റോഡുമാർഗം കുട്ടനാട്ടിൽനിന്ന് എവറസ്റ്റിലേക്ക് നാജിറയുടെ വേറിട്ട യാത്ര
text_fieldsനാജിറ
കുട്ടനാട് (ആലപ്പുഴ): കുട്ടനാട്ടില്‍നിന്ന് എവറസ്റ്റിലേക്ക് ഒറ്റക്ക് വേറിട്ട യാത്രയുമായി 33കാരി. മാഹി ചാലക്കര സ്വദേശിനി നാജിറ നൗഷാദാണ് (നാജി നൗഷി) പൊതുഗതാഗതം ഉപയോഗിച്ച് റോഡുമാർഗം എവറസ്റ്റിലെത്താന്‍ യാത്ര ആരംഭിച്ചത്.
ഇന്ത്യ സ്ത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന സുരക്ഷിത രാജ്യമാണെന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്ന് നാജി പറഞ്ഞു. അവള്‍ക്ക് ഒറ്റക്ക് യാത്രചെയ്യാം, ഇന്ത്യയെ അഭിനന്ദിക്കാം' എന്നതാണ് യാത്രയുടെ സന്ദേശമായി നാജിറ ഉയര്‍ത്തിക്കാട്ടുന്നത്.
മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ഉൾപ്പെടെയുള്ള സുഹൃത്തുക്കളും ബന്ധുക്കളും ഇവര്‍ക്ക് യാത്രമംഗളങ്ങള്‍ നേര്‍ന്നു. നിരവധി വിദേശയാത്രകളും ഭാരത പര്യടനവും നടത്തിയിട്ടുള്ള നാജി നൗഷി ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാടുനിന്ന് പുറപ്പെട്ട് കോയമ്പത്തൂര്‍, സേലം, ബംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, വാരാണസി, മോയിത്താരി, റെക്സോള്‍, കാഠ്മണ്ഡു, നേപ്പാള്‍, ലുക്ല വഴിയാണ് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുക.
റോഡ് വഴി 50 ദിവസത്തെ യാത്രയാണ് ഉദ്ദേശിക്കുന്നത്. യാത്രക്ക് വിദേശത്തുള്ള ഭര്‍ത്താവ് നൗഷാദിന്റെയും ബന്ധുക്കളുടെയും പ്രചോദനവും പിന്തുണയുമുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ രാജ്യത്തെ 17 സംസ്ഥാനങ്ങളിലൂടെ 13,000 കി.മീ. കാറില്‍ ഭാരതയാത്ര നടത്തിയിരുന്നു.