Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mexico
cancel
Homechevron_rightTravelchevron_rightDestinationschevron_rightചില മെക്​സിക്കൻ...

ചില മെക്​സിക്കൻ അപാരതകൾ

text_fields
bookmark_border

ഒട്ടും പ്ലാൻ ചെയ്യാതെ മെക്സിക്കോയിലേക്ക്​ ഒരു യാത്ര പോകാൻ തീരുമാനിച്ചപ്പോൾ ആദ്യം ഒാർത്തത്​ ഇടയ്​ക്കിടെ ഉണ്ടാകുന്ന ഭൂകമ്പ വാർത്തകളും ​മലയാളിക്കും സ്വന്തമായ ചെഗുവേരയും അഭയാർത്ഥികളെ ചെറുക്കാൻ ട്രംപ് കെട്ടിപ്പൊക്കുന്ന കൂറ്റൻ മതലിലുമായിരുന്നു. പിന്നെ ക്രൂരന്മാരായ മയക്കുമരുന്ന് കള്ളക്കടത്തു മാഫിയയുടെ ചിത്രവും.

മനുഷ്യരെ ജീവനോടെ തോലുരിയുന്ന, പച്ചക്ക് കത്തിക്കുന്ന മാഫിയാതലവന്മാരുടെ നാട് എന്നൊക്കെ കേട്ട മെക്സിക്കോ സിറ്റി അതൊന്നുമല്ലായിരുന്നു. ബാംഗ്ലൂരും ചെന്നൈയും പുണെയുമൊക്കെ പോലെ പറയത്തക്ക വ്യവസ്ഥകൾ ഒന്നുമില്ലാത്ത സാധാരണമായ ഒരിടം.

തലസ്‌ക്കലാ ( Tlaxcala) എന്ന സ്ഥലത്തിനടുത്തുള്ള പുഎബില (Puebla) എന്ന സ്ഥലത്താണ് താമസിക്കാൻ ഹോട്ടൽ ബുക്ക് ചെയ്തിരുന്നത്​. കുറേക്കാലമായി ഫ്രാൻസിലാണ്​ ജോലി. അധികം എരിവ് ഇല്ലാത്ത ഫുഡ് ആയിരുന്നു പഥ്യം. പക്ഷേ, മെക്​സിക്കോയിൽ കിട്ടിയത്​ നല്ല എരിഞ്ഞുകയറുന്ന ഭക്ഷണം. തമിഴ്‌നാട്ടിലെ കാരക്കുളമ്പ്​ പോലെ അല്ലെങ്കിൽ ഒരു അടിപൊളി ആന്ധ്രാ മീൽസ് കഴിക്കുന്ന ഫീൽ. ചപ്പാത്തി പോലുള്ള കോൺഫ്ലോർ കൊണ്ടുള്ള ബ്രെഡും പപ്പടവും കള്ളി മുൾച്ചെടിയുടെ ഇല കൊണ്ടുള്ള ഫ്രൈയും. ടെക്വില കഴിക്കണമെങ്കിൽ അത് മെക്സിക്കൻ സ്റ്റൈലിൽ തന്നെ വേണമെന്ന്​ കൂടെയുള്ള മെക്സിക്കൻ സഹപ്രവർത്തകരുടെ വക ഉപദേശം. ഇതുവരെ മദ്യം രുചിച്ചിട്ടില്ലാത്തതിനാൽ അത്​ നമ്മളെ ബാധിക്കുന്ന വിഷയമേ ആയിരുന്നില്ല.

ഫ്രാൻ‌സിൽ നിന്നും ഞായറാഴ്​ച രാവിലെ യാത്ര തിരിച്ചു. മെക്സിക്കോ സിറ്റിയിൽ എത്തിയത് പ്രാദേശിക സമയം വൈകുന്നേരം 5.30നായിരുന്നു. ഏഴ്​ മണിക്കൂർ സമയ വ്യത്യാസം. പെട്ടന്ന് തന്നെ ടാക്സി എടുത്തു പുവബിലയിലുള്ള ഹോട്ടലിലേക്ക് പോയി രണ്ടര മണിക്കൂർ യാത്ര. ക്ഷീണവും വിമാനം വൈകലും കാരണം വണ്ടിയിലിരുന്നു നല്ല വണ്ണം ഉറങ്ങി. ഡ്രൈവർ തെരഞ്ഞെടുത്ത മെക്സിക്കൻ സ്പാനിഷ് പാട്ടുകളും ഉറക്കത്തിനു ആക്കം കൂട്ടി. ഹോട്ടലിൽ നിന്നും ഗ്രീക് സലാഡും കഴിച്ചു അടിപൊളിയായി ഉറങ്ങി. തിങ്കൾ മുതൽ ബുധൻ വരെ ചില ഒൗദ്യോഗിക ആവശ്യങ്ങളുണ്ട്​.

മെക്​സിക്കൻ തെരുവ്​

കൂടെയുള്ള ഫ്രഞ്ചുകാരൻ ഒരാഴ്​ച മുമ്പേ ഇവിടെയുണ്ട്​. പുള്ളി കഴിഞ്ഞയാഴ്​ചയിലെ ഒരനുഭവം പറഞ്ഞു. ഒരു ദിവസം ഓഫീസിൽ പെട്ടന്ന് സൈറൺ മുഴങ്ങി. എല്ലാവരും പെട്ടന്നുതന്നെ പുറത്തേക്കോടി. കാരണം, ഭൂമി ചെറുതായൊന്നിളകി. ചെറിയ പ്രകമ്പനം മാത്രം. അതിവിടെ സാധാരണ സംഭവമാണുപോലും !! റിക്​ടർ സ്​കെയിലിൽ നാലാണ്​ രേഖപ്പെടുത്തിയത്​. 10 മിനിട്ടു കഴിഞ്ഞപ്പോൾ എല്ലാവരും തിരികെ ജോലിയിൽ കയറി. എല്ലാവർക്കും ചുളുവിലൊരു ഷോർട്ട്​ ബ്രേക്ക് ആയിരുന്നു പോലും. പക്ഷേ, നമ്മുടെ ഫ്രഞ്ച് സായിപ്പു ശരിക്കും പേടിച്ചുപോയിരുന്നു.

വ്യാഴവും വെള്ളിയും ഫാക്ടറി അവധി ആയതിനാൽ എനിക്ക് രണ്ടു ദിവസം ഒഴിവു​ കിട്ടി. കൂടെയുള്ള ഫ്രഞ്ചുകാരൻ വ്യാഴാഴ്​ച വൈകിട്ടത്തേക്കാണ്​ ടിക്കറ്റ്​ എട​ുത്തിരുന്നത്​. എൻ​െറ ടിക്കറ്റ് വെള്ളിയാഴ്ച്ച വൈകുന്നേരമായതിനാൽ വ്യാഴാഴ്​ച പകൽ ഏതെങ്കിലും സ്ഥലം കാണാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെയാണ്​ ടിയോടിവാകൻ (teotihuacan).

പിരമിഡുകളുടെ നാട്ടിലേക്ക്​

ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്നും ഏകദേശം 130 കി.മീ. ദൂരെയാണ് പുരാതന നഗരമായ ടിയോടിവാകൻ. ബി.സി 100 മുതൽ എ.ഡി 250 വരെയുള്ള കാലഘട്ടത്തിലാണ് ഇൗ നഗരം നിർമിക്കപ്പെട്ടത്. അതിഗംഭീരമായ രണ്ട്​ പിരമിഡുകളാണ്​ ഇവിടുത്തെ പ്രധാന കാഴ്ച. സൂര്യനും ചന്ദ്രനും എന്ന്​ ​േപർ. മീസോ അമേരിക്കൻ പിരമിഡ് എന്ന് വായിച്ചറിഞ്ഞി​േട്ടയുള്ളു എന്നല്ലാതെ ഇത് ഇത്രയും ഭീമാകാരനാണെന്ന്​ നേരിൽ കണ്ടപ്പേഴാണ്​ മനസ്സിലായത്. പണ്ടുകാല​ത്തേ സജീവമായ അഗ്​നിപർവതങ്ങൾ ഉള്ള നാടായതിനാൽ തന്നെ പിരമിഡി​​​െൻറ നിർമിതിയിൽ ഒരുപാട് അഗ്​നിപർവ ശിലകൾ ഉപയോഗിച്ചിരിക്കുന്നു.

അഗ്​നിപർവത ശിലകൾ ആണ്​ പിരമിഡുകളുടെ നിർമാണത്തിന്​ ഉപയോഗിച്ചിരിക്കുന്നത്

രണ്ട് പിരമിഡുകളുണ്ടിവിടെ-സൂര്യൻ വലുതും ചന്ദ്രൻ ചെറുതും. പ്രധാനമായും മതപരമായ ആചാരങ്ങൾക്കാണ് ഇവിടം ഉപയോഗിച്ചിരുന്നത്. നാലു തട്ടിലായാണു പിരമിഡിന്റെ നിർമിതി. മൂന്നാമത്തെ തട്ട് ഒന്നൊന്നര തട്ട് തന്നെ. നിർമിതിയിലെ ഗരിമയല്ല, പക്ഷേ ആചാരങ്ങൾ അൽപം കഠിനം തന്നെ.
ആസ്ടെക്ക്​ (Aztec) കാലഘട്ടത്തിൽ നരബലി നടത്തിയിരുന്നത് ഈ തട്ടിൽ നിന്നായിരുന്നു. തട്ടിൽ ബലിയാവാൻ വിധിക്കപ്പെട്ട ആളും, പൂജാരിയും, ദൈവത്തിന്റെ പ്രതിനിധിയായി രാജാവും. തൊട്ട് താഴെതട്ടിലും നിലത്തുമായി കാഴ്ചക്കാരായി നാട്ടുകാരും.

മൂന്നു തട്ടുകളിലായി നിർമിച്ചിരിക്കുന്ന പിരമിഡുകൾ വിസ്​മയിപ്പിക്കുന്നതാണ്​....

ആസ്ടെക്​ വർഗക്കാരുടെ ബലി ക്രൂരതയുടെ അങ്ങേ അറ്റമാണ്. സാധാരണയായി, യുദ്ധത്തിലോ മറ്റോ പിടിക്കപ്പെട്ട പുറം നാട്ടുകാരനായിരിക്കും ഇര. ആദ്യം തലയിൽ ഒരു കല്ലുകൊണ്ട് ഇടിക്കുന്നു. എന്നിട്ട് മൂർച്ചയുള്ള ഏതെങ്കിലും ആയുധം കൊണ്ട് പൂജാരി അവന്റെ വയറ് കീറും. ആ മുറിവിലൂടെ കൈയിട്ട് പൂജാരി അവന്റെ ഹൃദയം പറിച്ചെടുത്ത് രാജാവിനു കൊടുക്കും! രാജാവ് അത് വായിലിട്ട് രക്തം കുടിക്കും! അത് കഴിഞ്ഞാൽ ബലികൊടുക്കപ്പെട്ടവന്റെ ശരീരം മൂന്നാമത്തെ തട്ടിൽ നിന്ന് നേരെ താഴെക്കെറിയും!

ആ കാലം ഇപ്പോൾ ആണെങ്കിലോ എന്ന്​ വെറുതേ ഒന്നു സങ്കൽപ്പിച്ചു നോക്കി. ഞാൻ അങ്ങിനെ പിടിക്കപ്പെട്ട പുറംനാട്ടുകാരൻ... ഒാർത്തപ്പോൾ തന്നെ ഉള്ളൊന്നു കാളി. കൂടെയുള്ള സായിപ്പിനു വൈകിട്ടത്തെ ഫ്ലൈറ്റ് പിടിക്കേണ്ടതിനാൽ വലുതിന്റെ മുകളിൽ മാത്രമേ കയറിയുള്ളൂ. ഒരുപാടു ഉയരത്തിൽ ആയതിനാൽ തന്നെ (സമുദ്രനിരപ്പിൽ നിന്ന്​ 2200 അടി ഉയരം) കനം കുറഞ്ഞ വായുവാണവിടെ. പെട്ടന്ന് കിതപ്പ് വരും. ഒാരോ ഘട്ടത്തിലും ചെറിയ ഇടവേളയിട്ടാണ്​ ഞങ്ങൾ മുകളിലേക്ക്​ കയറിയത്​.

സമുദ്രനിരപ്പിൽ നിന്ന്​ 2200 അടി ഉയരത്തിലാണ്​ പിരമിഡി​​​െൻറ അഗ്രം സ്​ഥിതി​ ചെയ്യുന്നത്​

പിരമിഡിന്റെ ഏറ്റവും മുകളിൽ നിന്നുള്ള കാഴ്ച അതി മനോഹരം. ഒന്നേകാൽ ലക്ഷത്തോളം ആളുകൾ ഈ നാഗരികതയിൽ താമസിച്ചിരുന്നു പോലും.
പിരമിഡിന് മുകളിൽ കയറി ഒന്നു രണ്ടു പനോരമ ഫോട്ടോയും എടുത്തു. കൂടെ ഒരു മെക്സിക്കൻ തൊപ്പിയും വാങ്ങി ഞങ്ങൾ ഇറങ്ങി. പിന്നെ നേരെ മെക്സിക്കോ സിറ്റിയിലേക്ക്. പോകുന്ന വഴിക്കു ഡ്രൈവർ പറഞ്ഞു ഈ വഴി പോയാൽ അമേരിക്കയിൽ എത്താമെന്ന്​. ട്രംപ് പറയുന്ന മതിൽ ഉണ്ടോ എന്നു ചോദിച്ചപ്പോൾ ഡ്രൈവർക്ക്​ ഒരു ചിരി. മെക്സിക്കോ സിറ്റിയിൽ ഒരു ഓട്ട പ്രദക്ഷിണം. ബാംഗ്ലൂരിലെ എം.ജി റോഡ് പോലുള്ള സ്ഥലവും കോർപറേഷൻ ഓഫീസും സ്വാതന്ത്ര്യത്തിന്റെ മാലാഖയുടെ പ്രതിമ (Statue of angel of indepence) എല്ലാം ഒന്ന് ഓടിച്ചു കണ്ടു.

കുത്തനെയുള്ള കയറ്റം കയറി മുകളിൽ എത്തുമ്പോൾ കുഴഞ്ഞുപോകും

പിന്നെ നേരെ എയർപോർട്ടിലേക്ക്​. സായിപ്പിനെ ഇറക്കി ഞാൻ തിരിച്ചുവന്നു. പിറ്റേ ദിവസത്തെ പ്ലാൻ ഡ്രൈവറോട് പറഞ്ഞു. സുഷുപ്തിയിലാണ്ട അഗ്നിപർവതം കാണാൻ പോകാം. എന്നിട്ടു റിട്ടേൺ ഫ്ലൈറ്റ് കയറാം അതാണ് പ്ലാൻ. അഗ്നിപർവതം സ്വപ്നം കണ്ടു ആ രാത്രി ഞാനുറങ്ങി.

രാവിലെ എണീറ്റ് ഹോട്ടൽ ചെക്ക് ഔട്ട് ചെയ്യുമ്പോൾ വില്ലനെ പോലെ മഴ വന്നു. ആകാശം മൊത്തം മൂടിയക്കെട്ടിയിരുന്നു. അഗ്നിപർവതം കാണാൻ പോകാൻ പറ്റില്ല. കാരണം അത്രയ്ക്ക് അടുത്തെത്തിയാലേ എന്തെങ്കിലും കാണാൻ പറ്റൂ. അതുകൊണ്ടു വേറെ വല്ല സ്ഥലവും ഉണ്ടോയെന്ന്​ ഡ്രൈവറോട് ചോദിച്ചു. മൂപ്പരും പറഞ്ഞു അവിടെ പോയിട്ട് കാര്യമായി ഒന്നും കാണാൻ പറ്റില്ല, വേറെ പിരമിഡ് കാണാം എന്ന്. അതനുസരിച്ച്​ അടുത്ത പിരമിഡ് കാണാൻ നേരെ കാക്കസ്‌ലയിലേക്ക്( (cacaxtla ) തിരിച്ചു.

മായൻ സംസ്കാരത്തി​​​െൻറ ഓർമകൾ തുളുമ്പി നിൽക്കുന്ന വർണ്ണ ചിത്രങ്ങൾ ഉള്ള പിരമിഡാണ്​ അവിടുത്തെ ആകർഷണം. നിഗൂഢത ഇന്നും അവസാനിക്കാതെ വിവിധ ​പ്രായങ്ങളിലുള്ള സ്ത്രീ രൂപങ്ങളും ചിത്രങ്ങളുമുള്ള പിരമിഡ്. അതാണ് ഒറ്റ നോട്ടത്തിൽ ഇവിടുത്തെ പിരമിഡ് .
ഇതിനെ കുറിച്ച് ഒരു കഥ ഉണ്ട്. പണ്ട് കാലത്ത്​ ഇവിടം പിടിച്ചടക്കാൻ സ്പെയിൻകാർ വന്നപ്പോൾ നാട്ടുകാർ ഈ സ്ഥലം മൊത്തം മണ്ണിട്ട് മൂടി. കാലം കുറെ കഴിഞ്ഞപ്പോൾ ആരൊക്കെയോ വല്ലതും കിട്ടുമോ എന്നറിയാൻ മണ്ണെടുക്കുമ്പോൾ കണ്ട അസ്വാഭാവികത നാട്ടിലെ പള്ളീലച്ചനോട് പറഞ്ഞു. അദ്ദേഹം ആർക്കിയോളോജിക്കാരെ വിവരം അറിയിച്ചു എന്നാണ് കഥ. എന്തായാലും ഈ സ്ഥലം തികച്ചും പുണ്യമാക്കപ്പെട്ട ആരാധനാവശ്യങ്ങൾക്ക്​ ഉപയോഗിച്ചു എന്നാണ് പുതിയ തിയറി.

മെക്​സിക്കൻ തെരുവിലെ 'ഗാന്ധി' എന്ന പേരിൽ പ്രവർത്തിക്കുന്ന ഷോപ്പ്​

തിയോടിവെക്കാനിലെ ചന്ദ്രൻ പിരമിഡി​​​െൻറ അത്രയേ ഈ പിരമിഡ് കാണൂ. കുറച്ചു വർഷങ്ങൾക്കു മുമ്പുണ്ടായ ശക്തമായ മഴ കാരണം പിരമിഡിലെ ചിത്രങ്ങൾക്ക് കേടു പാടുകൾ ഉണ്ടായതുകൊണ്ട് ഇപ്പോൾ ഒരു മേൽക്കൂര പണിതിട്ടുണ്ട്. ടിക്കറ്റ് എടുത്ത്​ അഞ്ചു മിനിട്ടു നടക്കണം. ഇവിടുന്നു കിട്ടിയ പല ശിൽപങ്ങളും ഒരു മുറിയിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്​. പിരമിഡി​​​െൻറ ചില സ്ഥലങ്ങളിൽ മരം കൊണ്ടുള്ള കോണിപ്പടികൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്. മുകൾ ഭാഗത്തും മരം കൊണ്ട് നടപ്പാത ഉണ്ടാക്കി വെച്ചിട്ടുണ്ട്.

യാത്രയ്​ക്കിടയിൽ അൽപം വിശ്രമം

അത്യാവശ്യം വിവരങ്ങൾ നോട്ടീസ് ബോർഡിൽ ഇംഗ്ലീഷിലും സ്​പാനിഷിലും എഴുതി വെച്ചിട്ടുമുണ്ട്. ഒരു ഗൈഡ് ഓരോ സ്ഥലത്തു നിന്നും എന്തൊക്കെയോ സ്പാനിഷിൽ പറയുന്നുണ്ട്. എനിക്ക് ഒന്നും മനസ്സിലായില്ല. തിരിച്ചു നടക്കുമ്പോൾ ഒരു നാലു അഞ്ചു മീറ്റർ ഉയരത്തിൽ മണ്ണ് മൂടിയ, ചെറിയ മരവും ഒക്കെയുള്ള ഒന്ന്​ കണ്ടു. അതും ഒരു പിരമിഡ് ആണ്. അപ്പൊ നേരത്തെ കേട്ട കഥയിൽ കഴമ്പുണ്ടെന്ന് മനസ്സിലായി .

അടുത്ത പിരമിഡിലേക്കു ഒരു കിലോമീറ്റർ കാറിൽ പോകണം. പൂക്കളുടെ പിരമിഡ് എന്നറിയപ്പെടുന്ന പല പ്രാചീന ആരാധനകളും നടന്ന സ്ഥലം. മൂന്നു നാല് പിരമിഡുകൾ അടുത്തടുത്തായുണ്ട്​. വലിപ്പം കാര്യമായി ഇല്ല. കയറാനും ബുദ്ധിമുട്ടില്ല. ദുഃഖ വെള്ളിയായതിനാൽ അധികം ആൾക്കൂട്ടമില്ല. സ്പൈറൽ പിരമിഡ് എന്ന കൊച്ചു പിരമിഡിൽ കയറാൻ പടികൾ ഒന്നും ഇല്ല. പ്രദക്ഷിണം വെച്ചു വേണം മുകളിൽ കയറാൻ.

അനസ്​ കക്കോടി

സുരക്ഷ: പൊതുവിൽ കാണാൻ വല്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും മയക്കുമരുന്ന് മാഫിയകൾ സജീവമാണെന്നാണ്​ ഡ്രൈവർ പറഞ്ഞത്. പിന്നെ, ബാംഗ്ലൂർ, മുംബൈ പോലുള്ള സ്ഥലങ്ങളിൽ നടക്കാറുള്ള കാറിൽ വെച്ച് ഭീഷണിപ്പെടുത്തുക, ടാക്സി അല്ലാത്തവയിൽ ആളുകളെ കയറ്റി കാശു പിടുങ്ങുക തുടങ്ങിയ ഒരുവിധം എല്ലാ നാട്ടിലും ഉള്ള അല്ലറ ചില്ലറ വേലത്തരങ്ങൾ ഒക്കെ അവിടെയും ഉണ്ട്. അതുകൊണ്ടള ഉത്തരവാദിത്തമുള്ള ഹോട്ടലുകൾ വഴി മാത്രം ടാക്സി ബുക്ക് ചെയ്യുക. കഴിയുന്നതും ഒരു മെക്സിക്കോകാരനെ കൂടെ കൂട്ടുക. അല്ലെങ്കിൽ നല്ലോണം സ്പാനിഷ് പഠിക്കുക. ഒരുവിധം എല്ലായിടത്തും ഇംഗ്ലീഷ് ഒരു രക്ഷക​​​െൻറ വേഷം അണിയാറില്ല.

വിസ: ഇൻഡ്യക്കാർക്ക്​ വിസ വേണം. അപേക്ഷ ഫോമും ചാർജും (36 അമേരിക്കൻ ഡോളർ) മെക്സിക്കൻ കോൺസുലേറ്റിൽ സമർപ്പിക്കുക. അവരുടെ വെബ്‌സൈറ്റിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിഗ്രി സർട്ടിഫിക്കറ്റി​​​െൻറ കോപ്പി, സാലറി സ്ലിപ്, ബാങ്ക്​ സ്​റ്റേറ്റ്​മ​​െൻറ്​, ഇൻകം ടാക്സ് പെയ്ഡ് ഡീറ്റെയിൽസ്, ഫോട്ടോ, ഹോട്ടൽ ആൻഡ് ഫ്ലൈറ്റ് ടിക്കറ്റ് ഡീറ്റെയിൽസ്, (ഒഫീഷ്യൽ ട്രിപ്പ് ആണെങ്കിൽ മെക്സിക്കോയിൽ നിന്നുള്ള ഒറിജിനൽ ഇൻവിറ്റേഷൻ ലെറ്റർ, ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നുള്ള ചുമതലപ്പെടുത്തിയ കത്ത്​, ലെറ്റർ പാഡിൽ ടാക്സ് നമ്പർ (RFC ) രേഖപ്പെടുത്തണം. ക്ഷണിച്ചയാളി​​​െൻറ വിവരങ്ങൾ തുടങ്ങിയവയെല്ലാം പാസ്സ്പോർട്ടിനൊപ്പം കൊടുക്കണം. രണ്ടു ദിവസം കഴിഞ്ഞാൽ വിസ റെഡി. സാധാരണ ആറു മാസം ആണ് വിസ കാലാവധി. ഇമിഗ്രേഷൻ സമയത്തും ഇൻവിറ്റേഷൻ ലെറ്റർ, റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് ഡീറ്റെയിൽസ് എന്നിവ കൂടെ കരുതണം.
അവരുടെ പുതിയ നിയമം അനുസരിച്ചു പാസ്​​േപാർട്ടിൽ ജപ്പാൻ , അമേരിക്ക, ഷെങ്കൻ രാജ്യങ്ങൾ എന്നിവരുടെ വാലിഡ്‌ വിസ (അവിടുത്തെ റസിഡന്റ് കാർഡ് പറ്റില്ല) എന്നിവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ വേറെ വിസയുടെ ആവശ്യമില്ല. എന്നാലും കോൺസുലേറ്റിൽ പോയി അവരുടെ അഭിപ്രായം തേടുന്നത് നന്നായിരിക്കും.

കാലാവസ്ഥ: നമ്മുടെ ബാംഗ്ലൂരിലെ കാലാവസ്ഥപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്​.

മറ്റു പ്രധാന സ്ഥലങ്ങൾ: ക്യാംകൂൻ, വേറെ ഒരുപാടു പിരമിഡുകൾ, സുഷുപ്തിയിലാണ്ട അഗ്​നിപർവതങ്ങൾ.
കറൻസി: മെക്സിക്കൻ പേസൊ. ഏകദേശം 18 പേസൊയാണ്​ ഒരു അമേരിക്കൻ ഡോളർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveloguePyramidsofMexicoDestinationabroadMexico cityTlaxcala
Next Story