ആകാശം തൊടും പാതയിൽ ഇനി സുഖയാത്ര
text_fieldsഇല്ലിക്കൽ കല്ലിന്റെ നെറുകയിലേക്ക് എത്തുന്ന റോഡിന്റെ നിർമാണം പൂർത്തിയായപ്പോൾ
തലനാട്: മീനച്ചിൽ താലൂക്കിലെ പ്രമുഖ ടൂറിസം കേന്ദ്രത്തിലേക്ക് ഇനി സുഖയാത്ര. കേന്ദ്ര പദ്ധതിയിൽ തലനാട്ടുനിന്ന് ഇല്ലിക്കൽകല്ലിന്റെ നെറുകയിലേക്ക് എത്തുന്ന റോഡിന്റെ നിർമാണം പൂർത്തിയായി.
ആകാശം തൊടുന്ന ഈ പാത ജോസ് കെ.മാണി എം.പി മുൻകൈയെടുത്താണ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കിലോമീറ്റർ റോഡ് പൂർത്തീകരിച്ചത്. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശത്ത് നിർമിച്ചിരിക്കുന്ന ഈ റോഡിലൂടെ ഇല്ലിക്കൽ കല്ലിന്റെ ഇരുവശത്തുനിന്ന് വിനോദസഞ്ചാരികൾക്ക് എത്താനാകും.
കെ.എം. മാണി മന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച ഗ്രീൻ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഇല്ലിക്കൽ കല്ല് ടൂറിസം വികസന പദ്ധതി നടപ്പാക്കിയത്. 2017ൽ ഫണ്ട് അനുവദിച്ച് നിർമാണം ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമാണം പലപ്പോഴും തടസ്സപ്പെട്ടിരുന്നു.
റോഡ് അവസാനിക്കുന്ന ഭാഗത്തുനിന്ന് നടകൾ കെട്ടി ഇല്ലിക്കൽക്കല്ലിന്റെ മുകളിൽ എത്താൻ ആവശ്യമായ നടപടിയും സ്വീകരിക്കുമെന്ന് ജോസ് കെ.മാണി അറിയിച്ചു. ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള റോഡാണ് നവീകരിക്കപ്പെട്ടിരിക്കുന്നതെന്ന് തലനാട് പഞ്ചായത്ത് അംഗം വത്സമ്മ ഗോപിനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

