Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kalpeni
cancel
Homechevron_rightTravelchevron_rightDestinationschevron_rightഅറബിക്കടലിലെ...

അറബിക്കടലിലെ സ്വപ്നലോകം

text_fields
bookmark_border
യാത്രകള്‍ സ്വപ്നങ്ങളിലേക്ക് തുറന്നിട്ട വാതിലുകളാണ്. ആ സ്വപ്നലോകത്തെ കടല്‍തീരത്ത് പ്രതീക്ഷകളുമായി കണ്ണുംനട്ടിരിക്കുകയാണ്. തിരകള്‍ പുല്‍കുന്ന തീരസൗന്ദര്യം മനസ്സിനെ കുളിരണിയിക്കുന്നു. പച്ചക്കടലിന്‍െറ സൗന്ദര്യം മനംമയക്കുന്നു. ഇത്​ കല്‍പേനിയിലെ രണ്ടാം ദിവസം. കടലിന്‍െറ കുളിര്‍ക്കാറ്റേറ്റ് അല്‍പ്പം വൈകിയാണ് ഉണര്‍ന്നത്. ആദ്യദിവസം കാര്യമായി എവിടെയും പോയിട്ടില്ല. ടൂറിസ്റ്റ് ഹോം ഉടമ ഷമീം മാഷുമായി കത്തിയടിച്ച് റൂമില്‍ തന്നെ കൂടി. ഇനി കാണാനുള്ള സ്ഥലങ്ങള്‍ ഓരോന്നായി കണ്ടുപിടിക്കണം.

സ്പോണ്‍സര്‍ ഷമീം വരുന്നതുവരെ കടല്‍ത്തീരത്ത് ഇരിക്കുകയാണ്. റൂമില്‍നിന്ന് പത്തടി നടന്നാല്‍ കടലായി. എത്ര മനോഹരമായ കടല്‍ത്തീരം. ഇത്ര പരിശുദ്ധമായ വെള്ളം മുമ്പ് കണ്ടിട്ടില്ല. തീരത്ത് മണലിന്‍െറ വെള്ള നിറമാണ്. പിന്നെ പച്ചനിറം, അതും കഴിഞ്ഞാല്‍ നീലനിറം. എന്തൊരു അദ്ഭുതം. ഒരുതരി മാലിന്യം എവിടെയും കാണാനില്ല. മനുഷ്യരുടെ കൈകടത്തല്‍ കാര്യമായി ഇല്ലാത്തതു തന്നെയാകാം ഈ കടല്‍ ഇങ്ങനെ വൃത്തിയോടെ നില്‍ക്കാന്‍ കാരണം. ഒപ്പം പവിഴപ്പുറ്റുകളുടെ സംരക്ഷണവും. വെള്ളത്തിന് ഉപ്പുസാന്ദ്രത വളരെ കൂടുതലാണ്. ഇതുകാരണം വെള്ളത്തില്‍ നിവര്‍ന്നുകിടന്നാല്‍ നമ്മള്‍ താഴ്ന്നുപോകില്ല എന്നത് കൗതുകമായിത്തോന്നി.

വെള്ളത്തിന് ഉപ്പുസാന്ദ്രത വളരെ കൂടുതലായതിനാൽ വെള്ളത്തില്‍ നിവര്‍ന്നുകിടന്നാല്‍ നമ്മള്‍ താഴ്ന്നുപോകില്ല

കടല്‍ത്തീരത്തെ മണല്‍പ്പരപ്പുകളില്‍ മത്സ്യത്തൊഴിലാളികള്‍ ചൂരമീന്‍ എന്ന മാസ് (ട്യൂണ) ഉണക്കാന്‍ വെച്ചിട്ടുണ്ട്. ലക്ഷദ്വീപുകാരുടെ പ്രധാന വരുമാന മാര്‍ഗമാണ് ഇവ. ആഴക്കടലില്‍നിന്ന് പിടിച്ചുകൊണ്ടുവരുന്ന മീന്‍ ആദ്യം വറുത്തെടുക്കും. എന്നിട്ട് മുള്ളെല്ലാം കളഞ്ഞ് വെയിലത്തുവെച്ച് ഉണക്കും. നല്ലവണ്ണം ഉണങ്ങിയശേഷം ഇവ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്. നാട്ടുകാരോട് ചൂരമീനിന്‍െറ വിശേഷങ്ങള്‍ ചോദിച്ചറിയുമ്പോഴേക്കും സ്പോണ്‍സര്‍ എത്തി. അതോടെ ഞങ്ങള്‍ സൈക്കിളുമെടുത്ത് ദ്വീപ് കാണാനിറങ്ങി. ദ്വീപിന്‍െറ തെക്കേ അറ്റത്തുള്ള കൂമയില്‍ ബീച്ചിലേക്കാണ് യാത്ര. ചെറിയ കവലകളും വീടുകളുമെല്ലാം പിന്നിട്ട് ബീച്ചിലത്തെി. നാല് ഭാഗത്തും കടലും തെങ്ങിന്‍തോപ്പുകളുടെ തണലുകളുമുള്ളതിനാല്‍ അന്തരീക്ഷത്തില്‍ വലിയ ചൂടൊന്നുമില്ല.

കടലില്‍നിന്ന് ചൂരമീനുമായി വരുന്ന കുട്ടികള്‍

കല്‍പേനിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കൂമയില്‍ ബീച്ച്. സ്നോര്‍ക്കലിങ്, കയാക്കിങ്, ബോട്ട്റൈഡിങ്, സ്കൂബ ഡൈവിങ് തുടങ്ങിയ വാട്ടര്‍ സ്പോര്‍ട്സ് ആക്റ്റിവിറ്റികളുടെ കേന്ദ്രവും ഇവിടത്തെന്നെയണ്. തിലാക്കം, പിറ്റി തുടങ്ങിയ ആള്‍ത്താമസമില്ലാത്ത ചെറിയ ദ്വീപുകള്‍ ഇവിടെനിന്ന് നോക്കിയാല്‍ കാണാം. ഉച്ചക്കുശേഷം വേലിയിറക്കസമയം ഈ ദ്വീപുകളിലേക്ക് നമുക്ക് നടന്നുപോകാന്‍ സാധിക്കും. രാത്രി വെള്ളം കയറുമ്പോഴേക്കും തിരിച്ചുവന്നാല്‍ മതി. വേലിയിറക്ക സമയം കിലോമീറ്ററുകളാണ് കടല്‍ ഇറങ്ങിപ്പോവുക. പ്രകൃതിയുടെ ഓരോ ലീലാവിലാസങ്ങള്‍.

കടല്‍തീരത്ത് ഉണക്കാനിട്ടിരിക്കുന്ന മാസ്

ലക്ഷദ്വീപ് ടൂറിസം വകുപ്പി​​​​െൻറ കീഴിലാണ് വാട്ടര്‍ സ്പോര്‍ട്ട് ആക്റ്റിവിറ്റീസുകള്‍ ഒരുക്കിയിട്ടുള്ളത്. ഓരോന്നി​​​​െൻറയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഗ്ലാസ്​ ബോട്ട് റൈഡും പിന്നെ കയാക്കിങും ചെയ്യാമെന്ന് തീരുമാനിച്ചു. ഇവിടത്തെ മുഖ്യആകര്‍ഷണം കടലിനടിയിലൂടെയുള്ള സ്കൂബ ഡൈവിങ്ങാണ്. അത് പിന്നെയൊരു ദിവസം നടത്താനാണ് തീരുമാനം. നമ്മള്‍ സാധാരണ ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ പോയാല്‍ അവിടെയുള്ള സ്ഥലങ്ങള്‍ പെട്ടെന്ന് കണ്ട് തിരിച്ചുപോരാനാണ് ശ്രമിക്കാറ്. എന്നാല്‍, കല്‍പേനിയില്‍ ഞങ്ങള്‍ക്ക് അങ്ങനെയല്ല അനുഭവപ്പെട്ടത്. കുറഞ്ഞ സ്ഥലങ്ങള്‍ മാത്രമാണ് ഇവിടെ കാണാനുള്ളത്. ഒരാഴ്ചയിലധികം സമയവുമുണ്ട്. ഓരോ സ്ഥലവും മതിവരുവോളം ആസ്വദിക്കാന്‍ തന്നെയാണ് ഉദ്ദേശ്യം. ഒപ്പം ഈ നാടിന്‍െറ സംസ്കാരവും ജീവിത രീതികളും തൊട്ടറിയുകയും വേണം.

കൂമയില്‍ ബീച്ചിലെ കയാക്കിങ്

വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞപ്പോഴേക്കും ഞങ്ങള്‍ക്ക് പോകാനുള്ള ഗ്ലാസ് ബോട്ട് റെഡിയായി. അരമണിക്കൂര്‍ നേരത്തേക്കാണ് റൈഡ്. ബോട്ടിന്‍െറ ഉള്‍വശം ഗ്ലാസ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. കടലിന്‍െറ അടിത്തട്ടിലുള്ളതെല്ലാം വ്യക്തമായി കാണാന്‍ സാധിക്കും. നല്ല കണ്ണാടിച്ചില്ലുപോലെ സ്​ഫടിക ശുദ്ധമായ വെള്ളമാണ് എവിടെയും. കടലിനടിയിലെ വിവിധ ജീവികള്‍ കാഴ്ചക്ക് മിഴിവേകുന്നു. ബോട്ട് ഓടിക്കുന്നത് കല്‍പേനിക്കാരനായ മുസ്തഫയാണ്. അദ്ദേഹം താഴെ കാണുന്ന ഓരോ ജീവിയെക്കുറിച്ചും വിവിരിച്ചുതരുന്നുണ്ട്. ഇതിനിടയിലാണ് ഞങ്ങളെ ആവേശം കൊള്ളിച്ച് കടലാമകള്‍ വരാന്‍ തുടങ്ങിയത്. കടലിനടിയിലൂടെ അതിവേഗതയിലാണ് അവറ്റകളുടെ സഞ്ചാരം.

കല്‍പേനിയിലെ പ്രശസ്തമായ മൊയ്തീന്‍ പള്ളി

സമീപത്തെ ആള്‍താമസമില്ലാത്ത തിലാക്കം ദ്വീപ് വരെയാണ് യാത്ര. ഈ സമയം നിറയെ ആളുകളുമായി മറ്റൊരു ബോട്ട് വരുന്നത് കണ്ടു. തിലാക്കം തീരത്ത് അടിഞ്ഞ ചത്ത തിമിലംഗത്തെ തിരിച്ച് കടലിലേക്ക് തള്ളാനാണ് അവരുടെ പോക്ക്. ഒപ്പം ഞങ്ങളും കൂടി. ദിവസങ്ങള്‍ പഴക്കമുണ്ട് തിമിംഗലത്തിന്. ജഡത്തിന്‍െറ കുറെഭാഗം ദ്രവിച്ചുപോയിരിക്കുന്നു. അസഹ്യമായ ദുര്‍ഗന്ധവുമുണ്ട്. ആളുകള്‍ തിമിംഗലത്തിനുമേല്‍ കയറിട്ടശേഷം ബോട്ടുമായി ബന്ധിപ്പിച്ചു. തുടര്‍ന്ന് ബോട്ട് മുന്നോട്ടുപായിക്കാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൊരു അനക്കവുമില്ല. ഈ സമയം തീരത്ത് വെള്ളം കുറവായിരുന്നു. അതിരാവിലെ വേലിയേറ്റമുണ്ടാകുമ്പോള്‍ തിമിംഗലം വെള്ളത്തില്‍ മൂടും. അപ്പോള്‍ അതിനെപിടിച്ച് കടലില്‍ തള്ളാം എന്ന് പറഞ്ഞ് തിരിച്ചുപോന്നു. ജീവനില്ലാത്തതാണെങ്കിലും ഒരു തിമിംഗലത്തെ കണ്ട ത്രില്ലിലായിരുന്നു എല്ലാവരും. കൂമയില്‍ ബീച്ചില്‍ സ്നോര്‍ക്കലിങ്ങും കയാക്കിങ്ങും നടത്തിയശേഷമാണ് മടങ്ങിയത്.

മൊയ്തീന്‍ പള്ളിയിലെ നേര്‍ച്ച

റൂമില്‍ തിരിച്ചെത്തി ഉച്ചഭക്ഷണം കഴിച്ചിരിക്കുമ്പോഴേക്കും ഷമീം വീണ്ടുമെത്തി. ഇന്ന് മൊയ്തീന്‍ പള്ളിയില്‍ നേര്‍ച്ചയാണ്. അവിടെ വൈകുന്നേരം ഭക്ഷണമൊക്കെ കിട്ടുമെന്ന് പറഞ്ഞതോടെ വീണ്ടും ആവേശമായി. ദ്വീപിന്‍െറ പടിഞ്ഞാറെ അറ്റത്ത് കടലിനോട് ചേര്‍ന്നാണ് പ്രശസ്തമായ മൊയ്തീന്‍ പള്ളിയുള്ളത്. നൂറ്റണ്ടുകള്‍ക്ക് മുമ്പാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്. അകത്ത് പകുതിഭാഗം മാത്രമാണ് നമസ്കാരമുള്ളത്. ബാക്കി ഭാഗം ജിന്നുകള്‍ക്ക് നമസ്കരിക്കാന്‍ ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് വിശ്വാസം. പള്ളിക്ക് ചുറ്റും ആറോളം കുളങ്ങളുമുണ്ട്. ഇതില്‍ ഒന്നില്‍ ഉപ്പുരസമില്ല. കടല്‍ത്തീരത്ത് ഉപ്പില്ലാതെ കിട്ടുന്ന വെള്ളം അദ്ഭുതമായി തോന്നി. ഇവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന മഹാന്‍ ഈ കുളത്തില്‍നിന്ന് വെള്ളം കുടിച്ചതോടെയാണ് ഉപ്പ് രസം ഇല്ലാതായതെന്ന് ഷമീം വിവരിച്ചുതന്നു. ഇതുപോലെ ഒരുപാട് വിശ്വാസങ്ങളുടെയും അദ്ഭുതങ്ങളുടെയും നാട് കൂടിയാണ് ലക്ഷദ്വീപ്. പടച്ചോന്‍െറയും വിവിധയിടങ്ങളില്‍ മറവ് ചെയ്യപ്പെട്ട മഹാന്‍മാരുടെയും സിദ്ധി കൊണ്ടാണ് കടലിന് നടുവില്‍ ഇന്നും ഈ ദ്വീപുകള്‍ ഒരു പോറലുമേല്‍ക്കാതെ നിലകൊള്ളുന്നതെന്ന് ഇവര്‍ വിശ്വസിക്കുന്നു.

മൊയ്തീന്‍ പള്ളിയില്‍ ഭക്ഷണം കഴിക്കുന്ന കുട്ടികള്‍

ഞങ്ങളത്തെുമ്പോഴേക്കും പള്ളിയില്‍ ആളുകള്‍ നിറഞ്ഞിട്ടുണ്ട്. എല്ലാവരും വീടുകളില്‍നിന്ന് തയാറാക്കിയ പലഹാരങ്ങളുമായിട്ടാണ് വന്നിട്ടുള്ളത്. അത് അവിടെ വന്നവര്‍ക്കെല്ലാം വിതരണം ചെയ്യും. പ്രാര്‍ഥനക്കുശേഷം ഭക്ഷണം നല്‍കാന്‍ തുടങ്ങി. കഴിക്കാനായി എല്ലാവരും പള്ളിയുടെ മുറ്റത്ത് തന്നെ ഇരുന്നു. ചെറിയ പാത്രത്തിലാണ് മസാലയും ബീഫും അടങ്ങിയ പ്രത്യേക രുചിയുള്ള ചോറ് വിളമ്പിയത്. മൂന്നുപേര്‍ക്ക്് ഒരുപാത്രമേ ഉണ്ടാവൂ. എല്ലാവരും ഒരുമിച്ച് ഇതില്‍നിന്ന് കഴിക്കണം. വലിയൊരു ഐക്യത്തിന്‍െറ പ്രതീകമായിരുന്നു അത്.

കല്‍പേനിയിലെ ജുമാമസ്ജിദ്

നേര്‍ച്ചചോറും പേരറിയാത്ത പലഹാരങ്ങളുമെല്ലാം കഴിച്ച് തിരിച്ചിറങ്ങി. തെങ്ങിന്‍തോപ്പുകള്‍ക്ക് നടുവിലൂടെ സൈക്കിള്‍ ആഞ്ഞുചവിട്ടുകയാണ്. പോകുന്ന വഴിയിലെല്ലാം ചെറിയ നമസ്കാര പള്ളികള്‍ കാണാം. മുപ്പതിന് മുകളില്‍ പള്ളികള്‍ ഈ ദ്വീപിലുണ്ട്. എന്നാല്‍, വെള്ളിയാഴ്ച ജുമുഅ നമസ്കാരമുള്ളത്ത് ഒരൊറ്റ പള്ളിയില്‍ മാത്രമാണ്. അതും ഈ നാട്ടിലെ ഐക്യത്തിന്‍െറ നേര്‍ച്ചിത്രം വരച്ചുകാട്ടുന്നു. അതുപോലെ തന്നെയാണ് ദ്വീപുകാരുടെ കല്യാണവും. അന്നാട്ടിലെ മുഴുവന്‍ പേരും കല്യാണവീട്ടില്‍ സജീവമായിട്ടുണ്ടാകും. ദ്വീപിലെ ഓരോ വീട്ടുകാരും പരസ്പരം അറിയാവുന്നവരാണെന്നതാണ് ഈ ഒത്തൊരുമക്ക് കാരണം.

കല്‍പേനി പൊലീസ് സ്റ്റേഷന്‍

റൂമിലത്തെുമ്പോള്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ മുങ്ങി തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റ് ഹോമിന് സമീപത്തെ ചെറിയ വീട്ടില്‍ രണ്ടുപേര്‍ വന്നിരിക്കുന്നു. കൊട്ടാരക്കര സ്വദേശി ഡാനിയും മണ്ണാര്‍ക്കാട്ടുകാരനായ സുരേന്ദ്രേട്ടനും. രണ്ടുപേരും വര്‍ഷങ്ങളായി കല്‍പേനിയിലാണ് ജോലി. ഡാനിക്ക് ടൈല്‍സിന്‍െറ പണിയാണ്. സുരേന്ദ്രേട്ടന്‍ ആശാരിയും. ഇനിയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് കൂട്ടായി ഇവരുമുണ്ടാകും.

അഗത്തിയാട്ടി പാറ

പിറ്റേന്ന് രാവിലെ ആദ്യം പോയത് പൊലീസ് സ്റ്റേഷനിലേക്കാണ്. യാത്ര പെര്‍മിറ്റ് തിരിച്ചുവാങ്ങണം. സ്റ്റേഷനിലെത്തിയ ഞങ്ങളെ കണ്ടിട്ട് പൊലീസുകാര്‍ക്ക് അത്രപിടിച്ചിട്ടില്ല. കൂലിപ്പണിക്ക് വന്നവരാണെന്നാണ് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന്‍െറ ലക്ഷണമൊന്നും ഞങ്ങളുടെ മുഖത്തുണ്ടായിരുന്നില്ല. എന്തായാലും കാര്യങ്ങളൊക്കെ അന്വേഷിച്ചറിഞ്ഞ് പെര്‍മിറ്റ് തിരിച്ചുതന്നു. കാര്യമായ തിരക്കൊന്നും പൊലീസ് സ്റ്റേഷനില്ല. പൊലീസുകാര്‍ക്ക് പണിയും കുറവാണ്. കള്ളന്‍മാരില്ലാത്ത നാടാണ് ലക്ഷദ്വീപ്. ഇനി എന്തെങ്കിലും മോഷ്ടിച്ചാല്‍ തന്നെ ആകെ ഒളിപ്പിക്കാനുള്ള സ്ഥലം മൂന്ന് കിലോമീറ്ററാണ്. സ്റ്റേഷന് പുറത്ത് ഒരു ഫയര്‍എന്‍ജിന്‍ മൂടിപ്പുതച്ച് ഇരിപ്പുണ്ട്. കള്ളന്‍മാരെ പേടിക്കാനില്ലാത്തതിനാല്‍ ഞങ്ങള്‍ റൂമെല്ലാം പൂട്ടാതെയാണ് നാട് കാണാനിറങ്ങാറ്.

കല്‍പേനി ലൈറ്റ് ഹൗസ്

അടുത്ത ലക്ഷ്യം തിരിച്ചുപോകാനുള്ള ടിക്കറ്റ് എടുക്കലാണ്. അഞ്ച് ദിവസം കഴിഞ്ഞാല്‍ കപ്പല്‍ വരുന്നുണ്ടെന്നും അതിനുള്ള ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഷമീമാണ് അറിയിച്ചത്. മുമ്പ് കപ്പല്‍ ഇറങ്ങിയ ഭാഗത്താണ് ടിക്കറ്റ് കൗണ്ടറുമുള്ളത്. അവിടെ എത്തുമ്പോള്‍ ചെറിയ ക്യൂ ഉണ്ട്. കുറച്ചുനേരം കാത്തിരുന്നപ്പോഴേക്കും ഭാഗ്യത്തിന് ടിക്കറ്റ് കിട്ടി. ഞങ്ങളുടെ പിന്നില്‍ വന്ന പലര്‍ക്കും ടിക്കറ്റ് ലഭിച്ചിട്ടില്ല. മംഗലാപുരത്തുനിന്ന് ആന്ത്രോത്ത്, കല്‍പേനി വഴി കൊച്ചിയിലേക്ക് പോകുന്ന അമിനിദീവി എന്ന കപ്പലാണുള്ളത്. കപ്പല്‍ പോകുന്ന ഭാഗങ്ങളിലെല്ലാം ഒരേസമയത്താണ് ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങുക. പിന്നെ www.lakport.nic.in എന്ന വെബ്സൈറ്റിലും ടിക്കറ്റ് ലഭ്യമാണ്. മിനുറ്റുകള്‍ക്കകം ടിക്കറ്റ് തീരും. ലക്ഷ്വദ്വീപ് യാത്രയുടെ ഏറ്റവും വലിയ അനിശ്ചിതത്വം ഈ ടിക്കറ്റെടുക്കലാണ്. പലപ്പോഴും നമ്മള്‍ ഉദ്ദേശിച്ച സമയത്ത് തിരിച്ചുപോകാന്‍ സാധിക്കണമെന്നില്ല. ചിലപ്പോള്‍ കപ്പല്‍ പെട്ടെന്ന് കാന്‍സലാവുകയോ ടിക്കറ്റ് തീരുകയോ ചെയ്താല്‍ പെട്ടതുതന്നെ.

ലൈറ്റ് ഹൗസിന് മുകളില്‍നിന്നുള്ള സൂര്യാസ്തമയ കാഴ്ച

ടിക്കറ്റ് കിട്ടിയ സന്തോഷത്തോടെ അവിടെനിന്ന് പുറത്തിറങ്ങി. കിഴക്ക് ഭാഗത്തായുള്ള അഗത്തിയാട്ടി പാറ വരെ പോയി വരാമെന്ന് കരുതി. കടല്‍ത്തീരത്തിലൂടെയാണ് യാത്ര. പടിഞ്ഞാറ് ഭാഗത്തിൽനിന്ന്​ വ്യത്യസ്​തമായി ഇവിടെ തിരമാലകള്‍ വന്നടിക്കുന്നുണ്ട്. പുലിമുട്ടുകളും തീരത്തോട് ചേര്‍ന്ന പവിഴപ്പുറ്റുകളുമാണ് ഈ ഭാഗത്തെ കരയെ സംരക്ഷിച്ചുപോരുന്നത്. അര മണിക്കൂര്‍ സഞ്ചരിച്ചപ്പോഴേക്കും അഗത്തിയാട്ടി പാറയെത്തി. പണ്ട് പോര്‍ച്ചുഗീസുകാര്‍ കല്‍പേനിയില്‍ എത്തിയപ്പോള്‍ അഗത്തി ദ്വീപിലെ സ്ത്രീകള്‍ ഇവിടെയായിരുന്നു ഒളിച്ചതത്രെ. അങ്ങനെയാണ് പേര് വരുന്നത്. കരയില്‍നിന്ന് കടലിലേക്ക് നീളുന്നതാണീ പാറക്കൂട്ടം. പാറക്കെട്ടില്‍നിന്ന് താഴെ കടലിലേക്ക് വീണവരെ പിന്നെ തിരിച്ചുകിട്ടിയിട്ടില്ലെന്ന്​ ഷമീം പറഞ്ഞപ്പോള്‍ കൂടുതല്‍ അടുത്തേക്ക് പോകാന്‍ മെനക്കെട്ടില്ല.

കല്‍പേനിയുടെ വടക്കുഭാഗം. ലൈറ്റ് ഹൗസിന് മുകളില്‍നിന്നുള്ള ദൃശ്യം

അവിടെനിന്ന് വീണ്ടും സൈക്കളിലേറി റൂം ലക്ഷ്യമാക്കി വരികയാണ്. റൂമിന് തൊട്ടടുത്ത് തന്നെയാണ് ലൈറ്റ് ഹൗസുള്ളത്. വൈകുന്നേരം ആറ് മണിക്ക് ശേഷമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. ഇതിന് ചെറിയ ടിക്കറ്റും ഉണ്ട്. കോണിപ്പടികളെല്ലാം കയറി ലൈറ്റ് ഹൗസിന് മുകളില്‍ എത്തിയപ്പോഴേക്കും കാലെല്ലാം തളര്‍ന്നിരിക്കുന്നു. എന്നാല്‍, മുകളിലെ കാഴ്ച ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു. കല്‍പേനി ദ്വീപ് മൊത്തമായിട്ട് അവിടെ നിന്നാല്‍ കാണാം. താഴെ നോക്കുമ്പോള്‍ തെങ്ങിന്‍ തോപ്പുകള്‍ നിറഞ്ഞിരിക്കുന്നു. കല്‍പേനിയും ആളില്ലാത്ത ദ്വീപുകളായ തിലാക്കവും ചെറിയവും പിന്നെ അറബിക്കടലിന്‍െറ സൗന്ദര്യവുമെല്ലാം ഒരൊറ്റ ഫ്രയിമില്‍ ഉള്‍ക്കൊള്ളിക്കാനാകും. അഗത്തി ദ്വീപുകാരനായ അമീറാണ് ലൈറ്റ് ഹൗസിന്‍െറ ചുമതലയുമായി അവിടെയുണ്ടായിരുന്നത്. അവന്‍ അതിന്‍െറ പ്രവര്‍ത്തനമെല്ലാം വിവരിച്ചുതന്നു. വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ വരെയാണ് ലൈറ്റ് പ്രകാശിപ്പിക്കുക. കിലോമീറ്റര്‍ താണ്ടുന്ന ഈ പ്രകാശമാണ് മത്സ്യത്തൊഴിലാളികള്‍ക്കും കപ്പല്‍ സഞ്ചാരികള്‍ക്കും വഴികാട്ടുന്നത്. 1976ലാണ് ലൈറ്റ് ഹൗസ് കമീഷന്‍ ചെയ്തത്.

ലൈറ്റ് ഹൗസിന് അകത്തെ പ്രകാശം നല്‍കുന്ന വലിയ ലെന്‍സ്

അമീറിന്‍െറ കൂടെ തിരിച്ചിറങ്ങി റൂമിലേക്ക് നടന്നു. സ്പോണ്‍സര്‍ ഷമീം ഞങ്ങളെയും കാത്ത് അവിടെനില്‍പ്പുണ്ടായിരുന്നു. ഇനിയാണ് കല്‍പേനിയിലെ വ്യതസ്തമായ അനുഭവത്തിന് സാക്ഷിയാകുന്നത്. ബി.എസ്.എന്‍.എല്ലിന് മാത്രമാണ് ഇവിടെ മൊബൈല്‍ റേഞ്ചുള്ളത്. അതും 2ജി മാത്രം. അത്യാവശ്യം ഫോണ്‍ വിളിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇന്‍റര്‍നെറ്റൊന്നും കിട്ടുകയില്ല. പഞ്ചായത്ത് ഓഫിസെല്ലാം സ്ഥിതി ചെയ്യുന്ന കവലയില്‍ ചെറിയ കഫേയുണ്ട്. അവിടെ പോയാല്‍ വൈഫൈ കിട്ടും. ഒരു ദിവസത്തിന് 10 രൂപയാണ് ചാര്‍ജ്. അഞ്ച് ദിവസത്തേക്ക് 50 രൂപ കൊടുത്തപ്പോള്‍ കടക്കാരന്‍ പാസ്​വേഡ്​ തന്നു. വൈഫൈ ഓണാക്കിയെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നും കാണുന്നില്ല. ഇന്‍റര്‍നെറ്റ് വളരെ സ്​ലോ ആണ്​. മാത്രമല്ല, വേറെയും ആളുകള്‍ ഇതേ കണക്ഷനാണ് ഉപയോഗിക്കുന്നത്. അഞ്ച് മിനുറ്റ് കൂടുമ്പോള്‍ വാട്ട്സ്ആപ്പില്‍ ഓരോ മെസേജ് വന്നാലായി. ഈ കാലത്തും ഇങ്ങനെയൊരു നാടോ? ആരും മൂക്കത്ത് വിരല്‍ വെച്ചുപോകും.

തല്‍ക്കാലം വൈഫൈ ഓണാക്കി ഫോണ്‍ കടയില്‍ വെച്ച് അവിടെയൊന്ന് നടക്കാനിറങ്ങി. ഇതിനടുത്താണ് പ്രധാന സര്‍ക്കാര്‍ ഓഫിസുകളെല്ലാം സ്ഥിതി ചെയ്യുന്നത്. പെട്രോളും അരിയുമെല്ലാം ലഭിക്കുന്ന സൊസൈറ്റി കട, ബി.എസ്.എന്‍.എല്‍ ഓഫിസ്, പോസ്റ്റ് ഓഫിസ്, സര്‍ക്കാര്‍ പ്രസ്, അരി ഗോഡൗണ്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓഫിസ്, പഞ്ചായത്ത് ഓഫിസ്, ലൈബ്രറി തുടങ്ങിയവയെല്ലാമുണ്ട്. ലൈബ്രറിയില്‍ മാസങ്ങള്‍ക്ക് മുമ്പുള്ള മലയാള പത്രങ്ങളാണ് കാണാന്‍ സാധിച്ചത്. ടിവിയാണ് ദ്വീപുകാരുടെ പ്രധാന വിവരസ്രോതസ്സ്. ഇതിന് സമീപം തന്നെയാണ് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍െറ യൂനിറ്റുമുള്ളത്. പുറത്തുനിന്നുള്ള പട്ടാളക്കാരായതിനാല്‍ ഇവര്‍ക്കായി കൊച്ചുക്ഷേത്രവുമുണ്ട്​. ഇവിടെനിന്ന് കുറച്ചുദൂരം നടന്നാല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാൻറുണ്ട്​. ഡീസലാണ് വൈദ്യുതിക്കായി ആശ്രയിക്കുന്നത്.

കല്‍പേനിയില്‍ പട്ടാളക്കാര്‍ ​പ്രാർത്ഥിക്കുന്ന ക്ഷേത്രം

എല്ലാം ചുറ്റിക്കറങ്ങി മൊബൈലിന്‍െറ അടുത്തേക്ക് തന്നെ വന്നു. കാര്യമായ പുരോഗതിയൊന്നുമില്ല. രണ്ട് ദിവസം മുമ്പുള്ള മെസേജുകള്‍ മാത്രമാണ് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍നിന്ന് നമ്മളിപ്പോഴും ദിവസങ്ങള്‍ പിന്നിലാണെന്ന് സങ്കടത്തോടെ ഓര്‍ത്തുപോയി. അപ്പോഴും ദ്വീപുകാരായ കുറെപേര്‍ അവിടത്തെന്നെ ഇരിപ്പുണ്ട്. അവര്‍ക്ക് ഇതൊന്നും ഒരു വിഷയമല്ലാതായി മാറിയിട്ടുണ്ട്. അല്ലെങ്കിലും അവരുടെ ജീവിതം അങ്ങനെയാണ്. ആര്‍ക്കും ഒട്ടും തിരക്കില്ല, വളരെ ശാന്തവും. 4ജി പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ നമ്മളെ കൂടുതല്‍ തിരക്കുകാരാക്കി മാറ്റി. റിലാക്സ്ഡ് ആയിട്ടുള്ള ഒരു ജീവിതം നമുക്ക് അന്യമാണ്. ഇതെല്ലാം അനുഭവിച്ചറിയണമെങ്കില്‍ ലക്ഷദ്വീപില്‍ തന്നെ വരേണ്ടിയിരിക്കുന്നു.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveloguelakshadweepKavarathiKalpeni yatraKuma Beachtravel news്
Next Story