Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightവിജയനഗരം: ഒരു...

വിജയനഗരം: ഒരു സാമ്രാജ്യത്തിന്‍െറ പുരാവൃത്തം

text_fields
bookmark_border
വിജയനഗരം: ഒരു സാമ്രാജ്യത്തിന്‍െറ പുരാവൃത്തം
cancel

കോഴിക്കോട് നിന്ന് റോഡ് മാര്‍ഗമാണ് യാത്ര. മയ്യഴിയില്‍ നിന്ന് വാഹനത്തില്‍ ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചു. മാഹിവഴി കടന്നുപോകുന്നവര്‍ക്ക് ഇതും ഒരാചാരമാണ്. നികുതിയില്‍ കുറവുള്ളതിനാല്‍ ചെറിയ ലാഭം. തലശ്ശേരിയില്‍ നിന്ന് ഇരുട്ടിയിലേക്കാണ് യാത്ര. അവിടെ നിന്ന് മറ്റൊരാള്‍കൂടി സംഘത്തില്‍ ചേരാനുണ്ട്. ആ സ്ഥലനാമം അര്‍ത്ഥവത്താക്കിക്കൊണ്ട് ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. മാക്കൂട്ടം ചുരം കടന്ന് കുശാല്‍നഗറില്‍ എത്തുന്നതോടെയാണ് ഇന്നത്തെ യാത്ര അവസാനിക്കുക.
അധികം വൈകാതെ ഇരുട്ടിയില്‍ നിന്ന് പുറപ്പെട്ടു. ഇരുട്ട് കനത്തിരുന്നതിനാല്‍ മാക്കൂട്ടത്തിന്‍െറ പ്രകൃതി ഭംഗി ആസ്വദിക്കാനായില്ല. ജനവാസ മേഖയലിലൂടെയാണ് യാത്ര. ഇടക്കിടെ ചെറുപട്ടണങ്ങള്‍. രാത്രി വൈകുന്നതിനുമുമ്പ് ഒരിടത്തുനിന്ന് ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്നു. ഗോണികോപ്പാല്‍, സിദ്ധാപുര പട്ടണങ്ങള്‍ കടന്ന് രാത്രി 10 മണിയോടെ കുശാല്‍നഗറിലെത്തി. ഈ രാത്രി ഇനി യാത്രയില്ല. ടിബറ്റന്‍ അഭയാര്‍ത്ഥികളായ ബുദ്ധിസ്റ്റുകളുടെ സെറ്റില്‍മെന്‍െറാണ് കുശാല്‍നഗര്‍. പ്രസിദ്ധമായ ഗോള്‍ഡന്‍ ടെമ്പിളും ബുദ്ധ വിഹാരങ്ങളും ടിബറ്റന്‍ മാര്‍ക്കറ്റും ഈ യാത്രയുടെ ഭാഗമല്ല.
അതിരാവിലെ യാത്ര പുറപ്പെട്ടു. ഉത്തര കര്‍ണാടകത്തില്‍ ആന്ധ്ര അതിര്‍ത്തിയില്‍ ബല്ലാരി ജില്ലയിയിലെ പുരാതനമായ വിജയനഗര സാമ്രാജ്യത്തിന്‍െറ തലസ്ഥാനമായിരുന്ന ഹംപിയാണ് ലക്ഷ്യം. യുനസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ പെടുന്നതിനാല്‍ ധാരളം സഞ്ചാരികള്‍ ഇവിടെയത്തുന്നു. കുശാല്‍നഗറില്‍ നിന്ന് ഹംപിയിലേക്ക് നാനൂറിലധികം കിലോമീറ്റര്‍ യാത്ര ചെയ്യണം. മൊബൈലില്‍ ജി.പി.ആര്‍ എസ് ആക്ടീവാക്കി. ഗൂഗിള്‍ തെളിച്ച വഴിയിലൂടെയായിരുന്നു യാത്ര. നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും നന്നേക്കുറഞ്ഞ ചെറുവഴികളാണ് ഗൂഗിള്‍ കാട്ടിത്തന്നത്. അത് പലപ്പോഴും മോശം വഴികളിലും എത്തിച്ചു. ചിലപ്പോള്‍ അസാധാരണമായ കാഴ്ചകള്‍ സമ്മാനിച്ചു. ചിലപ്പോള്‍ ഗ്രാമങ്ങളിലൂടെ. ചിലപ്പോള്‍ കൃഷിയിടങ്ങളിലൂടെ. ഹാസന്‍, ട്രിപ്പൂര്‍, ഹിരിയൂര്‍, ചിത്രദുര്‍ഗ, ഹോസ്പിറ്റ് തുടങ്ങിയ ചെറുതും വലുതുമായ പട്ടണങ്ങളെ പിന്നിട്ട് യാത്ര തുടര്‍ന്നു. വീട്ടിലേക്കോ, ബസാറിലേക്കോ പോകുന്ന കുടംബങ്ങള്‍, ആടുകള്‍ മേയുന്ന പുല്‍മൈതാനങ്ങള്‍, ചെമ്മരിയാടുകള്‍, ഇടയന്‍മാര്‍ കാഴ്ചകള്‍ മാറിമറിയുകയാണ്. സൂര്യന്‍ അസ്തമയത്തോടടുക്കുമ്പോള്‍ തുംഗഭദ്രാ നദി കാണായി. കൃഷ്ണ-തുഗഭദ്രാ നദീ തീരത്താണ് ഹംപി.
ഇരുള്‍ വീണ് തുടങ്ങി. വഴികള്‍ പലതായി പിരിഞ്ഞകലുന്നു. ഇനി ഈ വഴി ഹംപിയിലേക്ക് മാത്രമാണ്. ഡെക്കാന്‍ പീഠഭൂമിയെന്ന് പണ്ട് പാഠപുസ്തകത്തില്‍ പഠിച്ചതാണ്. ഈ യാത്ര മുഴുവന്‍ ആ പീഠത്തിന്‍ മുകളിലൂടെയായിരുന്നുവെന്നറിഞ്ഞപ്പോള്‍ ആദ്യമായി ഏട്ടിലെ പശു പുല്ലുതിന്നുന്നതായി തോന്നി. രാത്രി ഏതാണ്ട് ഒമ്പത് മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഹംപിയുടെ പൗരാണികമായ മണ്ണില്‍ കാലുകുത്തി.
പക്ഷെ, എവിടെയും ഇരുള്‍ വീണ് കിടക്കുന്നു. കരിങ്കല്ലിനേക്കാള്‍ കനത്ത നിശബ്ദത. ഒന്നുരണ്ട് ചെറുപ്പക്കാര്‍ വട്ടംകൂടിനിന്ന് സംസാരിക്കുന്നത് കണ്ടു. ഞങ്ങള്‍ അവരെ സമീപിച്ചു. രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹംപിയില്‍ യാത്രികരെ പ്രവേശിപ്പിക്കുന്നത്. ഇനിയിപ്പോള്‍ ഒന്നും കാണാനാവില്ല. ഞങ്ങള്‍ താമസത്തിന് ഏര്‍പ്പാടാക്കിയിരുന്ന മൗഗ്ലി റിസോര്‍ട്ടാകട്ടെ തുംഗഭദ്രയുടെ മറുകരയിലാണ്. അവിടേക്കെത്താന്‍ നാല്പത്തിയഞ്ച് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കണം. പകലാണെങ്കില്‍ ബോട്ടിലോ വഞ്ചിയിലോ പുഴ കടന്ന് എത്താവുന്ന ചെറുദൂരം. നാനൂറില്‍പരം കിലോമീറ്ററുകള്‍ യാത്ര ചെയ്തതിന്റെ ക്ഷീണം ഉണ്ടെങ്കിലും ഞങ്ങള്‍ വണ്ടി തിരിച്ചു. തുംഗഭദ്രാ നദീ തീരത്തുകൂടി പിന്നെയും ഒരു രാത്രി യാത്ര. റിസോര്‍ട്ട് കാരുടെ നിര്‍ദ്ദേശപ്രകാരം ഇടവഴികളും പാലങ്ങളും താണ്ടി ഏതാണ്ട് 11 മണിയോടെ ഞങ്ങള്‍ താമസസ്ഥലത്തെത്തി. ഒരു ചെറിയ പുരയാണ് റിസപ്ഷന്‍. പുറത്ത് തുറസ്സായ സ്ഥലത്ത് മേശയും കസേരകളും. അരണ്ട വെളിച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന വിദേശികള്‍. തൊട്ടപ്പുറത്ത് തുറസായ ഹാള്‍. നിലത്ത് വിരിച്ചിരിക്കുന്ന കിടക്കകളിലാണ് ആളുകള്‍ ഇരിക്കുന്നത്. നിലത്തുനിന്ന് ഒരടിമാത്രം ഉയരമുള്ള ടേബിളുകള്‍ അരണ്ടെ വെളിച്ചം. പുസ്തകം വായിച്ചും സംസാരിച്ചും ഇരിക്കുന്ന വിദേശികള്‍.
അതിനുമപ്പുറത്ത് പുല്ല് മേഞ്ഞ കൂറേ കുടിലുകള്‍. അതിലൊന്നിലാണ് ഞങ്ങള്‍ക്ക് താമസം. പുല്‍ക്കുടിലില്‍ കടന്നുനോക്കിയപ്പോള്‍ നിറയെ പൊടിയുണ്ടായിരുന്നതിനാല്‍ ഹട്ടിലെ താമസം വേണ്ടെന്നുവെച്ചു. അതിനപ്പുറത്ത് വയലിനോടും നദിയോടും മുഖാമുഖം നില്‍ക്കുന്ന കെട്ടിടത്തിലെ രണ്ട് മുറികളിലേക്ക് താമസം മാറ്റി. യാത്രാ ക്ഷീണം കാരണം മുറിയിലെത്തിയതും ഉറക്കത്തിലേക്ക് വീണു. രണ്ടാം ദിവസവും അവസാനിച്ചു.
യാത്രകള്‍, അത് കാത്തുവച്ചിരിക്കുന്ന കാഴ്ചകള്‍ ഏത് ക്ഷീണത്തെയും പമ്പ കടത്തും. സൂര്യന്റെ ആദ്യകിരണത്തോടൊപ്പം ഉണര്‍ന്നെഴുന്നേറ്റു. പുറത്ത് ഇളം മഞ്ഞയില്‍ കൊയ്‌തൊഴിഞ്ഞ പാടം. അപ്പുറത്ത് മെലിഞ്ഞതെങ്കിലും പ്രൗഢമായി ഒഴുകുന്ന തുംഗഭദ്ര. പുറത്തിറങ്ങി നടന്നപ്പോഴാണ് മൗഗ്ലിയുടെ സൗന്ദര്യം അറിയാനായത്. മനോഹരമായ ഒരു തൊടിയിലാണ് ഈ റിസോര്‍ട്ട്. മാവും പുളിമരവും വേപ്പും പേരറയാത്ത നിരവധി മരങ്ങളും നിറഞ്ഞ തൊടി. പുറത്തുകടന്നപ്പോള്‍ ഒരു നാട്ടിന്‍പുറത്തിന്റെ ഭംഗി. മണ്‍പാത, പാതയോരത്ത് ചെറു കച്ചവടക്കാര്‍. മറുവശത്ത് നിരവധി റിസോര്‍ട്ടുകള്‍. എല്ലാം മൗഗ്ലിയുടെ ഛായയില്‍ തന്നെ. കാല്‍നടക്കാരായ വിദേശികള്‍. സൈക്കിള്‍ സവാരിക്കാര്‍, സ്‌കൂട്ടര്‍ യാത്രക്കാര്‍. ഇവിടെ സ്‌കൂട്ടറും സൈക്കിളും ബൈക്കും ബുള്ളറ്റുമൊക്കെ വാടകക്ക് കിട്ടും. 100 രൂപയും പെട്രോളും ഉണ്ടെങ്കില്‍ ടൂ വീലറില്‍ ചുറ്റാം. ഒരു ചെറു കടയില്‍ നിന്ന് ചായ കുടിച്ചു. വലിയ ഗ്ലാസില്‍ നിറയെ ചായ. അതും എരുമപ്പാലിന്റെ കൊഴുപ്പും രുചിയും. ചായക്ക് ഇത്ര രുചിയുണ്ടെന്ന് നാവ് വിസ്മയിച്ച് സന്ദര്‍ഭം. ആറ് മണി മുതല്‍ ഹംപിയിലേക്ക് ബോട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ തുഴയുന്ന കൊട്ടവഞ്ചിയും. സമയം കളയാതെ തയ്യാറായി നദിക്കരയിലേക്ക് പുറപ്പെട്ടു. വെയില്‍ കനത്ത് തുടങ്ങിയിരുന്നു. വഴിയില്‍ ഒരു മദാമ്മ അവര്‍ താമസിക്കുന്ന റിസോര്‍ട്ടിന്‍െറ
ബോര്‍ഡെഴുതുന്നതു കണ്ടു. വൈകുന്നേരം മടങ്ങിയെത്തുമ്പോഴും അവര്‍ ചിത്രപ്പണിയുമായി അവിടെത്തന്നെ ഉണ്ടായിരുന്നു.
 നദിക്കരയിയില്‍ അടര്‍ന്നുവീണ ശിലാപാളികള്‍. പുഴയിലേക്ക് ഇറക്കികെട്ടിയ കല്‍പ്പടവുകള്‍. കല്‍മണ്ഡപം. അകലെ കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും  എടുപ്പുകള്‍. 27 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മഹാസാമ്രാജ്യത്തിന്‍െറ
ശിലാസ്മാരകങ്ങള്‍ ചിതറിക്കിടക്കുന്നു.
വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഹംപി. പതിനാല്, പതിനഞ്ച് പതിനാറ് ശതകങ്ങളിലായി ഡെക്കാന്‍ ഭൂപ്രദേശത്ത് നിലനിന്നിരുന്ന സാമ്രാജ്യമായിരുന്നു വിജയനഗരം. പമ്പ എന്ന നദീ നാമത്തില്‍ നിന്നാണ് ഹംപിക്ക് പേര് ലഭിച്ചതെന്ന് ഐതിഹ്യം. തുംഗഭദ്രയുടെ പഴയ പേരായിരുന്നു പമ്പ. പമ്പ ബ്രഹ്മാവിന്റെ മാനസപുത്രിയാണ്. പമ്പാ ദേവിയില്‍ അനുരക്തനായ പരമശിവന്‍ അവരെ വിവാഹം ചെയ്തതായും കഥ.
ദക്ഷയാഗാനന്തരം സതി ചിതയില്‍ ചാടി ആത്മാഹുതി നടത്തിയതില്‍ കോപാകുലനായ ശിവന്‍ അതികഠിനമായ തപസനുഷ്ഠിച്ചാതായി പുരാണം. ആ തപസ്വിന് തെരഞ്ഞെടുത്ത സ്ഥലം ഹേമകൂട പര്‍വതമായിരുന്നു. ഈ ഹേമകൂടത്തിന്‍െറ താഴ്‌വയിലാണ് പമ്പയൊഴുകുന്നത്. ഹേമകൂടം എന്ന ശിവനും പമ്പ, അഥവാ തുംഗഭദ്ര എന്ന നദിയും അനുരക്തരായിത്തീര്‍ന്ന സ്ഥലമാണ് ഹംപി. പര്‍വതവും തുംഗഭദ്രയും സംഗമിക്കുന്ന പ്രകൃതിയുടെ അനുരാഗ സ്ഥലമാണ് ഹംപി. കഥകളാല്‍ ചുറ്റപ്പെട്ട നഗരം.
 ഒരു ഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതം. മറുഭാഗത്ത് നിറഞ്ഞൊഴുകുന്ന പുഴ ഇത് ഒരുസ്ട്രാറ്റജിക് പോയിന്‍െറാക്കി ഹംപിയെ മാറ്റുന്നുണ്ട്. ശത്രുക്കള്‍ക്ക് അത്രവേഗം കടന്നെത്താന്‍ കഴിയാത്ത ഭൂപ്രദേശം എന്ന നിലയിലാവണം ഹംപിയെ തലസ്ഥാനമാക്കാന്‍ വിജയനഗര രാജാക്കന്‍മാര്‍ തീരുമാനിച്ചത്. 1336ല്‍ ഹരിഹരന്‍ ഒന്നാമനും സഹോദരന്‍ ബുക്കരായന്‍ ഒന്നാമനും ചേര്‍ന്നാണ് വിജയനഗരം സ്ഥാപിച്ചത്. തുഗ്ലക്കിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ആനഗുണ്ടി രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു ഹരിഹരന്‍ ഒന്നാമന്‍. സംഭവബഹുലമായ മൂന്ന് നൂറ്റാണ്ടുകളാണ് ഈ സാമ്രാജ്യത്തിന്‍െറ ചരിത്രം. ബുക്കന്‍ രണ്ടാമന്‍െറ ഭരണകാലത്ത് സഹോദരന്‍ ദേവരായ ഒന്നാമനാണ് തുംഗഭദ്രയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നത്. രാജ്യത്തെ ജലഭരിതമാക്കിയതും കൃഷി വികസിച്ചതും ഇങ്ങനെയാണ്. ദേവരായനും ശേഷം വിജയരാജയും തുടര്‍ന്ന് ദേവരായന്‍ രണ്ടാമനും വിജയനഗരം വാണു. ഇക്കാലത്ത് തെക്ക് ശ്രീലങ്ക മുതല്‍ വടക്ക് ഗുല്‍ബര്‍ഗ വരെ സാമ്രാജ്യം വ്യാപിച്ചതായി പറയപ്പെടുന്നു. 1565വരെ ഈ രാജവംശം ശക്തരായി നിലനിന്നു. സ്വേച്ഛാധിപതിയും തന്ത്രശാലിയുമായിരുന്ന അളിയ രാമരായരുടെ ഭരണകാലത്താണ് സാമ്രാജ്യം തകരുന്നത്. ഡെക്കാന്‍ സുല്‍ത്താനൈറ്റുകളെ ഭിന്നിപ്പിച്ച് ദുര്‍ബലപ്പെടുത്താന്‍ രാമരായര്‍ ശ്രമിച്ചുകൊണ്ടിരുന്നു. വലിയൊരളവുവരെ അത് വിജയിച്ചു. അതോടെ പുറമെ നിന്നുള്ള ആക്രമണം വിജയനഗരത്തിന് ഉണ്ടായില്ല. എന്നാല്‍, ഡെക്കാന്‍ സുല്‍ത്തനൈറ്റുകള്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കാന്‍ തുടങ്ങിയത് വലിയ വിനയായി. അവര്‍ ഒന്നിച്ച് വിജയനഗരത്തെ ആക്രമിച്ചു. 1565ലെ തളിക്കോട്ട യുദ്ധത്തില്‍ വിജയനഗര സാമ്രാജ്യം നിശേഷം പരാജയപ്പെട്ടു. കോട്ടകളും കൊട്ടാരങ്ങളും ശിഥിലമാക്കപ്പെട്ടു.
അങ്ങനെ പടയോട്ടങ്ങളും യുദ്ധങ്ങളും കുത്തിമറിച്ച ഒരു സാമ്രാജ്യത്തിന്‍െറ ചരിത്രം തുംഗഭദ്രാ നദീതീരത്ത് വിശ്രമം കൊള്ളുന്നു. നദിക്കപ്പുറം ആ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയാണ്. മൂന്ന് നൂറ്റാണ്ടിന്‍െറ ചരിത്രം കൊത്തിയ ശിലാസ്മാരകങ്ങളിലേക്കാണ് ഈ നദി മുറിച്ചുകടന്ന് ഞങ്ങള്‍ പോകുന്നത്. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അടുത്ത ലക്കം:  ഹംപി: ചരിത്രം കൊത്തിയ സ്മാരകശിലകള്‍

 

 

Show Full Article
TAGS:
Next Story