
ഇതാ വീണ്ടും കശ്മീർ...
text_fieldsകാഴ്ചകളുടെ രുചിഭേദങ്ങൾ നുകർന്ന് ഞങ്ങളുടെ വാഹനം സഞ്ചാരം തുടർന്നു. ഡൽഹിയും ഹരിയാനയും കടന്നു പഞ്ചാബിൽ എത്തി. വിശാലമായി പരന്നു കിടക്കുന്ന ഗോതമ്പു പാടത്തിന്റെ ഒത്ത നടുവിൽ കൂടി കാഴ്ചകളും, കാറ്റും ആസ്വദിച്ചു യാത്ര ചെയ്യുക എന്നത് ഏതൊരു സഞ്ചാരിയുടെയും ആഗ്രഹമാണ്. ശരീരത്തിന് കരുത്ത് കൂടുതലാണെങ്കിലും പഞ്ചാബികളുടെ മനസ്സ് ലോലമാണ് എന്ന് ഞങ്ങൾക്ക് അനുഭവപ്പെട്ടു. ലുധിയാനയും, ജലന്ധറും ഒക്കെ പഞ്ചാബിലെ വലിയ മാർക്കറ്റുകൾ തന്നെയാണ്. യാത്രയുടെ ഭാഗമായി പല സ്ഥലങ്ങളിലും താമസിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ ലഭിച്ചത് നല്ല അനുഭവങ്ങൾ മാത്രമായിരുന്നു.
രണ്ടാം ദിവസം പത്താൻകോട്ട് എത്തുമ്പോൾ ഏകദേശം 600 കിലോ മീറ്റർ പിന്നിട്ടിരുന്നു. നാല് വണ്ടികളിൽ ഒന്നിന് ബ്രേക്ക് നഷ്ടമായത് അപ്പോഴാണ്. വാടകയ്ക്ക് എടുത്ത വണ്ടിയാണത്. ഉച്ചക്ക് രണ്ട് മണിക്ക് പത്താംകോട്ടിലെ വർക്ക് ഷോപ്പിൽ പണിക്ക് കയറ്റി. റിപ്പയർ ചെയ്തു പലതവണ ശരിയാക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ഇനി പുതിയ കിറ്റ് വാങ്ങി ഘടിപ്പിക്കുകയല്ലാതെ രക്ഷയില്ല. അതിനാണെങ്കിൽ 8500 രൂപ ആകും. റെൻറിനു എടുത്ത വണ്ടി ഇങ്ങനെ ഒക്കെയാണ് പണി തരുന്നത് എന്ന് കേട്ടിട്ടുണ്ട്. അത് നേരനുഭവമായി. സമയം വൈകുന്നേരം 6. 30. സാധാരണ എല്ലാ ഷോപ്പും അടയ്ക്കുന്ന സമയം. തൊഴിലാളികൾ പലതും വീട്ടിലേക്കു പോകാൻ ഒരുങ്ങുന്നു. എങ്കിലും ഞങ്ങളുടെ മുഖത്തെ നിസ്സഹായത കണ്ടു അവർ പറഞ്ഞു
'ഞങ്ങൾ ഇത് ഇപ്പോൾതന്നെ ശരിയാക്കി തരാം. സമയത്തിന്റെ വില ഞങ്ങൾക്കറിയാം...'
സാധാരണ 6:30 ന് അടക്കുന്ന വർക്ക് ഷോപ്പ് അന്ന് രാത്രി ഒമ്പതു മണിക്കാണ് അടച്ചത്. അതും ഞങ്ങൾക്ക് വേണ്ടി. സമയം വൈകിയെങ്കിലും അവിടെ നിന്നും ജമ്മു ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തിരിച്ചു.

രാത്രി 12 മണി ആയപ്പോൾ ജമ്മു എത്തി. ജമ്മുവും ശ്രീനഗറും ലഡാക്കും ചേർന്നതാണ് ജമ്മു കശ്മീർ. വേനൽകാലത്ത് ശ്രീനഗറും മഞ്ഞു കാലത്ത് ജമ്മുവും തലസ്ഥാനങ്ങളായി മാറും. പിറ്റേന്ന് രാവിലെ ജമ്മുവിൽ നിന്നും ശ്രീനഗർ ലക്ഷ്യമാക്കി ഞങ്ങളുടെ യാത്ര ആരംഭിച്ചു. അമർനാഥ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് റോഡുകളിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ശ്രീനഗർ അടുക്കുംതോറും കാലാവസ്ഥ തണുപ്പായി തുടങ്ങിയിരുന്നു. താഴ്വാരങ്ങളും കുന്നുകളും പാടങ്ങളും കശ്മീറിന്റെ മൊഞ്ച് ഒന്ന് വേറെ തന്നെ..

രാജ്യത്തെ ഏറ്റവും നീളം കൂടിയ ബനാനി തുരങ്കം ഈ പാതയിലാണ്. ഒമ്പതു കിലോ മീറ്ററാണ് ഇതിെൻറ ദൈർഘ്യം. തുരങ്കത്തിനകത്തുളള സംവിധാനത്തെ കുറിച്ചും തുരങ്കത്തിലൂടെയുള്ള യാത്രയെ കുറിച്ചും എടുത്തു പറയേണ്ടത് തന്നെയാണ്. ബനാനിയിൽ നിന്നും നിശരി വരെയാണ് ഈ തുരങ്കം. തണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളി പോലെയുള്ള നീളൻ കുപ്പായം ധരിച്ച് പുരുഷൻമാരും സ്ത്രീകളുമൊക്കെ കൂടെ നടക്കുന്നു. കൈ രണ്ടും അകത്തേക്ക് മടക്കിപ്പിടിച്ച് ആവശ്യത്തിനു മാത്രം പുറത്തേക്കിട്ടാണ് അവർ നടക്കുന്നത്. ആപ്പിൾ പോലെ ചുവന്നു തുടുത്ത സുന്ദരൻമാരും സുന്ദരികളുമാണ് കശ്മീരികൾ. പാക്കിസ്താൻ, അഫ്ഗാനിസ്താൻ, ചൈന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് കശ്മീർ. കശ്മീരിെൻറ ഏകദേശം 90 ശതമാനവും ജനവാസമില്ലാത്ത മലകളാലും കുന്നുകളാലും മൂടപ്പെട്ടിരിക്കുന്നു. പീർ- പഞ്ചാൽ മലനിരകളിലുള്ള ബനിഹാൽ ചുരത്തിലൂടെയാണ് ജമ്മുവിൽ നിന്നും കശ്മീരിലേക്ക് എത്തുന്നത്. കുങ്കുമപ്പാടങ്ങൾ, ദേവദാരു, ആപ്പിൾ, ആപ്രിക്കോട്ട്, ചിനാർ മരങ്ങൾ, മുള, ചോളം നെല്ല് എന്നിവ കൃഷി ചെയ്യുന്ന സാധാരണ ജനങ്ങൾ ആണ് കശ്മീരിൽ കൂടുതൽ. ആട് വളർത്തൽ ഇവരുടെ പ്രധാന ജോലിയാണ്. ചെമ്മരിയാടിന്റെ തോല് കൊണ്ട് പുതപ്പുണ്ടാകുന്ന ഒരുപാട് വ്യവസായ സ്ഥാപനങ്ങൾ എവിടെയും കാണാം.

പെഹെൽഗം,ഗുൽബർഗ് എന്നിവ ഒക്കെയാണ് കാശ്മീരിലെ കാഴ്ചകളുടെ സ്വർഗം. താഴ്വാരങ്ങളിൽ കൂടി തണുപ്പും നുകർന്നു മലകളും പച്ചപ്പും കണ്ടു യാത്ര ചെയ്‌താൽ അടുത്തൊന്നും പിന്നെ നാട്ടിലേക്ക് മടങ്ങാൻ തോന്നില്ല, അത്രയ്ക്ക് സുന്ദരമാണ് കശ്മീർ. പണ്ട് ആരോ പറഞ്ഞതുപോലെ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് കശ്മീരാണ് എന്ന പരമ സത്യം ബോധ്യമായ ദിവസങ്ങൾ. ഒരുപാട് പൂന്തോട്ടങ്ങളും താടാകങ്ങളും നിറഞ്ഞ കശ്മീർ ഇന്ത്യയുടെ പൂന്തോട്ട സംസ്ഥാനം കൂടിയാണ്. മുഗൾ ഗാർഡൻ, തുലിപ് ഗാർഡൻ എന്നിങ്ങനെ നീണ്ടുകിടക്കുന്നു പൂന്തോട്ടങ്ങളുടെ നിര. ലോക പ്രശസ്തമായ തുലിപ് ഗാർഡൻ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഏപ്രിൽ മാസമാണ് തുലിപ് പൂക്കുന്നത്. മുഗൾ ഗാർഡന്റെ മുൻവശത്ത് പരന്നു കിടക്കുന്ന ദാൽ തടാകം കാണാൻ ഭംഗി ഒന്ന് വേറെ തന്നെ. ദാൽ തടാകത്തിൽ ശിക്കാർ വള്ളങ്ങളിലൂടെയുള്ള യാത്രാ അനുഭൂതിയും ഉഷാറാണ്. രാത്രി സമയത്ത് ശിക്കാർ വള്ളത്തിൽ വെളിച്ചം കൂടിയാവുമ്പോൾ മൊഞ്ചു കൂടി കൂടി വരും. പ്രാവുകൾ പള്ളി മിനാരങ്ങളിലേക്കും മറ്റും ചേക്കേറും.

തണുപ്പ് കാലത്ത് മൈനസ് ഡിഗ്രി വരെ പോകുന്ന കശ്മീരിലെ വീടുകൾ പണിതിരിക്കുന്നത് പ്രത്യേക രീതിയിലാണ്. തടികൾ കൊണ്ട് നിർമിച്ച കെട്ടിടങ്ങളുടെ ഭംഗി എടുത്തു പറയണം. എല്ലാം ക്യാമറയിൽ ഒപ്പിയെടുക്കാനും സാധിച്ചു. പെഹൽഗാം ആട്ടിടയന്മാരുടെ ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. എമറാൾഡ് ഗ്രീൻ നിറമുള്ള ലിസ്സർ നദിയാണ് ഇവിടത്തെ ഏറ്റവും പ്രത്യേകത. അതുപോലെ ലോകത്തിലെ ഏറ്റവും നീളം കൂടിയ കേബിൾ കാർ ഉള്ളത് കശ്മീരിലെ ഗുൽബർഗിൽ ആണ്. മട്ടൺ കൊണ്ടുള്ള വിവിധ തരം ഭക്ഷണം ഉണ്ടാക്കുന്നവരാണ് കാശ്മീരികൾ. റോഗൻ ജേഷാ, മട്ടൺ റിബ്സ് ഫ്രൈ എന്നിങ്ങനെ പോകുന്നു ലിസ്റ്റ്.
(തുടരും)