Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightഅറിഞ്ഞറിഞ്ഞൊരു...

അറിഞ്ഞറിഞ്ഞൊരു അഡ്വഞ്ചർ യാത്ര

text_fields
bookmark_border
അറിഞ്ഞറിഞ്ഞൊരു അഡ്വഞ്ചർ യാത്ര
cancel

നാടിനെ അറിഞ്ഞ്, പ്രകൃതിയെ അറിഞ്ഞ് ഒരു സാഹസിക യാത്ര. പറയാൻ എളുപ്പമാണ്. പ്രാവർത്തികമാക്കുക അങ്ങനെയല്ല. അേതക്കുറിച്ചാണിനി... ഹിമാലയൻ പർവതനിരകളിലൂടെ കടന്നുപോകുന്ന മനസ്ലു സർക്യൂട്ട് കടന്ന കോഴിക്കോട്ടെ രണ്ട് ചെറുപ്പക്കാരാണിവിടെ താരങ്ങൾ. പൂക്കാട് പൊന്നംകുറ്റി ഹൈബൽ, എരഞ്ഞിക്കൽ വെളുത്തേടത്ത് എം.ബി. സിയാം എന്നിവരാണീ ഉശിരൻ ചെറുപ്പക്കാർ. ലോകത്തിലെ ഏറ്റവും മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ ട്രക്കിങ് പാതകളിലൊന്നായി അറിയപ്പെടുന്ന മനസ്ലു സർക്യൂട്ട് കണ്ട് അനുഭവിച്ചിരിക്കുകയാണിവർ. ഏകദേശം 177 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രക്ക്, സമുദ്രനിരപ്പിൽനിന്ന് 5,106 മീറ്റർ (16,752 അടി) ഉയരത്തിലുള്ള ലാർക്യാ ലാ പാസ് കടന്നുപോകുന്നതാണ് പ്രധാന ആകർഷണം. ലോകത്തിലെ എട്ടാമത്തെ ഉയരം കൂടിയ പർവതമായ മൗണ്ട് മനസ്ലുവിന്റെ (8,163 മീറ്റർ) ചുറ്റുമാണ് ട്രക്കിങ്. ശക്തമായ കാറ്റും തണുപ്പും പ്രതികൂലമായ സാഹചര്യങ്ങളുമായി ട്രക്കിങ്ങിനിടെ നിരവധി വെല്ലുവിളികളുണ്ട്. ഇരുവർക്കും ഏറെ പറയാനുണ്ട് യാത്രയെക്കുറിച്ച്, കാഴ്ചകളെക്കുറിച്ച്, മുന്നൊരുക്കത്തെക്കുറിച്ച്...

എന്തുകൊണ്ട്, മനസ്ലു സർക്യൂട്ട്

മനസ്ലു സർക്യൂട്ട് തിരഞ്ഞെടുക്കാൻ കാരണം ശാന്തമായ അന്തരീക്ഷവും കുറഞ്ഞ തിരക്കുമാണ്. പ്രകൃതിയെ ആസ്വദിക്കുകയും പ്രാദേശിക സംസ്കാരം അടുത്തറിയുകയുമാണ് ലക്ഷ്യം. മനസ്ലുവിൽ ഒറ്റപ്പെട്ട മലഗ്രാമങ്ങൾ, പ്രാദേശികരുടെ ജീവിതരീതി എന്നിവയും, അതോടൊപ്പം മഞ്ഞുമൂടിയ പർവതങ്ങളും പച്ചപ്പാർന്ന പ്രകൃതിദൃശ്യങ്ങളും ഒരുമിച്ച് അനുഭവിക്കാൻ കഴിഞ്ഞു. മനസ്ലു ബേസ് ക്യാമ്പിലേക്കുള്ള ട്രക്കും മുഴുവൻ മനസ്ലു സർക്യൂട്ടും കൂടുതൽ വെല്ലുവിളി നിറഞ്ഞതാണെന്ന് നേരത്തെ കേട്ടിരുന്നു. കഠിനമായ ഒരു ട്രക്ക് പൂർത്തിയാക്കുക എന്നത് ലക്ഷ്യമായിരുന്നു. ഇതിനായി, പ്രത്യേകമായ ഒരു ട്രക്കിങ് പരിശീലന പരിപാടി ചെയ്തിരുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിരമായി ജിമ്മിൽ പോകുകയും വ്യായാമം ചെയ്യുകയും ചെയ്തിരുന്നു. അത് ഫിറ്റ്നസ് നൽകാൻ സഹായിച്ചു. ട്രക്കിൽ വിജയിക്കാൻ ശാരീരിക ശക്തി മാത്രമല്ല പ്രധാനം. മാനസിക ശക്തിയാണ് ആവശ്യം. അതായത് ആത്മവിശ്വാസം നൽകുന്ന കരുത്ത്. ദിവസങ്ങളോളം തുടർച്ചയായി നടക്കുക, ക്ഷീണം, തണുപ്പ്, മോശം കാലാവസ്ഥ, ഉയരത്തിന്റെ ബുദ്ധിമുട്ടുകൾ എന്നിവയെ നേരിടാൻ മനോവീര്യം അനിവാര്യമാണ്.

മനസ്സാണ് നായകൻ

യാത്രക്കിടെ ഒരു കാര്യം ബോധ്യപ്പെട്ടു, ശരീരത്തേക്കാൾ മനസ്സാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. ശരിക്കും നായകസ്ഥാനത്ത് മനസ്സുതന്നെയാണ്. അതുകൊണ്ടുതന്നെ മനസ്ലു സർക്യൂട്ട് പോലൊരു ട്രക്കിനായി ഫിറ്റ്നസ് പ്രധാനമാണെങ്കിലും, അതിലും പ്രധാനമാണ് മനസ്സ് ഒരുക്കുകയെന്നത്. എന്ത് വെല്ലുവിളി വന്നാലും മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം വേണം. ലാർക്യാ ലാ പാസ് യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു. മനസ്ലു ബേസ് ക്യാമ്പിലേക്കുള്ള ട്രക്കാണ് കൂടുതൽ ബുദ്ധിമുട്ടായി തോന്നിയത്. ലാർക്യാ ലാ പാസിലേക്ക് പോകുന്ന ദിവസം ഒരിക്കലും മറക്കില്ല. അന്ന് ഞങ്ങൾ ധർമശാലയിലായിരുന്നു താമസിച്ചത്. അവിടെ വലിയ ടെന്റുകളിലാണ് താമസിച്ചത്. ട്രക്ക് ആരംഭിക്കേണ്ടത് പുലർച്ച നാലുമണിക്കായിരുന്നു. എന്നാൽ, ഹൈബൽ രണ്ടുമണിക്കേ ഉണർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മിൽക്കി വേ കാണാൻ കാത്തിരിക്കുകയായിരുന്നു. പക്ഷേ, എല്ലാ ദിവസവും മേഘങ്ങൾ കാരണം വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല. അന്ന് രാത്രി ആകാശം പൂർണമായും തെളിഞ്ഞിരുന്നു. ഗൈഡ് പറഞ്ഞത്, താപനില ഏകദേശം 14 ഡിഗ്രി സെൽഷ്യസ് ആയിരിക്കാമെന്നും കാറ്റ് കാരണം അതിലും കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്നും ആയിരുന്നു. പുറത്തുപോകരുതെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു. പക്ഷേ, ഹൈബലിന് ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ–മിൽക്കി വേ വ്യക്തമായി കാണുക. ടെന്റിന് പുറത്തേകറങ്ങി. ചുറ്റും ഉയർന്ന മലനിരകൾ. മുകളിൽ പരന്നുകിടക്കുന്ന നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം. മിൽക്കി വേ തെളിഞ്ഞുനിന്നു. ആ നിമിഷം ഹൈബലിന്‍റെ മനസ്സിൽ നിറഞ്ഞത് ഏറ്റവും പ്രിയപ്പെട്ടവരാണ്. അവർ തന്റെയൊപ്പം ഉണ്ടായിരുന്നെങ്കിൽ ദൈവത്തിന്റെ ഈ അത്ഭുതകരമായ സൃഷ്ടി കാണാമായിരുന്നുവെന്ന് ആഗ്രഹിച്ചു. ആ മിൽക്കി വേയുടെ മഹത്വവും സൗന്ദര്യവും ഈ വിശ്വത്തിൽ നമ്മൾ എത്ര ചെറുതാണെന്ന് ബോധ്യപ്പെടുത്തി...ഒരു മണിക്കൂറോളം ആകാശത്തേക്ക് നോക്കിനിന്നു. ആ നിശ്ശബ്ദതയിൽ ഹൈബൽ തന്‍റെ ജീവിതത്തെയും സ്വപ്നങ്ങളെയും കുറിച്ച് ചിന്തിച്ചു. ചുറ്റുമുള്ള മലനിരകളും, മുകളിൽ മിൽക്കി വേയും മാത്രം. അത് ഒരു കാഴ്ച മാത്രമായിരുന്നില്ല. തന്‍റെ സ്വപ്നങ്ങൾ യാഥാർഥ്യമായി മാറിക്കൊണ്ടിരിക്കുന്ന നിമിഷമായി.

ഓക്സിജന്റെ കുറവും അതിശൈത്യവും

ഓക്സിജന്റെ കുറവും അതിശൈത്യവും ശരീരത്തെ ബാധിക്കാൻ തുടങ്ങി. കുറച്ച് സമയം കഴിഞ്ഞപ്പോൾ തലകറങ്ങുന്നതുപോലെയും ബോധം പോകുന്നതുപോലെയും തോന്നി. അതിനാൽ മണ്ണിലിരുന്ന് ഗ്ലൗസും നെക്ക് വോർമറും വീണ്ടും ധരിച്ച് കുറച്ച് സമയം വിശ്രമിച്ചു. പിന്നീട് ഗൈഡിന്റെ അടുത്തേക്ക് പോയി. ഹൈബൽ പറഞ്ഞു, ‘ഒടുവിൽ മിൽക്കി വേ കണ്ടു’ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: ‘അത് നിനക്കായി വിധിക്കപ്പെട്ട ഒരു കാഴ്ചയായിരുന്നു’ പുലർച്ച നാലിന് ഒരു പാൻകേക്ക് മാത്രം കഴിച്ച് ഇരുവരും യാത്ര ആരംഭിച്ചു. ഉയരം കൂടുന്നതിനാൽ ഓക്സിജൻ കുറവായിരുന്നു. അതോടൊപ്പം അതിശൈത്യവും. ട്രക്കിന്റെ ആദ്യ മുപ്പത് മിനിറ്റുകൾക്കുള്ളിൽതന്നെ ലാർക്യാ ലാ പാസിലെത്താൻ കഴിയുമോ എന്ന സംശയം തോന്നി. അന്ന് കാലാവസ്ഥ വളരെ അനുകൂലമായിരുന്നു. ആകാശം തെളിഞ്ഞിരുന്നു. മഞ്ഞ് ഉറച്ച നിലയിലായിരുന്നതിനാൽ ക്രാംപോൺസ് ഉപയോഗിച്ച് നടക്കാനും എളുപ്പമായിരുന്നു.

ഒടുവിൽ ലാർക്യാ ലാ പാസിൽ

ലാർക്യാ ലാ പാസിൽ എത്തിച്ചേർന്ന നിമിഷം പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു. കാഴ്ചകൾ അതിമനോഹരമായിരുന്നു. ഉയരമുള്ള പ്രദേശങ്ങളിലെ ട്രക്കിങ്ങിൽ ഏറ്റവും കൂടുതൽ ആളുകളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ് ആൾട്ടിറ്റ്യൂഡ് സിക്ക്നസ്. അതിനെ പ്രതിരോധിക്കാൻ ശരീരത്തിൽ ആവശ്യത്തിന് വെള്ളം നിലനിർത്തുക എന്നത് മുഖ്യമാണ്. ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പ്രവചിക്കാൻ കഴിയാത്ത കാലാവസ്ഥയാണ്. തെളിഞ്ഞ ആകാശത്ത് തൊട്ടടുത്ത നിമിഷം കാറ്റും മേഘങ്ങളുമായി മാറും.

ഇറങ്ങുംമുമ്പ് ഇത് മറക്കരുത്

ഇനി ഇത്തരം യാത്രക്കിറങ്ങുന്നവരോട് ഹൈബലിനും സിയാമിനും ചില മുന്നൊരുക്കങ്ങളെക്കുറിച്ച് പറയാനുണ്ട്. അതിങ്ങനെയാണ്: നല്ല നിലവാരമുള്ള ട്രക്കിങ് ഷൂസ്-ദിവസങ്ങളോളം കല്ലും മഞ്ഞും നിറഞ്ഞ വഴികളിലൂടെ നടക്കേണ്ടതിനാൽ നല്ല ഗ്രിപ്പും സപ്പോർട്ടുമുള്ള ഷൂസ് അത്യാവശ്യമാണ്. ഡൗൺ ജാക്കറ്റ്-ഉയരമുള്ള പ്രദേശങ്ങളിൽ താപനില വളരെ താഴുന്നതിനാൽ ശരീരത്തെ തണുപ്പിൽനിന്ന് സംരക്ഷിക്കാൻ ജാക്കറ്റ് അത്യാവശ്യമാണ്. ഗ്ലൗസും നെക്ക് വോർമറും-തണുത്ത കാറ്റിൽ കൈകളും മുഖവും സംരക്ഷിക്കാൻ വളരെ സഹായകമാണ്. വെള്ളക്കുപ്പിയും വെള്ളം ശുദ്ധീകരിക്കാനുള്ള ടാബ്‍ലറ്റുകളും- ട്രക്കിങ്ങിനിടെ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. അതിനാൽ എപ്പോഴും വെള്ളം കൈവശം സൂക്ഷിക്കണം. ഹെഡ്‌ലാംപ്-പുലർച്ചെയോ രാത്രിയിലോ ട്രക്ക് ചെയ്യേണ്ട സാഹചര്യങ്ങളിൽ ഹെഡ്‌ലാംപ് വളരെ ഉപകാരപ്പെടും. ഇരുവരും ഒരു കാര്യം ഉറപ്പിച്ചുപറയുന്നു, ‘മനസ്ലു ബേസ് ക്യാമ്പ് കണ്ട നിമിഷം ഈ ജീവിതത്തിൽ മറക്കില്ല.’


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trekkingtravelingHimalaya
News Summary - An adventure journey undertaken with awareness
Next Story