Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightസാഹസികത​...

സാഹസികത​ ആഗ്രഹിക്കുന്നുവോ, നേരെ വി​ട്ടോളൂ പോത്തുണ്ടി ഡാമിലേക്ക്​

text_fields
bookmark_border
pothundy dam
cancel
camera_alt

പോത്തുണ്ടി ഡാം ഉദ്യാനത്തിലെ ആകാശ സൈക്കിള്‍ സവാരി

വളരെ യാദൃശ്ചികമായിട്ടാണ് പാലക്കാ​േട്ടക്ക് പോകാൻ അവസരം ലഭിക്കുന്നത്. അവിടേക്ക്​ പോകാൻ തീരുമാനിച്ചപ്പോൾ തന്നെ പോത്തുണ്ടി ഡാം കൂടി സന്ദർശിക്കണമെന്ന്​ മനസ്സിൽ ഉറപ്പിച്ചിരുന്നു. അവിടത്തെ ആകാശ സൈക്കിളിന്‍റെ ദൃശ്യങ്ങളാണ്​ അങ്ങനെയൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്​. മുണ്ടൂരിലെ ട്രെയിനിങ് കഴിഞ്ഞ്​ പിറ്റേന്ന് തന്നെ നേരെ പോത്തുണ്ടി ഡാമിലേക്ക് പുറപ്പെട്ടു.

പാലക്കാട് ജില്ലയിലെ പോത്തുണ്ടി ഗ്രാമത്തിനടുത്തുള്ള ജലസേചന അണക്കെട്ടാണ് പോത്തുണ്ടി ഡാം. പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമിച്ച ഈ ഡാം, ഇന്ത്യയിലെ ഏറ്റവും പഴയ അണക്കെട്ടുകളിലൊന്നാണത്രേ. പാലക്കാട് ജില്ലയിലെ ഏകദേശം 5470 ഹെക്ടർ പ്രദേശത്തേക്ക് ജലസേചനവും നെന്മാറ, അയലൂർ, മേലാർകോട് പഞ്ചായത്തിൽ കുടിവെള്ള വിതരണവും ഈ ഡാമിൽ നിന്നാണ്.


പാലക്കാട്ടുനിന്ന് 42 കിലോമീറ്റർ മാറി നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിലാണ് പോത്തുണ്ടി ഡാം. ഡാമിലേക്ക് കയറുമ്പോൾ നമ്മളെ സ്വാഗതം ചെയ്യുന്നത് നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ പ്രതിമയാണ്. വളരെ നല്ല രീതിയിൽ തന്നെ പരിപാലിച്ചിട്ടുണ്ട് ഡാമിമോട് ചേർന്ന പ്രദേശം.

പൂന്തോട്ടത്തിന് ഇടയിലുള്ള നടപ്പാതയിലൂടെ നടന്ന്​ പടികൾ കയറി മുകളിൽ എത്തിയാൽ ഡാം വ്യൂ കാണാം. വിശാലമായി പരന്നുകിടക്കുന്ന ഡാമിലെ വെള്ളത്തിന്​ കാവലായി ചുറ്റും മലനിരകളും പിന്നെ പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങളും. ഈ കാഴ്ചകൾ ആസ്വദിച്ച്​ നമുക്ക് ഡാമിന്‍റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് നടക്കാം.


പോത്തുണ്ടിയിൽ ഇതിനു മുമ്പും വന്നിട്ടുണ്ട്. പക്ഷെ, ഇത്തവണ വന്നത് ആകാശത്തിലൂടെ സൈക്കിൾ ഓടിക്കാനാണ്. ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ഇവിടെ വ്യത്യസ്തമായ സാഹസിക പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരം സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. അതിലൊന്നാണ് ഈ ആകാശ സൈക്കിൾ. 40 അടി ഉയരത്തിൽ 130 മീറ്റർ നീളത്തിലുള്ള ഒരു കമ്പി ടവറുകൾക്ക് ഇടയിലായി വലിച്ചുകെട്ടിയിരിക്കുന്നു. അതിന്‍റെ മുകളിൽ ഒരു സൈക്കിൾ. ആ സൈക്കിളാണ് നമ്മൾ ഓടിക്കുന്നത്.


സുരക്ഷ ഉറപ്പാക്കാൻ യുവത്വം നിറഞ്ഞ ഒരു ടീം തന്നെയുണ്ട് ഇവിടെ. സുരക്ഷക്കായി വമ്പിച്ച സജ്ജീകരണങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും ഇത്ര ഉയരത്തിലുള്ള സൈക്കിളിൽ കയറി ഇരിക്കുക, എന്നിട്ട് ഈ കമ്പിയിലൂടെ ചവിട്ടി നീങ്ങുക എന്നതിനെല്ലാം കഴിവിനേക്കാൾ ഏറെ ധൈര്യമാണ് വേണ്ടത്. വീഴില്ലെന്ന് 100 ശതമാനം ഉറപ്പ് ടീം തന്നെങ്കിലും, സൈക്കിളിൽ കയറി ഇരുന്നപ്പോൾ തൊട്ട് ഹൃദയം പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു. ഏറ്റവും പേടി അനുഭവപ്പെടുക ഈ റൈഡ് തുടങ്ങുന്ന സ്ഥലത്താണ്.

പക്ഷെ, ചവിട്ടി കുറച്ചുദൂരം എത്തിയപ്പോഴേക്കും നല്ല രസം തോന്നി. ഇത്ര ഉയരത്തിൽ സൈക്കിൾ ചവിട്ടിയ എന്നോട് എനിക്ക് എന്തെന്നില്ലാത്ത ബഹുമാനം തോന്നുന്നുണ്ടായിരുന്നു. അതുകൊണ്ട് തിരിച്ച് ചവിട്ടുമ്പോൾ യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല. പക്ഷെ, തിരിച്ച് എത്താറായപ്പോൾ എന്‍റെ സൈക്കിൾ പിടിച്ച് ടീമിലെ പിള്ളേർ മെല്ലെ കുറച്ചു പിന്നോട്ട് തള്ളി. വീഡിയോ എടുക്കാൻ ആണത്രേ, 'എന്‍റമ്മോ, സ്വർഗം കണ്ടു'.


ഇതുപോലുള്ള സാഹസിക റൈഡുകൾ കയറാൻ പോകുമ്പോൾ അവിടെയുള്ള ടീമുമായി സൗഹൃദത്തിൽ ആവാൻ പാടില്ല എന്നുപോലും ആ നിമിഷം തോന്നിപ്പോയി. ഈ നിമിഷങ്ങളൊക്കെ കൃത്യമായി ഫോട്ടോയിൽ പകർത്തിയിട്ടുണ്ട്. ഒരു ഫോട്ടോയിൽ ഞാൻ 32 പല്ലും കാണിച്ചു ചിരിക്കുന്നത് കാണാം. അത് സന്തോഷം കൊണ്ടല്ല കേട്ടോ, പേടിച്ചിട്ടാണ്. പക്ഷെ, കുറച്ച് നേരം ആ ഉയരത്തിൽ സൈക്കിളിൽ അങ്ങനെ വെറുതെ നിന്നത് ത്രസിപ്പിക്കുന്ന ഒരു അനുഭവമായിരുന്നു.

ഇനിയാണ് അടുത്ത ഐറ്റം, ഫ്രീ ഫോൾ (Free fall). നമ്മുടെ ബങ്കി ജമ്പിന്‍റെ കുഞ്ഞനായി കരുതിയാൽ മതി. അരയിൽ ഒരു ബെൽറ്റ്‌ കെട്ടിയിട്ട്​ 40 അടി ഉയരത്തിൽനിന്നും എടുത്തുചാടുക, അത്രയേയുള്ളൂ സംഭവം. ഇത്ര വലിയ സംഭവം ആണോ എന്ന് ചോദിച്ചാൽ, ഉയരം പേടിയായത് കൊണ്ട് എനിക്ക് അതൊരു സംഭവം തന്നെ ആയിരുന്നു. സ്വമേധയാ എടുത്തുചാടാനായിട്ട് 10 മിനിറ്റോളം മുകളിൽനിന്ന് താഴേക്ക് നോക്കിയെങ്കിലും എന്നെക്കൊണ്ട് പറ്റിയില്ല. വീഴുന്ന വിഡിയോ പിടിക്കാൻ ഫോൺ ഓൺ ചെയ്ത്​ നിന്നവരുടെ മെമ്മറി തീർന്നതല്ലാതെ ഞാൻ ചാടിയില്ല.


അവസാനം ടീമിൽ ഉള്ളവർ ചെറുതായൊന്നു തള്ളി. വീഴ്ച അത്ര പേടിപ്പിക്കുന്ന ഒന്നുമല്ലെങ്കിലും ചാടണമെന്ന തീരുമാനമെടുക്കലുണ്ടല്ലോ, അത്‌ ഇത്തിരി സാഹസികം തന്നെയാണ്. ഇത്രയും ചെയ്തു കഴിഞ്ഞ എന്നെ സംബന്ധിച്ചെടുത്തോളം സിപ് ലൈൻ (zip line) എന്നൊക്കെ പറയുന്നത് ഒരു പൂ പറിക്കുന്നത് പോലെ നിസ്സാരമായിരുന്നു. ഇനിയും ഇവിടെ കുറെ സാഹസിക പരിപാടികൾ വേറെയുമുണ്ട്. പക്ഷെ, ഇത്രയും ചെയ്തു ആയപ്പോൾ തന്നെ സമയം ആറു മണി കഴിഞ്ഞു.

വൈകീട്ട്​ ആറ്​ വരെയാണ് അഡ്വഞ്ചർ റൈഡുകളുള്ളത്. ശരിക്കും ആസ്വദിച്ച് ആഘോഷിച്ച ഒരു സായാഹ്നം തന്നെയായിരുന്നു പോത്തുണ്ടി ഡാമിൽ. നമ്മുടെ നാട്ടിൽ സഞ്ചാരികൾക്ക് ഇതുപോലുള്ള സാഹസിക റൈഡുകൾ ആസ്വദിക്കാനുള്ള അവസരം നൽകുന്ന ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കണം. ചെറിയ ചെറിയ അഡ്വഞ്ചർ ചെയ്തു തുടങ്ങണമെന്ന് തോന്നുന്നുണ്ടെങ്കിൽ ഒന്നും നോക്കണ്ട, നേരെ വിട്ടോളൂ പോത്തുണ്ടി ഡാമിലേക്ക്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pothundi Dam
News Summary - If you want adventures, head straight to Pothundi Dam
Next Story