Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഅങ്കിൾ ഇദ്​രിസിൻെറ...

അങ്കിൾ ഇദ്​രിസിൻെറ മടയിൽ

text_fields
bookmark_border
അങ്കിൾ ഇദ്​രിസിൻെറ മടയിൽ
cancel

പെനാങ്ങ് ദ്വീപിനെ മലേഷ്യന്‍ വന്‍കരയുമായി ബന്ധിപ്പിക്കുന്ന രണ്ടു നീണ്ട പാലങ്ങളുണ്ട്. പെന ാങ്ങ് കടലിടുക്കിനു മീതേയുള്ള ആ പാലങ്ങള്‍ കടന്നോ ജങ്കാര്‍ വഴിയോ വേണം ദ്വീപിലേക്കെത്താൻ. ഏതാണ്ട് പതിമൂന്നര കില ോമീറ്ററാണ് ഏറ്റവും ചെറിയ, പഴയ പാലത്തിന്റെ നീളം.
യുനെസ്‌കോയുടെ പൈതൃക നഗരപ്പട്ടികയില്‍ പെടുന്ന മനോഹര നഗരമാണ് ജോര്‍ജ് ടൗൺ. പെനാങ്ങിനെക്കുറിച്ചറിഞ്ഞ കാലം മുതലേ അതിന്റെ തെരുവുകളും സംസ്‌കാരത്തനിമയും ആഘോഷങ്ങളും പുരാതന കെട്ടിടങ്ങളും ക്ഷണിക്കാന്‍ തുടങ്ങിയതാണ്. ഇത്രകാലം കാത്തിരുന്നതിനു നന്ദി, പ്രിയ പെനാങ്ങ്! ഒടുവിലിതാ വന്നണഞ്ഞിരിക്കുന്നു നിന്നെത്തേടിയ പലരിലൊരാൾ. എണ്ണമറ്റ സഞ്ചാരികളെയും അധിനിവേശകരെയും വ്യാപാരികളെയും നാവികരെയും സ്വീകരിച്ച മണ്ണാണിത്. പണ്ടു കാലത്ത് സംഗപ്പൂരിനെക്കാള്‍ പ്രമുഖമായ തുറമുഖവും കടല്‍ വാണിജ്യകേന്ദ്രവും പെനാങ്ങിലുണ്ടായിരുന്നു. പഴയ പ്രതാപമൊക്കെ പോയെങ്കിലും ഇന്നും മലേഷ്യന്‍ സമ്പദ്ഘടന ഏറ്റവും ചടുലമായി നില്‍ക്കുന്ന പ്രവിശ്യ പെനാങ്ങ് തന്നെയാണ്. ഇതര പ്രവിശ്യകളില്‍ നിന്ന് മലേഷ്യക്കാര്‍ ഏറ്റവുമധികം കുടിയേറുന്നതും പെനാങ്ങിലേക്കാണ്.

ഹോട്ടലിന്റെ വിലാസം കാണിച്ചുകൊടുത്തപ്പോള്‍ ബസ്സവിടെ നിര്‍ത്തിത്തന്നു. തിരക്കൊഴിഞ്ഞ കവലയിലിറങ്ങി. ജോര്‍ജ് ടൗണിലെ താമസം ക്വാലാലംപൂരിലെ സുഹൃത്ത് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരുന്നു. ചെലവ് ഏറ്റവും കുറച്ച് യാത്ര കഴിയുന്നത്ര മുന്നോട്ടു കൊണ്ടുപോവുക എന്ന നയമായിരുന്നതുകൊണ്ട് കണ്ടെയ്‌നര്‍ ഹോട്ടലിലെ ഒരു കിടക്കയാണ് ബുക്ക് ചെയ്തിരുന്നത്. പേരു പോലെത്തന്നെ ഹോട്ടല്‍ ഒരു വലിയ കണ്ടെയ്‌നറായിരുന്നു. റിസപ്ഷനിലെ കറുത്ത യൂണിഫോമണിഞ്ഞിരുന്ന ചൈനക്കാരി പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണില്‍ വന്ന വിവരങ്ങള്‍ കാണിച്ചുകൊടുത്തു. അവര്‍ പാസ്‌പോര്‍ട്ട് വാങ്ങി പകര്‍പ്പെടുത്ത് തിരിച്ചുതന്ന ശേഷം കൂടെവരാന്‍ പറഞ്ഞു. ഇടുങ്ങിയ ഒരു വരാന്തയിലൂടെ നടന്ന്, ഇരുവശത്തും വലിയ ലോക്കുകള്‍ വച്ച ഒരു ഹാളിലെത്തി. ഒരു വശത്തേക്കു ചൂണ്ടി കുളിമുറികള്‍ കാണിച്ചുതന്ന ശേഷം അവര്‍ മുന്നിലേക്കു നടന്ന് ഒരു ലോക്കര്‍ തുറന്നു. ബാഗ് വക്കാനുള്ള വിശാലമായ സൗകര്യമായിരിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ, നീളത്തില്‍ ഒരാള്‍ക്ക് കിടക്കാവുന്ന ഒരു കിടക്കയും തലയിണയും കുളിക്കാന്‍ വേണ്ട വകകളും അതിനകത്തു കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. എന്റെ അങ്കലാപ്പില്‍ നിന്ന് കാര്യം മനസ്സിലാക്കിയാവണം അവള്‍ ഇടപെട്ടു. ഇതിനകം എയര്‍കണ്ടീഷന്‍ഡ് ആണെന്നും വേണമെങ്കില്‍ വലിച്ചുതുറക്കാവുന്ന ഒരു ടേബിള്‍ ചുമരിലുണ്ടെന്നും പ്ലഗും സ്വിച്ച്‌ബോര്‍ഡും മൂന്നോ നാലോ ഹാംഗറുകളുമുള്ളത് ഉപയോഗിക്കാമെന്നും അവള്‍ ഇംഗ്ലീഷില്‍ ഗൗരവത്തോടെ പറഞ്ഞു. താക്കോലും കൈയിൽ തന്ന് അവര്‍ പോയപ്പോള്‍ ഞാന്‍ അപ്പുറവുമിപ്പുറവുമുള്ള ലോക്കറുകളെ നോക്കി. ഒന്നു രണ്ടെണ്ണത്തില്‍ ആളുണ്ട്. പുറത്ത് ഊരിയിട്ട ചെരുപ്പുകളും പുറമേക്ക് തൂങ്ങിക്കിടക്കുന്ന വസ്ത്രാവശിഷ്ടങ്ങളും മറ്റും കാണാം. അവിടെ വച്ചിരുന്ന ടെലിവിഷന്‍ വിവിധ നാടുകളിലെ കണ്ടെയ്‌നര്‍ ഹോട്ടലുകളെപ്പറ്റി ഒരു രസികന്‍ പരസ്യവീഡിയോ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. കിടക്കാന്‍ മാത്രമേ ഈ കുടുസ്സുസ്ഥലം ഉപയോഗിക്കേണ്ടതുള്ളൂ എന്നും മുകള്‍നിലയില്‍ വായനശാല, ബാൽക്കണി, വിശ്രമസ്ഥലം എന്നിവ സജ്ജമാണെന്നും വീഡിയോ കണ്ടപ്പോള്‍ മനസ്സിലായി. പക്ഷേ, വീഡിയോ ആ ഹോട്ടലില്‍ വെച്ചല്ല ഷൂട്ട് ചെയ്തത് എന്നുറപ്പായിരുന്നു.

കണ്ടയിനർ ഹോട്ടലിൻെറ ലിവിങ്​ റൂം

ബാഗെടുത്ത് കിടക്കയിലേക്കു വച്ച് ഞാനും ലോക്കറിനുള്ളിലേക്ക് നൂണ്ടുകയറി. കിടക്കയില്‍ എണീറ്റിരിക്കാവുന്നത്ര ഉയരമേയുള്ളൂ ലോക്കറിന്. വാതിലടച്ചതോടെ ശരിക്കും ഒരു പെട്ടിക്കകത്തായതുപോലെ ആയി. ഖബര്‍ ഓര്‍മ വന്നു. അള്‍ജീരിയ ഫ്രഞ്ച് അധിനിവേശത്തിനു കീഴിലായിരുന്ന കാലത്ത് പ്രതിഷേധസൂചകമായി ശൈഖ് അബ്ദുല്‍ ഹാഫിസ് എന്ന സൂഫീവര്യന്‍ ഒരു ശവപ്പെട്ടിക്കകത്തു കഴിഞ്ഞിരുന്നുവത്രെ. തീര്‍ച്ചയായും അതിത്ര സുഖശീതളിമ നിറഞ്ഞതായിരിക്കില്ല. ഇത്രയും സൗകര്യം കാണില്ലല്ലോ ഖബറിലും. ഇതു കൊള്ളാം! കുടുസ്സുഭീതി (claustrophobia) ഉള്ളവര്‍ക്ക് ഇതിനകത്തു കയറിയാല്‍ ശ്വാസം മുട്ടുമെന്നുറപ്പാണ്. ഇളംവെളിച്ചം പരന്നുകിടന്ന ശീതീകരിച്ച ആ ആള്‍പ്പെട്ടിക്കകത്തു കിടന്ന് ഉറങ്ങിപ്പോയതറിഞ്ഞില്ല.

ചൈനീസ്​ സാംസ്​കാരിക മാതൃകയിൽ പണികഴിപ്പിച്ച കെട്ടിടങ്ങൾ പെനാങ്ങിൽ എവിടെയും കാണാം..

ഒരു ഫോണ്‍കോളാണെന്നെ ഉണര്‍ത്തിയത്. സമയം ഏതാണ്ട് പന്ത്രണ്ട് മണിയായിക്കാണും. കണ്‍സ്യൂമര്‍ അസോസിയേഷന്‍ ഓഫ് പെനാങ്ങിന്റെ (CAP) ഓഫീസില്‍ നിന്നായിരുന്നു വിളി. ഹോട്ടലിന്റെ പേരും വിലാസവും അറിയിച്ചാല്‍ വണ്ടി അയക്കാം എന്നതായിരുന്നു സന്ദേശം. അതുവേണ്ടെന്നും ടാക്‌സി എടുത്ത് എത്തിക്കോളാമെന്നും ഞാന്‍ പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. ഒടുവില്‍ അര മണിക്കൂറിനകം കണ്ടെയ്‌നര്‍ ഹോട്ടലിന്റെ മുന്നില്‍ വണ്ടിയെത്തും എന്ന ധാരണയില്‍ ഫോണ്‍ വച്ചു. അവര്‍ക്കെന്റെ നമ്പര്‍ കൊടുത്തത് ഇസ്‌ലാമിക് ബുക് ട്രസ്റ്റിന്റെ സ്ഥാപകനും മുസ്‌ലിം ലോകത്തെ തന്നെ സമാദരണീയ പ്രസാധകരിലൊരാളുമായ ഹാജി കോയ ആയിരുന്നു. മാഹി സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലമായി മലേഷ്യയിലുണ്ട്.

പെനാങ്ങില്‍ പോകുന്നുണ്ടെന്നും കാപ്പ് സന്ദര്‍ശിക്കുമെന്നും പറഞ്ഞപ്പോഴേ അദ്ദേഹം ക്വാലാലംപൂരിലെ തന്റെ വീട്ടിലിരുന്ന് കാപ്പ് ഓഫീസിലേക്ക് വിളിച്ചിരുന്നു. പലതരം ആതിഥ്യങ്ങളുടെ ഉദാരതകളാലാണ് ഏതു യാത്രയും സുദീര്‍ഘവും സമ്പന്നവുമാകുന്നത്.

പെനാങ്ങില്‍ പോകണമെന്നും അങ്കിള്‍ ഇദ്‌രീസിനെ കാണണമെന്നും സുഹൃത്ത് ഫൈസ്ബാബു യാത്രതുടങ്ങും മുമ്പേ നിര്‍ദേശിച്ചിരുന്നു. പോര്‍ച്ചു ഗീസ് അധിനിവേശത്തിന്റെ 500 വര്‍ഷങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ ആഘോഷിക്കുന്നതിനെതിരെ കോഴിക്കോട് നടന്ന ഡീകൊളോണിയല്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ കാലത്ത് ബദല്‍ രാഷ്ട്രീയരംഗത്തുള്ള സുഹൃത്തുക്കളില്‍ നിന്ന് അങ്കിള്‍ ഇദ്‌രീസിനെക്കുറിച്ച് കേട്ടിരുന്നു. പക്ഷേ, അന്നദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. കടുവയെ അതിന്റെ മടയില്‍ ചെന്നുതന്നെ കാണണം എന്നാണല്ലോ! മലേഷ്യന്‍ ഉപഭോക്തൃ അവകാശ സംരക്ഷണത്തിനു വേണ്ടിയാണ് ഹാജി മുഹമ്മദ് ഇദ്‌രീസും സുഹൃത്തുക്കളും കണ്‍സ്യൂമര്‍ അസോസിയേഷന്‍ ഓഫ് പെനാങ്ങ് 1970 ല്‍ രൂപീകരിച്ചതെങ്കിലും, കുറഞ്ഞ കാലം കൊണ്ട് മലേഷ്യയിലെയും ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെയും, മൊത്തം മൂന്നാം ലോകത്തെ തന്നെയും എണ്ണം പറഞ്ഞ പൗരാവകാശ പ്രസ്ഥാനമായി കാപ്പ് മാറി. പരിസ്ഥിതിചൂഷണത്തിനും അഴിമതിക്കും, ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന മുതലാളിത്തപദ്ധതികള്‍ക്കുമെതിരെ അങ്കിള്‍ ഇദ്‌രീസിന്റെ നേതൃത്വത്തില്‍ നിര്‍ണായകമായ പോരാട്ടങ്ങള്‍ നടന്നു. ജോര്‍ജ് ടൗണിലെ സ്‌കൂള്‍ കുട്ടികള്‍ മുതല്‍ ഇരുപതിലേറെക്കൊല്ലം മലേഷ്യ അടക്കിഭരിച്ച മഹാതീര്‍ മുഹമ്മദ് വരെ അങ്കിള്‍ ഇദ്‌രീസിനെ ശ്രദ്ധിക്കാനും നിരീക്ഷിക്കാനും തുടങ്ങി. തീര്‍ച്ചയായും മഹാതീറിന്റെ അഴിമതിക്കും പരിസ്ഥിതിവിനാശ പദ്ധതികള്‍ക്കുമെതിരെ നിലകൊണ്ട കരുത്തും പ്രതീക്ഷയുമായിരുന്നു അങ്കിള്‍ ഇദ്‌രീസ്.

CAPൻെറ പെനാങ്ങിലെ ആസ്​ഥാന മന്ദിരം

കാപ്പിലേക്കുള്ള യാത്രയില്‍ വണ്ടിയോടിക്കുന്ന തമിഴ് ചെറുപ്പക്കാരനോടു ചോദിച്ചു: ‘അങ്കിളിനു നല്ല പ്രായമായി എന്നുകേട്ടു. എങ്ങനെയുണ്ട്? ദീര്‍ഘമായി സംസാരിക്കാനൊക്കെ പറ്റുമോ...?’ പറ്റുമെങ്കില്‍ ഒരു അഭിമുഖം നടത്തണം എന്നു മനസ്സിലുണ്ടായിരുന്നു.
‘ശരിയാണ്, അദ്ദേഹത്തിനു വളരെ പ്രായമായി. പക്ഷേ, അദ്ദേഹം വളരെ ചെറുപ്പവുമാണ്..!’ തമിഴ് സുഹൃത്ത് ഇംഗ്ലീഷില്‍ മറുപടി തന്നു.

ജോര്‍ജ് ടൗണിന്റെ ഒരറ്റത്ത്, അധികം തിരക്കൊന്നുമില്ലാത്ത തെരുവുകളിലൂടെ ഓടി പഴയൊരു ഇരുനില കെട്ടിടത്തിനു മുന്നില്‍ വണ്ടി ചെന്നുനിന്നു. മരങ്ങളാലും പൂത്തുനില്‍ക്കുന്ന ചെടികളാലും നിരവധി പച്ചക്കറിത്തോട്ടങ്ങളാലും ചുറ്റപ്പെട്ട ഒരു ബംഗ്ലാവായിരുന്നു കാപ്പിന്റെ ഓഫീസ്. പണ്ട്, 2003 ല്‍ അദര്‍ ബുക്‌സിന്റെ ആരംഭകാലത്ത്, ബദല്‍രാഷ്ട്രീയവും പരിസ്ഥിതി വിവേകവുമൊക്കെ വിശദമാക്കുന്ന പുസ്തകങ്ങള്‍ തേടി സുഹൃത്തിനോടൊപ്പം ഗോവ മാപ്പുസയിലെ അദര്‍ ഇന്ത്യാ പ്രസിന്റെ സ്‌റ്റോറില്‍ ചെന്നപ്പോഴാണ് ചെറിയ ചെറിയ നിരവധി പുസ്തകങ്ങളുടെ പുറംചട്ടയില്‍ കണ്‍സ്യൂമര്‍ അസോസിയേഷന്‍ ഓഫ് പെനാങ്ങ് എന്ന പേര് ആദ്യമായി കാണുന്നത്. പലതരം പുസ്തകങ്ങളുണ്ടായിരുന്നു അവരുടേതായി. മഹത്തായ മനുഷ്യത്വത്തിന്റെയും ത്യാഗത്തിന്റെയും കഥകള്‍ പറയുന്ന ‘ലവ് സ്‌റ്റോറീസ് ഓഫ് എ ഡിഫറന്റ് കൈന്‍ഡ്’ എന്ന സീരീസ് ആണന്ന് ഏറെ ആകര്‍ഷിച്ചത്. ഒരു ഉപഭോക്തൃ അവകാശ സംരക്ഷണവേദി സാധാരണഗതിയില്‍ പുറത്തിറക്കാനിടയില്ലാത്ത തരം പുസ്തകങ്ങളുടെ വൈവിധ്യവും സര്‍ഗാത്മകതയും അന്നേ ചിന്തിപ്പിച്ചിരുന്നു. പിന്നീട്, പലരില്‍ നിന്നും കേട്ടും പലേടങ്ങളില്‍ വായിച്ചും കാപ്പിനെക്കുറിച്ചും അതിന്റെ പിന്നിലെ മനസ്സിനെക്കുറിച്ചുമറിഞ്ഞു. പൂമുഖത്ത് കുറച്ചുനേരം കാത്തിരുന്നപ്പോള്‍ ഓഫീസിലെ ചുമരുകളിലൊട്ടിച്ച എണ്ണമറ്റ പോസ്റ്ററുകളും അട്ടിയിട്ട ലഘുലേഖകളും കാപ്പിന്റെ നിരവധി കഥകള്‍ പറഞ്ഞു. ഫയലുകളും മറ്റുമായി മുറികളില്‍ നിന്നു മുറികളിലേക്കു നടക്കുന്ന പ്രസന്നവദനരായ മനുഷ്യർ. ഇന്റേണ്‍ഷിപ്പിനു വന്നതാണെന്നു തോന്നിപ്പിച്ച കോളേജ് വിദ്യാര്‍ഥിനികൾ. പെനാങ്ങിന്റെ വംശീയവൈവിധ്യം കാപ്പ് ഓഫീസിലും കാണാമായിരുന്നു. മലായർ, ചൈനക്കാര്‍, തമിഴര്‍ എല്ലാവരുമുണ്ട്. അങ്കിള്‍ ഇദ്‌രീസ് തമിഴ്‌നാട്ടില്‍ നിന്നു കുടിയേറിയതു കൊണ്ടാവാം തമിഴ് വംശജര്‍ക്കായിരുന്നു മുന്‍തൂക്കം.

അങ്കിൾ ഇദ്​രിസ്​

അറുപതിലേറെ പ്രായമുള്ള ഉമ അയ്യരായിരുന്നു അങ്കിളിന്റെ സെക്രട്ടറിയും സഹായിയും. അവര്‍ വന്ന് വിശേഷങ്ങളന്വേഷിച്ചു. ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ അങ്കിളിന്റെ മുറിയിലേക്കു പോകാമെന്നായി. തൂവെള്ള താടിയും നേരിയ കഷണ്ടിയും പുഞ്ചിരി തൂകുന്ന മുഖവുമായി വെളുത്ത ജുബ്ബയണിഞ്ഞ് തൊണ്ണൂറുകളിലെത്തിനില്‍ക്കുന്ന ഒരു വൃദ്ധന്‍ മേശക്കപ്പുറത്തിരുന്ന് എന്നെ അഭിവാദ്യം ചെയ്തു. സലാം പറഞ്ഞപ്പോള്‍ ഒരല്‍പം പ്രയാസപ്പെട്ട് എഴുന്നേറ്റു വന്ന് അദ്ദേഹം കെട്ടിപ്പിടിച്ചു. വണ്ടി അയച്ചു വരുത്താനും ഇത്രമേല്‍ ആദരവോടെ സ്വീകരിക്കാനുമുള്ള യാതൊരു ബന്ധവും ഇദ്ദേഹവുമായി മുമ്പുണ്ടായിട്ടില്ലല്ലോ എന്ന് ഞാനോര്‍ത്തു. ജീവിതത്തെ അത്രമേല്‍ ബഹുമാനിക്കുന്ന മനുഷ്യര്‍ ഒരുപക്ഷേ ഇങ്ങനെയാവും. അവര്‍ക്കന്യരില്ല. അകലങ്ങളില്ല. ഒരേ രാഷ്ട്രീയവും വിശ്വാസവുമൊക്കെ പേറുന്ന മനുഷ്യർ. അജണ്ടകളില്ലാതെ പരസ്പരം കാണുന്നതിനെ എന്നും സംശയത്തോടെ നോക്കുന്ന ഡീപ് സ്‌റ്റേറ്റിന്റെ (deep state) ഭീതിയുല്‍പാദന സംവിധാനങ്ങളുടെ മറുപുറമാണിത്. തനിക്കു പ്രിയപ്പെട്ട ഒരു അക്കാദമീഷ്യനെ ഒരു സുഹൃത്ത് സിംഗപ്പൂരില്‍ വച്ച് കാണാന്‍ പലവുരു ശ്രമിച്ചിട്ടും അദ്ദേഹം അവസരം നിഷേധിച്ചത് ഓര്‍മയിലേക്കുവരുന്നു.

അങ്കിൾ ഇദ്​രിസ്​ വായനയിൽ

‘അങ്കിള്‍ ഇദ്‌രീസ്’, മലേഷ്യയില്‍ മുതിര്‍ന്നവരെ അഭിസംബോധന ചെയ്യുന്ന പൊതുരീതിയനുസരിച്ച് എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചുപോന്നത്. വിശദമായി പരിചയപ്പെട്ടു. പഠനം, ജോലി, കുടുംബം, എഴുത്ത്, യാത്രകള്‍ അങ്ങനെ എല്ലാം. അദ്ദേഹത്തിന്റെ അനിയനും സിറ്റിസന്‍സ് ഇന്റര്‍നാഷണല്‍ അദ്ധ്യക്ഷനുമായ അങ്കിള്‍ മൊയ്തീനും ഇടക്കു ഞങ്ങളുടെ കൂടെച്ചേര്‍ന്നു. അതിനിടെ വീട്ടില്‍ നിന്നുള്ള ഉച്ചഭക്ഷണമെത്തിയിരുന്നു. പുറത്തുനിന്നും കഴിച്ചോളാമെന്നു ഞാന്‍ ഉപചാരം പറഞ്ഞെങ്കിലും ഉമയോ അങ്കിള്‍ ഇദ്‌രീസോ അതംഗീകരിച്ചില്ല.
‘ഇവിടുന്നു കഴിച്ചിട്ട് പിന്നെയും ആവശ്യമുണ്ടെങ്കില്‍ പുറത്തുപോയി കഴിച്ചോളൂ..’ എന്നവര്‍ തമാശ പറഞ്ഞു. ധാരാളം പച്ചക്കറികള്‍ ചേര്‍ത്ത സ്വാദിഷ്ടമായ ഭക്ഷണമായിരുന്നു അത്. അങ്കിള്‍ വളരെ ചെറുപ്പമാണ് എന്ന് വണ്ടിയോടിച്ച തമിഴ് ചെറുപ്പക്കാരന്‍ പറഞ്ഞത് എത്ര ശരിയാണെന്ന് ആ മുറിയില്‍ പ്രസരിച്ച ഊര്‍ജമെന്നോടു പറഞ്ഞു. പറയുന്ന ഓരോ കാര്യവും ശ്രദ്ധിക്കുന്ന, ഓരോന്നിനെപ്പറ്റിയും കൂടുതല്‍ അറിയാന്‍ സദാ ആകാംക്ഷയുള്ള ഒരാളായിരുന്നു അങ്കിള്‍ ഇദ്‌രീസ്. അതുകൊണ്ട് അങ്കിളിനോട് എന്തു സംസാരിക്കുന്നതും ശ്രദ്ധിച്ചുവേണം.

ജോർജ്​ ടൗണിലെ തെരുവ്​

എത്രയോ കാലമായി പരിചയമുണ്ടായിരുന്നവരെപ്പോലെ, വളരെപ്പെട്ടെന്ന് ഞങ്ങള്‍ സുഹൃത്തുക്കളായി. അലിഗഢ്, ഡീകോളനൈസേഷൻ, പുസ്തകപ്രസാധനം, സൂഫിസം അങ്ങനെ പലവിഷയങ്ങളില്‍ താല്‍പര്യങ്ങളുടെയും ഇഷ്ടങ്ങളുടെയും ഇടകലരലും പൊതുമകളുമുണ്ടായി. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന വലിയൊരു പൊതുസുഹൃത്ത് ക്ലോഡ് അല്‍വാരെസ് ആയിരുന്നു. അദ്ദേഹത്തെ മൂന്നുതവണ അഭിമുഖം ചെയ്ത കഥ തമാശയായി പറഞ്ഞപ്പോള്‍ ക്ലോഡിൻെറ അടുത്ത വാര്‍ഷിക പെനാങ്ങ് സന്ദര്‍ശനവേളയില്‍ കൂടെപ്പോരാന്‍ അങ്കിള്‍ ക്ഷണിച്ചു.

വാത്സല്യത്തോടെയുള്ള കളിയാക്കലില്‍ മിടുക്കനായിരുന്നു അങ്കിള്‍ ഇദ്‌രീസ്. അകമേ ശുദ്ധരായിരിക്കുന്നവരില്‍ സ്വതവേ കാണുന്ന തെളിച്ചവും കുട്ടിത്തവും അദ്ദേഹത്തിന്റെ വാക്കുകളെയും വ്യക്തിത്വത്തെയും ആകര്‍ഷകമാക്കി.
‘ഇയാളെക്കണ്ടിട്ട് ഒരു ഭീകരവാദിയാണെന്നു തോന്നുന്നു, സൂക്ഷിക്കണം കേട്ടോ...! നിങ്ങള്‍ക്കങ്ങനെ തോന്നിയില്ലേ, ഉമാ?’ അങ്കിള്‍ ഇദ്‌രീസ് എന്നെ ചൂണ്ടിയിട്ട് പറഞ്ഞു. അതിനകം പുണര്‍ന്നു കഴിഞ്ഞിരുന്ന ആത്മീയാശ്ലേഷങ്ങളുടെ ആത്മവിശ്വാസത്തില്‍ ഞാന്‍ ചിരിച്ചു. അതെന്താ അങ്ങനെ തോന്നാന്‍ എന്നു ചോദിച്ചു.
‘മിസ്റ്റര്‍ ഇദ്‌രീസ്, അദ്ദേഹം നമ്മുടെ അതിഥിയാണ്, അദ്ദേഹത്തെ വിഷമത്തിലാക്കരുത്..’. ഉമ ഒരു കുഞ്ഞിനെ ശാസിക്കുന്ന അമ്മയെപ്പോലെ ഗൗരവക്കാരിയായി.
‘ആണോ? അതുശരി. പക്ഷേ, നിങ്ങള്‍ ഇയാളുടെ കോലം നോക്കൂ. ഇസ്തിരിയിടാത്ത ജുബ്ബയും വെട്ടിയൊതുക്കാത്ത താടിമുടികളും. ഈ കോലത്തിലാണോ ഒരാള്‍ ഇത്രദൂരം വരിക? ഭീകരവാദകളല്ലേ ഇങ്ങനെ നടക്കുക..!’ ഞാനതുകേട്ട് ശരിക്കും ചിരിച്ചുപോയി. അങ്കിളും കുലുങ്ങിച്ചിരിക്കുകയായിരുന്നു.

താമസിക്കുന്നതെവിടെയെന്നു തിരക്കിയപ്പോള്‍ ഞാന്‍ ഹോട്ടലിന്റെ പേരു പറഞ്ഞു. അവരാരും കേള്‍ക്കാത്ത ഇടമായിരുന്നതുകൊണ്ട് ഉമ അപ്പുറത്തെ മുറിയില്‍ പോയി തന്റെ കമ്പ്യൂട്ടറില്‍ പരിശോധിച്ച്, അതൊരു ചെറിയ ബജറ്റ് ഹോട്ടലാണ് എന്ന് തെല്ലുവിഷമത്തോടെ പറഞ്ഞു. അങ്കിളിന്റെ മുഖത്തും അപ്പോള്‍ വിഷമം കലരുകയും ‘വേറെ നല്ല മുറി എടുക്കട്ടേ..’ എന്നെന്നോട് ചോദിക്കുകയും ചെയ്തു.
‘അതു വേണ്ട...’ എന്ന് ഞാനും സ്‌നേഹപൂര്‍വം വാശിപിടിച്ചു.

പെനാങ്ങിലെ തുറമുഖം

പെനാങ്ങിലെ ഒരു മുനിസിപ്പല്‍ കൗണ്‍സിലറായി പൊതു പ്രവര്‍ത്തെനമാരംഭിച്ച് മലേഷ്യയിലെയും മൂന്നാം ലോകത്തെയും ദരിദ്രരായ ഉപഭോക്താക്കളുടെ അവകാശപ്പോരാട്ടങ്ങളുടെ തുല്യതകളില്ലാത്ത നായകനായി മാറിയ, ദൈവഭക്തിയുടെയും സുതാര്യതയുടെയും പര്യായമായ, മഹാതീര്‍ മുഹമ്മദ് ഉള്‍പ്പെടെ ഒരു അധികാര കേന്ദ്രത്തെയും കൂസാതെയും ഭയക്കാതെയും സുചിന്തിതമായ സ്വന്തം നിലപാടുകളിലുറച്ചുനിന്ന, മനുഷ്യന്റെയും പ്രകൃതിയുടെയും സ്‌നേഹസ്വരൂപനാണദ്ദേഹം. ഇത്തരം ആത്മാക്കളാല്‍ ആശ്ലേഷിക്കപ്പെടുമ്പോള്‍ നമ്മുടെ ജീവിതം പുതുക്കപ്പെടുന്നു.

ഒടുവില്‍ ഏതാണ്ട് മൂന്നുമണിയായപ്പോള്‍ നാളെ രാവിലെ വീണ്ടും കാണാമെന്ന ധാരണയില്‍ ഞങ്ങള്‍ പിരിഞ്ഞു. അങ്കിള്‍ മൊയ്തീന്‍ സിറ്റിസന്‍സ് ഇന്റര്‍നാഷനലിനെക്കുറിച്ച് വിശദീകരിച്ചുതന്നു. ഒരു ജീവനക്കാരനെ വിളിച്ച് കാപ്പിന്റെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്താനേല്‍പിച്ചു. പ്രസാധനവിഭാഗം തലവന്‍ ലിം ജീ എന്ന ചൈനക്കാരന്‍ പ്രൊഫഷണല്‍ പരിശീലനം സിദ്ധിച്ച ഒരു ആര്‍ക്കിടെക്റ്റ് ആയിരുന്നു. ദക്ഷിണ പൂര്‍വേഷ്യയിലെ പരമ്പരാഗത വാസ്തുശില്‍പകലയെക്കുറിച്ച് അദ്ദേഹം ഒരു സചിത്ര കോഫി ടേബിള്‍ പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. കാപ്പിന്റെ പ്രസാധനലക്ഷ്യങ്ങളും രീതികളും ലിം വിശദീകരിച്ചു. മാപ്പുസയിലെ കടയില്‍ വച്ചു കണ്ട, എണ്ണമറ്റ സുഹൃത്തുക്കള്‍ക്ക്് പാരിതോഷികമായി കൊടുത്ത ‘ലവ് സ്‌റ്റോറീസ് ഓഫ് എ ഡിഫറന്റ് കൈന്‍ഡ്’ അവിടുത്തെ അലമാറകളിലൊന്നിലിരുന്ന് പുഞ്ചിരിച്ചു. അവ ഔട്ട് ഓഫ് പ്രിന്റ് ആണെന്നത് സങ്കടം തോന്നിച്ചു. അവയത്രയും മലയാളത്തിലേക്കു മൊഴിമാറ്റാന്‍ അങ്കിള്‍ ഇദ്‌രീസ് അനുവാദം തന്നിരുന്നു.

കാപ്പ് ഓഫീസിനു പിന്നിലെ അര്‍ബന്‍ഫാം പ്രൊജക്ടിൽ സന്ദർശകർക്ക്​ വിവരങ്ങൾ നൽകുന്ന അങ്കിൾ ശുഭം

കാപ്പ് ഓഫീസ് കെട്ടിടത്തിന്റെ പിറകുവശത്ത് അര്‍ബന്‍ ഫാം പ്രൊജക്ട് എന്ന ബോര്‍ഡു വച്ച് അങ്കിള്‍ ശുഭം എന്ന തമിഴ് വംശജന്റെ നേതൃത്വത്തില്‍ ഗംഭീരമായ ഒരു പച്ചക്കറിത്തോട്ടം നടത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അവിടെ നിന്ന് വിത്തുകളും വിളകളും വളവും മിതമായ വിലക്കു വാങ്ങുകയും അര്‍ബന്‍ ഫാമിങ്ങില്‍ പ്രായോഗിക പരിശീലനം നേടുകയും ചെയ്യാം.

കാപ്പില്‍ ഒരു ഹ്രസ്വസന്ദര്‍ശനമേ ഞാനുദ്ദേശിച്ചിരുന്നുവെങ്കിലും അവിസ്മരണീയവും ധന്യവുമായ മണിക്കൂറുകള്‍ അവിടെ ചെലവാക്കാനായി. പിറ്റേന്നു കാണാമെന്ന് അങ്കിള്‍ ഇദ്‌രീസ് പറഞ്ഞിരുന്നതുകൊണ്ട് നാളെ വരാമെന്ന ധാരണയില്‍ ഇറങ്ങി. അവിടുത്തെ ഒരു ജീവനക്കാരന്‍ ബൈക്കില്‍ തിരികെ കണ്ടെയ്‌നര്‍ ഹോട്ടലിലിറക്കിത്തന്നു.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malasiaKuala LumpurCAPUncle Idris
News Summary - journey through penang malasia part 2
Next Story