ബംഗളൂരു, പുണെ ബുള്ളറ്റ് ട്രെയിൻ ഇടനാഴി പരിഗണനയിലെന്ന് റെയിൽവേ മന്ത്രി
text_fieldsബംഗളൂരു: രാജ്യത്ത് അടുത്തതായി പ്രഖ്യാപിക്കാനിരിക്കുന്ന അതിവേഗ റെയിൽ ഇടനാഴികളിൽ ബംഗളൂരു-പുണെ ബുള്ളറ്റ് ട്രെയിൻ പാതയും ഉൾപ്പെട്ടേക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വരും വർഷങ്ങളിൽ 3,000 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾ കൂടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബംഗളൂരുവിനും മംഗളൂരുവിനുമിടയിൽ വന്ദേഭാരത് എക്സ്പ്രസ് ഏതാനും ആഴ്ചകൾക്കുള്ളിൽ സർവിസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ പാതയിലെ വൈദ്യുതീകരണവും പരീക്ഷണ ഓട്ടങ്ങളും പൂർത്തിയായി.
ബംഗളൂരുവിനും മുംബൈക്കും ഇടയിൽ ആരംഭിച്ച വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റെയിൽവേ മന്ത്രി. 4000 കിലോമീറ്റർ നീളമുള്ള ബുള്ളറ്റ് ട്രെയിൻ കോറിഡോറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇതിന് പുറമെ 3000 കിലോമീറ്റർ പാതയുടെ പ്രഖ്യാപനം വരും വർഷങ്ങളിൽ ഉണ്ടാകും. ബംഗളൂരു, ഹൈദരാബാദ്, അമരാവതി, ചെന്നൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ദക്ഷിണ മേഖല ബുള്ളറ്റ് ട്രെയിൻ ഇടനാഴിക്ക് പ്രധാനമന്ത്രിയുടെ അംഗീകാരം ഇതിനകം ലഭിച്ചുകഴിഞ്ഞു. ഇത് പൂർത്തിയാകുന്നതോടെ ബംഗളൂരുവിനും ചെന്നൈക്കും ഇടയിലുള്ള യാത്രാസമയം 73 മിനിറ്റായി ചുരുങ്ങും. ബംഗളൂരു-ഹൈദരാബാദ് യാത്രാസമയം രണ്ട് മണിക്കൂർ 10 മിനിറ്റായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

