അശാന്തിയുടെ താഴ് വര

  • എരിവേറും മുളകുപാടങ്ങളിൽ-  മണിപ്പൂർ യാത്ര 03

ബന്ദ് ദിനത്തിൽ ഇംഫാൽ നഗർ (ചിത്രങ്ങൾ: ജഷാദ് അച്ചു)

മണിപ്പൂർ റൈഫിൾസും ഇന്ത്യാ റിസർവ് ബറ്റാലിയനും ബോർഡർ സെക്യൂരിറ്റി ഫോഴ്സും ഉൾപ്പെടെ പട്ടാളക്കാരാൽ സമൃദ്ധമാണ് മണിപ്പൂർ താഴ്വര. 14,000ലേറെ പൊലീസുകാരുടെ സാന്നിധ്യം വേറെയുമുണ്ട്. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടല്ലാം തോക്കേന്തിയ പട്ടാളക്കാർ എന്നതാണ് സ്​ഥിതി. വർഷങ്ങൾ നീണ്ട മണിപ്പൂരിലെ ആഭ്യന്തര സംഘർഷത്തിൻെറ അനന്തര ഫലമാണ് ഈ പട്ടാള സാന്നിധ്യം. പൊതുവെ പോരാട്ടവീര്യം കൂടുതൽ കൈമുതലായി ഉള്ളവരാണ് മണിപ്പൂരികൾ. നല്ല കായിക ബലവും ആരോഗ്യവുമുണ്ട്. കീഴടങ്ങൾ സ്വഭാവം നന്നെ കുറവ്. ഈ സ്വഭാവ സവിശേഷത കാരണം മണിപ്പൂർ ബ്രിട്ടിഷുകാർക്ക് അധീനപ്പെട്ടതുപോലും 19ാം നൂറ്റാണ്ടിൻെറ ഏറ്റവും ഒടുവിലായിരുന്നു. അതായത് 1891ൽ. മണിപ്പൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചിട്ടും ആ പോരാട്ടവീര്യം വലിയൊരു വിഭാഗം തുടരുന്നു. അന്ന് ബ്രിട്ടിഷുകാരായിരുന്നു അവരുടെ ശത്രുക്കളെങ്കിൽ ഇന്ന് ഇന്ത്യൻ പട്ടാളമാണെന്നു മാത്രം. 
 

ബന്ദ് ദിനത്തിൽ നടന്നുപോകുന്ന സ്ത്രീകൾ
 


1930കളിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കാനായിരുന്നു മണിപ്പൂർ രാജവംശത്തിൻെറ തീരുമാനം. ഇതിനിടെ രണ്ടാംലോക മഹായുദ്ധത്തിൽ ജപ്പാൻ മണിപ്പൂരിൽ കടന്നുകയറാൻ ഒരു ശ്രമവും നടത്തി. 1944ലായിരുന്നു ഇത്. എന്നാൽ ആ തീരുമാനത്തിന് ജപ്പാന് കനത്ത വില നൽകേണ്ടിവന്നുവെന്ന് ചരിത്രം. ഇംഫാലിലേയ്ക്കും നാഗാലാൻഡിലെ കൊഹിമയിലേയ്ക്കും നടത്തിയ ഈ അധിനിവേശ ശ്രമങ്ങൾ വൻപരാജയവും ആൾനാശവുമാണ് ജപ്പാന് സമ്മാനിച്ചത്. തുടർന്ന് അവർ ബർമയിലേയ്ക്ക് തിരിച്ചുപിടിച്ചു. ഇംഫാൽ യുദ്ധത്തിൻെറ ഓർമകളുടെ തിരുശേഷിപ്പുകൾ ധാരാളം മണിപ്പൂരിൽ ഇപ്പോഴുമുണ്ട്. അതിലൊന്നാണ് ഇംഫാലിലെ വാർ സിമെട്രി. കോമൺവെൽത്ത് രാഷ്ട്രങ്ങളിൽനിന്നുള്ള 1600 ഭടൻമാരെയാണ് ഇവിടെ മറവുചെയ്തത്. കോമൺവെൽത്ത് വാർ െഗ്രയ്വ് കമ്മിഷനാണ് സെമിത്തേരിയുടെ ചുമതല. സെമിത്തേരിയിൽ 1600 പേർ വിശ്രമിക്കുന്നുവെങ്കിൽ പുറത്തും ചിലർ വിശ്രമിക്കുന്നതു കണ്ടു. ചില കപ്പ്ൾസും സ്​കൂൾ കുട്ടികളും മറ്റും നേരംപോക്കാൻ പരിസരത്തിരുന്നു സംസാരിക്കുന്നതു കാണാം. അതിൽ ചിലരെ കണ്ടാൽ തോന്നും അവരുടെ ആരോ ഇന്നോ ഇന്നലെയോ മരണപ്പെട്ടു സെമിത്തേരിയിൽ അന്ത്യവിശ്രമത്തിലാണെന്ന്..!
 

റോന്തുചുറ്റുന്ന മണിപ്പൂർ റൈഫിൽസ് സംഘം
 


രണ്ടാം ലോകമഹായുദ്ധാനന്തരം കോളനി രാഷ്ട്രങ്ങൾ ഓരോന്നായി സ്വതന്ത്രമാവുകയായിരുന്നല്ലോ. മറ്റിടങ്ങളിൽ ചേരാതെ ഒറ്റയ്ക്കു നിൽക്കാനായി ഇതിനിടയിൽ മണിപ്പൂർ രാജാവ് ബോധ്ചന്ദ്രയുടെ തീരുമാനം. ഇതോടെ മണിപ്പൂർ പിടിച്ചെടുക്കാൻ ബർമ നീക്കങ്ങൾ ആരംഭിച്ചു. ഇതു മനസിലാക്കിയ ബോധചന്ദ്ര 1949 സെപ്റ്റംബർ 21ന് ഷില്ലോങ് കരാർ വഴി മണിപ്പൂരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചുവെന്നാണ് ചരിത്രം. എന്നാൽ മണിപ്പൂരിലെ ചില ഗോത്രങ്ങൾക്കും സമുദായ നേതാക്കൾക്കും മറ്റും അതിഷ്​ടമായിരുന്നില്ല. മണിപ്പൂർ സ്വതന്ത്ര രാജ്യമായി നിലനിൽക്കണമെന്നായിരുന്നു അതിൽ ചിലരുടെ ആവശ്യം. മണിപ്പൂരിനെ വംശാടിസ്​ഥാനത്തിൽ കൂടുതൽ സംസ്​ഥാനങ്ങളായി വിഭജിക്കണമെന്ന അഭിപ്രായക്കാരും ഉണ്ടായിരുന്നു. ഈ അഭിപ്രായ ഭിന്നതകളാണ് ഇനിയുമവസാനിക്കാത്ത മണിപ്പൂർ സംഘർഷങ്ങളുടെ താഴ് വേര്. 
 

ബന്ദ് ദിവസം വിജനമായ ഫ്ലൈ ഓവർ
 


മണിപ്പൂരിനെ ഇന്ത്യൻ യൂണിയനോടു ചേർത്ത തീരുമാനത്തിലെ കടുത്ത അതൃപ്തി 1964ൽ യുനൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്) എന്ന സായുധ സംഘത്തിൻെറ രൂപീകരണത്തിനു വഴിവച്ചു. 1977ൽ പീപ്പ്ൾസ്​ റവല്യൂഷനറി പാർട്ടി ഒഫ് കംഗ്ലെയ്പാക് (പ്രിപാക്) രൂപംകൊണ്ടു. 1978ൽ പീപ്പ്ൾസ്​ ലിബറേഷൻ ആർമി (പിഎൽഎ) രൂപംകൊണ്ടു. പി.എൽ.എയ്ക്ക് ആയുധപരിശീലനം നൽകുന്നത് ചൈനയാണെന്ന് ന്യൂയോർക്ക് ആസ്​ഥാനമായ ഹ്യുമൻ റൈറ്റ്സ്​ വാച്ച് കണ്ടെത്തിയിരുന്നു. 1980ൽ രൂപീകരിച്ച കംഗ്ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു മറ്റൊരു സായുധസംഘം. ഇവ കൂടാതെ റവല്യൂഷനറി പീപ്പ്ൾസ്​ ഫ്രണ്ട് (ആർ.പി.എഫ്), മണിപ്പൂർ ലിബറേഷൻ ഫ്രണ്ട് ആർമി (എം.എൽ.എഫ്എ), കാംഗ്ലെയ് യാവോൽ കന്ന ലൂപ് (കെ.വൈ.കെ.എൽ), റവല്യൂഷനറി ജോയിൻ്റ് കമ്മിറ്റി (ആർ.ജെ.സി), പീപ്പ്ൾസ്​ യുനൈറ്റഡ് ലിബറേഷൻ ഫ്രണ്ട് (പി.യുഎൽ.എഫ്), മണിപ്പൂർ നാഗ പീപ്പ്ൾ ഫ്രണ്ട് (എം.എൻ.പി.എഫ്), യുനൈറ്റഡ് കുകി ലിബറേഷൻ ഫ്രണ്ട് (യു.കെ.എൽ.എഫ്), കുകി നാഷനൽ ഫ്രണ്ട് (കെ.എൻ.എഫ്), കുകി നാഷനൽ ആർമി (കെ.എൻ.എ) തുടങ്ങി 30ഓളം തീവ്രവാദി സംഘങ്ങളാണ് മണിപ്പൂരിൽ പ്രവർത്തിക്കുന്നത്. ഇടക്കാലത്ത് ചില ഗൂപ്പുകൾ ഇല്ലാതാവുകയും മറ്റു ചിലത് ഉദയം ചെയ്യുകയും ചെയ്തു. 
 

ബന്ദായതിനാൽ വിജനമായ മാർക്കറ്റ്
 


ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും രക്തരൂക്ഷിത പോരാട്ടങ്ങളും സൈനികർക്കു നേരായ വെല്ലുവിളികളും സംഘർഷങ്ങളും തുടർക്കഥകളായ പശ്ചാത്തലത്തിലാണ് 1958ൽ കേന്ദ്രസർക്കാർ നാല് വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലേയ്ക്കായി ആംഡ് ഫൊഴ്സസ്​ (സ്​പെഷ്യൽ പവേഴ്സ്​) ആക്റ്റ് –അഫസ്​പ– കൊണ്ടുവരുന്നത്. സൈനികർക്ക് വോറൻ്റ് ഇല്ലാതെ പരിശോധന നടത്തുന്നതിനും അറസ്റ്റു ചെയ്യുന്നതിനും തടങ്കലിൽ വെയ്ക്കുന്നതിനും ആവശ്യമെങ്കിൽ വെടിവയ്ക്കുന്നതിനും മറ്റും അനുമതി നൽകുന്നതായിരുന്നു നിയമം. എന്നാൽ, ഈ നിയമം സൈനികർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ടായി. നിയമംകൊണ്ടും വിമതപ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല താഴ്വരയിൽ സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു. അങ്ങനെയിരിക്കെ 1980ൽ മണിപ്പൂരിനെ പ്രശ്നബാധിതമായി പ്രഖ്യാപിച്ചു. ശേഷവും രക്തരൂക്ഷിത സംഘർഷങ്ങൾ തുടർന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ബോംബ് സ്​ഫോടനം, ഒളിപ്പോർ ആക്രമണം, ബാങ്ക് കൊള്ള, സ്വന്തം അധീനതയിൽ പ്രവേശിക്കുന്ന സർക്കാർ വാഹനങ്ങളിൽനിന്ന് ഉൾപ്പെടെ നികുതി പിരിക്കൽ തുടങ്ങിയവ നിർബാധം ആവർത്തിച്ചു.
 


ആയിടയ്ക്കാണ് അഫസ്​പയുടെ ദുരുപയോഗത്തിനെതിരെ 2000ൽ ഇറോം ഷർമിള നിരാഹാര സമരത്തിന് തുടക്കം കുറിക്കുന്നത്. 2004ൽ മനോരമ ദേവിയെന്ന മണിപ്പൂരി സ്​ത്രീയെ സൈനികർ ബലാഝംഗം ചെയ്തുവെന്ന വാർത്ത സംസ്​ഥാനത്ത് കോളിളക്കം സൃഷ്​ടിച്ചു. സ്​ത്രീകൾ നരായി സൈന്യത്തിനെതിരെ പ്രകടനം നടത്തി. 16 വർഷം ഇറോം ഉഗ്രസമരം ചെയ്തു ചരിത്രത്തിൽ ഇടംനേടിയെങ്കിലും അഫസ്​പ പിൻവലിക്കപ്പെട്ടില്ല. മണിപ്പൂരിൽ 2017ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇറോം ദയനീയമായി തോൽക്കുകയും ചെയ്തു. ആരാധകരെയും അഭ്യുദയകാംക്ഷികളെയും അമ്പരപ്പിച്ച തോൽവി. ഇറോമിനെ കാണാൻ ഞങ്ങൾ മണിപ്പൂരിൽവച്ച് ചില ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, അവർ സ്​ഥലത്തില്ലെന്ന വിവരമാണ് ലഭിച്ചത്. ഞങ്ങളെ സംബന്ധിച്ച് ഇത്തരമൊരു കാര്യത്തിന് തുരുതുരാ അന്വേഷണങ്ങൾ നടത്തുന്നതിനും നാട്ടിലെ പോലെ നേരിട്ടു ബന്ധപ്പെടുന്നതിനുമൊക്കെ പ്രയാസങ്ങൾ ഉണ്ടായിരുന്നു. കാരണം, മണിപ്പൂരിലെ സാഹചര്യം അതാണ്. വളരെ സൂക്ഷിച്ചേ ഇടപെടാവൂ എന്ന് ഞങ്ങളുടെ പരിചയക്കാരനായ ഒരു ഐ.ബി ഉദ്യോഗസ്​ഥൻ നേരത്തെ പ്രത്യേക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നിങ്ങൾ എന്ത് ഉദ്ദേശ്യത്തിന് വന്നവരാണെങ്കിലും നിങ്ങൾ കൃത്യമായി വാച്ച് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം താക്കീത് നൽകിയിരുന്നു. 
 

മാർക്കറ്റുകളിലൊന്ന്
 


മണിപ്പൂരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ 1949 സെപ്റ്റംബർ 21ന് കരാർ ഉണ്ടാക്കിയതിനെക്കുറിച്ച് നേരത്തെ പറഞ്ഞല്ലോ. അതിൻെറ വാർഷിക ദിനമായ സെപ്റ്റംബർ 21ന് ഞങ്ങൾ ഇംഫാൽ നഗരത്തിലുണ്ട്. വാർഷികം പ്രമാണിച്ച് സംസ്​ഥാനത്തിന് അന്ന് പൊതുഅവധിയാണ്. അതേദിവസംതന്നെ കരിദിനം ആചരിക്കുകയും ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ധാരാളം തീവ്രവാദി സംഘങ്ങളും മണിപ്പൂരിൽ ഉണ്ട്. ബന്ദായിരുന്നതിനാൽ കടകളൊക്കെ ആ ദിവസം അടഞ്ഞുകിടന്നു. അപൂർവം ചിലതു മാത്രം തുറന്നു പ്രവർത്തിച്ചു. വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം റോഡിലിറങ്ങി. ഇംഫാലിലെ സ്​ഥിതി ഇതായിരുന്നെങ്കിൽ സംസ്​ഥാനത്തിെൻ്റ മറ്റു ഭാഗങ്ങളിൽ കുറെക്കൂടി കർശനമായ സാഹചര്യങ്ങളായിരുന്നു എന്ന് ഞങ്ങൾക്ക് ഈഹിക്കാൻ കഴിഞ്ഞു. ഇതിനകം ഞങ്ങൾ നഗരത്തിലെ കുറെക്കൂടി കൊള്ളാവുന്ന മറ്റൊരു ഹോട്ടലായ ഇംഫാൽ ഹോട്ടലിലേയ്ക്ക് താമസം മാറ്റിയിരുന്നു. റെസ്റ്റോറൻ്റ് സൗകര്യം അവിടെ ഉണ്ടായിരുന്നതിനാൽ ബന്ദ് ദിനത്തിലും ഭക്ഷണത്തിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. 
(തുടരും)

COMMENTS