Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mount Kilimanjaro
cancel
Homechevron_rightTravelchevron_rightAdventurechevron_rightഈ മലയാളി...

ഈ മലയാളി കീഴടക്കുകയാണ്​, ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയരംകൂടിയ കൊടുമുടികൾ

text_fields
bookmark_border

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഉയരംകൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ ഇൗ ചെറുപ്പക്കാരൻ മറ്റൊരു മഹാദൗത്യത്തിെൻറ അവസാനവട്ട ഒരുക്കങ്ങളിലാണിപ്പോൾ. ശൈഖ് ഹസൻ ഖാൻ-എവറസ്റ്റിെൻറ അത്യുയരങ്ങളെ ലക്ഷ്യംവെച്ച് നടക്കുന്ന ഹിമസഞ്ചാരി.

എവറസ്റ്റ് മാത്രമല്ല, ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയരംകൂടിയ കൊടുമുടികൾ കീഴടക്കുകയാണ് ഇൗ 34കാരെൻറ ലക്ഷ്യം. പത്തനംതിട്ട ജില്ലയിലെ പന്തളം പൂഴിയക്കാട് കൂട്ടംവെട്ടിയിൽ അലി അഹമ്മദ് ഖാെൻറയും ഷാഹിദ ഖാെൻറയും മൂത്ത മകനാണ് െശെഖ് ഹസൻ ഖാൻ.

കുരമ്പാല സെൻറ് തോമസ് സ്കൂളിലും പന്തളം എൻ.എസ്.എസ് സ്കൂളിലുമാണ് െശെഖ് പഠിച്ചത്. എം.ടെക് പഠനശേഷം പത്തനംതിട്ട പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ അസിസ്റ്റൻറായി ജോലിനോക്കിയശേഷം 2015ൽ സെക്രേട്ടറിയറ്റിൽ ധനകാര്യ വകുപ്പിൽ അസിസ്റ്റൻറായി പ്രവേശിച്ചു. ജോലിയോടൊപ്പം യു.പി.എസ്.ഇ സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്നു. ഡൽഹി കേരള ഹൗസിൽ അസിസ്റ്റൻറ് ലെയ്സൺ ഓഫിസറായി നിയമിതനായതോടെയാണ് ജീവിതം അതിെൻറ സ്വാഭാവിക താളം കണ്ടെത്തിയതെന്ന് െശെഖ് പറയുന്നു. അവധിദിവസങ്ങളിൽ സ്ഥിരം യാത്ര ചെയ്തുകൊണ്ടിരുന്നു.

കിളിമഞ്ചാരോയിലേക്കുള്ള പാത

സിയാച്ചിനിലെ മഞ്ഞുപാളികൾ മുതൽ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ വരെയും ഗുജറാത്തിലെ ദ്വാരക മുതൽ അരുണാചലിലെ ആദ്യ സൂര്യരശ്മികൾ പതിക്കുന്ന ഡോങ് ഗ്രാമം വരെയും സഞ്ചരിച്ചു. പല നാടുകളിൽ വ്യത്യസ്​ത മനുഷ്യരെ കണ്ടുമുട്ടി. ഫോേട്ടാഗ്രഫിയിൽ കമ്പമുണ്ടായതിനാൽ ഒാരോ അനുഭവങ്ങളും പകർത്തിവെച്ചു.

ചെറുപ്പംമുതലേ ഉയരങ്ങളോട് പ്രിയമായിരുന്നു. പന്തളത്തെ ഉയരംകൂടിയ മാവരപാറയും പത്തനംതിട്ടയിലെ ചുട്ടിപ്പാറയും ഓടിക്കയറിയ കുട്ടിക്കാലം. അഗസ്ത്യാർകൂടം ട്രെക്കിങ്ങും വയനാട്ടിലെ പക്ഷിപാതാളം ട്രെക്കിങ്ങും ചെറുപ്പത്തിൽതന്നെ മനസ്സിെൻറ യാത്രാമുനമ്പിനെ കോരിത്തരിപ്പിച്ചു. ഡൽഹിയിൽ എത്തിയശേഷം ആദ്യം സന്ദർശിച്ച സ്ഥലങ്ങളിൽ ഒന്നായിരുന്നു ബെനിറ്റോ ജുരേഴ് മാർഗിലുള്ള ഇന്ത്യൻ മൗണ്ടൈനീറിങ് ഫൗണ്ടേഷന്‍റെ കാമ്പസ്.

പശ്ചിമ ഘട്ടവും പൂർവ ഘട്ടവും പോലെയല്ല ഹിമാലയൻ മലനിരകൾ. ഉയരക്കൂടുതൽ മാത്രമല്ല, കൊടുംതണുപ്പും അതികഠിനമായ ഭൂപ്രദേശവുമാണ് ഇവിടത്തെ സവിശേഷതകൾ. മികച്ച പരിശീലനം ലഭിക്കാതെ ഹിമാലയൻ കൊടുമുടികൾ കീഴടക്കാൻ അസാധ്യമാണ്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഉത്തരകാശിയിലുള്ള നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടൈനീറിങ്ങിൽനിന്ന് ഏറ്റവും ഉയർന്ന ഗ്രേഡായ ആൽഫ ഗ്രേഡിൽ മൗണ്ടൈനീറിങ് കോഴ്സ് പാസായി. 28 ദിവസത്തെ പരിശീലനം ജീവിതംതന്നെ മാറ്റിമറിച്ചു.

ശൈഖ് ഹസൻ ഖാൻ കിളിമഞ്ചാരോയിൽ

ഉത്തരകാശിയിൽനിന്ന് ഡോക്‌റാണി ബാമക് ഹിമപ്പരപ്പിൽ എത്തിച്ചായിരുന്നു പരിശീലനം. ഉത്തരകാശിയിൽ പോയ ആളായല്ല തിരികെ ഡൽഹിയിൽ എത്തിയതെന്ന് െശെഖ് പറയുന്നു. മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങൾ വന്നു. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഗതാഗതയോഗ്യമായ റോഡുകളിലൊന്നായ ഖർദുങ് ലാ ചുരത്തിലൂടെ ബുള്ളറ്റിൽ യാത്ര ചെയ്തു. ഹിമാചൽപ്രദേശിലെ മണാലിക്കടുത്തുള്ള ഫ്രണ്ട്ഷിപ് പീക്ക് കയറി.

കാലാവസ്ഥ വ്യതിയാനവും പർവതാരോഹണവും

അടുത്ത ചിന്ത കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം ആളുകളിൽ എത്തിക്കാനായി മൗണ്ടൈനീറിങ് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചായിരുന്നു. അങ്ങനെ ഏഴു ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ ഏഴു കൊടുമുടികളും കീഴടക്കാനും ഒപ്പം ആളുകളിൽ പ്രകൃതിയെ സംരക്ഷിക്കേണ്ടതിെൻറ ആവശ്യകത നിറക്കാനും തീരുമാനിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഉണ്ടാകാൻപോകുന്ന വിപത്തുകളെപ്പറ്റി പഠനം നടത്തി. വെള്ളപ്പൊക്കവും വരൾച്ചയും കൊടുങ്കാറ്റും കടൽക്ഷോഭവും കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്നതാണെന്നും ഈ ഭൂമിയെ അടുത്ത തലമുറക്കുവേണ്ടി നിലനിർത്താൻ നാം ഓരോരുത്തരും ഒരുമിച്ചുനിന്ന് പ്രവർത്തിക്കണമെന്നുമുള്ള സന്ദേശം ആളുകളിൽ എത്തിച്ചുകൊണ്ടേയിരുന്നു.

അങ്ങനെ 2021 ഫെബ്രുവരിയിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ കയറി. ഭൂമധ്യപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ പർവതത്തിെൻറ മുളകിൽ മഞ്ഞുമൂടിയ ഒരു പ്രദേശംതന്നെയുണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കിളിമഞ്ചാരോ കരയാൻ നാലഞ്ചു വഴികളുണ്ടെങ്കിലും ഏറ്റവും ബുദ്ധിമുട്ടുള്ളതും സുന്ദരവുമായ പാതയായ മച്ചാമേ പാതയാണ് തിരഞ്ഞെടുത്തത്.

എട്ടു ദിവസംകൊണ്ടാണ് കയറിയിറങ്ങിയത്. താൻസനിയയുടെ തലസ്ഥാനമായ ദാരേസ്സലാംലേക്ക്‌ മുംബൈയിൽനിന്നും അവിടെനിന്നു കിളിമഞ്ചാരോയിലേക്ക് ചെറുവിമാനത്തിലുമായിരുന്നു യാത്ര. സുഹൃത്തിൽനിന്നും കടം വാങ്ങിയാണ് കിളിമഞ്ചാരോ യാത്രക്കുള്ള പണം കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ െശെഖ് ഹസൻ ഖാനെ അനുമോദിച്ചു.

കൊടുമുടിയിലെ പുലരി

അടുത്ത ലക്ഷ്യം എവറസ്റ്റാണ്. അതിനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം. 29,032 അടി ഉയരത്തിലുള്ള എവറസ്റ്റിലേക്കു പോകണമെങ്കിൽ ഒരു വർഷം നീണ്ട തയാറെടുപ്പുകൾ വേണ്ടിവരും. അതിെൻറ ഭാഗമായി ശാരീരികക്ഷമതയും മാനസികക്ഷമതയും ഉറപ്പുവരുത്തണം. ഏതെങ്കിലും 7000 മീറ്ററിൽ മുകളിലുള്ള കൊടുമുടി കയറിയുള്ള പരിശീലനം നടത്തണം. അതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ലഡാക്കിലുള്ള മൗണ്ട് നൂൺ ആണ്. 7135 മീറ്ററാണ് ഇതിെൻറ ഉയരം.

ഫോട്ടോഗ്രഫിയിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിെൻറ ചിത്രങ്ങൾ പല വിേദശ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിലെതന്നെ വളരെ കുറച്ച് ആളുകൾ കൈകാര്യംചെയ്യുന്ന സാഹസിക ഫോട്ടോഗ്രഫിയാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

നല്ല ഒരു സൗഹൃദ വലയമാണ് തന്‍റെ കരുത്തെന്ന് ഇദ്ദേഹം പറയുന്നു. കിളിമഞ്ചാരോയിൽ കയറാൻ ദുബൈയിലുള്ള സുഹൃത്ത് അജ്മലിെൻറ നേതൃത്വത്തിൽ അഞ്ചു ലക്ഷം രൂപ സ്വരൂപിച്ചുനൽകി. എവറസ്റ്റ് കൊടുമുടി കയറാൻ കുറഞ്ഞത് 60 ദിവസമെങ്കിലും എടുക്കും.

കൊടുമുടിയിലെ പുലരി

നേപ്പാളിൽകൂടിയും തിബത്തിൽകൂടിയും എവറസ്റ്റിനു മുകളിലെത്താം. ഏപ്രിൽ-മേയ് ആണ് കയറാനുള്ള സീസൺ. ഇതിനുള്ള ചെലവ് ഏകദേശം 30 ലക്ഷം രൂപയോളം വരും. ഇതിൽ 15 ലക്ഷം രൂപയും നേപ്പാൾ സർക്കാറിെൻറ പെർമിറ്റ് ഫീസാണ്. ഓക്‌സിജൻ സിലിണ്ടർ വാടകക്കെടുക്കാൻ നാലു ലക്ഷത്തോളം രൂപ വേണം. ഇത്രയും തുക എങ്ങനെയും സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇദ്ദേഹം ഇപ്പോൾ. ഖദീജ റാണിയാണ് ഭാര്യ. ജഹനാര മറിയം മകളുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:everestMount Kilimanjaro
News Summary - This Malayalee is conquering, the highest peaks on all seven continents
Next Story