Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightവിജനമാം തെരുവീഥികള്‍

വിജനമാം തെരുവീഥികള്‍

text_fields
bookmark_border
വിജനമാം തെരുവീഥികള്‍
cancel

 നഗരങ്ങളിലെ ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോഴെല്ലാം ചിരിക്കുന്ന മുഖവുമായാണല്ലോ ജീവനക്കാര്‍ സാധാരണയായി നമ്മളെ സ്വാഗതം ചെയ്യുക. ഒരിക്കല്‍ ഡല്‍ഹിയില്‍ പൂമാലയിട്ടും സ്വീകരിച്ചതോര്‍ക്കുന്നു. എന്നാല്‍, ഇംഫാലില്‍ ഞങ്ങള്‍ക്കായി ബുക്ക് ചെയ്ത ഹോട്ടലിൻെറ ഉമ്മറത്തുകണ്ട കാഴ്ച  എന്തെന്നില്ലാത്ത മന്ദഹാസം വിടര്‍ത്തി. നല്ല ഒന്നാന്തരമൊരു മെഷിന്‍ ഗണ്ണുമായി ഒരൊന്നൊന്നരപ്പോന്ന ചെറുപ്പക്കാരനാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. സൂക്ഷിച്ചു നിന്നാല്‍ നിനക്കൊക്കെ നല്ലത് എന്നത് മട്ടില്‍. ഈ കാഴ്ചയിലെ കൗതുകവും നര്‍മവും ആ പാറാവുകാരനുമായി പങ്കുവെക്കാനും ഞാന്‍ മറന്നില്ല. 
 

ടംഫ ഹോട്ടലിലെ റിസപ്ഷനിൽ തോക്കുമായി പാറാവുകാരൻ
 


ഇംഫാല്‍ നഗരത്തില്‍ ഇന്‍ഡൊ-മ്യാന്‍മര്‍ റോഡിലെ ടംഫ ഹോട്ടലിലായിരുന്നു ഞങ്ങള്‍ ആദ്യം മുറിയെടുത്തത്. നിരക്ക് മിതമായിട്ടേ തോന്നിയുള്ളൂ. പ്രിമിയര്‍ റൂം ഡബിളിന് ഒരു ദിവസത്തേക്ക് 1400 രൂപ. മറ്റുള്ളവ അതിലും ചുവടെ. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ഞങ്ങള്‍ ഹോട്ടലില്‍ കയറിയത്. നല്ല വിശപ്പുണ്ടായിരുന്നു. അകത്തുകയറി കുളിയൊക്കെ കഴിച്ച് ഹോട്ടല്‍ തേടി പുറത്തിറങ്ങി. ആദ്യം കണ്ട ഹോട്ടലില്‍ കയറിയപ്പോള്‍ അല്‍പ്പം വിമ്മിഷ്ടം തോന്നി. വൃത്തിയും ചുറ്റുപാടും അത്രയ്ക്കങ്ങ് ദഹിക്കുന്നില്ല. കുശിനിയുടെ ഏരിയ വല്ലാത്ത ഒരുതരം മനംപിരട്ടലുണ്ടാക്കി. പോരെങ്കില്‍ ഒരു യാത്രകഴിഞ്ഞുകൂടി വരുന്നതാണല്ലോ. അതിനാല്‍ ഞങ്ങള്‍ ഒരു 'ദൂസരാ' ഹോട്ടല്‍ തേടി നടന്നു. ഈ സമയം നഗരത്തില്‍ പട്ടാളട്രക്കുകള്‍ തുരുതുരാ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. പട്ടാളക്കാര്‍ ഡ്യൂട്ടി കഴിഞ്ഞു പോവുകയാണെന്നു തോന്നുന്നു. നമ്മുടെ നാട്ടിലെ പോലെ കളിതമാശ പറഞ്ഞല്ല ജവാന്‍മാരുടെ പോക്ക്. അല്‍പ്പം ഗൗരവത്തോടെയാണ്. ഊരിപ്പിടിച്ച തോക്കും ഉയര്‍ത്തിപ്പിടിച്ചു കൈകളുമായി. ഏത് ഇന്ദ്രനും ചന്ദ്രനും വന്നാലും ഞങ്ങള്‍ ഓകെ എന്ന മട്ടില്‍. 
 

തെരുവിൽ കച്ചവടം ചെയ്യുന്ന സ്ത്രീകൾ
 


വൈകാതെ ഞങ്ങള്‍ പുതിയൊരു  ഹോട്ടല്‍ കണ്ടുപിടിച്ചു. വൈകിട്ട് നാലു മണിയായിട്ടും ബിരിയാണിയും ഫ്രൈഡ് റൈസുമൊക്കെ ആളുകള്‍ തട്ടിവിടുന്നുണ്ട്. പൊറാട്ടയ്ക്ക് കറി എന്താണെന്ന് ചോദിച്ചു. ബീഫും കോഴിയും ഡാലും സബ്ജിയും എന്നു മറുപടി. ഹാവൂ. സമാധാനമായി. വീട്ടില്‍നിന്ന് പോരുമ്പോള്‍ ഭാര്യ പ്രത്യേകം ഏല്‍പ്പിച്ചിരുന്നു. ബീഫ് കഴിക്കുകയോ ഹോട്ടലില്‍ ചോദിക്കുകയോ ചെയ്യരുതെന്ന്. ഇതിപ്പോള്‍ അങ്ങോട്ടു ചോദിക്കാതെതന്നെ ഇങ്ങോട്ടു പറഞ്ഞല്ലോ. പോരെങ്കില്‍ ആളുകള്‍ യഥേഷ്ടം ബീഫ് ഓര്‍ഡര്‍ ചെയ്യുകയും കഴിക്കുകയും ചെയ്യുന്നുണ്ട്. മണിപ്പൂരില്‍ ഈ വക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്നറിഞ്ഞതില്‍ സന്തോഷമായി.
 

ഇംഫാലിലെ ട്രാവൽ ഏജൻസികൾ
 


എല്ലാവര്‍ക്കുമായി ഒരു ബീഫും ഡാലും ഓര്‍ഡര്‍ ചെയ്തു. ബീഫ് കിടുക്കാച്ചി ആയിരുന്നെങ്കിലും ഡാലിന് ഉത്തരേന്ത്യന്‍ ഡാലിന്റെ രുചി കിട്ടിയില്ല. കടുകെണ്ണയുടെ സാന്നിധ്യമായിരിക്കണം, ഭക്ഷണങ്ങളില്‍ ഇഷ്ടപ്പെടാത്ത എന്തോ ഒന്ന് യാത്രയുടെ  അവസാനംവരെയുള്ള മെനുകളില്‍ മുഴച്ചുനിന്നു. 
റൂമിലെത്തി ചെറുതായൊന്നു മയങ്ങി. സമയം ആറര. ചാടിപ്പിടഞ്ഞെഴുന്നേറ്റു. പുറത്തൊക്കെ ഒന്നിറങ്ങണമല്ലോ. നാളെ മുതല്‍ ജോലിത്തിരക്കായിരിക്കും. അപ്പോള്‍ ഒരുപക്ഷേ പര്‍ച്ചേസിന് അവസരം കിട്ടിയെന്ന് വരില്ല. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും വീട്ടില്‍ കുഞ്ഞുങ്ങളുണ്ട്. പോരെങ്കില്‍ മണിപ്പൂരില്‍ ഏതാണ്ടെന്തോ ഒക്കെ വാങ്ങാന്‍ കിട്ടും എന്നൊരു ധാരണയും മനസില്‍ എങ്ങനെയോ പതിഞ്ഞുകിടപ്പുണ്ട്. നമ്മുടെ കൈത്തറി മേളകളിലെ മണിപ്പൂരി ഇനങ്ങള്‍ കണ്ടതുകൊണ്ടാണോ, എന്തോ.. എന്തായാലും പുറത്തിറങ്ങി. ആറര മണിയെന്നൊക്കെ പറഞ്ഞാല്‍ പുറത്തിറങ്ങിയപ്പോള്‍ നമ്മുടെ നാട്ടിലെ ഒരു എട്ടര മണിയുടെ ലുക്കൊക്കെ ഉണ്ട്. അത്രേം കറുത്തിരുണ്ടിരിക്കുന്നു ചുറ്റുപാടും. ഞാന്‍ നെറ്റെടുത്ത് ഇംഫാലിലെ അസ്തമന സമയം പരിശോധിച്ചു. വൈകിട്ട് 05.06ന് സൂര്യന്‍ തൊഴിലൊക്കെ പൂര്‍ത്തിയാക്കി പഞ്ചിങ് ചെയ്ത് പുറത്തുപോകും എന്നു മനസിലായി. 

നഗരത്തിൽ ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാരൻ
 


നഗരത്തില്‍ കണ്ട കാഴ്ചകള്‍ അതിലേറെ രസകരമായിരുന്നു. അങ്ങിങ്ങ് ആരെങ്കിലും  ഉണ്ടെങ്കിലായി എന്നതാണ് റോഡിന്റെ സ്ഥിതി. വാഹനങ്ങളും അത്യാവശ്യത്തിന് മാത്രം. കടകള്‍ അതിലും വിരളം. മണിപ്പൂരിയാണ് (Meiteilon) നാട്ടുകാരുടെ പ്രധാന ഭാഷ. കൂടെയുള്ള സുഹൃത്ത് സുല്‍ത്താന്‍ അവന്റെ ഉത്തരേന്ത്യന്‍ തൊഴില്‍ പരിചയംവച്ച് വളരെ നന്നായി ഹിന്ദി കൈകാര്യം ചെയ്യും. അത്യാകര്‍ഷകമായിത്തന്നെ. ഞാന്‍ ഇപ്പോഴും ധോടാ ധോടാ മാലൂ.. ആണ്. കുറെക്കൂടി എളുപ്പം ഇംഗ്ലീഷ് ആയതിനാല്‍ ആംഗലേയം വച്ചാണ് പലപ്പോഴും മറ്റുള്ളവരെ നേരിടുക. നമ്മുടെ ആക്‌സന്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും അവര്‍ അത്യാവശ്യം ഇംഗ്ലീഷും ഗ്രഹിച്ചെടുക്കുന്നുണ്ട്.

തെരുവിൽ പഴയ നാണയങ്ങൾ വിൽക്കുന്നു
 


തൊട്ടടുത്ത മാര്‍ക്കറ്റ് എവിടെയാണെന്ന് ഞങ്ങള്‍ ഹിന്ദിയിലും ഹിംഗ്ലീഷിലുമൊക്കെയായി നാട്ടുകാരോടു ചോദിച്ചു. മാര്‍ക്കറ്റൊക്കെ അഞ്ചു മണിയോടെ അടയ്ക്കുമെന്നായിരുന്നു മറുപടി. എന്നാപ്പിന്നെ ഞങ്ങള്‍ വിടാന്‍ ഉദ്ദേശമില്ലെന്ന മട്ടില്‍ കുറച്ചുകൂടി ചുറ്റിക്കറങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, എല്ലായിടങ്ങളിലും ഭയപ്പെടുത്തുന്ന നിശബ്ദതയും വിജനതയും മാത്രം. പട്ടാളക്കാര്‍ ധാരാളമായി ഉണ്ട്. ഇതോടെ ആളുകളുടെ ഉള്ളില്‍ എപ്പോഴും ഒരു ഭീതി ഉണ്ടെന്നും രാത്രി പുറത്തിറങ്ങുന്നത് അത്ര പന്തിയല്ലെന്നും ഞങ്ങള്‍ക്കു മനസിലായി. അല്ലെങ്കില്‍ സൈന്യത്തിന്റെ സാന്നിധ്യത്തെ അവര്‍ ഭയക്കുന്നുണ്ട്. അതുകൊണ്ട് രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. 

(തുടരും)

Show Full Article
TAGS:india Tour Manipur Travelogue manipur travel madhyamam travel malayalam news 
Web Title - Manipur Travelogue Series -2 -Travel News
Next Story