വരൂ, ദേശാടനക്കിളികളുടെ പറുദീസയിലേക്ക്
text_fieldsപാടശേഖരങ്ങളിലെ പക്ഷിക്കാഴ്ച
തുറവൂർ: കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന കരിനിലങ്ങളിലും അറ്റംകാണാത്ത ചങ്ങരം പാടശേഖരങ്ങളിലും എഴുപുന്നയിലെ പൊക്കാളി നിലങ്ങളിലും വിരുന്നുകാരൻ പക്ഷികളുടെ കാലമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന മുന്നൂറോളം ഇനം പക്ഷികളുടെ പറുദീസയാണ് ഈ മണ്ണ്. ആയിരക്കണക്കിന് മൈലുകൾ താണ്ടിയെത്തുന്ന തൂവെള്ള സൈബീരിയൻ പക്ഷികളും രാജഹംസം അടക്കമുള്ള പക്ഷികളും ഇക്കൂട്ടത്തിലുണ്ട്. ജനുവരി അവസാനം മുതൽ നാലു മാസത്തോളം ഇവിടം അവർക്ക് പറുദീസയാണ്.
മത്സ്യകൃഷിക്കു ശേഷം വെള്ളം വറ്റിക്കുന്നതോടെ തെളിയുന്ന ചെറുമീനുകളും സൂക്ഷ്മ ജീവികളും തവളക്കുഞ്ഞുങ്ങളും മറ്റനേകം ജലജീവികളുമാണ് ഇവരെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ഏറ്റവും വലിയ ജലപക്ഷിയായ രാജഹംസം (ഗ്രേറ്റർ ഫ്ലമിംഗോ), വയൽ കുരുവി (പ്ലെയിൻ പീനിയ), പട്ടുവാലൻ സൂചിക്കൊക്ക് (ബ്ലാക്ക് ടെയിൽഡ് ഗോഡ് വിറ്റ്), സൈബീരിയൻ മണൽക്കുരുവികൾ മുതൽ ചെറിയ മീൻകൊത്തി വരെ ഇവിടെയുണ്ടാകും.
വെയിലാറുമ്പോൾ കോടംതുരുത്തിലെ ചങ്ങരം പാടശേഖരത്തിൽ പക്ഷിനിരീക്ഷണത്തിന് എത്തുന്നത് നൂറുകണക്കിന് പക്ഷി സ്നേഹികളാണ്. കാഴ്ചക്കാര് ഏറുമ്പോഴും അവർക്കായി അടിസ്ഥാന സൗകര്യങ്ങൾപോലും ഇവിടെയില്ല എന്നതാണ് പോരായ്മ.
ഫോട്ടോ എടുക്കാനും കാഴ്ച കാണാനും മണിക്കൂറുകൾ ചെലവിട്ടാണ് വിദേശികളും സ്വദേശികളുമായ പക്ഷിസ്നേഹികൾ ഇവിടംവിടുന്നത്. പക്ഷികളെ കെണിവെച്ചു പിടിച്ചും വെടിവെച്ച് കൊന്നും കള്ളുഷാപ്പിലെ വിഭവങ്ങളാക്കി പക്ഷിവേട്ടക്കാർ കാശുണ്ടാക്കാറുണ്ടായിരുന്നു. പക്ഷിസ്നേഹികളുടെ വലിയ എതിർപ്പിനെ തുടർന്നാണ് ഇത് അവസാനിപ്പിച്ചത്.പക്ഷിവേട്ട ശിക്ഷാർഹ കുറ്റമാണെന്ന് അറിയിക്കുന്ന വനം വകുപ്പിന്റെ ബോർഡുകളും ഇവിടങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

