രാഷ്ടീയ കാറ്റടിക്കുന്ന ഈജിപ്തിലൂടെ...

election-egypt
ഈജിപ്തിൽ പ്രസിഡന്‍റ് അബ്ദുൽ ഫതഹ് അൽ സീസിയുടെ ഫ്ലക്സ്

വിനോദ സഞ്ചാരത്തിനായി ഒരു നാട്ടിലെത്തുമ്പോൾ അവിടുത്തെ രാഷ്ടീയ കാലാവസ്ഥ കൂടി അനുഭവിക്കാൻ അവസരമുണ്ടാകുന്നത് ഭാഗ്യമാണ്. യാദൃച്ഛികമാണെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു സന്ദർശനമെന്നതിനാൽ സന്ദർശിച്ച രാജ്യങ്ങളൊക്കെ ആ അനുഭവങ്ങൾ പകർന്നു തന്നു. ഇതാ ഇപ്പോൾ ഈജിപ്തിലെത്തിയതും തെരഞ്ഞെടുപ്പ് സമയത്താണ്. തനിക്ക് വോട്ട് ചെയ്യണമെന്ന് പറയാതെ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യ പ്രസിഡന്‍റ് സ്ഥാനാർഥി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിന് ആദ്യമായാണ് സാക്ഷ്യം വഹിക്കുന്നത്. 

egypt-election
സീസിയുടെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ച് വനിത
 


ജനങ്ങൾ വോട്ട് ചെയ്യാനെത്തിയാൽ അത് തനിക്കായിരിക്കുമെന്ന് നിലവിലെ പ്രസിഡന്‍റ് അബ്ദുൽ ഫതഹ് അൽ സീസിക്കറിയാം. കാരണം ഈജിപ്ത് ജനതക്ക് മുമ്പിൽ ഇപ്പോൾ മറ്റൊരു ചോയ്സില്ല. വെല്ലുവിളിയായേക്കാവുന്നവരെ ജയിലിലടച്ചും അല്ലാതെയും തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്ന് അപ്രത്യക്ഷമാക്കിയാണ് സീസി വിജയം ഉറപ്പിച്ചിരിക്കുന്നത്. തന്നെ പിന്തുണച്ചു കൊണ്ടിരുന്ന മൂസ മുസ്തഫയെ പേരിനൊരു എതിർ സ്ഥാനാർഥിയാക്കിയാണ് സീസി ഇതിനെ തെരഞ്ഞെടുപ്പെന്ന് വിളിക്കുന്നത്. 

moos-mustafa
സീസിയുടെ എതിർ സ്ഥാനാർഥി മൂസ മുസ്തഫ
 


2011ൽ ജനപ്രക്ഷോഭത്തിലൂടെ ഹുസ്നി മുബാറക്കിനെ താഴെയിറക്കിയെങ്കിലും പിന്നീട് അധികാരത്തിലെത്തിയ മുഹമ്മദ് മുർസി നിരാശപ്പെടുത്തിയതോടെ പട്ടാള പിന്തുണയുള്ള ഭരണത്തെ പിന്തുണക്കുകയല്ലാതെ മറ്റൊരു വഴി ഇപ്പോൾ ഈജിപ്ത് ജനതക്ക് മുമ്പിലില്ല. 2011ലെ അറബ് വസന്തത്തിന് ശേഷം വന്ന മുർസിയുടെ ഭരണത്തിൽ ജനാധിപത്യവാദികളും ന്യൂനപക്ഷങ്ങളായ കോപ്റ്റിക് ക്രിസ്ത്യാനികളും ആശങ്കാകുലരായിരുന്നെങ്കിൽ സീസിക്ക് കീഴിൽ ജനാധിപത്യവാദികളും ഇസ്ലാമിസ്റ്റുകളും അസംതൃപ്തരാണ്. ഗീസയിൽ  റസ്റ്റോറന്‍റ് നടത്തുന്ന അബ്ദു റേസും ടാക്സി ഡ്രൈവറായ മുഹമ്മദും ഉൾപ്പെടെ കൈറോയിൽ വെച്ച് സംസാരിച്ച പത്തോളം പേരിൽ ഒമ്പതും സീസിയെ അനുകൂലിക്കുന്നവരാണ്. സീസിയെ അനുകൂലിക്കാത്തതിനാൽ വോട്ട് ചെയ്യുന്നില്ലെന്ന് 50 വയസ് പ്രായമുള്ള സാബിർ പറഞ്ഞു. സീസിയെ പോലെ മുർസിയെയും അദ്ദേഹം തള്ളിപ്പറഞ്ഞു. 

election-egypt

അലക്സാണ്ടറിയിലെ താമസക്കാരനും കോപ്റ്റിക് ക്രിസ്ത്യനിയുമായ മേദാത്ത് സീസിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ ചേർത്തു നിർത്തിയുള്ള സീസിയുടെ പോസ്റ്ററുകൾ പലയിടത്തും കാണാം. അതേസമയത്ത് സീസി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യം പൂർണമായ ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ചിലർ പങ്കുവെച്ചു. പുരോഗതിക്കായി എല്ലാവരും വോട്ട് ചെയ്യണമെന്ന് ടി.വിയിലൂടെയും റേഡിയോയിലൂടെയുമൊക്കെ സീസി അഭ്യർഥിച്ചു കൊണ്ടിരിക്കുന്നു. 

egypt-election
ലേഖകൻ ഈജിപ്തിൽ
 


ഗ്രാമങ്ങളിൽ തോരണങ്ങൾ തൂക്കിയും തുറന്ന വാഹനങ്ങളിൽ ഗാനവും ന്യത്തവും അവതരിപ്പിച്ചും വീഡിയോ പ്രദർശിപ്പിച്ചും സീസി അനുകൂലികൾ വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. വോട്ടെടുപ്പിന്‍റെ അവസാന ദിവസമായ ബുധനാഴ്ചയോടെ കൂടുതൽ പേരെ ബൂത്തിൽ എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.

Loading...
COMMENTS