Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
wayanad estate
cancel
Homechevron_rightTravelchevron_rightAdventurechevron_rightരണ്ട് പെണ്ണുങ്ങളുടെ...

രണ്ട് പെണ്ണുങ്ങളുടെ വയനാടന്‍ അഡ്വഞ്ചര്‍...

text_fields
bookmark_border

ലോക്ഡൗണില്‍ അയവ് വന്ന ദിവസങ്ങളിലൊന്നില്‍ സുഹൃത്ത് അഞ്ജുവിനെയും രണ്ടും മൂന്നും വയസ്സുള്ള ഞങ്ങളുടെ മക്കളെയുമെടുത്ത് ഒരു യാത്ര പോയി. വണ്ടിയോടിച്ച് രണ്ടു പെണ്ണുങ്ങള്‍ കുഞ്ഞുങ്ങൾക്കൊപ്പം 'നമ്മ്‌ടെ താമേേരശ്ശേരി ചുരം' കയറി, ഒരു കോഫി പ്ലാന്റേഷന് നടുവിലെ ട്രീ ഹട്ടില്‍ അന്തിയുറങ്ങി, പിറ്റേന്ന് വയനാട്ടിലെ സ്ഥിരം സ്ഥലങ്ങള്‍ ഒഴിവാക്കി അധികം കേള്‍ക്കാത്ത ചില അഡ്വഞ്ചറസായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച യാത്ര... ഇതുവരെ പോയതെല്ലാം 'രക്ഷാധികാരി' ആങ്ങളമാരടങ്ങിയ സ്‌കൂള്‍-കോളജ് ടൂര്‍, അല്ലെങ്കില്‍ 'ആണ്‍ തുണ' കൂട്ടിനുണ്ടായിരുന്ന കുടുംബ യാത്ര ഒക്കെയായിരുന്നതിനാല്‍ മാസങ്ങള്‍ക്കിപ്പുറവും ആ വയനാടന്‍ യാത്രയെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കും അഞ്ജുവിനും ത്രില്ലടിക്കും.

നാടും നാട്ടാരുമെല്ലാം വീട്ടില്‍ ഒതുങ്ങിക്കൂടിയ കോവിഡ് കാലത്തിന്റെ നീണ്ട ലോക്ഡൗണില്‍ പുറത്തേക്കിറങ്ങാനാവാതെ ആകെ മടുത്തിരുന്നു. ആദ്യായിട്ടാണ് ഇത്രയും ദിവസം ഏറ്റവും ഇഷ്ടമുള്ള കോഴിക്കോട്ടങ്ങാടീക്ക് പോലും പോകാതെ വീട്ടിലിരിക്കേണ്ടി വന്നത്. ആഴ്ചാവസാനം കുടുംബത്തോടൊപ്പമുള്ള ഔട്ടിങ്ങെല്ലാം ഓർമയായി ബോറടിച്ച് പണ്ടാരമടങ്ങിയ മാസങ്ങള്‍.

കൂടാതെ ടി.വിയിലും പത്രത്തിലുമെല്ലാം കോവിഡ് പേടിയും. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ എങ്ങോട്ടേലും ടൂര്‍ പോകണമെന്നും ഒന്ന് റിലാക്‌സ്ഡ് ആവണമെന്നും കരുതി കാത്തിരുന്നു. ഒടുവില്‍ കോവിഡ് വ്യാപനം മെല്ലെ കുറഞ്ഞ് അണ്‍ലോക്കിങ് തുടങ്ങിയ സമയം. ടൂറിസ്റ്റ് കേന്ദ്രങ്ങളോരോന്നായി തുറക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങി. ഇതോടെ യാത്രയെക്കുറിച്ച് ഹസ്ബന്‍ഡിനോട് പറഞ്ഞു. പക്ഷേ, ഓഫിസെന്നും വര്‍ക്കെന്നും പറഞ്ഞ് കെട്ട്യോന്‍ സ്‌കൂട്ടാവാന്‍ തുടങ്ങി. അതോടെ വാശിയായി.

അങ്ങിനെയാണ് കെട്ട്യോന്റെ സുഹൃത്തിന്റെ ഭാര്യയായ അഞ്ജുവിനെ വിളിച്ച് കാര്യം പറഞ്ഞത്, അവള്‍ എപ്പഴേ റെഡി. നിങ്ങള്‍ രണ്ടാള്‍ക്കും ഒറ്റയ്ക്ക് പോകാന്‍ ധൈര്യമുണ്ടെങ്കില്‍ കാര്‍ എടുത്തോ എന്ന് കെട്ട്യോനും. അതോടെ വാട്‌സ്ആപ്പിലൂടെ ഞങ്ങള്‍ പ്ലാനിങ് തുടങ്ങി.


രണ്ടു ജില്ലകളില്‍ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ വളര്‍ന്ന ഞങ്ങള്‍, മറ്റൊരു ജില്ലയില്‍ ഒരേ നാട്ടിലേക്ക് വിവാഹം കഴിഞ്ഞെത്തുകയായിരുന്നു. ഇപ്പോള്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ താമസം. രാവിലെ പോയി രാത്രി തിരിച്ചെത്തുന്ന രീതിയില്‍ സമീപത്തെ ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകാമെന്ന രീതിയിലായിരുന്നു ആദ്യത്തെ പ്ലാനിങ്. പിന്നീടാണ് കോഴിക്കോടും കടന്ന് വയനാട്ടിലേക്ക് കയറിയാലോ എന്ന ചിന്തയുണ്ടായത്.

വയനാട്ടുകാരിയായ അഞ്ജു ഹാപ്പി. ഒരു ദിവസം എവിടെയെങ്കിലും തങ്ങി പിറ്റേന്ന് തിരിച്ചെത്തിയാലോ എന്നായി അവള്‍. രണ്ടാളുടെയും വീടുകളില്‍ കാര്യം പറഞ്ഞപ്പോള്‍ ചെറിയ മക്കളെയും കൂട്ടിയുള്ള ഡ്രൈവും രാത്രിയിലെ താമസവുമെല്ലാം പ്രശ്‌നമാകുമെന്ന ആശങ്കയായിരുന്നു എല്ലാവര്‍ക്കും. ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാകുമെങ്കില്‍ പൊയ്‌ക്കോളൂ എന്ന് ഒടുവില്‍ മറുപടി.

രാത്രി താമസിക്കുന്നത് ആലോചിച്ചപ്പോള്‍ സുരക്ഷയും മക്കളുടെ കാര്യവുമാണ് ആദ്യം ചിന്തിച്ചത്. അഞ്ജു നാട്ടിലെ സുഹൃത്തുക്കളുമായും പരിചയമുള്ള ഹോംസ്റ്റേകളുമായെല്ലാം ബന്ധപ്പെട്ടു. ഹസ്ബന്‍ഡ് പഠിച്ചത് വയനാട്ടിലാണ്. അവിടെയുള്ള സുഹൃത്തുക്കളോടും അന്വേഷിച്ചു. ആളില്ലെന്നും പൂട്ടിയിട്ടിരിക്കുകയാണെന്നും അറ്റകുറ്റപ്പണിയിലാണെന്നുമൊക്കെ മറുപടി. കോവിഡ് തകിടം മറിച്ച ടൂറിസം മേഖലയെക്കുറിച്ച് അപ്പോഴാണ് ശരിക്കും മനസ്സിലാകുന്നത്. ആകെ ത്രില്ലടിച്ചിട്ട് ഏതെങ്കിലും പാര്‍ക്കിലോ ബീച്ചിലോ പോയി ഒരു ഔട്ടിങ് മാത്രമായി മാറുമോ ട്രിപ്പ് എന്ന് മനസ്സില്‍ നിരാശ പടരാന്‍ തുടങ്ങി.

അങ്ങിനെയിരിക്കെയാണ് രണ്ടു ദിവസം കഴിഞ്ഞ് ഹസ്ബന്‍ഡിന്റെ വയനാട്ടിലെ സുഹൃത്ത് വിളിക്കുന്നത്. താമസമെല്ലാം റെഡിയാണെന്നും രണ്ട് പെണ്ണുങ്ങളോടും ധൈര്യമായി പുറപ്പെട്ടോളാന്‍ പറഞ്ഞോളൂ എന്നുമായിരുന്നു കോള്‍. പക്ഷേ, താമസിക്കേണ്ട സ്ഥലവും പോകേണ്ട റൂട്ടുമൊന്നും ഞങ്ങളോട് പറഞ്ഞില്ല. വയനാട്ടില്‍ എത്തിയിട്ട് പുള്ളിയെ വിളിച്ചാല്‍ മതി, എല്ലാം ഓക്കെയാണെന്ന മറുപടി മാത്രം. എന്തെങ്കിലും സര്‍പ്രൈസ് ഒപ്പിക്കാനുള്ള പരിപാടിയാകുമെന്ന് അതോടെ എനിക്ക് ഉറപ്പായി. അതിനാല്‍, വയനാട്ടില്‍ എത്തിയാല്‍ പോകേണ്ട സ്ഥലങ്ങളൊന്നും ഞാനും അഞ്ജുവും പ്ലാന്‍ ചെയ്തില്ല. അവിടെ എത്തിയിട്ട് ബാക്കി തീരുമാനിക്കാം എന്ന ലൈനില്‍ യാത്ര തീരുമാനമായി.

ഹസ്ബന്‍ഡ് കാറെല്ലാം സർവിസ് ചെയ്ത് വെടിപ്പാക്കി തന്നു. അഞ്ജുവിന്റെ ഹസ്ബന്‍ഡ് ഒരു കാമറയും തന്നു. എന്റെ മൂന്നു വയസ്സുകാരന്‍ മകന്‍ സാവിയുടെയും അഞ്ജുവിന്റെ രണ്ടു വയസ്സുകാരന്‍ അപ്പൂസിന്റെയും കാര്യങ്ങളാണ് ഞങ്ങള്‍ പ്രധാനമായും ശ്രദ്ധിച്ചത്. ലവന്‍മാര്‍ യാത്ര അലമ്പാക്കാതിരിക്കാന്‍ അവരുടെ ഭക്ഷണവും വസ്ത്രവും കളിപ്പാട്ടങ്ങളുമെല്ലാം എടുത്തുവെച്ചു. യാത്രയുടെ ദിവസം പക്ഷേ, തുടക്കത്തില്‍ തന്നെ പ്ലാന്‍ കുളമായി. രാവിലെ പുറപ്പെട്ട് ഉച്ചയോടെ അവിടെ എത്തി വൈകുന്നേരം ഏതെങ്കിലും ടൂറിസ്റ്റ് സ്പോട്ടിലേക്ക് പോകാമെന്നാണ് കരുതിയത്. മക്കളും വീടുമായി നിരവധി ഉത്തരവാദിത്തങ്ങളുണ്ടാകുമ്പോള്‍ ഇത്തരം വൈകലുകള്‍ സ്വാഭാവികമാണല്ലോ. ഞങ്ങള്‍ കാറെടുത്ത് ഇറങ്ങുമ്പോള്‍ ഉച്ച രണ്ടു മണി.


വീട്ടില്‍നിന്നും ഒരു മണിക്കൂര്‍ ഡ്രൈവോടെ മൂന്ന് മണിക്ക് കോഴിക്കോട് എത്തി. മലാപറമ്പ് ജങ്ഷനില്‍നിന്നും വയനാട് റോഡിലേക്ക് കയറി. ചായ കുടിക്കാന്‍ തോന്നിയപ്പോള്‍ റോഡരികില്‍ പാര്‍ക്കിങ് സൗകര്യമുള്ള റെസ്റ്റൊറന്റ് നോക്കിയായി യാത്ര. താമരശ്ശേരി ഭാഗത്ത് റോഡ് പണിയും ബ്ലോക്കുമെല്ലാമായി വണ്ടി മെല്ലെ നീങ്ങി. ഒടുവില്‍ താമരശ്ശേരിയില്‍നിന്ന് തന്നെ ചായയും സ്‌നാക്‌സും കഴിച്ച് യാത്ര തുടര്‍ന്നു. ചുരമെത്തുമ്പോഴേക്കും മക്കള്‍സ് ഉറങ്ങിയിരുന്നു.

ചുരത്തില്‍ നിറമില്ലാത്ത സന്ധ്യയും തണുപ്പും. മാസ്‌ക് ധരിച്ചും ധരിക്കാതെയുമെല്ലാം ചുരത്തില്‍ ആളുകളുടെ സെല്‍ഫി. ഞങ്ങളും വണ്ടി നിര്‍ത്തി കുറച്ച് ചിത്രങ്ങളെടുത്തു. 5.30ഓടെ ചുണ്ടേലില്‍. ഇവിടെ എത്തിയിട്ട് വിളിക്കാന്‍ ഹസ്ബന്‍ഡ് തന്നെ നമ്പര്‍ എടുത്തു. ബാക്കി വഴിയും എത്തേണ്ട സ്ഥലവും താമസവുമെല്ലാം ഫോണില്‍ വിളിച്ചാല്‍ അറിയാമെന്ന് എങ്ങുംതൊടാതെ പറഞ്ഞാണ് കെട്ട്യോന്‍ നമ്പര്‍ തന്നത്. എന്തെങ്കിലുമൊക്കെ സര്‍പ്രൈസ് ആയിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.

ചെറിയ തണുപ്പുണ്ട്. ഉറക്കമുണര്‍ന്ന മക്കള്‍സ് ബിസ്‌ക്കറ്റും ബ്രെഡ്ഡുമെല്ലാം കഴിച്ചിരിപ്പാണ്. അവര്‍ക്ക് സ്വെറ്ററും ഷോക്‌സും വൂളന്‍ തൊപ്പിയുമെല്ലാം വാങ്ങാന്‍ അഞ്ജു കട തപ്പിയിറങ്ങി. നമ്പറിലേക്ക് വിളിച്ചപ്പോള്‍ എത്തേണ്ട സ്ഥലത്തിന്റെ ലൊക്കേഷന്‍ വാട്‌സ്ആപ്പില്‍ കിട്ടി. ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്ത് ചുണ്ടേലില്‍നിന്നും മേപ്പാടി റോഡിലൂടെയായി യാത്ര.

മേപ്പാടിയില്‍നിന്നും സൂചിപ്പാറ റോഡിലേക്ക്. സൂചിപ്പാറ വെള്ളച്ചാട്ടം കാണാന്‍ പലതവണ ഹസ്ബന്‍ഡിനൊപ്പം ഈ വഴി പോയിട്ടുണ്ട്. ചുറ്റും തേയിലത്തോട്ടങ്ങള്‍. സ്വന്തം നാട്ടിലെത്തിയ അഞ്ജു വിശാലമായ തേയിലത്തോട്ടങ്ങള്‍ കണ്ടിട്ടും 'അതിലൊരു ത്രില്ലില്ല' എന്ന ഭാവത്തില്‍ ഇരിക്കുന്നു. എന്നാല്‍, എനിക്കങ്ങനെയല്ലല്ലോ. ഞാന്‍ വണ്ടി നിര്‍ത്തി ചാടിയിറങ്ങി സാവിയെയും അപ്പൂസിനെയുമെടുത്ത് റോഡരികിലെ തോട്ടത്തിലേക്ക് നടന്നു. അഞ്ജു ക്യാമറ ക്ലിക്കി. ചൂരല്‍മല - വെള്ളമുണ്ട റോഡിലൂടെയായി പിന്നെ യാത്ര. മേപ്പാടിയില്‍നിന്ന് നാലു കിലോമീറ്റര്‍ പിന്നിട്ടുകാണും, താഞ്ഞിലോട് നിന്നും ഇടറോഡിലേക്ക് തിരിഞ്ഞു.

6.30ഓടെ നേരത്തെ അയച്ചുതന്ന ലൊക്കേഷനിലെത്തി. റോഡരികില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു ഹസ്ബന്‍ഡിന്റെ സുഹൃത്ത്. അദ്ദേഹത്തെയും കുടുംബത്തെയും നേരത്തെ പരിചയമുള്ളതാണ്. താമസം എല്ലാം റെഡിയാക്കിയിട്ടുണ്ടെന്നും സേഫ് ആണെന്നും ടെന്‍ഷനൊന്നും വേണ്ടെന്നും പറഞ്ഞു. ഏതാനും മീറ്റര്‍ മുന്നോട്ടു പോയാല്‍ ഇടതുഭാഗത്ത് ഗേറ്റ് കാണുമെന്നും അതുവഴി അകത്തേക്ക് വണ്ടി കയറ്റിയാല്‍ മതിയെന്നും അവിടെ ആളുണ്ടെന്നും പറഞ്ഞു. ഞങ്ങള്‍ മുന്നോട്ടു നീങ്ങി, ഗേറ്റ് കണ്ടു, 'വിസിലിങ് വുഡ്‌സ്' എന്ന ബോര്‍ഡും.

ഒരു കുന്നിന്റെ ചെരുവിലെ വലിയ മുറ്റത്തേക്കാണ് കയറിച്ചെന്നത്. ഞങ്ങളെ കാത്തുനിന്നയാള്‍ സാം എന്ന് സ്വയം പരിചയപ്പെടുത്തി. ബാഗുകളെല്ലാം കാറില്‍നിന്നും പുറത്തെടുത്ത് അടുക്കിവെച്ചപ്പോഴേക്കും വെല്‍ക്കം ഡ്രിങ്ക് തന്നു. മക്കള്‍ മുറ്റത്തേക്കിറങ്ങി കളി തുടങ്ങി.


കാടിനും കാപ്പിത്തോട്ടത്തിനും നടുവില്‍ ചെറിയ കെട്ടിടം. റിസപ്ഷനും ഡൈനിങ് ഏരിയയും കിച്ചണും രണ്ടു നിലകളിലായി കുറച്ചു മുറികളും. 'ഓ, ഇതിനായിരുന്നോ കെട്ട്യോന്‍ വന്‍ സസ്‌പെന്‍സിട്ടത്' എന്ന് ചിന്തിച്ചു. ഫസ്റ്റ് ഫ്‌ളോറിലെ മുറി കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്ന് കരുതി നിന്നപ്പോഴാണ്, അപ്പുറത്ത് ട്രീ ഹട്ട് ഉണ്ടെന്നും അതിലാണ് താമസം റെഡിയാക്കിയിട്ടുള്ളതെന്നും സാം പറഞ്ഞത്. അപ്പോഴാണ് ഇതിനാണ് കെട്ട്യോന് സര്‍പ്രൈസ് ഇട്ടതെന്ന് മനസ്സിലായത്. ഞങ്ങള്‍ രണ്ടാളും ത്രില്ലടിച്ചു. ഇന്‍സ്റ്റഗ്രാം പിള്ളേര്‍ പറയുന്നത് പോലെ, ശരിക്കും ട്രിപ്പ് മോഡ് ഓണ്‍ ആയി.

കാപ്പിത്തോട്ടത്തിന് നടുവിലൂടെ വളഞ്ഞ് പുളഞ്ഞുള്ള വഴി. സമയം ശരിക്കും ഇരുട്ട് മൂടിയിരുന്നു. ഇടയ്ക്ക് ലൈറ്റ് ഉണ്ടെങ്കിലും ഇരുട്ട് തന്നെ, കയറ്റവും. അഞ്ച് മിനിറ്റ് നടന്നപ്പോഴേക്കും ട്രീ ഹട്ടിലെത്തി. വിശ്രമിച്ച് ഫ്രഷ് ആയി താഴെ വന്നോളൂ എന്ന് പറഞ്ഞ് സാം പോയി.


ഒരു മുറിയും ബാത്ത്‌റൂമും പിന്നെ ബാല്‍ക്കണിയുമടങ്ങുന്നതായിരുന്നു ഹട്ട്. ഇത്തരത്തില്‍ രണ്ട് ഹട്ടുകളാണ് ഉള്ളതെന്ന് ഇങ്ങോട്ട് നടക്കുമ്പോള്‍ സാം പറഞ്ഞിരുന്നു. വളരെ ഉയരത്തില്‍ വെല്‍ഡ് ചെയ്തുണ്ടാക്കിയ പ്ലാറ്റ്‌ഫോമിലാണ് നില്‍ക്കുന്നതെന്ന് തോന്നിയില്ല. കുലുക്കമോ ഇളക്കമോ ഇല്ല. സംഗതി കൊള്ളാം. എല്ലാം നീറ്റ് ആന്‍ഡ് ക്ലീന്‍. പുറത്ത് കട്ട ഇരുട്ടായതിനാല്‍ അപ്പോള്‍ ബാല്‍ക്കണിയിലേക്കിറങ്ങിയില്ല. ഫ്രഷായി 8.30ഓടെ താഴെ എത്തിയപ്പോള്‍ മുറ്റത്ത് ചെറിയ മ്യൂസിക്കിന്റെ അകമ്പടിയില്‍ ക്യാമ്പ് ഫയര്‍ റെഡി. മേമ്പൊടിയായി വയനാടന്‍ തണുപ്പും!


ക്യാമ്പ് ഫയറിന് ചുറ്റും താളംപിടിച്ച് നിന്നപ്പോഴേക്കും അതാ വരുന്നു ബാര്‍ബിക്യൂ ടേബിളും ഒരു പാത്രം നിറയെ മാരിനേറ്റ് ചെയ്ത ചിക്കനും. സാമും അവിടെയുള്ള ആനന്ദ് ചേട്ടനും കൂടി ചിക്കന്‍ ഗ്രില്‍ ചെയ്യാന്‍ തുടങ്ങി. ഞങ്ങളും കൂടെ ചേര്‍ന്നു. നാടന്‍ കറിപ്പൊടികളും ഒറിജിനല്‍ സ്‌പൈസസും മാത്രം ചേര്‍ത്ത് സാം തന്നെ തയാറാക്കിയ മസാലക്കൂട്ടിലാണ് ചിക്കന്‍ മാരിനേറ്റ് ചെയ്തിരിക്കുന്നത്. ഇടയ്ക്ക് ഫോട്ടോകളും വീഡിയോകളും റീല്‍സ് ആയും ഷോര്‍ട്‌സ് ആയും ഇന്‍സ്റ്റയിലും യുട്യൂബിലും തള്ളിക്കൊണ്ടിരുന്നു. കൂടാതെ, വാട്‌സ്ആപ് ഫാമിലി ഗ്രൂപ്പിലേക്കും. നാട്ടുനടപ്പ് നമ്മളായിട്ട് തെറ്റിക്കേണ്ടല്ലോ!


മക്കള്‍സ് രണ്ടാളും വലിയ ത്രില്ലിലായിരുന്നു. രണ്ടു പേരും ആര്‍ത്തുവിളിച്ച് ഓടിക്കളി തന്നെ. മക്കള്‍ക്ക് രാത്രി കഞ്ഞി വേണമെന്ന് പറഞ്ഞപ്പോള്‍, ഇതാ ഇപ്പോ റെഡിയാക്കാം എന്ന് പറഞ്ഞ് സാം കിച്ചണിലേക്ക് പോയി. കിച്ചണില്‍ തിരക്കുപിടിച്ച കുക്കിങ്ങില്‍ രണ്ടു ഉമ്മമാരെ അപ്പോഴാണ് ഞങ്ങള്‍ കണ്ടത്. അയല്‍പക്കത്തെ വീടുകളിലെ സാജിത ഉമ്മയും ഹാജറ ഉമ്മയുമാണെന്ന് സാം പരിചയപ്പെടുത്തി. കഞ്ഞി ഇപ്പോ ഉണ്ടാക്കാം മോളെ എന്ന് സാജിത ഉമ്മ പറഞ്ഞു. മക്കള്‍ക്ക് കഞ്ഞി കൊടുത്ത് അവരെ ഉറക്കിയപ്പോഴേക്കും ഡിന്നര്‍ റെഡിയായി. ഗ്രില്‍ ചെയ്ത ചിക്കനൊപ്പം നെയ്‌ച്ചോറും ബീഫ് കറിയും. ഭക്ഷണം വിളമ്പി നല്ല ആതിഥേയനായി സാം ഉണ്ടായിരുന്നു. ഉമ്മമാരുടെ കുക്കിങ്ങും അടിപൊളി. എല്ലാം റിച്ച് ആന്‍ഡ് ടേസ്റ്റിയായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ. ഗ്രില്‍ഡ് ചിക്കനും വെറൈറ്റി.

ഡിന്നറിനിടെ നാളെ എന്തെല്ലാമാണ് പരിപാടികള്‍ എന്ന് സാം അന്വേഷിച്ചപ്പോള്‍, ഒന്നും തീരുമാനിച്ചിട്ടില്ലെന്ന സത്യം ഞങ്ങള്‍ തുറന്നു പറഞ്ഞു. ചെമ്പ്ര പീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തന്‍പാറ വെള്ളച്ചട്ടം എന്നീ വയനാട്ടിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് കുറഞ്ഞ ദൂരം മാത്രമേയുള്ളൂ എന്ന് സാം വിവരിച്ചു. പക്ഷേ, ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിരവധി തവണ പോയിട്ടുണ്ട്. വെറൈറ്റി വല്ലതുമുണ്ടോ എന്ന് തിരക്കിയപ്പോഴാണ് കുറച്ചുകാലമായി ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമെല്ലാം ട്രെന്‍ഡ് ആയ 900 കണ്ടിയിലെ ഗ്ലാസ് ബ്രിഡ്ജിനെക്കുറിച്ചും പുത്തുമലയിലെ സിപ് ലൈനിനെക്കുറിച്ചും പറഞ്ഞത്. കേട്ടപ്പോള്‍ കൊള്ളാമെന്ന് തോന്നി. ഇത്തവണത്തെ വയനാട് യാത്ര അല്‍പം അഡ്വഞ്ചറസാവട്ടെ എന്ന് ഞങ്ങള്‍ കരുതി.

ഞങ്ങള്‍ മാത്രമായിരുന്നു അന്ന് അവിടെ അതിഥികള്‍. തിരികെ ഹട്ടിലേക്കുള്ള ചെറിയ കയറ്റം കയറുമ്പോള്‍ സമയം 10.30. വഴിനീളെ ചീവീടുകളുടെ ശബ്ദം. ഹട്ടിലെ മുറിയിലെ കെറ്റിലില്‍ ഓരോ കട്ടന്‍ ചായ ഉണ്ടാക്കി. ക്ഷീണമുണ്ടെങ്കിലും ഉറങ്ങാതെ ചൂട് കട്ടനുമായി ബാല്‍ക്കണിയില്‍ പോയി ഇരുന്നു. കൊടുംതണുപ്പിനെ തോല്‍പ്പിക്കാന്‍ രണ്ട് പുതപ്പുമെടുത്തു. ബാല്‍ക്കണിയിലെ കട്ട ഇരുട്ടില്‍ പെട്രോള്‍, സ്വര്‍ണ വില വര്‍ധന മുതല്‍ പലവിധ ചര്‍ച്ചകളിലായി ഞങ്ങള്‍. കോവിഡും ലോക്ഡൗണും ഓര്‍ത്ത് നെടുവീര്‍പ്പായി.

ഇനിയും തണുപ്പടിച്ചാല്‍ നാളെ പനി പിടിക്കുമെന്ന് തോന്നിയതോടെ ബാല്‍ക്കണി വിടാന്‍ തീരുമാനമായി. രണ്ട് പെണ്ണുങ്ങള്‍ പരിചിതമല്ലാത്ത സ്ഥലത്ത്, അതും ഒറ്റയ്ക്ക് രാത്രി താമസിക്കുന്നു തുടങ്ങിയ ടെന്‍ഷനൊന്നും തോന്നിയില്ല. സുഖമായി, വളരെ റിലാക്‌സ്ഡായി ഉറങ്ങി.

മഞ്ഞിലലിഞ്ഞ കാഴ്ചകൾ

കൊടുംതണുപ്പിലും അലാറം വെച്ച് ഉണര്‍ന്നു. മക്കള്‍ ഉറക്കം തന്നെ. മുറിയിലെ കര്‍ട്ടന്‍ നീക്കിയപ്പോഴാണ് അതിഗംഭീരമായ പ്രകൃതി ഭംഗിയിലേക്കാണ് ബാല്‍ക്കണി വാതില്‍ തുറക്കുന്നതെന്ന് മനസ്സിലായത്.


ഇന്നലെ രാത്രി ബാല്‍ക്കണിയിലിരുന്ന് സൊറ പറഞ്ഞെങ്കിലും ഇരുട്ടില്‍ ഒന്നും കണ്ടിരുന്നില്ല. മുന്നില്‍ ഒന്നും കാണാനാവത്തത്ര മഞ്ഞ്... ഒരു പാല്‍ കടല്‍! ബാല്‍ക്കണിയിലേക്കിറങ്ങാന്‍ ഗ്ലാസ് ഡോര്‍ നീക്കിയതും തണുപ്പ് മുറിയിലേക്ക് ഇരച്ചെത്തി. കനത്ത മൂടല്‍ മഞ്ഞില്‍ വലിയ മരങ്ങളുടെ ഏറ്റവും ഉയരത്തിലെ തലപ്പ് മാത്രം കാണുന്നു. അന്തംവിട്ട് ബാല്‍ക്കണിയില്‍നിന്നും താഴേക്ക് നോക്കിയപ്പോഴാണ് വലിയ ഒരു മരത്തിന്റെ ഉയരത്തിലാണ് ഹട്ടില്‍ ഞങ്ങള്‍ നില്‍ക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. വലതുവശത്ത് ഏറെ അകലെയല്ലാതെ രണ്ടാമത്തെ ഹട്ടും കണ്ടു. മറ്റു കാഴ്ചകളെല്ലാം മഞ്ഞിലലിഞ്ഞിരിക്കുന്നു. അഞ്ജു അപ്പോഴേക്കും കട്ടന്‍ ചായയുമായി ബാല്‍ക്കണിയിലെത്തി. നേരം കഴിയുംതോറും മഞ്ഞ് നീങ്ങി കൂടുതല്‍ കാഴ്ചകള്‍ ദൃശ്യമായിക്കൊണ്ടിരുന്നു.


ബാല്‍ക്കണിയിലെ കാഴ്ചയ്ക്ക് മായികഭംഗി കൈവരുന്നു. ദൂരെ പേരറിയാത്ത മലകളും കുന്നുകളും ഇപ്പോള്‍ തെളിഞ്ഞ് കാണാം. അത്തരത്തിലൊരു കുന്നിൻ ചെരിവിലാണ് ഞങ്ങള്‍ താമസിച്ച ട്രീ ഹട്ടുകളും സ്ഥാപിച്ചിട്ടുള്ളത്. താഴെ റിസപ്ഷനും കിച്ചണും മുറ്റവുമെല്ലാം കണ്ടു. ഇന്നലെ രാത്രി ക്യാമ്പ് ഫയറിനായി ഒരുക്കിയ വിറകുകള്‍ കത്തിക്കരിഞ്ഞത് മുറ്റത്തുണ്ട്. ഇതുവരെ കേള്‍ക്കാത്ത ഏതൊക്കെയോ പക്ഷികളുടെ കരച്ചില്‍ മാത്രം കേള്‍ക്കുന്നു. വാഹനങ്ങളുടെ ശബ്ദമോ മറ്റു ബഹളങ്ങളോ ഒന്നുമില്ല. ഏറെനേരം ആസ്വദിച്ചിട്ടും മതിവരുന്നില്ല. മറ്റെങ്ങും പോകാതെ ഈ ബാല്‍ക്കണിയില്‍ ചുമ്മാ ഇങ്ങനെ ഇരുന്നാല്‍ മതിയെന്ന് തോന്നി.


ജീപ്പ് എത്തിയെന്ന് പറഞ്ഞ് 6.30ഓടെ റിസപ്ഷനില്‍നിന്ന് ഫോണ്‍. ഉറങ്ങുന്ന മക്കളെയും എടുത്ത് മുറി പൂട്ടി ഞങ്ങള്‍ താഴേക്ക് നടന്നു. ആദ്യം ഗ്ലാസ് ബ്രിഡ്ജ് കാണാന്‍ പോകാമെന്ന് തീരുമാനമായി. രാവിലെ അവിടെ എത്തിയാല്‍ നല്ല അനുഭവമാകുമെന്ന് ഡ്രൈവര്‍ മഹേഷേട്ടന്‍ പറഞ്ഞു. കല്ലടി ജീപ്പ് സ്റ്റാന്‍ഡിലെ ഡ്രൈവറാണ് മഹേഷേട്ടന്‍. വഴിനീളെ കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ച് മഹേഷേട്ടന്‍ വിവരിച്ചുകൊണ്ടിരുന്നു. ഒപ്പം കോവിഡ് കാരണം ടൂറിസ്റ്റുകള്‍ കുറഞ്ഞത് വരുമാനത്തെ ബാധിച്ച സങ്കടവും പറഞ്ഞു.


900 കണ്ടിയെക്കുറിച്ച് കൂടുതല്‍ പറയേണ്ടല്ലോ. ഫേസ്ബുക്കിലെ യാത്രാ ഗ്രൂപ്പുകളിലും യുട്യൂബിലുമെല്ലാം അടുത്ത കാലത്താണ് 900 കണ്ടി ഹിറ്റായത്. പക്കാ ഓഫ് റോഡ് അനുഭവമാണ് ഇവിടേക്കുള്ള ജീപ്പ് യാത്ര. ജീപ്പ് ആദ്യത്തെ കുഴിയില്‍വീണ് കയറിപ്പോള്‍ തന്നെ മക്കള്‍ രണ്ടാളും ഉണര്‍ന്നു. ഇതെന്താ 'ബൂ ബൂ' വണ്ടി എയറില്‍ എന്ന് ലവന്‍മാര്‍ അന്തംവിട്ട് കണ്ണ് തിരുമ്മി ചുറ്റും നോക്കി. വഴിയില്‍ പലയിടത്തും റിസോര്‍ട്ടുകളുടെ ബോര്‍ഡ് കണ്ടു. ഓഫ് റോഡിങ് ആസ്വദിക്കുന്ന ബൈക്കിലെത്തിയ ഏതാനും പിള്ളേർ മാത്രമാണ് വഴിയിലുള്ളത്.


7.30ഓടെ സ്ഥലത്തെത്തി. ചെരിഞ്ഞ ഭൂ പ്രദേശത്ത് ഒരു ചെറിയ പാര്‍ക്ക്. വിവിധ സാഹസിക വിനോദങ്ങളും ട്രീ ഹട്ടുമെല്ലാം ഇവിടെയുണ്ട്. ശുചിമുറിയും ഭക്ഷണശാലയുമെല്ലാമടങ്ങിയ പ്രൈവറ്റ് പ്രോപ്പര്‍ട്ടി. പാര്‍ക്കിന് നടുവിലൂടെ കുന്നിന്‍ മുകളിലേക്ക് പടി കയറിച്ചെല്ലുന്നത് നീണ്ടു കിടക്കുന്ന, ഇരുമ്പു കാലുകളില്‍ ഉറപ്പിച്ച് നിര്‍ത്തിയ ചില്ലു പാലത്തിന് മുന്നിലേക്ക്. കട്ടിയുള്ള ഗ്ലാസ് പാകി ഒരു പാലം.


നടക്കുമ്പോള്‍ ചവിട്ടുന്ന കട്ടിയുള്ള ഗ്ലാസിലേക്ക് നോക്കിയപ്പോള്‍ ചെറിയ പേടി തോന്നി. മരച്ചില്ലകള്‍ക്ക് മുകളിലൂടെ നടക്കുന്ന ഫീലിങ്. പാലത്തിന്റെ ഏറ്റവും അറ്റത്തെത്തുമ്പോള്‍ വായുവില്‍ നില്‍ക്കുകയാണെന്ന് തോന്നും. ആകാശത്തെ, മേഘങ്ങളെ തൊടാന്‍ കൈ നീളും! മുന്നില്‍ ഏറെ അകലെ മലനിരകള്‍.


നേരത്തെ ഉള്ളതില്‍നിന്നും ഇപ്പോള്‍ ഗ്ലാസ് ബ്രിഡ്ജിന്റെ നീളം വര്‍ധിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ എത്തിയപ്പോള്‍ മറ്റു സന്ദര്‍ശകര്‍ ഇല്ലാതിരുന്നതിനാല്‍ ഏറെ സമയം അവിടെ ചെലവഴിക്കാനും ആസ്വദിക്കാനും സാധിച്ചു. കുറേ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി. സാധാരണ രാവിലെ ഗ്ലാസ് ബ്രിഡ്ജില്‍ വലിയ തിരക്കാണത്രെ. മക്കള്‍ക്ക് ചുറ്റുമുള്ള കാഴ്ചകളില്‍ അമ്പരപ്പായിരുന്നു. ഇതിനിടെ ബാഗില്‍ കരുതിയിരുന്ന ഭക്ഷണം അവര്‍ക്ക് കൊടുത്തു.



ഒമ്പത് മണിയോടെയാണ് 900 കണ്ടി വിട്ടത്. സിപ്പ് ലൈനില്‍ കയറാന്‍ നേരെ പുത്തുമലയിലേക്കാണ് ഇനി. രാവിലെ കട്ടന്‍ മാത്രം കുടിച്ച് ഇറങ്ങിയതാണ്. ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ടില്ലെന്ന സത്യം വിശപ്പിന്റെ രൂപത്തില്‍ മെല്ലെ ഓർമപ്പെടുത്താന്‍ തുടങ്ങി. സാമിനോട് കാര്യം പറഞ്ഞു. കിടിലന്‍ ബ്രേക്ക്ഫാസ്റ്റ് താമസസ്ഥലത്ത് അയലത്തെ ഉമ്മമാര്‍ റെഡിയാക്കുന്നുണ്ടെന്ന് മറുപടി. ഇന്നലെ ഡിന്നര്‍ പൊളിയായിരുന്നല്ലോ. അവര്‍ തന്നെയാണ് കുക്കിങ്ങെങ്കില്‍ ബ്രേക്ക് ഫാസ്റ്റും മോശമാകില്ലെന്ന് ഉറപ്പാണ്. പക്ഷേ, സിപ്പ് ലൈനിലും കയറി തിരികെ താമസസ്ഥലത്ത് എത്തുമ്പോള്‍ വിശന്ന് വലയും എന്നതിനാല്‍ വഴിയില്‍നിന്ന് ഓരോ ചായ കുടിക്കാന്‍ തീരുമാനിച്ചു. റോഡരികില്‍ ചെറിയ കട കണ്ടതും വണ്ടി നിര്‍ത്തി.

ടാര്‍പായ മറച്ച് കെട്ടിയ ചെറിയ ചായക്കട. സമീപം പഴയ ബസ് സ്റ്റോപ്പ്. കടക്ക് പിന്നില്‍ വിശാലമായ പാടം, അതിനുമപ്പുറം മലനിരകള്‍. നല്ല കാറ്റും. ഈ ആമ്പിയന്‍സിലേക്ക് പാലൊഴിച്ച ചൂട് ചായ കിട്ടിയപ്പോള്‍ ഇതില്‍പരം ഇനിയെന്ത് സന്തോഷമാണ് വേണ്ടതെന്ന് ചായ അഡിക്റ്റായ അഞ്ജുവിന്റെ കമന്റ്.


തുടര്‍ യാത്രയില്‍ 2019 ആഗസ്റ്റ് എട്ടിന് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം കണ്ടു. 17 ജീവനുകളാണ് മണ്ണിനടിയില്‍ പൊലിഞ്ഞത്. 12 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. 58 വീടുകള്‍ പൂര്‍ണമായി മണ്ണ് മൂടി. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും പാതി മണ്ണ് മൂടി ഉപയോഗശൂന്യമായിക്കിടക്കുന്ന വീടുകള്‍! സങ്കമുണര്‍ത്തുന്ന കാഴ്ച.


സിപ് ലൈനിലെത്തുമ്പോള്‍ സമയം 9.45. ഈ സിപ് ലൈനും പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ്. തേയിലത്തോട്ടത്തിന് നടുവില്‍ ചെറിയ കുന്നില്‍ തുടങ്ങുന്ന സിപ് ലൈന്‍ അകലെ മറ്റൊരു തേയിലത്തോട്ടത്തിലെ കുന്നിന്റെ തലപ്പത്ത് അവസാനിക്കുന്നു. ആകെ 450 മീറ്റര്‍ നീളം. കേരളത്തിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ സിപ് ലൈനാണിതെന്ന് ഉടമകള്‍ പറഞ്ഞുതന്നു.

കുട്ടികളുമായി സിപ് ലൈനില്‍ കയറാനാവില്ലല്ലോ. ആദ്യം ഞാന്‍ തന്നെ സിപ് ലൈനില്‍ കയറാന്‍ തീരുമാനിച്ചു, അഞ്ജു കുട്ടികളെ നോക്കി ജീപ്പിലിരുന്നു. കാലുകളിലും അരയിലും ബെല്‍റ്റ് മുറുക്കി, ഹെല്‍മെറ്റ് ധരിച്ചു. പിന്നെ സിപ് ലൈന്‍ ബന്ധിച്ചിരിക്കുന്ന ചെറിയ ടവറിന് മുകളിലേക്ക് കയറി. ധരിച്ചിരിക്കുന്ന ബെല്‍റ്റുമായി സിപ് ലൈനിലെ റോപ് ബന്ധിപ്പിച്ചു. ഞാന്‍ മൊബൈലില്‍ വിഡിയോ ഓണാക്കി.


റെഡി, വണ്‍, ടൂ, ത്രീ.... സിപ് ലൈനിന്റെ ഇരുമ്പ് വടം ഉരസുന്ന ശബ്ദം, താഴേക്ക് വീഴുകയാണെന്ന് തോന്നി. പെട്ടെന്ന് പേടിയായി. എന്നാല്‍, തൊട്ടടുത്ത നിമിഷങ്ങളില്‍ അമ്പരപ്പും അദ്ഭുതവും നിറഞ്ഞു. ഒരു പക്ഷിയായി പറക്കുന്ന അനുഭവം. താഴെ മരങ്ങളും തേയിലത്തോട്ടങ്ങളും. അകലെ ജീപ്പില്‍ വരുമ്പോള്‍ കണ്ട ഉരുള്‍പൊട്ടലില്‍ മണ്ണ് നീങ്ങിയ പ്രകൃതിയുടെ ഇതുവരെ ഉണങ്ങാത്ത മുറിവ് വരെ തെളിഞ്ഞു കണ്ടു. മൊബൈല്‍ താഴെ വീഴാതിരിക്കാന്‍ മുറുകെ പിടിച്ചു. ഏതാനും നിമിഷങ്ങള്‍ കൂടി കഴിഞ്ഞതും സിപ് ലൈനിന്റെ മറുതലക്കല്‍ എത്തി. ആടിയുലഞ്ഞ സിപ് ലൈനില്‍ പിടിച്ച് സേഫ് ആയി താഴെയിറക്കാന്‍ ഒരു ചേട്ടന്‍ അവിടെയുണ്ടായിരുന്നു. ബെല്‍റ്റും ഹെല്‍മെറ്റും തിരികെ ഏല്‍പ്പിച്ച് നിലത്തിറങ്ങിയപ്പോള്‍ പെട്ടെന്ന് തലചുറ്റുന്ന പോലെ തോന്നി. പക്ഷേ ഒന്നുമുണ്ടായില്ല. അപ്പുറത്തുനിന്നും അപ്പോഴേക്ക് സിപ് ലൈന്‍ കമ്പനിയുടെ വണ്ടിയെത്തി. അതില്‍ കയറി ഞങ്ങളുടെ ജീപ്പിന് അടുത്തേക്ക്.

അടുത്ത ഊഴം അഞ്ജുവിന്റേതാണ്. ഉയരങ്ങളില്‍ കയറിയാല്‍ തലചുറ്റുന്ന വെര്‍ട്ടിഗോ പ്രശ്‌നമുള്ള അവള്‍ പേടി പുറത്തുകാണിക്കാതെ 'നിസ്സാാാാരം....' എന്നും പറഞ്ഞ് സിപ് ലൈനിന് അടുത്തേക്ക് നടന്നു. സേഫ്റ്റി ബെല്‍റ്റും ഹെല്‍മെറ്റുമെല്ലാം അണിഞ്ഞു. ഞാന്‍ ജീപ്പില്‍ മക്കളോടൊപ്പം ഇരുന്ന് ക്യാമറ ഓണ്‍ ആക്കി. വിഡിയോ പിടിക്കണമെന്ന് അവള്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു.


വലത്തോട്ടും ഇടത്തോട്ടുമെല്ലാം കറങ്ങി കാറ്റിലിട്ട പട്ടം പോലെയതാ അവള്‍ പോകുന്നു. സൂം ചെയ്‌തെങ്കിലും ഒരു പൊട്ടുപോലെ അകലെ എത്തി. ഇത്ര ദൂരമാണോ നിമിഷ നേരം കൊണ്ട് സിപ് ലൈനില്‍ ഊര്‍ന്ന് പോയതെന്ന് ഞാനോര്‍ത്തു. കുറച്ചു കഴിഞ്ഞപ്പോഴേക്കും സിപ് ലൈന്‍ ടീം അവളെയും ഞങ്ങളുടെ ജീപ്പിന് സമീപം എത്തിച്ചു. ഒരാള്‍ക്ക് 250 രൂപയാണ് ചാര്‍ജ്.

വെയില്‍ കനത്തിരുന്നു. സമയം 10.30. അവിടെ ഇനി ഒന്നും ചെയ്യാനില്ലാത്തതിനാല്‍ താമസ സ്ഥലത്തേക്ക് മടക്കമായി. സിപ് ലൈന്‍ നില്‍ക്കുന്ന സ്ഥലത്തുനിന്നും നാലു കിലോമീറ്റര്‍ മാത്രമേയുള്ളൂ താമസസ്ഥലത്തേക്ക്. തിരികെ ട്രീ ഹട്ടിലെത്തുമ്പോള്‍ സമയം 11 കഴിഞ്ഞു. ഇനിയും വരണമെന്നും വയനാട്ടില്‍ വന്നാല്‍ വിളിക്കണമെന്നും പറഞ്ഞ് മഹേഷേട്ടന്‍ ഫോണ്‍ നമ്പര്‍ (+91 9349 122 660) തന്ന് തിരിച്ചു പോയി.

ഉമ്മമാര്‍ ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കി കാത്തിരിക്കുകയായിരുന്നു. അപ്പവും തേങ്ങയരച്ച കടലക്കറിയും ഫ്രൂട്ട്‌സും പഴങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിച്ച് വിശ്രമിച്ച് ഉച്ചയോടെ നാട്ടിലേക്ക് തിരിക്കാം എന്ന് തീരുമാനിച്ചു. സമൃദ്ധമായ ഭക്ഷണത്തിന് ശേഷം ട്രീ ഹട്ടും കോഫി പ്ലാന്റേഷനുമെല്ലാം വിശദമായി കാണാമെന്ന് കരുതി ഞങ്ങള്‍ പുറത്തിറങ്ങി.


കാപ്പിത്തോട്ടത്തില്‍ മക്കളുടെ ഫോട്ടോഷൂട്ടും സെല്‍ഫിയുമെല്ലാമായി ഞങ്ങള്‍ കറങ്ങി നടന്നു. ആറ് ഏക്കറില്‍ പരന്നുകിടക്കുന്ന തോട്ടം. ഒരിടത്ത് സ്വിമ്മിങ് പൂളിന്റെ പണി നടക്കുന്നു. ഏതാനും മാസത്തിനകം പൂള്‍ റെഡിയാകുമെന്ന് സാം പറഞ്ഞു. അപ്പോഴാണ് ഇവിടെ നിന്നും അഞ്ച് മിനിറ്റ് നടക്കാവുന്ന ദൂരത്തില്‍ ഒരു അരുവിയുണ്ടെന്ന കാര്യം പറഞ്ഞത്. കേട്ടപാതി ഞങ്ങള്‍ അങ്ങോട്ട് നടന്നു.

കത്തുന്ന വെയിലാണെങ്കിലും അരുവിയിലെ തെളിഞ്ഞ വെള്ളം കണ്ടപ്പോള്‍ മനസ്സ് തണുത്തു. ചെറിയ ഒഴുക്കു മാത്രമുള്ള തീരെ ആഴമില്ലാത്ത അടിത്തട്ടിലെ ഉരുളന്‍ കല്ലുകളെല്ലാം തെളിഞ്ഞ് കാണുന്ന അരുവി. വെള്ളത്തില്‍ കളിക്കാന്‍ ഇഷ്ടമുള്ള സാവിയും അപ്പൂസും ആവേശത്തിലായി. ഞങ്ങളുടെ കൈയില്‍നിന്ന് ഊര്‍ന്നിറങ്ങിയ ലവന്‍മാര്‍ അരുവിയിലേക്ക് ഓടി. ഞങ്ങള്‍ പിന്നാലെയും. പിന്നെ അവരുടെ ആര്‍ത്തുല്ലസിച്ചുള്ള കുളിയായിരുന്നു. ഞങ്ങള്‍ കൈപിടിച്ച് കൂടെ നിന്നു. കുറേ നേരം അങ്ങിനെ അരുവിയില്‍ ചെലവഴിച്ചു. മൂക്കില്‍ വെള്ളം കയറിയതോടെ സാവി കരച്ചിലായി. സാവി കരഞ്ഞ സ്ഥിതിക്ക് താന്‍ കരഞ്ഞില്ലെങ്കില്‍ മോശമല്ലേ എന്ന് തോന്നിയിട്ടാകും, അപ്പൂസും കരച്ചില്‍. അതോടെ അവന്‍മാരെയുമെടുത്ത് തിരികെ ഹട്ടിലേക്ക് നടന്നു.


ഇറങ്ങുമ്പോള്‍ സമയം രണ്ട് കഴിഞ്ഞിരുന്നു. വീണ്ടും വരണമെന്ന് പറഞ്ഞാണ് സാമും ആനന്ദേട്ടനും ഉമ്മമാരും ഞങ്ങളെ യാത്രയാക്കിയത്. സ്‌നേഹമുള്ള മനുഷ്യര്‍. ചെമ്പ്രയില്‍ ട്രെക്കിങ്ങിനും സൂചിപ്പാറ - കാന്തന്‍പാറ വെള്ളച്ചട്ടങ്ങള്‍ കാണാന്‍ പോകാനും ഇവിടെ വരുന്നവര്‍ക്ക് ധൈര്യമായി സാമിനെ വിളിക്കാം (ഫോണ്‍: +91 6238 424 989).

ഒരു രാത്രി കൂടി അവിടെ തങ്ങണമെന്നുണ്ടായിരുന്നു. തിരിച്ച് ഡ്രൈവ് ചെയ്യുമ്പോള്‍ തന്നെ ഇതേക്കുറിച്ച് എഴുതണമെന്ന് ഉറപ്പിച്ചു. എന്നെങ്കിലും, മുഴുവന്‍ നിലാവുള്ള ഒരു ഫുള്‍ മൂണ്‍ രാത്രിയില്‍ ഇവിടെ വീണ്ടും വരണം... പാല്‍ വെളിച്ചത്തില്‍ ഹട്ടിലെ ബാല്‍ക്കണിയിലിരുന്ന് അസ്സല്‍ വയനാടന്‍ തണുപ്പില്‍ ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെയിരിക്കണം.... ജീവിതത്തില്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത പക്ഷികളുടെ ശബ്ദം കേട്ട്, അതിരാവിലെ മഞ്ഞ് പെയ്യുന്നതും കണ്ട് ഒരു സ്‌ട്രോങ് കട്ടനും കുടിച്ചങ്ങനെ....!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsadventure
News Summary - Wayanad Adventure of Two Women
Next Story