സിഗിരിയ കുന്നുകളിൽ ബുദ്ധൻ ചിരിക്കുന്നു

  • ടി.ഡി രാമകൃഷ്​ണ​െൻറ ‘സ​ുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവലിലെ സ്വപ്​നനഗരിയായ സിഗിരിയയുടെ യാത്രാ വിശേഷങ്ങൾ

ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച പുരാതന സിറ്റിയാണു സിഗിരിയ

അനിതാ പ്രതാപി​​​​​െൻറ ‘ചോര ചിന്തിയ ദ്വീപ്’ എന്ന പുസ്തകം വായിച്ചതിനു ശേഷമാണു ശ്രീലങ്ക കാണണം എന്ന ആഗ്രഹം മനസ്സിൽ വരുന്നത്. യുദ്ധതീവ്രതയിലൂടെ ജാഫ്നയിലും മുല്ലൈത്തീവിലും വാവുനിയയിലുമൊക്കെ അവർ നടത്തിയ യാത്രകളും റിപ്പോർട്ടിങ്ങും ശ്രദ്ധേയമായിരുന്നു. പുലി നേതാവ് വേലുപ്പിള്ളൈ പ്രഭാകരനുമായി അവർ നടത്തിയ അഭിമുഖം ആയിരുന്നു മറ്റൊന്ന്. ശ്രീലങ്ക കാണാനും അവിടുത്തെ ആളുകളെ കാണാനും വിത്തുപാകിയ വായന. എത്രയോ മുമ്പ്​ വായിച്ച ആ പുസ്തകമായിരുന്നു ശ്രീലങ്കൻ ടിക്കറ്റ്​ എടുക്കുമ്പോഴും മനസ്സിൽ.

 കൊച്ചിയിൽ നിന്നു കൊളംബോയിലേക്കും തിരിച്ച് കൊച്ചിയിലേക്കുമുള്ള ഫ്ലൈറ്റ് ടിക്കറ്റും അമ്പത് ഡോളറും കുറച്ച് ഇന്ത്യൻ റുപ്പിയുമായിരുന്നു കൈയിൽ ആകെയുണ്ടായിരുന്നത്. ബാക്കിയൊക്കെ വരുന്നിടത്ത് വെച്ച് കാണാമെന്ന ലൈൻ. എ.ടി.എം കാർഡ് ഗ്ലോബൽ കാർഡാക്കി മാറ്റിയിരുന്നു. അത്യാവശ്യത്തിനു നാട്ടിൽ നിന്നും കടം ചോദിക്കാലോ എന്ന ബുദ്ധിയായിരുന്നു അതിനു പിന്നിൽ.

കാര്യമായ പ്ലാനിങ്ങുകൾ ഒന്നും ഇല്ലാതെ നടത്തുന്ന യാത്രകൾ ത്രില്ലിങ്ങ് ആണ്​. അറിയാത്ത ദേശത്ത് തെണ്ടിത്തിരിഞ്ഞ് നടക്കുക. ബസിൽ തിക്കിതിരക്കി, ട്രെയിനിൽ ഓടിക്കയറി, ടുക്ക് ടുക്കിൽ ( നമ്മുടെ ഓട്ടോറിക്ഷ ശ്രീലങ്കേൽ ടുക് ടുക് ആണ്​) തിക്കികുത്തിയിരുന്ന് അവനവൻ കടമ്പ ചാടിക്കടക്കാൻ നല്ല രസമാണ്​. ഉള്ളിലെ അഹന്തയും കുന്നായ്മയുമൊക്കെ പാമ്പ് പടം പൊഴിക്കുന്ന പോലെ അഴിഞ്ഞ് വീഴും. യാത്ര കഴിഞ്ഞു വരുമ്പോഴേക്കും അകവും പുറവും ഫ്രെഷായ പുതിയൊരാൾ.

സാർക്ക് രാജ്യങ്ങളിലെ പൗരന്മാർക്കും മറ്റുള്ള രാജ്യങ്ങളിലെ ആളുകൾക്കും രണ്ട് തരത്തിലാണ് സിഗിരിയയിൽ ടിക്കറ്റ് നിരക്ക്
 

കൊളംബോ എയർപോർട്ടിൽ നിന്നും ഏഴ് മണിക്കൂറോളം യാത്രയുണ്ട് സിഗിരിയയിലേക്ക്. എങ്ങനെ പോയാലും രാത്രിയാകും, അടുത്തുള്ള നെഗോംബോയിൽ താമസിച്ച് പിറ്റേന്ന് അതിരാവിലെ സിഗിരിയ പിടിക്കാമെന്നായിരുന്നു ഞങ്ങളുടെ ഉള്ളിൽ. എയർപോർട്ടിൽനിന്ന്​ പുറത്ത് കടന്നപ്പോഴുണ്ട് ബിനുവി​​​െൻറ സുഹൃത്തി​​​െൻറ സുഹൃത്ത് ഞങ്ങളെ കാത്ത് നിൽക്കുന്നു. ഉഗ്രനൊരു ശ്രീലങ്കൻ ശാപ്പാടും വാങ്ങിത്തന്ന് ടാക്സി വിളിച്ച് സിഗിരിയയിലേക്ക് ഞങ്ങളെ കയറ്റിവിട്ടു അദ്ദേഹം. ജാക്പോട്ടായിരുന്നു അത്.

കേരളത്തിനു പുറത്താണു എന്നൊരു ഫീൽ എവിടേം ഇല്ല. കോഴിക്കോട്ട് നിന്നും മലപ്പുറത്തേക്ക് പോകുമ്പോ ഉള്ള കാഴ്ചകൾ പോലുണ്ട്. റോഡിനിരുവശത്തും വീടുകൾ. ഒരു പത്തിരുപത് കൊല്ലം മുമ്പത്തെ കേരളത്തിലെ വീടുകൾ പോലെ ഓടിട്ട ചെറിയ വീടുകൾ. മണ്ണ് പതിച്ച്  ചരൽ വിരിച്ച മുറ്റം. അതിരിൽ തെച്ചിയും ചെമ്പരത്തിയും കടലാസ്പൂക്കളും. തൊടിയിൽ നിറയെ മാവും പ്ലാവും തെങ്ങും വാഴയും. ഇടക്കിടെ ചെറിയ അങ്ങാടികൾ. ഇടക്ക് നിർത്തി ഫോട്ടോയെടുത്തും ചായ കുടിച്ചും വഴിയിൽ വിൽക്കാൻ വെച്ചിരിക്കുന്ന ചക്ക വാങ്ങിതിന്നും അങ്ങനെ മുന്നോട്ട് പോയി.

കേരളത്തിനു പുറത്താണു എന്നൊരു ഫീൽ എവിടേം ഇല്ലാത്തവിധം കേരളം പോലെയാണ്​ ശ്രീലങ്ക...
 

മനോഹരമായ അനഭേവമാണ്​ കൊളംബോ - ദാംബുള്ള റോഡ് യാത്ര. കൊടും കാടാണ്​ ഇരുവശത്തും. ആനപ്പിണ്ഡമാണ്​ റോഡ് മൊത്തം. സുന്ദരന്മാരായ ആനകൾ തേരാപ്പാര റോഡ് ക്രോസ്സ് ചെയ്യുന്നു. രാത്രി, കാറി​​​​െൻറ ഹെഡ് ലൈറ്റിൽ നിന്നും വരുന്ന പ്രകാശത്തിൽ കുളിച്ച് ആനകൾ തുമ്പിക്കൈയുയർത്തി നിൽക്കുന്ന കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു.

‘ഹബരാന’ എന്ന സ്ഥലത്തായിരുന്നു ഹോം സ്റ്റേ. കാടിനു നടുവിൽ നല്ല ഭംഗിയുള്ള സ്ഥലം. ഞങ്ങൾ എത്തിയപ്പോഴേക്കും രാത്രിയായി. നിങ്ങൾ വൈകിപ്പോയെന്നും ഇവിടെ ഇപ്പോൾ ഒരു കല്യാണ റിസപ്​ഷൻ കഴിഞ്ഞതേയുള്ളുവെന്നും റസ്​റ്ററൻറിലെ പയ്യൻ പറഞ്ഞപ്പോൾ സങ്കടമായി. ഓസിനു ഒരു ശ്രീലങ്കൻ കല്യാണം കൂടാമായിരുന്ന ചാൻസാണു മിസ്സായത്.

ബാഗ്, റൂമിൽ വെച്ച് ഭക്ഷണം കഴിക്കാൻ ടൗണിലേക്ക് പോയി. ഒരു ചെറിയ ടൗൺ. കടകളൊക്കെ അടയ്​ക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു കടയിൽ വെള്ളപ്പം ചുടുന്നത് കണ്ട് അവിടെ കയറി, ചൂടോടെ വെള്ളപ്പം അകത്താക്കി. വെള്ളപ്പത്തിനു കൂട്ടാൻ ഉണക്കചെമ്മീൻ ചമ്മന്തി. നല്ല രുചി.

ഹബരാന നിന്നും ഏഴ്​ കിലോ മീറ്റർ ഉണ്ടാകും സിഗിരിയ റോക്കിലേക്ക്. ലയൺ റോക്ക് എന്നും പേരുണ്ട്. ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച പുരാതന സിറ്റിയാണു സിഗിരിയ. മരങ്ങൾക്കിടയിലൂടെ ദൂരെ തലയുയർത്തി നിൽക്കുന്ന റോക്കി​​​െൻറ കാഴ്ച അതിമനോഹരം.

കൈകൾ വിടർത്തി മേഘങ്ങൾക്കിടയിലൂടെ ആകാശത്തേക്ക് പറക്കാൻ ഒരുങ്ങി നിൽക്കുന്ന മായാജാലമാണ്​ സിഗിരിയ
 

അഞ്ചാം നൂറ്റാണ്ടിൽ ശ്രീലങ്കയിലെ അനന്തപുര പ്രവിശ്യയിലെ രാജാവായിരുന്ന കുമാര ദത്തുസേനക്ക് രണ്ട് ആൺമക്കളായിരുന്നു. തന്റെ പ്രിയപ്പെട്ട രാജ്ഞിയിൽ ജനിച്ച മൊഗല്ലനയും ദാസിയിൽ ഉണ്ടായ കശ്യപയും. ആചാരപ്രകാരം അടുത്ത കിരീടാവകാശി ആകേണ്ട മൊഗല്ലനയെ അനുജൻ കശ്യപ ഇന്ത്യയിലേക്ക് നാടുകടത്തുകയും പിതാവിനെ തടവിലാക്കുകയും ചെയ്തു. അധികാരത്തിനു വേണ്ടിയുള്ള യുദ്ധം പണ്ട് മുതൽക്കേയുണ്ട​ല്ലോ. തടവിലാക്കിയ പിതാവിനോട് രാജ്യത്തിന്റെ സമ്പത്തുകൾ എവിടെയാണെന്ന് കാണിച്ച് കൊടുക്കാൻ ഭീഷണിപ്പെടുത്തിയ മകനോട്, രാജാവ് അവസാനമായി പുണ്യജലത്തിൽ സ്നാനം ചെയ്യാനുള്ള ആഗ്രഹം അറിയിച്ചു. സിംഹളർ വെള്ളത്തെ വളരെ പവിത്രമായാണു കണ്ടിരുന്നത്. രാജ്യത്തിന്റെ നില നിൽപ്പിനും ജീവജാലങ്ങളുടെ വളർച്ചക്കും ആവശ്യമായ ജലത്തെ അവർ സൂക്ഷിച്ച് കൈകാര്യം ചെയ്തിരുന്നു.

തടാകത്തിൽ ഇറങ്ങിയ രാജാവ് വെള്ളം ഉള്ളം കൈയിലെടുത്ത് മകനോട് പറഞ്ഞു, ഇതാണു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന്. കലികൊണ്ട കശ്യപ അച്ഛനെ തടങ്കലിലിൽ പട്ടിണിക്കിട്ട് കൊന്നു എന്നാണു കഥ. ഇതിനിടെ ഇന്ത്യയിൽ നിന്നും ഭടന്മാരെ കൂട്ടി രാജ്യം തിരിച്ച് പിടിക്കാനുള്ള മൊഗല്ലനയുടെ ശ്രമങ്ങളെ മുൻ കൂട്ടി കണ്ട് കശ്യപ സ്ഥാപിച്ചതാണു ഭീമാകാരൻ ഒറ്റക്കല്ലിനു മേൽ സിഗിരിയ കോട്ട.

റോക്ക് കയറണെമെങ്കിൽ രാവിലെ എത്തുക അല്ലെങ്കിൽ വൈകിട്ട്. അല്ലെങ്കിൽ ട്രിപ്പ് കഴിഞ്ഞ് വന്നാൽ, കറങ്ങിതിരിഞ്ഞ് കരിങ്കുട്ടിയായി വരാനാണല്ലോ പുറപ്പെട്ട് പോയതെന്ന വീട്ടുകാരുടെ ആക്രോശം കേട്ടത് തന്നെ. അമ്മാതിരി വെയിലാണു. സാർക്ക് രാജ്യങ്ങളിലെ പൗരന്മാർക്കും മറ്റുള്ള രാജ്യങ്ങളിലെ ആളുകൾക്കും രണ്ട് തരത്തിലാണ് ടിക്കറ്റ് നിരക്ക്. നമുക്ക് ടിക്കറ്റ്​ ചാർജ്​ കുറവാണു. മ്യൂസിയം അടക്കമാണ്​ ടിക്കറ്റ്. മ്യൂസിയം ആദ്യം കണ്ട് റോക്ക് കയറാൻ പോകുക. അല്ലെങ്കിൽ തിരിച്ചിറങ്ങുന്നത് വേറെ വഴിയായത് കൊണ്ട് മ്യൂസിയം മിസ്സാകും. അനുഭവം ഗുരു.

1500 ഓളം പടികൾ കയറണം സിഗിരിയയുടെ ഏറ്റവും മുകളിൽ എത്താൻ
 

മൂന്ന് നിലയിലായാണ്​ കോട്ടയുടെ കിടപ്പ്. ഏറ്റവും താഴെ ഗാർഡൻ. റോക്ക് ഗാർഡൻ, വാട്ടർ ഗാർഡൻ , ഓഡിറ്റോറിയം എല്ലാം ഇവിടെയാണ്​. പടികൾ ഉണ്ട് മുകളിലേക്ക്. 1500 ഓളം പടികൾ  കയറണം ഏറ്റവും മുകളിൽ എത്താൻ. പാറയുടെ പള്ളയിൽ പിടിപ്പിച്ച ഉരുക്ക് പാലങ്ങളിലൂടെ നടന്നാൽ മിറർ വാളിൽ എത്താം. നീളത്തിൽ മിനുസമാർന്ന ഒരു ഭിത്തി. മുഖം കാണാനാകും വിധം തിളങ്ങിയിരുന്നുവത്രെ ഈ ഭിത്തി. ഏഴാം നൂറ്റാണ്ടിൽ കോട്ട സന്ദർശിച്ച പ്രമുഖർ ഭിത്തിയിൽ എഴുതിയിട്ടതെന്ന് കരുതുന്ന പ്രാചീന ഓട്ടോഗ്രാഫ് വാചകങ്ങൾ അവിടെ ഫലകത്തിലാക്കി സൂക്ഷിച്ചിരിക്കുന്നു. എതിർവശത്തുള്ള പാറയിൽ അന്നത്തെ പെയിൻറിങ്ങുകൾ. മുഖാമുഖം നോക്കി നിൽക്കുന്ന സുന്ദരികളായ സ്ത്രീകൾ. ഈ ഇടനാഴി മുഴുവൻ ഒരു കാലത്ത് പെയിൻറിങ്ങുകൾ ആയിരുന്നുവത്രെ.

പ്രാചീന സിംഹള സംസ്കാരത്തി​​​െൻറ അവശേഷിക്കുന്ന ഓർമക്കുറിപ്പുകൾ. പാറ മുഴുവൻ മനോഹരമായ പെയിൻറിങ്ങുകൾ നിറഞ്ഞൊരു കാലം. കൈകൾ വിടർത്തി മേഘങ്ങൾക്കിടയിലൂടെ  ആകാശത്തേക്ക് പറക്കാൻ ഒരുങ്ങി നിൽക്കുന്ന മായാജാലം.

നടുക്കുള്ള നിലയിൽ ആണ്​ സിംഹത്തി​​​െൻറ കാൽപാദങ്ങൾ ഭീമാകാരൻ വലിപ്പത്തിൽ കൊത്തിവെച്ചിരിക്കുന്നത്
 

നടുക്കുള്ള നിലയിൽ ആണ്​ സിംഹത്തി​​​െൻറ കാൽപാദങ്ങൾ ഭീമാകാരൻ വലിപ്പത്തിൽ കൊത്തിവെച്ചിരിക്കുന്നത്. സിംഹത്തി​​​െൻറ തല ഭാഗം അടർന്ന് വീണുപോയിരിക്കുന്നു. കാൽ പാദങ്ങൾക്കിടയിലൂടെ വെട്ടിയുണ്ടാക്കിയ പടവുകളിലൂടെ മുകളിലേക്ക് കയറാം. കുത്തനെയുള്ള കയറ്റമാണു. കിതച്ചും തളർന്നും മുകളിലെത്തിയാൽ പഴയ കൊട്ടാരത്തിന്റെ ശേഷിപ്പുകൾ. സുഖലോലുപനായിരുന്നു കശ്യപ എന്നു വ്യക്തം. എല്ലാ സൗകര്യങ്ങളും ഉള്ള ഒരു കൊട്ടാരം തന്നെ ആയിരുന്നു അത് എന്ന് അടിത്തറ കണ്ടാൽ അറിയാം. അന്നത്തെ കാലത്ത് ഇമ്മാതിരിയൊന്ന് പടുത്തുയർത്താൻ കശ്യപ കാണിച്ച മിടുക്ക് അപാരം തന്നെ. എത്ര മനുഷ്യരുടെ ജീവനും വിയർപ്പും ചിന്തിയിട്ടുണ്ടാവും ഇൗ മഹാ വിസ്​മയത്തിനു പിന്നിൽ.

ഇന്ത്യയിൽ നിന്നും യുദ്ധ സന്നദ്ധനായി തിരിച്ച് വന്ന മൊഗല്ലനയുമായുള്ള യുദ്ധത്തിൽ പരാജയം മണത്ത കശ്യപ  ആത്മഹത്യ ചെയ്യുകയായിരുന്നുവത്രെ. പിന്നീട് മൊഗല്ലന, കോട്ട  ബുദ്ധഭിക്ഷുക്കൾക്ക് ദാനമായി കൊടുക്കുകയും കുറെ കാലം ബുദ്ധിസ്റ്റ്  അധീനത്തിലായിരുന്ന കോട്ട പിന്നീട്​  ഉപേക്ഷിക്കപ്പെടുകയും 1828 ൽ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥൻ ജോനാഥൻ ഫോർബ്സ് കാടും മണ്ണും മൂടിയ കോട്ട കണ്ടെത്തുകയും ആയിരുന്നു എന്നാണു ചരിത്രം.

ലേഖികയും കൂട്ടുകാരികളും സിഗിരിയയിലെ ​​കോട്ടയ്​ക്കുള്ളിൽ
 

ശ്രീലങ്ക കാണാൻ വരുന്ന യാത്രികരുടെ പ്രാധാന ലക്ഷ്യം തന്നെയാണു ഇന്ന് സിഗിരിയ. തീർത്തും പ്രകൃതി രമണീയമായ സ്ഥലം. ശുദ്ധവായു. പച്ചപ്പ്. ചരിത്ര സംഭവങ്ങളിലേക്കുള്ള കൂപ്പുകുത്തൽ. ടി.ഡി. രാമകൃഷണ​​​െൻറ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യിൽ സിഗിരിയ സിറ്റിയെ ആണ് പോലും സ്വപ്നരാജ്യമായി വർണിക്കുന്നത്. നോവൽ വായിച്ചിട്ടില്ല. ഇനി ഒരുപക്ഷേ, ഇപ്പോഴായിരിക്കും അതിനുള്ള സമയം. കൂടുതൽ ആസ്വദിച്ച് വായിക്കാനായേക്കും.

ദാംബുള്ള ടെമ്പിൾ
 

സിഗിരിയയ്​ക്ക്​ 20 കിലോ മീറ്റർ മാറിയാണ്​ ദാംബുള്ള ടെമ്പിളും റോക്ക് കേവും. ശ്രീലങ്കയിലെ പുരാതനമായ ബുദ്ധ ക്ഷേത്രമാണിത്​. കൂർഗിലെ ബൈലക്കുപ്പയിലും ഹിമാചലിലെ ധരംശാലയിലും പോയ പ്രതീതി. കൈയിൽ ജപമാല തിരുപ്പിടിപ്പിച്ച് ഗൗരവത്തിൽ നീങ്ങുന്ന ലാമമാർ. അടുത്തുള്ള മൊണാസ്​ട്രി സ്കൂളിൽ ഓടിക്കളിക്കുന്ന കുഞ്ഞ് റിംപോച്ചേമാർ. എല്ലാം അതുപോലുണ്ട്. കുന്ന് കയറി ചെന്നാൽ പുരാതന ഗുഹാക്ഷേത്രങ്ങളാണ്​. നീളത്തിൽ ചരിഞ്ഞ് കിടക്കുന്ന പാറയുടെ പള്ള ഉള്ളിലോട്ട് അമർന്ന്, മേൽക്കൂര പുറത്തേക്കും വളഞ്ഞ് നിൽക്കുന്ന പ്രകൃതിദത്ത ഗുഹകളാണ്​. പക്ഷേ,  ഇന്നത് മോടി കൂട്ടി മുഖപ്പ് നീളത്തിൽ മരം കൊണ്ടും കല്ലുകൊണ്ടും കൊട്ടി അടച്ചു ഭംഗി മൊത്തം കളഞ്ഞിരിക്കുന്നു. അഞ്ച്​ ഗുഹകളാണിവിടെ. ഇരുന്നും കിടന്നും ഉറങ്ങിയും പത്മാസനത്തിൽ ഇരിക്കുകയും ഒക്കെ ചെയ്യുന്ന ബുദ്ധ വിഗ്രഹങ്ങളാണു ഗുഹക്കകത്ത്. നല്ല ശിൽപഭംഗിയുള്ള വിഗ്രഹങ്ങൾ. കൂടാതെ ഹിന്ദു ദേവ ദേവതകളുടെയും പെയിന്റിങ്ങുകൾ ഉണ്ട്. 

ദാംബുള്ള റോക്ക്​ ടെമ്പിളിനുള്ളിൽ
 

നൈസർഗിക സൗന്ദര്യം തുടിക്കുന്ന ഈ കാനന ഗുഹകളിൽ,  താഴ്​വാരങ്ങളിൽ നിന്നും വരുന്ന കാറ്റേറ്റ്, നൂറ്റാണ്ടുകൾക്ക് മുമ്പ്​ ബുദ്ധഭിക്ഷുക്കൾ എത്ര ശാന്തിയിലാകും തപസ്സിരുന്നിട്ടുണ്ടാകുക. ബുദ്ധ​​​െൻറ മുഖത്ത് കളിയാടുന്ന ശാന്തിയിലും നിഗൂഢമായ പുഞ്ചിരിയിലും കണ്ണും നട്ട് നിൽക്കെ, മനസ്സിൽ ഉയർന്നുവന്ന ചോദ്യം, എങ്ങനെയാണു ഗുരോ മനുഷ്യർക്ക് ത​​​െൻറ സഹജീവികളോട് ഇത്രമേൽ ക്രൂരത കാട്ടാനാകുന്നത് എന്ന് മാത്രമായിരുന്നു. ബുദ്ധൻ ചിരിക്കുകയായിരുന്നു അപ്പോഴും.

 

Loading...
COMMENTS