കൊടുംതണുപ്പിൽ ഒരു കോർണിഷ്​ പാസ്​റ്റി ബെസ്​റ്റാ...

  • യു.കെ സ്​പെഷൽ

ജീവിതത്തിലെ ആദ്യ വിദേശയാത്രയും വിമാനയാത്രയുമായിരുന്നു അത്​, യുനൈറ്റഡ് കിങ്ഡത്തിലേക്ക്​. മാസങ്ങൾ നീണ്ട കാത്തിരിപ്പായിരുന്നു. ഒടുവിൽ ഉടൻ തന്നെ യു.കെയിൽ എത്തണം എന്ന അറിയിപ്പ് വന്നു. വേഗം തന്നെ വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി. കുഴപ്പങ്ങളൊന്നുമില്ലാതെ അവിടെയെത്തി.

ജനുവരി അവസാനമായിരുന്നു അത്​. അവിടുത്തെ തണുപ്പ് കാലം. വിമാനത്താവളത്തിൽ എന്നെയുംകാത്ത് ഭാര്യാ സഹോദരി നിൽപുണ്ടായിരുന്നു. പുറത്തേക്കിറങ്ങിയ ഞാൻ കിടുകിടാ വിറക്കാൻ തുടങ്ങി. മഞ്ഞ്കട്ടയിൽ കൈ വെച്ചതുപോലെയായിരുന്നു അവിടുത്തെ അന്തരീക്ഷം. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്ക്​ അമ്മുവും അച്ഛനുമെത്തി. 

ആശ്ചര്യം വല്ലാതെ തോന്നിപ്പിച്ച ഇടമായിരുന്നു അത്​. അംബരചുംബികളായ കെട്ടിടങ്ങൾ, അതിമനോഹരമായ വാഹനങ്ങൾ, നാനാജാതി ആളുകൾ. ഇവിടുത്തെ ഗതാഗത സംവിധാനങ്ങളായിരുന്നു എന്നെ ഏറെ ആകർഷിപ്പിച്ചത്. അപകടങ്ങൾ കുറക്കാൻ സഹായിക്കുന്ന തരത്തിൽ ശാസ്ത്രീയമായ രീതിയിലാണ് ഗതാഗത സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ പ്രധാന റോഡുകളിൽപെട്ട ഒന്നാണ് ‘മോട്ടോർ വെ’.

ദേശീയ പാതയിൽ ഇരുവശത്തും കിലോമീറ്ററുകളോളം നീളത്തിൽ ഗതാഗതത്തെ തടസപ്പെടുത്താത്ത രീതിയിലുള്ള മരങ്ങളും പാടങ്ങളും പുഴകളും ഇവിടുത്തെ സുഖമുള്ള കാഴ്​ചകളാണ്​. ഇവിടെ വാഹനങ്ങൾ ഹോൺ മുഴക്കി പോകാറില്ല. ‘ക്ഷമിക്കണം’, ‘നന്ദി’ എന്ന രണ്ട്​ വാക്കുകളായിരിക്കും ഇവിടെ കൂടുതൽ കേൾക്കുന്നത്​. അറിയാത്ത ആളുകളുടെപോലും പെരുമാറ്റം എത്ര മാന്യതയോടെയാണെന്ന്​ യു.കെ കാണിച്ചുതരും.

സർക്കാർ സംവിധാനവും വളരെ കാര്യക്ഷമം. ചെറിയ കാര്യമാണെങ്കിൽപോലും സമയബന്ധിതമായിത്തന്നെ പൂർത്തിയാക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നതുകാണാം. നാവിനും മനസ്സിനും ഒരുപോലെ സുഖം പകരുന്ന രുചികളാണ്​ യു.കെയിലെ മറ്റൊരു ആകർഷണം. ഒാരോ വിഭവങ്ങളും രുചിച്ചുതന്നെ അറിയണം. 

കോർണിഷ് പാസ്​റ്റി

വേണ്ട സാധനങ്ങൾ
ഓൾ പർപ്പസ് ഫ്ലോർ/പൊടിച്ചെടുത്ത ബ്രഡ് 
ഉപ്പ്​
കുരുമുളകുപൊടി
വെണ്ണ
ബേക്കൺ ഫാറ്റ്
ഉരുളക്കിഴങ്ങ്​
സ്വീഡ്
ഒലിവ് ഓയിൽ
സവാള
ബീഫ്​
മുട്ട

തയാറാക്കുന്ന വിധം
500 ഗ്രാം ഓൾ പർപ്പസ് ഫ്ലോർ അല്ലെങ്കിൽ നന്നായി പൊടിച്ചെടുത്ത ബ്രഡ് ഒരു പാത്രത്തിലെടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വീതം ഉപ്പും കുരുമുളക് പൊടിയും ചേർക്കുക. നൂറ് ഗ്രാം വെണ്ണയും അത്രയും തന്നെ ലാർഡും(ബേക്കൺ ഫാറ്റ്) ചേർക്കുക. ഇത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കണം. പരത്തിയെടുക്കാനുള്ള പരുവത്തിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് മാവ് തയാറാക്കുക. ഇത് ഫോയിൽ പേപ്പറിലോ മറ്റോ പൊതിഞ്ഞ് അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.

ശേഷം പുറത്തേക്ക് എടുത്ത് വട്ടത്തിൽ പരത്തുകയോ വൃത്താകൃതിയുളള പാത്രം ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുകയോ ചെയ്യുക. ഇത്തരത്തിൽ മിനിമം ആറെണ്ണം തയാറാക്കിവെക്കാം. ശേഷം ഇടത്തരം ഉരുളക്കിഴങ്ങ്, 250 ഗ്രാം സ്വീഡ് ( ഒരുതരം കിഴങ്ങ്) എന്നിവ ചെറുതായി അരിഞ്ഞ് തിളക്കുന്ന ഉപ്പുവെള്ളത്തിലിട്ട് അഞ്ച്​ മിനിറ്റ് വേവിക്കുക.

വെള്ളം ഊറ്റിയ ശേഷം പച്ചക്കറികൾ തണുത്ത വെള്ളത്തിൽ കഴുകണം. ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് ചൂടാക്കണം. അതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർക്കുക. ചെറുതീയിൽ വേവിച്ചെടുക്കണം. ഇത് നേരത്തെ തയാറാക്കിയ പച്ചക്കറിയിൽ ചേർത്ത് തണുക്കാൻ വെക്കുക. തണുത്ത ശേഷം 400 ഗ്രാം ചെറുതായി അരിഞ്ഞുവെച്ച ബീഫ് ഇതിലേക്ക് ചേർത്തിളക്കി കൈ കൊണ്ട് നന്നായി കുഴച്ച് മാറ്റി വെക്കുക.

ശേഷം നേരത്തെ വട്ടത്തിൽ മുറിച്ച് വെച്ച മാവ് എടുത്ത് അതി​​​െൻറ പകുതി ഭാഗത്ത് ബീഫ് കൂട്ട് നിരത്തിയ ശേഷം മടക്കി അരിക് വശങ്ങളിൽ ബീറ്റ് ചെയ്ത മുട്ട പുരട്ടി ഒട്ടിക്കുക. ശേഷം മുകളിലും മുട്ട പുരട്ടുക. ഓവൻ പ്രീഹീറ്റ് ചെയ്ത് വെക്കുക (220 ഡിഗ്രി സെൽഷ്യസ്​). തുടർന്ന് 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. കോർണിഷ് പാസ്​റ്റി തയാർ. ​

 

Loading...
COMMENTS