Begin typing your search above and press return to search.
exit_to_app
exit_to_app
ഗോള്‍ ഗുംബസിന്‍െറ വിസ്മയത്തിനു മുന്നില്‍
cancel
Homechevron_rightTravelchevron_rightDestinationschevron_rightഗോള്‍ ഗുംബസിന്‍െറ...

ഗോള്‍ ഗുംബസിന്‍െറ വിസ്മയത്തിനു മുന്നില്‍

text_fields
bookmark_border

ബിജാപ്പൂരിലെ രണ്ടാം ദിനം ആരംഭിക്കുകയാണ്. വേനൽ ചൂട് ഇവിടെ കനത്തു നിൽക്കുന്നു. രാവിലെ... ഗോൾഗുംബസ്സിന് മുമ്പ് ക ാണാനുള്ളവയുടെ പട്ടിക മനസ്സിലിട്ട് പുറത്തേക്കിറങ്ങി. ആദ്യമെത്തിയത് എം.ജി റോഡിൽ തന്നെയുള്ള 'ബാരാ കമാനി'ലാണ്. ഇന്നലെ കണ്ട ഗഗൻ പാലസി​​​​​​​െൻറ എതിർവശത്താണ് 'ബാരാ കമാൻ' സ്ഥിതിചെയ്യുന്നത്. തറനിരപ്പിൽ നിന്നുയർന്ന ഒരു തിട്ടിൽ എഴുന്നു നിൽക്കുന്ന കമാനങ്ങൾ. ഒരു അപൂർണ നിർമിതി. അലി ആദിൽ ഷാ സ്വന്തം ശവകുടീരത്തിനായി 1672 ൽ നിർമാണം ആരംഭിച്ചെങ്കിലും അദ്ദേഹത്തി​​​​​​​െൻറ കാലത്ത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പിന്നീട് വന്നവർ ആ കമാനങ്ങളെ അങ്ങനെ തന്നെ ഉപേക്ഷിക്കുകയും ചെയ്തു. സായാഹ്ന സൂര്യ രശ്മികൾ ബാരാ കമാനങ്ങളുടെ മേൽ വീഴുമ്പോൾ അങ്ങ് കിഴക്ക് ഗോൾ ഗുംബസ്സി​​​​​​​െൻറ മേൽ അവയുടെ നിഴൽ പതിക്കണമെന്ന നിലയിലായിരുന്നു അതി​​​​​​​െൻറ രൂപരേഖ.

അടുത്തത് തിൽകോട്ട്​ പോകുന്ന ദിശയിൽ എം.ജി റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ശിവജി റോഡിൽ ഉപ്​ലി ബർസ്​. 80 അടി ഉയരത്തിൽ വൃത്താകൃതിയിലുള്ള ഒരു വാച്ച് ടവർ. 1584 ൽ ഹൈദർ ഖാ​​​​​​​െൻറ ആഭിമുഖ്യത്തിൽ നിർമിക്കപ്പെട്ടത്. ഒരു കാലത്ത് വിവിധ തരം പീരങ്കികൾ, വെടി മരുന്ന് ശേഖരങ്ങൾ എല്ലാം ഇവിടെ സജ്ജമാക്കി ഭടന്മാർ കണ്ണിമ ചിമ്മാതെ കാവൽ നിന്ന കാവൽ ഗോപുരമാണിത്. ഇവിടെ നിന്ന് നോക്കുമ്പോൾ ബിജാപ്പൂർ നഗരത്തി​​​​​​​െൻറ വിശാല ദൃശ്യങ്ങൾ കാണാം.

ഗോൾ ഗുംബസിന്‍െറ ഉള്ളിലെ ശവകുടീരം

ഉപ്​ലി ബർസിൽ നിന്നും ഇതേ പേരിലുള്ള പാതയുടെ അങ്ങേ വശത്തായിട്ടാണ് മാലിക് ഇ മൈതാൻ... പടനിലങ്ങളുടെ തമ്പുരാൻ... മധ്യകാലഘട്ട ഡെക്കാനി​​​​​​​െൻറ പേടി സ്വപ്നമായിരുന്ന ഉഗ്രശേഷിയുള്ള പീരങ്കി. അന്ന് ലോകത്തിലെ ഏറ്റവും വലിയ പീരങ്കിയും ഇതായിരുന്നു. 55 ടൺ ഭാരം... നാല്​ മീറ്റർ നീളം. ഈ പീരങ്കിക്ക്​ തീകൊളുത്തിയിരുന്ന ഭടൻ അടുത്ത നിമിഷം പീരങ്കിക്കു പിന്നിൽ ജലം നിറച്ച അറയിലേക്ക് ചാടി മുങ്ങിക്കിടക്കുമായിരുന്നത്രെ! 1947 ൽ ബ്രിട്ടീഷുകാർ ഇതിനെ ഇംഗ്ലണ്ടിലേക്ക് കടത്താൻ ശ്രമിച്ചെങ്കിലും ഭാരക്കൂടുതൽ നിമിത്തം ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ബിജാപ്പൂരിനെ ചുറ്റി നിൽക്കുന്ന കോട്ട മതിലി​​​​​​​െൻറ ഭാഗമായി പടിഞ്ഞാറേക്ക് ദൃഷ്ടി പായിച്ചാണ് മാലിക് ഇ മൈതാൻ നിലകൊള്ളുന്നത്.

മാലിക് ഇ മൈതാൻ കഴിഞ്ഞു ഞങ്ങൾ എത്തിയത് 'ഇബ്രാഹിം റോസ'യിലാണ്. മൂല്യത്തിൽ മൊഹമ്മദ് ആദിൽ ഷാ യുടെ ഗോൾഗുംബസ്സിന് തൊട്ടു താഴത്തെ സ്ഥാനം. അദ്ദേഹത്തിന്റെ പിതാവ് ഇബ്രാഹിം ആദിൽ ഷാ രണ്ടാമ​​​​​​​െൻറയും റാണിയുടെയും ശവകുടീരങ്ങളും മസ്ജിദും. ഇതി​​​​​​​െൻറ നിർമാണ ആശയം താജ്മഹലിൽ നിന്നാണെന്ന് പറയപ്പെടുന്നു. കാണേണ്ട ഇടം തന്നെ.

ഇബ്രാഹിം റോസയിൽ നിന്നും ഇറങ്ങിയപ്പോൾ 'സാഠ് കബറി'നെ പറ്റി ഓർത്തു. അത് കോട്ട മതിലിന് പടിഞ്ഞാറ് തിൽകോട്ടിലേക്കുള്ള പാതയിൽ നിന്ന് ഇത്തിരി അകത്തേക്കാണ്. അവിടെ എത്തിപ്പെടാനുള്ള വഴി ദുർഗമമാണ്... ഇടം വിജനവും. അറുപതോളം ഖബറുകൾ... എല്ലാം അഫ്സൽ ഖാ​​​​​​​െൻറ ബീവിമാരുടേതായിരുന്നു. അറുപത് ബീവിമാരുള്ള ആ ഖാൻ ബിജാപ്പൂരിലെ സുൽത്താൻ ആയിരുന്നോ...?
'അല്ല... പിന്നെ ആര്...?'
സുൽത്താ​​​​​​​െൻറ സേനാ നായകൻ...!

മറാത്ത വീരൻ ശിവജിയുമായി ബിജാപ്പൂർ പട നയിക്കുന്ന കാലം... ഒരു ജോതിഷി സേനാ നായകന് എട്ടി​​​​​​​െൻറ പണി തന്നെ കൊടുത്തു. ആ യുദ്ധത്തിൽ മറാത്ത സൈന്യം അഫ്സൽ ഖാനെ വധിക്കുമെന്ന് നിസ്സംശയം അങ്ങ് പ്രവചിച്ചു കളഞ്ഞു. അതോടെ അഫ്സൽ ഖാൻ ഒരു തീരുമാനത്തിലെത്തി. തനിക്കു ശേഷം ത​​​​​​​െൻറ ബീവിമാരെ ആരും സ്വന്തമാക്കാൻ പാടില്ല. ഓരോ ബീവിമാരെയും തന്ത്രത്തിൽ സാഠ് ഖബറിനടുത്ത കിണറ്റിൽ തള്ളിയിട്ട് കൊല്ലുക. ഹതഭാഗ്യരായ 62 ബീവിമാർ ഒന്നും അറിയാതെ ചത്തൊടുങ്ങി. അറുപത്തിമൂന്നാമത്തേത് ഓടാൻ ശ്രമിച്ചെങ്കിലും ഭടന്മാർ അവരെയും വളഞ്ഞിട്ടു പിടിച്ച് സേനാ നായകന് കൈമാറി. എന്നാൽ 64ാമത്തെ ബീവി ഓടി രക്ഷപ്പെടുക തന്നെ ചെയ്തുവെന്നും അവരിലൂടെ അഫ്സൽ ഖാ​​​​​​​െൻറ ക്രൂരകൃത്യങ്ങൾ പുറത്തറിഞ്ഞെന്നും ബിജാപ്പൂരി​​​​​​​െൻറ തലമുറകൾ പകർന്നു ചൊല്ലിയ കഥകളായി നമ്മെ തേടി ഇപ്പോഴും വരികയാണ്. ഇതൊന്നും ആധികാരിക ചരിത്രരേഖകളിലൊന്നും കാണാനില്ലെങ്കിലും അറുപതിലേറെ ഖബറുകൾ അവിടെ നമുക്കു കാണാവുന്നതാണ്. എന്തായാലും ഇതും പരിചാരിക രംഭയുടെ 'മിത്തിക്കൽ സ്റ്റോറി' പോലെ നമ്മെ തീർച്ചയായും വേട്ടയാടുന്നതു തന്നെയാണ്.

ഗോൾ ഗുംബസിന്‍െറ ഉള്ളിലെ ശവകുടീരത്തി​​​​​​​െൻറ സമീപക്കാഴ്​ച

അടുത്തത് ബിജാപ്പൂരി​​​​​​​െൻറ 'ഐക്കണാ'യ ഗോൾഗുംബസ്സിലേക്ക്. പൊതുവെ വലിയ അംബരചുംബികളൊന്നുമില്ലാത്ത ബിജാപ്പൂരി​​​​​​​െൻറ തലപ്പൊക്കം ശരിക്കും ഗോൾഗുംബസ്സ് തന്നെ. 51 മീറ്റർ ഉയരത്തിൽ 47.5 മീറ്റർ സമചതുര നിർമിതി. ഏഴാം നിലയ്ക്ക് മീതെ 44 മീറ്റർ വ്യാസമുള്ള കമനീയമായ താഴികക്കുടം. ആ താഴിക്കുടത്തിനുള്ളിലാണ് ശബ്ദത്തി​​​​​​​െൻറ മാന്ത്രികതകൾ ഒളിഞ്ഞിരിക്കുന്ന 'വിസ്​പറിങ്​ ഗാലറി' 1626- 56 കാലത്ത് മുഹമ്മദ്​ ആദിൽ ഷാ ത​​​​​​​െൻറ പിതാവ് ഇബ്രാഹിം ആദിൽ ഷാ രണ്ടാമ​​​​​​​െൻറ സ്മാരക കുടീരമായ ഇബ്രാഹിം റോസയെ താരതമ്യം ചെയ്താണ് ഇത് പണികഴിപ്പിച്ചത്. മൊത്തം 18225 ച.മീറ്റർ വിസ്തൃതി. കൊങ്കൺ തീരത്തെ ദാബുളിൽ നിന്നുവന്ന യഖുത് ആയിരുന്നു ശിൽപി. ഞാൻ രണ്ടാം ദിവസവും ഗോൾഗുംബസ്സി​​​​​​​െൻറ മുമ്പിലെത്തിയിരിക്കുകയാണ്.

ഗോൾഗുംബസ്സിലേക്ക് നടക്കുന്നതിന് മുമ്പ് അതി​​​​​​​െൻറ വിശാലമായ പരിസരങ്ങൾ ശ്രദ്ധിക്കുക... ഇനി നിങ്ങൾ ഗോൾഗുംബസ്സിനെ മാത്രം നോക്കുക... എന്നിട്ട് നടക്കുക... മുകളിൽ വലിയ താഴികകുടം കാണാം. അതിനു താഴെ ചതുരാകൃതിയായ വലിയ കെട്ടിടവും. അങ്ങനെ നോക്കി നടക്കുക. പോകപ്പോകെ താഴികക്കുടം അസ്തമന സൂര്യനെ പോലെ താണുപോകുന്നതും മുന്നിൽ കാണുന്ന കെട്ടിടം ഉയർന്നു നിൽക്കുന്ന പോലെയും കാണാം... കൂടുതൽ പോകുന്തോറും താഴത്തെ കെട്ടിടം മാത്രമാകും കാഴ്ചയിൽ. ഇത് ഗോൾഗുംബസ്സി​​​​​​​െൻറയും പരിസര നിർമിതികളുടെയും ഒരു പ്രത്യേകതയാണ്. മുൻവശത്ത് നമ്മൾ ആദ്യം കാണുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മ്യൂസിയമാണ്... നിറയെ ചരിത്ര ശേഷിപ്പുകളുമായി.

ആ മ്യൂസിയം കെട്ടിടത്തി​​​​​​​െൻറ പിന്നിലെ പ്രവേശന കവാടത്തിലൂടെ ഞങ്ങൾ അകത്തേക്ക് കയറി ഗോൾഗുംബസ്സിന്റ്റെ തിരുമുറ്റത്തെത്തി. ഇതാ... ശബ്ദത്തിന്റ്റെ... മാറ്റൊലിയുടെ മാന്ത്രിക കൊട്ടാരം സൂര്യപ്രഭയിൽ കുളിച്ചു നിൽന്നു. ഒറ്റനോട്ടത്തിൽ സമചതുരത്തിൽ ഏഴു നിലക്ക് മേൽ ഉയരമുള്ള വലിയൊരു ഒറ്റനില മാളിക. ഭീമൻ മരവാതിൽ. മാളികയുടെ നാലു മൂലകളിലും അഷ്ട കോണാകൃതിയിൽ. ഉയർന്നു പോകുന്ന ഗോവണിപ്പടവുകൾ. നിറയെ കിളിവാതിലുകൾ. അവക്കും മീതെ ചെറിയ താഴിക്കുടങ്ങൾ.

ഞങ്ങൾ ഗോൾഗുംബസ്സിന്റ്റെ തൊട്ടു മുമ്പിലെത്തി. എത്ര ഉയരമുള്ള മാളിക! മുൻവശത്തെ പടവുകൾ ഏറി. കൂറ്റൻ മരവാതിൽപ്പടിയിൽ. അവിടെ സാധാരണ വാതിലിലൂടെ അകത്തേക്ക്. അകത്തു കയറി ഞാൻ മുകളിലേക്ക് നോക്കി. വശങ്ങളിലെ ചുവരുകളിൽ അലങ്കാര വേലകൾ കുറവാണ്. എട്ടു 'പെൻഡേറ്റീവ്​ ആർച്ചു'കളിൽ താങ്ങിനിൽക്കുന്ന രൂപഭംഗി തികഞ്ഞ കൂറ്റൻ താഴിക്കുടം! ഇത്രയും വലിപ്പമേറിയ അന്തർഭാഗത്ത് ഒറ്റ തൂണു പോലും ഇല്ലായെന്നത് അത്ഭുതമുളവാക്കുന്ന വാസ്തുവിദ്യ തന്നെ. വിശാലമായ സമചതുര ഹാൾ... അതിന് ഒത്ത നടുക്ക് അരയാൾ പൊക്കത്തിനു മേൽ കെട്ടി ഉയർത്തിയിരിക്കുന്നു. അവിടെ മധ്യത്തിലായി മരത്തടികൾ കൊണ്ടു നിർമിച്ച കുടീരത്തിന് കീഴിലായി ഖബറുകൾ. സുൽത്താൻ മുഹമ്മദ് ആദിൽ ഷായുടെയും ബന്ധുക്കളുടെയും. യഥാർത്ഥ ഭൗതികാവശിഷ്ടങ്ങൾ നിലവറയിലാണ്. അതി​​​​​​​െൻറ പ്രതിരൂപങ്ങളാണ് മുകളിൽ കാണുന്ന 'ഡമ്മി' ഖബറുകൾ. താഴത്തെ നിലവറയിലൊന്നിൽ എവിടെയോ ആദിൽ ഷായുടെ വിശ്വസ്ഥ പരിചാരിക രംഭ കാണുമോ...?

ഞങ്ങൾ മൂലയിലെ ഗോപുര പടവുകളിലൂടെ മുകളിലേക്ക് കയറി. ഹൈദരാബാദിലെ ചാർമിനാറിലും ദില്ലിയിലെ കുത്തബ്മിനാറിലും കയറുന്നതുപോലെ ഇതും ആയാസകരം തന്നെ. ഒാരോ നിലയിലുമുള്ള കിളിവാതിലുകളിലൂടെ നോക്കുമ്പോൾ ബിജാപ്പൂരി​​​​​​​െൻറ ആകാശദൃശ്യങ്ങൾ വ്യത്യസ്​തമാകുന്നതും വിദൂരപ്പെടുന്നതും കാണാം. മുകളിലെ താഴികക്കുടത്തിനുള്ളിലാണ് ഗോൾഗുംബസ്സ് അതി​​​​​​​െൻറ രഹസ്യം ഒളിപ്പിച്ചു വച്ചിരിക്കുന്നത്. താഴികക്കുടത്തിന് കീഴെയുള്ള ചുവരുകളോട് നിങ്ങൾ സംസാരിക്കുക... ഗ്യാലറിയുടെ കൃത്യം എതിർവശത്തെ ചുവരുകളിൽ ചെവി പിടിക്കുന്നവർക്ക് നിങ്ങളുടെ സംസാരങ്ങൾ കേൾക്കാം. ഒരു തവണയല്ല ഏഴുതവണ വരെ... ശബ്ദത്തി​​​​​​​െൻറ തീക്ഷ്​ണതയനുസരിച്ച്. ഹൈദരാബാദ് ഗോൾകൊണ്ടാ കോട്ടയിലെ 'അക്കൊസ്റ്റിക് മാജിക്' പോലെ.

ഗോൾ ഗുംബസിനു മുന്നിൽ ലേഖകനും കുടുംബവും

ഏഴാമത്തെ നില... ഞങ്ങൾ താഴികക്കുടത്തിനുള്ളിലേക്ക് പ്രവേശിച്ചു. പകൽ വെളിച്ചത്തി​​​​​​​െൻറ പരിമിത സാന്നിധ്യം മാത്രമാണ് ഇവിടുള്ളത്. ആധുനിക വാസ്തു വൈദഗ്​ധ്യമൊന്നുമില്ലാത്ത കാലത്തെ താഴിക്കുടത്തി​​​​​​​െൻറ വലിപ്പം തെല്ലൊന്നുമല്ല എന്നെ അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പകലിലും പാതി ഇരുൾ വീണ താഴികക്കുടത്തിൽ എങ്ങും ശബ്ദത്തി​​​​​​​െൻറ മറമരങ്ങളും മാറ്റൊലികളും മാത്രം... സന്ദർശകരുടെ ആകാരങ്ങളും മുഖങ്ങളും അപ്രസക്തമാകുന്ന... വളഞ്ഞു വളഞ്ഞു വൃത്തമാകുന്ന ഇടനാഴി... അവിടെ നൂറ്റാണ്ടുകളായി പ്രണയിനികളുടെ മധുരാധരങ്ങളിൽ മരണമാസ് ചുംബിച്ച്... ശബ്ദങ്ങൾ കുടിച്ചു മത്തടിച്ചു നിൽന്ന ചുവരുകൾ. ഇതാ... സന്ദർശകരുടെ മാറ്റൊലികൾ മുഴങ്ങുന്നു.

ഞാൻ ചുവരിലേക്ക് ചെവികൾ അമർത്തി. കാന്ത കല്ലുകൾ പോലെ ആ ചുവരുകൾ എന്റെ ചെവികളെ വലിച്ചെടുത്തു. ചുവരിന്റ്റെ നാഡി ഞരമ്പുകളിൽ സ്വരാക്ഷരങ്ങളും വ്യഞ്ജനങ്ങളും കൂട്ടിമുട്ടി തീ ചിതറുന്നത്... പരവശ പ്രണയങ്ങൾ പരിദേവനങ്ങൾ എല്ലാം എനിക്ക് കേൾക്കാം.... ശബ്ദത്തി​​​​​​​െൻറ അട്ടിയിട്ട അടുക്കുകളിലൂടെ എ​​​​​​​െൻറ ചെവികൾ ആഴ്ന്നിറങ്ങുകയാണ്. ഇപ്പോൾ ഞാൻ പതിനാറാം നൂറ്റാണ്ടിലെ ശബ്ദങ്ങളുടെ സംഭരണികളിലെത്തിയിരിക്കുന്നു. ആദിൽ ഷാ മാരുടെ... സുൽത്താനകളുടെ... അന്തഃപുര ഹൂറികളുടെ സ്വരവ്യഞ്ജനങ്ങളാണ് എ​​​​​​​െൻറ കാതുകൾ ഇപ്പോൾ തിരയുന്നത്. ആ സംഭരണിയിലെവിടെയോ ആദിൽ ഷായുടെ ഖൽബിൽ ദിവ്യമായ മൊഹബത്തി​​​​​​​െൻറ തീമഴ പെയ്യിച്ച രംഭയുടെ വചനങ്ങളുണ്ട്. രംഭയുടെ അവസാനത്തെ വാക്കുകൾ എനിക്ക് വെളിപാടുകളായി കേൾക്കണം... എനിക്ക് രംഭയോട് ചോദിക്കണം... കേട്ട കഥയുടെ വാസ്തവങ്ങൾ... എന്തിനാണ് പൊട്ടി പെണ്ണേ അനുസരണക്കേടു കാട്ടാതിരിക്കാൻ വേണ്ടി മാത്രം നി​​​​​​​െൻറ ജീവ​​​​​​​െൻറ ചില്ലുഭരണികൾ എറിഞ്ഞുടച്ചതെന്ന്!!!

ഒറ്റ ദിവസം, ബദാമി - പട്ടടക്കൽ - ഐഹോൾ കണ്ട് എങ്ങനെ ബിജാപ്പൂരിലെത്താം?

ഹംപി ( ഹോസ്പെട്) - ബദാമി : 129 കി.മി/ 2 മ 45 മി
ബദാമി : പ്രവർത്തി സമയം 09:00-17:00 / വെള്ളി അവധി
തുടക്കം രാവിലെ 09:00 ന് ഗുഹാക്ഷേത്രം / ഭൂതനാഥ ക്ഷേത്രങ്ങൾ... മല്ലികാർജ്ജുനക്ഷേത്രം/ സന്ദർശന സമയം രണ്ടര മണിക്കൂർ.
ബദാമിയിൽ തന്നെയുള്ള ബനശങ്കരി ക്ഷേത്രം കാണണമെന്നുണ്ടെങ്കിൽ രാവിലെ 08:00 ന് പോയി കാണുക / ഇവിടെ പുറത്തു കിടക്കുന്ന ഒരു പുരാതന കല്ലുരഥം തീർച്ചയായും കാണണം / 15 മിനിറ്റ് സന്ദര്‍ശനം

ബദാമി താമസ സൗകര്യം : മയൂര ചാലുക്യ KSTDC ഹോട്ടല്‍ / 08357 220046 / 8970650024/ email: mayurachalukya@gmail.com
11:30 ന് പട്ടടക്കലിലേക്ക്
ബദാമി-പട്ടടക്കൽ: 22 കി.മീ/33 മിനിറ്റ്
പ്രവർത്തി സമയം 09:00-17:00 / വെള്ളി അവധി
സന്ദര്‍ശന സമയം 1 മണിക്കൂർ
ഉച്ചയ്​ക്ക്​ 1:03 ന് പട്ടടക്കൽ നിന്ന് ഐഹോളിലേക്ക്.
പട്ടടക്കൽ- ഐഹോൾ: 14 കി മീ/32 മിനിറ്റ്
പ്രവർത്തി സമയം 09:00-17:00 / വെള്ളി അവധി
ദുർഗ്ഗാ ടെമ്പിള്‍ 1:30 സന്ദര്‍ശനം /മറ്റുള്ളവ 45 മിനിറ്റ് /ലഞ്ച് 30 മിനിറ്റ്.
ലഞ്ചിന് ഐഹോൾ മയൂര്‍ യാത്രി നിവാസ്- KSTDC ഹോട്ടല്‍/ ഇവിടെ നല്ല റസ്റ്ററന്റ്റുകൾ ഇല്ല / 04835 284666_ 9448559892
ഉച്ചയ്​ക്ക്​ 03:35 ന് ഐഹോൾ- ബിജാപ്പൂരിലേക്ക് : 111 കി.മീറ്റർ / രണ്ട്​ മണിക്കൂർ 21 മിനിറ്റ് / 05:56 ന് ബിജാപ്പൂരിലെത്താം / ഹോട്ടലിൽ ചെക് ഇൻ ചെയ്തതിനു ശേഷം താൽപ്പര്യമെങ്കിൽ കുതിര വണ്ടിയില്‍ ബിജാപ്പൂർ പട്ടണം കാണാം... ഒപ്പം അൽപനേരം പ്രശസ്തമായ ഗോൾഗുംബസിന്റ്റെ മുമ്പിൽ. അത് ഒരു അനുഭവം തന്നെയാണ്.

ട്രാവൽ ടിപ്​സ്​


ബിജാപ്പൂരിൽ നിന്നും മടക്കയാത്ര ബിജാപ്പൂർ -ഹുബ്ളി- ബാംഗ്ലൂർ ദൂരം 83 കിലോമീറ്റർ കൂടുതൽ ആണെങ്കിലും അതായിരിക്കും യാത്രയ്ക്ക് നല്ലത്.
ബിജാപ്പൂർ- ബാംഗ്ലൂർ = 528 കി മീ / 9 മ 21 മി
ബിജാപ്പൂർ- ഹുബ്ളി = 199 കിമി/4 മ 14 മിനിറ്റ്
ഹുബ്ളി- ബാംഗ്ലൂർ = 412 കിമി/ 6 മ 12 മിനിറ്റ്.

അടുത്ത വിമാനത്താവളം: ബൽഗാം 225 കി.മീറ്റർ
റെയിൽവേ സ്​റ്റേഷൻ: ബിജാപ്പൂർ (ഗോൾഗുംബസിന്​ ഏറ്റവും സമീപം)

ഗോൾഗുംബസ്​: പ്രവർത്തി സമയം രാവിലെ 9.00 - വൈകിട്ട്​ 5.00 (വെള്ളി അവധി)

Show Full Article
TAGS:Bijapur Travelogue Gol Gumbaz Travel india 
Next Story