Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകാശത്ത് നിന്ന് കടൽത്തട്ടിലേക്ക്; സ്കൂബ ഡൈവർമാരെ കാത്തിരിക്കുന്ന തുർക്കിയയിലെ അണ്ടർവാട്ടർ വിസ്മയം!..

text_fields
bookmark_border
ആകാശത്ത് നിന്ന് കടൽത്തട്ടിലേക്ക്; സ്കൂബ ഡൈവർമാരെ കാത്തിരിക്കുന്ന തുർക്കിയയിലെ അണ്ടർവാട്ടർ വിസ്മയം!..
cancel

പതിറ്റാണ്ടുകളോളം ആകാശവീഥികളിൽ മേഘങ്ങളെ സാക്ഷിയാക്കി പറന്ന ഒരു കൂറ്റൻ യാത്രാവിമാനം തന്റെ അവസാന യാത്ര അവസാനിപ്പിച്ചത് ആഴക്കടലിന്റെ നിശബ്ദതയിലാണ്. തുർക്കിയിലെ പ്രശസ്തമായ ടൂറിസം നഗരമായ കുശദാസിയിൽ ഏജിയൻ കടലിന്റെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ അത്ഭുതം ഇന്ന് ലോകമെമ്പാടുമുള്ള സാഹസിക സഞ്ചാരികളെയും സ്കൂബ ഡൈവർമാരെയും ആകർഷിക്കുന്ന പ്രധാന കേന്ദ്രമാണ്. മുപ്പത്തിയാറ് വർഷത്തോളം വിവിധ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ച എയർബസ് എ300 വിമാനമാണ് സമുദ്രഗർഭത്തിൽ ഒരു പുതിയ ജീവന്റെ തുടിപ്പ് തീർക്കുന്നത്.

1980-ൽ ഫ്രാൻസിലെ തുലൂസ് നഗരത്തിൽ നിർമിക്കപ്പെട്ട ഈ വിമാനം, ഗ്രീസിന്റെ ഒളിംപിക് എയർവേയ്സിനൊപ്പം രണ്ട് പതിറ്റാണ്ടോളം ആകാശയാത്രകൾ നടത്തിയിരുന്നു. പിന്നീട് ചരക്കു നീക്കത്തിനായി രൂപമാറ്റം വരുത്തിയ ഈ യാത്രാവിമാനം 2006 മുതലാണ് തുർക്കിയുടെ വ്യോമപാതകളിൽ എത്തിയത്. എന്നാൽ കാലപ്പഴക്കവും വലിയതോതിലുള്ള അറ്റകുറ്റപ്പണി ചെലവും കാരണം ഈ വിമാനത്തിന്റെ സർവീസ് അവസാനിപ്പിക്കാൻ അധികൃതർ നിർബന്ധിതരായി. സാധാരണഗതിയിൽ കാലാവധി കഴിഞ്ഞ വിമാനങ്ങൾ പൊളിച്ചുമാറ്റുകയാണ് പതിവെങ്കിലും അയ്ദിൻ മുനിസിപ്പാലിറ്റി ഇതിലൊരു വ്യത്യസ്തമായ വഴി തിരഞ്ഞെടുക്കുകയായിരുന്നു. വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകുക എന്ന ലക്ഷ്യത്തോടെയാണ് ഏകദേശം തൊണ്ണൂറ്റിമൂന്നായിരം ഡോളർ മുടക്കി സ്വകാര്യ ഏവിയേഷൻ കമ്പനിയിൽ നിന്ന് ഈ ഭീമൻ വിമാനം ഭരണകൂടം സ്വന്തമാക്കിയത്.

തുടർന്ന് ഇസ്താംബൂളിലെത്തിച്ച വിമാനം വിവിധ ഭാഗങ്ങളായി വേർപെടുത്തി കൂറ്റൻ ട്രക്കുകളിലാണ് കുശദാസി തീരത്തേക്ക് കൊണ്ടുപോയത്. അവിടെയെത്തിച്ച് വീണ്ടും സമർത്ഥമായി കൂട്ടിയോജിപ്പിച്ച ശേഷമാണ് കടലിലേക്ക് ഇറക്കാനുള്ള നടപടികൾ തുടങ്ങിയത്. അമ്പത്തിനാല് മീറ്റർ നീളവും നാൽപത്തിനാല് മീറ്ററിലധികം ചിറകുള്ള ഒരു വലിയ വിമാനത്തെ കടലിൽ താഴ്ത്തുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. 2016 ജൂൺ മാസത്തിൽ നീണ്ട മൂന്ന് മണിക്കൂറിലധികം പരിശ്രമിച്ചാണ് സമുദ്രോപരിതലത്തിൽ നിന്ന് ഇരുപത്തിരണ്ട് മീറ്റർ ആഴത്തിലേക്ക് ഈ എയർബസ് കൃത്യമായി ഇറക്കിവെച്ചത്. ശക്തമായ കടലൊഴുക്കുകളിൽ പോലും തെന്നിമാറാത്ത രീതിയിൽ സുരക്ഷിതമായിട്ടാണ് ഇത് ഉറപ്പിച്ചു നിർത്തിയത്.

കടലിന്റെ ആവാസവ്യവസ്ഥയ്ക്ക് യാതൊരുവിധ കോട്ടവും തട്ടാത്ത വിധത്തിലാണ് വിമാനം വെള്ളത്തിലിറക്കിയത്. ഇതിനായി പ്ലാസ്റ്റിക്, ഗ്ലാസ്, രാസവസ്തുക്കൾ തുടങ്ങി മലിനീകരണത്തിന് കാരണമാകുന്ന എല്ലാ ഘടകങ്ങളും മുൻകൂട്ടി തന്നെ പൂർണ്ണമായും നീക്കം ചെയ്തിരുന്നു. കേവലം മണൽ മാത്രം നിറഞ്ഞുകിടന്ന കടൽത്തട്ടിൽ ഇന്ന് ഈ വിമാനത്തിന്റെ സാന്നിധ്യം വലിയൊരു കൃത്രിമ പവിഴപ്പുറ്റിന്റെ രൂപമാണ് നൽകിയിരിക്കുന്നത്. വിവിധയിനം മത്സ്യങ്ങളും അപൂർവ്വ സമുദ്രജീവികളും പായലുകളും ഈ വിമാനക്കൂടിനെ തങ്ങളുടെ സ്ഥിരവാസസ്ഥലമാക്കി മാറ്റിക്കഴിഞ്ഞു.

കടലിന്‍റെ ഉപരിതലത്തിൽ നിന്ന് പതിനേഴ് മീറ്റർ താഴേക്ക് നീന്തിയെത്തിയാൽ ഈ ഭീമൻ വിമാനത്തിന്റെ ഫ്യൂസ്‌ലേജ് ഡൈവർമാർക്ക് മുന്നിൽ തെളിഞ്ഞു വരും. വിമാനത്തിന്റെ ഉൾഭാഗങ്ങളിലൂടെ നീന്തിത്തുടിച്ച് കോക്ക്പിറ്റിൽ പ്രവേശിക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. സുരക്ഷ മുൻനിർത്തി സ്വിച്ചുകളും വയറുകളും ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഒറിജിനൽ പൈലറ്റ് സീറ്റിലിരുന്ന് ഫോട്ടോയെടുക്കാൻ ഡൈവർമാർക്ക് ഇവിടെ അവസരമുണ്ട്. മനുഷ്യന്റെ ഭാവനയും പ്രകൃതിയോടുള്ള കരുതലും ഒന്നുചേർന്നപ്പോൾ കുശദാസിയിലെ കടലിനടിയിൽ പിറവിയെടുത്ത ഈ വിസ്മയം സമുദ്ര ടൂറിസത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഏടുകളിലൊന്നായി മാറിക്കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - the underwater wonder in Turkey awaiting scuba divers
Next Story