തായ്​ലൻഡ്​ എന്നു കേട്ടാൽ നെറ്റി ചുളിക്കുന്നതെന്തിന്​...?

  • തായ്​ലൻഡിൽ നിങ്ങൾ എന്താണോ തേടുന്നത്​ അതായിരിക്കും നിങ്ങളെ തേടിയെത്തുക...

കടൽനീലവും കാഴ്​ചകളുടെ വിശാലതയും കൊണ്ട്​ വിസ്​മയിപ്പിക്കുകയാണ്​ തായ്​ലൻഡ്​

ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണമെന്ന് കൊതിച്ചുപോകുന്ന ചില നാടുകളുണ്ട്. എത്ര വേർപെടുത്തിക്കളയാൻ ശ്രമിച്ചാലും ആ സ്ഥലങ്ങൾ ഉള്ളിലങ്ങനെ കുടുങ്ങി കിടക്കും. അങ്ങനെയൊരു നാട്ടിലേക്കാണ് യാത്രക്കിറങ്ങുന്നത്. നീലക്കടലി​​​​​െൻറയും ബുദ്ധക്ഷേത്രങ്ങളുടെയും നാട്ടിലേക്ക്, തായ്​ലൻഡിലേക്ക്...

കഴിഞ്ഞ മാസമാണ് യാത്രക്കുള്ള പ്ലാനിങ് തുടങ്ങിയത്. പാസ്പോർട്ട്‌ എടുത്ത് വിദേശയാത്രക്കായി കൊതിക്കാൻ തുടങ്ങിയിട്ട് വർഷം കുറച്ചായി. ഒരുപാട് രാജ്യങ്ങൾ പലരും പറഞ്ഞെങ്കിലും, ചെറുപ്പക്കാർക്ക് മാത്രം എന്ന് പല മലയാളികളും ഉറപ്പിച്ചുപറഞ്ഞ തായ്‌ലൻഡാണ് എന്നെ ആകർഷിച്ചത്. എന്തുകൊണ്ടോ തായ്‌ലാൻഡ് എന്നു പറയുമ്പോൾ ‘പട്ടായ’ എന്ന ചെറിയ നഗരത്തെ കുറിച്ചാണ് പലരും പറയാറ്. കണ്ണിനും മനസ്സിനും ഇമ്പം നൽകുന്ന ഒരുപാട് കാഴ്ചകളുണ്ടിവിടെ എന്നുറച്ച വിശ്വാസത്തോടെയാണ് മാതാപിതാക്കളുമൊത്ത് യാത്ര തുടങ്ങിയത്. തായ്‌ലൻഡ് ഒരു തരിപോലും ഞങ്ങളെ നിരാശപ്പെടുത്തിയില്ല.

കെയ്​നോക്ക്​ ദ്വീപ്​
 

മ്യാൻമർ, മലേഷ്യ, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളുടെ ഇടയിലാണ് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ തായ്‌ലൻഡ് (തായ്) അഥവ Kingdom of Thailand. പടിഞ്ഞാറ് നീലിമയുള്ള ആൻഡമാൻ കടലും അവിടെയുള്ള വെള്ളമണലുള്ള ദ്വീപുകളുമാണ് പ്രധാന ആകർഷണങ്ങൾ. 1932 വരെ സിയാം എന്നറിയപ്പെട്ടിരുന്ന തായ്‌ലൻഡിൽ, കൂടുതലും ബുദ്ധമത വിശ്വാസികളാണ്. മുപ്പതിനായിരത്തിന് മുകളിൽ ബുദ്ധക്ഷേത്രങ്ങൾ ഉണ്ടിവിടെ. അതിൽ പലതും വാസ്തുകലയുടെ ഉദാത്ത മാതൃകകൾ. വൃത്തിയുടെ കാര്യത്തിൽ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്താൻ അറിയില്ലെങ്കിലും ഇന്ത്യയുമായി ഒത്തു നോക്കുമ്പോൾ വളരെ വൃത്തിയോടെയാണ് റോഡും ബീച്ചുകളുമൊക്കെ സൂക്ഷിച്ചിരിക്കുന്നത്. വരുന്ന ഓരോ ടൂറിസ്റ്റുകളെയും വളരെ ബഹുമാനത്തോടെ തായ് ജനത സ്വീകരിക്കുന്നു. ബഹുമാനം എപ്പോഴും കൊടുത്ത് വാങ്ങേണ്ട ഒന്നാണെന്ന്​ അവരുടെ പെരുമാറ്റം ഒാർമിപ്പിക്കുന്നു.


വിശാലമായ ബാങ്കോക്ക് നഗരത്തിലാണ് ആദ്യം ചെന്നിറങ്ങിയത്. സ്കൈ ട്രെയിൻ സജീവമായ നഗരമായതിനാൽ സ്ഥലങ്ങൾ കാണാൻ യാതൊരു ബുദ്ധിമുട്ടുമില്ല. ചയോ പ്രയ (chao phraya) തായ്‌ലൻഡിലെ പ്രധാന നദികളിലൊന്നാണ്. ലോങ് ടൈൽ ബോട്ടുകളും ഫെറി ബോട്ടുകളും ക്രൂയിസ്‌കളും കൊണ്ട് സജീവമാണ് ചയോ പ്രയ നദി. ഈ നദി ബാങ്കോക്ക് നഗരത്തി​​​​​െൻറ വ്യത്യസ്തമായ ഒരു പരിച്ഛേദം കാണിച്ചുതരും. നദിക്ക് ഇരുവശത്തുമായാണ്​  പ്രധാന ആകർഷണങ്ങളായ ഗ്രാൻഡ് പാലസ് (Grand palace), എമറാൾഡ്‌ ബുദ്ധ ക്ഷേത്രം (Temple of Emerald Buddha), വാട് അരുൺ (Wat Arun), വാട് പു (Wat Phu), ചൈന ടൗൺ എന്നിവ നിലകൊള്ളുന്നത്. ഇവിടേക്ക് എത്താനുള്ള എളുപ്പ മാർഗം ഫെറി തന്നെയാണ്. ഇവിടെ ഓറഞ്ച്, മഞ്ഞ, പച്ച കൊടികളുള്ള ബോട്ടുകൾ കാണാം. നിറം നോക്കിയാണ് ഏത് റൂട്ടിലേക്കുള്ള ബോട്ടാണെന്ന് മനസ്സിലാക്കുന്നത്.

 
 

തിരക്കുകളിൽ താൽപര്യമില്ലെങ്കിൽ ഇത്തിരി വിലകൂടുതൽ കൊടുത്താൽ നീല കൊടിയുള്ള ടൂറിസ്റ്റ് ബോട്ടിൽ സുഖമായി പോകാം. മഹാരാജ പിയർ ഇറങ്ങി 300 മീറ്റർ നടന്നാൽ ഗ്രാൻഡ് പാലസിൽ എത്തും. 150 വർഷത്തോളം സിയാം രാജകുടുംബത്തി​​​​​െൻറ കൊട്ടാരമായിരുന്ന ഗ്രാൻഡ് പാലസ് 1782ലാണ് നിർമിച്ചിരിക്കുന്നത്. 20ാം നൂറ്റാണ്ടിന് ശേഷം രാജകുടുംബം ഇവിടത്തെ താമസം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും ഔദ്യോഗിക പരിപാടികൾ പലതും ഇവിടെയാണ്​ നടക്കുന്നത്​. കൊട്ടാര സമുച്ചയത്തിൽ ‘ടെമ്പിൾ ഓഫ് എമറാൾഡ്‌ ബുദ്ധ’ എന്നറിയപ്പെടുന്ന Wat Phra Kaew അടക്കം ഒരുപാട് കെട്ടിടങ്ങളുണ്ട്. ധ്യാനാവസ്ഥയിൽ ഇരിക്കുന്ന ബുദ്ധ​​​​​​െൻറ  15ാം നൂറ്റാണ്ടിലെ പ്രതിമയുള്ള എമറാൾഡ്‌ ബുദ്ധ തായ്‌ലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമാണ്. ഒരു സ്വർണമാളികയെന്ന് വിശേഷിപ്പിക്കാവുന്ന ക്ഷേത്രം. നമുക്കത് വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും തായ് ജനതക്ക് ആരാധനാലയമാണ്. അതിനാൽ വസ്ത്രധാരണം മാന്യമാവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവിടെയെന്നല്ല തായ്‌ലൻഡിലെ ഏത് ബുദ്ധക്ഷേത്രം സന്ദർശിക്കുമ്പോഴും അത്​ മനസ്സിൽ വെക്കേണ്ടതുണ്ട്.

ബുദ്ധമത ക്ഷേത്രങ്ങളാണ്​ തായ്​ലൻഡിൽ എമ്പാടും
 

അവിടുന്ന് അടുത്ത പിയറിലാണ് ടെംപിൾ ഓഫ് ഡോൺ (Temple of Dawn) എന്നറിയപ്പെടുന്ന Wat Arun. ബുദ്ധമത വിശ്വാസമനുസരിച്ച് ലോകത്തി​​​​​െൻറ കേന്ദ്രബിന്ദുവായ മൗണ്ട് മെറുവി​​​​​െൻറ മാതൃകയിൽ നിർമിച്ചിരിക്കുന്ന ഈ ക്ഷേത്രം ശിൽപകലയുടെ ഒരു ഉദാത്തമാതൃകയാണ്. കുഞ്ഞു കുഞ്ഞു കൊത്തുപണികളും അതിലെ പെയിൻറിങ്ങുകളും അദ്ഭുതപ്പെടുത്തുന്നവയാണ്. ഇവിടെനിന്ന് നദി കടന്നാൽ ടെംപിൾ ഓഫ് റിക്ലനിങ് ബുദ്ധ (Temple of Recyling Buddha) എന്നറിയപ്പെടുന്ന വാട് പുവിൽ എത്താം. ആയിരത്തോളം ബുദ്ധ വിഗ്രഹങ്ങളുള്ള ഈ ക്ഷേത്രസമുച്ചയത്തി​​​​​െൻറ പ്രത്യേകത 46 മീറ്റർ നീളവും 15 മീറ്റർ ഉയരവുമുള്ള ശയിക്കുന്ന ബുദ്ധനാണ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തശയനവിഗ്രഹത്തെ അനുസ്മരിപ്പിക്കും. ചയോ പ്രയ നദിക്ക് ഇരുവശത്തുമായി വേറെയുമുണ്ട് ഒരുപാട് കാണാൻ. റോയൽ ബാർജ് നാഷനൽ മ്യൂസിയം, ഫ്ലവർ മാർക്കറ്റ്, ചൈന ടൗൺ, ലോങ്ങ്‌ 1919, ഇകോൺഷ്യൻ മാൾ ഇങ്ങനെ നീളുന്നു ലിസ്റ്റ്...

അടുത്ത ദിനം ഫ്ലൈറ്റിൽ നേരെ പുക്കറ്റിലേക്ക് പറന്നു. എയർപോർട്ടിൽനിന്ന് പുക്കറ്റ് ടൗണിലേക്കുള്ള വഴി ശരിക്കും കേരളത്തിലെ  പച്ചച്ചിനെ അനുസ്മരിപ്പിക്കുന്നു. ബാങ്കോക്കിൽനിന്ന് ഒരുപാട് വ്യത്യസ്തമാണ് പുക്കറ്റ് നഗരം. പ്രധാന ഉപജീവന മാർഗം ടൂറിസമായതിനാൽ ഈ നഗരം ഉറങ്ങാറില്ല. ബീച്ചുകളും ദ്വീപ്​യാത്രകളും തന്നെയാണ് ഇവിടെ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ബുദ്ധ ക്ഷേത്രങ്ങളും ആനസഫാരിയും ജെം ഫാക്ടറിയും ഒക്കെ ഉണ്ടിവിടെ.
കഴിഞ്ഞ ഒരു നൂറ്റാണ്ടായി കാഴ്ചക്കാരുടെ മനം കവരുന്ന വാട് ചാലോങ്  (Wat Chalong) ക്ഷേത്രസമുച്ചയത്തിലെ ഗ്രാൻഡ് പഗോഡയിൽ പല പല ഭാവങ്ങളിലുള്ള ബുദ്ധ പ്രതിമകൾ കാണാം. കരോൺ ബീച്ച്, പതങ് ബീച്ച്, റവൈ ബീച്ച്, കട്ട ബീച്ച്, സുറിൻ ബീച്ച് അങ്ങനെ ബീച്ചുകളുടെ പറുദീസയായ പുക്കറ്റിൽ, ആൻഡമാൻ കടലി​​​​​െൻറ മനോഹാരിത ദൂരെനിന്ന് കണ്ടാസ്വദിക്കാൻ പ്രോംപ്‌തെപ് കേപ്പ്, കരോൺ വ്യൂപോയൻറുകളിൽതന്നെ പോകണം.

അടുത്തദിവസം ഫി ഫി ദ്വീപ് യാത്രക്കായി മാറ്റിവെച്ചു. കടലിലൂടെയുള്ള സ്പീഡ് ബോട്ട് യാത്ര ഹരംകൊള്ളിച്ചു. കടലിനെ കീറിമുറിച്ച് വളഞ്ഞും പുളഞ്ഞും ബോട്ട് കുതിച്ചുതുടങ്ങിയപ്പോഴേക്കും വിദേശികളായ പലരും അവശരായി തുടങ്ങി. കുണ്ടും കുഴിയുമുള്ള കേരളത്തിലെ റോഡിലൂടെ പ്രൈവറ്റ് ബസിൽ വർഷങ്ങളായി ചീറിപ്പായുന്ന നമുക്കെന്ത് സ്പീഡ് ബോട്ടി​​​​​െൻറ ഉലച്ചിൽ... ഒരുപേക്ഷ ആ ബോട്ടിൽ വിഷമതകളില്ലാതെ ഇരുന്നത് ഞങ്ങൾ
മാത്രമായിരിക്കും.

 
 

വർണിക്കാനൊരു​മ്പെടുമ്പോൾ വാക്കുകൾ ശുഷ്കിച്ചുപോകുന്നത്ര ഭംഗിയുള്ള കടൽ. നീലയുടെ തന്നെ പല പല ഭാവങ്ങൾ വാരിയണിഞ്ഞു കിടക്കുകയാണ്​ കടല. ‘ദ ബീച്ച്’ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ പ്രസിദ്ധമായ മായ ബേ യും, കുരങ്ങുകളുടെ വിഹാരകേന്ദ്രമായ മങ്കി ബീച്ചും ഖൈ നോക് ദ്വീപിലെ വെളുത്ത മണലും എല്ലാം ഒരുപോലെ സുന്ദരം.

 
 

നീന്തലറിയാതെ ആൻഡമാൻ കടലിൽ നീന്തിയതും സ്‌നോർക്കലിങ് ചെയ്ത് മീനുകളുമായി ചങ്ങാത്തം കൂടിയതും ഒരിക്കലും മറക്കാനാവാത്ത
അനുഭവങ്ങളിലൊന്ന്. 500 മീറ്റർ പോലും നീളമില്ലാത്ത വോക്കിങ് സ്ട്രീറ്റ് പരാമർശിച്ച് കൊണ്ട്, സുലഭമായി ലഭിക്കുന്ന സ്ത്രീ ശരീരങ്ങളും, നിയന്ത്രണങ്ങളില്ലാതെ കള്ളുകുടിക്കാവുന്ന പബ്ബുകളും മാത്രമുള്ള ഒരു സ്ഥലമായാണ് പലരും തായ്‌ലൻഡിലെ വിശേഷിപ്പിക്കാറുള്ളത്.
യാത്രകളിൽ എപ്പോഴും നിങ്ങൾ എന്താണോ തേടി പോകുന്നത് അതായിരിക്കും കിട്ടുക.. തായ്​ലൻഡും വ്യത്യസ്തമല്ല. എ​​​​​െൻറ ചെറിയ യാത്രാനുഭവം
പറയട്ടെ നീലക്കടലി​​​​​െൻറ വശ്യതയും, ബുദ്ധ ക്ഷേത്രങ്ങളുടെ ചൈതന്യവും, മതിമറന്ന് ആസ്വദിക്കാവുന്ന, കുടുംബത്തോടൊപ്പം
ധൈര്യമായി പോകാവുന്ന ചെലവ് കുറഞ്ഞ ഒരു രാജ്യമാണ് തായ്‌ലൻഡ്.

അടിവര:
പാക്കേജ്​ എടുക്കാതെ സ്വന്തമായി പ്ലാൻ ചെയ്താണ് പോയത്. വിമാന ടിക്കറ്റ്​ ചാർജും വിവിധ സ്​ഥലങ്ങളിലെ പ്രവേശന ഫീസും അടക്കം ഒരാൾക്ക്​ 35,000 രൂപയാണ്​ ചെലവായത്​.

Loading...
COMMENTS