Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightവേറിട്ട പാതകളിലൂടെ ഒരു...

വേറിട്ട പാതകളിലൂടെ ഒരു ‘റൊമാന്‍റിക്​’ യാത്ര

text_fields
bookmark_border
വേറിട്ട പാതകളിലൂടെ ഒരു ‘റൊമാന്‍റിക്​’ യാത്ര
cancel

ജർമനിയിൽ മുമ്പ്​ പല പ്രാവശ്യം പോയിട്ടുണ്ട്​. എന്നാൽ, പ്രകൃതി ഭംഗി നിറഞ്ഞൊഴുകുന്ന ‘റൊമാന്‍റിക്​’ റോഡിലൂടെ ഉള്ള ഒരു കാർ യാത്ര കുറെ നാളുകളായി മനസ്സിലുണ്ടായിരുന്നു. ഒടുവിൽ കഴിഞ്ഞ മാസം ജർമനി, ബാൾട്ടിക്, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവയിലൂടെ ഒരു യാത്ര നടത്തിയപ്പോൾ ആ ആഗ്രഹസാക്ഷാത്​കാരത്തിനായിരുന്നു മുൻഗണന.

യൂറോപ്പിലെ ചരിത്രപ്രസിദ്ധമായ നഗരങ്ങൾ, മധ്യകാല ഗ്രാമങ്ങൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, ആധുനിക നോർഡിക് തലസ്ഥാനങ്ങൾ എന്നിവ അടുത്തറിയാനുള്ള അവസരം നൽകിയ യാത്ര ഏറെ ആസ്വാദ്യകരവും അവിസ്മരണീയവുമായിരുന്നു. ജർമൻ ഷെൻഗൻ വിസ ഉപയോഗിച്ച് ജർമനി, ലാത്വിയ, ലിത്വാനിയ, എസ്​തോണിയ, ഫിൻലാൻഡ്, സ്വീഡൻ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിച്ചതായിരുന്നു ഈ യാത്രയുടെ ഏറ്റവും വലിയ സൗകര്യം. യാത്രയെ കൂടുതൽ സൗകര്യപ്രദവും ചെലവുകുറഞ്ഞതുമാക്കാൻ അതുവഴി സാധിച്ചു.

ജർമനിയും റൊമാന്‍റിക്​ റോഡും

2026 ജൂൺ ആറിന് അബൂദബിയിൽനിന്ന് ഇത്തിഹാദ് എയർവേയ്സിൽ ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിമാനയാത്രയോടെയാണ് യൂറോപ്യൻ യാത്രക്ക്​ തുടക്കമായത്​. രാവിലെ ഏഴുമണിയോടെ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറങ്ങി. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം യാത്രയിലുടനീളം ബന്ധപ്പെടാൻ കഴിയുന്നതിനായി ഒരു യൂറോപ്യൻ സിം കാർഡ് വാങ്ങി. മുമ്പേ തന്നെ ഒരു കാർ ബുക്ക് ചെയ്തിരുന്നു. തുടർന്ന് ജർമനിയിലെ പ്രശസ്തമായ റൊമാന്റിക് റോഡിലേക്ക് സ്റ്റിയറിങ്​ തിരിച്ചു.

റൊമാന്റിക് റോഡ് (Romantic Strabe) ജർമനിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര പാതയാണ്. ഏകദേശം 460 കിലോമീറ്റർ നീളത്തിൽ വൂർസ്​ബർഗിൽ (Wurzburg) നിന്ന് ഫുസൻ (Fussen) വരെ നീളുന്ന ഈ പാത ജർമനിയുടെ സാംസ്കാരിക പൈതൃകവും ഗ്രാമീണ സൗന്ദര്യവും അടുത്തറിയാനും അനുഭവിക്കാനുള്ള മികച്ച അവസരമാണ്.

ഈ യാത്രയിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്ന് റോഥൻബർഗ്​ (Rothenberg) എന്ന മധ്യകാല നഗരം സന്ദർശിക്കാൻ അവസരം ലഭിച്ചതായിരുന്നു. കാലം നിശ്ചലമായി നിൽക്കുന്നതുപോലൊരു നഗരം. ജർമനിയിലെ ഏറ്റവും മനോഹരമായ മധ്യകാല പട്ടണങ്ങളിലൊന്നായാണ്​ റോഥൻബർഗ് കണക്കാക്കപ്പെടുന്നത്​. നഗരത്തെ ചുറ്റിപ്പറ്റിയ മതിലുകൾ, ചരിത്രപ്രസിദ്ധമായ ടൗൺ ഹാൾ, കല്ലിട്ട വഴികൾ, പരമ്പരാഗത ബവേറിയൻ കെട്ടിടങ്ങൾ, കലാപരമായ കടകൾ, കഫേകൾ എന്നിവ നഗരത്തിന് സവിശേഷമായ ഭംഗി നൽകുന്നു. വൈകുന്നേരമാകുമ്പോൾ നഗരം ഒരു കാൻവാസ് പോലെ മനോഹരം ആയി തോന്നി. പ്രകാശിതമായ കെട്ടിടങ്ങളും ശാന്തമായ തെരുവുകളും മധ്യകാല യൂറോപ്പിന്റെ ഭംഗി വരച്ചുവെച്ചിരിക്കുന്നു. അന്ന് രാത്രി അവിടെ താമസിച്ചു. നഗരത്തിന്റെ ഭംഗി ആവോളം ആസ്വദിക്കുകയും ചെയ്തു.

അടുത്ത ദിവസം ഡി​ൻകെൽസ്​ബൂൾ (Dinkelsbuhl) പട്ടണത്തിലേക്ക് യാത്ര തുടർന്നു. റോഥൻബർഗിനേക്കാൾ പ്രശസ്തമല്ലെങ്കിലും അതേപോലെ മനോഹരമായ ഒരു പട്ടണമാണ് ഡി​ൻകെൽസ്​ബൂളും. വർണാഭമായ വീടുകൾ, പഴയ നഗര മതിലുകൾ, ചരിത്രപ്രസിദ്ധമായ ദേവാലയങ്ങൾ, ശാന്തമായ അന്തരീക്ഷം എന്നിവയാണ് ഇതിന്റെ പ്രത്യേകത.

റൊമാന്റിക് റോഡിന്റെ തെക്കൻ ഭാഗങ്ങൾ കൂടി സന്ദർശിച്ച് മുഴുവൻ റൂട്ട് പൂർത്തിയാക്കുക എന്നതായിരുന്നു എന്‍റെ മനസ്സിലുണ്ടായിരുന്ന പദ്ധതി. എന്നാൽ, സമയപരിമിതി കാരണം അത് സാധിച്ചില്ല. ഡി​ൻകെൽസ്​ബൂൾ വരെ സന്ദർശിച്ചതിന് ശേഷം ഞാൻ ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങി. അവിടെ കാർ തിരിച്ചുനൽകി യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. റൊമാന്റിക് റോഡ് മുഴുവനായും ഒരു ഓട്ട പ്രദക്ഷിണം നടത്താൻ മൂന്നു ദിവസമെങ്കിലും വേണം. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പ്രകൃതി ഭംഗി നിറഞ്ഞ മനോഹര കാഴ്ചകൾ ആയിരിക്കും ആ യാത്ര നമുക്ക്​ സമ്മാനിക്കുക.

ലാത്വിയയിലേക്ക്​

ജർമനിയിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയ ശേഷം ലാത്വിയയുടെ തലസ്ഥാനമായ റിഗയിലേക്ക് വിമാനം കയറി. മധ്യകാല ചരിത്രവും ആധുനിക യൂറോപ്യൻ ജീവിതശൈലിയും ഒരുമിച്ച് കാണാൻ കഴിയുന്ന മനോഹരമായ നഗരമാണ് റിഗ. ഒന്നര ദിവസം നീണ്ട താമസത്തിനിടെ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പഴയ നഗരം സന്ദർശിച്ചു.

കല്ലിട്ട വഴികൾ, ചരിത്ര ദേവാലയങ്ങൾ, മധ്യകാല കെട്ടിടങ്ങൾ, സജീവമായ കഫേകൾ എന്നിവ നഗരത്തിന് വേറിട്ട ചാരുത പകർന്നുനൽകുന്നു. റിഗയിലെ പ്രശസ്തമായ ഹൗസ്​ ഓഫ്​ ബ്ലാക്​ ഹെഡ്​സ്​, സെന്റ് പീറ്റേഴ്സ് ചർച്ച്, ഫ്രീഡം മൊന്യൂമെന്‍റ്​, റിഗ സെൻട്രൽ മാർക്കറ്റ് എന്നിവ ഏറെ ആകർഷകമായിരുന്നു.

ലിത്വാനിയ – ഹിൽ ഓഫ് ക്രോസസ്

അടുത്ത ദിവസം റിഗ വിമാനത്താവളത്തിൽനിന്ന് ഒരു കാർ വാടകക്കെഎടുത്ത് ലിത്വാനിയയിലേക്ക് യാത്ര തിരിച്ചു. പച്ചപ്പാർന്ന വയലുകൾ, കാടുകൾ, ചെറിയ ഗ്രാമങ്ങൾ, കാർഷിക മേഖലകൾ എന്നിവയെ കടന്നുപോകുന്ന യാത്ര വളരെ മനോഹരമായിരുന്നു. എന്റെ പ്രധാന ലക്ഷ്യം സിയൗലിയ (Siauliai) ടൗണും പ്രശസ്തമായ ഹിൽ ഓഫ്​ ക്രോസസും സന്ദർശിക്കുകയായിരുന്നു. ലക്ഷക്കണക്കിന് കുരിശുകൾ സ്ഥാപിച്ചിരിക്കുന്ന ഈ സ്ഥലം വിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും പ്രതീകമാണ്. സോവിയറ്റ് ഭരണകാലത്ത് പലവട്ടം ഈ കുരിശുകൾ നീക്കം ചെയ്തെങ്കിലും ജനങ്ങൾ വീണ്ടും സ്ഥാപിച്ചു. ഇന്ന് അത് വിശ്വാസത്തിന്റെയും സഹനത്തിന്‍റെയും പ്രതീകമായി നിലകൊള്ളുന്നു.

എസ്​തോണിയ

റിഗയിൽ നിന്ന് ബസിൽ എസ്​തോണിയയുടെ തലസ്ഥാനമായ ടാലിനിലേക്കായിരുന്നു അടുത്ത യാത്ര. ബാൾട്ടിക് മേഖലയുടെ പ്രകൃതി സൗന്ദര്യം അടുത്തറിയാൻ സാധിക്കുന്നതായിരുന്നു ഏകദേശം നാല് മണിക്കൂർ നീണ്ട ആ യാത്ര. 27 യൂറോ ആയിരുന്നു ബസ്​ചാർജ്. വളരെ സൗകര്യപ്രദമായി യാത്ര ചെയ്യാൻ പറ്റിയ ബസിലെ യാത്ര ഒട്ടും മുഷിപ്പില്ലാത്തതുപോലെ തോന്നി.

ടാലിൻ യൂറോപ്പിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട മധ്യകാല നഗരങ്ങളിൽ ഒന്നാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പഴയ നഗരം, ടൂംപിയ ഹിൽ, അലക്സാണ്ടർ നെവ്സ്കി കത്തീഡ്രൽ, ടൗൺ ഹാൾ സ്ക്വയർ എന്നിവ സന്ദർശിച്ചു. ചരിത്രവും ആധുനിക സാങ്കേതികവിദ്യയും മനോഹരമായി സമന്വയിപ്പിച്ച നഗരമാണ് ടാലിൻ.

ഫിൻലാൻഡ്

അടുത്ത ദിവസം രാവിലെ ടാലിനിൽ നിന്ന് ഹെൽസിങ്കിയിലേക്ക് ഫെറിയിലായിരുന്നു യാത്ര. ഫിൻലാൻഡ് ഉൾക്കടൽ കടന്നുപോകുന്ന ഈ യാത്ര പ്രത്യേക അനുഭവമായിരുന്നു. ഹെൽസിങ്കിയിൽ രണ്ട് ദിവസം ചെലവഴിച്ചു. ശുചിത്വം, ലാളിത്യം, വികസനം, മികച്ച ജീവിത നിലവാരം എന്നിവയാണ് നഗരത്തിന്റെ പ്രധാന സവിശേഷതകൾ. സെനറ്റ് സ്ക്വയർ, ഹെൽസിങ്കി കത്തീഡ്രൽ, മാർക്കറ്റ് സ്ക്വയർ, സുവോമെൻലിന്ന കാസിൽ, പാറയിൽ കൊത്തിയെടുത്ത ടെംപെലിയൗകിയോ കത്തീഡ്രൽ എന്നിവ നഗരത്തിലെ പ്രധാന ആകർഷണങ്ങളായിരുന്നു.

സ്വീഡൻ

ഈ യാത്രയിലെ ഏറ്റവും ആസ്വാദ്യകരമായ അനുഭവങ്ങളിലൊന്നായിരുന്നു ഹെൽസിങ്കിയിൽ നിന്ന് സ്റ്റോക്ക്ഹോമിലേക്ക്​ രാത്രിയിലെ ആ ക്രൂയിസ് യാത്ര. എല്ലാ ആധുനിക സംവിധാനങ്ങളും സജ്ജീകരിച്ച പത്തു നിലകളുള്ള വലിയ കപ്പൽ. ഏകദേശം 17 മണിക്കൂർ നീളുന്ന യാത്രക്ക് 400 യൂറോ ആയിരുന്നു ചാർജ്​. ഇത്രയും ദൈർഘ്യം ഉള്ള ഒരു യാത്രയുടെ ഒരുവിധ ബുദ്ധിമുട്ടും അനുഭവപ്പെട്ടതേയില്ല. ആയിരക്കണക്കിന് ദ്വീപുകൾക്കിടയിലൂടെ സഞ്ചരിക്കുന്ന ഈ യാത്ര മനോഹരമായ കാഴ്ചകളാണ്​ സമ്മാനിച്ചത്​.

സ്റ്റോക്ക്ഹോമിൽ രണ്ട് ദിവസം ചെലവഴിച്ചു. പതിനാലു ദ്വീപുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ നഗരം ചരിത്രവും ആധുനികതയും കൈകോർക്കുന്നതിന്‍റെ മികച്ച ഉദാഹരണമാണ്. ഗാംല സ്റ്റാൻ, റോയൽ പാലസ്, വാസ മ്യൂസിയം, സിറ്റി ഹാൾ, എന്നിവ സന്ദർശനത്തിലെ പ്രധാന കേന്ദ്രങ്ങളായിരുന്നു. ജലാശയങ്ങളാലും പച്ചപ്പാലും ചുറ്റപ്പെട്ട നഗരത്തിന്റെ സൗന്ദര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്​.

ഡെന്മാർക്ക്

അടുത്ത യാത്ര സ്റ്റോക്ക്ഹോമിൽനിന്ന് ട്രെയിനിൽ കോപ്പൻഹേഗനിലേക്ക്​. ലോകപ്രശസ്തമായ ഒറേസുൻഡ്​ ലിങ്ക്​ വഴിയുള്ള ട്രെയിൻ യാത്ര ഒരു എഞ്ചിനീയറിങ്​ അത്ഭുതം കാണാൻ കൂടിയുള്ള അവസരമാണ്​ ഒരുക്കുന്നത്​. ഈ ട്രെയിൻ യാത്രയിലെ ഏറ്റവും ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നാണ് ഡെന്മാർക്കും സ്വീഡനും തമ്മിൽ ബന്ധിപ്പിക്കുന്ന ഒറേസുൻഡ്​ ലിങ്ക്. 2000ൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത ഈ വമ്പൻ ഗതാഗത സംവിധാനത്തിന് ഏകദേശം 16 കിലോമീറ്റർ നീളമുണ്ട്. ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനെയും സ്വീഡനിലെ മാൽമോയെയും ഇത് നേരിട്ട് ബന്ധിപ്പിക്കുന്നു.

ഒറേസുൻഡ് ലിങ്കിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ഒരു പാലം മാത്രമല്ല എന്നതാണ്. ഇതിൽ ഏകദേശം എട്ടുകിലോമീറ്റർ നീളമുള്ള പാലവും, കൃത്രിമമായി നിർമിച്ച ദ്വീപും, നാലുകിലോമീറ്റർ നീളമുള്ള ഡ്രോഗ്ഡൻ (Drogden) എന്ന കടലിനടിയിലെ തുരങ്കവും ഉൾപ്പെടുന്നു. കപ്പൽ ഗതാഗതത്തിന് തടസ്സം ഉണ്ടാകാതിരിക്കാനാണ് കടലിന്റെ ഒരു ഭാഗത്ത് തുരങ്കം നിർമിച്ചിരിക്കുന്നത്. ഇരട്ട നിലകളിലായാണ് ഇതിന്‍റെ രൂപകൽപന. മുകളിലത്തെ നിലയിൽ നാല് വരിപ്പാതയുള്ള ഹൈവേയും താഴത്തെ നിലയിൽ രണ്ട് റെയിൽപാതകളും പ്രവർത്തിക്കുന്നു. അതിനാൽ റോഡ് മാർഗവും റെയിൽ മാർഗവും ഒരേസമയം ഉപയോഗിക്കാനാകും.

ട്രെയിനിൽ ഈ പാതയിലൂടെ സഞ്ചരിക്കുന്നത്​ അപൂർവ അനുഭവമാണ് സമ്മാനിക്കുന്നത്. ആദ്യം സ്വീഡനിൽ നിന്ന് കടലിനു മുകളിലൂടെ നീളുന്ന പാലത്തിലൂടെ യാത്ര തുടരുന്നു. തുടർന്ന് ട്രെയിൻ കൃത്രിമ ദ്വീപിലൂടെ കടന്ന് കടലിനടിയിലുള്ള തുരങ്കത്തിലേക്ക് പ്രവേശിക്കുന്നു. ഏതാനും മിനിറ്റുകൾക്കുശേഷം വീണ്ടും ഡെന്മാർക്കിൽ ഭൂതലത്തിലേക്ക് എത്തുന്നു. പാലം, ദ്വീപ്, തുരങ്കം എന്നിവയെ ഒരുമിച്ച് ബന്ധിപ്പിച്ച ഈ സാങ്കേതിക മികവ് ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ എഞ്ചിനീയറിങ്​ നേട്ടങ്ങളിലൊന്നായാണ്​ കണക്കാക്കപ്പെടുന്നത്​. കോപ്പൻഹേഗനിൽ രണ്ട് ദിവസം ചെലവഴിച്ചു. സൈക്കിൾ സംസ്കാരം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, മനോഹരമായ നഗര രൂപകൽപന എന്നിവ വഴിയാണ്​ കോപ്പൻഹേഗൻ നമ്മുടെ മനസ്സിൽ കുടിയേറുക. നൈഹാവൻ, ടിവോളി ഗാർഡൻസ്, ലിറ്റിൽ മെർമെയ്​ഡ്​ സ്​റ്റാച്യു, അമാലിയൻബോർഗ് കാസിൽ, ക്രിസ്റ്റ്യൻസ്‌ബോർഗ് കാസിൽ, സ്ട്രോഗറ്റ് എന്നിവ പ്രധാന ആകർഷണങ്ങളായിരുന്നു. കനാൽ ക്രൂയിസ് നഗരത്തെ മറ്റൊരു കാഴ്ചപ്പാടിൽ കാണാൻ അവസരം നൽകി.

ലാത്വിയ, ലിത്വാനിയ, എസ്​തോണിയ എന്ന ബാൾട്ടിക്​ രാജ്യങ്ങളും ഫിൻലാൻഡ്, സ്വീഡൻ, ഡെന്മാർക് എന്നീ സ്കാൻഡിനേവിയൻ രാജ്യങ്ങളും 10-12 ദിവസം ഉണ്ടെങ്കിൽ ഒരു ട്രിപ്പിൽ തന്നെ ഓട്ടപ്രദക്ഷിണത്തിലൂടെ കാണാൻ പറ്റും. ട്രെയിൻ ടിക്കറ്റ്, ക്രൂയിസ് ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്​ എന്നിവ നേരത്തെ തന്നെ എടുക്കുന്നത് ആണ് അഭികാമ്യം. യാത്രയുടെ തീയതി അടുക്കുന്തോറും റേറ്റിൽ ഗണ്യമായ വർധനവുണ്ടാകുന്നത്​ ഒഴിവാക്കാനാണിത്​. കാർ ബുക്ക് ചെയ്യുവാനും റൂം ബുക്കിങ്‌നും booking.com ആണ് ഉപയോഗിച്ചത്. ബസ് സർവീസിന്​ luxexpress.com, ഫെറി ആൻഡ് ക്രൂയിസിന്​ vikingexpress.com എന്നിവയെയും ആശ്രയിച്ചു.

ബാൾട്ടിക് രാജ്യങ്ങളും സ്കാൻഡിനേവിയൻ രാജ്യങ്ങളും മധ്യകാല ചരിത്രം, പ്രകൃതി സൗന്ദര്യം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ, കാര്യക്ഷമമായ പൊതുഗതാഗതം, ഉയർന്ന ജീവിത നിലവാരം എന്നിവയുടെ മികച്ച സമന്വയമാണ്. റോഥൻബർഗിന്റെയും ടാലിന്റെയും മധ്യകാല ഭംഗിയിൽ നിന്ന് ഹെൽസിങ്കി, സ്റ്റോക്ക്ഹോം, കോപ്പൻഹേഗൻ എന്നിവയുടെ ആധുനിക നോർഡിക് ജീവിതത്തിലേക്കുള്ള യാത്ര, യൂറോപ്പിന്റെ വൈവിധ്യം എന്നിവ അടുത്തറിയാൻ സഹായിച്ചു. ജർമനി, ബാൾട്ടിക് രാജ്യങ്ങൾ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവയിലൂടെയുള്ള ഈ യാത്ര സാധാരണ വിനോദയാത്ര മാത്രമായിരുന്നില്ല. അത് ചരിത്രവും സംസ്കാരവും പ്രകൃതിയും ആധുനിക ജീവിതരീതിയും ഒരുമിച്ച് അനുഭവിച്ചറിയാനുള്ള അവസരമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Germanytravel newsfinlandEuropian countries
News Summary - travelogue
Next Story