Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
pollachi
cancel
camera_alt

courtesy: agoda.in

Homechevron_rightTravelchevron_rightDestinationschevron_rightപൊള്ളാച്ചിയുടെ...

പൊള്ളാച്ചിയുടെ മനോഹാരിതയിലൂടെ...

text_fields
bookmark_border

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ 'തേന്മാവിന്‍കൊമ്പത്താ'ണ് പൊള്ളാച്ചിയുടെ മനോഹാരിതയെ അത്രയും ആകര്‍ഷകമായി മലയാളിക്ക് കാണിച്ചു തന്നത്. ഇന്നുമുണ്ട് പൊള്ളാച്ചിക്ക് ആ വശ്യസൗന്ദര്യം. അതെല്ലാം കൊണ്ടാണ് ഇത്തവണത്തെ യാത്ര പൊള്ളാച്ചിയിലേക്കാവട്ടെ എന്ന് തീരുമാനിച്ചത്. ഒപ്പം പാലക്കാടിന്‍െറ മിടിപ്പും തുടിപ്പും തൊട്ടറിഞ്ഞ യാത്രകൂടിയായി മാറി ഇത്. കാര്‍ഷിക-ഗ്രാമീണതയുടെ സ്വര്‍ഗീയത കണ്ടറിയണമെങ്കില്‍ പാലക്കാട്-പൊള്ളാച്ചി ട്രെയിനില്‍, പാലക്കാടന്‍ പച്ചപ്പിലൂടെയുള്ള ഈ യാത്രതന്നെ വേണം. യാത്ര ഇഷ്ടപ്പെടുന്ന ആര്‍ക്കും ഇത് മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് തീര്‍ച്ച. ചെലവുകുറഞ്ഞ ഒരു യാത്ര കൂടിയാണിത്. സഹ്യന്‍െറ അരികു ചേര്‍ന്ന ഈ യാത്രയിലുടനീളം പാലക്കാടിന്‍െറ കാര്‍ഷികാഭിവൃദ്ധിയുടെ നേര്‍ കാഴ്ചക്കും സാക്ഷ്യം വഹിക്കാനാകും.

പൊള്ളാച്ചി യാത്രക്കായി അമൃത എക്സ്പ്രസ് പിടിക്കാന്‍ അതിരാവിലെ വീട്ടില്‍നിന്നു തിരിച്ചു. തീര്‍ഥാടന കേന്ദ്രങ്ങളായ പളനിയിലേക്കും രാമേശ്വരത്തേക്കും ഒരുകാലത്ത് ഏറ്റവും ചെലവുകുറത്ത യാത്രാ മാര്‍ഗം പാലക്കാട്-രാമേശ്വരം ട്രെയിന്‍ സര്‍വിസായിരുന്നു. പൊള്ളാച്ചിയില്‍നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളും മറ്റും പാലക്കാട്ടത്തെിയിരുന്നതും ഇതു വഴിയായിരുന്നു. 110 വര്‍ഷത്തോളം പഴക്കമുള്ള മീറ്റര്‍ഗേജ് പാതയായിരുന്നു ഏതാനും വര്‍ഷങ്ങള്‍ വരെയും ഈ റൂട്ട്. പിന്നീട് പാത വികസനത്തിനായി 2008 ല്‍ അടച്ചിട്ടു. നീണ്ട മുറവിളികള്‍ക്കൊടുവില്‍ 2015 നവംബര്‍ 16 നാണ് ബ്രോഡ്ഗേജാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്. പ്രകൃതിസ്നേഹികളുടെയും യാത്രാസ്വാദകരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞുതന്നെയാണ് പാതവികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രകൃതിക്കു കോട്ടം തട്ടാതെയുള്ള വികസനം യാത്രയിലുടനീളം നമുക്ക് കാണാനും അനുഭവിക്കാനുമാകും.

ദക്ഷിണറെയില്‍വേയുടെ പാലക്കാട് ഡിവിഷനു കീഴിലുള്ള പൊള്ളാച്ചി പാതക്ക് 55 കിലോമീറ്ററാണ് ദൈര്‍ഘ്യം. 32 കിലോമീറ്റര്‍ കേരളത്തിലും ബാക്കി തമിഴ്നാട്ടിലുമായി കിടക്കുന്ന പാത ഇപ്പോള്‍ വൈദ്യുതീകരിക്കാത്ത ഏകവരിപാതയാണ്. പാതയുടെ തുടര്‍ വികസനം കൂടുതല്‍ സഹായകമാവുക ചരക്ക് ഗതാഗതത്തിനാണ്. കേരളത്തിലേയും തമിഴ്നാട്ടിലെയും വിനോദ-തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കും ഇത് മുതല്‍കൂട്ടാകും.

കാര്‍ഷികകേരളത്തിനുള്ള പാലക്കാടിന്‍െറ സംഭാവന കണ്ടറിയാന്‍ ഏറ്റവും സഹായകമായ യാത്രയാണിത്. പച്ചപുതച്ച നെല്‍പാടങ്ങളും തെങ്ങിന്‍കൂട്ടങ്ങളും കരിമ്പനകളും മറ്റ് കാര്‍ഷികവിളകളും നയന മനോഹരമാണ്. ചിട്ടയായി ഒരുക്കിയ കൃഷി നിലങ്ങള്‍ കൂടുതല്‍ ദൃശ്യചാരുത പകരുന്നു. പ്രധാന നദികളായ കല്‍പാത്തിപ്പുഴ, കണ്ണാടിപ്പുഴ, ആളിയാര്‍ എന്നിവക്കു കുറുകെയാണ് ഈ പാത കടന്നുപോകുന്നത്. ഇതിനുപുറമെ നിരവധി ചെറുപാലങ്ങളും ഈപാതയിലുണ്ട്. മാമ്പഴത്തിന്‍െറ ഈറ്റില്ലമായ മുതലമടയുടെ മനോഹര കാഴ്ചകളും ആവേശം പകരുന്നതാണ്. ചെറുമര്‍മരങ്ങളാല്‍ ആടിയുലയുന്ന മാമ്പഴകൂട്ടങ്ങളുടെ കാഴ്ച മറക്കാനാവാത്തതാണ്.
യാത്രയിലെ മറ്റൊരു സവിശേഷത റെയില്‍വേ സ്റ്റേഷനുകളാണ്. വന്‍ നിര്‍മിതികളൊന്നുമില്ലാത്ത സ്റ്റേഷനുകള്‍. എല്ലാം പ്രകൃതിക്കു കോട്ടം തട്ടാത്തരീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. മുതലമടയിലെ പ്ളാറ്റ്ഫോമുകളുടെ മധ്യത്തിയായി നിലനിര്‍ത്തിയ ആല്‍മരങ്ങളും പുതുനഗരത്തിലെ പ്ളാറ്റ്ഫോമിലേക്ക് നിരനിരയായി ചേര്‍ന്നു നില്‍ക്കുന്ന യൂക്കാലിപ്റ്റ്സ് മരങ്ങളും സ്റ്റേഷനുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
സ്റ്റേഷനുകളിലെ തണല്‍ മരങ്ങള്‍ കടുത്തവേനലില്‍ യാത്രക്കാര്‍ക്ക് കുളിരേകുന്നു. നെല്‍വയലുകളിലും തെങ്ങിന്‍തോപ്പുകളിലും പാറയിടുക്കുകളിലും ഒറ്റക്കും കൂട്ടായും ഓടിനടക്കുകയും നൃത്തം വെക്കുകയും ചെയ്യുന്ന മയിലുകളെയും ഈ യാത്രയില്‍ നിങ്ങള്‍ക്ക് കാണാം. മീനാക്ഷിപുരത്തിനും മുതലമടക്കും കൊല്ലങ്കോടിനുമിടയിലാണ് ഇവയെ കൂടുതലായി കാണാനാവുക.
നിലവില്‍ ഏതാനും ട്രെയിന്‍ സര്‍വിസേ ഈ പാതയിലൂടെയുള്ളൂ. പാസഞ്ചര്‍ ട്രെയിനുകളാണിവ. കുറഞ്ഞ യാത്രക്കാരുമായാണ് ഈ ട്രെയിനുകളെല്ലാം സര്‍വിസ് നടത്തുന്നത്. പുതുനഗരം, കൊല്ലങ്കോട് സ്റ്റേഷനുകളിലാണ് ചെറു തിരക്കെങ്കിലും അനുഭവപ്പെടുന്നത്. പാലക്കാട്-തിരുവനന്തപുരം അമൃത എക്സ്പ്രസ് ഇപ്പോള്‍ പൊള്ളാച്ചിവരെ സര്‍വിസ് നടത്തുന്നുണ്ട്. രാവിലെ 8.10ന് പാലക്കാട് ടൗണില്‍നിന്നും പുറപ്പെടുന്ന തീവണ്ടി 9.45 ന് പൊള്ളാച്ചിയിലത്തെും. 10.15 ന് പൊള്ളാച്ചിയില്‍ നിന്നും മടങ്ങുന്ന ട്രെയിന്‍ 11.45 ന് പാലക്കാട് ടൗണിലുമത്തെും. രാവിലെ എക്സ്പ്രസ് ട്രെയിന്‍ ആയതിനാല്‍ ഓര്‍ഡിനറി ടിക്കറ്റിന് 35 രൂപയാണ്. എന്നാല്‍ അതേ ട്രെയിന്‍ പാലക്കാട്ടേക്ക് തിരിച്ചു വരുന്നത് പാസഞ്ചറായാണ്. അതിനാല്‍ പൊള്ളാച്ചിയില്‍നിന്ന് പാലക്കാട്ടേക്ക് ടിക്കറ്റ് നിരക്കായി 15 രൂപ നല്‍കിയാല്‍ മതി.
Show Full Article
TAGS:pollachi tamilnadu palakkad madhyamam travel travel 
Next Story