Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightചരിത്രത്തിൽ ഇടം നേടാതെ ...

ചരിത്രത്തിൽ ഇടം നേടാതെ പോയ ഒരു കഥ

text_fields
bookmark_border
ചരിത്രത്തിൽ ഇടം നേടാതെ പോയ ഒരു കഥ
cancel
പുലര്‍ച്ചെ പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളിക്കുവോളം ഓരോന്ന് ആലോചിച്ചു സമയം തള്ളിനീക്കി. ആറുമണി ആയപ്പോഴേക്കും സൂര്യവെളിച്ചത്തിന് ചൂട് പിടിച്ചിരുന്നു. പല തതവണ സുബ്രനെ വിളിച്ചു. അവന്‍ ഫോണ്‍ എടുത്തതേ ഇല്ല. ചായ കുടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ റിഷപ്ഷനിലെ വൃദ്ധന്‍ സൗഹാര്‍ദ്ദത്തോടെ ചിരിച്ചു, ഞാനും.
"പള്ളീന്‍റെ ബേക്കില് ഞമ്മളെ ഭക്ഷണം കിട്ടൂട്ടോ "
എന്തൊരു അത്ഭുതമാണ്, ആ വൃദ്ധന്‍ പച്ച മലയാളം സംസാരിക്കുന്നു. സ്തംഭിച്ചു പോവുക എന്നൊരു അവസ്ഥയുണ്ടല്ലോ, അപ്രതീക്ഷിതമായി അദേഹം മലയാളം സംസാരിക്കുന്നത് കേട്ട് ഞാനും അങ്ങനെയൊരു അവസ്ഥയിലായി. ഇവിടെ നിരവധി മലയാളികള്‍ ഉണ്ടെന്നു അറിയാം, പക്ഷേ ഇദ്ദേഹത്തെ കണ്ടാൽ മലയാളി ആണെന്നു തോന്നുകയേ ഇല്ല.
"ങ്ങള്, ,മലയാളിയാ?"
വായില്‍ നിന്ന് വന്നത് മണ്ടത്തരമാണെന്ന് അറിയാമായിട്ടും അങ്ങനെയാണ് ചോദിച്ചത്.
അല്ല, മലയാളം അറിയാം, മ്മളെ കൂട്ടക്കാരോക്കെ മലപ്പോറത്ത്ണ്ട്.
 
ചരിത്രം കുറിച്ചുവെച്ച ബോര്‍ഡ്‌
 

ഗഫൂര്‍ സാഹിബ് എന്ന് അദ്ദേഹം പരിചയപ്പെടുത്തി. ആളുടെ അച്ഛന്‍ ഇവിടെ എത്തിയതാണ്. മലബാര്‍ കലാപത്തിന്‍റെ സമയത്ത്. ഒരുമിച്ചു ഭക്ഷണം കഴിച്ചു. വന്നതിനു ശേഷം ഗഫൂര്‍ സാഹിബിനോട് ഇന്നലെ കണ്ട പെയിൻറിംഗ് എന്താണെന്നു ചോദിച്ചു. ഇത്രേം പ്രായമായ സാഹിബിനു എന്തായാലും ആ സംഭവത്തെകുറിച്ച് അറിയാന്‍ സാധിക്കുമായിരിക്കും. പറ്റിയാല്‍ അദേഹത്തിന്‍റെ ഓര്‍മ്മയിലെ ദ്വീപിനെ കുറിച്ചും. ചരിത്രത്തില്‍ ഇടം പിടിക്കാതെ പോയ ഒരു കഥയെന്നു തോന്നാവുന്ന, പ്രതികരത്തിന്‍റെ, പ്രതിഷേധത്തിന്‍റെ, നിലനില്‍പ്പിന്നു വേണ്ടി നടത്തിയ പരാജയപെട്ട ഒരു പോരാട്ടത്തിന്‍റെ കഥയാണ് സാഹിബു  പറഞ്ഞു തുടങ്ങിയത്.
 
 
റോസ് ദ്വീപിലേക്കുള്ള ബോട്ട്
 
പീനല്‍സെറ്റില്‍ൻറിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ആദിവാസികള്‍ തങ്ങളുടെ ആവാസവ്യവസ്ഥക്ക് നേരെ കയ്യേറുന്നവരെ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. പിന്നിടതിനു കുറവ് വന്നു. ആദിവാസികള്‍ ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞു തുടങ്ങി. അത്ര അപകടകാരികള്‍ അല്ലാത്ത ആദിവാസികളോടും സായിപ്പ് കുറ്റവാളികളെ പോലെ പെരുമാറാന്‍ തുടങ്ങി. ഈ സമയത്താണ് നൂറ്റിമുപ്പതു അംഗങ്ങള്‍ അടങ്ങിയ 'കുറ്റവാളികള്‍' ദ്വീപില്‍ നിന്നും രക്ഷപെടാന്‍ ശ്രമം നടത്തിയത്. മരത്തടികള്‍ കൊണ്ട് ചങ്ങാടം ഉണ്ടാക്കി. രഹസ്യമായി ഭക്ഷണവും വെള്ളവും ശേഖരിച്ചു. ബര്‍മ്മയില്‍ എത്തിപ്പെടുക എന്നതായിരുന്നു ലക്‌ഷ്യം. കടലുകളും, ഉള്‍ക്കടലുകളും താണ്ടി നീങ്ങിയ ചങ്ങാടത്തെ കടല്‍ക്കാറ്റ് പലയിടത്തേക്കും വലിച്ചിഴച്ചു. ഭക്ഷണവും വെള്ളവും തീര്‍ന്നു. പച്ചമീനും ഉപ്പുവെള്ളവും കുടിച്ചു പലരും ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള ശ്രമം നടത്തി. ഒരു രാത്രിയില്‍ ക്ഷോഭിച്ച കടല്‍ ചാങ്ങാടത്തെ മറ്റൊരു കരയില്‍ എത്തിച്ചു. അപ്പോഴേക്കും പലരും മരിച്ചിരുന്നു. ശേഷിച്ചവര്‍ ഭക്ഷണം തേടി കാടുകളില്‍ അലഞ്ഞു. പോയവരൊന്നും തിരിച്ചുവന്നില്ല, നൂറോളം ആദിവാസികള്‍ അമ്പും വില്ലുമായി അവരെ സമീപിച്ചപ്പോഴാണ് അകപെട്ട അപകടത്തെകുറിച്ച് അവർ മനസ്സിലായത്.
 
 
പഴയ ക്ലബ്
 

കരുണക്ക് വേണ്ടി യാചിച്ച എല്ലാവരെയും അവർ കൊന്നുകളഞ്ഞു. ചിലര്‍ ശരീരത്തില്‍ തറച്ച അമ്പുമായി കാടിനകത്തെക്ക് ഓടിരക്ഷപെട്ടു. നേരം വെളുത്തപ്പോഴേക്കും ആദിവാസികള്‍ അവരെയും കണ്ടുപിടിച്ച് കൊന്നുകളഞ്ഞു. കൂട്ടത്തില്‍ ഒരാളില്‍ നിന്ന് മാത്രം ജീവന്‍റെ തുടിപ്പ് പോകാന്‍ കൂട്ടാക്കിയില്ല. ഇതില്‍ ദുസൂചന തോന്നിയ ആദിവാസികള്‍ അയാളെ തെര്‍മുഗലി ദ്വീപില്‍ കൊണ്ടുപോയി. മുറിവുകള്‍ വൃത്തിയാക്കി, പ്രതേകതരം മണ്ണ് വെച്ചു കെട്ടി. ആദ്യമായി ഒരാള്‍ക്ക്‌ അവരില്‍ നിന്നും പരിഗണന കിട്ടി. ശിപായിലഹളക്കാലത്ത് ബ്രിട്ടീഷ്കാര്‍ക്കെതിരെ പൊരുതിയ ദൂദ്നാഥ് തിവാരിയെന്ന പടയാളി ആയിരുന്നു അത്. തിവാരിയെ അവര്‍ കൂടെ കൂട്ടി. അവരുടെ കൂടെ അവരുടെ ആചാരമര്യാദകള്‍ പാലിച്ചുകൊണ്ട്, അവരുടെ വസ്ത്രം ധരിച്ചുകൊണ്ട് അവരില്‍ ഒരാളായി മാറി തിവാരി. മുറിവുകള്‍ ഭേദമാകാന്‍ മൂന്നുമാസത്തിലധികം എടുത്തു. ആദ്യമൊക്കെ തിവാരിയെ സംശയത്തോടെ മാത്രം ആദിവാസികള്‍ വീക്ഷിച്ചെങ്കിലും പിന്നീട് അമ്പും വില്ലും ഉപയോഗിക്കാന്‍ പഠിപ്പിച്ചു. രണ്ടു പെണ്‍കുട്ടികളെ ഭാര്യമാരായി കൊടുത്തു. ഏകദേശം പതിനയ്യായിരം ആദിവാസികള്‍ അന്നുണ്ടായിരുന്നു എന്നാണ് പിന്നിട് തീവാരി പറഞ്ഞിരുന്നത്. ഈ സമയത്താണ് ബ്രിട്ടീഷ്കാരെ ഇവിടെ നിന്നും ഓടിക്കാന്‍ ആദിവാസികള്‍ സംഘടിച്ചു യുദ്ധത്തിനു വേണ്ടി ഒരുങ്ങിയത്.
 

സാഹിബു പറഞ്ഞു തുടങ്ങിയപ്പോയെക്കും അവിടേക്ക് സുബ്രന്‍ കടന്നുവന്നു. സംസാരം മുറിഞ്ഞു. സുബ്രനെ ഞാന്‍ ഗഫൂര്‍ സാഹിബിനു പരിചയപെടുത്തി. നേവിയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ബഹുമാനം കലര്‍ന്ന ഒരു ഭാവം അദ്ദേഹത്തില്‍ നിന്നുണ്ടായി. അതിന്നു കാരണം സാഹിബു മുന്‍പ് നേവിയിലെ ജോലികള്‍ ചെയ്തിരുന്നു എന്നതാണ്.  റോസ് ദ്വീപിലേക്ക് പോവാനായിരുന്നു സുബ്രന്‍ വന്നത്. ഞാനാകെ വിഷമത്തിലായി. ആകാംക്ഷയോടെ കേട്ടുകൊണ്ടിരുന്നതു പാതിയില്‍ മുറിഞ്ഞുപോയി. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച ഫ്രെയിമുകളാണ് സാഹിബ് എന്‍റെ മുന്‍പില്‍ നിരത്തിയത്. ബാക്കി വന്നിട്ട് പറയാം എന്ന ധാരണയില്‍ ഞങ്ങള്‍ പുറത്തിറങ്ങി.  ഇരുപതു മിനിറ്റ് യാത്ര കൊണ്ട് റോസ് ദ്വീപില്‍ എത്തി. ഫെറിയില്‍ അത്യാവശ്യം തിരക്കുണ്ടായിരുന്നു. റോസ് ദ്വീപില്‍ ഇറങ്ങുമ്പോള്‍ തന്നെ കാണുന്നത് ജപ്പാനീസ് ബങ്കര്‍ ആണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തപ്പോള്‍ സ്ഥാപിച്ചതാണ് ഈ ബങ്കര്‍.
 
പവര്‍ ഹൗസ്
 

ആന്‍ഡമാനിലെ ഏറ്റവും മനോഹരമായ ദ്വീപായിരുന്നു റോസ് ദ്വീപ്‌. ഇന്നിത് നേവിയുടെ തന്ത്രപ്രധാനമായ പ്രദേശമാണ്. അതുകൊണ്ട് തന്നെ പെര്‍മിഷന്‍ പോലുള്ള കാര്യങ്ങളൊക്കെ സുബ്രന്‍ ആദ്യം തന്നെ ചെയ്തിരുന്നു. മാനും മയിലും നിര്‍ഭയം വിഹരിക്കുന്ന റോസ് ദ്വീപ്‌ ഒരു പ്രേത നഗരമാണ് എന്ന് വേണമെങ്കില്‍ പറയാം. മറ്റു ദ്വീപുകളില്‍ കുറ്റവാളികളുടെ രക്തം ഒഴുകി കാലാപാനി ആയെങ്കില്‍ റോസ് ദ്വീപ് സായിപ്പിന്‍റെ ആസ്ഥാനമായിരുന്നു. ഉദ്യോഗസ്ഥരുടെ താമസവും മറ്റു അനുബന്ധ സ്ഥാപനങ്ങളും ഇവിടെയാണ്. ദേവാലയവും ബേക്കറിയും ആശുപത്രിയും നീന്തല്‍ക്കുളവും ഗോള്‍ഫ് ക്ലബ്ബും എന്ന് വേണ്ട ആനന്ദലബ് ധിക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരുന്നു. തടവുകാര്‍ തന്നെയാണ് ഈ ദ്വീപിനെ ഒരു സ്വര്‍ഗ്ഗമാക്കി മാറ്റിയത്. രണ്ടോ മൂന്നോ കിലോമീറ്ററുകള്‍ക്കപ്പുറം സെല്ലുലാര്‍ ജയിലില്‍ മനുഷ്യര്‍ ഇഞ്ചിഞ്ചായി മരിക്കുമ്പോള്‍ ബ്രിട്ടീഷ്കാര്‍ ഇവിടെ ജീവിതം ആഘോഷിക്കുകയിരുന്നു. വെറുമൊരു വിനോദസഞ്ചാരിയായി വരുന്നവര്‍ക്ക് ദ്വീപിന്‍റെ മനോഹാരിതയില്‍ മുങ്ങിനിവരാം, മയിലുകളോടും മാനുകളോടും ചേര്‍ന്ന് ഉല്ലസീക്കാം. പക്ഷേ ചരിത്രത്തെ കുറിച്ച് അറിയുന്നവര്‍ക്ക് ഇതൊരു വേദനയുടെ ദ്വീപാണ്.
 
 
ജലശുദ്ധീകരണ ടാങ്ക്
 

ജലലഭ്യത തന്നെയാകണം റോസ് ദ്വീപിനെ സായിപ്പു തിരഞ്ഞെടുക്കാനുള്ള പ്രധാന  കാരണം, മലേറിയയില്‍ നിന്നും രക്ഷപെടാന്‍ ജലശുദ്ധീകരണ മാര്‍ഗവും ഇവിടെ ഉണ്ടായിരുന്നു. റോസ് ദ്വീപിലേക്ക് സൂര്യപ്രകാശം പോലും കടന്നുവരാന്‍ ഭയപ്പെട്ടിരുന്നു എന്ന് തോന്നുമാറാണ് തെങ്ങുകളുടെ നില്‍പ്പ്, വളഞ്ഞും പുളഞ്ഞും ദ്വീപിന്‍റെ മനോഹാരിതക്ക് അത് മാറ്റു കൂട്ടുന്നു. പോര്‍ട്ട്‌ ബ്ലയറില്‍ തിരിച്ചെത്തി ഹാവ്ലോക്കില്‍ പോകണമെന്നാണ് സുബ്രന്‍ കരുതിയിരുന്നത്. എന്നാല്‍ അത്യാവശ്യമായി അവനു നേവല്‍ ബേസ്സില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടാതിനാല്‍ വീണ്ടും ഞാന്‍ റൂമിലേക്ക്‌ തിരിച്ചെത്തി. നേരത്തെ കേട്ട കഥയുടെ ബാക്കി കേള്‍ക്കാം എന്നതിനാല്‍ എനിക്കും അത് സന്തോഷമായി. പക്ഷേ ഗഫൂര്‍ സാഹിബ്‌ അവിടെ ഉണ്ടായിരുന്നില്ല. റൂം ബോയിയായ ബംഗാളി പയ്യന്‍ പറഞ്ഞു അദേഹം കുറച്ചു കഴിഞ്ഞു വരുമെന്ന്.
 
 

ഇതിനിടയില്‍ ഒരു സംഘം യുവാക്കള്‍ റൂം എടുക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നും ക്രിസ്തുമസും പുതുവത്സരവും ആഘോഷിക്കാന്‍ എത്തിയതാണ്. അവരുടെ സംസാരത്തില്‍ നിന്നും കൃത്യമായ പ്ലാനിങ്ങില്‍ ആണ് അവര്‍ വന്നതെന്ന് മനസ്സിലായി.  കുറച്ചു കഴിഞ്ഞപ്പോള്‍ ഗഫൂര്‍ സാഹിബു വന്നു. എന്നെ കണ്ടപ്പോള്‍ ചായകുടിക്കാന്‍ ക്ഷണിച്ചു. ഇതിനിടയില്‍ നാട്ടിലെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. വീണ്ടും ഞാന്‍ നേരത്തെ പറഞ്ഞ കഥയിലേക്ക് എത്തിച്ചു. പദ്ധതികള്‍ എല്ലാം മനസിലാക്കിയ തിവാരി ആദിവാസികള്‍ യുദ്ധത്തിനു തയ്യാറായ ദിവസത്തിന്‍റെ തലേദിവസം രാത്രി ഇരുളിന്‍റെ മറപറ്റി പോര്‍ട്ട്‌ബ്ലയറില്‍ എത്തി സൂപ്രണ്ടിനെ കാര്യം ധരിപ്പിച്ചു. ആയുധങ്ങളും അംഗബലവും കൂടിയ സൈന്യത്തിന് മുന്‍പില്‍ അമ്പും വില്ലും കൊണ്ട് യുദ്ധം ചെയ്യാന്‍ വന്ന ആദിവാസികള്‍ ദാരുണമായി പരാജയപെട്ടു. നിരവധി പേര്‍ കൊല്ലപെട്ടു. ഒരു സമൂഹത്തെ ചതിച്ചതിലൂടെ തിവാരിക്ക് പൂര്‍ണ സ്വന്തന്ത്രനായി നാട്ടിലേക്ക് പോവാന്‍ അനുവദിച്ചു. ചതി ...പരിഷ്കൃതര്‍ എന്ന് നാം കരുതുന്ന ഒരു മനുഷ്യന്‍ കാട്ടുവാസികളായ ഒരു സമൂഹത്തെ മുഴുവന്‍ ഒറ്റികൊടുത്തു.
 
അല്ല സാഹിബ്... ഇങ്ങള് ഈ ആദിവാസികളെ കണ്ടിട്ടുണ്ടോ ?
 
 
മാർക്കറ്റിലെ കാഴ്ച
 

ചിരിച്ചു കൊണ്ടാണ് അദേഹം ഉത്തരം തന്നത്, പിന്നെ..ഞമ്മള് ഇബിടെ ബളര്‍ന്നതല്ലേ... മാത്രോല്ല ഒലീല് പെട്ടൊരു ഇപ്പൊ ഇബിടെ ഭരണത്തിലും ഇണ്ടല്ലോ.. പക്കേങ്കില് കൂടുതല്‍ ഞമ്മക്ക് അറിയൂലാ. ഞമ്മളെ മോനോട് ചോയിച്ചാല്‍ അറിയാം പറ്റും. ഓനിവിടെ സര്‍ക്കാര്‍ ജോലിയാണ്. ഓലെ കാണാനും മറ്റും പോകാറുണ്ട്. ഇന്നിപ്പോ ഓനെ കാണാന്‍ പറ്റ്വോന്നു അറിയില്ല. ഞാന്‍ ചോയിക്കട്ടെ.. ഇതിനിടയില്‍ ബാങ്ക് വിളിച്ചു.
നിസ്ക്കരിച്ചാ ..ഇല്ലേല്‍ ഇൻെറാപ്പം പോന്നോളീം..
 
ഞാനൊന്നും പറയാതെ സാഹിബിന്‍റെ കൂടെ നടന്നു. പള്ളിയില്‍ വെച്ചു മറ്റു ചില മലയാളികളെയും കണ്ടു, പലരും ജോലിയാവശ്യത്തിനു ഇവിടെ വന്നതാണ്‌. പറഞ്ഞു വന്നപ്പോള്‍ ഒരാളുടെ കുടുംബത്തെ എനിക്ക് നന്നായി അറിയാം. അട്ടപ്പാടി കള്ളമല സ്വദേശി മൊയ്തീന്‍. പള്ളിയില്‍ നിന്നിറങ്ങി ഞാനും സാഹിബും കൂടി മാര്‍ക്കറ്റിലൂടെ നടന്നു. പലരോടും കുശലം പറഞ്ഞും മറ്റുമാണ് സാഹിബിന്‍റെ നടത്തം. നടന്നു നടന്നു അവസാനം ഒരു ഇരുനില കെട്ടിടത്തിന്‍റെ മുന്‍പില്‍ ചെന്ന് നിന്നു. അദേഹത്തിന്‍റെ മകന്‍ യാസീന്‍ ജോലിചെയ്യുന്ന കെട്ടിടമാണ്. മലയാളം കഷ്ടിച്ച് സംസാരിക്കുന്ന സുമുഖനായ യുവാവ്. ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘത്തെ നയിക്കുന്നത് യാസീന്‍ ആണ്. യാസ്സീന് മറ്റു തിരക്കുകള്‍ ഉള്ളതിനാല്‍ എന്നോട് കൂടെ കുറച്ചു സമയം ചിലവഴിക്കാന്‍ കഴിയാത്തതിനാല്‍ ക്ഷമ പറഞ്ഞു, കൂട്ടത്തില്‍ ഒരു ഫയലും. വായിച്ചു കഴിഞ്ഞിട്ടു സാഹിബിനെ ഏല്പിക്കാന്‍ പറഞ്ഞ ഫയലില്‍ യാസീൻെറ ചില കുറിപ്പുകള്‍ ആയിരുന്നു. മൂന്നു വര്‍ഷമായി ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന യാസീന്‍റെ ചില നിഗമനങ്ങള്‍.
 

ആന്‍ഡമാനിലെ ആദിവാസികള്‍ രണ്ടു വിഭാഗമുണ്ട്. നിഗ്രിറ്റോ വംശജരും മംഗളോയിട് വംശജരും. ആന്‍ഡമാനികള്‍, ജറവകള്‍, ഓംഗികള്‍, സെൻറിലിനീസുകള്‍ എന്നിവര്‍ നിഗ്രിറ്റോയും നിക്കോബാറികള്‍, ഷോംബനുകള്‍ എന്നിവ മംഗളോയിട് വംശവും. നല്ല ബലിഷ്ടമായ ശരീരം ഉണ്ടായിരുന്നവര്‍ ആയിരുന്നെങ്കിലും അഞ്ചടിയില്‍ കൂടുതല്‍ ആര്‍ക്കും നീളം ഉണ്ടായിരുന്നില്ല. ആണിനും പെണ്ണിനും പ്രായപൂര്‍ത്തി ആയാല്‍ മാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കൂ. അതായതു ശൈശവവിവാഹം പോലുള്ള സംഗതികള്‍ ഉണ്ടായിരുന്നില്ല. അടുത്ത ബന്ധത്തില്‍ ഉള്ളവരെ ആദിവാസികള്‍ വിവാഹം ചെയ്തിരുന്നില്ല. ആണിനും പെണ്ണിനും ഒരേ സ്ഥാനം ആയിരുന്നു. പുനര്‍വിവാഹം നിരോധിച്ചിരുന്നില്ലെങ്കിലും ഭാര്യ മരിച്ചാല്‍ പുരുഷന്മാര്‍ വീണ്ടും വിവാഹം ചെയ്തിരുന്നില്ല എന്നാല്‍ വിധവകള്‍ വീണ്ടും വിവാഹം ചെയ്തിരുന്നു. വിവാഹിതക്ക് പരപുരുഷബന്ധം പാടില്ലായിരുന്നു, എന്നാല്‍ വിവാഹിതയല്ലാത്ത സ്ത്രീകള്‍ക്ക് മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമായിരുന്നു.
 
 
ആബര്‍ദീന്‍ മാര്‍ക്കറ്റ്
 
ദൈവത്തിനു വേണ്ടിയുള്ള ആരാധനകളോ മത അനുഷ്ഠാനങ്ങളോ ഇല്ലായിരുന്നെങ്കിലും ദൈവത്തെയും ചെകുത്താനെയും കുറിച്ച് ചില സങ്കല്പങ്ങള്‍ ഉണ്ടായിരുന്നു. പുലുഗയാണ് അവരുടെ സര്‍വശക്തന്‍. അവന്‍ അദൃശ്യനാണ്, അവന്‍ ഒരിക്കലും ജനിച്ചിട്ടില്ല, അവനൊരിക്കലും മരിക്കുകയും ഇല്ല. ദുരാത്മാക്കളെ ഒഴിച്ചു സകലജീവജാലങ്ങളെയും സൃഷ്ടിച്ചത് അവനാണ്. തീയിലാണവന്‍ പ്രത്യക്ഷപെടുക. അവന്‍റെ ശ്വസമാണ് കാറ്റായി വരുന്നത്. പുലുഗ ദേഷ്യപെടുന്നതാണ് ഇടിയും മിന്നലും, അവന്‍ നൃത്തം ചെയ്യുന്ന സ്ഥലമാണ്‌ മഴവില്ല്. അദൃശ്യമായ ഒരു പാലത്താല്‍ ഭൂമിയും ആകാശവും തമ്മില്‍ ബന്ധിച്ചിരിക്കുന്നു. മരണശേഷമുള്ള ജീവിതത്തില്‍ രോഗങ്ങളോ, മരണമോ ഉണ്ടാകില്ല. ആരും കല്യാണം കഴിക്കുകയില്ല. മൃഗങ്ങളും, പക്ഷികളും, മത്സ്യങ്ങളും അവരുടെ ഇപ്പോഴുള്ള അവസ്ഥയില്‍ തന്നെ പ്രത്യക്ഷപ്പെടും. പുലുഗയുടെ ആജ്ഞ പ്രകാരം അദൃശ്യമായ പാലം തകരും, ഭൂമി കീഴിമേല്‍ മറിയും. ജീവിച്ചിരിക്കുന്ന എല്ലാവരും മരിക്കും. ടോമോയാണ് ആദിമ മനുഷ്യന്‍. പുലുഗ അവനെ വോത്തെമി എന്ന ഏദന്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി. അവിടെ ഉണ്ടായിരുന്ന പഴങ്ങളില്‍ ചിലത് മാത്രം മഴക്കാലത്ത് കഴിക്കരുതെന്നു പറഞ്ഞു. അവനെ തീയുണ്ടാക്കുന്നതിനെ കുറിച്ചും അതിന്‍റെ ഉപയോഗവും പഠിപ്പിച്ചു. കടലില്‍ നീന്തികൊണ്ടിരുന്ന ഒരു സുന്ദരിയെ കാണിച്ചു കൊടുത്ത് അവളോടൊപ്പം ജീവിക്കാന്‍ പറഞ്ഞു. അമ്പും വില്ലും ഉണ്ടാക്കാന്‍ പഠിപ്പിച്ചു. ക്രിസ്ത്യന്‍-ഇസ്ലാം മത വിശ്വാസങ്ങളുമായി നല്ല സാമ്യം. ഇവര്‍ക്കിടയിലേക്ക് മറ്റൊരു മതപ്രചാരകനെ അയച്ചല്‍ എങ്ങനെയിരിക്കും ? നമുക്കിടയില്‍ ഇനിയൊരു പുതിയ മതം വേരുപിടിക്കില്ല, ആ മതങ്ങളുടെ സ്ഥാനമാണ് വ്യത്യസ്ത സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നത്.
 
 

ആബര്‍ദീന്‍ യുദ്ധത്തിനു ശേഷം ആദിവാസികളുടെ ഭാഗത്ത്‌ നിന്ന് ഒറ്റപ്പെട്ട പോരാട്ടങ്ങള്‍  മാറ്റി നിര്‍ത്തിയാല്‍ എതിര്‍പ്പുകള്‍ ഇല്ലാതായി. കുറ്റവാളികളെയും വിദേശീയരെയും ആന്‍ഡമാനീസ് പോലുള്ളവര്‍ അംഗീകരിച്ചു തുടങ്ങി. പുകവലിപോലുള്ളവ ആദിവാസികളും ശീലിച്ചു തുടങ്ങി, ആന്‍ഡമാനീസിന്‍റെ ഇടയില്‍ ലൈംഗികരോഗങ്ങള്‍ അടക്കം അന്നേവരെ പരിചയമില്ലാത്ത അസുഖങ്ങള്‍ പടര്‍ന്നു പിടിച്ചു. പ്രസവത്തോടെ കുഞ്ഞുങ്ങള്‍ മരിച്ചു. ഇതിനിടയില്‍ ഇവരുടെ ഉന്നമനത്തിനു വേണ്ടി പല പദ്ധതികളും ബ്രിട്ടീഷ്കാര്‍ കൊണ്ട് വന്നെങ്കിലും അവര്‍ അതിലൊന്നും ഉറച്ചു നിന്നില്ല. പരിഷ്കാരത്തേക്കാളും അവരാഗ്രഹിച്ചത് സ്വാതന്ത്ര്യമാണ്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാന പാദത്തില്‍ എട്ടു ആന്‍ഡമാനീസുമായി ഒരു കപ്പല്‍ കൊല്‍ക്കത്തയില്‍ പോയി. നാടുകാണിക്കുകയായിരുന്നു ഉദേശ്യം. എന്നാല്‍ ആധുനിക മനുഷ്യരീതികള്‍ കണ്ടിട്ട് അവര്‍ക്കൊന്നും തോന്നിയില്ല. യന്ത്രങ്ങളും വാഹനങ്ങളും അവരില്‍ ഒരു ആശ്ചര്യവും ഉണ്ടാക്കിയില്ല. എന്നാല്‍ പരിഷ്കൃതര്‍ എന്ന് പറയുന്ന ആധുനിക മനുഷ്യര്‍ക്ക്‌ ഇവര്‍ ഒരു കാഴ്ച വസ്തുവായി. ആളുകള്‍ തള്ളികയറി വന്നു, ചിലര്‍ തൊട്ടുനോക്കി, മറ്റുചിലര്‍ കല്ലെടുത്തെറിഞ്ഞു. അവരെ ഭദ്രമായി തിരിച്ചെത്തിക്കുകയും ചെയ്തു.
 
റോസ് ദ്വീപിലെ ബോട്ട് ജെട്ടി
 

ഇന്ന് ആന്‍ഡമാനീസ് മാത്രമാണ് നാഗരികതയോടു ചേര്‍ന്ന് നില്ല്ക്കുന്നത്. പരിഷ്കൃത ജനതയെ പോലെ വസ്ത്രം ധരിച്ച്, അവര്‍ക്കായി ഉണ്ടാക്കി കൊടുത്ത പാര്‍പ്പിടങ്ങളില്‍ താമസിക്കുന്നു. ജറാവകളും ചെറിയ തോതില്‍ നാഗരികതയോട് അടുക്കുന്നുണ്ട്, സെൻറിലനീസ് പൂര്‍ണമായും ഉള്‍ക്കാടുകളില്‍ തന്നെയാണ്. ആദിവാസികളെ നാഗരികതയുമായി കൂട്ടികെട്ടുന്നത് ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷമാണ് ഉണ്ടാക്കുക.
 
ആ ഫയലുകളിലൂടെ ഞാൻ വീണ്ടും യാത്രചെയ്യാൻ തുടങ്ങി
(തുടരും)
Show Full Article
TAGS:andaman madhyamam travel rose island india Tour 
Web Title - Island of Death
Next Story