Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightദേശാടനക്കിളികളുടെ...

ദേശാടനക്കിളികളുടെ ഗ്രാമം

text_fields
bookmark_border
ദേശാടനക്കിളികളുടെ ഗ്രാമം
cancel

ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് ജീവിതം പറിച്ചു നടുന്ന ബോഹീമിയന്‍ ജീവിത രീതിയല്ല ഈ പക്ഷികളുടേത്. അനുയോജ്യമായ ഇടത്തേക്ക് ജീവിതം താല്‍ക്കാലികമായി പറിച്ചു നടുകമാത്രമാണ് ഇവര്‍.  സീസണ്‍ കഴിയുന്നതോടെ അവര്‍ കൂട്ടമായി അവിടെ നിന്നും മടങ്ങുകയും ചെയ്യും. അടുത്ത സീസണില്‍ വരാമെന്ന ഉറപ്പോടെ...
ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയാണ് കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തിനടുത്ത രംഗനതിട്ടുവിലും  മധൂരിനടുത്ത കൊക്കര ബേലൂരിലും പക്ഷികള്‍ എത്തുന്നത്.

രംഗനതിട്ടു പക്ഷി സങ്കേതം

ഏതാനും മണിക്കൂറുകള്‍ ജീവിതത്തിന്‍െറ നേര്‍കാഴ്ചകളിലൂടെയുള്ള അലസമായ ഒരു യാത്ര ഉദ്ദേശിച്ചു പോകുന്നവരെപോലും വിരുന്നൂട്ടൂന്നതാണ് രംഗനതിട്ടു പക്ഷി സങ്കേതം. മൈസൂരു- ബംഗളൂരു ഹൈവേയില്‍ ശ്രീരംഗപട്ടണത്തിനടുത്ത് എത്തുന്നതിനുമുമ്പുതന്നെ കനാലിന്‍െറ ഓരം ചേര്‍ന്നുള്ള പാത ചെന്നത്തെുന്നത് രംഗനതിട്ടു പക്ഷിസങ്കേതത്തിലേക്കാണ്. ഹൈവേയില്‍ പ്രകൃതിയോടിണങ്ങുന്ന രീതിയിലുള്ള ഗേറ്റ് സ്ഥാപിച്ച് ആരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് കര്‍ണാടക  വനംവകുപ്പ് ഈ പക്ഷിസങ്കേതം സംരക്ഷിക്കുന്നത്.
കാവേരി നദിയിലെ രണ്ട് ദ്വീപുകളിലായിട്ടാണ് രംഗനതിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. പഞ്ചസാര ഉദ്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന മാണ്ഡ്യ ജില്ലയിലെ ഈ പക്ഷി സങ്കേതം സന്ദര്‍ശകരുടെ മനസില്‍ മധുരതരമാക്കും.  
ഓരോ വര്‍ഷവും അതിര്‍ത്തി രേഖകടന്ന് വിവിധതരത്തിലുള്ള  പതിനായിരക്കണക്കിന് പക്ഷികള്‍ രംഗനതിട്ടുവില്‍ വിരുന്നത്തെുന്നു. പുതിയ തലമുറക്ക് ഇവിടെ വെച്ച് ജന്മം നല്‍കി അവ പറക്കമുറ്റാനാകുമ്പോള്‍ അവരേയും കൂട്ടി സ്വന്തം നാട്ടിലേക്കു തിരിച്ചു പോകുന്ന ഇവര്‍ അടുത്ത വര്‍ഷം വീണ്ടും വിരുന്നത്തെും.  കര്‍ണാടക സര്‍ക്കാര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പക്ഷികളുടെ ഉത്സവം സംഘടിപ്പിച്ചു. പക്ഷി സങ്കേതങ്ങളുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ഇത്. രംഗനതിട്ടുവും കൊക്കര ബേലൂരും കര്‍ണാടക സംസ്ഥാനത്തു മാത്രമല്ല രാജ്യത്തിന്‍െറ തന്നെ അഭിമാനമാണ്.
നെല്‍പാടങ്ങളും കരിമ്പിന്‍ തോട്ടങ്ങള്‍ക്കും ഇടയിലൂടെ കടന്നു പോകുന്ന ചെമ്മണ്‍ റോഡിലൂടെ വേണം രംഗനതിട്ടുവിലേക്ക് പോകാന്‍. നിറഞ്ഞൊഴുകുന്ന കനാലിന് ഓരം ചേര്‍ന്നാണ് റോഡ്.  ചെറിയ കാറ്റില്‍ പോലും പൊടിമണ്ണ് പറന്നുയരും.  ഇതിലൂടെ കാളവണ്ടികളും വല്ലപ്പോഴും തദ്ദേശീയരായ കര്‍ഷകരുടെ മോപ്പെഡുകളും കടന്നുപോകും. പക്ഷി സങ്കേതത്തെക്കുറിച്ച് അറിയുന്ന അന്യസംസ്ഥാന സന്ദര്‍ശകര്‍ വരുന്ന വാഹനങ്ങള്‍ രംഗനതിട്ടുവിലേക്കും തിരിച്ചും പോകുന്നതുകാണാം. പടിഞ്ഞാറു നിന്നു വീശുന്ന കാറ്റില്‍ പൊടിപടലങ്ങള്‍ കിഴക്കോട്ട് പറക്കും. കിഴക്ക് കണ്ണെത്താ ദൂരത്ത് നെല്ലും കരിമ്പും വിളയുന്ന പാടങ്ങളാണ്. ഇവക്കിടയിലേക്ക് പൊടിപടലങ്ങള്‍ കാണാമറയത്തേക്ക് പോകും.
ചുട്ടുപൊള്ളുന്ന വെയിലില്‍ കനാലില്‍ നിന്നുള്ള തണുത്ത കാറ്റ് രംഗനതിട്ടുവിലേക്ക് കാല്‍നടയായി പോകുന്നവര്‍ക്ക് നല്‍കുന്ന ആശ്വാസം പറഞ്ഞറിയിക്കാനാകാത്തതാണ്. ഒന്നുരണ്ടു കിലോമീറ്റര്‍ ദൂരം പൊരിവെയിലത്തുകൂടിയാണ് നടക്കേണ്ടത്. പിന്നീട് റോഡിന് ഇരുവശത്തും മരങ്ങളും കുറ്റിക്കാടുകളും. കര്‍ണാടകയുടെ പക്ഷികാശിയെന്നാണ് രംഗനതിട്ടുവിനെ നാട്ടുകാരില്‍ ഒരാള്‍ വിശേഷിപ്പിച്ചത്.
കാവേരി നദിയില്‍ ചിതറി കിടക്കുന്ന ആറ് ദീപുകളുടെ  സംഗമ കേന്ദ്രമാണ് രംഗനതിട്ടു. 40 ഏക്കറില്‍ ചിതറി കിടക്കുന്ന ഈ പ്രദേശത്തിന്‍െറ പ്രാധാന്യത ആദ്യമായി തിരിച്ചറിഞ്ഞത് പക്ഷി ശാസ്ത്രജ്ഞനായിരുന്ന ഡോ. സാലിം അലിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നു കാണുന്ന യാത്രാ സൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന കാലത്താണ് അദ്ദേഹം ഇവിടെ എത്തിയത്. മുതലകള്‍ നിറഞ്ഞ ഈ ദ്വീപില്‍ സാഹസികമായി ജീവിച്ചാണ് അദ്ദേഹം പക്ഷികളെക്കുറിച്ച് പഠിച്ചത്. അന്ന് മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജാവിനെ കണ്ട് രംഗനതിട്ടുവിന്‍െറ പ്രാധാന്യത അദ്ദേഹം അറിയിച്ചു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെയത്തെുന്ന ദേശാടനപക്ഷികളെക്കുറിച്ച്  തിരിച്ചറിഞ്ഞാണ് സാലിം അലി രാജാവിനോട് ഈ പ്രദേശം സംരക്ഷിക്കേണ്ടതിന്‍െറ പ്രാധാന്യത അറിയിച്ചത്. തുടര്‍ന്ന് 1940ല്‍ രംഗനതിട്ടുവിനെ പക്ഷികളുടെ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു.
170ഓളം വ്യത്യസ്ത ഇനങ്ങളിലുള്ള പക്ഷികളാണ് ഇവിടെയത്തെുന്നതെന്നാണ് കണ്ടത്തെിയിട്ടുള്ളത്. നവംബര്‍ മുതല്‍ ജൂണ്‍ വരെയാണ് പ്രധാന സീസണ്‍. തടാകക്കരയിലെയും ദ്വീപിലേയും വൃക്ഷങ്ങളില്‍ അവര്‍ കൂടുകൂട്ടുന്നു. മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു. ഈ പക്ഷിക്കരച്ചിലുകളാല്‍ മുഖരിതമാണ് രംഗനതിട്ടു. ഒരുത്സവാന്തരീക്ഷം.
പെയിന്‍െറഡ് സ്റ്റോര്‍ക്ക്, റിവര്‍ ടേണ്‍, ഏഷ്യന്‍ ഓപ്പണ്‍ബില്‍  സ്റ്റോര്‍ക്ക്, കോമണ്‍ സ്പൂണ്‍ ബില്‍, വിസിലിംഗ് ഡെക്ക്, വീലി നെക്ക്ഡ് സ്റ്റോര്‍ക്ക്, ബ്ളാക്ക് ഹെഡഡ് ഇല്‍ബീസ്, ഇന്ത്യന്‍ ഷാഗ്, സ്റ്റോര്‍ക്ക് ബില്‍ഡ് കിംഗ് ഫിഷര്‍, ഇഗ്രറ്റ്സ്, ഓറിയന്‍െറല്‍ ഡാര്‍ട്ടര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ദേശാടനക്കിളികള്‍.
 ഇവിടെ വിരുന്നത്തെുന്ന പക്ഷികള്‍ പ്രജനനത്തിനായി എണ്ണായിരത്തിലധികം കൂടുകള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് പക്ഷി ഗവേഷകര്‍ പറയുന്നത്. സൈബീരിയ, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പെലിക്കണ്‍ പക്ഷികളും വംശനാശ ഭീഷണി നേരിടുന്ന വിശിഷ്ടയിനം കിളികളും രംഗനതിട്ടുവിലത്തെുന്നുണ്ട്. കനാലിലൂടെ ബോട്ടില്‍ യാത്ര ചെയ്ത് നമുക്ക് കിളികളെ അടുത്തുകാണാം. തുഴ ഉപയോഗിച്ചുമാത്രമാണ് ബോട്ടുയാത്ര. പ്രകൃതിക്ക് ഇണങ്ങുന്ന ഇരുണ്ട പച്ച നിറമാണ് ബോട്ടുകള്‍ക്ക്. മഴയും വെയിലുമേല്‍ക്കാതിരിക്കാന്‍ കടും പച്ച നിറത്തിലുള്ള മേല്‍ക്കൂരയുമുണ്ട്. ബോട്ടു ജെട്ടികളുടെ നിരമാണവും പ്രകൃതിക്ക് ഇണങ്ങി തന്നെ. പ്ളാസ്റ്റിക്കുകള്‍ നിരോധിച്ചിരിക്കുന്നു.

കൊക്കര ബേലൂര്‍

കൊക്കര ബേലൂര്‍ എന്നാല്‍ കൊക്കുകളുടെ ഗ്രാമം. കൊക്കുകളെ മക്കളെപോലെ കാണുന്നവരാണ് ഇവിടത്തെ ഗ്രാമീണര്‍. വെള്ളകൊക്കുകളുടെ സംരക്ഷണ കേന്ദ്രമാണ് കൊക്കര ബേലൂര്‍. മറ്റു പക്ഷി സങ്കേതങ്ങളെപോലെ കൊക്കര ബേലൂരിനെ പ്രത്യേകമായി വേര്‍തിരിച്ചിട്ടില്ല. ബോട്ടിംഗും റൈഡിംഗുമൊന്നും ഇവിടെയില്ല. ഗ്രാമവാസികള്‍ കൊക്കുകള്‍ക്കുവേണ്ടി ജീവിക്കുന്ന ഒരു പ്രദേശം.
പക്ഷികളെ എങ്ങനെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ പാഠപുസ്തകങ്ങളില്‍ നിന്ന് പഠിച്ച അറിവുകളൊന്നും ഗ്രാമീണര്‍ക്കില്ല. തലമുറതലമുറയായി പകര്‍ന്നു കിട്ടിയ അറിവുകളുമായിട്ടാണ് ഇവര്‍ കൊക്കുകളെ സംരക്ഷിക്കുന്നത്.
 ഇരതേടിയത്തെുന്ന കൊക്കുകള്‍ക്കായി ജലാശങ്ങളിലും പുഴകളിലും മറ്റ് ജല സ്രോതസുകളിലും ഗ്രാമീണര്‍ മത്സ്യങ്ങളെ വളര്‍ത്തുന്നു. പരിക്കുപറ്റുന്ന പക്ഷികളെ മരുന്നു പുരട്ടി പരിപാലിക്കുന്നു.  പക്ഷികള്‍ കൂടുകൂട്ടുന്ന മരങ്ങള്‍ വെട്ടില്ല. റെഡ് ഡാറ്റ ബുക്കില്‍ സ്ഥാനം നേടിയ 21 ഇനം പെലിക്കന്‍ പക്ഷികള്‍ കൊക്കര ബേലൂരില്‍ കണ്ടത്തെിയിട്ടുണ്ട്. ഗ്രാമത്തിന്‍െറ വിശുദ്ധി നിലനിര്‍ത്തുന്നത് കൊക്കുകളാണെന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്. ആ വിശ്വാസം തന്നെയാണ് ഈ ഗ്രാമത്തെ നിലനിര്‍ത്തുന്നത്. 1976ല്‍ വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന എസ്. ജി. നെഗിന്‍ഹാളാണ് കൊക്കര ബേലൂരിനേയും ഇവിടത്തെ പക്ഷി സംരക്ഷകരായ ഗ്രാമീണരുടെ പൈതൃകത്തേയും  ലോകത്തിന് മുന്നില്‍ എത്തിച്ചത്.

രംഗനതിട്ടുവിലത്തൊന്‍
മൈസൂരു-ബംഗളൂരു ദേശീയ പാതയില്‍ ശ്രീരംഗപട്ടണത്ത് എത്തുന്നതിനുമുമ്പായിട്ടാണ് രംഗനതിട്ടു പക്ഷി സങ്കേതം. മൈസൂരില്‍ നിന്ന് 19 കി.മീറ്ററും ബംഗളൂരുവില്‍ നിന്ന്  120 കിലോമീറ്ററുമാണ് രംഗനതിട്ടുവിലേക്ക്.
മൈസൂരുവില്‍ നിന്നും ശ്രീരംഗ പട്ടണത്തേക്ക് സര്‍വീസ് നടത്തുന്ന കര്‍ണാടക സര്‍ക്കാറിന്‍െറ സിറ്റി ബസില്‍ കയറിയാല്‍ രംഗനതിട്ടുവിലേക്കുള്ള പ്രധാന കവാടത്തിന് മുന്നില്‍ ഇറങ്ങാം. ഈ കവാടത്തില്‍ നിന്നും ശ്രീരംഗ പട്ടണത്തേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരമുള്ളത്. രാവിലെ 8.30 മുതല്‍ വൈകീട്ട് ആറുവരെയാണ് രംഗനതിട്ടുവിലേക്കുള്ള പ്രവേശനം
 പക്ഷികളെ അടുത്തു കാണാന്‍ ബോട്ട് സര്‍വീസുണ്ട്. 60 രൂപയാണ്  ഫീസ്.
ഡോ. സാലിം അലി ഗവേഷണ സെന്‍്ററില്‍ പക്ഷികളെക്കുറിച്ചുള്ള ഡോക്യുമെന്‍െററി പ്രദര്‍ശനമുണ്ട് 50 രൂപയാണ് ഫീസ്.

കൊക്കര ബേലൂരിലത്തൊന്‍
മൈസൂരു-ബംഗളൂരു ദേശീയ പാതയില്‍ മധൂരില്‍ നിന്ന് 12 കിലോ മീറ്റര്‍ അകലെയാണ് കൊക്കര ബേലൂര്‍. മൈസൂരുവില്‍ നിന്ന് 70 കി.മീറ്ററും ബംഗളൂരുവില്‍ നിന്ന് 83 കി. മീറ്ററും മാണ്ഡ്യയില്‍ നിന്ന് 20 കി. മീറ്ററുമാണ് ദൂരം. ബസ് സൗകര്യം പരിമിതമായതുകാരണം വാഹനങ്ങള്‍ വാടകക്കെടുത്താല്‍ മാത്രമേ ഇവിടെ സന്ദര്‍ശിക്കാന്‍ കഴിയൂ.


നിങ്ങള്‍ക്കും എഴുതാം
മാധ്യമം ട്രാവലിലേക്ക് യാത്രാ വിവരണങ്ങളും ചിത്രങ്ങളും അയക്കുക
travelmadhyamam@gmail.com

 

 

 

 

Show Full Article
TAGS:
Next Story