Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാൻഡി - ബാദുള്ള ട്രെയിനിലെ ​േചാക്കുവരകൾ
cancel
Homechevron_rightTravelchevron_rightDestinationschevron_rightകാൻഡി - ബാദുള്ള...

കാൻഡി - ബാദുള്ള ട്രെയിനിലെ ​േചാക്കുവരകൾ

text_fields
bookmark_border

തീവണ്ടി യാത്രകൾ ബോറടിപ്പിക്കാറില്ല ഒരിക്കലും. ഇരുന്നും കിടന്നും വായിച്ചും സഹയാത്രികരോട് സംസാരിച്ചും യാത്രകളെ ജീവനുള്ളതാക്കാം എന്നതുതന്നെ കാരണം. ദീർഘദൂര യാത്രകളിൽ ആദ്യ ദിവസം പിന്നിട്ടാൽ പിന്നെ തീവണ്ടി മുറി വീടായി മാറിയിട്ടുണ്ടാകും.

തീവണ്ടികളുടെ 'ചുക്... ചുക്...' ശബ്ദങ്ങൾ എന്നും കൂടെയുണ്ടായിരുന്നു. സ്റ്റേഷൻ മാസ്റ്ററായിരുന്നു ഉപ്പ. വാടക വീട്ടിൽ നിന്നും ഇറങ്ങിയാൽ ഒറ്റ ഓട്ടത്തിനു സ്റ്റേഷനിൽ എത്താം. അന്നിതേ പോലെ ഇത്രയധികം വണ്ടികൾ ഉണ്ടായിരുന്നില്ല. തിരുവനന്തപുരം മെയിലും പിന്നെ ഒന്നോ രണ്ടോ പാസഞ്ചറുകളും. വണ്ടികൾ പോയി കഴിഞ്ഞൽ വിജനമാകുന്ന പ്ലാറ്റ്ഫോമുകൾ. ഓടിക്കളിക്കാൻ ഇഷ്ടം പോലെ സ്ഥലം. പോർട്ടർ നാരായണേട്ടനെ സോപ്പിട്ട് വണ്ടി ബ്ലോക്കായതും ഔട്ടായതും മണിയടിക്കാനുള്ള അവകാശം ചോദിച്ചുവാങ്ങൽ. 'അതു ചെയ്യരുത്..., ഇത് ചെയ്യരുത്...' എന്നാരും ഒരിക്കലും വിലക്കിയിട്ടില്ല. . പകരം ഉപ്പായുടെ മേശപ്പുറത്ത് രണ്ട് കൊടികൾ. പച്ചയും ചുവപ്പും. എപ്പോ പച്ച കൊടി കാണിക്കണമെന്നും ചുവപ്പ് എപ്പൊ എടുത്ത് വീശണമെന്നും ഉള്ളിൽ നല്ല ബോധ്യമുണ്ടായിരുന്നു.

എല്ല റെയിൽവേ സ്​​റ്റേഷൻ

ശ്രീലങ്കയിലെ കാൻഡിയിൽ നിന്നും ബാദുള്ളയിലേക്കുള്ള ട്രെയിനി​​​​​​െൻറ വാതിൽക്കൽ ഇരുന്ന് ആലോചിച്ചത് മുഴുവൻ കുട്ടിക്കാലത്തെ ആ തീവണ്ടിയൊച്ചകളെക്കുറിച്ചായിരുന്നു. കാലത്തി​​​​​​െൻറ പെരും പാച്ചിലിൽ നഷ്ടപ്പെട്ടുപോയ നിഷ്കളങ്കതയെ കുറിച്ചായിരുന്നു. ഷണ്ടിങ്ങ് യാർഡിൽ ഒഴിഞ്ഞുകിടക്കുന്ന വാഗണുകളിൽ നിറയെ, ചോക്ക് കൊണ്ട്, കുനു കുനെ പേരെഴുതിവെച്ചത് കണ്ട് പൊട്ടിക്കരഞ്ഞ ഒരു കൗമാരക്കാരിയെ അപ്പോൾ ഒാർമ വന്നു. പിന്നീട് വലുതായപ്പോൾ, ആദ്യമായി കൈയിൽ കിട്ടിയ, ഊരും പേരുമറിയാത്ത ഒരു പ്രണയലേഖനം അസൂയ മൂത്ത കൂട്ടുകാരൻ വലിച്ചുകീറി കുതിച്ച് പായുന്ന തീവണ്ടിയുടെ വാതിൽക്കൽ ഏന്തിനിന്ന് താഴെ കടലുണ്ടിപ്പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യം അതിശയത്തോടെ നോക്കി നിന്ന പെൺ കുട്ടിയെ ഞാനപ്പോൾ കണ്ടു.

കൊളംബോ - എല്ല റൂട്ടിലെ ട്രെയിനി​​​​​െൻറ വാതിൽ പടിയിൽ ലേഖിക

ശ്രീലങ്കയിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ്​ എടുത്തപ്പോഴേ ഒരു കാര്യം തീരുമാനിച്ചിരുന്നു. പറഞ്ഞും വായിച്ചും ഒരുപാട് മോഹിപ്പിച്ച ശ്രീലങ്കൻ ട്രെയിനിൽ കയറണം എന്ന്. കൊളംബോയിൽ നിന്നും എല്ലയിലേക്കും തിരിച്ച് എല്ലയിൽ നിന്ന് ഗോൾ ഫെയിസിലേക്കും ഉള്ള റെയിൽവേ ആണ്​ ശ്രീലങ്കൻ ട്രിപ്പിലെ ഹൈ ലൈറ്റ്. കാൻഡി റെയിൽവേ സ്റ്റേഷനിലെ എൻക്വയറിയിൽ അന്വേഷിച്ചപ്പോൾ കൊളംബായിൽ നിന്നും രാവിലെ ഏഴ് മണിക്ക് പുറപ്പെടുന്ന കൊളംബോ - ബാദുള്ള എക്​സ്​പ്രസിൽ കാൻഡിയിൽ നിന്നും കയറി 'നാനു ഓയ' എന്ന സ്ഥലത്തിറങ്ങിയാൽ 'നുവാര എലിയ'യിലേക്ക് ബസ് കിട്ടും എന്നറിഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. സെക്കൻറ്​ ക്ലാസ്സ് ടിക്കറ്റായിരുന്നു ഞങ്ങൾക്ക് ആവശ്യം. എന്നാലേ വിൻഡോകൾ തുറന്നിടാനും പുറത്തെ കാഴ്ചകൾ കാണാനുമാകൂ.. മാത്രമല്ല പ്രാദേശിക ജനങ്ങളുമായി ഇടപഴകാനും അവസരം കിട്ടും. പക്ഷേ, സെക്കൻറ്​ ക്ലാസ്സ് ഫുള്ളായതുകൊണ്ട്​ എ.സി ടിക്കറ്റാണ്ട്​ കിട്ടിയത്. പിറ്റേന്ന് രാവിലെ എ.സിയിൽ മസിലു പിടിച്ചിരിക്കുന്ന കുറച്ച് സായിപ്പന്മാർക്കും മദാമ്മമാർക്കും ഇടയിൽ ഒട്ടും മസിലു പിടിത്തം ഇല്ലാതെ ആർപ്പു വിളിച്ചും ഉറക്കെ വർത്തമാനം പറഞ്ഞും ഞങ്ങളാ യാത്രയെ മലയാളീകരിച്ചു.

കൊളംബോ - എല്ല റൂട്ട് മൊത്തം കടന്ന് പോകുന്നത് തേയില തോട്ടങ്ങൾക്കിടയിലൂടെയാണ്​. മനം മയക്കുന്ന പച്ചപ്പ്, ചെരിഞ്ഞ് കിടക്കുന്ന തേയില തോട്ടങ്ങൾ, അവയ്​ക്കിടയിൽ തെളിഞ്ഞു കിടക്കുന്ന വഴികൾ. മൂന്നാറിലെ തേയില ​തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും പോകുന്ന ഒരു ട്രെയിനിൽ ഇരിക്കുന്ന പോലെ. ശ്രീലങ്ക തന്നെ ആണല്ലോ, അല്ലേന്ന് പിന്നേം പിന്നേം ശങ്ക വരും. അത്രയ്​ക്കുണ്ട് കേരളവുമായുള്ള ഭൂപ്രകൃതിയുടെ സാമ്യം.

പ്രകൃതിയിൽ കാണുന്ന സാമ്യം മാത്രമേയുള്ളു. ശ്രീലങ്കക്കാർ നമ്മളേക്കാൾ പരിസര ശുചീകരണത്തിലും സാമൂഹിക ബോധത്തിലുമൊക്കെ മുന്നിലാണ്​. ട്രെയിനിലെ ടോയിലെറ്റൊക്കെ സൂപ്പർ ക്ലീൻ. തെരുവുകളിലോ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻറ്​ തുടങ്ങിയിടങ്ങളിൽ ഒന്നും തന്നെ ചപ്പു ചവറുകൾ കാണുന്നില്ല. എല്ലാറ്റിനും വെയിസ്റ്റ് ബാസ്കറ്റുകൾ ഉണ്ട്. അലക്ഷ്യമായി ഒന്നും വലിച്ചെറിയാത്ത ആളുകൾ തന്നെയാണ്​ ഈ വൃത്തിയുടെ കാരണം. നമുക്കില്ലാത്തതും അതുതന്നെ.

ലേഖികയും കൂട്ടുകാരും കൊളംബോ നാനു ഒായ റെയിൽവേ സ്​റ്റേഷനു മുന്നിൽ

എക്​സ്​പ്രസ്​ ട്രെയിൻ ആയതുകൊണ്ടാവാം ചുരുക്കം സ്​റ്റേഷനുകളിലേ വണ്ടി നിർത്തുന്നുള്ളു. ചെറിയ ചെറിയ സ്റ്റേഷനുകൾ. കല്ലു കൊണ്ട് പണിതവ. തേയില തോട്ടങ്ങൾക്ക് നടുവിൽ ഒറ്റപ്പെട്ട് കിടക്കുന്ന ഈ സ്​റ്റേഷനുകൾക്ക് മനസ്സിനെ വലിച്ചടുപ്പിക്കുന്ന എന്തോ ഒരു മായികത ഉണ്ട്. കഥകളിൽ നിന്നിറങ്ങി വന്ന് ആരേയോ കാത്തിരിക്കുന്ന ഒരാൾ ആ പ്ലാറ്റ്​ഫോമിലെ ബെഞ്ചിൽ ഇരിപ്പുണ്ടെന്ന് തോന്നിപ്പിക്കുമാറ്​ ഒരിഷ്​ടം.

പണ്ട് എവിടെയോ വായിച്ചിട്ടുണ്ട്, നടി ശ്രീവിദ്യ എഴുതിയത്. അവരും ഭരതനും കൂടി നടത്തിയ തീവണ്ടി യാത്രകൾ. ഭരതൻ അവരുടെ നല്ലൊരു സുഹൃത്തായിരുന്നു. രാത്രി, തീവണ്ടിമുറിയുടെ വാതിൽക്കൽ, കാലുകൾ പുറത്തേക്ക് തൂക്കിയിട്ട് ഇരുന്നു. കാറ്റു കൊണ്ട്, നിലാവിനെ തൊട്ട്, പാട്ടുകൾ പാടി അവർ നടത്തിയ സ്വപ്നസമാനമായ യാത്രയെ പറ്റി. എപ്പോൾ വേണേലും പുറത്തേക്ക് തെറിച്ചുപോയേക്കാവുന്ന ജീവിത യാത്രയിൽ ഇങ്ങനെയൊക്കെയുള്ള കുഞ്ഞ് കുഞ്ഞ്​ ഭ്രാന്തുകൾ കൂടിയില്ലെങ്കിൽ പിന്നെ എന്തൊരു ബോറൻ യാത്രയാകും അത്. വണ്ടി പാളം മാറുന്നത് കാണാനാണ്​ ഏറ്റവും രസം‌.

നാനു ഒായ റെയിൽവേ സ്റ്റേഷനിൽ

ചെറിയ ഒരു സ്റ്റേഷനാണു 'നാനു ഓയ'. വണ്ടിയിറങ്ങിയ ഞങ്ങളും അടുത്ത വണ്ടിക്കായ് കാത്തിരിക്കുന്ന കുറച്ച് വിദേശികളും. ഇതിനിടയ്​ക്ക് വിൽക്കാൻ കൊണ്ടുവന്ന സ്​​ട്രോബറി പാക്കറ്റ്​ വാങ്ങി. 250 LKR (ലങ്കൻ റുപ്പീ). ബാക്കി 50 രൂപ ഇപ്പൊ തരാമെന്നും പറഞ്ഞ് അയാൾ പോയി. ഞങ്ങൾക്ക് തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഫോട്ടോയെടുത്തും വർത്തമാനം പറഞ്ഞും നിന്ന ഞങ്ങളുടെ അടുത്തേക്ക് അര മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ വന്നു. അയാൾ അപ്പോഴും ഞങ്ങളെ പ്രതീക്ഷിച്ചില്ലാ എന്നതാണോ അതോ തരാനുള്ള കാശ് തിരികെ തരാൻ വന്നതു തന്നെ ആയിരുന്നോ എന്നുറപ്പില്ല. എങ്കിലും രണ്ടാമത് പറഞ്ഞ കാര്യം വിശ്വസിക്കാൻ തന്നെയാണു എനിക്കിഷ്ടം.

കുറച്ചു കടകളും നിരന്നുകിടക്കുന്ന കുറച്ച് ബസുകളുമായ് വളരെ ചെറിയ ഒരു ബസ് സ്റ്റാൻറ്​. ചെറിയ കടകളിൽ കയറി ചായ ചോദിച്ചാൽ കിട്ടുന്നത് പാലു മണക്കുന്ന ഒരു ചൂട് വെള്ളമാണ്​. ലോക പ്രശസ്തമായ സിലോൺ ടീക്ക് നാണക്കേട്. വലിയ റസ്​റ്റോറൻറുകളിൽ അമ്പതിനും അതിനു മുകളിലേക്കും വില വരുന്ന ചായ കുടിച്ചാൽ സൊയമ്പൻ ടെയ്സ്റ്റാണു. പക്ഷേ, അതു പതിവാക്കിയാൽ പോക്കറ്റ് കാലിയാകും എന്നതു കൊണ്ട് മൂന്നോ നാലോ കിലോ ചായപ്പൊടി വാങ്ങിക്കൊണ്ട് പോയി പൊരക്കെത്തിയാൽ മതി ഇനി ചായ കുടി എന്ന് തീരുമാനമാക്കി.

ഫോട്ടോയെടുത്തും വായിൽ നോക്കിയും അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന ഞങ്ങളെ നോക്കി ട്രാഫിക്ക് പോലീസുകാരൻ തലയിൽ കൈവെച്ചു

'നാനു ഓയ'യിൽ നിന്നും ഏകദേശം ഒമ്പത്​ കിലോ മീറ്റർ ആണ്​ 'നുവാര എലിയ'യിലേക്ക്. ബ്രിട്ടീഷ് ടൗൺ എന്നറിയപ്പെടുന്ന നുവാര എലിയ മനോഹരമായ ഭൂപ്രകൃതിയാൽ സമ്പന്നമാണ്​. തേയില തോട്ടങ്ങളാൽ ചുറ്റപ്പെട്ട പ്രദേശം. പച്ചക്കറികളും വിവിധയിനം പഴവർഗങ്ങളും സമൃദ്ധമായി കൃഷി ചെയ്യുന്നുണ്ട്. പഴയ ബ്രിട്ടീഷ് മോഡൽ പോസ്റ്റോഫീസ് കെട്ടിടവും പോലീസ് സ്റ്റേഷനും സ്കൂളുകളും. തിളങ്ങുന്ന റോഡുകൾ. ഫോട്ടോയെടുത്തും വായിൽ നോക്കിയും അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന ഞങ്ങളെ നോക്കി ട്രാഫിക്ക് പോലീസുകാരൻ തലയിൽ കൈവെച്ച് എവിടുന്ന് വരുന്നു എന്ന് ആംഗ്യം കാട്ടി. ഇന്ത്യയിൽ , കേരളത്തിൽ നിന്നെന്ന് പറഞ്ഞപ്പൊ അയാളൊരു ചിരി. ആക്കിയതാണോ എന്ന സംശയത്തിൽ, അയാളോട് സോറി പറഞ്ഞ്, ഇനിയെങ്കിലും നന്നായിക്കൂടേടോന്ന് പരസ്പരം നോക്കി വളരെ ശ്രദ്ധയോടെ സീബ്രാ ലൈനിലൂടെ നിരത്ത് മുറിച്ച് കടന്ന് ഞങ്ങൾ അടുത്തുള്ള പഴം പച്ചക്കറി മൽസ്യ മാർക്കറ്റിലേക്ക് രക്ഷപ്പെട്ടു കളഞ്ഞു.

ബ്രിട്ടീഷ്​ മാർക്കറ്റിലെ മത്സ്യ വിപണി

കേരളത്തിൽ കാണുന്ന എല്ലായിനം മൽസ്യങ്ങളും ഉണ്ട്. മത്തി, അയല, പുത്യാപ്ല കോര, തുടങ്ങി ചെമ്മീനും ആവോലിയും വരെ. പക്ഷേ, വായിൽ കൊള്ളാത്ത എന്തൊക്കെയോ പേരാണെന്ന് മാത്രം. പച്ചക്കറിക്കും പഴങ്ങൾക്കും വില ചോദിച്ച് പാകം നോക്കാനായി മാങ്ങയും പേരക്കയും മുറിപ്പിച്ച് തിന്ന് വിശപ്പ് തീർന്നപ്പോൾ ബസ്​ സ്​റ്റാൻറിൽ ചെന്ന് ഹൈ റേഞ്ച്​ പോയന്റ് എന്ന് ബോർഡ് എഴുതി വെച്ചൊരു ബസിൽ കയറി. നല്ല തിരക്കായിരുന്നു ബസിൽ. തമിഴ് സംസാരിക്കുന്ന ആളുകൾ. ബസ് ചുരം കയറി ഏറ്റവും മുകളിലെ ഗ്രാമത്തിലെത്താൻ ഒരു മണിക്കൂർ എടുക്കുമെന്നും നിങ്ങൾക്ക് അരമണിക്കൂർ ബസിൽ യാത്ര ചെയ്ത്, വഴിയിൽ ഇറങ്ങിയാൽ മുകളിൽ നിന്നും തിരിച്ച് വരുന്ന ബസിൽ കയറി തിരികെ ടൗണിൽ എത്താമെന്നും പറഞ്ഞ കിളിയെ വിശ്വസിച്ച് ഞങ്ങളാ ചുരം യാത്ര ആസ്വദിച്ചു. ചന്നം പിന്നം പെയ്യുന്ന മഴക്കിടയിലൂടെ ആടിയുലഞ്ഞ് ചുരം കയറുന്ന ബസിൽ നിറയുന്ന തമിഴ് പേച്ച്.

ഹൈ റേഞ്ച്​ പോയൻറിലേക്കുള്ള ബസിൽ

തേയില തോട്ടങ്ങൾക്ക് നടുവിൽ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ചുരത്തിൽ, പേരറിയാത്തൊരു സ്ഥലത്ത്, ഒരു കുഞ്ഞ് ബസ് ഷെഡിൽ അടുത്ത ബസി​​​​​​െൻറ വരവും കാത്തിരിക്കുമ്പോൾ പറഞ്ഞറിയിക്കാൻ ആവാത്തൊരു നിറവുണ്ടായിരുന്നു ഉള്ളിൽ. തീർത്തും അവിചാരിതമായി വീണു കിട്ടുന്ന നിമിഷങ്ങളുടെ മധുരം. അതാണു പിന്നേം പിന്നേം ഇങ്ങനെ പുറപ്പെട്ട് പോകാൻ മനസ്സിനെ പ്രേരിപ്പിക്കുന്ന ഒരേയൊരു കാര്യവും എന്ന് തോന്നുന്നു.

കൈയിലുണ്ടായിരുന്ന ഡോളർ മാറ്റിയെടുക്കുക എന്നതായിരുന്നു അടുത്ത പരിപാടി. 'വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്​ഫർ' എന്ന മഞ്ഞ ബോർഡ് കണ്ടിടത്തെല്ലാം കയറി നോക്കിയെങ്കിലും അവർക്കൊന്നും മണി എക്സേഞ്ച് ഇല്ലത്രെ. അവസാനം ഒരു ജ്വല്ലറിയിൽ നിന്ന് ഡോളർ മാറ്റിയെടുത്തു. മിക്ക ജ്വല്ലറിക്കാരും ഇങ്ങനെ എക്സേഞ്ച് ചെയ്യാൻ തയ്യാറാണ്​. 'ഫെഡ്മൊബൈൽ' എന്ന ആപ് ഡൗൺലോഡ് ചെയ്താൽ നമ്മുടെ എ.ടി.എം കാർഡ് ഇൻറർ നാഷനൽ ആക്കി മാറ്റാം. അതാണു നമുക്കും നല്ലത്. ആവശ്യത്തിനുള്ള ലങ്കൻ റൂപീ മാത്രം പിൻവലിച്ചാൽ മതി. അല്ലെങ്കിൽ തിരിച്ച് എയർപോർട്ടിൽ എത്തി ബാക്കിയുള്ള റുപീ മാറ്റി ഡോളറാക്കുമ്പോൾ വീണ്ടും നഷ്ടം ആണ്​.

കൊളംബോയിൽനിന്ന്​ ബാദുള്ളയിലേക്കുള്ള വഴി നീളെ കേരളം നിവർന്നു കിടക്കുന്നു

സീതാ അമ്മൻ കോവിലാണു നുവാര എലിയയിൽ കാണാനുള്ള ഒരു സ്ഥലം. രാവണൻ സീതയെ കടത്തിക്കൊണ്ടുവന്ന്​ താമസിപ്പിച്ച അശോകവനി. നല്ല കാടാണു ഇപ്പോഴും. രാമേശ്വരത്തെ ഗന്ധമാദന പർവതത്തിൽ നിന്നും ലങ്കയിലേക്ക് ചാടിയ ഹനുമാൻ കാലുകുത്തിയ സ്ഥലം എന്നടയാളപ്പെടുത്തി ഒരു കുഴിയും ഉണ്ട് അവിടെ. അമ്പലത്തിൽ കയറുന്നതിനു മുമ്പേ പേരു ചോദിച്ചാൽ വല്ല യാമിനീന്നോ യമുനാന്നോ ഒക്കെയേ പറയാൻ പാടുള്ളൂന്ന് നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നു. പറഞ്ഞ പോലെ പൂജാരി വന്ന് പേരും നാളും ചോദിക്കാൻ തുടങ്ങി. പുഷ്​പയും ബിനുവും കൂളായി പേരും നാളും പറഞ്ഞു. എനിക്കാണെങ്കിൽ ചൊവ്വ, ബുധൻ എന്നൊക്കെയാണു നാവിൽ വരുന്നത്. കാർത്തികാന്നോ തിരുവാതിരാന്നോ ഒന്നും അന്നേരം ഓർമ വരുന്നില്ലായിരുന്നു. കുടുങ്ങിയല്ലോന്ന് കുഴങ്ങി നിൽക്കുമ്പോൾ അയാൾ എ​​​​​​െൻറ മുഖത്തേക്കൊന്ന് നോക്കി കൈപ്പടം കൊണ്ട് കൈയിലെ താലത്തിൽ കത്തിക്കൊണ്ടിരുന്ന തീ എ​​​​​​െൻറ മുഖത്തേക്കൊന്ന് പാളിച്ച് ശ്രീകോവിലിനുള്ളിലേക്ക് തന്നെ കയറിപ്പോയി. പടച്ചോൻ കാത്ത്. പ്രസാദമായി കിട്ടിയ പഴം, പേരക്ക, മുസംബി എന്നിവ തിന്ന് വയറു നിറച്ച് പുറത്തെ മഴയിലേക്കിറങ്ങി.

നുവാര എലിയിലെ മാർക്കറ്റ്​

ഗ്രിഗറി ലേക്ക്, ഹക്കഡല ബോട്ടാണിക്കൽ ഗാർഡൻ, മൂൺ പ്ലെയിൽ ടെറസ് എന്നിവയാണ്​ നുവാര എലിയയിലെ സന്ദർശക പട്ടികയിൽ ഉള്ളത്. 2000 ലങ്കൻ റൂപീ ആണ്​ മൂൺ പ്ലെയിൻ ടെറസ്സിലേക്കുള്ള ജീപ്പ് വാടക. നുവാര എലിയയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണു ഈ പുൽമേട്. 360 ഡിഗ്രിയിൽ ചുറ്റുമുള്ള താഴ് വാരം കാണാം. പച്ച പുൽമേടുകളാണു ചുറ്റും. അങ്ങകലെ ഉയർന്നു കാണുന്ന ഒരു കുന്നിൽ ആകാശത്തേക്ക് കൈയുയർത്തി നിൽക്കുന്ന ടവറുകൾ. പണ്ടത്തെ സിലോൺ റേഡിയോയുടെ ട്രാൻസ്മിറ്റർ ടവറുകൾ ആയിരുന്നത്രെ അവ. തെക്കു കിഴക്കൻ കാറ്റിൽ ഒളിഞ്ഞും തെളിഞ്ഞും വീടുകളിലേക്ക്​ ഒഴുകി വന്നിരുന്ന സിലോൺ റേഡി​യോയുടെ മലയാളി പാട്ടുകൾ പഴയ തലമുറയുടെ ഗൃഹാതുരത മുറ്റിയ ഓർമകളാകും.

സ്വപ്​നത്തിലൂടെ കടന്നുപോയ ട്രെയിനി​​​​​െൻറ ചുവരിൽ നിറയെ ചോക്കുകൊണ്ട്​ കുനു കുനെ എഴുതിവെച്ചിരുന്നു..

ഒരു പകൽ കൊണ്ട് ഓടാനാവുന്നതിന്റെ മാക്സിമം ഓടിയ ക്ഷീണം ഉണ്ടായിരുന്നു. ഫ്രൈഡ് റൈസും ഉണക്ക ചെമ്മീൻ ചമ്മന്തിയും കഴിച്ചു കിടന്നതേ ഓർമയുള്ളു. ഉറക്കത്തിനിടയിൽ എപ്പോഴോ ചുവന്ന ബോഗികളുമായി വളവു തിരിഞ്ഞെത്തിയ ഒരു തീവണ്ടി ചൂളം വിളിച്ചു പാഞ്ഞുപോയി. ആ ബോഗികളിൽ നിറയെ വെളുത്ത ചോക്ക് കൊണ്ട് കുനു കുനെ കോറിയിട്ട എ​​​​​​െൻറ പേരുകൾ.

Show Full Article
TAGS:sri lankan travelogueolomboDabullaElla Railwaytravelogue
Next Story