ഇതിലും ലളിതമായെങ്ങനെ ഈ യന്ത്രലോകത്തിൽ ജീവിക്കും...

  • ലോകത്തിലെ ഏറ്റവും യന്ത്രവത്​കൃതമായ രാജ്യത്ത് 300 കൊല്ലം മുമ്പുള്ള ജീവിതരീതി പിന്തുടരുന്ന ഒരു ജനത...

കാറ്റാടി യന്ത്രങ്ങളും സോളാർ പാനലുകളുമാണ്​ ആമിഷുകൾ വൈദ്യുതിക്കായി ആശ്രയിക്കുന്നത്​

ശാന്ത സുന്ദരമായ ചോളവയലുകൾക്കിടയിലൂടെ ഒരു  പെരുമ്പാമ്പിനെ പോലെ  വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴി. ഇരുവശങ്ങളിലും ഉള്ള  പുൽമേടുകളിൽ  കാറ്റാടി യന്ത്രങ്ങൾ. വെള്ള പൂശിയ വേലിക്കെട്ടിനുള്ളിൽ പുല്ലു തിന്നുന്ന കുതിരകൾ. ഇടക്കിടെ കൊച്ചരുവികൾ,  അവക്ക് കുറുകെ സുന്ദരമായ തടിപ്പാലങ്ങൾ. ഇടക്ക് ഒറ്റപ്പെട്ട വീടുകളും ധാന്യപ്പുരകളും. അപൂർവമായി മനുഷ്യരും. വഴിയിൽ  പഴയ ഇംഗ്ലീഷ് സിനിമകളിലെ പോലെയുള്ള  കുതിരവണ്ടികൾ മാത്രം. അതി​​​െൻറ ഉള്ളിൽ മഞ്ഞുപോലെ വെളുത്ത സ്ത്രീകളും കുട്ടികളും. ആ​കക്കൂടി നൂറ്റാണ്ടുകൾക്ക് അപ്പുറത്തേക്ക് തിരിച്ചുപോയ പ്രതീതി.

അമേരിക്കയിൽ പെൻസൽ​േവനിയ സ്​റ്റേറ്റിലുള്ള  ആമിഷുകളുടെ ഗ്രാമത്തിലേതാണീ കാഴ്​ചകൾ​. പരിഷ്കാരങ്ങളോ ആധുനിക ഉപകരണങ്ങളോ ഇല്ലാത്ത,  വൈദ്യുതിപോലും ഉപയോഗിക്കാത്ത മനുഷ്യർ. മൂന്നു നൂറ്റാണ്ടു മുമ്പ് ജർമനിയിൽ നിന്നും സ്വിറ്റ്​സർലൻഡിൽനിന്നും ജേക്കബ് അമാൻ എന്ന മത നേതാവിനൊപ്പം അമേരിക്കയിൽ കുടിയേറിയ പരമ്പരാഗത ​ ക്രിസ്​​തുമത വിശ്വാസികളാണ് ആമിഷുകൾ.

ആമിഷ്​ ഗ്രാമത്തിലെ കൃഷിയിടം
 

ആലസ്യം നിറഞ്ഞ ഉച്ച നേരത്താണ് ബാൾട്ടി മൂറിലെ സ്നേഹിതൻ രാജേന്ദ്ര പ്രസാദി​​​െൻറ കൂടെ ഞങ്ങൾ അമേരിക്കയിലെ ഏറ്റവും വലിയ ആമിഷ് സമൂഹം ജീവിക്കുന്ന പെൻസൽ​േവനിയയിലെ ലങ്കാസ്​റ്റർ കൗണ്ടിയിലേക്ക്  പുറപ്പെട്ടത്.  വീതിയേറിയ റോഡിന് ഇരുവശത്തെ മരങ്ങളെല്ലാം മഞ്ഞ, ചുവപ്പ് വർണ ഇലകൾ ചൂടി നിന്നു. അതിനപ്പുറം ചോളവും ഗോതമ്പും വിളഞ്ഞു നിൽക്കുന്ന വയലുകൾ. ഒന്നര മണിക്കൂർ യാത്രക്കുശേഷം ആമിഷ് വില്ലേജ് എന്ന ബോർഡിനുമുന്നിൽ വണ്ടിയിറങ്ങി. സ്വീകരണ മന്ദിരത്തിനപ്പുറം കാഴ്ചക്കാർക്കായി ഒരുക്കിയ ആമിഷ് ഗ്രാമത്തി​​​െൻറ ചെറു മാതൃക. വിശദമായി കാണേണ്ടവർക്ക് വാഹനത്തിൽ ഗ്രാമം ചുറ്റി  വരാം. 23 ഡോളർ ആണ് ചാർജ്. ഞങ്ങളുടെ ഗൈഡായ ജൂലിയറ്റ്  ആമിഷുകളെപ്പറ്റി വിവരിച്ചു. സ്വിസ് ജർമൻ അന ബാപ്ടിസ്​റ്റ്​ വിഭാഗത്തിൽപെട്ട പരമ്പരാഗത ​ക്രിസ്​ത്യൻ ജനവിഭാഗമാണ് ആമിഷ്​. പ്രായപൂർത്തി ആയശേഷം മാത്രം മാമോദീസ മുങ്ങി മതവിശ്വാസിയാകുന്നവർ.

ആമിഷ്​ ഗ്രാമത്തിലെ സ്വീകരണമന്ദിരം
 

1730 മുതലാണ് ലങ്കാസ്​റ്റർ കൗണ്ടിയിൽ ആമിഷുകളുടെ വലിയ സംഘം താമസമാക്കിയത്. ഇപ്പോൾ ഇവിടെ മാത്രം 37,000  ആമിഷുകൾ ഉണ്ട്. ഈ ആമിഷ്​ കോളനിയെ ചെറിയ ഇടവകകളാക്കി  തിരിച്ചിട്ടുണ്ട്.  ഓരോ ഇടവകക്കും ഒരു ബിഷപ്പും രണ്ട്​ പുരോഹിതന്മാരും ഉണ്ടാവും. ആമിഷുകളുടെ ജീവിതത്തിന് ബിഷപ്പുമാർ തീരുമാനിക്കുന്ന നിയമാവലി ഉണ്ട്. കാലാകാലങ്ങളിൽ അത് പുതുക്കും. അവർക്ക് പ്രത്യേകം പള്ളികൾ ഇല്ല. ഓരോ ഞായറാഴ്ചയും ഓരോ വീട്ടിൽ ആണ് പ്രാർഥന.

ഞങ്ങളുടെ വാഹനം മുന്നോട്ടു നീങ്ങുന്നതിനനുസരിച്ച്​ കാഴ്ചകൾ വരവായി. ഒറ്റച്ചക്രമുള്ള സൈക്കിൾ ഓടിക്കുന്ന കുട്ടികളും പുരുഷന്മാരും, വീട്ടുമുറ്റങ്ങളിൽ അടുക്കിയ പുൽക്കറ്റകൾ, വൈക്കോൽ തുറുകൾ, ഉണക്കാനിട്ട ചോളം, അയകളിൽ കഴുകി വിരിച്ച കുപ്പായങ്ങൾ, മുറ്റത്തു കളിച്ചുനടക്കുന്ന പഞ്ഞിക്കെട്ടുപോലുള്ള കുഞ്ഞുങ്ങൾ... ഗാർഹിക ജോലികളിൽ ഏർപ്പെട്ട സ്ത്രീകൾ സന്ദർശകരെ ഒന്ന് തലയുയർത്തി നോക്കുന്നുപോലുമില്ല. മഞ്ഞുകാലത്തിനു മുന്നോടിയായി വരുന്ന ഹാലോവീൻ ഉത്സവത്തിനായി തയാറാക്കിയ ഭീമൻ മത്തങ്ങകൾ പച്ചവിരിച്ച തോട്ടത്തിൽ കിടക്കുന്നുണ്ട്. ആമിഷുകളുടെ ജീവിതരീതി കാണുകയും എഴുതുകയും ആവാം. പക്ഷേ, അവരുടെ ഫോട്ടോ, വിഡിയോ എടുക്കരുതെന്ന് ജൂലിയറ്റ് ഓർമിപ്പിച്ചു.

യാത്രാ ആവ​ശ്യങ്ങൾക്കായി ആമിഷുകൾ കുതിരവണ്ടിയാണ്​ ഉപയോഗിക്കുന്നത്​
 


ആമിഷുകളുടെ പ്രധാന ജീവനോപാധി കൃഷി യാണ്. മറ്റു നിർമാണജോലികളും ബിസിനസും ചെയ്യുന്നുണ്ടെങ്കിലും എല്ലാം അവരുടെ മതനിയമങ്ങൾക്കുള്ളിൽ നിന്ന്​ മാത്രം. ലളിത ജീവിതം, ലളിത വസ്ത്രം, പിന്നെ സാങ്കേതിക വിദ്യകളെ ഒഴിവാക്കി നിർത്തൽ- ആമിഷുകളുടെ ജീവിതത്തെ ഇങ്ങനെ ചുരുക്കിപ്പറയാം. ഫോൺ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, എന്തിന് മിക്സിപോലും ഉപയോഗിക്കില്ല. പൂർണമായും യന്ത്രരഹിത ലളിതജീവിതം. സാധാരണ വൈദ്യുതി കണക്​ഷൻ എടുക്കുന്നില്ല. പ​കരം, സോളാർ പാനലും വിൻഡ് മില്ലും ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കും. തണുപ്പുകാലത്ത് വീടിനുൾവശം ചൂടാക്കുന്നതിന് പ്രകൃതി വാതകം ഉപയോഗിക്കും. കൃഷിയിൽ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നില്ല. നിലം ഉഴുന്നതും വളം ഇടുന്നതും വിളകൾ കൊയ്യുന്നതും മെതിക്കുന്നതുമെല്ലാം യന്ത്രസഹായം കൂടാതെയാണ്.  

പുരുഷന്മാർ മീശ വെക്കുന്നതും ബെൽറ്റ് ഉപയോഗിക്കുന്നതും നിഷിദ്ധമാണ്. വിവാഹം കഴിഞ്ഞ പുരുഷന്മാർ താടി വളർത്തണം. ബെൽറ്റ് ഉപയോഗിക്കാത്തതുകൊണ്ട് വള്ളിക്കാലുറകളും വെളുത്ത മുഴുക്കയ്യൻ  ഷർട്ടുമാണ് വേഷം. സ്ത്രീകൾ ശരീരഭാഗങ്ങൾ അധികം പുറത്തുകാണിക്കാത്ത സ്വയം തുന്നിയുണ്ടാക്കുന്ന പാരമ്പരാഗത കുപ്പായങ്ങൾ ആണ് ധരിക്കുക. മുടി ഒതുക്കിക്കെട്ടി വെളുത്ത തൊപ്പികൊണ്ട് മൂടും. ആഭരണങ്ങൾ ധരിക്കാറില്ല.
ഇടക്ക് വണ്ടി ഗ്രാമത്തിനകത്തെ ചന്തയിൽ നിർത്തി. പല വലുപ്പത്തിലും നിറത്തിലുമുള്ള സുന്ദരൻ മത്തങ്ങകൾ, പലയിനം പച്ചക്കറികൾ, പഴവർഗങ്ങൾ,  ആമിഷ് പരമ്പരാഗത വിഭവങ്ങൾ, തേൻ... അങ്ങനെ പലതും വിൽക്കാൻ​െവച്ചിരിക്കുന്നു. കൗണ്ടറിനരികിൽ ഇളം വയലറ്റ്​ നിറമുള്ള നീളൻ ഉടുപ്പും അരയിൽ ലേസ് പിടിപ്പിച്ച വെള്ള ഏപ്രണും ധരിച്ച്​ മഞ്ഞുറഞ്ഞതുപോലൊരു പെൺകുട്ടി. തലയിൽ വെളുത്ത തൊപ്പി. കണ്ണിൽ നിഷ്കളങ്കതയുടെ തിളക്കവുമായി ഒരു പൂ വിരിയുന്നപോലെ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.  അത്രയും സൗമ്യമായി പുഞ്ചിരിക്കാൻ കഴിയുന്നത് ആമിഷുകളുടെ ജീവിതരീതികൊണ്ട് ആർജിച്ച ഒരു ശാന്തത മൂലമാണെന്  തോന്നി. ഒരു ആമിഷ് സ്കൂളിലേക്കാണ്​ പിന്നീടെത്തിയത്​. ആമിഷ് കുട്ടികൾക്കുവേണ്ടി ഗ്രാമത്തിനുള്ളിൽ ചർച്ച് വക സ്‌കൂളുണ്ട്. എഴുത്തും വായനയും അത്യാവശ്യം കണക്കും ഭൂമിശാസ്ത്രവും പഠിപ്പിക്കും. കൂടാതെ മതനിയമങ്ങളും ജീവിതരീതിയുമാണ്​ പഠിപ്പിക്കുക.

കുതിരവണ്ടികൾക്കായി മാത്രമുള്ള പാതകൾ ആമിഷ്​ ഗ്രാമത്തിൽ കാണാം
 

എട്ടാംതരംവരെയാണ് സ്‌കൂൾ പഠനം. ഇംഗ്ലീഷും ജർമൻ ഡച്ചും കലർന്ന പെൻസൽവേനിയൻ ഡച്ച്  ആണ് ലങ്കാസ്​റ്റർ കൗണ്ടിയിലെ ആമിഷുകളുടെ ഭാഷ. ഗ്രാമത്തിനുപുറത്തുള്ള അമേരിക്കക്കാരെ ‘ഇംഗ്ലീഷുകാർ’ എന്നാണ് അവർ പറയുക. മദ്യപാനവും പുകവലിയും നിഷിദ്ധം. എന്നാൽ, പ്രാർഥന ആവശ്യങ്ങൾക്കായി സ്വയം തയാറാക്കിയ അൽപം വൈൻ അവർ ഉപയോഗിക്കുന്നുണ്ട് എന്ന് ജൂലിയറ്റ്  പറഞ്ഞു.

കൗമാരപ്രായത്തിൽ ആമിഷ് കുട്ടികളെ പുറംലോകത്ത് മറ്റു കുട്ടികളുടെ കൂടെ ജീവിക്കാൻവിടുന്ന സമ്പ്രദായം ഉണ്ട്. റാംസ്‌പ്രിംഗ എന്നാണതിന്​ പറയുക. 14 വയസ്സു മുതൽ രണ്ടു വർഷത്തോളം ആമിഷ് സമൂഹത്തി​​​െൻറ വിലക്കുകളും നിയന്ത്രണങ്ങളും ഇല്ലാതെ അവർ ജീവിക്കും. തിരിച്ചുവന്നശേഷം ആമിഷായി തുടരണോ അതോ പുറത്തുപോയി സാധാരണ ജീവിതം നയിക്കണോ എന്ന് അവർക്ക്​ തീരുമാനിക്കാം. ബഹുഭൂരിപക്ഷം കുട്ടികളും ആമിഷ് ആയി തുടരുകയാണ് പതിവ്.

ആമിഷ്​ ഗ്രാമം
 

റാംസ്‌പ്രിംഗ കഴിഞ്ഞ്​ മതത്തിൽ തുടരാൻ ആഗ്രഹിക്കുന്നവർ മാമോദീസ കഴിഞ്ഞ്​ അൽപകാലത്തിനു ശേഷം വിവാഹിതരാകുന്നു.  പിന്നീടുള്ള  ജീവിതം വീടും വയലും കുടുംബവും അവരുടെ സമൂഹവും മാത്രമാണ്. ആർക്കെങ്കിലും പുറത്തുപോയി മറ്റുള്ള ആളുകളെ പോലെ ജീവിക്കണമെന്ന് തോന്നിയാൽ അതിനുള്ള സ്വാതന്ത്ര്യവും ഉണ്ട്. പ​േക്ഷ, പിന്നീട് തിരിച്ചുവരാനുള്ള അവസരം ഇല്ലെന്നു മാത്രം. ഏതെങ്കിലും കാരണവശാൽ ഒരു ആമിഷ് നിയമം തെറ്റിച്ചാൽ ചർച്ചിന് പുറത്താക്കാനുള്ള അധികാരവും ഉണ്ട്. ആയുധം ഉപയോഗിക്കൽ നിഷിദ്ധമായതിനാൽ അമേരിക്കൻ പൗരന്മാർക്കുള്ള നിർബന്ധിത സൈനിക സേവനത്തിൽനിന്ന്​ അവരെ ഒഴിവാക്കിയിട്ടുണ്ട്. നികുതി അടക്കുക തുടങ്ങിയ മറ്റു കാര്യങ്ങൾ അവർ ചെയ്യുന്നുണ്ട്. എന്നാൽ, ആമിഷുകൾ സർക്കാറി​​െൻറ പെൻഷനും  ബന്ധപ്പെട്ട ആനുകൂല്യങ്ങളും വാങ്ങുന്നില്ല. ലോക​െത്ത ഏറ്റവും യന്ത്രവത്​കൃതമായ  രാജ്യത്ത്  300 കൊല്ലം മുമ്പുള്ള ജീവിതരീതി പിന്തുടരുന്ന ഒരു സമൂഹമെന്നത് അത്ഭുതംതന്നെ.
 

 

Loading...
COMMENTS