Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമാൽപെയിലെ കൽദ്വീപുകൾ

മാൽപെയിലെ കൽദ്വീപുകൾ

text_fields
bookmark_border
മാൽപെയിലെ കൽദ്വീപുകൾ
cancel
നീലാകാശവും നീണ്ട കടൽത്തീരവുമായി മാല്‍പെ നമ്മെ ഓർമിപ്പിക്കുക കരീബീയന്‍ ബീച്ചുകളെയാണ്. നീണ്ടുപരന്നു കിടക്കുന്ന വൃത്തിയുള്ള മനോഹരമായ മണൽത്തിട്ട. തീരത്തുനിന്നും അധികം അകലെയല്ലാതെ പ്രകൃതിദത്തമായ ദ്വീപുകൾ. യാത്രികര്‍ക്ക് താമസിക്കുന്നതിനായി നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും. മഡ് ബൈക്കുകൾ, വാട്ടർ ബൈക്കുകൾ, ഡൈവിങ് തുടങ്ങിയ ജല വിനോദങ്ങൾ. ഇതിനൊക്കെ പുറമെ ബോട്ടിങ്, മത്സ്യബന്ധനം, കടലില്‍ കുളി എന്നിങ്ങനെ നിരവധി സാധ്യതകൾ. കാൽപനികതയേക്കാൾ വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് കർണാടകയിലെ കൊങ്കൺ തീരത്തുള്ള മാൽപെ ബീച്ച്. 

എല്ലായ്പോഴും അനുഭവപ്പെടുന്ന ജനത്തിരക്കാണ് മാൽപെ ബീച്ചിന്‍റെ പ്രത്യേകത. കൊതിയേറും ഭക്ഷണവിഭവങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റാളുകൾ ഒരുപാടുണ്ട് ഇവിടെ. മെഹന്തിയണിയുന്നവർക്കും ടാറ്റൂ ഒട്ടിക്കുന്നവർക്കും വൈവിധ്യമാർന്ന ഡിസൈനുകളിൽ ഇതെല്ലാം ലഭ്യമാകുന്ന സ്റ്റാളുകൾ. മറ്റൊരു ബീച്ചിലും സാധാരണ കാണാത്ത അത്രയും വൈവിധ്യം എല്ലാ സ്റ്റാളുകളിലും ദൃശ്യമാണ്. നിരവധി സാംസ്‌കാരിക പരിപാടികളും കായിക പരിപാടികള്‍ക്കും ആതിഥ്യം വഹിക്കാറുളള മാല്‍പെ ബീച്ചില്‍ വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്.

ഉഡുപ്പിയില്‍ നിന്നും ആറ് കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള മനോഹരമായ ഒരു ബീച്ച് ടൗണാണ് മാല്‍പെ. ഇവിടെ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തിലാണ് മാൽപെ കപ്പൽ നിർമാണ കേന്ദ്രം. ഇതെല്ലാമുണ്ടെങ്കിലും മാല്‍പെ ബീച്ചിലെ പ്രധാന ആകര്‍ഷണീയത നൂറു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപുകളാണ്. ബീച്ചിന് സമീപത്തായി നാല് പ്രധാന ദ്വീപുകളാണുള്ളത്. സ്വര്‍ണവര്‍ണമുള്ള മണല്‍ത്തരികളും കുപ്പിച്ചില്ലുപോലെ സുതാര്യമായ വെള്ളവുമാണ് സെന്‍റ് മേരീസ് ഐലന്‍റാണ് ഇതിലൊന്ന്. വിജനമായ ഈ ദ്വീപ് നാളികേരകൃഷിക്ക് പേരുകേട്ടതാണ്. പണ്ടെങ്ങോ നടന്ന അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്‍റെ ഫലമായി ഉരുകിയ ലാവയില്‍ രൂപപ്പെട്ട സുന്ദരമായ കൃഷ്ണശിലാരൂപങ്ങള്‍ സെന്‍റ് മേരീസ് ഐലന്‍റില്‍ കാണാം. പോർച്ചുഗലിൽ നിന്ന് പുറപ്പെട്ട് കേരളത്തിലേക്കുള്ള യാത്രക്കിടെ വാസ്കോ ഡി ഗാമ ഇവിടെ ഇറങ്ങിയതായി പറയപ്പെടുന്നു.

ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നാണ് സെന്‍റ് മേരീസ് ഐലന്‍ഡ്. അവിടവിടെയായി ചില പാര്‍ക്ക് ബഞ്ചുകള്‍ മാത്രമാണ് ഇപ്പോൾ ഇവിടെ കാണാനാകുക. തെളിഞ്ഞ വൈകുന്നേരങ്ങളില്‍ സെന്‍റ് മേരീസ് ഐലന്റിലേക്ക് ബോട്ടുസവാരി നടത്തിയാൽ മാല്‍പെ ബീച്ചിന്‍റെ മനോഹാരിത മുഴുവന്‍ ആസ്വദിക്കാം.

മാല്‍പെയിലെ പ്രശസ്തമായ മറ്റൊരു ദ്വീപാണ് ദാരിയ ബഹദൂര്‍ഗഡ് ഐലന്‍റ്. മാല്‍പെ ബീച്ചില്‍ നിന്നും ബോട്ടിൽ അല്‍പദൂരം പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ ദാരിയ ബഹദൂര്‍ഗഡ് ഐലന്‍റിലെത്താം. 1.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപിലുള്ള ദാരിയ ബഹദൂര്‍ഗഡ് കോട്ടയിൽ നിന്നുമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. ദാരിയ ബഹദൂര്‍ഗഡ് കോട്ടയ്ക്ക് സമീപത്തായി വളരെ പഴക്കം ചെന്ന ഒരു ടൈല്‍ ഫാക്ടറിയും കുറച്ച് ക്ഷേത്രങ്ങളും കാണാന്‍ സാധിക്കും. ബിദനൂരിലെ ബസവപ്പ നായക്ക് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ചതാണ് ഈ ക്ഷേത്രങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ ദ്വീപുകള്‍ കാണാന്‍ ഇവിടെയെത്തുന്നത്. ചെറുതാണെങ്കിലും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ പാറക്കെട്ടുകള്‍ ഈ ദ്വീപിലുണ്ട്. മാല്‍പെയില്‍ നിന്നും ഇവിടേക്ക് ബോട്ട് സര്‍വ്വീസുണ്ട്.

വടഭാന്തേശ്വര ക്ഷേത്രം
 

മാല്‍പെയിലെ മറ്റൊരു ആകര്‍ഷണമാണ് വടഭാന്തേശ്വര ക്ഷേത്രം. ദശാവതാരങ്ങളിൽ ഒന്നാണെങ്കിലും അനുജന്‍റെ പ്രശസ്തി മൂലം തമസ്ക്കരിക്കപ്പെട്ടുപോയ ശ്രീകൃഷ്ണ സഹോദരനായ ബലരാമനാണ് ഇവിടത്തെ പ്രതിഷ്ഠ. അനന്തേശ്വരക്ഷേത്രമെന്നും ഈ ക്ഷേത്രത്തിന് പേരുണ്ട്. മഹാലയ അമാവാസി എന്ന് വിളിക്കപ്പെടുന്ന കറുത്ത വാവ് ദിവസം നിരവധി ഭക്തര്‍ ഇവിടെയത്തി പ്രാർഥിക്കാറുണ്ട്.

ഇന്ത്യയിലെ ആദ്യ വൈ ഫൈ ഇന്‍റര്‍നെറ്റ് സംവിധാനമുള്ള  ബീച്ചെന്ന ബഹുമതിയും ഇപ്പോൾ മാല്‍പെ ബീച്ചിന് സ്വന്തമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ബി.എസ്.എന്‍.എല്‍ ആണ് വൈ ഫൈ സേവനം നല്‍കുന്നത്. കര്‍ണാടകത്തിലെ പ്രധാനപ്പെട്ട കടല്‍തീരപ്രദേശവും മീന്‍പിടുത്ത കേന്ദ്രവും തുറമുഖവുമാണിത്‍.

Show Full Article
TAGS:malpe beach konkan coast beaches 
Next Story