Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
pattaya1
cancel
camera_alt

പട്ടായയിലെ ​േഫ്ലാട്ടിങ്​ മാർക്കറ്റിന്​ നടുവിലൂടെ തോണികൾ പോകുന്നത് കാണാൻ നല്ല ഭംഗിയാണ്​

Homechevron_rightTravelchevron_rightDestinationschevron_rightപുൽച്ചാടി തൊട്ട്​...

പുൽച്ചാടി തൊട്ട്​ മുതല വരെ; ഇവിടെ എന്തും ചുട്ടുകഴിക്കാം

text_fields
bookmark_border

തായ്​ലാൻഡിലെ മൂന്നാമത്തെ ദിവസത്തിലേക്കാണ്​ അന്നുണർന്നത്​. രാവിലെ ഭക്ഷണവും കഴിച്ച്​ നടത്തം തുടങ്ങി. പട്ടായയിലെ ​േഫ്ലാട്ടിങ്​ മാർക്കറ്റാണ്​ ലക്ഷ്യം. ഒരു വലിയ തടാകത്തിൽ പണിതുയർത്തിയ മനോഹരമായ കച്ചവട ​കേന്ദ്രമാണ്​ ഫ്ലോട്ടിങ്​ മാർക്കറ്റ്. അതിലേക്ക്​ കയറുന്നത് നടന്നാണെങ്കിലും തിരിച്ചു വള്ളത്തിൽ ആണ് പുറത്തേക്ക്​ വരേണ്ടത്. ഒരോ ഷോപ്പിലേക്കും പോകാൻ തടി കൊണ്ട് തയാറാക്കിയ നടപ്പാതകൾ. ഇടക്ക്​ കമാനം പോലുള്ള ചെറിയ പാലങ്ങൾ. അതിന്​ അരികിലായി ചെറുതും വലുതുമായ നിറയെ പൂന്തോട്ടങ്ങൾ.

തടാകത്തി​െൻറ ഇരുകരകളിലും നിറയെ പൂക്കളാണ്. അതിന്​ നടുവിലൂടെ തോണി തുഴഞ്ഞുപോകുന്നത് കാണാൻ നല്ല ഭംഗി. ഒട്ടനവധി വിവാഹ ഫോട്ടോ ഷൂട്ടുകൾ ഇവിടെ വെച്ച് നടക്കാറുണ്ട്. ഏതുതരം ഭക്ഷണവും ഇവിടെ ലഭിക്കും.

പട്ടായയിലെ തെരുവുകളിൽ വിൽപ്പനക്കുവെച്ച ഭക്ഷ്യവസ്​തുക്കൾ

മുതല, ആമ, കോഴി, താറാവ്, കനലിൽ ചുട്ട മീനുകൾ, വിവിധതരം ഷഡ്​പദങ്ങൾ എന്നിവയെല്ലാം ഫ്രൈ ചെയ്​ത്​ വെച്ചിട്ടുണ്ട്. എല്ലാത്തിനും പ്രത്യേകതരം മണമാണ്​. പച്ചയിറച്ചി കരിക്കുമ്പോഴുള്ള ഒരുതരം മണം. അതിൽ ചേർക്കുന്ന മസാല കൂട്ടിനും ഈ മണമുണ്ട്​. മിക്കവസ്​തുക്കളും കൂടുതലും കനലിൽ ചു​ട്ടെടുക്കുന്ന രീതിയാണ് ഇവിടെ. കുത്തരി ചോറും സാമ്പാറുമെല്ലാം കഴിക്കുന്ന മലയാളികൾക്ക്​ ഇത്തരം വിഭവങ്ങൾ ദഹിച്ചെന്ന്​ വരില്ല.

തേൾ, പുഴുക്കൾ, പാറ്റ, പുൽച്ചാടി എന്നിവ ഫ്രൈ ചെയ്​തത്​ പട്ടായയിലെ ഏത്​ മാർക്കറ്റിലും കാണാം. നമ്മുടെ നാട്ടിൽ കപ്പലണ്ടി വറുത്തു ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന പോലെയാണ് ഇവിടെ ഈവക സാധങ്ങൾ വിൽക്കുന്നത്. തെരുവിലൂടെ നടക്കുമ്പോൾ ഇത്തരം ഭക്ഷണവിഭവങ്ങളുടെ മണം മൂക്കിലേക്ക്​ തുളച്ചുകയറും. ആദ്യത്തെ ദിവസങ്ങളിൽ ആ മണം അസ്വസ്​ഥത സൃഷ്​ടിച്ചിരുന്നുവെങ്കിലും പിന്നീടതിനോട്​​ പൊരുത്തപ്പെട്ടു.

​​േഫ്ലാട്ടിങ്​ മാർക്കറ്റിലെ ഭക്ഷണശാല

ഞങ്ങൾ പഴങ്ങളാണ്​ കൂടുതലും വാങ്ങികഴിച്ചത്​. നല്ല ഗുണമേന്മയേറിയ പഴങ്ങളാണ്​ ഇവിടെയുള്ളത്​. അതിൽ തന്നെ ഏറ്റവും ഗുണമുള്ളതും മണമുള്ളതും ദുര്യൻ എന്ന പഴം ആണ്. നമ്മുടെ നാട്ടിലെ മുള്ളൻ ചക്ക പോലെയാണിത്​. ഒരു മുറിയിൽ ഇരുന്നു ദുര്യൻ പഴം കഴിച്ചാൽ രണ്ട് ദിവസം വരെ അതി​െൻറ മണം തങ്ങിനിൽക്കുമത്രെ. ആ കാരണം കൊണ്ടാകും മുറി എടുക്കുമ്പോൾ അവിടെ ദുര്യൻ പഴം ഉപയോഗിക്കരുത് എന്നെഴുതി വെച്ചിട്ടുള്ളത്. അതുപോലെ വിമാനത്തിനകത്തും ഈ പഴത്തിന്​ വിലക്കുണ്ട്​.

വെള്ളത്തിനടിയിലെ ലോകം

​േഫ്ലാട്ടിങ്​ മാർക്കറ്റിലെ കാഴ്​ചകൾക്കുശേഷം പോയത് പട്ടായ അണ്ടർ വാട്ടർ വേൾഡിലേക്കാണ്​. ഫ്ലോട്ടിങ്​ മാർക്കറ്റിൽനിന്ന്​ അഞ്ച്​ കിലോമീറ്റർ അകലെയാണിത്​. തുരങ്കത്തിന്​ നടുവിലൂടെയാണ് നമ്മൾ​ നടക്കുക. അകത്തേക്ക്​ കയറുമ്പോൾ തലക്ക്​ മുകളിലായി​ അ​േക്വറിയം പണിത്​ വെച്ചിരിക്കുന്നത് കാണാം​. ചെറുതും വലുതുമായ ഒട്ടനവധി മീനുകൾ ഇതിനകത്തുണ്ട്​. ഭീമാകാരൻമാരായ കൊമ്പൻ സ്രാവുകൾ ഇടക്ക്​ പേടിപ്പെടുത്താനെത്തും.

ശരിക്കും കടലിന്​ അടിയിലൂടെ നടക്കുന്ന അനുഭവമാണ്​ അണ്ടർ വാട്ടർ വേൾഡ്​ സമ്മാനിക്കുക

അലങ്കാര മത്സ്യങ്ങൾ കാഴ്​ചകൾക്ക്​ മിഴിവേകുന്നു. കൂടാതെ മരയോന്ത്, ഉടുമ്പ്, ചീങ്കണ്ണികുഞ്ഞുങ്ങൾ തുടങ്ങിയവയെല്ലാം ഇൗ അദ്​ഭുതലോകത്തുണ്ട്​. പലരും മത്സ്യങ്ങൾക്കും മറ്റു ജീവികൾക്കുമൊപ്പം ചാരിനിന്ന്​ ചിത്രമെടുക്കുന്നു​. ശരിക്കും കടലിന്​ അടിയിലൂടെ നടക്കുന്ന അനുഭവം. മൂന്ന് മണിക്കൂറെടുത്തു ഇവിടുത്തെ കാഴ്​ചകൾ കണ്ടുതീരാൻ.

തിരിച്ച്​ വീണ്ടും പട്ടായയിലേക്ക്​ വന്നു. പതിവുപോലെ രാത്രി വീണ്ടും കാഴ്​ചകൾ തേടിയിറങ്ങി. കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലായി തിരക്കേറിയ വാൾക്കിങ്​ സ്​ട്രീറ്റിലേക്കും തടാകത്തിന്​ സമീപത്തെ​ വാൾക്കിങ്​ ഏരിയയിലേക്കുമായിരുന്നു പോയത്​. ഇന്നതിനൊരു മാറ്റമാകാമെന്ന്​ വിചാരിച്ചു.

മത്സ്യങ്ങൾക്കും മറ്റു ജീവികൾക്കുമൊപ്പം ചാരിനിന്ന്​ ചിത്രമെടുക്കാം

ആളൊഴിഞ്ഞ പട്ടായ ഫിഷിങ് ഹാർബർലേക്കാണ്​ നടന്നെത്തിയത്​. മാംസ കച്ചവടത്തിനിറങ്ങിയ സുന്ദരികളോ, ബാറുകളിലെ ആർത്തുലക്കുന്ന ഡി.ജെ പാർട്ടിക​ളൊന്നുമില്ലാത്ത സ്വസ്​ഥമായിരുന്ന്​ കാഴ്​ചകൾ കാണാൻ പറ്റിയ സ്ഥലം. മീൻ പിടിക്കാൻ പോകുന്ന ബോട്ടുകൾ, അതിലെ കുഞ്ഞുവെട്ടങ്ങൾ, അങ്ങ് ദൂരെ വൈദ്യുത വിളക്കിൽ തിളങ്ങുന്ന പട്ടായയുടെ വിദൂര കാഴ്​ച, വീശി അടിക്കുന്ന കാറ്റും അതിനൊപ്പം കടലിൽ ഉയരുന്ന ഓളങ്ങളും.. എത്രനേരം കണ്ടാലും മതിവരാത്ത കാഴ്​ചകളാണ്​ ആ രാത്രി നൽകിയത്​.

വീണ്ടും ബാങ്കോക്കിൽ

അടുത്തദിവസം രാവിലെ തന്നെ പട്ടായയോട്​ വിടപറഞ്ഞ്​ ബസിൽ കയറി. തായ്​ലാൻഡിലെ കൊച്ചുനഗരങ്ങളും ഗ്രാമീണ സുന്ദര കാഴ്​ചകളുമെല്ലാം ഇടക്കിടക്ക്​ ഗ്ലാസിലൂടെ മാറിമാറി വരുന്നു. ഏകദേശം ഒരു മണിയോടെ തലസ്​ഥാനമായ ബാങ്കോക്കിലെത്തി. മുൻകൂട്ടി​ ​ബുക്ക്​ ചെയ്​ത സതോങിലെ റൂമിലേക്ക്​ ട്യുക് ട്യുക് ടാക്സിയിലാണ്​ എത്തിയത്​. ഇവിടെയുള്ള വിഷ്​ണു ക്ഷേത്രമാണ്​ ലാൻഡ്​മാർക്കായി കൊടുത്തിരുന്നത്. ക്ഷേത്രം മൂന്ന് തവണ വലംവെച്ച് കഴിഞ്ഞിട്ടും റൂം കണ്ടുപിടിക്കാനായില്ല. പണം കൊടുത്ത്​ റൂം ബുക്ക്‌ ചെയ്​ത നിമിഷത്തെ ശപിച്ച്​, പേരറിയാത്ത വഴികളിലൂടെ റൂം തപ്പി നടക്കുകയാണ്.

ബാങ്കോക്ക്​ നഗരം

അവസാനം ഒരു ഹിന്ദിക്കാര​െൻറ കടയിലെത്തി. മുംബൈയിൽനിന്നും തായ്‌ലൻഡിലേക്ക് കച്ചവടത്തിന് വന്നയാളാണ്. എ​െൻറ കൂടെയുള്ളവർക്ക്​ ഹിന്ദി അറിയാവുന്നതിനാൽ രക്ഷപ്പെട്ടു. അയാൾ പറഞ്ഞ വഴികളിലൂടെ നടന്ന്​ അവസാനം റൂം കണ്ടെത്തി. ഇതോടെ ഒരു കാര്യം വീണ്ടും ഉറപ്പിച്ചു, തായ്​ലാൻഡിൽ ഇനി വരു​േമ്പാൾ പണം നൽകി മുൻകൂട്ടി റൂം ബുക്ക്​ ചെയ്യില്ലെന്ന്​. ഒന്നുകിൽ പാക്കേജ് എടുത്ത്​ പോവുക, അല്ലേൽ പണം നൽകാതെ റൂം ബുക്ക്‌ ചെയ്യുക. മെയ്​ക്ക്​ മൈ ​ട്രിപ്പ്​ പോലുള്ള ആപ്പുകൾ ഇങ്ങനെ റൂം ബുക്ക്​ ചെയ്യാൻ ഉപകരിക്കും. അന്ന്​ കാര്യമായ സ്​ഥലങ്ങളിലൊന്നും പോകാതെ നഗരത്തിലൂടെ ചുറ്റിക്കറങ്ങി.

സഫാരി വേൾഡ്​

ഇനി യാത്ര സഫാരി വേൾഡിലേക്കാണ്​. തായ്‌ലൻഡിലെ ഏറ്റവും മികച്ച മൃഗശാലയാണിത്​. തുറന്ന മൃഗശാലയായതിനാൽ വണ്ടിയിൽ ഇരുന്നുകൊണ്ട് മൃഗങ്ങളെ വളരെ അടുത്തുകാണാം. ഇവിടെ ഒന്നിനെയും കൂട്ടിലിട്ട്​ അടക്കാറില്ല. ബസിലൂടെയുള്ള യാത്രയിൽ ഓരോ മൃഗങ്ങളെയും അടുത്ത്​ കണ്ടിരുന്ന്​ ആസ്വദിക്കാം.

സഫാരി വേൾഡിലെ കാഴ്​ച

കാട്​ വാഴുന്ന സിംഹവും കരടിയുമെല്ലാം ബസി​െൻറ ചില്ലിനപ്പുറത്ത്​ കൈയെത്തും ദൂരത്ത്​ നടന്നുപോകുന്നു. കൂടാതെ ജിറാഫുകൾക്ക് തീറ്റകൊടുക്കാനും കൂടെനിന്ന് ഫോട്ടോയെുക്കാനുമെല്ലാം അവസരമുണ്ട്​. അതുപോലെ ആഫ്രിക്കൻ തത്തകളടക്കമുള്ള വൈവിധ്യമാർന്ന പക്ഷികൾ നമ്മുടെ തോളിൽ വന്നിരിക്കും.

ഭക്ഷണം കൈയിൽ കരുതിയാൽ അവ പറന്നുവന്നു കൊത്തിക്കൊണ്ടു പൊയ്​ക്കോളും. പത്ത്​ തായ്​ ബാത്ത്​ നൽകിയാൽ ഇവക്കുള്ള തീറ്റ ലഭിക്കും. പുറമെനിന്ന്​ കൊണ്ടുവരുന്ന ഭക്ഷണം നൽകാൻ അനുവാദമില്ല. ഇവിടത്തെ മറ്റൊരു ആകർഷണം ഡോൾഫിൻ ഷോ ആണ്.

ഡോൾഫിനുകൾ വെള്ളത്തിൽ കാണിക്കുന്ന അഭ്യാസങ്ങൾ ഒരേസമയം കൗതുകവും രസകരവുമാണ്

ഡോൾഫിനുകൾ വെള്ളത്തിൽ കാണിക്കുന്ന അഭ്യാസങ്ങൾ ഒരേസമയം കൗതുകവും രസകരവുമാണ്​. ഇതിനെല്ലാം പുറമെ ആനകളുടെ അഭ്യാസവും സഫാരി വേൾഡിനെ വ്യതസ്​തമാക്കുന്നു. ഇവയെല്ലാം പല സമയങ്ങളിലായാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഒരുദിവസം മുഴുവൻ നടന്ന്​ കാണാനുള്ള വകയുണ്ട്​ ഇവിടെ.

വൈകുന്നേരം നാല്​ മണിക്ക് ശേഷം ലുംഫിനി പാർക്കിലെത്തി. സഫാരി വേൾഡിൽനിന്ന്​ ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട്​ ഇവിടേക്ക്​. മനോഹരമായ പാർക്കാണിത്​. ഇതി​െൻറ മധ്യത്തിൽ വലിയ ജലാശയമുണ്ട്. വെള്ളത്തിൽനിന്ന് ചെറിയ ചീങ്കണ്ണികൾ കരയിലേക്ക്​ കയറി ഇരിക്കുന്നത്​ കാണാം​. പിന്നെയുള്ള ആകർഷണം ബോട്ട് സർവിസാണ്. പെഡൽ ബോട്ട് ചവിട്ടി ജലാശയം മൊത്തമായി കറങ്ങാം. ഇതിന്​ ചുറ്റും അംബര ചുംബികളായ നിരവധി കെട്ടിടങ്ങൾ ഉയർന്നുനിൽപ്പുണ്ട്​. രാത്രി ഈ കെട്ടിടങ്ങളിൽ വിളക്കുകൾ തെളിയു​േമ്പാൾ ഇവിടത്തെ കാഴ്​ചകൾക്ക്​​ കൂടുതൽ മൊഞ്ചേറും.

ലുംഫിനി പാർക്കിലെ സായാഹ്​നം

വൈകുന്നേരം ആറിന്​ പാർക്കിൽ എയറോബിക്​ ഡാൻസ്​ ആരംഭിക്കും. തികച്ചും സൗജന്യമായി നമുക്കതിൽ പ​ങ്കെടുക്കാം. ഒരു 300 പേരെങ്കിലും ഇതിൽ പങ്കുചേരാനെത്തും. മുന്നിൽ ഒരാൾ പാട്ടിട്ട്​ ഡാൻസ് ചെയ്യും. പിറകിൽ വരിവരിയായി നിന്നു അത് നോക്കി ചെയ്യണം. ഏഴ്​ മണിയോടെ ഡാൻസ്​​ അവസാനിച്ചു.

നദീതീരത്തെ സായാഹ്​നം

തായ്​ലാൻഡിലെ ഞങ്ങളുടെ ആറാമത്തെ ദിവസം ആരംഭിക്കുന്നത് ഉച്ചക്ക്​ 12.30നാണ്. അതുവരെ സുഖമായി കിടന്നുറങ്ങി. രണ്ട്​ മണിക്കാണ്​ കാഴ്​ചകൾ തേടി റൂമിൽനിന്ന്​ ഇറങ്ങുന്നത്​. നാട്ടിലാകുമ്പോൾ രാവിലെ എഴുന്നേറ്റ ഉടനെ ഒരു ചായ നിർബന്ധം ആയിരുന്നു. ഇവിടെ എത്തിയപ്പോൾ ആ കാര്യത്തിൽ തീരുമാനം ആയി. ഒരു ചായ കുടിക്കാൻ പലയിടത്തും നോക്കിയിട്ടും കടകൾ കാണാനേയില്ല. കഴിഞ്ഞദിവസം താമസിച്ച പട്ടായയിലെ റൂമിന്​ സമീപം മാത്യു അച്ചായ​െൻറ കേരള ഹോട്ടൽ ഉണ്ടായിരുന്നുവെന്ന് ബാങ്കോക്കിൽ എത്തിയപ്പോഴാണ് അറിഞ്ഞത്​. അവിടെ പോകാൻ പറ്റാത്തത് തീരാനഷ്​ടമായിത്തോന്നി.

പതിവുപോലെ ഇന്ത്യൻ റെസ്​റ്റോറൻറ്​ തപ്പി തെണ്ടിത്തിരിഞ്ഞ്​ നടക്കുകയാണ്​. ഓട്ടോ വിളിച്ചാൽ ഒരു കിലോമീറ്ററിന്​ 100 രൂപ വരെയാണ് ചോദിക്കുന്നത്​. ക്രാബ് പോലുള്ള ഓൺലൈൻ ടാക്സിയാണ്​ ഇവിടെ ലാഭം. അല്ലെങ്കിൽ ട്യുക് ട്യുക് ടാക്സി. അവസാനം ഒരു ഇന്ത്യൻ റെസ്​റ്റോറൻറ്​ കണ്ടുപിടിച്ചു. ഭക്ഷണം കഴിച്ചു ഇറങ്ങിയപ്പോൾ 250 രൂപ അധികം നൽകേണ്ടി വന്നു. അത്​ സർവിസ് ചാർജ് ആണത്രേ. ഭക്ഷണം വിളമ്പിയതിനുള്ള തുക​! മെനു കാർഡി​െൻറ താഴെ ചെറുതായി അക്കാര്യം എഴുതിയിട്ടുണ്ടായിരുന്നു. പക്ഷെ ഞങ്ങൾ അതൊന്നും അന്നേരം നോക്കിയില്ല. വിശപ്പ്​ വന്നാൽ പിന്നെ കണ്ണ് കാണില്ലല്ലോ.

ചാവോ ഫ്രയ നദിയുടെ തീരത്തെ സായാഹ്നം (കടപ്പാട്​: ഗൂഗ്​ൾ)

ചാവോ ഫ്രയ നദിയുടെ തീരത്തെ സായാഹ്നം ആസ്വദിക്കാനാണ്​ പ്ലാൻ. നഗരത്തിലെ ട്രാഫിക് ബുദ്ധിമുട്ട് കാരണം ഇവിടേക്ക് സ്കൈ ട്രെയിൻ വഴി പോകുന്നതാണ് നല്ലത്​. ബാങ്കോക്കിലെ ബി.ടി.എസ്​ സ്​റ്റേഷനിൽനിന്നും സഫൻ ടാക്‌സിൻ സ്​റ്റേഷനിൽ ഇറങ്ങിയാൽ മതി. അവിടെനിന്ന് 15 മിനിറ്റ്​ ഇടവിട്ട് ബോട്ട് സർവിസുണ്ട്​. 10 മിനിറ്റിനുള്ളിൽ എത്തും. രാത്രി 11 വരെയുള്ളൂ ഈ ബോട്ട് സർവിസ്.

സന്ധ്യമയങ്ങുമ്പോൾ മഞ്ഞവെളിച്ചത്തിൽ മുങ്ങിനിൽക്കുന്ന നിരവധി ബുദ്ധക്ഷേത്രങ്ങൾ അവിടെ കാണാം. നദീതീരത്തേക്ക്​ തള്ളിനിൽക്കുന്ന വീടുകൾക്ക്​ പ്രത്യേക ഭംഗി തന്നെയാണ്. സമീപത്തെ നൈറ്റ്‌ മാർക്കറ്റിൽ നിരവധി സാധനങ്ങൾ വിൽപ്പനക്ക്​ വെച്ചിട്ടുണ്ട്​. അതിന്​ അകത്ത്​ നിരവധി റെസ്​റ്റോറൻറുകളുമുണ്ട്​. ഡിസൈൻ ആഭരണങ്ങൾ, അത്തർ, വിവിധതരം മസാജ് ഓയിലുകൾ, ബൗട്ടിക്കുകൾ എന്നിവ കാണാനും വാങ്ങാനുമായി നിരവധി ആളുകൾ മാർക്കറ്റിലേക്ക്​ വന്നുകൊണ്ടിരിക്കുന്നു. ബോട്ടിങ്​ ആണ് ഇവിടത്തെ മറ്റൊരു പ്രധാന ആകർഷണം. സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ സ്​പീഡ്​ ബോട്ടുകൾ ആ നദിയിലൂടെ കുതിച്ചുപായുന്നു.

വളരെ മാന്യമായാണ്​ തായ്​ലാൻഡുകാർ വാഹനം ഒാടിക്കാറ്​

സംസ്​കൃതികൾ ഒത്തുചേർന്ന നാട്​

രാത്രിയായതോടെ നദീതീരത്തുനിന്ന്​ മടങ്ങി. നല്ല തിരക്കുണ്ട്​ റോഡുകളിൽ. എത്ര തിരക്കായാലും അനാവശ്യമായി ഹോൺ മുഴക്കുകയോ ഒാവർടേക്കിങ്ങോ അതിനെ ചൊല്ലി റോഡിൽ കിടന്നുള്ള പോർവിളികളോ ഒന്നുമില്ല. അത്രയേറെ മാന്യമായാണ്​ തായ്​ലാൻഡുകാർ വാഹനം ഒാടിക്കുന്നത്​. വഴിനീളെ കാമറകളുണ്ട്. അതെല്ലാം കൊണ്ടുതന്നെ ആരും നിയമലംഘനം കാണിക്കാറില്ല. അതുപോലെ തന്നെയാണ് റോഡിലെ വൃത്തിയും.

ഏകാതിപത്യ ഭരണഘടനയുള്ള തായ്‌ലൻഡിൽ രാമ പരമ്പരയിലുള്ള രാജാക്കന്മാരാണ്​ വാഴുന്നത്​. എങ്കിലും ഭരണപരമായി ഉപദേശക​െൻറ റോൾ മാത്രമേ രാജാവിനുള്ളൂ. പ്രധാനമന്ത്രിയുടെ കീഴിലുള്ള മന്ത്രിസഭയാണ്​ രാജ്യം ഭരിക്കുന്നത്​​. രാജാവിനോട് തായ് ജനതക്കുള്ള സ്നേഹം അപാരമാണ്. വഴിനീളെ രാജാവി​െൻറ ചിത്രങ്ങൾ കാണാം. തായ്​ കറൻസിയായ ബാത്തിൽ രാജാവി​െൻറ ചിത്രം പതിച്ചിരിക്കുന്നത് കൊണ്ട് അവ തറയിൽ ഇടാനോ ചവിട്ടാനോ പാടില്ല.

പട്ടായയിലെ സാങ്ച്വറി ഓഫ് ട്രൂത്ത് എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രം

ബുധനാഴ്ച മുടി മുറിക്കാൻ പാടില്ല, വിവാഹം ഉറപ്പിക്കുന്നതിന്​ മുന്നോടിയായി പൂച്ചയെ കൈമാറുക തുടങ്ങിയ വിശ്വാസങ്ങളെല്ലാം തായ്​ലാൻഡുകാർക്കുണ്ട്​. അതുപോലെ ഇവിടത്തെ ബുദ്ധകുടുംബത്തിലെ മരണാനന്തര ചടങ്ങുകൾക്കും പ്രത്യേകതയുണ്ട്​. പ്രത്യേകം തണുപ്പിച്ച ശവപെട്ടിയിൽ മൂന്ന്​ ദിവസം വരെ മൃതദേഹം സൂക്ഷിക്കും. സുഗന്ധ തൈലങ്ങൾ വെച്ച് പ്രാർഥനകളെല്ലാം കഴിഞ്ഞാണ് അടക്കം.

തായ്‌ലൻഡിലെ ഉൾഗ്രാമങ്ങളിൽ ലോങ്​ നെക്ക്​ കായൻ എന്ന വിഭാഗത്തിൽപെടുന്ന ഗോത്രവർഗക്കാരുണ്ട്​. അയൽരാജ്യമായ മ്യാന്മാറിൽനിന്നും കുടിയേറി പാർത്തവരാണവർ. സ്വന്തംനാട്ടിലെ ആഭ്യന്തര പ്രശ്നങ്ങളും യുദ്ധവുമെല്ലാമായിരുന്നു അവരെ പാലായനം ചെയ്യാൻ പ്രേരിപ്പിച്ചത്​. കോളനികളിൽ​ കുടിലുകൾ നിർമിച്ച്​ കൃഷിയും മറ്റു തൊഴിലുകളുമായി ജീവിക്കുകയാണ്​ അവർ.

ലോങ്​ നെക്ക്​ കായൻ വിഭാഗത്തിൽപെട്ട സ്​ത്രീ

ഇവരിലെ സ്​ത്രീകൾക്ക്​ നീളമേറിയ കഴുത്താണുള്ളത്​. അഞ്ച്​ വയസ്സ് ആകുമ്പോൾ കഴുത്തിൽ ഒരു സ്വർണ റിങ് അണിയും. പിന്നെ ഓരോ വർഷവും ഓരോ റിങ്ങുകൾ അതിനോട് ഇണക്കിചേർക്കും. അങ്ങനെ 21 വയസ്സുവരെ റിങ്ങുകൾ ഒന്നിന് മേലെ ഒന്നായി ചാർത്തി കൊണ്ടേയിരിക്കും. അപ്പോഴേക്കും കഴുത്തുനന്നായി നീണ്ടുപോകും. ഈ കാലയളവിൽ ഒരിക്കൽ പോലും അവർ ഈ റിങ് കഴുത്തിൽനിന്ന്​ ഊരുന്നല്ല എന്നതാണ് അദ്​ഭുതകരം. ഇങ്ങനെയുള്ള ഒരുപാടു കണ്ടറിവും കേട്ടറിവുകളുമെല്ലാം അടുത്തറിഞ്ഞ്​, ഏഴാമത്തെ ദിവസം ബാങ്കോക്കിൽനിന്ന്​ തായ്‌ലാൻഡി​െൻറ സ്വർഗമായ ഫുക്കറ്റിലേക്ക് യാത്രതിരിച്ചു.

(തുടരും)

ലേഖകൻ അണ്ടർ വാട്ടർ വേൾഡിൽ


Show Full Article
TAGS:pattaya travel thailand bangok coral island 
Next Story