Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചാലിയാറിന്‍റെ കടത്തുകാരി
cancel

കടവുകളെല്ലാം ഒഴിഞ്ഞുതുടങ്ങി. പാലങ്ങൾ വന്ന് ഓരോയിടവും വികസിക്കുമ്പോൾ വേറെ ചിലരുണ്ട്, പുഴയിൽ തുഴയെറിഞ്ഞ് അക്കരെ യാത്രക്കാരെയെത്തിച്ച് ഉപജീവനം നടത്തുന്ന ചിലർ. വെട്ടത്തൂർ മണൽപ്പുറത്ത് അലവിക്കുട്ടിയുടെ മകൾ പെണ്ണുമ്മ എന്ന 48കാരി സുഹ്റാബിയുടെ കഥയാണിത്. ഇപ്പോഴും ചാലിയാറിലെ ചെറുവാടിക്കടവിലെ കടത്തുകാരിയാണിവർ. തന്റെ തോണിയുമായി ആവശ്യക്കാർക്ക് സവാരി ഒരുക്കാൻ അവരിന്നും കാത്തിരിക്കുന്നു

കഴിഞ്ഞവർഷമാണ്, പതിവുപോലെ കുളിക്കാനിറങ്ങി ചങ്ങാതിപ്പുഴയിൽ. വേദനയും സന്തോഷവും ഒറ്റപ്പെടലുമെല്ലാം മനസ്സിലാക്കിയ ചാലിയാറിൽ. കുഞ്ഞിലേ അറിയാം. ഇപ്പോൾ 48 വയസ്സായി. സങ്കടമായാലും സന്തോഷമായാലും കേൾക്കാനുള്ളത് അവളാണ്, ചാലിയാർ. ഭർത്താവ് ഉപക്ഷിച്ചുപോയി. ആങ്ങളമാരും ബാപ്പയുമുണ്ട്, മൂന്ന് മക്കളും. ഉമ്മ മരിച്ചു. ചാലിയാർ, ഓളിന്നും ഒറ്റക്ക്, തന്റേടത്തോടെ...

പശ്ചിമഘട്ടത്തിലെ നിലമ്പൂർ മലകളിൽ നീലഗിരി മേഖലയിലെ ഇലമ്പേരിക്കുന്നിൽനിന്നും മുണ്ടേരിക്കാട്ടിൽനിന്നുമുള്ള ചെറുപുഴകളുടെ ഒത്തുചേരലാണ് ചാലിയാർ. സംസ്ഥാനത്ത് നീളം കൂടിയ നദികളിൽ നാലാമത്. മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് അതിരിട്ട് 169 കി.മീ ദൂരം കൂലംകുത്തി അറബിക്കടലിൽ.

കളിക്കൂട്ടുകാരിയായ ചാലിയാർ

മറ്റുപലരെയും പോലെ പെണ്ണുമ്മ എന്ന സുഹ്റാബിയുടെ കളിക്കൂട്ടുകാരിയും സഹോദരിയുമെല്ലാം ഈ പുഴയാണ്. മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂർ മണൽപ്പുറത്ത് സുഹ്റാബി. ഇരട്ടക്കുട്ടികളായ ആൺകുട്ടികൾ മുതിർന്നു. പ്ലസ്ടു കഴിഞ്ഞ മകൾ ആമിന നിദയും ഉമ്മയും കുത്തിയൊഴുകുന്ന ജീവിതപ്പുഴയുടെ ഓളങ്ങളെ കീറിമുറിച്ച് തുഴയെറിയുകയാണ്.

കഴിഞ്ഞവർഷം, പുഴയിൽ നീന്തിത്തുടിക്കുന്നതിനിടെ കാലിലെന്തോ കടിച്ചപോലെ. കരയിലേക്ക് കയറി നോക്കുമ്പോൾ ഏതോ ജീവി കടിച്ച് തൂങ്ങിക്കിടക്കുന്നു. ഒറ്റ കുടച്ചിലിൽ അത് വെള്ളത്തിലേക്ക് തെറിച്ചു. കടിയേറ്റ ഭാഗത്ത് ചോര കിനിയുന്നു. പല്ലിന്റെ അടയാളവും. പരിഭ്രമമൊന്നും തോന്നിയില്ല. ഇതെന്റെ പുഴയാണല്ലോ എന്നായിരുന്നു ധൈര്യം. വീട്ടിലെത്തി കാര്യം പറഞ്ഞപ്പോഴാണ് നീർനായാണ് കടിച്ചതെന്ന് മനസ്സിലായത്. അതുവരെ കേട്ടിട്ടേയുള്ളൂ അത്തരമൊരു ജീവിയെപ്പറ്റി. വെള്ളപ്പൊക്കത്തിന് ശേഷമാണ് പുഴയിൽ നീർനായ്ക്കളുടെ എണ്ണം കൂടിയത്. പണ്ടൊക്കെ കുട്ടികൾ പുഴയിൽ ഇറങ്ങാതിരിക്കാൻ പറയുന്ന പേടിപ്പിക്കുന്ന ഒരു കഥാപാത്രം മാത്രമായിരുന്നു അത്. നീർനായുടെ കടിയേറ്റെങ്കിലും വലിയ പ്രയാസം ഉണ്ടായില്ല. വിഷം പ്രതിരോധിക്കാൻ 15 ദിവസം കുത്തിവെപ്പെടുക്കേണ്ടിവന്നു. അത്രയും ദിവസം പുഴയിൽ ഇറങ്ങാനായില്ല എന്നതായിരുന്നു വിഷമം.

ചെറുവാടിക്കടവിൽ തുഴയെറിയുമ്പോൾ

ചാലിയാറിൽ വീതിയേറിയ കടവുകളിലൊന്നാണ് ചെറുവാടി-വെട്ടത്തൂർ. 200 മീറ്ററിലധികം വീതി. ചെറുവാടി കടവിലെ കടത്തുകാരിയാണ് സുഹ്റാബി ഇന്ന്. സമീപ സ്ഥലങ്ങളിൽ പലയിടത്തും പാലം വന്നെങ്കിലും ഇപ്പോഴും ഈ കടവിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. താൻ ആദ്യമായൊരു കടത്തുകാരിയായത് മുക്കത്തുനിന്നും വെട്ടത്തൂർ ഭാഗത്തേക്ക് ജോലിക്കുവന്ന 'ബംഗാളികൾ' എന്ന് നമ്മൾ വിളിക്കുന്ന ചില സഹോദരന്മാരിലൂടെയാണെന്ന് പെണ്ണുമ്മ പറയുന്നു. അവർ ചെറുവാടി വരെ ബസിൽ വന്ന് തോണിയിൽ അക്കരെ കടക്കും. അഞ്ചും ആറും ആളുണ്ടാവും. വൈകീട്ട് തിരികെ പോകുമ്പോൾ നൂറോ നൂറ്റമ്പതോ കടത്തുകൂലി തരും. രണ്ടുമാസത്തോളം ഇത് ചെയ്തപ്പോൾ നല്ലൊരു ഉപജീവനമാണല്ലോ എന്ന് തോന്നി.

പീന്നീട് പതിയെ താനൊരു കടത്തുകാരിയായെന്ന് അവർ പറയുന്നു. അയൽക്കാരും ബന്ധുക്കളും അക്കരെയിക്കരെ യാത്രചെയ്യാൻ തോണി തേടി വന്നു. പലരും മുൻകൂട്ടി പറയും. ടാക്സി വാടകക്ക് വിളിക്കുമ്പോലെ അവശ്യ സേവനമായി സുഹ്റാബിയുടെ കടത്തുവഞ്ചിയും. പലരും വ്യത്യസ്ത നിരക്കുകൾ കൊടുത്തു. ആളൊന്നിന് 30 രൂപ എന്ന നിശ്ചിത നിരക്കിന് പകരം നൂറും ഇരുന്നൂറും കൊടുത്തവർ സുഹ്റാബിയോടും കുട്ടികളോടുമുള്ള കരുതൽ കാത്തു. ഒപ്പം അന്യംനിന്നുപോകുന്ന ഒരു തൊഴിലിനെ കൂടെക്കൂട്ടിയ സ്ത്രീയോടുള്ള ആദരവും.

ചാലിയാറിൽ കുളിച്ചു മദിച്ചു വളർന്ന കുട്ടിക്കാലത്തിന്റെ ഓർമയുണ്ട് ഉള്ളുനിറയെ. ഇരുകരയും മുട്ടി നിറഞ്ഞുകവിഞ്ഞ് ഒഴുകുമ്പോഴും ഉന്മാദിയെപ്പോലെ കൂലംകുത്തുമ്പോഴും പെണ്ണുമ്മ ഭയന്നില്ല. തന്റെ കളിക്കൂട്ടുകാരിയാണല്ലോ എന്ന വിശ്വാസം, ധൈര്യത്തിലുപരി കറകളഞ്ഞൊരു ഇഷ്ടവും.

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഓട്ടം

ഈ പ്രായത്തിനിടെ നിരവധി പ്രളയങ്ങൾ അതിജീവിച്ചതിന്റെ നേരനുഭവം കൺമുന്നിലുണ്ട്. ചെറുതും വലുതുമായി നിരവധി വെള്ളപ്പൊക്കം. ഓരോ തവണയും മഴക്കാലമായാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള താൽക്കാലിക മാറ്റമാണ്. കാലങ്ങളായി ഇത് അനുഭവിച്ചവരാണ്. 2018ലെ പ്രളയം മറ്റൊന്നായിരുന്നു. ആത്മവിശ്വാസം കളഞ്ഞു. എന്തുചെയ്യുമെന്ന് ഓരോരുത്തരും ഉള്ളിൽ ചോദിച്ചു. കോവിഡും ലോക്ഡൗണും ആദ്യം വന്നപ്പോൾ നമ്മുടെ ഉള്ളിലൊക്കെ ഉണ്ടായില്ലേ എന്തോ ഒരിത്. അതിലും വലുതായിരുന്നു ഞങ്ങൾ പുഴയോരവാസികൾക്ക് ആദ്യ പ്രളയം.

ഇതുവരെ വെള്ളം കയറാത്ത വീടുകൾ പോലും അന്ന് മുങ്ങി. അവരെയെല്ലാം ക്യാമ്പുകളിലേക്ക് മാറ്റി. പലയിടത്തും സ്ത്രീകളും കുട്ടികളും നിത്യരോഗികളും ഗർഭിണികളും വയോധികരും. അന്നൊക്കെ വലിയ തോണിയാണ് സുലഭം. ടൺ കണക്കിന് മണലൂറ്റി കടത്താൻ പാകത്തിൽ മരംകൊണ്ട് നിർമിച്ച ലക്ഷങ്ങൾ വിലയുള്ളത്. ഇത് തുഴയാനും കരക്കടുപ്പിക്കാനും ഒതുക്കാനുമൊക്കെ കരുത്തരായ ആണുങ്ങൾ വേണം. എണ്ണത്തിലും കുറവായിരുന്നു ഇത്തരം വള്ളങ്ങൾ. അതുമാത്രമല്ല, ചെറുപ്പക്കാരല്ലാത്തവർക്ക് അതിലൊന്ന് കയറിപ്പറ്റാനുള്ള പ്രയാസം അതിലധികം. പലർക്കും അത്രയും വലിയ വള്ളത്തിൽ കയറി പരിചയം പോലുമില്ല. ചുറ്റിലും കലങ്ങിമറിഞ്ഞ വെള്ളവും കുത്തിയൊഴുകുന്ന മലവെള്ളവും. ആ ജീവൻമരണ പോരാട്ടത്തിൽ സുഹ്റാബിയും രക്ഷാപ്രവർത്തകയായി.

രക്ഷാപ്രവർത്തകയായി തുഴയെറിഞ്ഞ്

കുട്ടിക്കാലം മുതലേ മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു വെമ്പലുണ്ട് ആ മനസ്സിൽ. അതിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞ ചെറിയൊരു കഥ ഇങ്ങനെ.

(സുഹ്റാബിയും മകൾ നിദയും)

''മാവൂർ ഭാഗത്തുനിന്ന് എടവണ്ണപ്പാറ ഇരട്ടമുഴിയിലേക്ക് വിവാഹം കഴിച്ച ഒരു സ്ത്രീ എളമരം കടവു കടന്ന് മൂന്നു മക്കളുമായി നടക്കുന്നു (കോഴിക്കോട് ജില്ലയിലെ മാവൂരിൽനിന്നും മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലേക്ക് പാലം വരുന്നതിനു മുമ്പ് സജീവമായിരുന്ന കടവാണ് എളമരം കടവ്. നാട്ടുകാരുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനും പോരാട്ടത്തിനുമൊടുവിൽ 2022 മേയ് 23നാണ് ഉദ്ഘാടനം കഴിഞ്ഞത്). അന്ന് 13 വയസ്സായിരിക്കും എനിക്ക്. ആ ഉമ്മ രണ്ടു കുട്ടികളെ ഒക്കത്ത് വെച്ചിട്ടുണ്ട്. മറ്റൊരാൾ നടക്കുന്നു. നടന്ന് ക്ഷീണിച്ചിട്ടോ മറ്റോ കുട്ടികൾ വാവിട്ടുകരയുന്നുണ്ട്. ഉമ്മയാണെങ്കിൽ നടന്ന് ക്ഷീണിച്ചിട്ടുമുണ്ട്. വണ്ടിയൊന്നും പോകുന്ന റോഡോ വാഹനങ്ങളോ ഇല്ല. പൊള്ളുന്ന വെയിലിൽ ഇനിയും എത്രയോ ദൂരം നടക്കണം അവർക്ക്. കളിക്കുന്നതിനിടെ കുട്ടിയുടെ കരച്ചിൽ കേട്ട് ശ്രദ്ധിച്ച എനിക്ക് സങ്കടമായി. ഒക്കത്തുള്ള കുട്ടികളിൽ ഒന്നിനെയെടുത്ത് അവരോടൊപ്പം വീടു വരെ കൂട്ടുപോയി ഞാൻ. ആ ഇത്താത്ത ഇപ്പോഴും അക്കാര്യം ഓർത്ത് സ്നേഹം കൊണ്ട് പൊതിയും''.

2018 വെള്ളപ്പൊക്ക കാലത്ത് നിരവധി പേരെ രക്ഷപ്പെടുത്താൻ പ്രവർത്തിച്ചു സുഹ്റാബിയും. പല സ്ത്രീകൾക്കും അന്യ പുരുഷന്മാർക്കൊപ്പം തോണിയിൽ കയറാനും കുഞ്ഞുങ്ങളെ മറ്റുള്ളവരെ ഏൽപിക്കാനും മടിയാണ്. അപ്പോഴെല്ലാം പെണ്ണുമ്മ കൈത്താങ്ങായി.

ഈ ദുരിത കാലത്താണ് ഒരു കുഞ്ഞു തോണിയുടെ ആവശ്യം തിരിച്ചറിഞ്ഞത്. എല്ലാവർക്കും അനായാസം ഉപയോഗിക്കാം. എളുപ്പത്തിൽ തുഴഞ്ഞുനീങ്ങാം. കനം കുറഞ്ഞ ഇരുമ്പുകൊണ്ട് ഉണ്ടാക്കുന്നതിനാൽ ഭാരവും കുറവ്. തനിയെ കരക്കടുപ്പിക്കാനും പുഴയിലേക്ക് ഇറക്കാനും സാധിക്കും. വലിയ കഴുക്കോലിന് (പത്തടിയോളം നീളമുള്ള മുളകൊണ്ടുള്ള ഊന്നു വടി) പകരം പങ്കായം എന്ന തുഴ മതി. നീന്താൻ അറിയുന്ന, പുഴയിൽ ഇറങ്ങാൻ ധൈര്യമുള്ള ആർക്കും എളുപ്പം ഉപയോഗിക്കാവുന്ന കൊച്ചു വള്ളം. പ്രളയാനന്തരം സഹോദരന്മാരായ അബ്ദുൽ വഹാബും അബ്ദുൽ നാസറും സഹായിച്ച് അത്തരമൊരു തോണി സുഹ്റാബിക്ക് സ്വന്തമായി. മാവൂരിനടുത്ത താത്തൂർപൊയിലിൽനിന്നാണ് 60,000 രൂപ മുടക്കിൽ അത് വാങ്ങിയത്. പ്രളയത്തിന്റെ കോളിളക്കം കഴിഞ്ഞ് ചാലിയാറൊന്ന് ശാന്തമായപ്പോൾ സുഹ്റാബി

വള്ളവും തുഴയുമായി ഇറങ്ങി സ്വയം തുഴഞ്ഞുപഠിച്ചു. തുടക്കത്തിലൊന്നും ആ തോണി പൊതുഗതാഗതത്തിന് ഉതകുമെന്നോ താൻ തന്നെ തുഴയാൻ ഇറങ്ങുമെന്നോ ചിന്തിച്ചിരുന്നില്ല. കാലം സൂക്ഷിച്ച നിരവധി കുസൃതികളിൽ ഒന്നായി അതും സംഭവിച്ചു.

അമ്മയും മകളും

പണ്ടുകാലത്ത് ഫറോക്കിൽനിന്ന് ചരക്ക് കൊണ്ടുവരാൻ വല്യുപ്പ (മുത്തച്ഛൻ) മണൽപ്പുറത്ത് മുഹമ്മദ് തോണി ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട് സുഹ്റാബി. കുടുംബത്തിൽ വേറെയാർക്കും കടത്ത് ജോലിയുമായി ബന്ധമൊന്നുമില്ല. മാവൂരിലും ചെറുവാടിയിലുമെല്ലാം വിൽപനക്കുള്ള എരുന്ത്, കപ്പ തുടങ്ങിയ ഭക്ഷണസാധനങ്ങൾ തോണിയിലെത്തിച്ച് വിൽപന നടത്തിയിരുന്നു വല്യുപ്പ.

ആദ്യമൊക്കെ വെറും വിനോദമായിരുന്നു തുഴച്ചിൽ. കോവിഡ് കാലത്ത് ലോക്ഡൗൺ വന്നപ്പോൾ അയൽപക്കത്തുള്ള കുട്ടികളെ പുഴ കാണിക്കാൻ സവാരിക്കിറങ്ങി. അവരിൽ പലരെയും തുഴയെറിയാനും നീന്താനും പഠിപ്പിച്ചു. അതിൽ സ്വന്തം മകൾ ആമിന നിദയും ഉണ്ടായിരുന്നു. ഇന്ന് നിദയും മികച്ച തുഴച്ചിൽകാരിയാണ്. പത്തുപേരെ വരെ കയറ്റാവുന്ന വള്ളവുമായി അവൾ നിഷ്പ്രയാസം ഇരുകരകളിലേക്കും തുഴയെറിയും.

നീന്തൽ വശമുണ്ടെങ്കിൽ അൽപം പരിശീലനമുണ്ടായാൽ ആർക്കും തുഴ കൈയിലെടുത്ത് പുഴ കുറുകെ കടക്കാമെന്ന് ഉമ്മയും മകളും ഉറപ്പിച്ചുപറയുന്നു. വെട്ടത്തൂർ തടത്തിൽപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസ് കഴിഞ്ഞ നിദക്ക് തുഴച്ചിൽകാരിയായി അറിയപ്പെടാൻ ആഗ്രഹമുണ്ട്. പക്ഷേ, തന്റെ ഗ്രാമത്തിൽനിന്നും കയാക്കിങ്ങിന്റെ അനന്തസാധ്യതകളിലേക്ക് എങ്ങനെ തുഴയെറിയണമെന്ന് അറിയില്ല. മറ്റൊരാഗ്രഹം നഴ്സിങ് പഠിക്കണമെന്നാണ്. സാമ്പത്തിക ചെലവും മറ്റു സാഹചര്യങ്ങളും അനുകൂലമായാൽ നഴ്സായി ആതുരസേവന രംഗത്തേക്കിറങ്ങണം എന്നാണ് പ്രാർഥന. അതിന് ആരുടെയെങ്കിലും കൈത്താങ്ങ് വരുമെന്ന മോഹത്തോടെ അവൾ ഉമ്മക്കൊപ്പം പുഴക്കടവത്ത്.

'നീന്തലും തുഴച്ചിലും പഠിപ്പിക്കണം'

വളർന്നുവരുന്ന കുട്ടികളെ നീന്തലും തുഴച്ചിലും പഠിപ്പിക്കണമെന്നതാണ് സുഹ്റാബിയുടെ മറ്റൊരാഗ്രഹം. നീന്താനറിയാത്തതിനാൽ എത്ര കുട്ടികളാണ് വെള്ളത്തിൽ മുങ്ങിമരിക്കുന്നത്. ചെറുവാടി കടവിലും പരിസരങ്ങളിലുമായി അടുത്തിടെ വരെ പലരും മുങ്ങിമരിച്ചു. വിദ്യാർഥികൾക്ക് നീന്തൽ അറിയണമെന്ന് സർക്കാർ നിർബന്ധമാക്കിയത് നല്ല കാര്യമായി അവർ കരുതുന്നു. എന്നാൽ, ശരിയായ രീതിയിൽ കുട്ടികൾ നീന്താൻ പഠിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയവുമുണ്ട്. സർട്ടിഫിക്കറ്റ് ലഭിക്കാൻ മാത്രമുള്ള നീന്തൽ ജീവൻ കാക്കില്ല എന്ന് ഉറപ്പിച്ചുപറയുന്നു സുഹ്റാബി.

വാഴക്കാട്, കൊടിയത്തൂർ പഞ്ചായത്തുകളുടെ സഹകരണത്തോടെ കൊച്ചുകുട്ടികൾക്ക് ചാലിയാറിൽ നീന്തൽ പരിശീലനം നൽകാൻ അവർ തയാറാണ്. അതിനാവശ്യമായ ലൈഫ് ജാക്കറ്റുകളും മറ്റ് അടിസ്ഥാന സൗകര്യവും അനുമതിയും ലഭ്യമാക്കണമെന്നാണ് അവരുടെ ആവശ്യം. പുഴയോരത്ത് താമസിക്കുന്ന കുട്ടികൾക്കുപോലും നീന്തൽ അറിയാത്ത സാഹചര്യത്തിൽ ഈ നിർദേശം അധികൃതർ ഗൗനിക്കുമെന്നാണ് സുഹ്റാബിയുടെ പ്രതീക്ഷ.

(ഫോട്ടോ: കെ.വി. ജലീൽ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChaliyarSuhrabi
News Summary - Chaliyars Suhrabi
Next Story