Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാഠ്​മണ്ഡുവി​ൻെറ കൺകുളിർമയിലേക്ക്​..
cancel
Homechevron_rightTravelchevron_rightDestinationschevron_rightകാഠ്​മണ്ഡുവി​ൻെറ...

കാഠ്​മണ്ഡുവി​ൻെറ കൺകുളിർമയിലേക്ക്​..

text_fields
bookmark_border

നീണ്ടു നീണ്ടങ്ങനെ കിടക്കുന്ന റെയിൽ പാളങ്ങൾ കൂട്ടിമുട്ടിക്കുന്ന ദേ​ശങ്ങളെക്കുറിച്ചോർത ്താൽ അതിശയം തോന്നും. അറിയ​പ്പെടാത്ത എത്രയെത്ര ദിക്കുകളിലേക്കാണ്​ ഇൗ പാളങ്ങൾ നമ്മളെ നയിക്കുന്നത്​. നേപ്പാളിലേക്ക്​ പോകാൻ റെയിൽവേ സ്​റ്റേഷനിലിരിക്കുമ്പോൾ നോക്കിയത്​ മുന്നിൽ നീണ്ടു കിടക്കുന്ന ഉരുക്കി​​െൻറ പാളങ്ങളിലാണ്​. പല പല ദേശങ്ങളിലേക്കുള്ള കൈവഴികൾ.

വലിയ മുന്നൊരുക്കങ്ങളില്ലാത്ത യാത്രയായിരുന്നു ഞങ്ങളുടെത്​. ​പാലക്കാട് മുതൽ പാറ്റ്ന വരെയുള്ള 22643 നമ്പർ പാറ്റ്ന എക്സ്പ്രസിൽ ടിക്കറ്റ്​ ബുക്ക് ചെയ്തത് 10 ദിവസം മുമ്പായിരുന്നു. അതും വെയ്റ്റിംഗ് ലിസ്​റ്റിൽ 46/45. (ടിക്കറ്റ് ചാർജ് സ്ലീപ്പർ ക്ലാസിൽ രണ്ടുപേർക്ക് 1700 രൂപ). ദിവസവ​ും അപ്ഡേഷൻ നോക്കലായിരുന്നു പിന്നെ പണി. ആകെ പ്രതീക്ഷ തത്കാലിലായിരുന്നു. യാത്രയുടെ തലേന്ന്​ അതിരാവിലെ ഞാൻ പയ്യോളിയിൽ നിന്നും സുധീഷ്മാഷിനൊപ്പം വടകരക്ക് പുറപ്പെട്ടെങ്കിലും തത്കാലും കിട്ടിയില്ല. പക്ഷേ, വൈകുന്നേരമായപ്പോൾ ഞങ്ങളുടെ ടിക്കറ്റ് കൺഫേം ആയിക്കഴിഞ്ഞിരുന്നു. അങ്ങനെ അടുത്ത ദിവസം പയ്യോളിയിൽ നിന്ന്​ മാഷും കൊയിലാണ്ടിയിൽ നിന്ന്​ ഞാനും പാലക്കാ​േട്ടക്ക് ട്രെയിൻ കയറി. പാറ്റ്ന എക്പ്രസ്സ് എറണാകുളത്തുനിന്നും തൃശ്ശൂർവഴി ആണ് വരുന്നത്. ട്രയിൻ വരുന്നതിന് അഞ്ച്​ മണിക്കൂർ മുമ്പേ ഞങ്ങൾ പാലക്കാട്​ എത്തി.

പശുപതിനാഥ ക്ഷേത്രത്തിൻറെ സ്​നാനഘട്ടം

രാത്രി ഭക്ഷണവും ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി സ്റ്റേഷനിലേക്ക് നടന്നു. റെയിൽവേ പതിവു തെറ്റിച്ചില്ല പിന്നെയും ഒന്നര മണിക്കൂർ കാത്തിരിക്കേണ്ടിവന്നു പാറ്റ്ന എക്സ്പ്രസ് വരാൻ. ട്രെയിനിൽ കയറി സുദീർഘമായി ഉറങ്ങി എഴുന്നേറ്റപ്പോ​േ​ഴക്കും പേരറിയാത്ത ഏതോ ഗ്രാമത്തിലൂടെ ട്രെയിൻ കൂകിപ്പായുകയാണ്​. നിരവധി കാഴ്ചകൾ പകുത്തെടുത്ത്​ തമിഴ്നാടും, തെലങ്കാനയും, ഒഡിഷയും, പശ്​ചിമ ബംഗാളും പിന്നിട്ട് ബീഹാറിലെ പാറ്റ്നയിൽ യാത്രയുടെ മൂന്നാംദിവസം രാത്രി ഒമ്പത് മണിയോടെ എത്തി. 48 മണിക്കൂർ യാത്രയുണ്ടായിരുന്നു പാറ്റ്ന എക്സ്പ്രസ്സിൽ. തുടർന്ന് കാഠ്മണ്ടുവിലേക്കുള്ള ബസ്​ സ്​റ്റേഷനിലേക്ക് ഓട്ടോറിക്ഷ കിട്ടി.

ഒരു ഓട്ടോയിൽ മുൻസീറ്റിൽ മാത്രം ഡ്രൈവർ ഉൾപ്പെടെ ഞങ്ങൾ നാലുപേരുണ്ടായിരുന്നു. കുതിരവണ്ടികളും കാളവണ്ടികളും ആസമയത്തും നിരത്തിൽ സജീവം. അൽപ്പനേരത്തെ യാത്ര ബസ്​ സ്​റ്റേഷനിൽ എത്തിച്ചേർന്നു. 40 രുപയാണ് രണ്ടുപേർക്ക് ഓട്ടോചാർജ്.
മുളയും വൈക്കോലും ഉപയോഗിച്ച് നിർമിച്ച ഒരു ഷെഡ്. ബീഹാർ സ്റ്റേറ്റ് ബസ്സ് (BSRTC) ടിക്കറ്റ് ബുക്കിങ്​ ഓഫീസ് ആയിരുന്നു അത്. അവിടെനിന്നു തന്നെയായിരുന്നു നേപ്പാളിലേക്കുള്ള ബസ്​ പുറപ്പെടുന്നത്. കാഠ്​മണ്ഡുവിലേക്ക് നേരിട്ടുള്ള ബസ്​ പിറ്റേ ദിവസം ഉച്ചയ്ക്ക് ശേഷമാണെന്നറിഞ്ഞത് ഞങ്ങളെ നിരാശരാക്കി. എന്നാൽ, ജനക്പുർ എന്ന നേപ്പാളിലെ ബസ്​ സ്​റ്റേഷനിലേക്ക് അര മണിക്കൂറിനകം ബസുണ്ടെന്ന്​ അറിഞ്ഞു. നിലവിൽ സീറ്റ് ബുക്ക് ചെയ്യാത്തതിനാൽ ബസ്​ വന്നിട്ട് സീറ്റുണ്ടെങ്കിൽ പോകാമെന്നും നല്ലത് നേരിട്ടുള്ള ബസാണെന്നും അവർ പറഞ്ഞു.

പശുപതിനാഥക്ഷേത്രത്തിലെ ശവസംസ്​കാര ചടങ്ങുകൾ നടത്തുന്നയിടം

ഒടുവിൽ കിട്ടിയത്​ ബാക്ക് സീറ്റ്. എന്നാലും അന്നുതന്നെ പോകാൻ ഞങ്ങൾ തീരുമാനിച്ചു. ടിക്കറ്റെടുക്കാൻ ഇന്ത്യയിലെ ഏതെങ്കിലും ഐഡി കാർഡിന്‍െറ കോപ്പി ആവശ്യമായിരുന്നു. രണ്ടുപേർക്ക് 550 രൂപയാണ് എ.സി ബസിന്‍െറ ചാർജ്. ഇടക്കെവിടെയോ ഭക്ഷണം കഴിക്കാൻ ബസ്സ് നിർത്തി. പിന്നീട് വളരെ ദുർഘടമായ പാതയിലൂടെ ബസ്​ അതിന്‍െറ പരമാവധി വേഗത്തിൽ യാത്രതുടർന്നു.

ഒന്നു മയങ്ങി ഉണർന്നപ്പോൾ ഞങ്ങൾ ബോർഡറിൽ എത്തിയിരുന്നു. ആറു മണിക്കേ ബോർഡർ കടക്കാനാവൂ എന്നതിനാൽ കൂറച്ചുനേരം അവിടെ കാത്തിരുന്നു. ആറുമണിയോടെ സുരക്ഷാജീവനക്കാർ അന്താരാഷ്ട്ര ചെക്​ പോസ്റ്റ് തുറന്നു. യാതൊരു പരിശോധനയുമില്ലാതെ ബസ്സ് പുതിയൊരു രാജ്യത്തിലേക്ക് പ്രവേശിച്ചു. ഏഴുമണി കഴിഞ്ഞപ്പോൾ ജനക്​പൂരിലെത്തി. ജനകപുത്രിയായ സീതാദേവിയുടെ ജന്മസ്ഥലമാണ് ജനക്പൂർ എന്നത് പുതിയ അറിവായിരുന്നു. ചരിത്ര പ്രാധാന്യമുള്ള നാടായതുകൊണ്ടാണോ എന്നറിയില്ല ഇന്നും ഒരു പുരോഗതിയും കാണാനില്ലായിരുന്നു.

കാലിത്തൊഴുത്തിനേക്കാളും പരിതാപകരമായിരുന്നു ജനക്പുർ ബസ്​ സ്​റ്റേഷൻ. നിവൃത്തികേട് ഒന്നുകൊണ്ടുമാത്രം അവിടുത്തെ ടോയ്‌ലെറ്റ്‌ ഉപയോഗിച്ചു. അത്രമാത്രം വൃത്തിഹീനമായ ചുറ്റുപാടായിരുന്നു. ടോയ്‌ലെറ്റ്‌ ഉപയോഗത്തിന് രണ്ടാൾക്ക് നേപ്പാൾ മണി 30 രൂപ. ഞങ്ങൾ കേട്ടറിവ് വെച്ച് ഇന്ത്യൻ മണി 20 രൂപനൽകി. യാതൊരു പ്രശ്നവുമില്ലാതെ അവരത് സ്വീകരിച്ചത് ഞങ്ങളിൽ അത്ഭുതമുളവാക്കിയെങ്കിലും പിന്നീടുള്ള യാത്രയിൽ 1: 1.6 എന്ന സൂത്രവാക്യമായിരുന്നു നമ്മുടെ പണം കൊടുക്കുമ്പോൾ മനസ്സിൽ. നമ്മുടെ ഒരു രൂപക്ക് അവിടെ ഒരുരൂപ അറുപത് പൈസ മൂല്യം ഉണ്ട്. ഒരു സ്വകാര്യ ട്രാവൽ ഏജൻസിയിൽ കയറി കാഠ്മണ്ടു ബസ്സ് അന്വേഷിച്ചു. പിന്നീട് നേപ്പാളിൽ ഞങ്ങൾ ഇത്തരത്തിലുള്ള നിരവധി ഏജൻസികൾ കണ്ടു.

ബാഗ്മതി നദി

ഒമ്പതരയ്ക്ക് കാഠ്മണ്ഡുവിലേക്ക് ബസ്​ ഉണ്ടെന്നും മിനി ബസാണ്​, പുഷ്ബാക്ക് ഉണ്ട് എന്നൊക്കെ ഏജൻസിയിൽ നിന്നും അറിഞ്ഞു. എന്നാൽ ഒമ്പതരയോടെവന്ന ബസ്​ കണ്ട്​ ഞങ്ങൾ ഞെട്ടി. നമ്മുടെ നാട്ടിലെ ട്രാവലർപോലുള്ള ഒരെണ്ണം. അതും ഒത്തിരി പഴക്കംചെന്നത്. അതിനെയാണ് പുഷ്​ ബാക്ക്​, എ.സി എന്നൊക്കെ പറഞ്ഞ്​ പൊലിപ്പിച്ചത്. 'ഈ സാധനത്തിനകാത്താണല്ലോ പടച്ചോനേ...! പത്തു പന്ത്രണ്ട് മണിക്കൂർ ഇരിക്കേണ്ടത്..'എന്നത് ചെറുതല്ലാത്ത വിഷമമുണ്ടാക്കി. അതിൽ കേറിയില്ലെങ്കിൽ അടുത്തൊന്നും ബസുണ്ടാകില്ല എന്നതിനാൽ വീണ്ടും കിട്ടിയ ബാക്ക് സീറ്റിൽ കുടിയേറി. ടിക്കറ്റ് ഒരാൾക്ക് 1800 രൂപ. ഞങ്ങൾ ഇന്ത്യൻ മണി 1000 കൊടുത്തു. കേരളത്തിൽ നിന്നും പോകുന്ന ആരും അവിടുത്തെ ബസ്സുകൾ കണ്ടാൽ അമ്പരന്നു പോകും. അത്രയ്​ക്ക് പഴക്കം ചെന്ന ബസുകളാണ് കൂടുതലും. അടുത്തുള്ള കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി നമ്മുടെ 12 രൂപ കൊടുത്തു. അവിടെ 20/25 രൂപയാണ് വെള്ളത്തിന്. എന്നാൽ, മറ്റുള്ള എല്ലാത്തിനും ഇവിടെയുള്ളതിനേക്കാൾ ഇരട്ടിയോളം വിലയാണെന്ന് പിന്നീട് മനസ്സിലായി.

ബസ്​ എവിടെയൊക്കൊയോ കറങ്ങി ആളുകളെ കയറ്റി കാഠ്​മണ്ഡുവിലേക്ക്​ തിരിച്ചു. ബോർഡർ കഴിഞ്ഞതോടെ മൊബൈൽ ഇന്റർനാഷണൽ റോമിങ്ങിലായതിനാൽ യാത്രക്കിടയിൽ ഒന്ന് നെറ്റ്​ ഉപയോഗിക്കാൻ പോലും കഴിഞ്ഞില്ല. എന്നാൽ, വശ്യ മനോഹരമായ നേപ്പാൾ കാഴ്ച ഞങ്ങളെ ആവേശഭരിതരാക്കി. പേരറിയാത്ത ഏതൊക്കെയോ നാടുകളിലെ ഇതുവരെ കാണാത്ത കാഴ്ചകൾ ഒത്തിരി ആസ്വദിച്ചു.
പൊതുവേ കൃഷി സ്ഥലങ്ങളും പിന്നീട് ഒത്തിരി മല നിരകളും പുഴയും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചുരം റോഡുകളും അതിമനോഹരമായ അനുഭവമായിരുന്നു. നല്ല തണുപ്പുള്ള അന്തരീക്ഷം. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ നിർത്തിയെങ്കിലും അവിടുത്തെ ഭക്ഷണ രീതി അറിയാത്തതിനാൽ അടുത്ത കടയിൽ നിന്നും പഴം വാങ്ങി കഴിച്ചു വിശപ്പടക്കി. വഴിയിൽ ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ കണ്ടു. കിലോ മീറ്ററുകളോളം ദൂരത്തുനിന്നും കാണുന്നുണ്ടായിരുന്നു അത്. യാത്ര ഏകദേശം എട്ടുമണിയോടെ കാഠ്മണ്ഡുവിൽ എത്തി.

ബസിറങ്ങിയ ഉടനെ അടുത്തുള്ള മൊബൈൽ കടയിൽ കയറി സിം കാർഡിന് അന്വേഷിച്ചു. പാസ്​പോർട്ടിൻറെ കോപ്പിയും ഫോട്ടോയും നൽകി സിം കരസ്ഥമാക്കി. 10 ദിവസത്തെ 4 ജി.ബി നെറ്റ് റീച്ചാർജ് ഉൾപ്പെടെ അവിടുത്തെ 420 രൂപ ആയി. ഞാൻ നമ്മുടെ 260 രൂപ കൊടുത്തപ്പോൾ വീണ്ടും കടക്കാരൻ പണം ചോദിച്ചു. എന്നാൽ ഞാൻ ഫോണിൽ കണക്ക് കൂട്ടി കാണിച്ചുകൊടുത്തിട്ടും അയാൾക്ക്​ മനസിലായില്ല. അപ്പോൾ പൈസ തിരിച്ചുവാങ്ങി ഓരോന്നും എണ്ണി എണ്ണി കൊടുത്തപ്പോയാണ് നമ്മുടെ പുതിയ 50 രൂപ നോട്ടാണ്​ പണി പറ്റിച്ചതെന്ന്​ മനസ്സിലായത്​. പുതിയ നോട്ടി​​െൻറ കെട്ടും മട്ടും കണ്ടിട്ട്​ അയാൾക്ക്​ മനസ്സിലായില്ല. അതുകൊണ്ടാണ്​ പിന്നെയും പണം ചോദിച്ചത്​. അയാൾക്ക്​ ഞാൻ പുതിയ 200 രൂപ നോട്ടും പരിചയപ്പെടുത്തികൊടുത്തു.

ആ കടക്കാരന്റെ സഹായത്തോടെ അടുത്തുതന്നെയുള്ള ദർബാർ ഹോട്ടലിൽ റൂമും തരപ്പെടുത്തി. നല്ല സൗകര്യമുള്ള റൂമിന് അവിടുത്തെ1200 രുപയായിരുന്നു ചാർജ്​. പറഞ്ഞു പറഞ്ഞ് 600 ഇന്ത്യൻ റുപിയിൽ ഒപ്പിച്ചെടുത്തു. റുമെടുക്കാൻ ഐ.ഡി കാർഡിന്റെ കോപ്പി ആവശ്യമായിരുന്നു.
റൂമിലെത്തി കുളിച്ചശേഷം റൊട്ടിയും സാബ്ജിയും കഴിച്ചു. രണ്ടുപേരുടെ ഭക്ഷണത്തിന് 350 നേപ്പാൾ മണി ആയി. അവരുടെ മെനുവിൽ നമുക്ക് തിന്നാൻ പറ്റുന്നത് അതുമാത്രമേ കണ്ടുള്ളൂ. മൂന്നു ദിവസം നീണ്ട യാത്ര ഞങ്ങളെ അവശരാക്കിയിരുന്നു. കിടന്ന ഉടൻ തന്നെ ഉറക്കം ഞങ്ങളെ വഹിച്ചുകൊണ്ട​ുപോയി. നല്ല തണുപ്പ് മുറിയിലേക്ക് ഇരച്ചു കയറിയപ്പോഴാണ് ഉറക്കമുണർന്നത്. സമയം അപ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു. ഇനിയെന്താ പരിപാടി എവിടെയൊക്കെയാ പോവുക എന്നീ ആശങ്കകൾക്കുള്ള ഉത്തരം ഫോണിലുണ്ടായിരുന്നു. സുഹൃത്ത് റിൻഷാദ് അയച്ച ഒരു ലിങ്കിൽ നേപ്പാളിന്റെ എല്ലാ കാഴ്ചകളും രീതികളും ഉൾകൊള്ളുന്നതായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ കച്ചിതുരുമ്പായിരുന്നു ആ മെസ്സേജ്. ഗൂഗിൾ മാപ്പിന്റെ സഹായത്താൽ സ്ഥലങ്ങളെ ക്രോഡീകരിച്ചു. റൂമിൽ നിന്നും നടന്നെത്താവുന്നതാണ് പലസ്ഥലങ്ങളും എന്നു മനസ്സിലായി. ആദ്യം പശുപതിനാഥ് ക്ഷേത്രത്തിലേക്ക് നടന്നു. വഴികാട്ടിയായി ഗൂഗിൾമാപ്പ് മാത്രമായിരുന്നു ആശ്രയം. റൂമിൽനിന്നും അര കിലോമീറ്റർ മാത്രമായിരുന്നു ദൂരം.

പശുപതിനാഥ്
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമായ ശിവക്ഷേത്രമാണ് പശുപതിനാഥ ക്ഷേത്രം. ഭാഗ്​മതി നദിയുടെ തീരത്തെ ഈ ക്ഷേത്രം നേപ്പാളിലെ ഏറ്റവും പവിത്രമായ ശിവാലയമായാണ് കണക്കാക്കുന്നത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പശുപതിനാഥ ക്ഷേത്രത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേപ്പാളിലെതന്നെ വളരെ പഴക്കംചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് പശുപതിനാഥ ക്ഷേത്രം. ക്ഷേത്രം നിർമ്മിക്കപ്പെട്ട വർഷത്തെക്കുറിച്ച് വ്യക്തമായ അറിവില്ല. ക്രി.വ 400ലാണ്​ ഈ ക്ഷേത്രം നിർമിക്കപ്പെട്ടത് എന്ന് പൊതുവെ കരുതുന്നു. പശുപതിനാഥ ഭാവത്തിലുള്ള ശിവനാണ് ഇവിടെ പ്രതിഷ്ഠ. ഇന്നുകാണുന്ന ക്ഷേത്രം 14 ാം നൂറ്റാണ്ടിൽ നേപ്പാൾ രാജാവായിരുന്ന ഭൂപേന്ദ്ര മല്ല പുനർനിർമിച്ചതാണ്. മുമ്പുണ്ടായിരുന്ന ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും ചിതൽ തിന്ന് നശിച്ചുപോയിരുന്നു. പശുപതിനാഥ ക്ഷേത്രത്തിനു ചുറ്റും അനവധി ക്ഷേത്രങ്ങളും പിൽക്കാലത്ത് നിർമിക്കപ്പെട്ടു. ദക്ഷിണഭാരതത്തിലെ കർണാടകത്തിൽ നിന്നുള്ള ഭട്ട്​ ബ്രാഹ്മണരാണ് ഈ ക്ഷേത്രത്തിലെ പൂജകളും കർമങ്ങളും നിർവഹിക്കുന്നത്.

2015 ൽ ഉണ്ടായ ഭൂകമ്പത്തിൽ തകർന്ന ഭാഗത്തിന്‍െറ പുനർനിർമാണം നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അടുത്തുള്ള ഹോട്ടലിൽ നിന്നും പൂരി കഴിച്ചു. പൂരിയും ജിലേബിയും ലസ്സിയും പരിപ്പ് കറിപോലെ ഒന്നും കിട്ടി. ഒരാൾക്ക് 150 നേപ്പാൾ രൂപയായിരുന്നു. വിശപ്പുള്ളത് കൊണ്ടുമാത്രം അത് കഴിക്കേണ്ടി വന്നു. അത്രക്ക് പരിതാപകരമായിരുന്നു അവിടുത്തെ ഭക്ഷണം. തുടർന്നുള്ള ദിവസങ്ങളിൽ ഹോട്ടൽ ഭക്ഷണം ഒഴിവാക്കാൻ ഞങ്ങൾ തീരുമാനിച്ചു. പകരം, പഴവും നാരങ്ങയും പേരക്കയുമാക്കി. അതുപോലെ നാട്ടിൽനിന്നും കൊണ്ടുവന്ന അവിൽ, ഈത്തപ്പഴം എന്നിവ മാത്രമായിരുന്നു കഴിച്ചിരുന്നത്.

മനോകാമനക്ഷേത്രം അടുത്താണെന്ന്​ ഗൂഗിളിൽ കണ്ടതുവെച്ച് രണ്ടുകിലോമീറ്ററോളം മാപ്പിന്റെ സഹായത്താൽ നടന്നെങ്കിലും നിരാശയായിരുന്നു ഫലം. ചെറിയൊരു ക്ഷേത്രമുറ്റത്തേക്കായിരുന്നു ആവഴി. വിശദമായ അന്വേഷണത്തിൽ മനോകാമന ഒത്തിരി ദൂരെയാണെന്ന് മനസ്സിലായി. അങ്ങനെ മൂന്ന് കിലോമീറ്ററോളം ദൂരത്തുള്ള ബൗദ്ധനാഥ് സ്തൂപയിലേക്ക് നടന്നു.

ഇത്രയും ദൂരങ്ങളിൽ നടന്നുപോവാനുളള തീരുമാനത്തിന് രണ്ടു കാരണങ്ങളായിരുന്നു. ഒന്ന് ഞങ്ങൾക്ക് കൃത്യമായ ബസ്​ റൂട്ട് അറിയില്ല . ചോദിച്ചറിയാൻ ഭാഷവശമില്ല. ഇംഗ്ലീഷ് അവിടെ ടൂറിസം മേഖലയിലുള്ളവർക്കേ അറിയൂ. ഹിന്ദി ഒരുവിധം ആളുകൾക്കു അറിയാം.

ബൗദ്ധനാഥ് സ്തൂപ
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഒരു സ്തൂപമാണ് ബൗദ്ധ്​നാഥ് (ബൗദ്ധ, ബൗദ്ധനാഥ് അല്ലെങ്കിൽ അല്ലെങ്കിൽ കാസ കെയ്റ്റിയ എന്നും അറിയപ്പെടുന്നു ) ഈ സ്തൂപത്തിന്റെ ഭീമാകാരമായ മണ്ടാള അതിനെ, നേപ്പാളിലേ തന്നെ ഏറ്റവും വലിയ സ്തൂപമാക്കി മാറ്റുന്നു.
ബൗദ്ധനാഥിന്റെ സ്തൂപം ചക്രവാളരേഖയെ പ്രതിനിധാനം ചെയ്യുന്നു. പ്രാചീന സ്തൂപമാണ് ലോകത്തിലേതന്നെ ഏറ്റവും വലുത്. വൻതോതിലുള്ള ജനസംഖ്യ അടങ്ങുന്ന ടിബറ്റിൽ നിന്ന് കുടിയേറിപാർത്ത ഒരു കൂട്ടം ജനങ്ങളാണ് ഇതിനുചുറ്റിലും താമസിക്കുന്നത്. 1979 കളിലാണ് ബൗദ്ധനാഥിന് യുനെസ്കോയുടെ പൈതൃക സ്ഥാനം ലഭിക്കുന്നത്. കൂടാതെ, സ്വയംഭൂനാഥിനോടൊപ്പം ഇതാണ് കാഠ്മണ്ഡു പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം. കാസപ്പ ബുദ്ധയുടെ അവശേഷിക്കുന്ന ശവകല്ലറയായും ഈ സ്തൂപം കരുതപ്പെടുന്നു.
നേപ്പാളികളുടെ ലിച്ചാവി രാജ്യത്തിലെ ചക്രവർത്തിയായിരുന്ന ശിവദേവ് (ക്രി. വ 590-604) ആണ് ബൗദ്ധനാഥിനെ കണ്ടെത്തിയത്, എന്നിരുന്നാലും, ട്രിസോങ്ങ് ഡെറ്റ്സാൻ (755 മുതൽ 797 വരെ) എന്ന ടിബറ്റൻ ചക്രവർത്തിയും പാരമ്പര്യമായി ബൗദ്ധനാഥിന്റെ നിർമാണത്തിൽ പങ്കെടുത്തിരുന്നു.

അവിടെ വിദേശികൾ ഉൾപ്പെടെ ഒത്തിരി സഞ്ചാരികൾ ഉണ്ടായിരുന്നു. സന്ധ്യയായതോടെ ഞങ്ങൾ റൂമിലേക്ക് തിരിച്ചു. തിരിച്ചുവരും വഴി അതിനടുത്തുള്ള ഒരു വലിയ വിഗ്രഹവും കണ്ടു. വൈകുന്നേരമായതോടെ തണുപ്പ് കൂടിവരുന്നുണ്ടായിരുന്നു. അങ്ങനെ നേപ്പാളിലെ രണ്ടാം ദിവസം ഏകദേശം പത്തു കിലോമീറ്ററിലധികം നടന്നുകണ്ടത് വേറിട്ടൊരനുഭവമായി. നേപ്പാളിലെ മൂന്നാം ദിനത്തിൽ രാവിലെ പതിവു കലാപരിപാടികൾക്ക് ശേഷം ആദ്യം എയർപ്പോട്ടിനടുത്തുള്ള ഏവിയേഷൻ മ്യൂസിയത്തിലേക്കാണ് പോയത്.

ഞങ്ങളുടെ റൂമിൽ നിന്നും വളരെ അടുത്തായിരുന്നു അത്. കാഠ്മണ്ഡു എയർപോർട്ടിനു സമീപത്തായിട്ടാണ് ഇത്. എയർബസ് 330-300 വിമാനം ഒരു മ്യൂസിയമാക്കി മാറ്റിയെടുത്ത് വിദ്യാർഥികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഡോക്യുമെന്ററി പ്രദർശനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ടുപേർക്ക് 500 നേപ്പാൾ മണിയാണ് ടിക്കറ്റ്​ നിരക്ക്. അവിടെ സ്റ്റാഫുകളെല്ലാം എയർഹോസ്റ്റസ് യൂനിഫോമിലാണ്. വിമാനത്തെ അടുത്തറിയാനു കോക്പിറ്റിൽ വരെ കയറാനും അവിടെനിന്നും സാധിച്ചു. തൊട്ടടുത്ത് തന്നെ ഒരു പഴയ ഹെലികോപ്‌റ്ററും ഉണ്ടായിരുന്നു. ഏവിയേഷൻ മ്യൂസിയത്തിനുമുന്നിൽനിന്നും സ്വയഭൂനാഥിലേക്കുള്ള ബസ്സിൽ കയറി. നേപ്പാൾ മണി 40 രൂപ കൊടുത്തു.

റോഡുപണി നടക്കുന്നതിനാൽ ചെറിയ ദൂരം സഞ്ചരിക്കാൻ മണിക്കൂറുകളെടുത്തു. എന്നാൽ നമ്മുടെ നാട്ടിലെതുപോലെ അനാവശ്യമായ ഹോൺ അടിക്കലും ഓവർടേക്ക് ചെയ്തു ബ്ലോക്കുണ്ടാക്കലുമൊന്ന​ും ഇല്ല എന്നത് നേപ്പാളികളുടെ ശാന്ത സ്വഭാവത്തിന്റെ ഫലമാണെന്ന് മനസ്സിലായി. പൊതുവേ പറ്റിക്കലും പിടിച്ചുപറി തുടങ്ങിയവയൊന്നും ഇല്ലാത്തവരുമാണ്. തെരുവുകച്ചവടക്കാർപോലും വളരെ മാന്യമായ വിലയേ വിദേശികളോടും വാങ്ങിക്കുന്നുള്ളൂ.

ദീർഘസമയം ബസ്സിലിരുന്ന് സ്വയംഭൂനാഥിലെത്തി. അവിടെ റോഡിന്റെ ഓരത്തുതന്നെയായിരുന്നു ബുദ്ധപാർക്ക്. മൂന്ന് ഭീമാകാരമായ ശിൽപങ്ങളാണ് അവിടെയുള്ളത്. നടുവിൽ അമിതാബ ബുദ്ധ. ഇടത് അവലോകിതേശ്വര ബുദ്ധ. വലതു ഭാഗത്ത് പത്​മസംഭവ എന്നിങ്ങനെയായിരുന്നു.

അവിടെനിന്നും പെട്ടെന്നിറങ്ങി നേരെ സ്വയംഭൂനാഥ് സ്തൂപയിലേക്ക് നടന്നു. സ്വയംഭൂനാഥ ക്ഷേത്രം വാനരക്ഷേത്രം എന്നപേരിലും അറിയപ്പെടുന്നു. ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തായ് അധിവസിക്കുന്ന വാനരന്മാർ കാരണമാണ് ക്ഷേത്രത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്. കുരങ്ങന്മാരെ ഇവിടെ പവിത്രമായ ജീവിയായാണ് കണക്കാക്കുന്നത്.

ബുദ്ധമതസ്തരുടെ പുണ്യതീർത്ഥാടനകേന്ദ്രമായ ഇവിടവും യുനസ്കോയുടെ പൈതൃകപട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നേപ്പാളിലെ വളരെ പഴക്കംചെന്ന ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നാണ് സ്വയംഭൂനാഥ്. നേപ്പാൾ രാജാവായിരുന്ന മാനവേന്ദ്രന്റെ പ്രപിതാമഹൻ വൃഷദേവൻ അഞ്ചാം നൂറ്റാണ്ടിൽ പണിതീർത്തതാണ് ഈ സ്ഥലം.
മലയാളത്തിലെ 'യോദ്ധ' എന്ന മോഹൽലാൽ സിനിമയുടെ ലോക്കേഷൻ ഇവിടെയായിരുന്നു. നേരം ഇരുട്ടിതുടങ്ങുമ്പോഴേക്കും വഴിയരികിലെ കച്ചവടക്കാൻ അന്നത്തെ കച്ചവടം നിർത്താനുള്ള ഒരുക്കത്തിലായിരുന്നു. അതിരാവിലെ തുടങ്ങി രാത്രി നേരത്തെ അടക്കുന്ന കടകമ്പോളങ്ങളാണ് കാഠ്മണ്ഡുവിൽ കണ്ടത്​. എണ്ണിയാലൊടുങ്ങാത്ത പടികൾകയറി മുകളിലെത്തിയാൽ കാഠ്മണ്ഡു മുഴുവനും കാണാം. വളരെ മനോഹമായിരുന്നു ആ കാഴ്ച.

തിരികെ ഹോട്ടലിലേക്ക് വരുമ്പോൾ നേരത്തെ ഉണ്ടായിരുന്ന ബ്ലോക്കല്ലാം കഴിഞ്ഞിരുന്നു. നാലാംദിവസം ഉച്ചസമയത്താണ് പുറത്തേക്കിറങ്ങിയത്. കാഠ്മണ്ഡു ദർബാർ സ്ക്വയർ ആയിരുന്നു ലക്ഷ്യം. ഗൂഗിളിൽ അതിനടുത്തുള്ള ബസ്​ സ്​റ്റാൻഡ്​ കണ്ടുപിടിച്ച് അവിടേക്ക് ബസ്​ കയറി. അവിടെ നമ്മുടെ ബസ്​ സ്​റ്റോപ്പുകൾക്ക്​ ബസ്​ സ്​റ്റാൻഡ്​ എന്നും ബസ്​ സ്​റ്റാൻഡിന്​ ബസ്സ്പാർക്ക് എന്നും പറയുന്നു.

ദർബാർ സ്​ക്വയറിൽ ചൈനയുടെ മേൽനോട്ടത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ

കാഠ്മണ്ഡുവിലെ അനേകം ദർബാർ സ്ക്വയറുകളിൽ പ്രധാനപ്പെട്ടതാണ് ഇവിടം. എന്നാൽ 2015 ലെ ഭൂകമ്പത്തിന്റെ ഫലമായി ഒത്തിരി നാശനഷ്‌ടങ്ങൾ ഉണ്ടായതും ഈ ദർബാർ സ്ക്വയറിന് സമീപ പ്രദേശങ്ങളിലാണ്. കെട്ടിടങ്ങൾ പുനർ നിർമിക്കുന്നതും പല കെട്ടിടങ്ങളും താങ്ങുകൾ കൊടുത്തു നിർത്തിയതും കാണാൻ കഴിഞ്ഞു. എന്നാൽ AD1908 ൽ നിർമ്മിച്ച ഒരു വലിയ കെട്ടിടം ഇന്നും യാതൊരു കോട്ടവും സംഭവിക്കാതെ നിലനിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ നേരേ ദരാര ടവറിനടുത്തേക്ക് പോയി. AD1882ൽ നിർമിക്കപ്പെട്ട എന്നാൽ 2015 ലെ ഭൂകമ്പത്തിൽ തകർന്ന് 60 പേരുടെ മരണത്തിനിടയാക്കിയ ഈ ടവറിന്റെ അവശേഷിക്കുന്ന ഭാഗം ഇന്ന് അനാഥമായി കാടുപിടിച്ചു കിടക്കുന്നു. ചരിത്രപ്രധാനമായവയെ അതിന്റെ മൂല്യത്തോടെ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് സംശയിക്കുമാറാണ് നേപ്പാളിലെ ഇത്തരം കാഴ്ചകൾ. കൃത്യമായ പരിപാലനവും വ്യക്തമായ ദിശാബോർഡുകളും ടൂറിസത്തെ പ്രോൽസാഹിപ്പിക്കാൻ നേപ്പാളിൽ അത്യന്താപേക്ഷിതമാണ്.

അഞ്ചാം ദിവസത്തെ പ്രധാന പരിപാടി സുധീഷ്മാഷിന് യൂനിവേഴ്‌സിറ്റി ഓഫ് ഏഷ്യയുടെ ഡിലിറ്റ് അവാർഡ് സെറിമണിയിൽ പങ്കെടുക്കുക എന്നതായിരുന്നു. പതിനൊന്ന് മണിക്കായിരുന്നു ചടങ്ങ്. പത്തുമണിയോടെ എയർപ്പോട്ട് ഹോട്ടലിലിലേക്ക് നടന്നു. ഞങ്ങളുടെ താമസസ്ഥലത്തിനടുത്തായിരുന്നു അത്. ഒരുമണിക്കൂർനേരത്തെ പരിപാടിയിൽ കേരളത്തിൽനിന്ന്​ ഞങ്ങളെകൂടാതെ രണ്ടുപേർ കൂടി ഉണ്ടായിരുന്നു. നേപ്പാളിൽ എത്തിയശേഷം ആദ്യമായിട്ടായിരുന്നു വേറെ മലയാളികളെ കാണുന്നത്. ഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യഭ്യാസരംഗത്തെ വിവിധമേഖലയിലുള്ള പ്രശസ്തരായ ആളുകൾ ചടങ്ങിനുണ്ടായിരുന്നു. ഒരുമണിയോടെ തിരികെവന്ന് റൂം ചെക്കൗട്ട് ചെയ്തു. 600 ഇന്ത്യൻ രൂപനിരക്കിൽ നാലുദിവസത്തേക്കുള്ള ബിൽ കൊടുത്തു. പുറത്തിറങ്ങി നേരത്തെ പരിചയപ്പെട്ട റൂമിനടുത്തുള്ള ഒരു രാജസ്ഥാനിയുടെ കടയിൽകയറി തിരികെവരാനുള്ള വഴി അന്വേഷിച്ചു.

വന്നത് പാറ്റ്ന- ജനക്പുർ വഴി ആയതിനാൽ തിരികെ മറ്റേതെങ്കിലും വഴി ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനാൽ തൊട്ടടുത്തുള്ള ഗോശാല ബസ്​ സ്​റ്റാൻഡിൽ നിന്നും ഗോൻഗബു ബസ്​ പാർക്കിലേക്ക് ബസ്​ കയറി. അവിടെനിന്നും ഇന്ത്യയുടെ ബേർഡറായ സുനോളിയിലേക്ക് ബസ്​ കിട്ടി. രണ്ടാൾക്ക് ഇന്ത്യൻമണി 1120 രൂപ ആയിരുന്നു നിരക്ക്. നമ്മുടെ നാട്ടിലെ സാധാരണ ലൈൻ ബസ്​ പോലെയുള്ള ഒരു ബസായിരുന്നു അത്​. ആറുമണിക്ക് പുറപ്പെട്ട് രാവിലെ ഏഴുമണിയോടെ ബോർഡറിലെത്തി. ബോർഡറിൽ ബസിറങ്ങി ചെക്​പോസ്​റ്റ്​ കടന്നു. രണ്ടുരാജ്യങ്ങളുടെയും കവാടങ്ങൾ ഉണ്ടായിരുന്നു.

ലേഖകനും സുഹൃത്ത്​ സുധീഷും

ഇത്രയും എളുപ്പത്തിൽ കടക്കാനാവുമെന്ന്​ ഞങ്ങളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ബോർഡർ കടന്നതോടെ ഷെയർ ടാക്സിക്കാർ പിന്നാലെകൂടി. അതിലൊരു ടാക്സിയിൽ കയറി. ഞങ്ങളെ കൂടാതെ രണ്ടു നേപ്പാളികൾ കൂടി ഉണ്ടായിരുന്നു. 600 രൂപയാണ് ഖരക്​പൂർ റെയിവേ സ്റ്റേഷനിലേക്ക് രണ്ടാൾക്ക് ചാർജ് ഈടാക്കിയത്. ഏകദേശം 200 കിലോമീറ്റർ ദൂരമൂണ്ടായിരുന്നു ബോർഡറിൽനിന്നും റെയിവേ സ്റ്റേഷനിലേക്ക്.
രാവിലെ ഒമ്പതുമണിയോടെ റെയിവേ സ്റ്റേഷനിലെത്തി. തത്കാൽ ടിക്കറ്റിന് വേണ്ടി ശ്രമംനടത്തിയെങ്കിലും കിട്ടിയില്ല. വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലാണ് കേരളത്തിലേക്കുള്ള 12511ാം നമ്പർ രപ്തിസാഗർ എക്സ്പ്രസ്. അങ്ങനെ ഒരു പകലും രാത്രിയും റെയിൽവേ സ്റ്റേഷനിൽ കഴിച്ചുകൂട്ടി. ബുധനാഴ്ച രാവിലെ 6.35 ട്രെയിൻ പുറപ്പെട്ടു. 2934 കിലോമീറ്റർ ദൂരംസഞ്ചരിച്ച് രണ്ടു ദിവസത്തിനു ശേഷം ശനിയാഴ്ച 10 മണിയോടെ ഷൊർണൂരിലെത്തി. ഒരു നിയോഗംപോലെ ഞങ്ങൾ പാലക്കാ​േട്ടക്ക്​ വന്ന അതേ ട്രയിനിൽതന്നെ തിരികെ കൊയിലാണ്ടിയിലെത്തി.

ടിപ്​സ്​
നേപ്പാളിൽ പോകാന്‍ ഉദ്ദേശിക്കുന്നവരോട്, പണം ചെറിയനോട്ടുകളാക്കി കൊണ്ടുപോവുക. നമ്മുടെ 2000 രൂപ നോട്ട് അവിടെ വലിയ കടകളിലേ ഉപയോഗിക്കാനാവൂ. അതുപോലെ പോകുന്നതും വരുന്നതും വ്യത്യസ്​ത ബോർഡറുകളിലൂടെ ആണെങ്കിൽ കൂടുതൽ സ്ഥലങ്ങൾ കാണാനാവും. കാഠ്മണ്ഡുവിലെ സ്ഥലങ്ങൾ മാത്രമേ ഞങ്ങൾ സന്ദർശിച്ചിട്ടുള്ളൂ. ഹിമാലയ പർവതം ഉൾപ്പെടെ നിരവധി കാഴ്ചകൾ കാണാനുള്ള അവസരം നേപ്പാളിലുണ്ട്. വലിയ ബഡ്ജറ്റ് യാത്രക്കാർക്ക് കാഠ്മണ്ഡുവിൽനിന്നും ചെറുവിമാന സർവീസുകൾ വഴി കൂടുതൽ സ്ഥലങ്ങൾ കുറഞ്ഞ സമയംകൊണ്ട് സന്ദർശിക്കാം. ഇന്ത്യൻ പാസ്​പോർട്ടും ഒരു ഫോട്ടോയും ഉണ്ടെങ്കിൽ നേപ്പാൾ സിംകാർഡ് ലഭിക്കും. ഇന്ത്യയിലെ വാഹനങ്ങൾ ബോർഡറിൽനിന്നും പെർമിറ്റോടുകൂടി അവിടെ ഉപയോഗിക്കാം. നേരിട്ട് നേപ്പാളിലേക്ക് വിമാന ടിക്കറ്റ്​ നിരക്ക് കൂടുതലായതിനാൽ ഇന്ത്യയിലെ ലക്നൗ, പറ്റ്ന, ഖരക്​പൂർ എന്നീ എയർപോർട്ടുകൾ വഴി കുറഞ്ഞ നിരക്കിൽ പോകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepaltraveloguetravel newsNepal Diary#travel
Next Story