കാണാതെ പോയ സിന്തൻ ടോപ്

  • സമുദ്രനിരപ്പിൽ നിന്ന് 12,000 അടി ഉയരത്തിൽ സ്​ഥിതി ചെയ്യുന്ന ഒരു സ്വപ്​നമാണ്​ സിന്തൻ ടോപ്

  • ചിത്രങ്ങൾ: ചിന്നു ഷാന

കശ്​മീരിൽ എത്തിയാൽ സിന്തൻ ടോപ്​ കാണാതെ മടങ്ങരുതെന്ന്​ മുഷറഫ്​ ഞങ്ങ​ളോട്​ പറഞ്ഞിരുന്നു

ശ്​മീരിൽ പോയാൽ സിന്തൻ ടോപ്​ കാണാതെ മടങ്ങരുതെന്ന്​ പറഞ്ഞത്​ മുശറഫായിരുന്നു. ചപ്പു എന്ന്​ കൂട്ടുകാർ വിളിക്കുന്ന മുഷറഫും കൂട്ടുകാരായ അസ്​ഹർ, ബശാവത്ത്​ എന്നിവരും പഠനത്തിനായി വന്നവരാണ്​. അവരുടെ നാടിനെക്കുറിച്ച വർണനകളിൽ സിന്തൻ ടോപ്​ തലയെടുത്തു നിന്നിരുന്നു. മഞ്ഞി​​​​​െൻറ കിരീടമണിഞ്ഞ്​ ആകാശം മുട്ടി നിൽക്കുന്ന സിന്തൻ ടോപ്​ അങ്ങനെയാണ്​ ഞങ്ങളുടെ സ്വപ്​നങ്ങളെയും അപഹരിച്ചത്​.

മുമ്പൊരിക്കൽ കശ്​മീരിൽ പോയപ്പോൾ പോലും അഗാധമായ കൊക്കകളിലേക്ക്​ നോക്കാൻ ഭയന്ന്​ കണ്ണുംപൂട്ടിയിരുന്നയാളാണ്​ ഞാൻ. എന്നിട്ടും കുടുംബസമേതം യാത്ര പുറപ്പെട്ടപ്പോൾ കൊക്കകളും ഗർത്തങ്ങളുമുള്ള പാതകൾ താണ്ടി കേറിപ്പോകുന്ന സിന്തൻ ടോപ്​ തെരഞ്ഞെടുത്തത്​ മുഷറഫി​​​​​െൻറ വാക്കുകളിലെ ആവേശത്തിൽനിന്നായിരുന്നു.

കശ്മീരിലെ ചുരമിടിയുന്നതിനിടയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നു. (ഞങ്ങളുടെ ടെേമ്പാ ട്രാവലിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുന്നത് മാർക്ക് ചെയ്തിരിക്കുന്നു)
 

ചുരത്തിലെ അപകട സാധ്യതയും ഭയാനകതയും കണക്കിലെടുത്ത് വിമാനത്തിൽ ശ്രീനഗറിലെത്താനായിരുന്നു ആദ്യ ആലോചന. പിന്നീട് രാഷ്ട്രീയ കാരണങ്ങളാൽ പെട്ടെന്ന് ബന്ദോ മറ്റോ ഉണ്ടായാൽ യാത്ര ഒഴിവാക്കേണ്ടി വന്നാൽ വിമാന നിരക്ക് തിരിച്ചുകിട്ടില്ലെന്നതിനാൽ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാലും ചുരം ഇടക്കിടക്ക് മനസ്സിൽ ഒരു ഭയമായി തെളിഞ്ഞു വന്നതിനാൽ വീണ്ടും വിമാനതിനു ശ്രമിച്ചു. നടക്കില്ലെന്നതിനാൽ യാത്ര ബസിൽ തന്നെയാക്കാൻ തീരുമാനിച്ചു. ആദ്യം സിന്തൻ ടോപ്. പിന്നെ ശ്രീനഗറും ഗുൽമാർഗും... അതായിരുന്നു ഞങ്ങളു​െട പ്ലാൻ.

ശ്രീനഗറിലേക്കുള്ള വഴിയിൽ റമ്പാനിലെ ചുരത്തിൽ ചെനാബ് നദിക്കു കുറുകെ നിർമിച്ച ബഗ്ലിഹാർ ഡാം
 

സിന്തൻ ടോപിലേക്ക് വരുമ്പോഴുള്ള കാഴ്ചകളെ കുറിച്ച് മുഷറഫ് വിവരിച്ചിരുന്നു. അനന്തനാഗ് എത്തും മുമ്പേ ഖനബാൽ നിന്ന് തിരിഞ്ഞ് 14 കിലോമീറ്റർ പിന്നിട്ടാൽ അഛബാൽ. ഇവിടെ പ്രസിദ്ധമായ ഒരു പൂന്തോട്ടമുണ്ട്. അതിൽ കയറാൻ മറക്കേണ്ടെന്ന് മുഷറഫ് പറഞ്ഞിരുന്നു. ഇവിടെ താമസിക്കാവുന്ന കുടിലുകളുണ്ട്. സിന്തൻ ടോപിലേക്കുള്ള യാത്രയാണ് ഏറെ രസകരം. മഞ്ഞുറഞ്ഞു കിടക്കുന്നതിനാൽ റോഡ് മാർഗം ചെറിയ വണ്ടികൾ തന്നെ വേണമെന്ന് അവൻ സൂചിപ്പിച്ചു. സമുദ്രനിരപ്പിൽ നിന്ന് 12,000 അടി ഉയരത്തിലാണ് സിന്തൻ ടോപ്. ശ്രീനഗറിൽ നിന്ന് 132 കിലോമീറ്ററാണ് ദൂരം. കശ്മീർ താഴ്‌വരയിലെ ജമ്മു പ്രവിശ്യയിലെ കിശ്ത്വാറിലാണ് സിന്തൻ ടോപ്. ഇത് അനന്ത്നാഗ്-കൊക്കർ നാഗ്-കിശ്ത്വാർ ഹൈവേയിലാണ്. സിന്തൻ ടോപ്പിൽ പ്രാദേശിക ജനവിഭാഗങ്ങളൊന്നുമില്ല. കൊക്കർനാഗിലും ഡാക്സമിലുമൊക്കെയുള്ളവരാണ് ഇവിടെയെത്തുന്നത്.

ഗുൽമാർഗിലെ നാടോടികളുടെ കുടിലുകൾ
 

താഴ്വരയുടെ മറ്റു ഭാഗങ്ങളെ പോലെ തന്നെ സിന്തൻ ടോപ് അതി​​​​െൻറ സൗന്ദര്യത്തിന് പ്രശസ്തമാണ്. കാശ്മീരിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായി ഇവിടം വളരുന്നേയുള്ളൂ. മലകയറ്റത്തിനും ട്രക്കിങിനും സ്കീയിങ്ങിനും ഈ സ്ഥലത്ത് അപൂർവം വിനോദ സഞ്ചാരികളെത്തുന്നു. 360 ഡിഗ്രി വ്യൂ എന്നറിയപ്പെടുന്ന സ്ഥലം കാഴ്ചയുടെ കൗതുകമൊരുക്കുന്നു. കൊക്കർ നാഗ്, അഛബാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് എത്താം. ശ്രീനഗറിൽ നിന്ന് കിശ്ത്വാറിലേക്കോ ഡോഡയിലേക്കോ യാത്ര ചെയ്യുന്നവർ വിശ്രമിക്കുന്ന സ്ഥലം കൂടിയാണ് ഇത്. ബ്രങ്കി താഴ്വരയുടെ തെക്ക്-കിഴക്ക് ഭാഗമാണ് സിന്തൻ ടോപ്. ഇതേ റൂട്ടിലെ മാർഗൻ താഴ്വരയും പ്രസിദ്ധമായ മാർഗൻ ടോപ്പും വരെ സന്ദർശിക്കാം.

ഗുൽമാർഗിലെ ആപ്പിൾ തോട്ടങ്ങളിലൊന്നിൽ പാകമായി വരുന്ന ആപ്പിളുകൾ
 

ഇതൊക്കെയായിരുന്നു സിന്തൻ ടോപ്പിനെക്കുറിച്ച്​ ഞങ്ങൾ അറിഞ്ഞത്​. ആ സ്വപ്നങ്ങളെയും കൂട്ടി സ്ത്രീകളുമൊക്കെയായി ഞങ്ങൾ 36 പേർ യാത്ര തിരിച്ചു. ഡൽഹിയിൽ രാത്രി എട്ട് മണിയോടെ വിമാനമിറങ്ങിയ ഞങ്ങൾ ഭക്ഷണശേഷം നേരത്തെ ഏർപ്പാടാക്കിയ എ.സി. സെമി സ്ലീപർ ബസിൽ കശ്മീരിലേക്ക് പുറപ്പെട്ടു. ഒരു രാത്രിയും പകലും പിന്നിട്ട് കശ്മീരിലേക്ക് കടന്നതോടെ ദൂരെ ആകാശത്ത് മഴക്കാറും ഇടിമിന്നലും കാണാൻ തുടങ്ങി. സന്ധ്യയോടെ ഉദ്ധംപൂരെത്തിയപ്പോഴാണ് ചുരമിടിഞ്ഞ് വഴി ബ്ലോക്കാണെന്നറിയുന്നത്. വാഹനങ്ങൾ പൊലീസ് തടഞ്ഞിട്ടിരിക്കുന്നു. രാവിലെ മുതൽ ഇതാണവസ്ഥ. എന്ന്​ കടത്തി വിടുമെന്ന് പറയാനാവില്ല. ഞങ്ങൾ മുഷറഫിനെ വിളിച്ചു. അവൻ അന്വേഷിച്ച് വിവരം പറഞ്ഞു: ഒരു ഒന്നര ദിവസം പിടിക്കാം കടത്തിവിടാൻ. എന്നിട്ട് ചെക്ക് പോസ്റ്റിൽ ഒന്നുമറിയാത്തപോലെ ‘കള്ളൻമാർ’ 12,000 രൂപ ടാക്സ് വാങ്ങി. ഡൽഹി, ആഗ്ര, അമൃത്​സർ ഒക്കെ ഞങ്ങളുടെ യാത്രാപരിപാടികളിലുണ്ടെങ്കിലും സിന്തൻ ടോപ് കാണാനുള്ള അത്യാഗ്രഹംകൊണ്ടാണ് നേരെ കശ്മീരിലേക്ക് വെച്ച് പിടിച്ചത്. തിരിച്ച് ഡൽഹിയിൽ നിന്ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനാൽ ഞങ്ങൾക്ക് കാത്ത് കിടക്കാൻ സമയവുമില്ല. അതിനാൽ ബസ് തിരിച്ച് പഞ്ചാബിലേക്ക് വിടാൻ തീരുമാനിച്ചു.

ശ്രീനഗറിലെ ലാൽ ചൗക്കിലെ തെരുവുകച്ചവടം
 

അപ്പോഴാണ് പുതിയ പ്രശ്നം. മൂന്ന് ദിവസത്തേക്കാണ് ടാക്സ് അടച്ചതെങ്കിലും ജമ്മു വിട്ട് തിരിച്ച് കയറണമെങ്കിൽ ദിവസം കഴിഞ്ഞിട്ടില്ലെങ്കിലും വീണ്ടും 12000 രൂപ ടാക്സടക്കണമെന്ന്. ആ ചതിക്ക് വഴങ്ങുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. നേരേ അമൃതസറൊക്കെ കണ്ട്​ തിരികെ കശ്​മീരിലെത്തിയെങ്കിലും വീണ്ടും ടാക്സ് അടക്കേണ്ടിവന്നു. കുറച്ച് മുമ്പോട്ട് പോയപ്പോൾ പൊലീസ് ബസ് തടഞ്ഞു. അവിടെ കൈമടക്ക്​ കൊടുത്തപ്പോൾ കടത്തിവിട്ടെങ്കിലും കുറച്ച് മുമ്പോട്ട് പോയപ്പോൾ വീണ്ടും തടഞ്ഞു. ഇത്തവണ കൈമടക്ക് പ്രയോഗം ഫലം കണ്ടില്ല. കുറച്ചു വെയ്റ്റ് ചെയ്യാൻ പറഞ്ഞു. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചെറിയ ടെമ്പോ ട്രാവലറുകൾ കടത്തിവിടാമെന്നായി. ഞങ്ങൾ മറ്റൊന്നും ചിന്തിക്കാതെ മൂന്ന് ട്രാവലറുകൾ സംഘടിപ്പിച്ച് സിന്തൻ ടോപ്പിനോടുള്ള സ്നേഹത്താൽ യാത്ര തുടർന്നു. അഗാധമായ കൊക്കകൾക്കരികിലൂടെയുള്ള റോഡ് പഴയതുപോലെ തന്നെ.

ഹസ്രത്ത് ബാൽ മസ്ജിദിന് സമീപം
 

അങ്ങിങ് റോഡുപണി നടക്കുന്നു. വാഹനങ്ങളാണെങ്കിലോ എക്സ്പ്രസ് ഹൈവേയിലൂടെ പോകുന്ന പോലെയാണ് പായുന്നത്​. ഇപ്പോൾ കൊക്കയിൽ ചാടുമെന്ന് തോന്നിപ്പോകും. ഞങ്ങളുടെ വാഹനങ്ങളിലെ സ്ത്രീകൾ കണ്ണുമടച്ചിരിക്കുകയാണ്. അത് കണ്ട് രസം പിടിച്ച ഡ്രൈവർമാർ ഇടക്കിടക്ക് വണ്ടി കൊക്കയിലേക്ക് വെട്ടിച്ച് പേടിപ്പെടുത്താൻ തുടങ്ങി. പെണ്ണുങ്ങൾ കൂക്കിയാർത്ത് നിലവിളിക്കാനും. വാഹനങ്ങൾ അങ്ങനെ നീങ്ങവേ ഇടക്ക് വീണ്ടും ബ്ലോക്ക് വന്നു. വണ്ടികൾ കുറേശ്ശെയേ കടത്തിവിടുന്നുള്ളൂ. ചുരം ഇടിഞ്ഞുകൊണ്ടിരിക്കുന്നതും ഒപ്പം മണ്ണുമാന്തി ഉപയോഗിച്ച്​ മണ്ണ് നീക്കം ചെയ്യുന്നതും   കൺമുന്നിൽ കാണാം. മുകളിൽ നിന്ന് മണ്ണ് ഊർന്ന് വീണുകൊണ്ടിരിക്കുന്നു. ഇതിനിടയിലൂടെ വേണം ജീവൻ കൈയിൽ പിടിച്ച് വാഹനങ്ങൾക്ക് കടന്നു പോകാൻ. തൊട്ട് മുമ്പിലുള്ള ഞങ്ങളുടെ കൂടെയുള്ളവരുടെ വാഹനം നിരങ്ങി നീങ്ങിയതും ഒരു മൺകൂന അടർന്നുവീണതും ഒരുമിച്ചായിരുന്നു. വണ്ടിയിൽ നിന്ന് കൂട്ട നിലവിളിയുയർന്നു. ഡ്രൈവർ വണ്ടി വെട്ടിച്ചെടുത്തു. മണ്ണ് വാഹനത്തി​​​​െൻറ സൈഡിലൂടെ വലതുഭാഗത്തെ ചക്രങ്ങൾക്കടുത്തു വീണു. ഡ്രൈവർ ഒന്നും സംഭവിക്കാത്ത പോലെ വണ്ടിയുമായി കുതിച്ചു. അതിലെ ഡ്രൈവറുടെ പേര് അശ്റഫ് അമീൻ എന്നായിരുന്നു.

സിന്തൻ ടോപ് അടുത്തു കാണുേമ്പാൾ
 

അവരുടെ ട്രാവലറിന് പിന്നാലെ ഞങ്ങളുടെ വാഹനവും കടന്നു. പിന്നെ വഴിയിലുടനീളം വരി നിന്നും പറന്നും ഒക്കെയായിരുന്നു യാത്ര. സ്ത്രീകളുടെ ഭയത്തെ കളിയാക്കി ഞങ്ങളുടെ വണ്ടിയിലെ ഡ്രൈവറായ ചെറുപ്പക്കാരൻ സിക്കുകാരൻ കൊക്കയിലേക്ക് വെട്ടിച്ചുകൊണ്ട് പേടിപ്പിച്ചുകൊണ്ടിരുന്നു. മറ്റു രണ്ടു വണ്ടിയിലെ ഡ്രൈവർമാരും മോശമില്ലായിരുന്നു. അതിൽ ഏറ്റവും ‘പൊട്ടിത്തെറിച്ചത്’ അശ്റഫ് അമീൻ ആയിരുന്നു. അവൻ ഇടക്കിടക്ക് പട്ടാളവണ്ടിയിലെ പട്ടാളക്കാരുടെ ശാസനയൊന്നും വകവെക്കാതെ വണ്ടിയോടിച്ചുകൊണ്ടിരുന്നു. രാത്രിയാകാൻ തുടങ്ങിയതിനാൽ ശ്രീനഗറിലെത്തി പിറ്റേന്ന് ഗുൽമാർഗും അതിന് പിറ്റേന്ന് സോണാമാർഗും കണ്ട് തിരികെ വരുമ്പോൾ സിന്തൻടോപ്പ് എന്നാക്കി യാത്രാപരിപാടി മാറ്റി. എന്തായാലും രാത്രി ഒമ്പതോടെ ശ്രീനഗറിലെത്തി. സ്റ്റാർ ഓഫ് കാശ്മീരിലായിരുന്നു താമസം. ഭക്ഷണം. കിടത്തം.   രാവിലെ എഴുന്നേറ്റ് ബ്രേക്ക് ഫാസ്റ്റിന് ശേഷം ഗുൽമാർഗിലേക്ക് പോയി. അവിടത്തെ കറക്കശേഷം വൈകീട്ട് ലാൽ ചൗക്കിൽ സാധനങ്ങൾ വാങ്ങാൻ കറങ്ങി. വിലക്കുറവൊന്നും കാണാത്തതിനാൽ ആരും അധികമൊന്നും വാങ്ങിയില്ല. മാത്രമല്ല പേശാൻ നിന്നപ്പോൾ വഴിവാണിഭക്കാരുടെ കണക്കറ്റ ചീത്തയും കേൾക്കേണ്ടി വന്നു. ഹൗ അവർക്ക് കുറച്ച് തരാൻ പറ്റില്ലെങ്കിൽ ഇങ്ങനെ ചൂടാകണോ. തരില്ലെന്ന്‌ പറഞ്ഞാൽ പോരേ. ഞങ്ങൾ ‘കച്ചവടം’ മതിയാക്കി വേഗം മുറിയിലേക്ക് തിരിച്ചു.

സിന്തൻ ടോപ് അകലെ നിന്ന്
 

അവിടെയെത്തിയപ്പോഴാണ് പിറ്റേന്ന് കഴിഞ്ഞാൽ രണ്ട് ദിവസം കർഫ്യൂ ആണെന്ന് പത്രത്തിൽ കാണുന്നത്. സിന്തൻ ടോപ് കുളമാകുമോയെന്നായി ആശങ്ക. നാളെ വൈകീട്ട് വിടേണ്ടി വരുമെന്നായി. എന്നാൽ നാളെ തങ്ങി പിറ്റേന്ന് പുലർച്ച നാല് മണിക്ക് പോയാൽ മതിയെന്ന് ഹോട്ടലുകാർ. പിറ്റേന്ന് എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഹസ്രത്ത് ബാൽ പള്ളി, മുഗൾ-ഷാലിമാർ-നിഷാത് ബാഗ് പൂന്തോട്ടങ്ങളൊക്കെ കണ്ട് നടക്കവേ അനന്ത് നാഗിൽ വെടി പൊട്ടിയതായും ഒരാൾ മരിച്ചതായും അറിയിപ്പ് വന്നത്. ഇനിയെന്ത് സംഭവിക്കുമെന്നറിഞ്ഞു കൂട. അടുത്തു കണ്ട പൊലീസുകാരോടന്വേഷിച്ചു. ഇന്ന് തങ്ങി പുലർച്ച പോകുന്നതാകും ബുദ്ധിയെന്ന് അവർ പറഞ്ഞു. എന്നാൽ നാട്ടുകാർ പറഞ്ഞത്, നിങ്ങൾക്ക്​ ഇപ്പോൾ തന്നെ പോകാം. ടൂറിസ്റ്റുകൾക്ക് ഒരു തടസ്സവുമുണ്ടാകില്ലെന്നാണ്. അത് വിശ്വസിച്ച് ഞങ്ങൾ ഉടൻ പുറപ്പെട്ടു. വഴിയിൽ കുഴപ്പമൊന്നുമുണ്ടായില്ല. അനന്ത്നാഗിനടുത്തെത്തിയപ്പോൾ സിന്തൻ ടോപ്പിലേക്കുള്ള വഴിയെ നോക്കി നെടുവീർപ്പിട്ട് ചുരമിറങ്ങി. എന്നിരുന്നാലും കശ്മീരിലെ ഗുൽമാർഗും ശ്രീനഗറുമടക്കമുള്ള മറ്റു സ്ഥലങ്ങളും മുഗൾ-നിഷാത് ബാഗ്-ഷാലിമാർ പൂന്തോട്ടങ്ങളും നേരത്തെ തീരുമാനിച്ചതനുസരിച്ചുള്ള പഞ്ചാബിലെ സുവർണക്ഷേത്രം, വാഗ, ആഗ്ര ഫോർട്ട്, താജ് മഹൽ, ഡൽഹി എന്നിവയൊക്കെ കൺകുളിർക്കെ കണ്ട് സംതൃപ്തിയടഞ്ഞ് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു.

ഹസ്രത്ത് ബാൽ മസ്ജിദിന് സമീപത്തെ തടാകത്തിലെ പ്ലാസ്റ്റിക് വേസ്റ്റുകൾ നീക്കുന്ന തൊഴിലാളി
 

നാട്ടിലെത്തി ഒരാഴ്ച്ച കഴിഞ്ഞ് ഒരു വാർത്ത: കശ്മീരിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവറുൾപ്പെടെ 15 പേർ മരിച്ചെന്ന്. ആ ഡ്രൈവറുടെ പേർ അശ്റഫ് അമീൻ... കൂടെയുള്ളവർ പറയുന്നു അത് നമ്മളെ കൊണ്ടുപോയ അശ്റഫ് അമീൻ തന്നെയെന്ന്. പക്ഷേ, അന്നത്തെ കശ്മീരിലെ പത്രങ്ങൾ നെറ്റിൽ പരതിയപ്പോൾ വാർത്തകൾ കണ്ടെങ്കിലും അവ​​​​​െൻറ ഫോട്ടോ മാത്രം കണ്ടില്ല. ആരുടെയും നമ്പറും കൈയിലില്ല. സിന്തൻടോപ്പ് കാണാത്തതിലുള്ള ദുഃഖത്തേക്കാൾ അശ്റഫ് അമീ​​​​െൻറ വിയോഗം തണുത്തുറഞ്ഞ് മനസ്സിൽ കിടന്നു.

ഞങ്ങളുടെ യാത്രാസംഘം വഴിമധ്യേ
 

 

Loading...
COMMENTS