തായ്​വാനിലെ ശാന്തമനുഷ്യർ

  • കിഴക്കൻ ഏഷ്യയിലെ കൊച്ചു ദ്വീപായ തായ്​വാൻെറ വിശേഷങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്​റ്റ്​ രാജ്യത്തിൽനിന്നും കുടിയേറിയവരുടെ പിൻഗാമികളാണ് തായ്​വാനികൾ

കിഴക്കൻ ഏഷ്യയിലെ കൊച്ചു ദ്വീപാണ് തായ്​വാൻ. ഭൂപ്രദേശ ഭംഗികൊണ്ടും കാലാവസ്ഥയിലെ പ്രത്യേകത കൊണ്ടും പലരും ‘ഫൊർമോസ’ (മനോഹരം) എന്ന വിളിപ്പേര് നൽകിയ ദേശം. ആദ്യ കാലത്ത് ചൈനീസ്- ജാപ്പനീസ് വംശജർ കുടിയേറിപ്പാർത്തതാണെങ്കിലും കമ്യൂണിസ്​റ്റ്​ സിദ്ധാന്തങ്ങൾക്കൊന്നും വളക്കൂറില്ലാത്തൊരു മണ്ണാണിവിടം. മാൻഡറിൻ ചൈനീസും ഹക്കാ ഭാഷയും സംസാരിക്കുന്ന ജനാധിപത്യ ‘രാജ്യ’മെന്ന് സ്വയം വിശേഷിപ്പിക്കുന്നൊരു ദ്വീപാണെങ്കിലും, ചൈനയുടെ എതിർപ്പിനെത്തുടർന്ന് ഐക്യരാഷ്​ട്രസഭപോലും രാജ്യപദവി നൽകിയിട്ടുമില്ല.

ജീവിത രീതികൾ
ഭൂപ്രദേശത്തി​​െൻറയും ഭാഷയുടേയും വ്യത്യസ്​തതയേക്കാൾ ജനങ്ങളുടെ സ്വഭാവ സവിശേഷതയും ജീവിത രീതിയുമാണ് ഏവരെയും കൂടുതൽ ആകർഷിക്കുന്നത്. വളരെ ക്ഷമാശീലരും മിതഭാഷികളുമായ ഒരു കൂട്ടം മനുഷ്യരുടെ ദേശമാണിത്​. അരിഭക്ഷണം കഴിക്കുമെങ്കിലും കൂടുതൽ എരിവും മസാലകളുമില്ലാത്ത നൂഡിൽസും ചൈനീസ് വിഭവങ്ങളുമാണ് ഇവരുടെ ഇഷ്​ട ഭക്ഷണം. ഇന്ത്യക്കാരെപോലെ സുഗന്ധവ്യഞ്​ജനങ്ങളൊന്നും പുഴുങ്ങിയ രൂപത്തിലുള്ള ഭക്ഷണങ്ങളിലോ മത്സ്യ-മാംസാദികളിലോ അധികം ഉപയോഗിക്കാറുമില്ല.

 
 

ചൈനക്കാരുടെ പിൻഗാമികളാണെങ്കിലും പാശ്ചാത്യരുടെ വസ്ത്ര- ഭക്ഷണ സംസ്കാര രീതികളെയാണ് ഫൊർമോസയിലെ പുതുതലമുറ കൂടുതൽ പുൽകുന്നത്. വീടുകളിലാണെങ്കിൽ ഭക്ഷണം പാകംചെയ്യൽ വളരെ കുറവാണ്. വൈകീട്ട് ആറ് മണിക്ക് മുമ്പു തന്നെ രാത്രി ഭക്ഷണം കഴിക്കുന്നവരാണിവർ. അധികം മറ്റുള്ളവരുമായി ഇടപഴകുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല അവരാരും. എന്നാലും വിവര സാങ്കേതികവിദ്യ ജീവിതത്തിൽ വിദഗ്ധമായി അവർ ഉപയോഗിക്കുന്നു. ബസ്- ട്രെയിൻ സമയക്രമീകരണങ്ങൾ മുതൽ ഏത് കടയിൽ നിന്നും തങ്ങൾ ഭക്ഷണം കഴിക്കണമെന്നുപോലും തീരുമാനിക്കുന്നത് ഇവയുടെയെല്ലാം സഹായത്തോടെയാണ്. അതുകൊണ്ടുതന്നെ സഹവാസികളുമായി കൂടുതൽ സംസാരിക്കാനും അടുത്തിടപഴകാനുമുള്ള സാഹചര്യങ്ങൾ കുറയുന്നു. ശാന്തമഹാ സമുദ്രത്താൽ ചുറ്റപ്പെട്ടൊരു ദ്വീപാണെങ്കിലും ചില പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടാറുണ്ട്. അതിനു പരിഹാരമെന്നോണം നമ്മുടെ നാട്ടിലെ പെട്രോൾ ബങ്കുകൾക്ക് സമാനമായ കുടിവെള്ള പമ്പുകൾ സുലഭമായി കാണാം. ആവശ്യക്കാർക്ക് മെഷീനിൽ പണം നിക്ഷേപിച്ച് ആവിശ്യത്തിന് വെള്ളം സ്വീകരിക്കാൻ കഴിയും!

മര്യാദയുടെ നിരത്തുകൾ
പൊതുഗതാഗതങ്ങളിലും ബസുകളിലും കയറാൻ വരി പാലിക്കുകയും വാഹനത്തിൽ സ്ഥലമില്ലെങ്കിൽ വീണ്ടും മണിക്കൂറുകളോളം അത് തുടരുകയും ചെയ്യുന്നവരാണ്​ ദ്വീപുകാർ.  ബസുകളിലാണെങ്കിൽ വേറെയും കൗതുകങ്ങളുണ്ട്. ആളുകൾ കയറുമ്പോൾ ‘നി ഹൌമ’ (ഹലോ, സുഖമല്ലേ) എന്ന് ഡ്രൈവർ സ്നേഹത്തോടെ ഓരോ യാത്രികരെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും യാത്ര അവസാനിച്ച് തിരിച്ചിറങ്ങുമ്പോൾ നന്ദിയും പറയുന്നു. ഹോണുകളുടെ ഉപയോഗം വളരെ കുറവാണിവിടെ. തലസ്ഥാന നഗരിയായ തായ്പേയിലും, കുന്നും മലയും ചുരവുമുള്ള കീലുങ്ങിലും, ചോങ്ഗ്ലിയിലെ ഗ്രാമപ്രദേശത്തുമെല്ലാം ഇവയുടെ ശബ്​ദം കേൾക്കുന്നത് വളരെ വിരളമാണ്. മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായാൽപോലും ഇവ ഉപയോഗിക്കുന്നില്ല. ഇനി വാഹനങ്ങൾ തമ്മിൽ ഉരസുകയോ ചെറിയ രീതിയിൽ അപകടമുണ്ടാവുകയോ ചെയ്താൽ, ഡ്രൈവർമാർ തർക്കത്തിലേർപ്പെടുകയോ നടുറോഡിൽ പ്രശ്നമുണ്ടാക്കുകയോ ചെയ്യാതെ മാന്യമായി നിയമപാലകരെ കാത്തിരിക്കുന്നു.

വൃത്തിയും വിദ്യാഭ്യാസവും
വളരെ വൃത്തിയും അച്ചടക്കവുമുള്ളൊരു ജീവിതത്തിനുടമകളാണിവർ. സ്കൂൾ തലങ്ങളിൽ തൊട്ടുതന്നെ വൃത്തിയുടെയും മാലിന്യ സംസ്കരണത്തി​​െൻറയും ആവശ്യകതകളെല്ലാം ഇവർ വ്യക്തമായി ഗ്രഹിക്കുന്നതോടൊപ്പം പ്രായോഗിക തലത്തിൽ നടപ്പിൽ വരുത്തുന്നു. കോളജുകളിൽപോലും ഇവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. കാമ്പസുകളും തൊട്ടടുത്തുള്ള പൊതുനിരത്തുകളുമെല്ലാം ഓരോ ദിവസവും വൃത്തിയാക്കുന്നത് വിദ്യാർഥികളാണ്.

ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് വളർത്തുനായ്​ക്കൾ. അവയെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും അവയുമായി കോളജിലും പൊതു ഇടങ്ങളിലും ആളുകളെ കാണാൻ കഴിയുന്നു. എങ്കിലും അവയുടെ വിസർജ്യ വസ്തുക്കൾ പൊതു നിരത്തുകളിലോ ആളൊഴിഞ്ഞ പ്രദേശങ്ങളിലോ കാണില്ല.  ഓരോരുത്തരും അവരുടെ നായ്​ക്കളുടെ വിസർജ്യാവശിഷ്​ടങ്ങൾ ശേഖരിക്കുകയും മാലിന്യങ്ങൾ നിക്ഷേപിക്കുന്നയിടങ്ങളിൽ കൊണ്ടിടുകയും ചെയ്യുന്നു. ചില സ്ഥലങ്ങളിൽ അതത് നഗരസഭകൾ തന്നെ കുറഞ്ഞ മൈക്രോൺ അളവിലുള്ള പോളിത്തീൻ ബാഗുകൾ ഇതിനായി വെച്ചിരിക്കുന്നതും കാണാം.

വിശ്വാസ പ്രമാണങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്​റ്റ്​ രാജ്യത്തിൽനിന്നും കുടിയേറിയവരുടെ പിൻഗാമികളാണ് തായ്​വാനികൾ. എന്നാൽ, കമ്യൂണിസ്​റ്റ്​ ആശയങ്ങൾ അവരുടെ ജീവിതത്തിലോ രാഷ്​ട്രീയത്തിലോ കാണാൻ സാധിക്കില്ല. കൂടുതൽ പേരും ബുദ്ധിസത്തിലും കൺഫ്യൂഷനിസത്തിലും വിശ്വസിക്കുന്നവരാണെങ്കിലും, ചെറു സമൂഹമായി ഇസ്​ലാമും ക്രിസ്​റ്റ്യാനിറ്റിയും ഇവിടെയുണ്ട്. അതിലുപരി, 20 ശതമാനത്തിനടുത്ത് വരുന്ന ഫൊർമോസക്കാർ പ്രത്യേകിച്ചൊരു വിശ്വാസ പ്രമാണങ്ങളും പിന്തുടരുന്നുമില്ല. തായ്​വാനികളിൽ കാണുന്ന ചില ചൈനീസ് പാരമ്പര്യ വിശ്വാസങ്ങളായ താഓയിസം, ത്യാൻഡിസം, സൈലിസം, ശ്യാന്യാനിസമെല്ലാം ഏറെ കൗതുക മുണർത്തുന്നതാണ്.

ഇവയെല്ലാം ചില വ്യക്തി കേന്ദ്രീകൃത വിശ്വാസ പ്രമാണങ്ങളാണ്. എങ്കിലും യോഗ, ആയോധനകല, പ്രകൃതിയെയും ജീവജാലങ്ങളേയും സംരക്ഷിക്കൽ, ധ്യാനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഓരോ വിശ്വാസ പ്രമാണങ്ങളിലും തീവ്രത പുലർത്തുന്നവർ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുകയും, ആകർഷണങ്ങളൊന്നുമില്ലാത്ത വസ്ത്രങ്ങൾ ധരിച്ച്, മിതഭാഷികളായി ജീവിക്കുകയും ചെയ്യുന്നു.

രാഷ്​ട്രീയവും ലിംഗ സമത്വവും
ആധുനിക ജനാധിപത്യ രീതിയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുതൽ പ്രസിഡൻറ്​ വരെയുള്ളവരെ നാലു വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്. മത-സാമുദായിക-വർഗീയ ചിന്തകളിൽനിന്ന്​ വ്യത്യസ്തമായി തായ്​വാൻ ദേശീയതയിലധിഷ്ഠിതമായി ചൈനയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഇവിടത്തെ ഓരോ തെരഞ്ഞെടുപ്പുകളും. ലിംഗ സമത്വത്തിന് പ്രാധാന്യം കൊടുക്കുന്നൊരു സമൂഹമാണ് ഫൊർമോസക്കാർ. ഇത് വസ്ത്രധാരണ രീതി മുതൽ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും വ്യക്തമായി പ്രകടമാകുന്നു.

ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് സ്വവർഗ വിവാഹം തായ്​വാനിൽ നിയമ വിധേയമാക്കിയത്. കോടതിയുടെ നിരന്തര ഇടപെടലിനെത്തുടർന്ന് ഒരേ ലിംഗത്തിൽ പെട്ടവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള നിയമ സഹായം പാർലമ​െൻറ്​ പാസാക്കി. ഏഷ്യയിൽ തന്നെ മറ്റൊരു രാജ്യവും ഇത്രത്തോളം നിയമ നിർമാണങ്ങളുമായി മുന്നോട്ട് വന്നിട്ടില്ലത്രെ. ഓരോ വ്യക്തിയും സ്വന്തം കാര്യങ്ങളിൽ ജാ​ഗ്രത പുലർത്തുകയും മറ്റുള്ളവർക്ക് പ്രയാസങ്ങൾ സൃഷ്​ടിക്കാതെ, അമിത സദാചാര പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ ദ്വീപിൽ സമാധാനം നിലനിർത്താൻ സഹായിക്കുന്നത് അഭിനന്ദനാർഹമാണ്. ഒരു നല്ല സമൂഹത്തി​​െൻറ സൃഷ്​ടിപ്പിന് ഇത് നിദാനമാവും.

(ലേഖകൻ തായ്​വാനിലെ ചങ് യാൻ ക്രിസ്ത്യൻ യൂനിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർഥിയാണ്)

 

Loading...
COMMENTS