Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightകടലറിഞ്ഞ്​, മരുഭൂമി...

കടലറിഞ്ഞ്​, മരുഭൂമി തൊട്ട്​ സലാലയിലേക്കൊരു യാത്ര

text_fields
bookmark_border
കടലറിഞ്ഞ്​, മരുഭൂമി തൊട്ട്​ സലാലയിലേക്കൊരു യാത്ര
cancel

സമയം രാത്രി എട്ടുമണിയോടടുത്തിട്ടുണ്ടാവും. മത്ര ബീച്ചില്‍ നിന്നും സാഹസപ്പെട്ടാണ് റുവിയിലെത്തിയത്.  സാപ്റ്റ്‌കോസ്റ്റാ ബസ്റ്റാന്റിലേക്കാണ്‌ നടക്കുന്നത്. ഹെയ്‌ലിലേക്കുള്ള ബസ് കിട്ടണം. കാറുകള്‍ ആളെ വിളിച്ചുകയറ്റിപോവുന്നുണ്ട്. സുരക്ഷിതവും ലാഭവും ബസാണ്​.  500 ബൈസ് ചില്ലറ കൊടുത്ത് സീറ്റിലിരുന്നു. ഒരു മണിക്കൂറിനടുത്ത് ഓട്ടമുണ്ട്. യാത്രാക്ഷീണമുള്ളതിനാല്‍ ശീതികരിച്ച ബസില്‍ ഉറക്കവും പ്രതീക്ഷിച്ച് കണ്ണടച്ചു. മെല്ലെ ഉറക്കത്തിലേക്ക്.

ഇറങ്ങേണ്ട സ്റ്റോപ് ദൂരെ നിന്ന് മനസ്സിലാക്കണം. ഇല്ലങ്കില്‍പണികിട്ടും. പിന്നെ അടുത്തസ്റ്റോപ്പിലേ ഇറങ്ങാനാവൂ. എനിക്ക് താമസ സൗകര്യമൊരുക്കിയിട്ടുള്ളത് പിലാക്കൂല്‍ഗ്രൂപ്പ് ഉടമ കുഞ്ഞുമുഹമ്മദിന്റെ ഫ്ലാറ്റിലാണ്. ഫ്ലാറ്റിലെത്തും മുമ്പെ ഹെയിലിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ജിസി ബാബുവിന്റെ കൂടെ കുറച്ച്‌നേരം കൂടും. കഴിഞ്ഞ വിസിറ്റിംഗില്‍ തുടങ്ങിയതാണ് ആ പതിവ്. ഇത്തവണ സുഹൃത്തും പൊതുപ്രവര്‍ത്തകനുമായ അബ്ദുല്‍ അസീസ്​ തളിക്കുളം നാട്ടിലായതിനാല്‍ ഞങ്ങളുടെ ഒത്തുചേരലിന്റെ ദൈര്‍ഘ്യം കൂടും. മംഗലാപുരത്തുകാരുടെ ബൂഫിയയില്‍ നിന്ന് ഒരു സുലൈമാനിയും കുടിച്ച് ബാബുവേട്ടനുമായുള്ള സൊറ എനിക്ക് അടുത്ത ദിവസങ്ങളിലേക്കുള്ള മരുന്നാണ്. ഓണ്‍ലുക്കർ മാഗസിനിലേക്കുള്ള ഇന്റര്‍വ്യുവും ആളുകളെ തെരഞ്ഞെടുക്കുന്നതിനും അവരുടെ അപ്പോയ്‌മെന്റുകള്‍ ഉറപ്പുവരുത്തുന്നതിനുമൊക്കെ ഈ കോഫി പെര്‍ ചര്‍ച്ച ഉപകരിക്കും.

മസ്​കറ്റിൽനിന്നുള്ള ഇൗ മരുപ്പാത നീളുന്നത്​ സലാലയിലേക്കാണ്​..
 

ഹെയ്ല്‍ എത്താനായപ്പോള്‍ അറിയാതെ മയക്കത്തില്‍ നിന്ന് ഉണര്‍ന്നു. ആയിശ മസ്ജിദിന്റെ അടുത്തുള്ള ആ ഭീമന്‍പാലത്തിനടുത്ത് ഇറങ്ങണം.  ബാഗ് തൊളിലിട്ടു.  അപ്പോഴാണ് അടുത്തിരിക്കുന്നയാള്‍ കുശലം പറയുന്നത്. മലയാളിയാണ്. സന്തോഷം. അതിനിടെ എനിക്ക് വന്ന ഫോണുകളും അദ്ധേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. മസ്‌കറ്റില്‍ സന്ദര്‍ശകനായെത്തിയ എനിക്ക് പരിചയപ്പെടുന്നവര്‍ പലപ്പോഴും പിടിവള്ളികളായിരിക്കുമല്ലൊ. സംസാരത്തിനിടെ എന്തോ നമ്പര്‍പോലും വാങ്ങാന്‍ സമയമില്ലാതെ ഇറങ്ങാന്‍ തോന്നിയില്ല. ആയിശപള്ളിക്ക് സമീപത്തെ സ്റ്റോപ്പ് കഴിഞ്ഞു. ഡോ. മോഹൻ പുലാനിയുടെ അപ്പോയ്മന്റ് ഒമ്പതുമണിക്ക് ശേഷമാണ്. ഇടക്ക് വിളിച്ചതുമാണ്. ബസ്സിറങ്ങിയാല്‍ വണ്ടിയുമായി അദ്ദേഹം പിക് ചെയ്യാന്‍വരും. ആ ധൈര്യത്തിലാണ് അടുത്തസ്റ്റോപ്പ് വരെ പുതിയപരിചയക്കാരനുമായി സംസാരിക്കാമെന്ന് കരുതിയതും. അദ്ദേഹത്തിനും ആ സ്‌റ്റോപ്പിലാണ്  ഇറങ്ങേണ്ടത്. ബസ് ഇറങ്ങി ഞങ്ങള്‍ പിന്നെയും കുറെ സംസാരിച്ചു.

അതിനിടെ ഡോ.മോഹന്‍പൂലാനിയുടെ കോള്‍ വന്നു. ബസിറങ്ങിയസ്ഥലം പറഞ്ഞുകൊടുത്തു. മസ്‌കറ്റിലെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയായ ഹാപ്പി ലൈനിന്റെ  ഓപ്പറേഷന്‍ മാനേജറാണ് ഈ പുതിയ പരിചയക്കാന്‍. ഷാഹുല്‍ ഹമീദ് എന്നാണ് പേര്. അദ്ധേഹത്തിന്റെ കാര്‍ വര്‍ക്ക് ഷോപ്പില്‍കയറ്റിയതാണ്. അതിന്റെ തുടര്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി ഹെയ്‌ലിലേക്ക് മറ്റുവണ്ടികളൊന്നും വിളിക്കാതെ സാപ്റ്റികോ ബസില്‍ കയറിയതായിരുന്നു അദ്ദേഹം. പരിചയപ്പെടാൻ ചില നിമിത്തങ്ങൾ.

‘നിങ്ങള്‍ സലാലയിലെന്നാ പോവുന്നത്? ഈ ആഴ്ച ഞാന്‍പോവുന്നുണ്ട്. സാധാരണ മസ്‌കറ്റ് സലാല റൂട്ടിലൂടെയല്ല പോവുക. ദുക്കും വഴിയാണ്.  നമുക്കൊന്നിച്ചൊരു ഡ്രൈവ്........’ നിനച്ചിരിക്കാതെ കിട്ടിയ ഓഫര്‍. കൂടുതല്‍ സംസാരിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. മോഹനേട്ടന്‍ ഇപ്പോ എത്തും. പരസ്പരം കാര്‍ഡുകള്‍കൈമാറി. ഞാന്‍ മോഹന്‍ പൂലാനിയുടെ കാറില്‍ കയറി.

ഹെയ്‌ലിലെ ഫുഡ് ബുക്കിലേക്കാണ് മോഹന്‍പൂലാനിയുടെ വണ്ടി ചെന്നു നിന്നത്​. ഓരോ സൂപ്പുകള്‍ക്ക് ഓര്‍ഡർ ചെയ്ത് അദ്ദേഹവുമായുള്ള മീറ്റിംഗ് ആരംഭിച്ചു. അരമണിക്കൂര്‍ നേരം കൊണ്ട് വിഷയങ്ങള്‍ അവസാനിപ്പിച്ചപ്പോഴേക്കും വിഭവ സമൃദ്ധമായ നാടന്‍ ഭക്ഷണമെത്തി. എന്നാല്‍, എന്റെ മനസ്സ് സലാല ഡ്രൈവിലാണ്. വണ്ടിപരിചയങ്ങളില്‍ നിന്നൊരാളോടൊപ്പം യാത്ര പോവുക..., അതും മറ്റാരും കൂട്ടിനില്ലാതെ...വിജനമായ മരുഭൂമിയിലൂടെ...

ഭക്ഷണം കഴിക്കുന്നതിനിടെ മോഹനേട്ടനോട് ഇക്കാര്യം ചര്‍ച്ച ചെയ്തു. അവസരം നഷ്ടപ്പെടുത്തണ്ട നല്ല അനുഭവമാകുമെന്ന് മോഹനേട്ടന്‍ പ്രോത്സാഹിപ്പിച്ചു. ആളെ മോഹന പുലാനിക്കും  ജിസി ബാബുവിനും അടുത്ത്പരിചയമി​െല്ലങ്കിലും അറിയാമെന്ന് കൂടിയായപ്പോള്‍ ധൈര്യം. എനിക്കാണെങ്കില്‍ സലാലയിലേക്കുള്ള യാത്ര വര്‍ഷങ്ങള്‍ക്ക് മുമ്പെയുള്ള ആഗ്രഹമാണ്.

സലാലയിലേക്ക് മസ്‌കറ്റില്‍ നിന്ന് ഏറെ ദൂരമുണ്ട്, കലാവസ്ഥയിലും പ്രകൃതിയിലും വൈവിധ്യമേറെ
 

യമനിലെ ഹള്‌റമൗത് പ്രവിശ്യയിലെ ദാറുല്‍മുസ്ഥഫ ഇസ്്‌ലാമിക് കോളേജില്‍ പഠിക്കുന്നകാലത്ത് എന്നെ സ്വാധീനിച്ച ഒരു സൂഫിഗുരുവാണ് അല്‍ഇമാം മുഹമ്മദ് സാഹിബുല്‍മിര്‍ബാത്വ്. ഉപജീവനമാര്‍ഗത്തിന് മതവിജ്ഞാനം ഉപാധിയാക്കാതെ അധ്വാനിക്കാനിറങ്ങുകയും കൃഷിയും കച്ചവടവുമൊക്കെ നടത്തുമ്പോഴും മതവിജ്ഞാനം പകര്‍ന്നുകൊടുക്കുന്നതില്‍ മികവുപുലര്‍ത്തുകയും ചെയ്ത സൂഫി. 120 ഒാളം കുടുംബങ്ങളുടെ ചെലവ്​ വഹിച്ചിരുന്ന ധർമിഷ്​ഠൻ, ഹദ്‌റമൗതിലേയും സലാലയിലേയും ഭരണകൂടങ്ങളുടെ അസ്വരാസ്യങ്ങള്‍ക്കിടയില്‍ പ്രശ്‌നംപരിഹരിക്കാന്‍ മുന്‍പന്തിയിലുണ്ടായ നയതന്ത്രജ്ഞന്‍, അനേകം ആധ്യാത്മിക പണ്ഡിതരെ വാര്‍ത്തെടുത്ത മഹാൻ.

വായിച്ചും കേട്ടും പരിചയമായ ഒരു സൂഫിവര്യന്റെ അന്ത്യവിശ്രമസ്ഥലത്തെത്തണമെന്ന ആഗ്രഹം അക്കാലത്ത്​ മനസ്സില്‍മാത്രം ഒതുക്കാനേ കഴിഞ്ഞുള്ളു.  സാഹിബുൽ മിര്‍ബാത്വ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സൂഫി ഗുരുവി​​െൻറ അന്ത്യവിശ്രമസ്ഥലമാണ് സലാലയിലെ മിര്‍ബാത്വ്.

സലാലയിലേക്ക് മസ്‌കറ്റില്‍ നിന്ന് ഏറെ ദൂരമുണ്ട്. കലാവസ്ഥയിലും പ്രകൃതിയിലും വൈവിധ്യമേറെ. കഴിഞ്ഞ തവണ ഒമാന്‍ വിസിറ്റിംഗിന് വന്നപ്പോഴും ആഗ്രഹിച്ചതാണ് സലാല ട്രിപ്പ്. സലാലയിൽ ബിസിനസ് നടത്തുന്ന പഠന കാലത്തെസുഹൃത്ത് സുബൈര്‍ ആനമങ്ങാട് ക്ഷണിച്ചതുമായിരുന്നു. 20 ഒമാനി റിയാലിന് മസ്‌കറ്റില്‍ നിന്ന് വിമാനമാര്‍ഗം സലാലയിലെത്താം. മസകറ്റിന്റെ ഉള്‍നാടന്‍ പ്രദേശമായ മുദൈബിലായിരുന്നു കഴിഞ്ഞ സന്ദര്‍ശനമെന്നതിനാല്‍ സലാലയിലേക്കുള്ള ക്ഷണം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സലാലയുമായുള്ള വൈകാരിക ബന്ധമോര്‍ക്കുമ്പോള്‍ അവിടെ പോകാതെ ഒമാനില്‍ നിന്ന് മടങ്ങുന്നതില്‍ വിഷമവുമുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇത്തവണ സലാലയില്‍പോവണമെന്ന് നാട്ടില്‍നിന്ന് തിരിക്കുമ്പൊഴേ നിശ്ചയിച്ചതായിരുന്നു. ഞാന്‍ഫോണ്‍എടുത്തു, ഷാഹുല്‍ഹമീദ്ക്കയെ വിളിച്ച് , ഞാനുമുണ്ടാവുമെന്ന് ഉറപ്പ് കൊടുത്തു.

ഇനി രണ്ടുദിവസമേയൊള്ളു സലാല യാത്രക്ക്. മസ്‌ക്കറ്റില്‍ നിന്ന് തന്നെയാണ് നാട്ടിലേക്കുള്ള റിട്ടേണ്‍ടിക്കെറ്റന്നതിനാല്‍ സലാലയില്‍ നിന്ന് നേരിട്ട് നാട്ടിലേക്ക് മടങ്ങാന്‍ പറ്റില്ല. ബിസിനസ്​ ട്രിപ്പിന്റെ എല്ലാ ഭാരങ്ങളും മസ്‌കറ്റിലെ ഫ്ലാറ്റിൽ ഇറക്കിവെച്ചാണ് സലാല വണ്ടിയും പ്രതീക്ഷിച്ച് പറഞ്ഞതിലും നേരത്തെ ഇറങ്ങിയത്. ഉച്ചകഴിഞ്ഞതോടെ ഷാഹുല്‍ ഹമീദ് കാറുമായി എത്തി. സലാല ട്രിപ്പ് സ്റ്റാര്‍ട്ട്.

മരുഭൂമിയിലെ സൂര്യാസ്​തമയത്തി​​​െൻറ പശ്​ചാത്തലത്തിൽ ആ പള്ളി മിനാരങ്ങൾ തിളങ്ങിനിന്നും..
 

ഞങ്ങള്‍സലാല ഡ്രൈവിന് തെരഞ്ഞെടുത്തിരിക്കുന്നത് ഒമാ​​െൻറ വാണിജ്യമേഖലയായി വളര്‍ന്നുവന്ന ദുഖും (duqm) വഴിയാണ്. അതിമനോഹരമായ മസ്‌കറ്റ്  സിനാവ്,  മഖൂത്ത്, ദുഖും, ഹൈതാം, കഹല്‍, ലക്ബി, സോകറ, ഷല്ലീം, മര്‍മൂള്‍, തുംറൈറ്റ്, സലാല എന്ന തീരദേശ റൂട്ട്.  മരുഭൂമിയും കടലും തൊട്ടുരുമ്മിനില്‍ക്കുന്ന പാതയിലൂടെ യാത്ര.

മസ്‌കറ്റില്‍ നിന്ന് കുറച്ച്ദൂരം നീങ്ങിയതോടെ യാത്ര ഗ്രാമങ്ങളിലൂടെയായി. ഒമാന്‍ റിപ്പബ്ലിക്​ ദിിനം അടുത്തതിനാല്‍ രാജ്യത്തെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുദൈബില്‍ എത്തുന്നതി​​െൻറ തൊട്ടുമുമ്പായി സുരക്ഷാ സേനകളെ കാണാം. വാഹനങ്ങള്‍ ഓരോന്നും അരിച്ചുപെറുക്കിയുള്ള  പരിശോധന. ഞങ്ങളുടെ വാഹനത്തിനും കൈകാണിച്ചു. രേഖകള്‍ പരിശോധിച്ച് ഞങ്ങളെ കടത്തിവിട്ടു. മുദൈബിയിലെ മാത്രം സ്ഥിതിയായിരുന്നില്ല. വഴിയില്‍ പലയിടത്തും കനത്ത വാഹനപരിശോധന നടക്കുന്നുണ്ട്. മുദൈബില്‍ നിന്ന് സിനാവ് വഴി വാഹനം കുതിച്ചു.

സാധാരണ മസ്‌ക്കറ്റ് -സലാല റൂട്ടിലൂടെ സഞ്ചരിച്ചാല്‍ വേഗം സലാലയിലെത്താം. സുമാര്‍ 1200 കിലോമീറ്റര്‍ വഴിദൂരം. അതേസമയം  കിലോമീറ്റര്‍ അധികം ഉണ്ടാവുമെങ്കിലും മികച്ച യാത്രാനുഭവമായിരിക്കും ദുക്കം വഴിയുള്ള യാത്രയെന്ന് ഷാഹുല്‍ക്ക നേരത്തെ തന്നെ പറഞ്ഞിരുന്നു. 1500 കിലോമീറ്ററോളം ദൂരമുള്ള ഡ്രൈവിംഗ്. വണ്ടിയുടെ വളയം ഏറെ വഴങ്ങുന്ന ഷാഹുല്‍ഹമീദിനവട്ടെ ഡ്രൈവിംഗ്  ഭയങ്കര ത്രില്ലിംഗും. മികച്ച റോഡുകളായതിനാല്‍ കിലോമീറ്ററുകള്‍ താണ്ടുന്നത് അറിയുന്നതേയില്ല. ത്രില്ലിംഗ് യാത്ര ആഗ്രഹിക്കുന്നവര്‍ ഒരിക്കലെങ്കിലും ഇതിലൂടെ സഞ്ചരിക്കണം.

ഒമാനിലെ നല്ലൊരുശതമാനം സ്വദേശികളും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്. തീരദേശങ്ങളിലൂടെയുള്ള ഈ യാത്രയില്‍പലയിടത്തും ബോട്ടുകളും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും കാണാം. ഒരു ജനതയുടെ അന്നത്തിനുള്ള ജീവന്‍മരണപോരാട്ടമാണ് ഇവിടെ മത്സ്യബന്ധനം. വിദേശികള്‍ക്ക് മത്സ്യബന്ധനത്തിന് നിമപരമായി വിലക്കുണ്ടെങ്കിലും ഈ മേഖലയില്‍ ബംഗാളികള്‍ ജോലിക്ക് നില്‍ക്കുന്നതായി അറിയാന്‍ കഴിഞ്ഞു.


മരുഭൂമിയിലെ സൂര്യാസ്​തമയം
സന്ധ്യായാവാറായി. ഫത്ഹിത് (fatkhit) എന്നൊരു സ്ഥലനാമം ദൂരെ നിന്നെ കാണാം. തൊട്ടടുത്ത് കാണുന്ന പള്ളിയില്‍ വണ്ടിനിറുത്തി. വിജനമായ മരുഭൂമി. പള്ളിയോടനുബന്ധിച്ച്​ കുറച്ച് കടകളല്ലാതെ മറ്റൊന്നും കാണാനില്ല. പള്ളിയില്‍ നിന്ന് നിസ്‌കരിച്ചിറങ്ങിയപ്പോള്‍ ഞങ്ങള്‍ സാക്ഷിയായത് മരുഭൂമിയിലെ സൂര്യാസ്​തമയമയത്തിനായിരുന്നു. അതിമനോഹരമായ കാഴ്ച.

അസ്​തമയം കാണാന്‍ കടപ്പുറത്ത്​ പലതവണ പോയിട്ടുണ്ട്. എന്നാല്‍ മരുഭൂമിയിലെ സൂര്യാസ്​തമയം ആദ്യാനുഭവമാണ്. അസ്തമയസൂര്യന്‍  മഞ്ഞ നിറം മാറി ഓറഞ്ചും പിന്നീട് പിങ്ക് നിറത്തിലുമായി മറഞ്ഞു. എന്റെ അതിശയം കണ്ട് ഷാഹുല്‍ക്ക ക്യാമറ പുറത്തെടുത്തു. അസ്​തമയത്തി​​െൻറ വിവിധ ഭാവങ്ങള്‍ പകര്‍ത്തി. മരുഭൂമിയിലെ സൂര്യാസ്തമയത്തില്‍ സ്ട്രീറ്റുലൈറ്റുകള്‍ വരിവരിയായി പ്രകാശിച്ചുനില്‍ക്കുന്നത് കാണാന്‍ ചന്തമേറെ. അസ്തമയ സൂര്യന്റെ ശോഭയില്‍ ഒറ്റപ്പെട്ടുകിടക്കുന്ന മസജിദിന്റെ ദൃശ്യവും ഏറെ മനോഹരമായിരുന്നു.

തൊട്ടടുത്തകടയില്‍ നിന്നും ചായയും ബിസ്‌ക്കറ്റും വാങ്ങി വണ്ടിയില്‍ കയറി. ഇനി ഒരു ചായകുടിക്കണമെങ്കില്‍ കുറേ ദൂരം ഓടണം. മരുഭൂമിയും കടലോരവും താണ്ടി ഞങ്ങള്‍ ഏറെ മുന്നോട്ട് പോയി. രാത്രിയുള്ള യാത്രയാണ് കുറച്ച് കൂടി താൽപര്യമായി തോന്നിയത്. ഒരു കൊടും വനത്തില്‍ കൂടി പോകുന്ന പ്രതീതി. ദൂരെ അറ്റമില്ലാതെ കിടക്കുന്ന പാതയും കാണുന്നില്ല.

വഴിയരികിലെ നിസ്​കാര പള്ളിയിൽ പരിപാലകനുമായി ലേഖകൻ
 

ആദ്യത്തെ ദിവസം ദുഖും എന്ന സ്ഥലേത്ത് തങ്ങാനാണ് പദ്ധതി. ഒമാനില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വാണിജ്യനഗരമാണ് ദുഖും.  കുറച്ചു വര്‍ഷങ്ങളായി ഒരുപാട് നിക്ഷേപങ്ങളിലൂടെ വികസനം വന്നുകൊണ്ടിരിക്കുന്ന പ്രദേശം. മലയാളികളടക്കം പലനിക്ഷേപകരും കണ്ണ് വെച്ച നഗരമാണിത്.  2020 ഓടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ നഗരമായി ദുഖും മാറിയേക്കും. അതിനുള്ള രാപ്പകല്‍ പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്.  വിവിധരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതല്‍. ദുഖും ബീച്ചും റോക്ക് ഗാര്‍ഡനും  ആകര്‍ഷണീയമാണ്.

ദുഖുമില്‍  സ്റ്റേചെയ്യാന്‍ നിശ്ചയിച്ച കേന്ദ്രത്തിലെത്തും മുമ്പെയാണ് രാത്രിഭക്ഷണത്തിന് ഏര്‍പ്പാട് ചെയ്തിട്ടുള്ളത്. ഷാഹുൽ ഹമീദിന്റെ കമ്പനിയിലെ ജീവനക്കാരും സുഹൃത്തുക്കളും അവിടെയുണ്ട്. നല്ല മീന്‍ അവിടെ കിട്ടും. അവരോട് വിളിച്ച് വലിയ മീന്‍ പൊരിച്ച് വെക്കാന്‍ പറഞ്ഞതാണ്. സീഫുഡ് കഴിച്ച് അല്‍പനേരത്തെ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം യാത്ര തിരിച്ചു.

നേരം പത്തുമണി കഴിഞ്ഞിട്ടുണ്ടാവും. മികച്ച സുരക്ഷയും സേവനവുമുള്ള ദുഖുംലെ  ലേബര്‍ക്യാമ്പിൽ റൂം ലഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.  പ്രഭാത ഭക്ഷണത്തിനുള്ള കാര്‍ഡ് റുമിന്റെ കീയുടെ കൂടെ തന്നിരുന്നു. യാത്രയുടെ ആദ്യദിനം വിശ്രമത്തിലേക്ക്. രാത്രി ഉറക്കമൊഴിച്ച് ഇതുവഴി പോകുന്നതും അപകടകരമാണ്. നിമിഷനേരം കൊണ്ട് മണല്‍ക്കുന്നുകള്‍ രൂപപ്പെടും. ചിലപ്പോള്‍ ഒരു വളവിനപ്പുറം വഴിയില്‍ ഒരു മണല്‍ക്കൂന നമ്മളെക്കാത്തിരിക്കുന്നുണ്ടാവാം. ഒരു വിജനമായ മരുഭൂമിയില്‍ ഒട്ടകങ്ങള്‍ റോഡിലേക്കിറങ്ങുന്നത് സൂക്ഷിക്കണം. വലിയ അപകടമുണ്ടാവാന്‍ അതുമതി. ഒട്ടകത്തിന് വാഹമിടിച്ച് അപകടത്തില്‍പെടുന്നത് പതിവ്​ സംഭവമാണ്​.

രാത്രി സുഖമായുറങ്ങിയ ഞങ്ങൾ നേരം അഞ്ചരയാവുമ്പോഴേക്ക് എഴുന്നേറ്റു. അന്നത്തെ യാത്രക്കുള്ള ഒരുക്കങ്ങളാരംഭിച്ചു. ലേബര്‍ ക്യാമ്പിലെ കാൻറീനിലെത്തി. വിശാലമായ പ്രഭാതഭക്ഷണം. യാത്രാ ക്ഷീണമൊക്കെ വിട്ടുമാറി പുതിയ പ്രഭാതത്തിലെത്തിയതിന്റെ ഉന്മേഷത്തിലാണ് ഞങ്ങള്‍. പ്രഭാത സമയത്തെ സവാരി ഏറെആന്ദകരമായിരിക്കുമല്ലൊ.  ആക്‌സിലറേറ്ററില്‍ കാലമര്‍ന്നു. മരുഭൂമിയിലെ സുര്യോദയത്തിനും ചന്തമേറെ. ഇരുവശത്തും തരിശായി കിടക്കുന്ന ഭൂമി. വിജനമായ മേഖല. ഇടക്ക് ആട്ടിന്‍പറ്റങ്ങള്‍. അങ്ങിങ്ങായി ഒട്ടകങ്ങള്‍. കിലോമീറ്ററോളം മുന്നോട്ട് കാണാം. വല്ലപ്പോഴും മാത്രം എതിരേ വരുന്ന വാഹനങ്ങള്‍. ആരും ഡ്രൈവ്​ ചെയ്യാന്‍ കൊതിക്കുന്ന വഴി.


മരവീടുകള്‍
ഞങ്ങള്‍ ഹൈതാമിലെത്താറായി. വഴിയോരത്ത് മരത്തിന്റെ വീടുകള്‍ കണ്ടുതുടങ്ങി. വണ്ടി സൈഡാക്കി. കുറച്ച്‌ ഫോട്ടോകളെടുക്കാമെന്ന് കരുതി. മുക്കുവന്‍മാര്‍ താമസിക്കുന്ന വീടുകളാണത്. മരപ്പലകകള്‍ കൊണ്ട് നിര്‍മ്മിച്ച ചെറ്റപ്പുരകള്‍. കൂടുതലാരെയും കാണാനില്ല. മത്സ്യബന്ധനത്തിന് പോയതായിരിക്കും.

മരംകൊണ്ട് നിര്‍മ്മിച്ച പള്ളിയുണ്ട് തൊട്ടടുത്ത്. ഈ പള്ളിയോട് ചേര്‍ന്നാണ് മരവീടുകളുള്ളതും. പള്ളിയില്‍ കയറിയപ്പോള്‍ പ്രായം ചെന്ന ഒരു ഒമാനി പൗരന്‍ ഞങ്ങളോട് കുശലം പറയാനെത്തി. പുറംലോകവുമായി കൂടുതല്‍ബന്ധപ്പെടാനാഗ്രഹിക്കാത്ത മുക്കുവന്‍മാര്‍ ഏറെ ദരിദ്രരാണ്. പക്ഷെ അവരുടെ മനസ് സമ്പന്നമാണെന്ന് ഞങ്ങളോട് സംസാരിക്കാനെത്തിയ സ്വദേശിയുടെ വാക്കുകളില്‍ നിന്ന് തിരിച്ചറിഞ്ഞു. അമ്പരചുംബികളുടെ ആർഭാടങ്ങളില്ലാത്ത ആ പള്ളികള്‍ നമ്മുടെ നാടുകളിലെ സ്രാമ്പിയകളെ ഓർമിപ്പിക്കുന്നതാണ്. കോണ്‍ക്രീറ്റ് കാടുകള്‍ക്ക് നല്‍കാനാവാത്ത ചൈതന്യം ഇത്തരം പള്ളികളില്‍ പ്രാര്‍ത്ഥനക്കെത്തുന്നവര്‍ക്കുണ്ടാവാം. ഖഹ്‌വ കുടിക്കാനായി അയാള്‍ ഏറെ നിര്‍ബന്ധിച്ചു. അദ്ദേഹത്തോടൊപ്പം ഫോട്ടോകളെടുത്ത് യാത്ര തുടര്‍ന്നു.

പതിയെ പതിയെ പരന്നുകിടക്കുന്ന മണ്‍പ്രതലം മരുഭൂമിക്ക് വഴിമാറി. ഇരുവശത്തും മണല്‍ക്കൂനകള്‍ കണ്ടുതുടങ്ങി. അധികം ദൂരത്തല്ലാതെ കടല്‍ കാണാം. മരുഭൂമി കടലില്‍ വന്നു ചേരുന്ന കാഴ്ച മനോഹരം തന്നെ.  കഹ്​ൽ പ്രദേശവും പിന്നിട്ട് വണ്ടി കുതിച്ചു. കുറച്ച് കൂടെ ഓടിയാല്‍  ലക്ബിയിലെത്തും. അവിടുത്തെ കടലിന് കടും നീല നിറമാണ്. തിരമാലകള്‍ക്ക് കടും വെള്ളയും. തീരം വിജനമായിരുന്നു.  വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴി.

ഇപ്പോൾ മരുഭൂമിയിലൂടെയാണ്​ ഞങ്ങളുടെ യാത്ര. കണ്ണെത്താദൂരത്തു പാത നീണ്ടു നിവര്‍ന്ന് കിടക്കുന്നു. കാറിലെ ഇന്ധനം കഴിയാറായി എന്ന് ശ്രദ്ധയില്‍പെടാന്‍ വൈകി. പമ്പ്​ കണ്ടെത്താന്‍ പ്രയാസം. മുൻ അനുഭവത്തി​​െൻറ ബലത്തില്‍ ബ്ലാക്കില്‍ പെട്രോള്‍ കിട്ടുമെന്ന് ഷാഹുല്‍ക്കക്ക് പ്രതീക്ഷയുണ്ടായിരുന്നു. അത്തരം കേന്ദ്രങ്ങളെന്ന് കരുതിയിടത്ത് നിറുത്തി അന്വേഷിച്ചെങ്കിലും പെട്രോള്‍ കിട്ടിയില്ല. അല്‍പം ഭയന്നെങ്കിലും വൈകാതെ ഒരു പമ്പിലെത്തി. വണ്ടിയില്‍ ഇന്ധനം നിറഞ്ഞപ്പോഴാണ് ഞങ്ങളുടെ ശ്വാസം നേരെ വീണത്.

മരപ്പള്ളിയിലെ കാഴ്​ചകൾ ഷാഹുല്‍ ഹമീദ്ക്ക ചുറ്റിനടന്നു കണ്ടു..
 

പൃകൃതിയുടെ സൗന്ദര്യങ്ങള്‍ ആസ്വദിച്ച് സോകറ, ഷല്ലീം, മര്‍മൂൾ പിന്നിട്ട്  യാത്ര കുതിക്കുകയാണ്.  ചുരം കയറിയും ഇറങ്ങിയും ഞങ്ങള്‍ മുന്നോട്ട് പോയി. ഇരുവശത്തും പല നിറത്തിലും ആകൃതിയിലും ഉള്ള മലകള്‍. തുമ്രിത് എത്തി. ഇനി സലാലയില്‍  എത്താൻ കുറച്ചുകൂടിയേ ഉള്ളു. നേരെ മലമ്പാതയിലേക്കാണ് കയറാന്‍ തുടങ്ങിയത്. ആ മലയിറങ്ങിയാല്‍ സലാല എത്തും.

വളഞ്ഞ റോഡ് മുന്നോട്ടു പോകുന്തോറും ഞങ്ങളുടെ യാത്രക്ക് കൂടുതല്‍ മനോഹാരിത വന്നുതുടങ്ങി. കാരണം, മഞ്ഞു വീഴ്ച തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ആഗ്രഹിച്ചതും അതുതന്നെ. മലയിറങ്ങി വരുമ്പോള്‍ സലാല നഗരം കാണാന്‍ തുടങ്ങി. ആദ്യമായി ഞങ്ങളെ വരവേറ്റത് റോഡിനിരുവശവുമുള്ള കുലച്ചു നില്‍ക്കുന്ന തെങ്ങുകളാണ്. സലാലയുടെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ ഖരീഫ് എന്നറിയപ്പെടുന്ന സീസണില്‍ വരണമെന്ന് ഷാഹുല്‍ ഹമീദ് പറഞ്ഞു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഖരീഫ്്.

സൂഫിയുടെ മണ്ണിലേക്ക്
വൈകുന്നേരം അഞ്ചുമണിയോടടുത്താണ് സലാലയിലെത്തുന്നത്. അവിടെ സുഹൃത്ത് സുബൈര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. സുബൈറിന്റെ ഷോപ്പിന്റെ അടുത്ത് എന്നെ ഇറക്കി ഷാഹുല്‍ക്ക അദ്ദേഹത്തിന്റെ ബിസിനസ്​ ആവശ്യങ്ങളിലേക്ക്  പോയി. അടുത്ത ദിവസം ഒന്നിച്ച് മസ്‌കത്തിലേക്ക് മടങ്ങാനുള്ളതാണ്.  എന്റെ യാത്രയുടെ ലക്ഷ്യം മിര്‍ബാതില്‍ പോവലാണല്ലൊ.സുബൈറിന്റെ ഫ്ലാറ്റിൽ പോയി ചായകുടിച്ചിറങ്ങി നേരെ മിര്‍ബാത്വിലേക്ക്.
എത്രയോ തവണ സുബൈര്‍ അവിടേക്ക് പോയതാണ്. മിര്‍ബാതിലേക്കുള്ള ഡ്രൈവ് അദ്ദേഹത്തിന്​ പ്രത്യേക താല്‍പര്യമാണ്. ഇത്തവണ എന്നെ കൊണ്ടുപോകുന്നതും വലിയ സന്തോഷത്തിലാണ്. സാഹിബുൽ മിര്‍ബാതെന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ബിന്‍ അലി എന്ന സൂഫിയുടെ അന്ത്യവിശ്രമ സ്ഥലത്തെത്തുമ്പോള്‍ നേരം സന്ധ്യകഴിഞ്ഞിരുന്നു. ആ സൂഫിവര്യന്‍ തലചായ്ച്ച, ബഹളങ്ങളൊന്നുമില്ലാത്ത മണ്ണില്‍ ഞങ്ങള്‍ കുറച്ചധിക നേരം ചിലവഴിച്ചു.  

സ്വാഹിബുല്‍ മിര്‍ബാതിന്റെ മഖ്ബറ
 

അവിടെ നിന്ന് ഞങ്ങള്‍ തിരിച്ചത്  ചേരമാന്‍പെരുമാളിന്റെ മണ്ണിലേക്ക്്. നമ്മുടെ കേരളത്തിലെ നാട്ടിന്‍പുറത്ത് എത്തിയ പ്രതീതി. തെങ്ങുകളും  വാഴത്തോട്ടവും വെറ്റിലക്കൊടിയുമൊക്കെ കണ്ടു. മക്കത്തു പോയി ഇസ്​ലാം സ്വീകരിച്ചുവെന്ന ചേരമാന്‍പെരുമാളി​​െൻറ കഥ കുഞ്ഞുന്നാളിലേ മദ്രസയില്‍ നിന്ന് കേട്ടതാണ്. മക്കത്തുനിന്ന് വരുന്ന വഴി ളഫാറില്‍  മരിക്കുകയായിരുന്നുവെന്നാണ് ചരിത്രം. ആ പെരുമാളിന്റെ ചാരത്താണ്‌ നില്‍ക്കുന്നതെന്നോര്‍ത്തപ്പോള്‍ വല്ലാത്ത അനുഭൂതി.

കേരളചരിത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ളഫാറില്‍ നിന്ന് പടിയിറങ്ങി തൊട്ടടുത്ത അങ്ങാടിയിലെത്തി. വഴിയോരങ്ങളില്‍  പലയിടത്തും ഇളനീര്‍ കച്ചവടക്കാര്‍. ഞങ്ങള്‍ ഓരോ ഇളനീര്‍ കുടിച്ച് അന്നത്തെ യാത്ര അവസാനിപ്പിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണങ്ങളൊരുക്കി സുബൈറിന്റെ കുടുംബം കാത്തിരിക്കുന്നുണ്ടായിരുന്നു. പിറ്റേദിവസം ഉച്ചയോടുകൂടെ ഷാഹുല്‍ ഹമീദെത്തി. ഓടിയ അത്രയുംതിരിച്ച് ഡ്രൈവ് ചെയ്യണം. ദുക്കും വഴി മസ്‌ക്കറ്റിലേക്ക്. മടക്കയാത്ര ഗംഭീരമായി.  പോന്നപ്പോള്‍ ഇരുട്ട് കാരണം കാണാത്ത സ്ഥലങ്ങള്‍ കണ്ട് യാത്ര തുടര്‍ന്നു. അല്‍പനേരം ഉറങ്ങാനായി ഒരു പള്ളിയില്‍ കയറി. പള്ളിയില്‍ വേറെയുംയാത്രക്കാർ വിശ്രമിക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം അവിടെ തലചായ്ച്ചു. ഇടക്ക് എപ്പോഴോ എഴുന്നേറ്റ്​ വീണ്ടും യാത്ര.  രാവിലെ ഒമ്പതുമണിക്ക് മുമ്പെ മസ്‌കത്തിലെത്തി.

 

Show Full Article
TAGS:Muhammad Shahib Mirbath oman Salalh muscat 
Web Title - Travelling by car from Muscat to Salalah
Next Story