Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നീലക്കടലിനു താഴെ  മറ്റൊരു രക്തക്കടല്‍
cancel
Homechevron_rightTravelchevron_rightDestinationschevron_rightനീലക്കടലിനു താഴെ ...

നീലക്കടലിനു താഴെ മറ്റൊരു രക്തക്കടല്‍

text_fields
bookmark_border

സാഹിബിന്‍റെ ഓര്‍മമയില്‍ ജപ്പാന്‍ സൈനികര്‍ നടത്തിയ ചില നരനായാട്ടിൻെറ ചിത്രങ്ങളുണ്ട്. കുടുംബവുമായി ബന്ധപ്പെട്ട സംഭവം ആയതിനാലാവണം അദ്ദഹത്തിൻെറ ഓർമയിൽ അത് മായാതെ നിൽക്കുന്നത്. കേട്ടറിഞ്ഞ ചില സംഭവങ്ങളും സാഹിബ് വിവരിച്ചു. സാഹിബിൽ നിന്നു കേട്ട കാര്യങ്ങളൊക്കെയും ചരിത്രമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ആന്‍ഡമാനില്‍ വന്നിറങ്ങിയതു മുതല്‍ ഞാൻ അറിഞ്ഞ കാര്യങ്ങളൊന്നും ഏതെങ്കിലും ചരിത്രപുസ്തകത്തില്‍ നിന്നോ, ഇന്റര്‍നെറ്റിൽ നിന്നോ എനിക്ക് ലഭിച്ചിരുന്നില്ല.


സാഹിബിന്‍റെ ബന്ധുവീടുകളില്‍ നിന്നും കോഴികളെ മോഷ്ടിക്കാന്‍ ശ്രമിച്ച ജപ്പാന്‍ സൈനികരെ ചില പ്രദേശവാസികൾ തടഞ്ഞു. ഇത് തങ്ങളുടെ മേല്‍ക്കോയ്മയെ ചോദ്യം ചെയ്യുന്നതയാണ് ജപ്പാൻ സൈന്യത്തിന് തോന്നിയത്. ഓടിപ്പോയവർ നൂറു സൈനികരെ കൂട്ടിവന്ന് സാഹിബിന്‍റെ ബന്ധുവായ യുവാവിനെ പരസ്യമായി വെടിവെച്ചു കൊന്നു.

എന്തെങ്കിലും പ്രകോപനം ഉണ്ടാവാതെയോ ? ഞാൻ ചോദിച്ചു.

പ്രകോപനം? ജപ്പാന്‍ സൈനികര്‍ക്ക് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ മുന്‍പില്‍ എല്ലാവരും ചാരന്മാര്‍ ആയിരുന്നു. എല്ലാവരും ശത്രുക്കളായിരുന്നു.

ശരിക്കും അന്ന് ചാരന്മാര്‍ ഉണ്ടായിരുന്നോ ?

പോര്‍ട്ട്‌ ബ്ലയര്‍ അടക്കം ജപ്പാന്‍ ദ്വീപ്കൈയടക്കിയെങ്കിലും ബ്രിട്ടന്‍റെ ഭീഷണി അവര്‍ക്കുണ്ടായിരുന്നു. ടെന്നീസ് മക്കാര്‍ത്തി എന്ന ചാരനും സംഘവും ജപ്പാന്‍റെ എല്ലാ നീക്കവും വയര്‍ലെസ് മുഖേന ബ്രിട്ടനെ അറിയിച്ചു കൊണ്ടിരുന്നു. ജപ്പാന്‍റെ കപ്പലുകളും സൈനികരും നിരന്തരം ബ്രിട്ടന്‍റെ ആക്രമണത്തിനു വിധേയമായി, ജപ്പാന്‍റെ ഇൻറലിജന്‍സിന് മക്കാര്‍ത്തിയുടെ ഒരു പ്രവര്‍ത്തനവും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതവര്‍ ദ്വീപുവാസികളോടാന് തീര്‍ത്തത്. കണ്ണില്‍ കണ്ടവരെയെല്ലാം നിഷ്കരുണം കൊന്നുതള്ളി. സ്ത്രീകളെ മാനഭംഗപ്പെടുത്തി. ഒരു സുപ്രഭാതത്തില്‍ ബ്രിട്ടീഷ് കറന്‍സി അസാധുവായി, സാമ്പത്തിക അസമത്വം ഇല്ലാതെയായി. ആരുടെ കൈയിലും പണമില്ല. എല്ലാവരിലും പട്ടിണി-മരണഭയം ഉണ്ടായി. മരുന്നും ഭക്ഷണവുമായി വന്ന കപ്പലുകൂടെ തകര്‍ന്നതോടെ സൈനികരും പരിഭ്രാന്തരായി. ചാരന്മാരെ അന്വേഷിച്ചു അവര്‍ പരക്കം പാഞ്ഞു. സാധാരണക്കാര്‍ക്ക് മദ്യം നല്‍കി പ്രലോഭിപ്പിച്ച് ചാരന്മാരെ കണ്ടെത്താന്‍ ശ്രമിച്ചു. പലരും വൃത്തികെട്ട കഥകള്‍ മെനഞ്ഞുണ്ടാക്കി സാധുക്കളെ ചാരന്മാരാക്കി. മുന്‍പുള്ള പകതീര്‍ക്കാന്‍ വേണ്ടി പലരെയും ഒറ്റുകൊടുത്തു. ഇങ്ങനെ ചാരന്മാര്‍ ആയി തീര്‍ന്ന പലരും ജപ്പാന്‍റെ സൗഹൃദവലയത്തില്‍ ഉള്ളവരായിരുന്നു. ഡോകടര്‍ ദിവാന്‍ സിംഗ് അന്നത്തെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നു. ലോക്കല്‍സിനെ പരിഷ്കൃത ജനതയാക്കുന്നതില്‍ അഹോരാത്രം പ്രയത്നിച്ച മനുഷ്യന്‍. അദേഹത്തിൻെറ കണ്ണുകള്‍ ചൂഴ്ന്നെടുത്തു, വൃഷ്ണങ്ങള്‍ കത്തിച്ചു, ചുട്ടുപഴുത്ത കമ്പികള്‍ കുത്തിയിറക്കി. ഡോകടര്‍ നവാബ് അലിയെ ചാരനെന്ന് മുദ്രകുത്താന്‍ അദേഹത്തിൻെറ പെണ്‍മക്കളെ നഗ്നരാക്കി തീയിട്ടു. അങ്ങനെ നിരവധി പേര്‍ ക്രൂരതക്ക് ഇരയായി. ബ്രിടീഷുകാരുടെ കാലത്തെ കാലാപാനി വീണ്ടും തിരിച്ചു വന്നു.

പോർട്ട് ബ്ലയർ


അപ്പോള്‍ സുഭാഷ്‌ചന്ദ്രബോസ് ഇതൊന്നും അറിഞ്ഞിരുന്നില്ലേ ? ബോസ് ജപ്പാന്‍റെ മിത്രമായിരുന്നല്ലോ ? മാത്രമല്ല ബോസ് ഞങ്ങളുടെയൊക്കെ ഹീറോയും ആണ് ?

സാഹിബ്‌ മറുപടി പറയുന്നതിന് മുന്‍പേ സുബ്രന്‍ കയറിവന്നു. നാളെത്തെക്കുള്ള ടിക്കറ്റുമായി. പോര്‍ട്ട്‌ ബ്ലയറിലെ പുതിയ ജീവിതത്തെ കുറിച്ച് സുബ്രനും ആന്‍ഡമാനിലെ യാത്രയെ കുറിച്ച് ഞാനും സംസാരിച്ചു. അവസാനം ചര്‍ച്ച സുഭാഷ്‌ചന്ദ്രബോസില്‍ തന്നെ തിരിച്ചെത്തി. ജപ്പാന്‍റെ ക്രൂരതയും ബോസിന്‍റെ ജപ്പാന്‍ സൗഹൃദവും എന്നെ പോലെ തന്നെ അവനും ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. സാഹിബു പറഞ്ഞതെല്ലാം കഥകള്‍ മാത്രമാവനാണ് സാധ്യതയെന്ന സുബ്രൻെറ നിഗമനത്തോട് എനിക്ക് പക്ഷേ യോജിക്കാനായില്ല. ചരിത്രങ്ങള്‍ പലതും ഒളിഞ്ഞിരിക്കുന്നതാണെന്ന് എനിക്ക് തോന്നാറുണ്ട്. മാത്രമല്ല ഒരാമുഖം എന്ന നിലയില്‍ എമ്മയുടെ അപ്പൂപ്പൻെറ മരണത്തെ കുറിച്ചും എനിക്കറിയാമല്ലോ.

വീരസവർക്കർ വിമാനത്താവളം


രാവിലെ ഞാനും സുബ്രനും സാഹിബും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാന്‍ പോയത്. കേരള ഭക്ഷണം കിട്ടുന്ന മറ്റു കടകളും സുബ്രന്‍ സാഹിബില്‍ നിന്നും ചോദിച്ചു മനസിലാക്കി. ഞങ്ങളോട് യാത്ര പറഞ്ഞു അവന്‍ പോയി. ഞാന്‍ വീണ്ടും ബോസിന്‍റെ കാര്യം എടുത്തിട്ടു. എന്‍റെ മനസ്സറിഞ്ഞ പോലെയായിരുന്നു സാഹിബിന്‍റെ മറുപടി.

ഞാന്‍ ഈ കാര്യങ്ങള്‍ മുന്‍പും പലരോടും പറഞ്ഞിട്ടുണ്ട്, എന്‍റെ യൗവനകാലത്ത്. പക്ഷേ അതെല്ലാം എന്‍റെ തോന്നലുകള്‍ ആയാണു പലരും ധരിച്ചത്. മറ്റുപലരും കഥകള്‍ ആയും. ഒത്തിരി നാളുകള്‍ക്കു ശേഷമാണു ഞാനീതു മോനോട് പറയുന്നത്.

സാഹിബ് . ഇതൊരു കഥയല്ല എന്നെനിക്കുറപ്പുണ്ട്. ആബര്‍ദീന്‍ യുദ്ധം പോലെ ഒരു കഥ ഉണ്ടാക്കിയിട്ട് സാഹിബിനു എന്ത് ഗുണം ?

ഇരുപത് രൂപയുടെ ഈ നോട്ടിലെ ചിത്രം പോർട്ട് ബ്ലയറാണ്.


സാഹിബു വീണ്ടും പറഞ്ഞു തുടങ്ങി- ബോസ് ഞങ്ങള്‍ക്കെല്ലാം ലഹരിയായിരുന്നു. കരയില്‍ നിന്നും ലഭിക്കുന്ന കഥകള്‍ അങ്ങനെയുള്ളതായിരുന്നു. അല്ലെങ്കിലും കരയില്‍ നിന്നും ഒരു വാര്‍ത്ത ഇവിടെ എത്തുമ്പോള്‍ മറ്റുപല കൂട്ടിച്ചേര്‍ക്കലുകളും നടന്നിട്ടുണ്ടാവും. ബ്രിട്ടീഷുകാരുടെ കഴുകന്‍ കണ്ണുകളെ വെട്ടിച്ച് ഒരു പഠാണിയുടെ വേഷത്തില്‍ ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമായ ബോസ് ജപ്പാനില്‍ എത്തിപെട്ടതൊക്കെ ഒരു നാടോടി കഥയെന്നപോലെയാണ് വാപ്പ പറഞ്ഞു തന്നിരുന്നത്. ഒരു ബോംബുകേസ്സില്‍ പെട്ട് ജപ്പാനില്‍ ഉണ്ടായിരുന്ന രാസ് ബിഹാരി ബോസും സുഭാഷ്‌ചന്ദ്രബോസും ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്ക്‌ മറ്റൊരു മുഖം കൈവന്നു. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപക നേതാവ് ബോസിനു നേത്യപദവി നല്‍കി. ഹിറ്റ്ലറുടെയും, ജപ്പാന്‍ പ്രധാനമന്ത്രി ടോജോയുടെയും സൗഹൃദവലയത്തില്‍ ബോസ് എത്തി. ഞാനടക്കമുള്ള കുട്ടികള്‍ ബോസിനെ അനുകരിച്ചു പ്രസംഗിക്കുമായിരുന്നു. സിങ്കപ്പൂരില്‍ ബോസ് നടത്തിയതു പോലെ. നിങ്ങള്‍ എനീക്ക് ചോര തരൂ, ഞാന്‍ ഞങ്ങള്‍ക്ക് ചോര തരാം എന്നൊക്കെ.


ഇതും പറഞ്ഞു പരിഹാസം കലര്‍ന്ന രീതിയില്‍ സാഹിബു ചിരിച്ചു. എനിക്കൊന്നും മനസ്സിലായില്ല.

സാഹിബു വീണ്ടും പറഞ്ഞു തുടങ്ങി. ഇതാ ഇന്ത്യ സ്വതന്ത്രമായിരിക്കുന്നു. എന്തൊരു വിഡ്ഢിത്തമായിരുന്നു അതെന്നു മുതിര്‍ന്നപ്പോയാണ് മനസിലായത്. ജപ്പാനില്‍ നിന്നും ദ്വീപിനെ മോചിപ്പിക്കാന്‍ പോലും കഴിയാത്ത ഒരാള്‍ പറയുന്നു ഇന്ത്യ സ്വതന്ത്രമായെന്ന്. ഇതേ ജപ്പാനുമായി ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധമായി പോരാടണമെന്ന്. സാഹിബു വീണ്ടും ചിരിച്ചു.

ഞാൻ മിഴിച്ചിരിക്കുകയാണ്. എന്താണ് ഈ മനുഷ്യന്‍ പറയുന്നത്. ഒരു കാലത്ത് ഇന്ത്യന്‍ യുവതയുടെ സിരകളില്‍ വിപ്ലവം കുത്തിവെച്ച ബോസിനെയാണ് ഈ വൃദ്ധന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്.

ആന്‍ഡമാന്‍ ദ്വീപുകള്‍ സുഭാഷ്‌ചന്ദ്രബോസിന്‍റെ പ്രോവിഷ്യന്‍ ഗവര്‍മെൻറ് ഓഫ് ഫ്രീ ഇന്ത്യക്ക് കൈമാറുമെന്ന് ഇവിടുത്തുകാര്‍ അടക്കം പറഞ്ഞു. ഉച്ചത്തില്‍ പറയാന്‍ പേടിയായിരുന്നു. നിയമരാഹിത്യം നടമാടിയ ഇവിടെ ഭയമാണ് ഭരിച്ചിരുന്നത്.

ബോസിവിടെ വന്നിരുന്നില്ലേ? ഇവിടെ ദേശീയ പാതക ഉയര്‍ത്തി എന്നൊക്കെയാണല്ലോ ഞങ്ങള്‍ പഠിച്ചിരിക്കുന്നത്?

വിമാനത്തിൽ നിന്നുള്ള ആൻഡമാൻ നിക്കോബാർ കാഴ്ച


ബോസ്സിവിടെ വന്നിരുന്നു. അദേഹത്തെ കാണാന്‍ ഞാനടക്കമുള്ളവര്‍ ജിംഖാന മൈതാനത്ത് പോയിരുന്നു. പക്ഷേ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാണ് അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. ഇത് കേട്ടതോടെ വാപ്പ എന്നെ വലിച്ചു കൊണ്ട് വീട്ടില്‍ പോയി. രണ്ടു ദിവസ്സത്തിനു ശേഷം വാപ്പയുടെ അനിയനും വാപ്പയും തമ്മില്‍ ഭീഗരമായ വാഗ്വാദം നടന്നു. അന്നനൊന്നും എനിക്ക് മനസിലായില്ലെങ്കിലും പിന്നിട് അതിൻെറ കാരണം എനിക്ക് മനസ്സിലായി. ബോസിന്‍റെ കടുത്ത ആരാധകനായിരുന്നു വാപ്പയുടെ അനിയന്‍. നിര്‍ദോഷികളായ സാധാരക്കാരെ കൊന്നൊടുക്കിയ, സെല്ലുലാര്‍ ജയിലില്‍ മരണത്തോട് മല്ലിട്ട്, ക്രൂരപീഡനത്തിനു വിധേയമായി കഴിയുന്ന ജനങ്ങളെ കാണാത്ത, ബോസ്സിനോടുള്ള വാപ്പയുടെ രോഷമായിരുന്നു അന്ന് ഞാന്‍ കണ്ടത്.

പിന്നീടു ജപ്പാന്‍റെ ഉപദ്രവം ഉണ്ടായോ ?

വിമാനത്തിൽ


നാള്‍ക്കുനാള്‍ പരാജയം അനുഭവിച്ച ജപ്പാന്‍ സൈനികര്‍ക്ക് ഭക്ഷണം പോലും കിട്ടാതായി. കൈയില്‍ കിട്ടിയ എല്ലാ മൃഗങ്ങളെയും കൊന്നു തിന്നാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ കുതിരയും , കഴുതയും, പട്ടിയും എല്ലാം ഉണ്ടായിരുന്നു. ആനയെ കൊന്നു തിന്ന എല്ലാവരും മരിച്ചു. ഗ്രാമപ്രദേശങ്ങളിലേക്ക് നീങ്ങിയ സൈന്യം കൈയിൽ കിട്ടുന്നതെല്ലാം പിടിച്ചുപറിച്ചു. പോര്‍ട്ട്‌ ബ്ലയറില്‍ സഖ്യസേന ആക്രമണം നടത്തുന്ന ഓരോ സമയത്തും ജപ്പാന്‍ സേന പകവീട്ടിയത് സാധാരണക്കാരെ കൊലപ്പെടുത്തിയാണ്. ജര്‍മ്മനിയും ഇറ്റലിയും കീഴടങ്ങുന്നതിൻെറ സൂചനകള്‍ കിട്ടിയപ്പോള്‍ നിരാശരായ ജപ്പാന്‍ സൈനികര്‍ കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്യാം എന്നൊരു ആശയം കൊണ്ടുവന്നു. സാധാരണക്കാരേ കുത്തിനിറച്ച കപ്പല്‍ നടുക്കടലില്‍ എത്തിയപ്പോള്‍ യന്ത്രതോക്കുകള്‍ കൊണ്ട് എല്ലാവരെയും കൊന്നു. ജപ്പാന്‍ സൈന്യം പരാജയപെടുമ്പോള്‍ അത് കണ്ടു ഒരു സന്തോഷിക്കാന്‍ ഒരു ജനത ഇവിടെ ആവശ്യമില്ലായിരുന്നു.

ആകാശക്കാഴ്ച


സുബ്രൻെറ ഫോണാണ് സംസാരം മുറിച്ചത്. എയര്‍പോര്‍ട്ടില്‍ ചെക്കിന്‍ ചെയ്തോ എന്നറിയാന്‍ ആയിരുന്നു. സംസാരത്തിനിടയില്‍ സമയം പോയത് അറിഞ്ഞിരുന്നില്ല. എന്നെ യാത്രയാക്കാന്‍ സാഹിബും വന്നു. കൂട്ടത്തില്‍ ഒരു പൊതിയും എന്നെ ഏൽപിച്ചു. അദേഹത്തിൻെറ ബന്ധുക്കളുടെ വിലാസം എഴുതിയ ആ പൊതി നാട്ടിലെത്തിക്കണം. ടാക്സിയില്‍ വെച്ചാണ്‌ സാഹിബു ബാക്കി കഥ പറഞ്ഞത്. യുദ്ധാനന്തരം ബ്രിട്ടീഷ്കാര്‍ ദ്വീപ്‌ ഏറ്റെടുത്തു. നരകത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു ജനതയെ വേദനിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചില്ല. റെഡ്ക്രോസിൻെറ ഒരു യൂനിറ്റ് ഇവടെ വന്നു. കവിളൊട്ടി, കണ്ണ്കുഴിഞ്ഞു, പട്ടിണിയും അസുഖവും ബാധിച്ച ഒരു ജനതയെ അവര്‍ ശുശ്രുഷിച്ചു.

എയർപോർട്ട്


ഇപ്പോഴത്തെ ആന്‍ഡമാന്‍ ജീവിതം എങ്ങനെയാണെന്നു അറിയണം എന്നുണ്ടായിരുന്നു. അതിനു മുന്‍പേ എയര്‍പോര്‍ട്ടില്‍ എത്തി. വിമാനത്തില്‍ വിന്‍ഡോ സീറ്റ് തന്നെയാണ് കിട്ടിയത്, അത് വേണ്ടിയിരുന്നില്ല. താഴയുള്ള കാഴ്ച എന്നില്‍ ഒരു കൗതുകവും ഉണ്ടാക്കിയില്ല. നീലക്കടലിനു താഴെ മറ്റൊരു രക്തക്കടല്‍ എനിക്ക് കാണാം. നെഞ്ചില്‍ വലിയ ഒരു ഭാരം കയറിയിരിക്കുന്നുണ്ട്. ആ ഭാരം നിലവിളിയുടെതാണ്, വേദനയുടെതാണ്, കത്തിയെരിഞ്ഞ മനുഷ്യരുടെ,വസെല്ലുലാറില്‍ ആത്മഹത്യ ചെയ്ത മനുഷ്യരുടെ ഭാരമാണ്. ഈ ഭാരം ഞാന്‍ എങ്ങനെയാണ് ഇറക്കിവെക്കുക?

അവസാനിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelindia Tourandman
Next Story