇന്ത്യ പാകിസ്​ഥാൻ ക്രിക്കറ്റ് മൽസരെത്തക്കാൾ ആവേശകരമാണ് പതാക താഴ്ത്തൽ ചടങ്ങ്.  മുൻകൂട്ടി അനുവാദം വാങ്ങി കർശന പരിശോധനകൾക്ക് വിധേയരായി വേണം അതു കാണാൻ. തെമ്മാടിത്തരം വല്ലതും കൈയിലുണ്ടെങ്കിൽ അമൃത്സറിലോ മറ്റോ വച്ചിട്ടേ യാത്ര തുടങ്ങാവൂ. തീപ്പെട്ടി സിഗരറ്റ് തുടങ്ങിയ സാധനങ്ങളെക്കുറിച്ച് ഓർക്കുക പോലുമരുത്. അഥവാ കൈയിലുണ്ടെങ്കിൽതന്നെ കളയണമെന്ന് നിർബന്ധമില്ല. അവയൊക്കെ ബി.എസ്​.എഫുകാർ തപ്പിയെടുത്ത് നശിപ്പിച്ചുകൊള്ളും. ഒപ്പം വിളിക്കുന്ന ചീത്ത കേട്ടാൽ പുകവലി തന്നെ നിർത്തിപ്പോകുമെന്നുമാത്രം. സാധാരണക്കാര​​​െൻറ വണ്ടികൾക്ക് കസ്​റ്റംസ്​ ചെക്ക്പോസ്​റ്റ്​ വരെ വരാനെ അനുവാദമുള്ളൂ. പിന്നെ ഒന്നര കിലോമീറ്റർ നടക്കണം. ചോദിക്കാനും പറയാനും ആളുള്ളവർക്ക്  അതിർത്തിക്കടുത്ത്​ വരെ നിംതൊടാതെ യാത്രയാവാം.  ഏതാണ്ട് 4.50നാണ് സെറിമോണിയൽ പരേഡ് തുടങ്ങുക. അതിനും വളരെ മുമ്പേ നമുക്ക് അനുവദിച്ച സ്​ഥലങ്ങളിൽ കയറി പറ്റണം. സ്വാധീനമുള്ളവർക്ക് ഗേറ്റിന് തൊട്ടടുത്ത് കസേരയിലിരിക്കാം പാവപ്പെട്ടവർക്ക് അകലെ ഗാലറിയിൽ സിമൻറ് പടവ് കെട്ടിയിട്ടിട്ടുണ്ട്. ഇന്ത്യൻ ഭാഗത്ത് കോട്ടവാതിൽ പോലെ കെട്ടിയ ഗേറ്റിൽ ഗാന്ധിജിയുടെ ചിത്രമുണ്ട്. അതുകാണുമ്പോൾ അടിമുടി ആവേശമുണരും. നേരെ അപ്പുറേത്തക്ക് നോക്കിയാൽ പാകിസ്​ഥാൻ കോട്ടയിൽ ജിന്നയുടെ പടവുമുണ്ട്. അതിൽ നോക്കി കോപമോ സഹതാപമോ എന്തുവേണമെങ്കിലും പ്രകടിപ്പിക്കാം.


പക്ഷേ പാകിസ്​ഥാൻകാരും ഇതുതന്നെ ചെയ്യുന്നുണ്ടെന്ന് ഓർക്കണം.  വെയിലാറുന്നതുമുതൽ ഇരുഭാഗത്തു നിന്നും മൈക്കിലൂടെ അത്യുച്ചത്തിൽ ദേശഭക്തി ഗാനം ഉയർന്നു തുടങ്ങും. ഒന്നും മനസിലാവില്ലെന്ന് മാത്രം. തെരഞ്ഞെടുപ്പ് പ്രചാരണത്തി​​​െൻറ അവസാന ദിവസം അനൗൺസ്​മ​​​െൻറ് വണ്ടികളെല്ലാം ഒരിടത്ത് വന്നപോലെ ഒരനുഭവം. എന്ത് ചെയ്താലും എതിരാളിയെക്കാൾ മെച്ചമാകണമെന്ന് നിർബന്ധമുണ്ട് ഇരുകൂട്ടർക്കും. പക്ഷേ, നമ്മുടെ ബോളിവുഡ് ദേശഭക്തിഗാനങ്ങൾക്ക് മുന്നിൽ പാകിസ്​ഥാൻ അടിക്കടി തോറ്റുകൊണ്ടിരുന്നു. ഇന്ത്യൻ ഗാലറിയിൽ സൂചികുത്താൻ ഇടയില്ലാത്തവിധം ജനം തിങ്ങി നിറഞ്ഞപ്പോൾ പാകിസ്​ഥാൻ ഭാഗത്ത് സീറ്റുകൾ കാലിയായിരുന്നു. എന്നിട്ടും ഇന്ത്യൻ ഭാഗത്ത് ഉയർന്ന ഭാരത് മാതാ കീ ജയ് വിളിയെ  ഗെയിറ്റിനപ്പുറമുള്ളവർ ജീേത്ത ജീേത്ത പാകിസ്​ഥാൻ വിളി കൊണ്ട് നേരിട്ടു. ഓരോ ഭാഗത്തും അവരവരുടെ രാജ്യത്തിന് അഭിവാദ്യമർപ്പിക്കുമ്പോൾ മറുഭാഗത്തുനിന്ന് കൂവലുയർന്നു. കൂവൽ േപ്രാൽസാഹിപ്പിക്കാൻ ബി.എസ്​.എഫും റേഞ്ചേഴ്സും മൈക്കും കൊടുത്ത് ആളെ നിർത്തിയിട്ടുണ്ട്. ഇതിനിടെ രണ്ട് കാണികളെ വീതം ദേശീതപതാകയും കൊടുത്ത് ഗേറ്റിനടുേത്തക്ക് ഓടാൻ വിടുന്നുമുണ്ട്.  അവർ മറുരാജ്യക്കാരെനോക്കി പതാക ആഞ്ഞുവീശും. ഇതിനിടെ ആവേശം മൂത്ത് ഏഴുന്നേറ്റ് നടക്കുന്നവർക്ക് നല്ല വഴക്കും കിട്ടുന്നുമുണ്ട്. 

അങ്ങനെ കാത്തിരിക്കുമ്പോൾ ഇരുരാജ്യത്തും ഒരേസമയം പരിപാടികൾക്ക് തുടക്കമായി. വടക്കുംനാഥനിൽ യേശുദാസ്​ ഗംഗേ... എന്ന് പാടും പോലെ മൂക്കാൽ മിനിറ്റ് നീള·ിലൊരു  ‘കമാൻഡാ’യിരുന്നു ആദ്യം. ഇന്ത്യൻ ഭാഗത്ത് തീർന്നശേഷവും പാകിസ്​ഥാൻ കമാൻഡ് നീണ്ടപ്പോൾ അവിടെ കൈയ്യടിയുയർന്നു. ഇന്ത്യയെ തോൽപിച്ചേ.....  തൊട്ടുപിന്നാലെ ബി.എസ്​.എഫി​​​െൻറ മനോഹരമായ യൂണിഫോം വൃത്തിയായി ധരിച്ച രണ്ട് പെൺകുട്ടികൾ ഈർജസ്വലതയോടെ മാർച്ച്ചെയ്തുവന്ന് ഗേറ്റിന് ഇരുവശത്തും നിന്നു.  ഇരുവശത്തുനിന്നും രണ്ട് പേർ ധൃതഗതിയിൽ മാർച്ച്ചെയ്ത്  വന്ന്​ ഗേറ്റുകൾ വലിച്ചുതുറന്ന് സല്യൂട്ടും ഷേക്ക്ഹാൻഡും നൽകിയശേഷം ചാടിയിറങ്ങി ഗേറ്റടച്ച് കുറ്റിയിട്ടു. പിന്നെ ഇരുഭാഗത്തും ആറ് ആറരയടി പൊക്കവും അതിനൊത്ത വണ്ണവുമുള്ള രണ്ട് ഭടൻമാർ വീതം പട്ടാളച്ചിട്ടയുടെ സൗന്ദര്യമാകെ ആവാഹിച്ച് ഗേറ്റിലേക്ക് മാർച്ച് ചെയ്തുകൊണ്ടിരുന്നു. കാലുയർത്തി നെറ്റിയിൽതൊട്ട് ക്രൗര്യവും ആവേശവുമുയർത്തുന്ന അലർച്ചയോടെ, ഓരോരുത്തരും ഭൂമിയിൽ അമർത്തിച്ചവുട്ടി നെഞ്ചുവിരിച്ച് അവരവരുടെ പതാകയ്ക്കുനേരേ മുഖമുയർത്തിനിന്നു. ഇതിനിടെ അങ്ങേയറ്റം പ്രകോപനം ഇരുകൂട്ടരും സൃഷ്​ടിക്കുന്നുമുണ്ട്. വീണ്ടും ഗേറ്റുകൾ തുറന്നു. പാകിസ്​ഥാനിൽനിന്ന് സൂപ്പർഫാസ്​റ്റ്പോലെ വന്ന ഒരു ഭടൻ ഇന്ത്യക്കാര​​​െൻറ മൂക്കിനടുെത്തത്തിയാണ് നിന്നത്. പിന്നെ സ്​റ്റെലായി മീശപിരി തുടങ്ങി. നമ്മളും വിട്ടില്ല. ദേഹത്തെങ്ങാൻ മുട്ടിയാൽ ഇപ്പോൾ യുദ്ധം തുടങ്ങുമെന്ന മട്ടിൽ നെഞ്ച് പരമാവധി വികസിപ്പിച്ച് അയാളുടെ കണ്ണിലേക്ക് തന്നെ തുറിച്ചുനോക്കി നിന്നു. എന്തെങ്കിലും ചെയ്യാമെങ്കിൽ ചെയ്യെടാ.........  

അരമണിക്കൂറിനിടെ ഒരു പ്ലാറ്റൂൺ ഭടൻമാർ പാകിസ്​ഥാനോടുള്ള ദേഷ്യം മുഴുവൻ വാഗയിലെ നിലത്ത് ചവിട്ടിത്തീർത്തു. ജനം സർക്കസ്​ കാണുന്ന കൗതുകത്തോടെ ഇതെല്ലാം മൊബൈലിൽ പകർത്തിക്കൊണ്ടിരുന്നു. ഇതിനിടെ ഇരു രാജ്യയും ഓരോ  ഭടൻമാർ ദേശീയ പതാകകളുടെ കയർ അഴിച്ച് വിപരീത ദിശകളിൽ നിലയുറപ്പിച്ചു. പിന്നെ ബ്യൂഗിൾ സംഗീതത്തി​​​െൻറ അകമ്പടിയോടെ പതിയെ പതിയെ താഴ്ത്തി. ഒടുവിൽ പതാക അഴിച്ചെടുത്ത് മടക്കി മാർച്ച് ചെയ്ത് മുറിയിൽ കൊണ്ടുപോയി വച്ചപ്പോൾ സമയം വൈകിട്ട് അഞ്ചര. കാണികളിൽ കത്തിനിന്നിരുന്ന ആവേശവും ഇതോടൊപ്പം അഴിഞ്ഞുവീണു.  ഉടൻ ഹിന്ദിയിൽ ഒരു അനൗൺസ്​മ​​​െൻറ് മുഴങ്ങി. പാകിസ്​ഥാനെ സൂക്ഷിക്കണമെന്നല്ല, കൈയിലുള്ള സാധനങ്ങൾ സൂക്ഷിക്കണമെന്ന്. പച്ച മലയാള·ിൽ പറഞ്ഞാൽ പോക്കറ്റടി സൂക്ഷിക്കുക. ഗേറ്റിനടുത്ത് നിന്ന് ഫോട്ടോക്ക് പോസ്​ ചെയ്യുന്നവർക്കിടയിൽ സെറിമോണിയൽ പരേഡി​​​െൻറ സി.ഡിയും സുവനീറും വിൽക്കുന്നവരും മറ്റും സജീവമായി. അതിർത്തിക്ക് ചെറിയൊരു മിഠായിതെരുവി​​​െൻറ ഛായ. 1959 മുതൽ ദിവസവും സൂര്യാസ്​തമയത്തോടനുബന്ധിച്ച് 45 മിനുട്ട് നീണ്ടുനിൽക്കുന്ന അഭ്യാസപ്രകടനമാണ് അതിർത്തിയിൽ നടക്കാറുള്ളത്. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം മുറുകുമ്പോൾ കാണികളെ ഇവിടേക്ക് അടുപ്പിക്കില്ല. പണ്ട് ഇതി​​​െൻറ പത്തിരട്ടി പ്രകോപനപരമായിരുന്നു ഇവിടുെത്ത അഭ്യാസം. ഏതാനും വർഷം മുമ്പ് ഇന്ത്യ ഇതിൽ ഇളവുവരുത്തി. പിന്നീട് പാകിസ്​ഥാനും ഈ മാർഗം പിന്തുടർന്നു. ഇതോടെയാണ് പരേഡിന് ഇന്ത്യ വനിതാ ഓഫീസർമാരെ നിയോഗിച്ചു തുടങ്ങിയത്. 


വിശ്വവിഖ്യാതമായ ജണ്ട
വാഗ ഗേറ്റിലെത്തിയാൽ പോര, അഠാരി ബോഡർ പോസ്​റ്റിലെ·ിയാൽ മാത്രമെ ഇന്ത്യയുടെ അതിരായി എന്നു പറയാനാവൂ. ഗേറ്റിന് വലത് ഭാഗത്തുള്ള വഴിയിലൂടെ പോയാൽ ഇവിടെയെത്താം. അതിന് ബി.എസ്​.എഫി​​​െൻറ കൈയുംകാലും പിടിക്കണം. നിലത്ത് സിമൻറ് ടൈലുകളിട്ട, വലിയ ഇരുമ്പ് കൈവരികളാൽ തിരിച്ച ഒരു ഭാഗമാണിത്. നിലത്ത് വെള്ള പെയിൻറടിച്ച ഒരു കൊച്ചു ജണ്ടയുണ്ട്. ബി.എസ്​.എഫ് എന്നും മേരാ ഭാരത് മഹാൻ എന്നും എഴുതിയ102ാം നമ്പർ ജണ്ട. രണ്ട് കുതിരപ്പടയാളികൾ കാവൽ നിൽക്കുന്ന ഇവിടെ തീരും ഇന്ത്യ. ഇതിന് തൊട്ടപ്പുറത്ത് പാകിസ്​ഥാനികൾ തിങ്ങി നിറഞ്ഞ് നിൽക്കുന്നുണ്ട്. നമ്മൾ അവരെ നോക്കുന്നതിനേക്കാൾ അത്ഭുത്തോടെ അവർ നമ്മെ നോക്കും. കൈ  നീട്ടിയാൽ പരസ്​പരം തൊടാം പക്ഷേ അനുവാദമില്ല. അൽപം മുമ്പ് അർധസൈനികരുടെ മുഖത്തുകണ്ട വാശി ഇവിടെയില്ല. പകരം ചിരിയും കൈവീശലുകളും നിറഞ്ഞുതുളുമ്പി. സ്​നേഹം മൂത്ത് ഇരു രാജ്യങ്ങളും ലയിച്ചാൽ തങ്ങളുടെ ജോലിപോകുമല്ലോ എന്നോർത്താവും അധികനേരം അവിടെ നിൽക്കാൻ അതിർത്തിരക്ഷാസേന അനുവദിച്ചില്ല. എല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ബി.എസ്​.എഫ് ഐ.ജി പ്രജകൾക്ക്​ മുന്നിൽ. സെറിമോണിയൽ പരേഡിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നായി ചോദ്യം. ആർക്കും മറുപടി പറയാം. സത്യത്തിൽ ഇതിൻറ വല്ല ആവശ്യവുമുണ്ടോ എന്ന് ചോദിക്കാനാണ് തോന്നിയത്. പക്ഷേ സ്വതസിദ്ധമായ പേടികൊണ്ട് മിണ്ടിയില്ല. മുക്കിയും മൂളിയും നിന്നപ്പോൾ അദ്ദേഹം പറഞ്ഞു. ഒക്കെ നാടകമാണ്, വെറുതെ ആളുകളെ ആകർഷിക്കാനുള്ള അടവ്. അതുശരി അപ്പോൾ അതാണു കാര്യം. ഈ പറയുന്ന ദേഷ്യമൊന്നും ഇരുകൂട്ടരും തമ്മിലില്ല. അവർ പരസ്​പരം മിണ്ടുകയും ചിരിക്കുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്.  

മറക്കരുത് ഖേംകാരനെ
അമൃത്സർ സുന്ദരമാണ്. വാഗ മനോഹരവും. പക്ഷേ പഞ്ചാബിൽ നിന്നു മടങ്ങുമ്പോൾ ഖേംകാരനെ മറക്കരുത്. 1965 ലെ ഇന്ത്യ– പാക് യുദ്ധത്തിൽ നമുക്ക് വേണ്ടി വികൃതമായതാണ് തരൺതാരൺ ജില്ലയിലെ ഈ ഗ്രാമം. സെപ്റ്റംബർ എട്ടിന് അമൃത്സർ പിടിച്ചെടുക്കാനെത്തിയ പാക്കിസ്​ഥാ​​​െൻറ ഒന്നാം കവചിത ഡിവിഷൻ ഖേംകാരൻ കീഴടക്കി. തുടർന്ന് നടന്ന യുദ്ധത്തിൽ പാകിസ്​ഥാ​​​െൻറ നൂറോളം ടാങ്കുകൾ ഇവിടെയിട്ടാണ് തകർത്തത്. അന്ന് വെറുമൊരു റീകോയിൽ ലെഡ് ഗൺ ഉപയോഗിച്ച് ഏഴ് ടാങ്കുകൾ തകർത്ത് മരണം വരിച്ച ഹവിൽദാർ അബ്ദുൾ ഹമീദിനെ ഓർക്കണം. 1947 ലെ യുദ്ധത്തിൽ പൂഞ്ചിനെ രക്ഷിച്ച ബ്രിഗേഡിയർ പ്രിതം സിംഗിനെയും ഉറിയെ കാത്ത ലഫ്റ്റനൻറ് ജനറൽ ഹർബക്ഷ് സിംഗിനെയും മറക്കരുത്. ചൂട് ബർഗർ രസിച്ച് തിന്ന് വാഗയിലേക്ക് നടക്കുമ്പോൾ സിയാച്ചിൻ അതിർത്തിയെക്കുറിച്ചും ഓർക്കണം. താപനില പൂജ്യത്തിനും താഴെയെത്തുന്ന, അന്തരീക്ഷത്തിൽ പത്ത് ശതമാനം മാത്രം ഓക്സിജനുള്ള അവിടെയും ഇന്ത്യൻ പട്ടാളക്കാർ കാവൽ നിൽക്കുന്നുണ്ട്. വാഗയിൽ വൈരം ഉല്ലാസമാകുമ്പോൾ അവർ അവിടെ ജീവൻ നിലനിർത്താൻ പാടുപെടുകയാണ്​. 

Show Full Article
TAGS:wagah border Wagah Peoples atari border India-pak border india travel news 
Web Title - Peoples of Wagah Border in India -Travel News
Next Story